Translate

Sunday, March 3, 2019

കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനം-ചര്‍ച്ച്ബില്‍ 2019 സംബന്ധിച്ച് നിയമപരിഷ്‌കരണക്കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍


നിര്‍ദ്ദിഷ്ട Kerala Church (Properties and institution) ബില്‍ 2019, കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനം വിശദമായി ചര്‍ച്ച ചെയ്തു. ബഹു. നിയമ പരിഷ്‌കരണ കമ്മീഷന്‍ മുമ്പാകെ തല്‍ സംബന്ധമായി താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
(1)         ക്രൈസ്തവ സഭാ സംബന്ധമായി ഉണ്ടാക്കുന്ന നിയമങ്ങള്‍, വിശുദ്ധ ബൈബിളിലെ വീക്ഷണങ്ങള്‍ക്ക് അനുസൃതവും, ദേശ്യപാരമ്പര്യങ്ങള്‍ക്ക് അനുയോജ്യവും, രാഷ്ട്രനിയമങ്ങള്‍ക്ക് വിധേയവുമായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എടുത്തു പറയുന്ന ഒരു ആമുഖം ബില്ലിന്റെ തുടക്കത്തില്‍ ഉണ്ടായിരിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ബില്ലില്‍ അതു കാണുന്നില്ല. ഭാരതം കൊളോണിയല്‍ ഭരണത്തിലായിരുന്ന കാലത്ത്, സഭ പിന്‍തുടര്‍ന്നുവന്ന റോമന്‍ കാനോന്‍ നിയമം ഇപ്പോഴും ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അതുമൂലമുണ്ടാകുന്ന തര്‍ക്കങ്ങളുടെ പരിഹാരത്തിന് ഒരു ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ഈ ബില്ലില്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ബില്ല്  അപൂര്‍ണ്ണവും സഭാസ്വത്തു, നിയമപരമായി കൈകാര്യം ചെയ്യുക എന്ന ആവശ്യ നിര്‍വഹണത്തിന് അപര്യാപ്തവുമാണ്.

(2)        ഇന്‍ഡ്യ ഒരു മതേതര രാഷ്ട്രമാണല്ലോ. അതുകൊണ്ടുതന്നെ സ്വന്തമായ ഒരു മത ആദ്ധ്യാത്മികത പുലര്‍ത്താന്‍ ക്രൈസ്തവര്‍ക്ക് ഇവിടെ അവകാശമുണ്ട്. ഭൗതികസ്വത്ത്‌സംബന്ധമായ നിയമങ്ങള്‍ രാഷ്ട്രനിയമങ്ങള്‍ക്ക് അനുസൃതമായി ജനപ്രതിനിധികള്‍ ഉണ്ടാക്കുകയും വേണം ആ നിയമങ്ങള്‍ മതനിയമങ്ങളുമായി വേര്‍തിരിഞ്ഞുനില്‍ക്കുന്നതായിരിക്കും എന്ന് എന്ന ഒരുDisclaimer ബില്ലില്‍ എഴുതിചേര്‍ത്താല്‍ മതാനുയായികളുടെ ഭീതി ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ചര്‍ച്ച് ആക്ട് 2009 ബില്ലില്‍ ഇങ്ങനെ ഒരു Disclaimer ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബില്ലിലും Disclaimer ചേര്‍ത്ത് മതവിശ്വാസികളുടെ ഭീതി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.

