Translate

Sunday, March 31, 2019

'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009'-ഉം 'ചര്‍ച്ച് ബില്‍ 2019'-ഉം തമ്മിലെന്ത്?

ജോര്‍ജ് മൂലേച്ചാലില്‍ -  9497088904


(എഡിറ്റോറിയല്‍, സത്യജ്വാല മാര്‍ച്ച് 2019)

പരിഷ്‌കരണമെന്നാല്‍ ഗുണപരമായി മെച്ചപ്പെടുത്തലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ നിയമപരിഷ്‌കരണത്തിന്റെ ലക്ഷ്യം നിലവിലുള്ള ഒരു നിയമത്തെ, അല്ലെങ്കില്‍ നിയമനിര്‍ദ്ദേശത്തെ, അതിലെന്തെങ്കിലും പാകപ്പിഴകളുണ്ടെങ്കില്‍ തിരുത്തി കൂടുതല്‍ മികവുറ്റതും കാലാനുസൃതവും വ്യക്തവും പ്രയോഗക്ഷമവുമാക്കി പരിഷ്‌കരിക്കുക എന്നാണെന്നു കാണാം. നിയമപരിഷ്‌കരണക്കമ്മീഷനുകള്‍ നിയോഗിക്കപ്പെടുന്നത് ഈ ലക്ഷ്യം സാധിക്കാനാണ്.
പള്ളിസ്വത്തുഭരണം സംബന്ധിച്ച് കേരളത്തിലെ രണ്ടു നിയമപരിഷ്‌കരണക്കമ്മീഷനുകള്‍ നല്‍കിയിട്ടുള്ള വ്യത്യസ്തങ്ങളായ  ശിപാര്‍ശകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇതില്‍ ആദ്യത്തേത്, ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനും മറ്റു 10 വിശിഷ്ടവ്യക്തികള്‍ അംഗങ്ങളുമായിരുന്ന നിയമപരിഷ്‌കരണക്കമ്മീഷന്‍ തയ്യാറാക്കി ഗവണ്‍മെന്റിനു സമര്‍പ്പിച്ച 'The Kerala Christian Church Properties and Institutions Trust Bill  2009'-ഉം രണ്ടാമത്തേത്, ജസ്റ്റീസ് കെ.റ്റി തോമസ് അദ്ധ്യക്ഷനും വേറെ നാലുപേര്‍ അംഗങ്ങളുമായി ഇപ്പോഴത്തെ സംസ്ഥാനഗവണ്‍മെന്റ് നിയോഗിച്ച നിയമപരിഷ്‌കരണക്കമ്മീഷന്‍ ചര്‍ച്ചയ്ക്കായി പുറത്തുവിട്ടിരിക്കുന്ന, 'The Kerala Church (Properties and Institutions) Bill 2019'-മാണ്. ഇതില്‍ ആദ്യത്തേത്, ബൈബിളിനും ആദിമസഭയുടെയും കേരളസഭയുടെയും ഭരണപാരമ്പര്യങ്ങള്‍ക്കും അനുസൃതമായി, ആഴത്തിലുള്ള പഠനവും തെളിവെടുപ്പുകളും നടത്തി ശരിയായ ക്രൈസ്തവരൂപമാതൃകയില്‍ ക്രോഡീകരിച്ചു ചിട്ടപ്പെടുത്തിയതായിരുന്നു. തന്മൂലം, സഭാഭരണം സംബന്ധിച്ച് ഒരു നിയമനിര്‍മ്മാണം നടത്തുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്ന സഭാദ്ധ്യ ക്ഷന്മാര്‍ക്കു പോലും അതിനെതിരെ വസ്തുനിഷ്ഠമായി വിരല്‍ ചൂണ്ടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല  ഈ ട്രസ്റ്റ് ബില്‍, ഗവണ്‍മെന്റ് സബ്കമ്മിറ്റിയും തുടര്‍ന്ന് പൊതുഭരണ (ന്യൂനപക്ഷക്ഷേമ) വകുപ്പും പരിശോധിക്കുകയും പഠിക്കുകയും ചെയ്തതാണ്. 'വിശദമായ ചര്‍ച്ചകളിലൂടെയും പഠനങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും അംഗീകരിക്കേണ്ട വിഷയമായതിനാല്‍ അതു നിയമമാക്കിയിട്ടില്ല' എന്നേയുള്ളു എന്നാണ,് വിവരാവകാശനിയമപ്രകാരം 2014 ഡിസംബറില്‍ ലഭിച്ച രേഖയിലൂടെ അറിയാന്‍ കഴിയുന്നത്. 2018 ജൂലൈയില്‍ രേഖാമൂലം ലഭിച്ച മറുപടിയില്‍, 'ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍',  'മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ ഇംപ്ലിമെന്റേഷന്‍' (MACCABI) 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍' എന്നീ സംഘടനകളുടെ നിവേദനങ്ങളില്‍ നടപടി എടുത്തുവരികയാണ്'' എന്നും, ''ഈ ബില്ലിനെതിരെയോ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടോ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല'' എന്നും എഴുതിയിരുന്നു.
