അടുത്ത വർഷം മാർപ്പാപ്പാ ഇൻഡ്യയിലേക്കു വരാൻ സാദ്ധ്യതയുണ്ടെന്നു കേട്ടതേ ഇവിടെ നടക്കുന്ന തമാശകൾ കൃത്യമായി മാർപ്പാപ്പായെ അറിയിക്കാൻ ഒരുപജാപക സംഘം ഇപ്പോഴേ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞുവെന്നു ഗൾഫിൽ സംസാരമുണ്ട്. ഒരുവർഷം മുഴുവൻ പൊതുജനത്തിനു ചിരിക്കാനും ചിന്തിക്കാനും ഇവിടെ വകയുണ്ടാകും - ഉറപ്പ്! എഴുതാനും വായിക്കാനും അറിയുന്നവരല്ല കേരളത്തിലെന്ന് പറഞ്ഞുകേട്ട അറിവോടെയായിരിക്കുമല്ലോ അദ്ദേഹം വന്നേക്കാവുന്നത് (പണ്ടു കുടുംബ സർവ്വേ വിശ്വാസികൾക്കു വേണ്ടി മെത്രാന്മാരാണല്ലോ ചെയ്തത്). അദ്ദേഹം വരുന്നതിനു മുമ്പുതന്നെ കേരളം രണ്ടു സോണാകുമോയെന്നറിഞ്ഞുകൂടാ. കർത്താവു സ്ഥാപിച്ചതും അനാദികാലം വരെ നിലനിൽക്കുമെന്നു പറയപ്പെടുന്നതുമായ റോമിലെ സഭയല്ലല്ലോ ഇത്. അവിടെനിന്നടർന്നു മാറി ഇറ്റലിയിൽത്തന്നെ സ്വന്തമായി സ്ഥലവും വാങ്ങി പത്തിവിരിച്ചു നിൽക്കുകയല്ല്ലേ സീറോ മലബാർ. എന്താ സംഭവിക്കുകയെന്നാർക്കറിയാം? മാർപ്പാപ്പാ ഇൻഡ്യയിൽ വന്നാലും കേരളത്തിലോട്ടു വരാൻ സാദ്ധ്യതയില്ലെന്നും കേൾക്കുന്നുണ്ട് - പുണ്യവാന്മാരുടെ കുറവും പാപികളുടെ വർദ്ധനയുമായിരിക്കാം ഒരു കാരണം (ഒരമ്മ മകന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നതിന്റെ ചിത്രം അദ്ദേഹം കണ്ടിരിക്കാനും സാദ്ധ്യതയുണ്ട്). കേരളത്തിൽ വന്നാൽ അങ്ങേരെ നമ്മളെങ്ങോട്ടു കൊണ്ടുപോകും? അതു നമ്മുടേ പ്രശ്നം! എറണാകുളത്താണു വരുന്നതെങ്കിൽ ഇടപ്പള്ളിപ്പള്ളി ആ രണ്ടോ മൂന്നോ ദിവസങ്ങൾ പടുതാ കൊണ്ടു മൂടിയിടേണ്ടി വരില്ലേ? പുറത്തു പറയാനോ മറ്റുള്ളവരെ കാണിക്കാനോ പറ്റാത്ത കാര്യങ്ങൾ ഇടുക്കിയിൽ കണ്ടേക്കാം; അതുകൊണ്ടങ്ങോട്ടും കൊണ്ടുപോകാൻ പറ്റില്ല. കാഞ്ഞിരപ്പള്ളിയിലേക്കാണു വരുന്നതെങ്കിൽ 'പണ്ടെനിക്കിവിടുന്നു രണ്ടു പരാതി' കിട്ടിയിരുന്നല്ലോയെന്ന് പറഞ്ഞാലോ, മോനിക്കായെ നേരിട്ടു കാണണമെന്നാവശ്യപ്പെട്ടാലോ കുഴയും. മാർപ്പാപ്പായെ തൃശ്ശൂർക്ക് കൊണ്ടുവരാമെന്നു വെച്ചാൽ സി. ജെസ്മിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം അന്നായിക്കൂടെന്നില്ല. കരുണയുടെ വർഷം പ്രതീക്ഷയോടെ ഇവിടെ വന്ന കർത്താവിന്, കേറാനും അൽപ്പനേരമിരിക്കാനും പറ്റിയ മൈക്കില്ലാത്തയൊരു പള്ളി കിട്ടിയില്ല, പിന്നല്ലേ മാർപ്പാപ്പാ. ഇവിടുത്തെ അളവെടുപ്പിന്റേയും പാട്ടു പഠിപ്പീരിന്റേയുമൊക്കെ കഥകൾ ഒന്നൊന്നായി കേൾക്കുമ്പോൾ മാർപ്പാപ്പാ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയേക്കാം. പക്ഷേ, ഫ്രാൻസീസ് മാർപ്പാപ്പാക്ക് ശ്വാശകോശം ഒന്നേയുള്ളൂവെന്നു നമ്മളു കാണണം?
