കാലടി - കൊറ്റമം കത്തോലിക്കാപള്ളി കപ്പേള തിരുന്നാള്‍
പി.സി റോക്കി മൊ: 9961217493
ഉത്സവത്തിനും പൊതുപരിപാടികള്‍ക്കും വെടിക്കെട്ട് നടത്താനും ആനയെ എഴുന്നള്ളിക്കാനും മറ്റും കര്‍ശന നിയന്ത്രണം വരുമെന്ന ജില്ലാ ഭരണകൂട പത്രപ്രസ്താവനയുടെ ചൂടാറും മുമ്പ് പത്ത് ദിവസം തുടര്‍ച്ചയായി കൊറ്റമം പള്ളി വക വിശുദ്ധ റോക്കിയുടെ കപ്പേളയില്‍ വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും വിശദ വിവരങ്ങളടങ്ങിയ പെരുന്നാള്‍ സപ്ലിമെന്റ് പുറത്തു വന്നിരിക്കുന്നു. അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്ര റോഡ് പരിസരത്ത് സ്ഥിതിചെയ്യുന്ന കാലടി-മലയാറ്റൂര്‍ റോഡിനോട് ചേര്‍ന്നാണ് ഈ ഭണ്ഡാരപള്ളി. ഈ പരിസരത്ത് ധാരാളം വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉണ്ടെന്നത് ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു. വെടിക്കെട്ടു മൂലം പ്രദേശത്ത് കരിമരുന്ന് പുകയും ശബ്ദമലിനീകരണവും സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പാണ്. ഇതിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളില്‍ ചിതറിക്കിടക്കും. ലക്ഷങ്ങള്‍ മുടക്കി ഒരു കുരിശടി അഥവാ ഭണ്ഡാര പള്ളിപ്പെരുന്നാളിന് ഇത്ര ആഡംബരം വേണമോ എന്നാണ് പലരും ചോദിക്കുന്നത്.
ആയിരങ്ങള്‍ ആഹാരം കിട്ടാതെ പട്ടിണി കിടന്ന് മരിക്കുമ്പോഴും, തല ചായ്ക്കാന്‍ ഇടമില്ലാതെ റോഡരികിലും, കടത്തിണ്ണകളിലും, പുറമ്പോക്കിലും മറ്റും അന്തിയുറങ്ങുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി ഭണ്ഡാരപള്ളിപ്പെരുന്നാളുകള്‍ നടത്തപ്പെടുന്നത് വലിയൊരു വിഭാഗം ജനങ്ങളില്‍ അമര്‍ഷം ഉളവാക്കുന്നുണ്ട്.
കൊറ്റമത്തെ വെടിെക്കട്ടിന് ജില്ലാ ഭരണകൂട, ഫയര്‍ഫോഴ്‌സ്, എക്‌സ്‌പ്ലോളിസീവ് വിഭാഗങ്ങളുടെ അനുകൂല റിപ്പോര്‍ട്ട് ലഭിച്ചിട്ടാണോ നടത്തുന്നതെന്നും ജനങ്ങള്‍ ചോദിക്കുന്നു. ഉദ്ദേശം രണ്ടാഴ്ച മുമ്പ് പ്രസിദ്ധമായ തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവ് മരിച്ചിരുന്നു. ഒരാള്‍ ഇന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. കേരളത്തിലെ ഭൂരിഭാഗം കത്തോലിക്കാ ദേവലായങ്ങളുടെയും കീഴിലുള്ള ഏഴും എട്ടും വരെയുള്ള കുരിശടി പള്ളികളില്‍ ഇങ്ങനെ ലക്ഷങ്ങള്‍ മുടക്കി ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്.
ആഘോഷങ്ങളും ആഡംബരങ്ങളും കുറച്ച് അതിന്റെ 25% അവശര്‍ക്കും ആലംബഹീനര്‍ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന കെ.സി.ബി.സിയുടെ പ്രസ്താവന വെറും പാഴ്‌വാക്ക് ആവുകയല്ലേ ?.
പ്രദക്ഷിണത്തില്‍ അണി നിരത്തുന്ന സ്വര്‍ണ്ണവെള്ളിക്കുരിശ് നേര്‍ച്ചയായി നല്‍കുന്നതിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഈ സ്വര്‍ണ്ണ, വെള്ളിക്കുരിശുകള്‍ മരിച്ചുപോയ വിശുദ്ധര്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണോ എന്ന് അടുത്ത ഇടവകകളിലെ വിശ്വാസികള്‍ പിറുപിറുക്കുന്നുണ്ട്.
പ്രവാസികള്‍ കിലോക്കണക്കിന് ഭാരമുള്ള സ്വര്‍ണ്ണവെള്ളിക്കുരിശുകള്‍ സംഭാവന ചെയ്യാന്‍ മുന്നോട്ടു വരുമെന്ന് അവിടവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
No comments:
Post a Comment