Translate

Saturday, August 19, 2017

ദളിത് ക്രൈസ്തവര്‍ക്കു നീതി ലഭ്യമാക്കുക മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുക I

ജോര്‍ജ് മൂലേച്ചാലില്‍

(എഡിറ്റോറിയല്‍ സത്യജ്വാല ആഗസ്റ്റ് 2017)

പൗലോസ് റോമാക്കാര്‍ക്കെഴുതി: ''നീ യഹൂദന്‍ എന്നു സ്വയം വിളിക്കുന്നു; നീ നിയമത്തില്‍ അഭയംതേടുന്നു; ദൈവത്തെച്ചൊല്ലി നീ വീമ്പിളക്കുന്നു... വിശുദ്ധ ലിഖിതത്തില്‍ കാണുന്നതുപോലെ, 'നിങ്ങള്‍ നിമിത്തം വിജാതീയരുടെ ഇടയില്‍ ദൈവനാമം അവമതിക്കപ്പെടുന്നു.... യഹൂദരായ നമുക്ക് എന്തെങ്കിലും മേന്മയുണ്ടോ? ഇല്ല, ഒട്ടുമില്ല'' (റോമാ. 1:17, 24, 3:9). ഒരു യഹൂദനായിരുന്ന പൗലോസ് ശ്ലീഹാ സ്വന്തം ജനം പുലര്‍ത്തിയിരുന്ന സാമുദായിക അഹന്തയെ ചൂണ്ടിക്കാണിക്കാനും പുതുതായി സഭയിലേക്കു വരുന്നവരെ വംശമഹിമ നോക്കാതെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മനോഭാവം തിരുത്തിക്കാനുമായിരുന്നു ഇങ്ങനെ എഴുതിയത്. ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെയും എഴുതി: ''ക്രിസ്തുവില്‍ സ്‌നാപനമേറ്റ് നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല; നിങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്'' (ഗലാ. 3:27-28).

തോമ്മാശ്ലീഹാ മാമ്മോദീസാമുക്കിയ നമ്പൂതിരിമാരുടെ പൈതൃകം പറഞ്ഞ് അഹങ്കരിക്കുന്ന കേരളനസ്രാണികള്‍ക്കും പൗലോസ് ശ്ലീഹായുടെ ഈ ഉപദേശം ബാധകമാണ്. 8-ാം നൂറ്റാണ്ടില്‍മാത്രമാണ് കേരളത്തില്‍ നമ്പൂതിരിമാര്‍ ഉണ്ടായത് എന്നതില്‍നിന്നുതന്നെ ഈ സാമുദായികാഹന്തയുടെ അടിത്തറ പൊളിയുന്നുണ്ട്. എങ്കിലും, തങ്ങളുടെ ആഢ്യമനോഭാവത്തില്‍ നസ്രാണിസമൂഹം മാറ്റമൊന്നും വരുത്തിയിട്ടുള്ളതായി കാണുന്നില്ല. അതുകൊണ്ടുതന്നെ, പിന്നോക്കജാതിക്കാര്‍ എന്നു പറയപ്പെടുന്നവരില്‍നിന്ന് ആരെയും തങ്ങളുള്‍പ്പെട്ട കത്തോലിക്കാസഭയില്‍ പ്രവേശിപ്പിക്കാന്‍ നസ്രാണികള്‍ തയ്യാറായിരുന്നുമില്ല. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, പ്രോട്ടസ്റ്റന്റ് മിഷനറിമാരുടെ മതപരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുന്നതും അധഃസ്ഥിതജനവിഭാഗം എല്‍.എം.എസ് (London Missionary Society) സി.എം.എസ് (Church Mission Society) സഭകളിലേക്കു കൂട്ടത്തോടെ ചേക്കേറുന്നതും കണ്ടപ്പോള്‍മാത്രമാണ്, കേരളത്തില്‍ തങ്ങള്‍ പിന്തള്ളപ്പെട്ടുപോകുമോ എന്ന ആശങ്കമൂലം, പിന്നോക്കജാതി വിഭാഗങ്ങളില്‍ നിന്നുള്ളവരെ മാമ്മോദീസാമുക്കാന്‍ കത്തോലിക്കാസഭ തുടങ്ങിയത്. പക്ഷേ, എല്‍.എം.എസ്-സി.എം.എസ്. മിഷനറിമാരുടേതില്‍നിന്നു തികച്ചും വ്യത്യസ്തമായ ലക്ഷ്യത്തോടെയായിരുന്നു, ഇവിടുത്തെ കത്തോലിക്കാസഭ അന്നത്തെ അധഃസ്ഥിതജനവിഭാഗങ്ങള്‍ക്കു മാമ്മോദീസ നല്‍കാന്‍ തയ്യാറായതെന്ന്, അക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്.