മനോരമയോട് എനിക്കൊരഭ്യർത്ഥനയുണ്ട്. ഈ കോലുകളികണ്ട് നിങ്ങളെന്തിനാ പേടിക്കുന്നത്? പത്താംക്ലാസ്സ് ഡിസ്റ്റിങ്ഷനോടേ പാസ്സായവരാരും നിങ്ങൾക്കെതിരായ സമരത്തിനു മുന്നിലില്ലെന്നാണു കേട്ടത് - അന്തസ്സായി മനുഷ്യർ ജീവിക്കുന്ന ഒരിടവകയിലും പത്രം കത്തിക്കലുമില്ല. രണ്ടു മെത്രാന്മാരെ നികൃഷ്ടജീവികളെന്നു പരസ്യമായി വിളിച്ചിട്ടിവിടെയെന്തു സംഭവിച്ചു? പണ്ടു 'ജീവൻ' അവകാശമാക്കിയവരുമായി പ്രശ്നമുണ്ടാക്കിയ മെത്രാൻ രണ്ടെണ്ണം കേട്ടപ്പോൾ വാലും ചുരുട്ടി മടങ്ങിയതോർമ്മയില്ലേ? പാലായിൽ രണ്ടു കന്യാസ്ത്രികളെ തലക്കടിച്ചു കൊന്നിട്ടും കമായെന്നൊരക്ഷരം മിണ്ടാത്ത പോത്തന്മാർ മനോരമക്കെതിരെ ഉരുളുന്നെങ്കിൽ അതിന്റെ കാരണം വേറെയാ. സർ സി പി യുടെ കാലത്തു സ്റ്റ്രോംഗായി നിന്നെന്നവകാശപ്പെടുന്ന നിങ്ങളുടെ നട്ടെല്ലിന്റെ ബലം നാട്ടുകാരെ കാണിക്കേണ്ടതിപ്പോഴല്ലേ മനോരമേ? നിങ്ങൾ ഏതാനും തൊപ്പിക്കാരുടെ അത്യാർത്തിക്കു മുന്നിൽ മുട്ടുമടക്കിയാൽ മറ്റു മതക്കാർ നിങ്ങളെയുപേക്ഷിക്കുമെന്നത് കാണാൻ നിങ്ങൾക്കു കണ്ണില്ലേ? മതവികാരത്തെ വൃണപ്പെടുത്തിയെങ്കിൽ മാപ്പു ചോദിക്കുന്നു; മാപ്പു പറയുകയും തിരുത്തകയുമല്ലാതെ വേറൊന്നും ചെയ്യാൻ തയ്യാറില്ലെന്നു നേരെ നിന്നൊന്നു പറഞ്ഞു നോക്കിക്കേ. അപ്പോൾ കാണാം കളി. കളി പിന്നേം തുടരുകയാണെങ്കിൽ ചെയ്യേണ്ട കാര്യം, ചർച്ച് ആക്റ്റ് നടപ്പിലാക്കുകയെന്നു പറഞ്ഞൊരു മുഖപ്രസംഗം അങ്ങെഴുതി പ്രസിദ്ധീകരിക്കുകയെന്നതാണ്. അവിടെ നിൽക്കുമെന്നാണെന്റെ പ്രതീക്ഷ! അവിടെയും നിന്നില്ലെങ്കിൽ, 'കുപ്പായത്തിനു പിന്നിലെ കള്ളത്തരങ്ങൾ' എന്നൊരന്വേഷണ പരമ്പര തുടങ്ങുക - വേണ്ടതിൽ കൂടുതൽ ഡേറ്റാ എന്റെ കൈയ്യിൽത്തന്നെയുണ്ട് - അത്യാവശ്യം വരുമ്പോൾ പുറത്തെടുക്കും (അതിൽ പലരുടേയും മുഴു ജീവചരിത്രവുമുണ്ട്). ആയിരം വർഷത്തേക്ക് ഒരുത്തനും ഇവിടനങ്ങില്ല. മനോരമക്കെതിരെ ഇറങ്ങിയിരിക്കുന്ന പലരുടേയും ദേഹത്ത് ഉറപ്പുള്ള ഒരവയവം പോലും കാണാനിടയില്ല. ലോകത്ത്, ഇത്തരം പ്രതിക്ഷേധങ്ങൾ നടക്കുന്ന ഏക രാജ്യമാണു കേരളം. വേറേയെവിടെയാ ഇത്രയും കഴുതത്തോലിക്കരുള്ളത്?
