ജോസഫ് പുലിക്കുന്നേല്‍
[കത്തോലിക്കാസഭയുടെ ദളിത് ക്രൈസ്തവചൂഷണത്തിനെതിരെ ആഗസ്റ്റ് 31-നു നടത്തുന്ന മാര്‍ച്ചിനും ധര്‍ണയ്ക്കും മുമ്പേ വ്യാപകമായി പ്രചരിപ്പിക്കേണ്ട ഈ ലേഖനം ഫേസ്ബുക്കിലെ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കാന്‍ സഹകരിക്കുക. 1988 ജൂണ്‍ ലക്കം 'ഓശാന'യിലെ സുദീര്‍ഘമായ എഡിറ്റോറിയലില്‍നിന്നു തയ്യാറാക്കിയ ലേഖനം -എഡിറ്റര്‍, സത്യജ്വാല]
ജാതിവ്യവസ്ഥ
ഭാരതത്തിലെ ഹിന്ദുസമുദായത്തിന്റെ മതദര്‍ശനത്തിന്റെ ഭാഗമായി വളര്‍ന്നുവികസിച്ചതാണ്.
''ചാതുര്‍വര്‍ണ്ണ്യം മയാ
സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ തസ്യ കര്‍ത്താരമപി മാംവിദ്ധ്യ കര്‍ത്താരമവ്യയം'' എന്ന ഭഗവത്ഗീതാകാരിക ജനസമൂഹത്തെ നാലു വര്‍ണ്ണങ്ങളായി തിരിക്കുന്നു എന്നാണ്
ബ്രാഹ്മണമതം ഉദ്‌ഘോഷിച്ചത്. ഇതിന് പിന്‍തുണ നല്‍കുംവിധം ഹിന്ദുസമുദായത്തിന്റെ
സാമൂഹികഘടനയെ വര്‍ണ്ണാടിസ്ഥാനത്തില്‍ 'മനുസ്മൃതി' വിവരിക്കുകയുണ്ടായി. ലോകത്ത് മറ്റൊരു ജനസമൂഹത്തിലും കാണാന്‍
സാദ്ധ്യമല്ലാത്ത ഈ ജാതിവ്യവസ്ഥ ജനങ്ങളുടെമേല്‍ കെട്ടിവച്ചത് അപഭ്രംശം ഭവിച്ച
ഹിന്ദുമതചിന്തയും ദര്‍ശനവുമാണ്. ഭൂരിപക്ഷം ഹിന്ദുക്കള്‍ നിവസിക്കുന്ന ഭാരതത്തിന്
സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, ഹിന്ദുക്കള്‍ ആചരിച്ചുവന്ന
ചാതുര്‍വര്‍ണ്യത്തെ ഭരണഘടന 17-ാം വകുപ്പനുസരിച്ച് നിരോധിക്കുകയും ഈ മതദര്‍ശനത്തിന്റെ
ഫലമായി അവര്‍ണ്ണര്‍ അനുഭവിച്ചുപോന്ന സാമൂഹികാവശതയില്‍നിന്ന് അവര്‍ക്കു പരിരക്ഷ
കൊടുക്കാന്‍ ഭരണഘടനയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഉദ്യോഗനിയമനത്തില്‍
സംവരണവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് ഗവണ്‍മെന്റുകള്‍ക്ക് സ്വാതന്ത്ര്യം
കൊടുക്കുകയും ചെയ്തു. ഹൈന്ദവസമൂഹത്തില്‍ ആ സമൂഹത്തിന്റെ പ്രത്യേക
മതവീക്ഷണമനുസരിച്ചുണ്ടായ ഒരു അപഭ്രംശത്തെ ഭരണഘടന 17-ാം വകുപ്പിലൂടെ
നിരോധിക്കുകയായിരുന്നു, ഭരണഘടനാപിതാക്കന്‍മാര്‍ ചെയ്തത്. ഇതു
തികച്ചും ആ മതത്തിന്റെ നാലതിര്‍ത്തികളില്‍ ഒതുങ്ങിനില്‍ക്കുന്നു. കാരണം, ഇസ്ലാംമതത്തിലോ ക്രൈസ്തവമതത്തിലോ അതതിന്റെ മതദര്‍ശനമനുസരിച്ച്
ജാതിസമ്പ്രദായം ഇല്ല.