കേരളത്തിലെ ക്രൈസ്തവദളിതരുടെ ആദിപിതാവ്, പറയവിഭാഗത്തില്‍നിന്ന് 1806-ല്‍ ക്രിസ്തുമതത്തിലേക്കുവന്ന മഹാരാശന്‍ എന്നയാളാണ്. എല്‍.എം.എസ്. മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി വേദമാണിക്യം എന്ന പേരു സ്വീകരിച്ച് അദ്ദേഹം മതം മാറുകയായിരുന്നു. പറയവിഭാഗത്തിലും ചാന്നാര്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ച ഈ മിഷനറിമാര്‍ അവരെ വെറുതെ മതംമാറ്റുക മാത്രമല്ല ചെയ്തത്; അവരില്‍ അഭിമാനബോധവും, സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും അടിത്തറയിട്ട ഒരു മൂല്യബോധവും ഉണര്‍ത്തുകകൂടി ചെയ്തു. അന്നുവരെ മാറുമറയ്ക്കാന്‍ അനുവാദമില്ലാതിരുന്ന ചാന്നാര്‍ യുവതികള്‍ മാറുമറയ്ക്കാന്‍ ധൈര്യപ്പെട്ടതും, ചാന്നാര്‍ ലഹള എന്നറിയപ്പെടുന്ന ഒരു വിപ്ലവത്തിനു കാരണമായതും ഈ മതംമാറ്റമായിരുന്നു. 1822 മുതല്‍ 1859 വരെ നീണ്ടുനിന്ന ഈ സാംസ്‌കാരികവിപ്ലവത്തിന്റെ ഫലമായാണ്, സ്വതന്ത്രമായി വസ്ത്രം ധരിക്കുവാനുള്ള അവകാശം എല്ലാ അധഃസ്ഥിത വിഭാഗങ്ങളിലുംപെട്ട ഇവിടുത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും ലഭിച്ചത്.

കേരളത്തിലെ അടിമസമ്പ്രദായം അവസാനിച്ചതും എല്‍.എം.എസ്-സി.എം.എസ്. മിഷനറി പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. പുലയ-പറയ-കുറവവിഭാഗങ്ങളില്‍പ്പെട്ടവരെല്ലാം അന്നത്തെ ജന്മിവര്‍ഗ്ഗത്തിന്റെ അടിമകളായിരുന്നു. യജമാനനായ ജന്മിക്ക് തന്റെ അടിമയായ സ്ത്രീയെ അവളുടെ ഭര്‍ത്താവില്‍നിന്നും അകറ്റി, ദൂരെയുള്ള മറ്റൊരു യജമാനനു വില്‍ക്കാനവകാശമുണ്ടായിരുന്നു. അവരുടെ മക്കളെയും മാതാപിതാക്കളില്‍നിന്നകറ്റി വിറ്റിരുന്നു. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് തമ്മില്‍ക്കാണാന്‍പോലും ഒരിക്കലും അവസരം നല്‍കാത്തത്ര ക്രൂരമായിരുന്ന ഈ അടിമസമ്പ്രദായത്തിന് അറുതിവരുത്തുകയെന്ന മനുഷ്യത്വപരമായ ലക്ഷ്യം എല്‍.എം.എസ്-സി.എം.എസ്. മിഷനറിമാര്‍ക്കുണ്ടായിരുന്നു. അവരുടെ ശ്രമഫലമായാണ് 1855-ല്‍ അന്നത്തെ തിരുവിതാംകൂര്‍-കൊച്ചി നാട്ടുരാജ്യങ്ങളില്‍ അടിമസമ്പ്രദായത്തിന് തിരശീല വീണത്.