ഇതിനിടെ കേരളത്തിലെ വിവിധ സഭകളില്‍, സഭാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക അഴിമതികളും ഭൂമികുംഭകോണങ്ങളും പുറത്തുവന്നതോടെ, 'ചര്‍ച്ച് ആക്ട്' എന്നറിയപ്പെട്ടിരുന്ന നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' സഭാവിശ്വാസികളുടെ പൊതുബോധത്തിന്റെതന്നെ ഭാഗമായി മാറുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ്, പുതിയ നിയമപരിഷ്‌കരണക്കമ്മീഷന്റെ ഭാഗത്തുനിന്ന് ഒരു നിയമനിര്‍മ്മാണത്തിനു നീക്കമുണ്ടായത് എന്ന്, 'ചര്‍ച്ച് ബില്‍ 2019' -ന്റെ അവസാനഭാഗത്ത് സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, സമഗ്രവും വ്യക്തവും പ്രവര്‍ത്തനക്ഷമവും സംശുദ്ധവും നിരാക്ഷേപവുമായിരുന്ന 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' മാറ്റിവച്ചിട്ട് മറ്റൊരു ചര്‍ച്ച് ബില്ലിനു രൂപംനല്‍കാന്‍ പുതിയ നിയമപരിഷ്‌കരണക്കമ്മീഷനുണ്ടായ ചേതോവികാരം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
2019 ഫെബ്രു 16-ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് കെ.റ്റി തോമസ് നല്‍കിയിട്ടുള്ള വിശദീകരണക്കുറിപ്പില്‍ ഇങ്ങനെ കാണുന്നു: ''2009-ല്‍ ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ അ ദ്ധ്യക്ഷനായ നിയമപരിഷ്‌കരണക്കമ്മീഷന്‍ പള്ളിവക സ്വത്തുസംബന്ധിച്ച് ഒരു ബില്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. പ്രസ്തുത ബില്‍  നടപ്പാക്കാന്‍ ഇപ്പോഴത്തെ നിയമപരിഷ്‌കരണക്കമ്മീഷന്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെടുന്ന പല നിവേദനങ്ങളും കമ്മീഷനു ലഭിക്കുകയുണ്ടായി. കമ്മീഷന്‍ ഈ വിഷയം ചര്‍ച്ചചെയ്യുകയും ഒരു കരടുബില്‍ തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.....'' ഇവിടെ, 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നിവേദനങ്ങള്‍ മാനിച്ച് തയാറാക്കിയതെന്ന് അവകാശപ്പെടുന്ന 'ചര്‍ച്ച് ബില്‍ 2019' - ല്‍ 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' നെക്കുറിച്ച് ഒരു പരാമര്‍ശംപോലും ഇല്ലാതെപോയതെന്തുകൊണ്ടെന്ന്  ആരും ചോദിച്ചുപോകും. 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' - ന്റെ അന്തഃസത്തതന്നെ നഷ്ടപ്പെടുത്തിക്കൊണ്ട്, 'വിവിധ സഭകളുടെ ലൗകിക ആസ്തികളുടെ  ഭരണത്തില്‍ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതുവഴി ലൗകികസ്വത്തുഭരണം ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃകയിലേക്കു കൊണ്ടുവരപ്പെടുന്നതിന്' എന്ന അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെത്തന്നെ തകിടംമറിക്കുന്ന തരത്തിലുള്ള ഒരു തട്ടിക്കൂട്ടുബില്‍ ജസ്റ്റീസ് കെ.റ്റി. തോമസിനേപ്പോലെ ഉന്നതശീര്‍ഷനായ ഒരാള്‍ അവതരിപ്പിച്ചു എന്നതിനെ അവിശ്വസനീയമായ ഒരു വസ്തുത എന്ന നിലയില്‍മാത്രമേ കാണാന്‍ കഴിയുന്നുള്ളു.
