Translate

Saturday, March 23, 2019

''ദൈവദത്തമായ അവകാശങ്ങള്‍ നിഷേധിക്കുന്ന അധികാരികളെ ചോദ്യംചെയ്ത് മുന്നേറുക'' - റവ. ഡോ. വത്സന്‍ തമ്പു

ഫെബ്രുവരി മാസത്തെ ചര്‍ച്ചാവിഷയം 'പ്രതിരോധത്തിന്റെ ആത്മീയത' എന്നതായിരുന്നു. ഫെബ്രു.23-നു നടന്ന ചര്‍ച്ചാസമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ചത്, ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലും ദേശീയ ന്യൂനപക്ഷകമ്മീഷന്‍ മുന്‍അംഗവും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ അഭിഷിക്തപുരോഹിതനുമായ ഡോ. വല്‍സന്‍ തമ്പു ആയിരുന്നു.
പ്രൊഫ. പി.സി. ദേവസ്യായുടെ ഉപക്രമത്തിനും സെക്രട്ടറി ഷാജു ജോസിന്റെ റിപ്പോര്‍ട്ടിനുംശേഷം ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ ഡോ. വല്‍സന്‍ തമ്പുവിനെയും സദസ്യരെയും സ്വാഗതം ചെയ്തു. അതിനുശേഷം ഡോ. വല്‍സന്‍ തമ്പു യേശുവചനങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട്, സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ യേശുവിന്റെ മാര്‍ഗം പ്രതിരോധത്തിന്റെ ആത്മീയതതന്നെ ആയിരുന്നുവെന്നും, ആ വഴിയിലൂടെ സഭാംഗങ്ങള്‍ സഞ്ചരിക്കാന്‍ തയ്യാറായാലേ സമഗ്രവിമോചനമെന്ന യേശുവിന്റെ സ്വപ്നം നമുക്ക് സാക്ഷാത്കരിക്കാന്‍ സാധിക്കൂ എന്നും വ്യക്തമാക്കി.
നിയമത്തിലെ കനപ്പെട്ട കാര്യങ്ങളായ നീതി, കരുണ, വിശ്വാസം എന്നിവയെ അവഗണിച്ചിരുന്ന അക്കാലത്തെ പുരോഹിതരെയും ഫരിസേയരെയും യേശു കപടഭക്തരേ എന്നു വിളിക്കുകയും, അവരോട് പൊറുക്കാന്‍ ദൈവത്തിനുപോലും സാധിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 'മരിച്ചവര്‍ അവരുടെ മരിച്ചവരെ അടക്കട്ടെ' എന്ന യേശുവചനം അക്കാലത്തെ മനുഷ്യര്‍ ജീവിച്ചിരുന്നത് ആത്മചൈതന്യം തീരെയില്ലാതെ മരിച്ചവരെപ്പോലെ ആയിരുന്നു എന്നു ധ്വനിപ്പിക്കുന്നതാണ്. അവരെ അങ്ങനെയാക്കിയ പുരോഹിതവര്‍ഗം അധികാരിവേഷം ധരിച്ച് ജനങ്ങളെ അടിമകളാക്കുന്ന ഒരു കപടനാടകത്തിലെ കഥാപാത്രങ്ങള്‍ മാത്രമാണെന്നു തിരിച്ചറിഞ്ഞ യേശു എന്തു ചെയ്‌തോ, അതുതന്നെയാണ് ക്രിസ്ത്യാനികളാകാന്‍ നാമും ചെയ്യേണ്ടത്.
നാടകത്തിലെ അഭിനേതാക്കളെ നമ്മുടെ ജീവിതത്തെത്തന്നെ നിയന്ത്രിക്കുന്ന അധികാരികളായി തെറ്റിദ്ധരിക്കുന്നതാണ് ഇന്നു നമുക്കു സംഭവിച്ചിരിക്കുന്ന വലിയ തെറ്റ്. നമ്മുടെ ദൈവദത്തമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ആ അധികാരികളെ നാം അനുസരിക്കുകയല്ല ചോദ്യംചെയ്യുകയാണു വേണ്ടത്. ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്താനും അവരുടെ ചെയ്തികളെ വിമര്‍ശിക്കാനും ജനങ്ങള്‍ ധൈര്യംനേടുമ്പോഴേ പ്രതിരോധത്തിന്റെ ആത്മീയത വളരൂ. യേശു ചെയ്തത്, അന്നത്തെ സിനഗോഗുകളെന്ന നാടകവേദിയിലുണ്ടായിരുന്നവരോട് നിങ്ങള്‍ നാടകം കളിക്കുകമാത്രമാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു നിങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും ജനങ്ങള്‍ക്കു മനസ്സിലായെന്നും അവരുടെ നേരെനോക്കി തുറന്നു പറയുകയായിരുന്നു.