ഭാരതത്തില്‍ വിവിധ
മതാനുയായികള്‍ ജീവിക്കുന്നു. അതതു മതങ്ങള്‍ക്കുള്ളില്‍ വിവിധ ദുരാചാരങ്ങളുമുണ്ട്.
ന്യൂനപക്ഷമതങ്ങള്‍ക്കുള്ളിലെ ദുരാചാരങ്ങള്‍ക്കെതിരെ ഭാരതഭരണഘടന ഒരു വകുപ്പും
എഴുതിച്ചേര്‍ത്തിട്ടില്ല. മാത്രമല്ല, ഈ മതവിഭാഗങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷാവകാശം
നല്‍കുകയുംചെയ്യുന്നു.
ന്യൂപക്ഷാവകാശത്തിന്റെ
പ്രത്യേകത
ഭരണഘടന 30-ാം
വകുപ്പനുസരിച്ച് മതന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കുന്ന അവകാശം ഒരു മതാവകാശമാണ്. ഒരു
ക്രൈസ്തവസൂഹം അല്ലെങ്കില്‍ ഒരു മുസ്ലീംസമൂഹം, എത്രതന്നെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരായാലും
അവര്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനംചെയ്താല്‍ ഈ അവകാശം പൂര്‍ണ്ണമായും
നഷ്ടപ്പെടും. ഈ അവകാശം ഒരു മതാവകാശമായാണ് ഇന്നും നിലനില്‍ക്കുന്നത്. മതം മാറിയാല്‍
ഈ അവകാശം നഷ്ടപ്പെടും. അപ്പോള്‍ ഭരണഘടനാപിതാക്കന്മാര്‍ ഭരണഘടനയില്‍ അവകാശങ്ങള്‍
നിബന്ധിപ്പിച്ചപ്പോള്‍ ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന മതസംവിധാനത്തെ
കണക്കിലെടുക്കുകയുണ്ടായി എന്നു കാണാം.
പട്ടികജാതി-പട്ടികവര്‍ഗ്ഗം
പട്ടികജാതി-പട്ടികവര്‍ഗ്ഗം
(ഹരിജനങ്ങള്‍) ഹിന്ദുമതസമൂഹത്തിന്റെ സൃഷ്ടിയായിരുന്നു. തന്മൂലം, ഹരിജനങ്ങള്‍ക്ക്
ഭരണഘടനയിലൂടെ നല്‍കിയിരിക്കുന്ന പ്രത്യേകാവകാശം ഒരു മതാവകാശമാണ്. എന്ന് ഒരു ഹരിജന്‍
മതം മാറുന്നുവോ അന്ന് ഈ അവകാശം നഷ്ടപ്പെടുമെന്ന് ഗവണ്‍മെന്റ് പറഞ്ഞാല്‍ അതു
ഭരണഘടനാദൃഷ്ടിയില്‍ സാധൂകരണാര്‍ഹമാണ്. ക്രൈസ്തവര്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനംചെയ്താല്‍
ന്യൂനപക്ഷാവകാശം നഷ്ടപ്പെടും എന്നു പറയുന്നതുപോലതന്നെ ഇതു നീതീകരണാര്‍ഹമാണ്. ഒരു
ഹരിജന്‍ ക്രൈസ്തവമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ചാതുര്‍വര്‍ണ്യം
സാമൂഹികവീക്ഷണമായി അംഗീകരിക്കാത്ത ഒരു മതത്തിന്റെ അംഗത്വമാണ് അയാള്‍
സ്വീകരിക്കുന്നത്.
തെറ്റാരുടേത്?