യശഃശരീരനായ ജോസഫ് പുലിക്കുന്നേല്‍ 2004- ല്‍, കോട്ടയം ഡി.സി. ബുക്‌സ് ഓഡിറ്റോറിയത്തില്‍ 'ചര്‍ച്ച് ആക്ട്' എന്ന ആശയം ആദ്യമായി അവതരിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്തത് ജസ്റ്റീസ് കെ.ടി തോമസായിരുന്നു. കൃഷ്ണയ്യര്‍ കമ്മീഷന്‍ 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' രൂപീകരിച്ച് 2009 ജനു. 26-ന് അന്നത്തെ നിയമമന്ത്രി എം വിജയകുമാറിന് സമര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അത് നടപ്പാക്കണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു പ്രസംഗിച്ച വ്യക്തിയാണദ്ദേഹം  (കാണുക പേജ്-9). 2010 ആഗസ്റ്റ് 22-ന് എര്‍ണാകുളത്ത് വിപുലമായ രീതിയില്‍ നടത്തിയ ചര്‍ച്ച് ആക്ട് കണ്‍വെന്‍ഷനില്‍ വായിച്ച അദ്ദേഹത്തിന്റെ സന്ദേശത്തില്‍, ''...ക്രൈസ്തവരുടെ പള്ളിസ്വത്തുക്കള്‍ ഭരിക്കുന്നതിന് സുതാര്യമായ ഒരു നിയമം ആവശ്യമാണെന്ന ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ശിപാര്‍ശ സ്വീകരിക്കാന്‍ ഗവണ്‍മെന്റുകള്‍ മുന്നോട്ടു വരണം'' എന്ന് അദ്ദേഹം  അഭ്യര്‍ത്ഥിച്ചിരുന്നു. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 2011 മെയ് 1-ന് KCRM സംഘടിപ്പിച്ച 'ചര്‍ച്ച് ആക്ട്' അനുഭാവികളുടെ സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്തതും മറ്റാരുമായിരുന്നില്ല. ഇവിടെയെല്ലാം അദ്ദേഹം 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' നെ പിന്തുണച്ചുമാത്രമാണ് സംസാരിച്ചിട്ടുള്ളത് എന്നോര്‍ക്കുന്നു. ഇതെല്ലാംകൊണ്ടാണ് , അതിന്റെ നിഴല്‍പോലും വീഴാതെ തയ്യാറാക്കിയ 'ചര്‍ച്ച് ബില്‍ 2019'- ന്റെ രൂപീകരണത്തിനുപിന്നില്‍ അദ്ദേഹത്തിന്റെ കരങ്ങളുണ്ടെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നത്.