(3)        നിര്‍ദ്ദിഷ്ട ബില്‍ 2019-ന്റെ രണ്ടാംവകുപ്പില്‍ ബില്ലില്‍ എടുത്തു പറയുന്ന വാക്കുകളുടെയും, വാക്യങ്ങളുടെയും നിര്‍വ്വചനങ്ങളാണ് കാണുന്നത്. ചില നിര്‍വചനങ്ങള്‍ (a) The Bishop (f) denomination ഇവ ക്രൈസ്തവ വീക്ഷണമനുസരിച്ച് ശരിയല്ല. സീറോമലബാര്‍ സഭയുടെ പാരമ്പര്യവും ബൈബിള്‍ വീക്ഷണവുമനുസരിച്ച് ബിഷപ്പ് തുടങ്ങിയ എല്ലാ ആത്മീയ അധികാരികളും ഭൗതിക സ്വത്തിന്റെ കൈകാര്യകത്തൃത്വത്തില്‍ നിന്നും പൂര്‍ണ്ണമായും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നവരാണ്. എന്നാല്‍ ഇതിലെ നിര്‍വചനമനുസരിച്ച് Bishop, Both spiritual and temporal matters-ല്‍ വിശ്വാസികളുടെ obeidence  ആവശ്യപ്പെടുന്നു. episcospal, nonepiscospal എന്നൊക്കെയുള്ള വിഭജനങ്ങളും നിര്‍വചനത്തില്‍ കാണാം. ഇതൊക്കെ തിരുത്തപ്പെടേണ്ടവയാണ്. ''ചര്‍ച്ച്'' എന്ന വാക്കിന് വിശ്വാസികളുടെ കൂട്ടായ്മ എന്നാണ് അര്‍ത്ഥമെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. പക്ഷേ ഇവിടെ II(b) includes all denominations of the churchs എന്ന തെറ്റായ നിര്‍വചനം കൊടുത്തിരിക്കുന്നു. നിര്‍വചനഭാഗത്ത് പത്തുപതിനൊന്നു വാക്കുകള്‍ വിശദീകരിച്ചെങ്കിലും അതിപ്രധാന ഘടകമായ വിശ്വാസികളെപ്പറ്റി നിര്‍വചനമോ ഒരു സൂചന പോലുമോ നല്‍കിയിട്ടില്ല. സഭയുടെ കാനോന്‍ നിയമത്തിന്റെ പശ്ചാത്തലം മാത്രമേ ഈ ബില്ല് പരിഗണിക്കുകയുള്ളൂ.

(4)        നിര്‍ദ്ദിഷ്ട ബില്‍ 2019-ല്‍ 3ഉം 4 വകുപ്പുകള്‍ സഭാസ്വത്തുക്കളെ സംബന്ധിച്ചുള്ളതാണ്.