കൂടാതെ, അടിമകളെ ഉടമകളില്‍നിന്നു മോചിപ്പിച്ചു പുനരധിവസിപ്പിക്കുക, അവരുടെ മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കുക, തൊഴില്‍സൗകര്യങ്ങളും താമസസൗകര്യങ്ങളും നല്‍കി അവരെ സംരക്ഷിക്കുക എന്നീ ഭാരപ്പെട്ട ഉത്തരവാദിത്വങ്ങളും ഈ മിഷനറിമാര്‍ നിര്‍വ്വഹിക്കുകയുണ്ടായി. ഇതെല്ലാം, സ്വാഭാവികമായും, അങ്ങേയറ്റത്തെ അടിമത്തവും അവശതകളും അനുഭവിച്ചു ജീവിച്ചിരുന്ന കേരളത്തിലെ അന്നത്തെ പിന്നോക്ക ജാതിവിഭാഗങ്ങളെ ഈ മിഷനറിപ്രസ്ഥാനങ്ങളിലേക്കും അവ പ്രതിനിധാനം ചെയ്ത ക്രൈസ്തവസഭകളിലേക്കും ആകര്‍ഷിക്കുകയും കൂട്ടത്തോടെയുള്ള മതംമാറ്റത്തിനു കാരണമാകുകയും ചെയ്തു (വിവരസമാഹരണം: ദളിത് ബന്ധു എന്‍.കെ. ജോസ് രചിച്ച 'ക്രൈസ്തവ ദളിതര്‍' എന്ന പുസ്തകത്തില്‍നിന്ന്).

ഈ മിഷനറിമാര്‍ക്കും അവരെ പിന്തുണച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ബ്രിട്ടീഷ് ഗവണ്‍മെന്റിനുമൊക്കെ, ഈ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ മറ്റൊരു സ്വാര്‍ത്ഥലക്ഷ്യമുണ്ടായിരുന്നുവെന്ന് പിന്നീടുള്ള ചരിത്രകാരന്മാര്‍ ആരോപിക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തവര്‍ക്കും (ഉദാ: ഹെന്‍ട്രി ബേക്കര്‍, ബെഞ്ചമിന്‍ ബെയ്‌ലി) ഉണ്ടായിരുന്ന വമ്പന്‍ തോട്ടങ്ങളില്‍ പണിയെടുപ്പിക്കുന്നതിനുവേണ്ടി, ഒരു ദളിത് ക്രൈസ്തവസമൂഹത്തെത്തന്നെ സൃഷ്ടിക്കുകയാണവര്‍ ചെയ്തത് എന്നതാണത്. ഇതു ശരിയാണെങ്കില്‍പ്പോലും, അവരുടെ ഇടപെടല്‍ അന്നത്തെ അയിത്തജാതിക്കാരെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നുവെന്ന് അംഗീകരിക്കാതെ വയ്യ. അടിമയില്‍നിന്ന് കൂലിവേലക്കാരനിലേക്കുള്ള മാറ്റം ഒരു ഉയര്‍ച്ചയാണല്ലോ. മുതലാളിത്തമനോഭാവം സൂക്ഷിച്ചപ്പോഴും 18-ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ പിടിച്ചുകുലുക്കിയ നവോത്ഥാനവിപ്ലവ (Renaissance)ത്തിന്റെ 'സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം' എന്നീ മൂല്യത്രയത്തിന്റെ സ്വാധീനം ഈ മിഷനറിമാരുടെ സമീപനത്തിലും പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു എന്ന കാര്യം കാണാതിരിക്കാനാവില്ല.