ഒരു സര്‍ക്കാര്‍ അതിനുമുമ്പത്തെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് എന്നതുപോലെയാണ്, നിയമപരിഷ്‌കരണകമ്മീഷനുകളുടെ കാര്യവും. അതുകൊണ്ട്, ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തുടര്‍ച്ചയായി വേണ്ടിയിരുന്നു, ജസ്റ്റീസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌കരണകമ്മീഷന്റെ പ്രവര്‍ത്തനങ്ങളും. പല ഔദ്യോഗികപ്രക്രിയകളിലൂടെ കടന്ന്, നിയമമാക്കുന്നതിനുമുമ്പ് അനിവാര്യമായും നടത്തേണ്ട  വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കുമായി മാറ്റിവയ്ക്കുകമാത്രം ചെയ്തിരുന്ന നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' തന്നെയായിരുന്നു, പുതിയ നിയമപരിഷ്‌കരണമ്മീഷന്‍ പരിഷ്‌ക്കരണത്തിനു വിധേയമാക്കേണ്ടിയിരുന്നത്. അതായത,് അതിലെന്തെങ്കിലും ന്യൂനതകളുണ്ടെങ്കില്‍ പരിഹരിച്ചും എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ത്തും പ്രസ്തുത ട്രസ്റ്റ് ബില്‍ കൂടുതല്‍ കുറ്റമറ്റതാക്കുക എന്നതായിരുന്നു പുതിയ നിയമപരിഷ്‌കരണകമ്മീഷന്റെ ദൗത്യം. അതിനുപകരം, സഭ ഒരു ട്രസ്റ്റാണ് എന്ന സങ്കല്പംപോലും കളഞ്ഞുകുളിച്ച് സഭാദ്ധ്യക്ഷന്മാരുടെ ഭൗതികാധികാരം നിലനിര്‍ത്തിയും, വിശ്വാസിസമൂഹത്തെ അവരുടെ  അനുസരണയിന്‍കീഴില്‍ അപരിഷ്‌കൃതരായി തുടരാന്‍ വിധിച്ചും 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009'- ല്‍ നിന്നു ബഹുദൂരം പിന്നോട്ടുപോയുള്ള ഒരു നിയമനിര്‍ദ്ദേശമാണ്, 'ചര്‍ച്ച് ബില്‍ 2019' എന്ന പേരില്‍ പുതിയ നിയമപരിഷ്‌കരണ കമ്മീഷന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവിലുണ്ടായിരുന്ന സമഗ്രമായ ഒരു നിയമനിര്‍ദ്ദേശത്തെ കാലാനുസൃതം കൂടുതല്‍ പരിഷ്‌കൃതമാക്കേണ്ടതിനു പകരം, അതു പൂര്‍ണ്ണമായും  മാറ്റിവച്ച്, കേരളക്രൈസ്തവസമൂഹത്തെ പിന്നോട്ടടിപ്പിക്കാന്‍പാകത്തില്‍ ഒരു അപരിഷ്‌കൃതനിയമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്, ജസ്റ്റീസ് കെ.ടി. തോമസ് കമ്മീഷന്‍. ഇത് അപലപനീയമാണ്.
'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009'-ന്, ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃകയിലേക്ക് സഭയുടെ ഭൗതികഭരണത്തെ കൊണ്ടുവരുകയെന്ന കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നുവെങ്കില്‍, 'ചര്‍ച്ച് ബില്‍ 2019'- ല്‍ അങ്ങനെ ഒരു ലക്ഷ്യമേ പറയുന്നില്ല. അതു ലക്ഷ്യംവയ്ക്കുന്നതായി കാണുന്നത്, 'വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ സ്വത്തുക്കളും ധനവും നീതിപൂര്‍വ്വകവും സുതാര്യവുമായി ഭരണംനടത്തുന്നുവെന്ന് ഉറപ്പുവരുത്തുക, ദുര്‍ഭരണമുണ്ടായാല്‍ പരാതിപ്പെടാനുള്ള സംവിധാനം ഒരുക്കുക' എന്നിവ മാത്രമാണ്. ഒരു മതസമൂഹത്തിനുവേണ്ടി നിയമം നിര്‍മ്മിക്കുമ്പോള്‍, അതിനെ ആ മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലും അവയുടെ ആവിഷ്‌കാരമായി രൂപംകൊണ്ട പാരമ്പര്യങ്ങളിലും ഉറപ്പിക്കുകയെന്നത് വിശ്വാസിസമൂഹത്തെ സംബന്ധിച്ച് വളരെപ്രധാനമാണ്. കാരണം, 'മതത്തിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്, ഈ നിയമം' എന്ന രീതിയില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ അതവര്‍ക്കു സഹായകമാകും. ഈ ആനുകൂല്യം 'ചര്‍ച്ച് ബില്‍ 2019' വിശ്വാസികള്‍ക്കു നല്‍കുന്നില്ല എന്നത് ഒരു കുറവുതന്നെയാണ്.