സഭകള്‍ക്ക് സ്വത്തുക്കള്‍ സമ്പാദിക്കാം (3) സ്വത്ത് ഗവേണ്‍ ചെയ്യുന്നതിനുള്ള നിയമങ്ങളും ഉണ്ടാക്കം. സ്വത്ത് ആര്‍ജ്ജിക്കാന്‍ സഭയില്‍ ആരേ, ആരാണ് നിയോഗിക്കുന്നത്?. ആരാണ് അതു സംബന്ധമായ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത്?. എന്താണ് അതിനുള്ള മാര്‍ഗ്ഗരേഖ? ഇക്കാര്യങ്ങളൊക്കെയാണ് ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. അവയൊന്നും ബില്ലില്‍ ഇല്ല. എന്നുമാത്രമല്ല ഏറെ അപകടം പിടിച്ച ഒരു പരാമര്‍ശം ഈ ബില്ലില്‍ കടന്നു കൂടിയിട്ടുമുണ്ട്. each denominations shall make regulations for the governce of the denomination എന്ന ഒരു ''വഴിവിട്ട ഔദാര്യം'' ബന്ധപ്പെട്ടവര്‍ക്ക് ബില്ല് നല്കിയിട്ടുണ്ട്. ഇതു ശരിയല്ല. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തില്‍ ഏതുമതത്തിന്റെയും ഭൗതിക സ്വത്ത്ഭരണത്തിനുള്ള നിയമനിര്‍മ്മാണം നടത്തേണ്ടത് രാജ്യത്തെ ജനപ്രതിനിധിസഭയാണ്. ഇക്കാര്യം ഉറപ്പിച്ചു പറയുന്നതിനു പകരം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമുള്ള അധികാരത്തെ ചോദ്യം ചെയ്യുകയും ''കാനോന്‍ നിയമമാണ് ഞങ്ങളുടെ നിയമം'' എന്ന് മേനി നടിക്കുകയും ചെയ്യുന്ന സീറോ മലബാര്‍ സഭയുടെ നിലപാടുതന്നെയാണ് നിയമപരിഷ്‌കരണ കമ്മീഷനും സ്വീകരിക്കുന്നത്. ''ഇപ്പോള്‍ നടക്കുന്നതുപോലെ തന്നെ എല്ലാം നടന്നുകൊള്ളട്ടെ'' എന്നു പറയാനാണെങ്കില്‍ എന്തിനാണ് പുതിയ ബില്ല്.
സഭയുടെ പേരില്‍ ആര്‍ക്കും സ്വത്തു സമ്പാദിക്കാം എന്ന ഇപ്പോഴത്തെ സാഹചര്യം സന്യാസസഭകളെല്ലാം ഇന്ന് ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാ സഭയിലെ പ്രബല സാമ്പത്തിക ശക്തിയായ സന്യാസസഭകളേപ്പറ്റി ഒരു പരാമര്‍ശവും ബില്ലില്‍ ഇല്ല വാസ്തവത്തില്‍ സന്യാസ സഭകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ സ്വകാര്യ ഭരണം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് മാഫിയാകളാണ്. പട്ടണങ്ങളിലെ കണ്ണായ സ്ഥലങ്ങളും, കാര്യപ്പോക്കുള്ള സ്ഥാപനങ്ങളും എല്ലാം അവരുടേതാണ്. ഈ സാമ്പത്തിക ഭീമന്‍മാര്‍ക്ക് ആരോടും വിധേയത്വമില്ല, ആരേയും ഒരുകണക്കും ബോദ്ധ്യപ്പെടുത്തേണ്ടതുമില്ല. ''ചാരിറ്റി ചാരിറ്റി''  എന്ന് എഴുതി വച്ചാല്‍  ആരും അങ്ങോട്ടു കയറി ശല്യപ്പെടുത്തുകയുമില്ല. Church properties act ഇവരെ കണ്ടില്ലെന്നു നടിക്കരുത്. സന്യാസസഭകള്‍ ഏതുമാകട്ടെ അവയുടെ സ്ഥാപനങ്ങള്‍ ഏതു ഇടവക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നോ ആ അടിസ്ഥാന ഘടകത്തിന്റെ സാമ്പത്തിക നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചേ പറ്റൂ, അതിനുള്ള നിയമങ്ങള്‍ ചര്‍ച്ച് ആക്ടില്‍ ഉള്‍പ്പെടുത്തിയേ തീരൂ.

ഭൗതിക സ്വത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി ശരിയായ വീക്ഷണം നിയമപരിഷ്‌കരണക്കീഷന്റെ തന്നെ 2009-ലെ ട്രസ്റ്റ് ബില്ലില്‍ ഉണ്ട്. ആ ബില്ലിന്റെ 6-ാം വകുപ്പ് (1)ഉപവകുപ്പില്‍ 18 വയസ്സിനു മുകളിലുള്ളതും, ഇടവക അടിസ്ഥാന ഘടകത്തിലെ അംഗങ്ങളുമായവര്‍ വോട്ട് അവകാശത്തോടുകൂടി ''ട്രസ്റ്റ് അസംബ്ലിയെ'' ഭരണകാര്യങ്ങള്‍ക്കായി രൂപീകരിക്കും എന്നു പറഞ്ഞിട്ടുണ്ട്. അതേ ബില്ലിന്റെ 11-ാം വകുപ്പില്‍ പള്ളിയുടെ എല്ലാ സ്വത്തുക്കളും ആസ്തികളും പണവും ബോര്‍ഡ് ഓഫ് ട്രസ്റ്റികളില്‍ നിഷിപ്തമായിരിക്കും എന്നും കാണണം. ഇതോ ഇതുപോലെയുള്ളതോ ആയ വകുപ്പുകള്‍ പുതിയ ബില്ലിലും ഉള്‍പ്പെടുത്തിയാലേ ചര്‍ച്ച് പ്രോപ്പര്‍ട്ടികള്‍ക്ക് ഉടമയും, ഉടമസ്ഥന് governing powerഉം ലഭിക്കുകയുള്ളൂ.