ഇക്കാലത്തും പുരോഹിതവര്‍ഗത്തിന്റെ വേഷഭൂഷാദികള്‍ അദ്ധ്വാനിക്കാതെ ജീവിക്കുന്നവരുടേതാണ്.  അവര്‍ നമ്മുടെ മുന്നിലുള്ള ഒരു നാടകവേദിയിലെ നടന്മാര്‍ മാത്രമാണ്. അവര്‍ക്ക് ചില പ്രത്യേക പരിവേഷങ്ങള്‍ ദൈവം കല്പിച്ചു നല്കിയിട്ടുണ്ടെന്നു നമ്മെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, അപ്പോസ്തലികപിന്തുടര്‍ച്ചയും ആത്മീയാഭിഷേകവും കിട്ടിയിട്ടുണ്ടെന്ന അവകാശവാദങ്ങളുറപ്പിക്കാന്‍  അഭിവന്ദ്യ, മാര്‍, പരിശുദ്ധ എന്നിങ്ങനെയുള്ള വിശേഷണങ്ങളും  അവരുടെതന്നെ നിര്‍ദ്ദേശമനുസരിച്ച് നാം അവരെ അണിയിക്കുകയാണ്. അവര്‍ക്കു നല്കുന്ന ആ വിശേഷണങ്ങളും സംഭാവനകളും സാധാരണവിശ്വാസികള്‍ ഒഴിവാക്കിയാല്‍ത്തന്നെ അവരുടെ പരിവേഷങ്ങള്‍ തകര്‍ന്നുകൊള്ളും. 'ചോദിക്കുക നിങ്ങള്‍ക്കു കിട്ടും' എന്ന യേശുവചനത്തിന്റെ അര്‍ഥതലങ്ങള്‍ ആഴത്തിലുള്‍ക്കൊണ്ട് അധികാരികളോട് ചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ച് നാം മുമ്പോട്ടുപോയാല്‍, ആത്മീയവിടുതല്‍ നേടാം. പ്രത്യാശവെടിയാതെ പ്രതിരോധത്തിലൂടെ അല്മായര്‍ ഉണര്‍ന്ന് മുന്നേറിയാല്‍ വിമോചനം സുനിശ്ചിതമാണ്. മനുഷ്യന് 'പുതിയ ആകാശവും പുതിയ ഭൂമിയും' സ്വന്തമാകും. 
ഡോ. തമ്പുവിന്റെ വിഷയാവതരണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ ‘SOS’ കോട്ടയം യൂണിറ്റ് കണ്‍വീനര്‍ വി.ഡി. ജോസ്, കടുത്തുരുത്തി, പൗരാവകാശസമിതി സെക്രട്ടറി പി.ജെ. തോമസ്, 'സമീക്ഷ' സാംസ്‌കാരിക സമിതി സെക്രട്ടറി ബഞ്ചമിന്‍ ആന്റണി, പ്രൊഫ. ഇപ്പന്‍, പ്രൊഫ. ഫിലോമിനാ ജോസഫ്, ആന്റോ മാങ്കൂട്ടം, ജോയി കളരിക്കല്‍,  പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, ഡോ. എം. കെ. മാത്യു,  ജോഷി പോള്‍, ജോര്‍ജ് മൂലേച്ചാലില്‍  മുതലായവര്‍ സജീവമായി പങ്കെടുത്തു.
തുടര്‍ന്ന് ശ്രീ. എം.പി. ജേക്കബ് മണിമലേത്ത്, പലിശ 'സത്യജ്വാല'യ്ക്കു നല്കാമെന്ന തീരുമാനത്തോടെ നിക്ഷേപിച്ചിട്ടുള്ള തുകയുടെ ഈ വര്‍ഷത്തെ പലിശയായ 10000 രൂപാ സംഭാവനചെയ്ത് വലിയൊരു മാതൃക 'സത്യജ്വാല'യുടെ അഭ്യുദയകാംക്ഷികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.
2.30 - ന് ആരംഭിച്ച പരിപാടി റവ. ഡോ. വത്സന്‍ തമ്പുവിന്റെ മറുപടി പ്രസംഗത്തോടുകൂടി 6 മണിക്കു പര്യവസാനിച്ചു.
ഷാജൂ ജോസ് തറപ്പേല്‍ (9446540448) സെക്രട്ടറി, KCRM

No comments:

Post a Comment