കേരള കത്തോലിക്കാ സഭയെ, കേരള കഴുതത്തോലിക്കാ സഭയെന്നു വിളിക്കുകയാണുചിതമെന്നു പറയുന്നത് ചിന്തകനും നേരുള്ളവനുമായ സക്കറിയാസ് സാറാ. ജനിച്ചു വളർന്ന സ്വന്തം സഭയെ അദ്ദേഹമങ്ങിനെ വിളിക്കുന്നതിനൊടു ഞാൻ യോജിക്കുന്നില്ലെങ്കിലും, അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്, അദ്ദേഹത്തിനതിനവകാശവുമുണ്ട്. തലക്കുള്ളിൽ ആൾത്താമസമില്ലാത്തവരാ അംഗങ്ങളിൽ ബഹുഭൂരിപക്ഷവുമെന്ന അഭിപ്രായം എനിക്കുമുണ്ട്. ആർക്കെന്തു ചെയ്യാനാവും? കളരിക്കൽ സാറു പറയുന്നതു തലച്ചോറില്ലേലും ഇവിടെയൊരു കത്തോലിക്കനും ഒന്നിനും മുട്ടുണ്ടാവുകയില്ലെന്നാണ് - വിശ്വാസിയെ ചിന്തിക്കാൻ പോലും അച്ചന്മാർ അനുവദിക്കുന്നില്ലല്ലോ. സർവ്വതും മുകളിലുള്ളവർ ചെയ്തോളൂം; അവർ പറയുന്നതുപോലെ നിന്നാൽ മാത്രം മതി. വിളിക്കെടാ റാഫേലിനെതിരായിട്ടെന്നു പറഞ്ഞാൽ പറയുന്ന സമയത്തു പ്രകടനത്തിനിടവക മുഴുവൻ റെഡി. രണ്ടു ജീവപര്യന്തം കിട്ടിയ ഒരു ഗാനരചയിതാവിനു വേണ്ടി വാദിക്കാനും ആളുണ്ടായിരുന്നു. അളവെടുക്കപ്പെട്ട ഇരയുടെ വീട്ടുകാർ ചാത്തൻ സേവക്കാരാണെന്നാരോ പറഞ്ഞു, ഏറ്റുപാടാൻ ഒരായിരം അവിടെയുമുണ്ടായി. ദീപിക വായിക്കാനാണ് ഇവരിപ്പോൾ വിശ്വാസികളോട് പറയുന്നത്; പള്ളി മൊത്തം കത്തിയാലും ആ വാർത്ത അതിൽ വരില്ല, ഒരച്ചനെ തൂക്കിക്കൊല്ലാൻ വിധിച്ചാലും ആ വാർത്ത അതിൽ വരണമെന്നില്ല. പള്ളീ വരാത്തവന്റെ കോഴിക്കൂടൂ മറിഞ്ഞുപോയാൽ അതതിൽ കണ്ടേക്കുകയും ചെയ്തേക്കാം. പള്ളിമേടകളിലേക്കു കുട്ടികൾ തനിച്ചു പോവരുതെന്നു കുട്ടികളും അറിയണ്ടേ? ദീപിക പ്രചരിപ്പിച്ചു മടുത്തിരിക്കുമ്പോഴാ മനോരമക്ക് തട്ടുകേടു പറ്റുന്നത്. കത്തിക്കടായെന്നൊരച്ചൻ പറയുന്നതു കേട്ടതേ മനോരമക്കെട്ടുകൾ കത്തിക്കലായി. ആലഞ്ചേരി മേജർ പറഞ്ഞത്, മാധ്യമങ്ങളോടു പകയോടെ പെരുമാറരുതെന്നാണെന്നു മനോരമ മുൻപേജിലൂടെ പറയുന്നു (അതു കേൾക്കാനും ആരുമില്ല). അത്മായനോടു പകയോടെ പെരുമാറരുതെന്നച്ചന്മാരോട് പറയാനൊരവസരം അദ്ദേഹം കാലം ചെയ്യുന്നതിനു മുമ്പ് ആരെങ്കിലും അദ്ദേഹത്തിനൊരുക്കിക്കൊടുക്കുക.