'സഭാസ്വത്തുക്കളുടെ ഭരണം നീതിപൂര്‍വ്വകവും സുതാര്യവുമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍' എന്നു പറഞ്ഞു രൂപംകൊടുത്തിട്ടുള്ള 'ചര്‍ച്ച് ബില്‍ 2019'-ല്‍, അതുറപ്പുവരുത്താനുള്ള യാതൊരു സംവിധാനവും വ്യവസ്ഥചെയ്തിട്ടില്ല എന്നതാണ്, അതിനെ ദുര്‍ബലമാക്കുന്ന പ്രധാന ന്യൂനത. നീതിയും സുതാര്യതയും ഉറപ്പുവരുത്തണമെങ്കില്‍ ആദ്യമായി സഭയ്ക്ക് ഒരു ജനാധിപത്യ ചട്ടക്കൂട് ഉണ്ടാകണം. 'ചര്‍ച്ച്  ട്രസ്റ്റ് ബില്‍ 2009'-ല്‍, ഇടവകയെന്ന അടിസ്ഥാനഘടകത്തിലെ കുടുംബനാഥനും കുടുംബനാഥയും, കൂടാതെ 18 വയസ് പൂര്‍ത്തിയായ മുഴുവന്‍ ഇടവകാംഗങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് അസംബ്ലി തിരഞ്ഞെടുക്കുന്ന ഇടവക ട്രസ്റ്റ് കമ്മിറ്റി ഇടവകയുടെയും, ഇതേ അടിസ്ഥാനഘടകങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന രൂപതാ ട്രസ്റ്റ് അസംബ്ലിയില്‍നിന്നുള്ള രൂപതാ ട്രസ്റ്റ് കമ്മിറ്റി രൂപതയുടെയും, എല്ലാ ഇടവകകളുടെയും പ്രതിനിധികളടങ്ങുന്ന സംസ്ഥാനതല ട്രസ്റ്റ് അസംബ്ലി തിരഞ്ഞെടുക്കുന്ന സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി സംസ്ഥാനതലത്തില്‍ ഓരോ സഭാവിഭാഗത്തിന്റെയും ഭരണംനടത്തുന്നതിനു വ്യവസ്ഥചെയ്യുന്നു. ഇത്തരമൊരു ത്രിതല ജനാധിപത്യസംവിധാനത്തിന്റെ അഭാവത്തില്‍, നീതിയും സുതാര്യതയും എങ്ങനെ ഉറപ്പാക്കാനാകും?
'Denomination'അഥവാ സഭാവിഭാഗം എന്ന പദത്തെ ചര്‍ച്ച് ബില്‍ 2019' -ല്‍ ഇങ്ങനെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്: ''ആദ്ധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളില്‍ ഏതെങ്കിലും സഭാദ്ധ്യക്ഷനോട് / സിനഡിനോട്/ കൗണ്‍സിലിനോട് വിധേയത്വവും അനുസരണയുമുള്ള സഭാവിഭാഗത്തെ റലിീാശിമശേീി എന്നു പറയുന്നു...''(വകുപ്പ് 2ള ). 3-ാം വകുപ്പുപ്രകാരം, വസ്തുവകകള്‍ കൈകാര്യംചെയ്യാനുള്ള അധികാരം  ആദ്ധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളില്‍ സഭാദ്ധ്യക്ഷനോട് വിധേയത്വവും അനുസരണയും പുലര്‍ത്തുന്ന ഇത്തരം സഭാവിഭാഗങ്ങള്‍ക്കാണ്. 