മുസ്ലീംസമുദായത്തിലേക്ക്
മതപരിവര്‍ത്തനം ചെയ്യപ്പെട്ട പിന്നോക്കവിഭാഗക്കാരെ ഇസ്ലാം മതദര്‍ശനമനുസരിച്ച് വര്‍ഗ്ഗവര്‍ണ്ണ
വിവേചനമില്ലാതെ അവരുടെ സമൂഹത്തിലേക്കു സ്വീകരിക്കുന്നതിന് അവര്‍ തയ്യാറായി. ഇതിന്റെ ഫലമായി മുസ്ലീംസമുദായത്തില്‍
ഇന്ന് ഹരിജനമുസ്ലീമുകള്‍ ഇല്ല. എന്നാല്‍ ക്രൈസ്തവരാകട്ടെ, ഇവരെ ക്രിസ്തുവിന്റെ
ദര്‍ശനമുസരിച്ച് സഹോദരന്മാരായി കണക്കാക്കാന്‍ തയ്യാറായില്ല. പൗലോസ് കൊളോസിയര്‍ക്കെഴുതി:
''അതിനാല്‍, ഇനി ഗ്രീക്കുകാരനെന്നോ
യഹൂദനെന്നോ, പരിച്ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ, ബാര്‍ബേറിയനെന്നോ സിഥിയനെന്നോ, അടിമയെന്നോ
സ്വതന്ത്രനെന്നോ ഇല്ല. സര്‍വതും ക്രിസ്തുവാണ്; സര്‍വതിലും
ക്രിസ്തുവാണ്. ദൈവം തിരഞ്ഞെടുത്തവരും വിശുദ്ധരും പ്രിയരുമായവരേ, കാരുണ്യവും ദയയും എളിമയും സൗമ്യതയും ക്ഷമയും ധരിക്കുക. പരസ്പരം സഹായിക്കുക; അന്യോന്യം പരാതികള്‍
ക്ഷമിക്കുക. കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കണം.
സര്‍വോപരി സ്‌നേഹം അണിയുക. എല്ലാറ്റിനെയും സ്‌നേഹം നന്നായി സംയോജിപ്പിക്കുന്നു.
യേശുക്രിസ്തു നല്കുന്ന സമാധാനം നിങ്ങളുടെ ഹൃദയത്തെ ഭരിക്കട്ടെ: നിങ്ങള്‍
ഏകശരീരമായി ഇതിന്നാണല്ലോ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനു
നന്ദിയുള്ളവരായിരിക്കൂ. ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി കുടികൊള്ളട്ടെ.
വിജ്ഞാന
ത്തോടുകൂടി നിങ്ങള്‍
പഠിപ്പിക്കുകയും തിരുത്തുകയും ചെയ്യുക. കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ നിങ്ങള്‍
ദൈവത്തിനു സങ്കീര്‍ത്തനഗീതങ്ങളും ആദ്ധ്യാത്മികഗാനങ്ങളും ആലപിക്കുക'' (കൊളോ 3:11-16).
എന്നാല്‍,
സാമൂഹികപിന്നോക്കാവസ്ഥയില്‍നിന്നു ഹരിജനങ്ങളെയും പരവരെയും മാമ്മോദീസാ മുക്കിയത്,
അവരെ ക്രിസ്തുവിന്റെ ഉദാത്തസ്‌നേഹത്തിന്റെ ഭക്ഷണമേശയിലേക്കു
ക്ഷണിക്കാനായിരുന്നില്ല. ക്രിസ്തു ആവിഷ്‌ക്കരിച്ച മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ
ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനുമായിരുന്നില്ല. പ്രത്യുത, 'ക്രിസ്ത്യാനി'കളുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു, സാമൂഹികശക്തി
നേടാനായിരുന്നു.