(5)        ഈ ബില്ലിലെ 5-ാം വകുപ്പ് സഭയുടെ അക്കൗണ്ടുകള്‍ എഴുതി സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിനേപ്പറ്റി പറയുന്നു. ആരാണ് അക്കൗണ്ട് എഴുതേണ്ടത,് ആരാണ് അക്കൗണ്ട് സൂക്ഷിക്കേണ്ടത,് എന്നൊന്നും ഈ ബില്ലില്‍ എടുത്തു പറയാത്തതുകൊണ്ട് ഇപ്പോഴത്തെ നിലയില്‍ത്തന്നെ വികാരിയച്ചന്‍ കണക്ക് ഉണ്ടാക്കും മെത്രാന്‍ അതു പാസാക്കും വിശ്വാസി സമൂഹം എല്ലാത്തിനും മൂകസാക്ഷികളായി നിലകൊള്ളും എന്ന സ്ഥിതി തന്നെ തുടരും. ഫീസു കൊടുത്താല്‍ ഏതു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് പള്ളിക്കണക്ക് ഒപ്പിട്ടു കൊടുക്കാത്തത്. ഈ സാഹചര്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ചര്‍ച്ച് ആക്ടിനുവേണ്ടി സമൂഹം ആവശ്യമുന്നയിച്ചത്. അതുകൊണ്ടുതന്നെ 2009-ലെ ബില്ലില്‍ അതിനുള്ള വകുപ്പുകളും എഴുതിച്ചേര്‍ത്തിരുന്നു. എല്ലാകണക്കുപുസ്തകങ്ങളും കണക്കുകളുമായി ബന്ധപ്പെട്ട മറ്റുപുസ്തകങ്ങളും ട്രസ്റ്റി കമ്മറ്റി വച്ചുസൂക്ഷിക്കേണ്ടതാണ്. കൂടാതെ ട്രസ്റ്റി കമ്മറ്റി നിയന്ത്രിക്കുന്ന മാതൃകയില്‍ വാര്‍ഷിക കണക്കുപത്രികകളും തയ്യാറാക്കേണ്ടതാണ്. (13(1)) ഇങ്ങനെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 2009 ബില്ല് നിയമപരിഷ്‌കരണ കമ്മീഷന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്.

(6)        എഴുതിയ അക്കൗണ്ട് ഓഡിറ്റു ചെയ്യുന്നതിന്റെയും ഓഡിറ്റഡ് അക്കൗണ്ട് ജനറല്‍ ബോഡിയില്‍ സമര്‍പ്പിക്കുന്നതിന്റെയും വിശദാംശങ്ങളാണ് 6,7 വകുപ്പുകളില്‍ ഉള്ളത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് റിപ്പോര്‍ട്ടുണ്ടാക്കി റഗുലേഷനില്‍ പറയുന്ന ഓഫീസറെ ഏല്പിക്കണമെന്നും ഓഫീസര്‍ പ്രതിനിധി സഭയില്‍ അത് വയ്ക്കണമെന്നുമാണ് അതില്‍ പറയുന്നത്. ആരാണ് ഓഫീസര്‍? ആരാണ് ചാര്‍ട്ടേഡ് അക്കൗണ്ടിനെ നിയമിക്കേണ്ടത്? റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ബോഡിയുടെ സ്വഭാവം എന്താണ്? ഒന്നും വ്യക്തമല്ല. 2009-ലെ ബില്ലിലെപ്പോലെ ഇടവകകണക്കുകള്‍ ഇടവക ജനറല്‍ ബോഡിയിലും രൂപതക്കണക്ക് ഇടവകകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രൂപതാ ജനറല്‍ ബോഡിയിലും വച്ചു പാസാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന 2009-ലെ ബില്ലിലെ 13-ാം വകുപ്പ് ഇവിടെ കൂട്ടിച്ചേര്‍ക്കണം.