4,5,6, വകുപ്പുകളനുസരിച്ച് ഇടവക ഭരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടതും വരവു-ചെലവു കണക്കുകള്‍ സൂക്ഷിക്കേണ്ടതും ചാള്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കുന്ന ഓഡിറ്റ് ചെയ്ത കണക്ക് വാര്‍ഷികപ്രതിനിധിയോഗത്തില്‍ സമര്‍പ്പിക്കേണ്ടതും, വിശ്വാസിസമൂഹത്തിനുമേല്‍ ആദ്ധ്യാത്മികമായും ഭൗതികമായും അധികാരവാഴ്ച നടത്തുന്ന സഭാമേലധികാരികള്‍ നിയന്ത്രിക്കുന്ന അതാത് സഭാവിഭാഗങ്ങളാണ്! പ്രായോഗികമായി ഇതിനര്‍ത്ഥം, സഭാമേലദ്ധ്യക്ഷന്മാര്‍ തീരുമാനിക്കുന്നതുപോലെയാവും ചട്ടങ്ങളുടെ രൂപീകരണവും വസ്തുവകകള്‍ കൈകാര്യംചെയ്യലും കണക്കു സൂക്ഷിക്കലും ഓഡിറ്റ് റിപ്പോര്‍ട്ടവതരണവുമെല്ലാം എന്നുതന്നെയാണ്. സഭയുടെ ഭൗതികകാര്യങ്ങളിലും വിശ്വാസിസമൂഹത്തിന് വിധേയത്വവും അനുസരണയും ഉണ്ടായിരിക്കണമെന്ന, ഇതിലെ നിഷ്‌ക്കര്‍ഷ നിലനില്‍ക്കുന്ന കാലത്തോളം, വിശ്വാസിസമൂഹത്തിനു നിവര്‍ന്നുനിന്നു സംസാരിക്കാനാകാത്ത ഒരു സാഹചര്യമായിരിക്കും സഭയില്‍ ഉണ്ടാകുക. സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എന്തു നീതിയും സുതാര്യതയുമാണ്, 'ചര്‍ച്ച് ബില്‍ 2019' സഭയില്‍ കൊണ്ടുവരാന്‍ പോകുന്നത്? 'ചര്‍ച്ച്  ട്രസ്റ്റ് ബില്‍ 2009' വ്യവസ്ഥചെയ്തിരുന്ന തിരഞ്ഞെടുപ്പടക്കം ജനാധിപത്യപരമായ സകല ചട്ടക്കൂടുകളും എടുത്തുകളഞ്ഞിരിക്കുന്നു, 'ചര്‍ച്ച് ബില്‍ 2019'-ല്‍!
എല്ലാറ്റിനും പരിഹാരമെന്നപോലെ 2019-ലെ ചര്‍ച്ച് ബില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നത്, ഗവണ്‍മെന്റ് രൂപീകരിക്കുന്ന ചര്‍ച്ച് ട്രിബ്യൂണലാണ്. അവിടെ പരാതികള്‍ നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടത്രെ! പക്ഷേ സഭാദ്ധ്യക്ഷന്മാര്‍ രൂപംകൊടുക്കുന്നതും സഭാംഗങ്ങള്‍ വിധേയത്വത്തോടെ അംഗീകരിക്കേണ്ടി വരുന്നതുമായ ചട്ടങ്ങളായിരിക്കുമല്ലോ, ഈ ട്രിബ്യൂണല്‍ മാനദണ്ഡമായി സ്വീകരിക്കുക. ചുരുക്കത്തില്‍, പുരോഹിതാധിപത്യം നിലനിര്‍ത്താനുദ്ദേശിച്ച് രൂപംകൊടുക്കുന്ന പുരോഹിതനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും പുതിയ വേദികളുണ്ടാക്കുകയും അവിടെയുണ്ടാകുന്ന തര്‍ക്കങ്ങളില്‍ ഭരണകൂടത്തിന് ഇടപെടാന്‍ പഴുതുണ്ടാക്കിക്കൊടുക്കുകയുമാണ്, ഈ ട്രിബ്യൂണല്‍ സംവിധാനം ചെയ്യുക എന്ന് മുന്നോട്ടു നോക്കിയാല്‍ കാണാം. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും എന്നു പറഞ്ഞിരിക്കുന്നതിലൂടെ പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കുവാനുള്ള അവകാശംകൂടി നിഷേധിക്കപ്പെടുന്നുമുണ്ട്.