ഇവിടെയാണ്, കേരളത്തിലെ നസ്രാണിമുഖമുള്ള കത്തോലിക്കാസഭയുടെ പിന്നോക്കജാതിക്കാരോടുള്ള സമീപനത്തെ നാം താരതമ്യംചെയ്തു നോക്കേണ്ടത്. കേരളത്തിലെ പിന്നോക്കജാതിക്കാര്‍ അനുഭവിച്ചുപോന്ന അടിമത്തത്തെയും തീണ്ടല്‍, തൊടീല്‍ പോലുള്ള അനാചാരങ്ങളെയും നിസ്സംഗമായി നോക്കിനില്‍ക്കുകമാത്രമല്ല, ശ്രേഷ്ഠജാതി എന്നു ഭാവിച്ച് അവരെ അകറ്റിനിര്‍ത്തുകയും, മേല്‍ജാതികളുമായി സമരസപ്പെടാന്‍ തീണ്ടല്‍പോലുള്ള ചില അനാചാരങ്ങള്‍ പാലിക്കുകയുമാണ്, അന്നത്തെ കത്തോലിക്കാസഭ ഇവിടെ ചെയ്തത്. അല്ലായിരുന്നുവെങ്കില്‍, സ്‌നേഹത്തിലും നീതിബോധത്തിലും അധിഷ്ഠിതമായ യേശുദര്‍ശനം ഹൃദയത്തിലുള്‍ക്കൊണ്ട് ഇവരെ സഹോദരരായികണ്ടു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, 'വീടുകളില്‍ അപ്പം മുറിക്കുകയും ആഹ്ലാദത്തോടും ഉദാരമനസ്സോടുംകൂടി ഭക്ഷണത്തില്‍ പങ്കുചേരുകയും' അങ്ങനെ 'സകലജനങ്ങളുടെയും പ്രീതീപാത്രങ്ങളാകുകയും' ചെയ്തിരുന്നെങ്കില്‍, കേരളത്തില്‍ പിന്നോക്കജാതികളായിക്കഴിഞ്ഞിരുന്നവര്‍ ദിനംപ്രതിയെന്നോണം നസ്രാണിസമൂഹത്തിന്റെ കൂട്ടത്തിലേക്ക്, പാശ്ചാത്യസഭകള്‍ക്ക് അവസരം നല്‍കാതെ, എത്രയോ മുമ്പേ കടന്നുവരുമായിരുന്നു! പകരം, സാമ്രാജ്യത്വലാക്കോടും മുതലാളിത്തമനോഭാവത്തോടുംകൂടി ഇവിടെയെത്തിയ പാശ്ചാത്യമിഷനറിമാരെക്കാള്‍ സ്വാര്‍ത്ഥതയും ചൂഷണമനോഭാവവുമാണ് കേരളത്തിലെ സഭാനേതൃത്വം-സമുദായവും-ഇവിടുത്തെ പിന്നോക്കജാതിക്കാരോടു കാട്ടിയത്.

അധഃസ്ഥിതവിഭാഗങ്ങളില്‍നിന്നുള്ളവരെ കത്തോലിക്കാസഭയിലേക്കു 'മാര്‍ഗ്ഗംകൂട്ടു'ന്നതിനു തുടക്കംകുറിച്ചത് 1857-ല്‍ പാലാക്കുന്നേല്‍ വല്യച്ചനാണ്. അന്നത്തെ വരാപ്പുഴ മെത്രാന്‍ അതു സംബന്ധിച്ച് അദ്ദേഹത്തിനു നല്‍കിയിരുന്ന കത്തിന്റെ ഉള്ളടക്കം പാലാക്കുന്നേല്‍ വല്യച്ചന്റെ 'നാളാഗമ'ത്തില്‍ കൊടുത്തിട്ടുള്ളത് ഇങ്ങനെയാണ്: ''മുണ്ടക്കയത്തിനു സമീപിച്ച് കൊരട്ടി എന്നൊരു സ്ഥലമുണ്ടെന്നും അവിടെ ഏതാനും ഈഴവര്‍ വന്നുചേര്‍ന്നിട്ടുണ്ടെന്നും, അവര്‍ക്കു സത്യവേദം അനുസരിക്കുന്നതിനു മനസ്സുണ്ടെന്നും, അവിടെ ഒരു പള്ളി പണിയാമെങ്കില്‍ അനേകം ഈഴവരും അരയന്മാരും പുലയരും മാര്‍ഗ്ഗത്തില്‍ കൂടുന്നതിന് ഇടയാകുമെന്നും, ആ സ്ഥലം പെരുത്ത വിശേഷമുള്ളതും മുണ്ടക്കയത്തിനേക്കാളും ഇരട്ടി ഭൂമി നല്ലതാകുന്നു എന്നും അറിയിച്ചു... ഇപ്പോള്‍ ഇങ്കിരെസു പാതിരിയുടെ ഉപദേശികള്‍ ഈ സ്ഥലത്തില്‍വന്ന് പുസ്തകങ്ങളുംമറ്റും കൊരട്ടിയിലുള്ള ഈഴവര്‍ക്കു കൊടുത്തിരിക്കുന്നു. വേഗത്തില്‍ അച്ചന്‍ അവിടെ ചെന്നാല്‍ ആ ജനങ്ങളെ സത്യവേദത്തില്‍ കൂട്ടാം.... അച്ചന്‍ നെടുങ്കുന്നത്തുനിന്നും ഇവിടെ വന്നില്ലായെങ്കില്‍, ഇംഗ്ലീഷുപാതിരിയുടെ കൈവശത്തില്‍ ഈഴവരും ഈ സ്ഥലവും ആയിപ്പോകുമെന്നു പറഞ്ഞയച്ചിരുന്നതിനാല്‍ എത്രയും നിമിഷത്തില്‍ തത്രപ്പെട്ട് ഞാന്‍ മണിമല പള്ളിയില്‍വന്നു...'' (നാളാഗമം പേജ് 1, 2) തുടര്‍ന്ന്, അഡ്മിനിസ്‌ട്രേറ്റര്‍ അപ്പസ്‌തോലിക്കാ ബര്‍ണ്ണര്‍ദീനോസ് അദ്ദേഹത്തിനു നല്‍കിയ കല്പനയില്‍ ഇപ്രകാരം കാണുന്നു: ''..... ഈ സ്ഥലത്തിന്റെയും മറ്റും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് താമസംകൂടാതെ രഹസ്യമായിട്ട് ഹര്‍ജി ഉണ്ടാക്കി ദിവാന്‍ജി അവര്‍കളെ ബോധിപ്പിച്ച് തന്റെ പേരില്‍ പതിപ്പിച്ച് ആ വിവരം നമ്മെ ബോധിപ്പിച്ചുകൊള്ളുകയുംവേണം...'' (നാളാഗമം, പേജ് 4).