(7)         പുതിയ ബില്ലിന്റെ 8,9 വകുപ്പുകളിലായി  ശുപാര്‍ശചെയ്യുന്ന ചര്‍ച്ച് ട്രൈബ്യൂണല്‍, സര്‍ക്കാര്‍ ഇടപെടലിലൂടെ ഉണ്ടാകുന്ന ഒരു തര്‍ക്ക പരിഹാര സംവിധാനമാണ്. ഇതിന്റെ പേരിലാണ് പലരും ബില്ലിനെ എതിര്‍ക്കുന്നത്. തര്‍ക്കമുണ്ടാകാത്തതരത്തില്‍ വ്യക്തമായ നിയമനിര്‍മ്മാണം നടത്തുകയും നിയമപ്രകാരം കാര്യങ്ങള്‍ മുമ്പോട്ടുപോകുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. മറ്റുകാര്യങ്ങളിലെപോലെ നിയമവ്യാഖ്യാനത്തിനും വിശദീകരണത്തിനും കോടതി ഇടപെടലാണ് അഭികാമ്യം. 2009-ലെ ചര്‍ച്ചു ബില്ലില്‍ ഈ രീതിയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതും (വകുപ്പ് 16-2009 ലെ ചര്‍ച്ച് ട്രസ്റ്റ് ബില്‍)

അന്തിമ തീരുമാനം ട്രൈബ്യൂണലിന് എന്നു പറയുമ്പോള്‍ നിര്‍ദ്ദിഷ്ട ട്രൈബ്യൂണല്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം ഒരു പേടിസ്വപ്നമായി മാറുകയാണ് ചെയ്യുന്നത്. സര്‍ക്കാരിനെ സ്വാധീനിച്ച് ട്രിബ്യൂണലിന്റെ ''നോമിനേഷന്‍'' സംവിധാനത്തില്‍ കടന്നു കയറി ട്രിബ്യൂണലിനെ ഒരു വിഭാഗം വശത്താക്കിയാല്‍ സഭയുടെ ജനാധിപത്യ സ്വഭാവം അതിനോടെ തകരും. സ്വന്തം നിയന്ത്രണത്തിലുള്ള

ട്രിബ്യൂണലിനെ ഭീഷണിയ്ക്കുള്ള ഒരു ഉപകരണമായി സര്‍ക്കാരിന് എപ്പോഴും ഉപയോഗിക്കാം എന്ന പ്രശ്‌നവും ഉണ്ട്.  സി.ബി.ഐയെ പോലുള്ള അന്വേഷണ ഏജന്‍ജികളെ കാണിച്ച് പ്രതിയോഗികളെ സര്‍ക്കാര്‍ വരുതിയില്‍ വരുത്താറില്ല?..... അതുകൊണ്ട് അന്തിമതീരുമാനം നിയമത്തിനും കോടതിയ്ക്കും എന്ന നയമാണ് നാം സ്വീകരിക്കേണ്ടത്.

(8)        ബില്ലിലെ 10-ാം വകുപ്പ് ഇത്തരം ഒരു നിയമനിര്‍മ്മാണത്തിന് ഗവണ്‍മെന്റിനുള്ള അവകാശത്തെപ്പറ്റി പറയുന്നു. സര്‍ക്കാരിനൂള്ള അവകാശം സര്‍ക്കാരിനു തന്നെ കൊടുക്കണമെന്നാണ് KCRMന്റെയും അഭിപ്രായം. പക്ഷേ സര്‍ക്കാര്‍ അവകാശം വിനിയോഗിക്കുന്നത് പ്രശ്‌നപരിഹാരത്തിന് വേണ്ടിയും അതിന് ഉതകുന്ന തരത്തിലുമായിരിക്കണം. ഈ ശ്രദ്ധയോ ശ്രമമോ 2019-ലെ ബില്ലില്‍ കാണുന്നില്ല. തെറ്റുകള്‍ ഇവിടെ ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അത് തിരുത്താനുള്ള ആര്‍ജ്ജവം നിയമപരിഷ്‌കരണ കമ്മീഷന്‍ കാണിയ്ക്കണം. സര്‍ക്കാര്‍ ഉദ്ദേശ്യശുദ്ധിയോടെ പെരുമാറുകയും 2009-ലെ കുറ്റമറ്റ ബില്ല് പുന:പരിഗണിച്ച് അതിനു സമാനമായ മാറ്റങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന് ഉത്തരവാദിത്വപൂര്‍വ്വം ഞങ്ങള്‍ ആവശ്യപ്പെടുന്നു.



                                                            വിശ്വസ്തതാപൂര്‍വ്വം

                        കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിനുവേണ്ടി

                                                   KCRM എക്‌സിക്യൂട്ടീവ് കമ്മറ്റി
പാലാ

No comments:

Post a Comment