സന്ദേശം
മറന്നുപിതാവായ ദൈവത്തിന്റെകീഴില്‍ മനുഷ്യരെല്ലാം സഹോദരന്മാരാണെന്നുള്ള
ക്രൈസ്തവവീക്ഷണത്തെ ആവാഹിച്ച് ജനഹൃദയങ്ങളില്‍ ഉറപ്പിക്കാന്‍ ക്രിസ്ത്യാനികള്‍
തയ്യാറായിരുന്നില്ല. ഹൈന്ദവമതസമൂഹത്തിലെ സാമൂഹികദുരാചാരങ്ങളെ ചൂഷണംചെയ്ത് തങ്ങളുടെ
ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നുള്ള തുമാത്രമായിരുന്നു ക്രൈസ്തവമിഷനറിമാരുടെ
ലക്ഷ്യം. ക്രൈസ്തവസ്‌നേഹത്തിന്റെ ഇറ്റുതുള്ളിപോലും വീഴ്ത്തിക്കൊടുക്കാന്‍
തയ്യാറാവാതെ, പുലയരെ
പുലയരായും പരവരെ പരവരായും പറയരെ പറയരായും ഈ ലോകത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിന്റെ
വാതില്‍ അവര്‍ക്കായി തുറന്നുകൊടുക്കാം എന്ന വാഗ്ദാനമായിരുന്നു ഈ മിഷനറിമാര്‍ നല്‍കിയത്.
ദൈവകല്പിതമായ മനുഷ്യസമത്വത്തിന്റെ സുവിശേഷം അവര്‍ പ്രസംഗിച്ചില്ല, ആചരിച്ചില്ല. ഹിന്ദുമതത്തിന്റെ ജാതിസമ്പ്രദായമെന്ന കുഷ്ഠത്തെ
പൊറുപ്പിക്കുന്നതിനുള്ള ദിവ്യമായ ആശയസ്പര്‍ശനത്തിനു തയ്യാറാവാതെ, ഈ ജാതികുഷ്ഠത്തെ സ്വന്തം സമൂഹശരീരത്തിലേക്ക് ഏറ്റുവാങ്ങാനാണ്
ക്രൈസ്തവസമുദായം തയ്യാറായത്.
സിക്കുസമുദായം
അവശക്രൈസ്തവരെ
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണം
എന്നു വാദിക്കുന്നവര്‍ ഉന്നയിക്കുന്ന അവകാശവാദം, സിക്കുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് ഈ അവകാശം
ലഭിക്കുന്നുണ്ടെന്നുള്ളതാണ്. സിക്കുമതം ഹിന്ദുമതത്തിന്റെ ഒരു ശാഖയായാണ് വളര്‍ന്നുവന്നത്.
ഈ അടുത്തകാലംവരെ ഹിന്ദുക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും സിക്കുകാരുടെ
ആരാധനാകേന്ദ്രങ്ങളായിരുന്നു, മറിച്ചും. അപ്പോള്‍
ഹിന്ദുസമൂഹത്തിന്റെ ഒരു ഭാഗമായാണ് അടുത്തകാലംവരെ സിക്കുകാര്‍
പരിഗണിക്കപ്പെട്ടുപോന്നത്. ന്യായമായും ഹിന്ദുസമൂഹത്തിന്റെ ഒരു ഉപദ്വീപെന്ന നിലയില്‍
സിക്കു സമുദായത്തിനു ലഭിച്ച ആനുകൂല്യം പൂര്‍ണ്ണമായും വ്യത്യസ്തമായ മതദര്‍ശനവും
സാമൂഹികദര്‍ശനവുമുള്ള ക്രൈസ്തവര്‍ക്ക് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് ആരെങ്കിലും
പറഞ്ഞാല്‍ അത് സാധൂകരണാര്‍ഹമാണ്.
രാഷ്ട്രീയലക്ഷ്യം
ഈ അടുത്തയിടെ, ക്രൈസ്തവസമുദായത്തിലെ
പുരോഹിതമേലാളന്മാര്‍ക്ക് ഇക്കാലമത്രയും
ഉണ്ടാകാതിരുന്ന അവശക്രൈസ്തവപ്രേമം പെട്ടെന്ന്
പൊട്ടിവളരാന്‍ കാരണമെന്താണ്? കര്‍മ്മലകുസുമത്തില്‍
അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര ഇങക എഴുതുന്നു: ''ഇവിടെ
ഭരണഘടനയ്ക്കാണോ അതോ സിക്കു ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണോ ശക്തി? ഭരണഘടനയ്ക്കാണെങ്കില്‍, അവശക്രൈസ്തവരെയും
പട്ടികജാതിയില്‍പ്പെടുത്തേണ്ടത് അവകാശംമാത്രം. സിക്കുഭീകരരുടെ ഭീകരവാഴ്ചയ്ക്കാണു
ശക്തിയെങ്കില്‍ ഒരവശവിഭാഗത്തെ മുഴുവന്‍ അക്രമത്തിലേക്കു വലിച്ചിഴയ്ക്കുകയാവും
ചെയ്യുക.''