ഈ വാക്കുകളില്‍നിന്ന്, കേരളത്തിലെ കത്തോലിക്കാസഭ ഇവിടെ നടത്തിയ മതപരിവര്‍ത്തനപ്രവര്‍ത്തനങ്ങളുടെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം, യേശുവിന്റെ സുവിശേഷം അറിയിക്കുന്നതിലുള്ള താല്പര്യമോ അധഃസ്ഥിതജനവിഭാഗങ്ങളോടുള്ള സ്‌നേഹമോ ആയിരുന്നില്ല എന്നു വ്യക്തമാണ്. ഇംഗ്ലീഷ് പാതിരിമാര്‍ അവിടെ എത്തുംമുമ്പ്, അവിടുത്തെ ഈഴവരെ തങ്ങളുടെ സഭയ്ക്കുള്ളിലാക്കുകയും സ്ഥലം കൈവശപ്പെടുത്തുകയുംവേണം എന്നതായിരുന്നു താല്പര്യം. പുതുതായി ക്രൈസ്തവരാകാനെത്തുന്നവരെക്കൊണ്ട് ചൊല്ലിക്കുന്ന സത്യപ്രതിജ്ഞാവാചകങ്ങള്‍ ശ്രദ്ധിച്ചാല്‍, അവരുടെ അന്തസ്സില്ലായ്മയും നസ്രാണികളുടെ ആഢ്യത്വവും മുന്‍കൂറായിത്തന്നെ അവരെക്കൊണ്ട് അംഗീകരിപ്പിക്കാനുദ്ദേശിച്ചുള്ളതായിരുന്നെന്നും കാണാം. പുലയവിഭാഗത്തില്‍പ്പെട്ടവര്‍ക്കു നല്‍കിയിരുന്ന പല കല്പനകളിലൊന്നു താഴെ കൊടുക്കുന്നു:

''നിങ്ങള്‍ മാമ്മോദീസാ മുങ്ങുന്നതിനാല്‍ ഈ അന്തസ്സുകള്‍വിട്ട് മാപ്പിളമാരുടെ അന്തസ്സില്‍ നടക്കാമെന്നുംമറ്റും നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്കു യാതൊരു ഫലവുമില്ല. ഏതന്തസ്സിലും സര്‍വ്വേശ്വരന്‍ തമ്പുരാന്റെ മക്കളായിട്ടു നടന്ന് വേദം അനുസരിക്കാം. വേദത്തിന് അവനവന്റെ അന്തസ്സു മാറുന്നതിന് ആവശ്യമില്ല.''

ഇതിനുത്തരമായിട്ടു ചൊല്ലിക്കുന്ന സത്യപ്രതിജ്ഞ: ''ഞങ്ങളു പുലയരുതന്നെ ആയിരുന്നുകൊള്ളാം. ഞങ്ങള്‍ക്കു വേദംമാത്രം മതി'' (നാളാഗമം, പേജ് 10-11).

(തുടരും)

No comments:

Post a Comment