ഒരു ബന്യാമുമായി പാവം വൈദികൻ നടത്തുന്ന സസ്ലീല സംവാദം ഫെയിസ് ബുക്കിലുണ്ട്. ആ അച്ചന്റെ മുഖത്തേക്കു നോക്കിയാൽ സങ്കടം വരും. ഒരു ശുദ്ധഹൃദയൻ! അച്ചന്മാരെ കുറ്റം പറയരുതെന്നാണ് ആ നല്ല വൈദികൻ ബന്യാമിനെ ഓർമ്മിപ്പിച്ചത്. അഭയയുടെ കാര്യം ബന്യാമും ഓർമ്മിപ്പിച്ചു. 'ഞാനല്ല മനോരമ, ഞാൻ നൂറു വർഷങ്ങൾ ജീവിക്കാമെന്നാരോടും വാക്കു കൊടുത്തിട്ടില്ലാ'ന്നും കൂടി ബന്യാം പിറ്റേന്നു കനപ്പിച്ചു പറഞ്ഞപ്പോൾ ഒതുക്കമായെന്നു തോന്നുന്നു. ചെന്നൈക്കാരൻ ഒരു പി എ മാത്യു മെത്രാനോട് കനത്തിൽ സംസാരിച്ചുവെന്നു പറഞ്ഞു കുറേ അച്ചന്മാർ എന്നാ മൂപ്പായിരുന്നു. ശ്ശെടാ! മെത്രാനെന്താ മനുഷേനല്ലേ? കടിക്കുമോ? ടോമച്ചനെ ജീവനോടെ തട്ടിക്കൊണ്ടുപോയ ഐ എസിനെതിരേയോ, അച്ചന്മാർ പള്ളിക്കുള്ളിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നു കൃത്യമായ നിർദ്ദേശമുള്ള ഗുജറാത്തിൽ ബി ജെ പിക്കെതിരേയൊ പ്രതിക്ഷേധിക്കാൻ തന്റേടമില്ലാത്തവർ കാണിക്കുന്ന തിണ്ണമിടുക്കായി ഇതിനെയൊക്കെ കണ്ടാൽ മതി.
അച്ചന്മാരും മെത്രാന്മാരുമൊക്കെ പറയുന്നതാർക്കും മനസ്സിലാകാനിടയില്ലെന്നും 'അ'സക്കറിയാസ് സാർ പറയുന്നുണ്ട്. അടുത്ത ദിവസം പാലായിൽ വന്നൊരു നേതാവ് പറഞ്ഞത്, നാം കർത്താവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും മാത്രം ചെയ്താൽ പോരാ കർത്താവിനൊടു ചേർന്നു നിൽക്കണമെന്നും കൂടിയാണ്. ചേർന്നുനിന്നു കാണിക്കേണ്ട പണിയിതാണോന്നെനിക്കു സംശയമുണ്ട്. അദ്ദേഹത്തിനോ സാമാന്യക്കാർക്കോ മാത്രമല്ല എനിക്കുമെന്തെങ്കിലും ആഴത്തിൽ മനസ്സിലായിയെന്നു പറയാനാവില്ല. ഞാൻ പാപിയാണേ പാപിയാണേയെന്നു മുഴത്തിനു നാൽപ്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കണമെന്നച്ചന്മാർ. എന്നെക്കൊണ്ടൊന്നിനും കൊള്ളില്ലേയെന്നാവർത്തിക്കുന്നവൻ ഒന്നിനും കൊള്ളാത്തവനാകുമെന്നത് ആർക്കുമറിയാവുന്ന മന:ശാസ്തതത്ത്വം. അപ്പോൾ ഞാൻ പാപിയാണേ പാപിയാണേയെന്നു വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നവന്റെ ഗതിയൊന്നാലോചിച്ചേ! ഈ മേലാളന്മാർ പി ഓ സി അച്ചടിച്ചതല്ലാത്ത ഏതെങ്കിലും പുസ്തകം പത്തുവർഷങ്ങളിൽ ഒന്നെന്നെ ക്രമത്തിലെങ്കിലും വായിച്ചിരുന്നെങ്കിൽ!