സഭാദ്ധ്യക്ഷന്മാരുടെ അധികാരത്തിനു കാര്യമായ കോട്ടമുണ്ടാകാത്തതിനാല്‍ അവരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാവുകയില്ലെന്നും, ഗവണ്‍മെന്റിന് സഭാകാര്യങ്ങളിലിടപെടാന്‍ ഒരു വഴിതുറന്നുകൊടുക്കുന്നതിനാല്‍ ഭരണകൂടം അനുകൂലനിലപാടെടുത്തേക്കുമെന്നും കരുതി തികച്ചും അവസരവാദപരമായി രൂപംകൊടുത്ത ഒന്നായി മാത്രമേ 'ചര്‍ച്ച് ബില്‍ 2019'-നെ കാണാനാവൂ. അതിന്റെ ഫലമായി ഇപ്പോള്‍ ജസ്റ്റീസ് കെ.റ്റി. തോമസ് കമ്മീഷന്‍ കാണുന്നത,് തങ്ങള്‍ക്ക് ഇപ്പോഴുള്ള സമ്പൂര്‍ണ്ണ അധികാരത്തില്‍ ഒരു  ചെറുവിരല്‍കൊണ്ടുപോലും തൊടാന്‍ ഭരണകൂടത്തെ അനുവദിക്കില്ല എന്നാക്രോശിച്ചുനില്‍ക്കുന്ന മെത്രാന്‍മാടമ്പികളെയും, അതുകണ്ട് ഭയന്നോടി മാളത്തിലൊളിച്ച ഭരണകൂടത്തെയും  രാഷ്ട്രീയനേതാക്കളെയുമാണ് എന്നോര്‍ക്കുക; ഒപ്പം, വഞ്ചിക്കപ്പെട്ടതില്‍ ഭഗ്നാശരായിത്തീര്‍ന്ന ഒട്ടനവധി സ്വതന്ത്ര സഭാപ്രവര്‍ത്തകരെയും! മറിച്ച്, 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' അത്യാവശ്യപരിഷ്‌ക്കാരങ്ങളോടെ ചര്‍ച്ചയ്ക്കു വയ്ക്കുകയോ ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയോ ആണ് ഈ കമ്മീഷന്‍ ചെയ്തിരുന്നതെങ്കില്‍, മെത്രാന്‍വിധേയ ഭക്തസംഘടനകളെ ഉപയോഗിച്ചു സഭാദ്ധ്യക്ഷന്മാര്‍ നടത്തുന്ന ആള്‍ക്കൂട്ടപ്രതികരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കുംവിധം, കമ്മീഷന്റെ ആ നീക്കത്തെ നവോത്ഥാനപരമെന്നു ശ്ലാഘിച്ചുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോള്‍ ആയിരങ്ങളുടെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുമായിരുന്നു. രാഷ്ട്രീയ കക്ഷികളുടെയും ഗവണ്‍മെന്റിന്റെയും 'മെത്രാന്‍പേടി'ക്കു ശമനമുണ്ടാക്കാന്‍ അതിടയാക്കുകയും ചെയ്‌തേനെ.
'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009-ന്റെ  പ്രസക്തിയെക്കുറിച്ച് നല്ല ബോധ്യമുള്ള ജസ്റ്റീസ് കെ റ്റി തോമസ,് വിശ്വാസിസമൂഹത്തെ താഴ്ത്തിക്കെട്ടുന്നതും കേരളസഭാപാരമ്പര്യത്തെ നിഷേധിക്കുന്നതും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഗവണ്‍മെന്റിന് അനാവശ്യമായി സഭാകാര്യങ്ങളില്‍ കൈകടത്താന്‍ അവസരം നല്‍കുന്നതുമായ ഇത്തരം ഒരു ചര്‍ച്ച് ബില്‍ രൂപീകരിക്കുന്നതിനു നേതൃത്വംകൊടുക്കാന്‍ പാടില്ലായിരുന്നു. പകരം, സഭാസമൂഹവും പൊതുസമൂഹംപോലും നെഞ്ചേറ്റിത്തുടങ്ങിയിരുന്ന 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009'-നെ മുന്നോട്ട്  പുഷ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. കൂടാതെ, കൃഷ്ണയ്യര്‍ കമ്മീഷന്‍ വിട്ടുപോയ സന്ന്യസ്തസമൂഹങ്ങളുടെ സ്വത്തുക്കളും സ്ഥാപനങ്ങളുംകൂടെ ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതുപോലുള്ള പരിഷ്‌കരണങ്ങളും അദ്ദേഹത്തിനു നടത്താമായിരുന്നു. ചോദിക്കാനാരുമില്ലാതെ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ പിന്തുണ അത്തരം പരിഷ്‌കരണങ്ങള്‍ക്ക് കിട്ടുകയും ചെയ്‌തേനെ.