ഗവണ്‍മെന്റും
സമുദായവും ശ്രദ്ധിക്കേണ്ട ഒരു പ്രസ്താവനയാണിത്. 1956-ലാണ് സിക്കുസമുദായത്തിലെ
പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. അതും ഭീകരപ്രവര്‍ത്തനവുമായി
യാതൊരു ബന്ധവുമില്ല. എന്നാല്‍,
ഭീകരപ്രവര്‍ത്തനത്തിന്റെ ഫലമായാണ് സിക്കുമതത്തിലെ അവശവിഭാഗത്തിന് സംവരണാനുകൂല്യം
ലഭിച്ചത് എന്നു വരുത്തിത്തീര്‍ത്തുകൊണ്ട് ഇന്നാട്ടിലെ പാവപ്പെട്ട അവശക്രൈസ്തവരെ
അക്രമാസക്തരാക്കുന്നതിനുള്ള ഒരു കുഴല്‍വിളിയാണ് ഈ ലേഖനത്തില്‍ കാണുന്നത്. ഈ
അടുത്തകാലത്ത്, 'അവശക്രൈസ്തവരെ പട്ടികജാതിയില്‍
പെടുത്തിയില്ലെങ്കില്‍ ഒരു പൊട്ടിത്തെറിയുണ്ടാകും' എന്ന് ആര്‍ച്ചുബിഷപ്പ്
മാര്‍ പൗവ്വത്തില്‍ പ്രഖ്യാപിക്കയുണ്ടായി. സിക്കുകാര്‍ക്ക് ആയുധം സംഭാവനചെയ്യുന്ന
ശക്തികളില്‍ ഏതെങ്കിലും ഈ പ്രസ്താവനകളുടെ പിന്നിലുണ്ടോ എന്ന്
അന്വേഷിക്കേണ്ടതാണ്. ഭാരതപുണ്യഭൂമിയില്‍
സമാധാനപരമായി ജീവിച്ചുപോരുന്ന ക്രൈസ്തവരെ ഭീകരന്മാരാക്കിമാറ്റി, സമൂഹത്തിന്റെ ശാന്തതയെ കെടുത്താന്‍ പാവപ്പെട്ട അവശക്രൈസ്തവരെ കരുവാക്കുവാനുള്ള ഈ ശക്തികളുടെ തിരനോട്ടമാണോ ഈ
പ്രഖ്യാപനങ്ങള്‍? അല്ലെന്ന് തീര്‍ത്തും പറഞ്ഞുകൂടാ.
അപകടകരമായ ഈ പുരോഹിതധാര്‍ഷ്ട്യത്തെ ക്രൈസ്തവസമുദായവും ഗവണ്‍മെന്റും കരുതലോടെ
വീക്ഷിക്കേണ്ടതാണ്. ഈ അടുത്തയിടെ വടവാതൂരില്‍ സമ്മേളിച്ച അഖിലഭാരത മെത്രാന്‍കൗണ്‍സില്‍
അവശക്രൈസ്തവര്‍ക്കുള്ള അവകാശങ്ങള്‍ക്കായി കുഴലൂത്തു നടത്തിയത് വെള്ളക്കാരനായ
വിദേശമെത്രാന്‍ കാച്ചവല്യന്റെ സാന്നിധ്യത്തിലാണെന്നത് പ്രത്യേകം
ശ്രദ്ധിക്കപ്പെടേണ്ടതാണ്.