ഇടുക്കി ബിഷപ്പിനെ ന്യായീകരിച്ചെത്ര പേരാ രംഗത്ത്. പ്രസവിക്കാൻ ശേഷിയുള്ള ഗർഭപാത്രങ്ങൾ ഊഷരഭൂമിപോലെ കൃഷിയില്ലാതെ ആരുടേയും കൈവശം വെക്കരുതെന്നും ആ ഇടയ ലേഖനത്തിലുണ്ടായിരുന്നു (തങ്ങളുടെ പ്രത്യുത്പാദന ശേഷിയുടെ അവസാന നിമിഷംവരെയും ദാമ്പത്യ പ്രവൃത്തിയില്‍ ജീവനോടു തുറവിയുള്ളവരായിരിക്കേണ്ട ദമ്പതികള്‍ എത്രയോ രക്ഷകര്‍ ജന്മമെടുക്കേണ്ട ഉദരം ഊഷരഭൂമിയാക്കി മാറ്റിയിരിക്കുന്നു). ഊഷരഭൂമികളിൽ കാന്താരിയും കപ്പളവും വെക്കണമെന്നാണൊ മെത്രാൻ ഉദ്ദേശിച്ചത്? വിശ്വാസികൾ മാത്രമല്ല കഴുതത്തോലിക്കരുടെ ലിസ്റ്റിൽ വരികയെന്നു സാരം. 'ജീവകാരുണ്യ ശുശ്രൂഷയില്‍ എര്‍പ്പെട്ടിരിക്കുന്ന ജീവന്‍ ഫൗണ്ടേഷനും, വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റിയും സംയുക്തമായി വലിയ കുടുംബങ്ങള്‍ക്കായി പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ അതിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഓരോ വ്യക്തിയും, കുടുംബവും, ഇടവകയും മത്സരബുദ്ധിയോടെ മുന്നോട്ടു വരണം' എന്നെഴുതിയ ഈ കൊടിയ ലേഖനത്തിന് അച്ചന്മാർ കൊടുത്ത വിശദീകരണങ്ങൾ കേൾക്കേണ്ടതു തന്നെ. മൽസരബുദ്ധിയോടെ വ്യക്തി വേറെന്തു ചെയ്യണമെന്നാ മെത്രാൻ ഉദ്ദേശിക്കുന്നത്? ആർക്കറിയാം! ഈ കൊടിയ ലേഖനം പത്രത്തിൽ കൊടുത്തവനെ ഒരു ഓഡിയോവാലാ കണക്കറ്റു ശപിക്കുന്നുണ്ട്. ആ ശാപം വെള്ളവസ്ത്രം ധരിക്കുന്ന ആർക്കെങ്കിലുമേ കിട്ടാനിടയുള്ളൂ. തൊടുപുഴ കോളേജിലെ വെയിസ്റ്റ് ബോക്സിൽ നിന്നു ക്വസ്റ്റ്യൻ പേപ്പ്പറെടുത്ത് ചാനലിലെത്തിച്ചത് വെള്ളവസ്ത്രം ധരിച്ച ഒരു ഭൂതമാണെന്നു പണ്ടു സംസാരമുണ്ടായിരുന്നല്ലോ. അപ്പോ ഇതും അങ്ങിനെയായിരിക്കണം.
ഇടുക്കി മെത്രാന്റെ ഫോണിൽ കോൾ റെക്കോർഡറുണ്ടെന്നും, നാലു തെറികേട്ടാലും കോൾ റെക്കോർഡറിൽ അതു റിക്കാർഡൂ ചെയ്യാൻ പറ്റുമല്ലോയെന്ന സന്തൊഷത്തിലാണു മെത്രാനെന്നും അദ്ദേഹത്തിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നു. അങ്ങേരുടെ പോരായ്മകൾ ഞാൻ ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും അദ്ദേഹത്തെ കളിയാക്കാനാരും ശ്രമിക്കണ്ട - അതെനിക്കിഷ്ടമല്ല.
No comments:
Post a Comment