സ്വന്തമല്ലാത്തതായൊന്നുമില്ല;
എങ്കിലും ഈ വീട്ടിലുള്ളവരും
രക്തബന്ധുക്കളും ബന്ധുക്കളും
ഇങ്ങയലാളരും ഉറ്റവരാം!
മൂന്നുതരം ദുഃഖങ്ങളും ചുമന്ന്
ആകെത്തളര്‍ന്നു ജീവിപ്പവരും
ഇങ്ങസൂയ, ദ്വേഷമെന്നിവയാല്‍
തന്നില്‍ സ്വയമെരിയുന്നവരും
ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!
സര്‍വചരാചരങ്ങള്‍ക്കുമെന്നും
സ്വന്തമാം ഞങ്ങളിങ്ങെന്നറിഞ്ഞ്
ഇന്നിവിടുള്ളതിലുള്ളതല്ലാ-
തില്ലൊരു സത്യവുമെന്നറിഞ്ഞ്
സന്തോഷചിത്തരായ്, ജീവിതത്തിന്‍
സത്തയാനന്ദമാണെന്നറിഞ്ഞ്
നിത്യം വിവേകമതികളായി
ശാന്തമനസ്‌കരായ്, സംതൃപ്തരായ്
ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!
സ്വന്തമുള്ളില്‍നിന്നറിവുണര്‍ന്ന്
ആയറിവിന്‍ വെളിച്ചം നുകര്‍ന്ന്
നന്മയല്ലാതിവിടൊന്നുമില്ല
ഇങ്ങെന്നു ചിന്തിച്ചിടുന്നവരും
തിന്മചെയ്യുന്നവര്‍ തിന്മയാലെ
ഇങ്ങു നശിപ്പാന്‍ കൊതിപ്പവരും
സര്‍വരും നിന്നരുള്‍ സ്വീകരിച്ച്
അന്‍പാലനുകമ്പയാര്‍ന്നവരായ്
ദൈവമേ, ഈ ഭൂവിലുള്ളതെല്ലാം
സ്വന്തമാണെന്നറിയുന്നു ഞങ്ങള്‍!
ഒരു മതാതീത ധ്യാനാര്‍ഥന
No comments:
Post a Comment