അവശക്രൈസ്തവര്‍ ഇവരെ
സൂക്ഷിക്കുക
ഇന്നാട്ടിലെ
അവശക്രൈസ്തവര്‍ ക്രൈസ്തവമതം സ്വീകരിച്ചെങ്കിലും അവരെ ഹിന്ദുമതത്തിന്റെ ജാതി
സമ്പ്രദായത്തില്‍ തളച്ചിടാന്‍ ബദ്ധകങ്കണരായ ചില സവര്‍ണ പൗരോഹിത്യമേധാവിത്വം ഇന്നു
പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന
ചാണക്യബുദ്ധി മനസ്സിലാക്കാന്‍ അവശ
ക്രൈസ്തവര്‍
തയ്യാറാവണം. 'പുതുക്രിസ്ത്യാനി'കളെ തുടര്‍ന്നും അവശരാക്കി നിലനിര്‍ത്തി രക്തശുദ്ധിയും സാമൂഹികാഢ്യത്വവും
എന്നെന്നും കാത്തുസൂക്ഷിക്കുകയാണ് ഈ ആഢ്യത്തമ്പുരാക്കന്മാരുടെ ഗൂഢലക്ഷ്യം. അതിനവര്‍
ഹരിജന്‍ കത്തോലിക്കാ കോണ്‍ഗ്രസ്സും അവശ കത്തോലിക്കാ സംഘടനകളും തങ്ങളുടെ ചെലവില്‍
സൃഷ്ടിച്ച് നേതൃത്വം കൈയടക്കാന്‍ പരിശ്രമിക്കുന്നു. അവശക്രൈസ്തവരുടെ സാമൂഹികാവശത
നിലനിര്‍ത്തേണ്ടത് ഈ ആഢ്യത്തമ്പുരാക്കന്‍മാരുടെ ആവശ്യമാണ്. 'അവശക്രൈസ്തവര്‍' സംവരണാവകാശത്തിനുവേണ്ടി മുന്നോട്ടുവരുമ്പോള്‍ അതിന്റെ നഷ്ടം
ഹൈന്ദവമതസമൂഹത്തില്‍ ജീവിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കായിരിക്കും. ഈ
സഹേദരന്മാര്‍ തമ്മില്‍ മതത്തിന്റെപേരില്‍ ഏറ്റുമുട്ടിക്കുക എന്നതാണ്
ആഢ്യത്തമ്പുരാക്കന്മാരുടെ ലക്ഷ്യം. അങ്ങനെ അവശരും അവശരും തമ്മില്‍ തല്ലി
തലകീറുന്നതു കാണാന്‍, മുന്‍കാലങ്ങളില്‍ റോമാചക്രവര്‍ത്തിമാര്‍
കൊളോസിയത്തിന്റെ ഉന്നത പീഠങ്ങളിലിരുന്നതുപോലെ, ഇന്നു ചിലര്‍
സന്തോഷത്തോടെ ഇരുന്നരുളുകയാണ്.
പൊന്നിന്‍കുരിശുകള്‍
വില്‍ക്കുക
ഇന്നും കേരളത്തിലെ
അവശക്രൈസ്തവരോട് ക്രൈസ്തവസഭ ക്രൈസ്തവമായ നീതി പുലര്‍ത്തുന്നില്ല. ക്രൈസ്തവമായ സ്‌നേഹത്തിന്റെയും
കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മേശയില്‍നിന്ന് അവരെ
ഒഴിവാക്കിയിരിക്കുകയാണ്. ക്രിസ്തുദര്‍ശനവും ക്രിസ്തുമതവും അയിത്തസമ്പ്രദായത്തെ
അംഗീകരിക്കുന്നില്ല. എങ്കിലും പുതുതായി ക്രൈസ്തവമതത്തിലേക്കു വന്ന സഹോദരരെ
അയിത്തക്കാരായി മാറ്റിനിറുത്താന്‍ ഒരു വിഭാഗം സവര്‍ണ്ണനേതാക്കള്‍ -മെത്രാന്മാരുള്‍പ്പെടെ-
പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇവര്‍ 'ഹരിജന' ക്രിസ്ത്യാനികള്‍ക്ക് ഗവണ്‍
മെന്റില്‍നിന്നുള്ള
ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ തത്രപ്പെടുന്നു. അവരെ സാമൂഹികസംഘര്‍ഷത്തിലേക്ക്
തള്ളിവിടാന്‍ പരിശ്രമിക്കുന്നു. 'ഹരിജന' ക്രൈസ്തവരുടെ സാമ്പത്തികവും
സാമൂഹികവുമായ നില പിന്നോക്കമാണെന്നു സമ്മതിച്ചേതീരൂ. ഈ പിന്നോക്കനിലയില്‍നിന്ന്
അവരെ സമുദ്ധരിക്കാന്‍ സഭയ്ക്കുള്ള കടമ നിര്‍വ്വഹിക്കാന്‍ ഇവര്‍ തയ്യാറല്ല.
പൊന്നിന്‍കുരിശു വിറ്റും ഇവര്‍ക്കു നല്ല ഭവനങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും
ജോലിസാധ്യതകളും തൊഴില്‍പരിശീലനവും നല്‍കുകയാണ് സഭ ചെയ്യേണ്ടത്. കോമേര്‍ഷ്യല്‍ കോംപ്ലെക്‌സുകള്‍
പണിയാന്‍ ആണ്ടോടാണ്ട് കോടിക്കണക്കിനു പണം ചെലവാക്കുന്ന സഭ അതു വിറ്റ് 'ഹരിജന'കത്തോലിക്കര്‍ക്ക് വീടുകള്‍
പണിയിച്ചുകൊടുക്കണം.
ഹരിജന്‍
ക്രൈസ്തവരോട് ഒരപേക്ഷ
സഭയുടെ സമ്പത്ത്
നിങ്ങളുടേതുംകൂടിയാണ്. ക്രൈസ്തവസമൂഹത്തിനുള്ളില്‍ നിങ്ങള്‍ അന്തസ്സുള്ള അംഗങ്ങളാവണം.
അയിത്തജാതിയായി നിങ്ങളെ മാറ്റിനിറുത്താനുള്ള എല്ലാ പരിശ്രമങ്ങളെയും നിങ്ങള്‍
ക്രൈസ്തവമായി ചെറുക്കണം. ഹരിജനങ്ങളല്ല ക്രൈസ്തവരാണു തങ്ങള്‍ എന്നു പറയാനുള്ള
തന്റേടം നിങ്ങള്‍ ആര്‍ജിക്കണം. 'തമ്പുരാന്‍'മാരുടെ മുമ്പില്‍ വായും
പൊത്തിനിന്ന് ആ മേശപ്പുറത്തുനിന്നു വീഴുന്ന അപ്പക്കഷണം പെറുക്കേണ്ടവരല്ല നിങ്ങള്‍; ക്രിസ്തുവിന്റെ മേശയിലേക്കു വിളിക്കപ്പെട്ടവരാണു നിങ്ങള്‍; ക്രൈസ്തവകൂട്ടായ്മയുടെ ഭാഗമാണു നിങ്ങള്‍. ഹൈന്ദവസമുദായത്തിലെ
ബ്രാഹ്മണ്യമേധാവിത്വത്തോട് ഹൈന്ദവസമുദായത്തിലെ ഹരിജനങ്ങള്‍ പോരാടി ആ
സമുദായത്തിനുള്ളില്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തതുപോലെ, സഭയ്ക്കുള്ളില്‍
നിങ്ങളുടെ തുല്യത സ്ഥാപിച്ചെടുക്കാന്‍ നിങ്ങളും പരിശ്രമിച്ചേ മതിയാവൂ. അതിനുള്ള
കര്‍മ്മവേദിയില്‍ തന്ത്രപൂര്‍വ്വം തടസ്സം സൃഷ്ടിക്കാനാണ് ഹരിജന്‍ ക്രിസ്ത്യാനികള്‍ക്കുള്ള
സംവരണവാദവുമായി കുറേപ്പേര്‍ മുന്നോട്ടുവന്നിരിക്കുന്നത്. അവരുടെ കപടതന്ത്രത്തിന്റെ
ആഴം മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
ഫോണ്‍: 9447196214
No comments:
Post a Comment