2004 മുതല്‍ ഇക്കാലമത്രയും ചര്‍ച്ച് ആക്ടിനായി അക്ഷീണം പ്രയത്‌നിച്ച നൂറുകണക്കിനു ചര്‍ച്ച് ആക്ട് പ്രവര്‍ത്തകരെയും ഡസന്‍ കണക്കിന് പുരോഗമന സഭാപ്രസ്ഥാനങ്ങളെയും ഒപ്പം, കേരളസഭയുടെ രക്ഷയ്ക്കുവേണ്ടി പതിറ്റാണ്ടുകള്‍ തലപുകച്ച് 'ചര്‍ച്ച് ആക്ട്'എന്ന ആശയം രൂപപ്പെടുത്തിയ ജോസഫ് പുലിക്കുന്നേല്‍ എന്ന ചരിത്രപുരുഷനെയും കൂടെനിന്നുകൊണ്ട് പിന്നില്‍നിന്നു കുത്തിയ അനുഭവമാണ്, 'ചര്‍ച്ച് ബില്‍ 2019' ഉണ്ടാക്കിയിരിക്കുന്നത് എന്നു പറഞ്ഞുപോകുന്നു. ഈ വിശ്വാസവഞ്ചനയുടെ പാപഫലമായിട്ടാകാം, പ്രസ്തുത ബില്‍ വെബ്‌സൈറ്റില്‍നിന്നു പോലും പിന്‍വലിക്കാന്‍ കമ്മീഷന്‍ നിര്‍ബന്ധിതമായത്.
തീര്‍ച്ചയായും, ജസ്റ്റീസ് കെ. ടി തോമസ് നേതൃത്വംകൊടുക്കുന്ന നിയമപരിഷ്‌കരണക്കമ്മീഷന് ഇനിയും തിരുത്താന്‍ അവസരമുണ്ട്. കാരണം, ഈ തിരിച്ചടികൊണ്ടൊന്നും ചര്‍ച്ച് ആക്ട് പ്രവര്‍ത്തകര്‍ അടങ്ങുകയില്ല. കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതുപോലെ, അത്യാവശ്യംവേണ്ട  തിരുത്തല്‍നിര്‍ദ്ദേശങ്ങളുമായി അവരുടെ പ്രസ്ഥാനങ്ങളും അമ്പതിലേറെ ഇടവകകളും നിയമപരിഷ്‌കരണ കമ്മീഷന് ഇപ്പോള്‍ത്തന്നെ  നിവേദനങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. 'ചര്‍ച്ച്  ട്രസ്റ്റ് ബില്‍ 2009'-ന്റെ ചുവടുപിടിച്ച് ക്രൈസ്തവരൂപമാതൃകയിലൂടെ സഭയെ ജനാധിപത്യവല്‍ക്കരിക്കാനുള്ള സംവിധാനങ്ങളും ചട്ടങ്ങളും ഉള്‍പ്പെടുത്തി ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ കരട് വീണ്ടും  ഗവണ്‍മെന്റിനു സമര്‍പ്പിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം.  
ജന്മിമാരുടെയും മാടമ്പിമാരുടെയും അംഗീകാരം നേടിക്കൊണ്ടല്ല ജന്മിത്തം അവസാനിപ്പിച്ചതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്! ജനഹിതമാണ്, അല്ലാതെ നാടുവാഴികളുടെയും   മതാദ്ധ്യക്ഷന്മാരുടെയും ഹിതമല്ല മാനിക്കപ്പെടേണ്ടതെന്ന്, കേരളത്തിലെ ജന്മിത്വം അവസാനിപ്പിക്കുന്നതിനു നേതൃത്വംകൊടുത്ത അന്നത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ പിന്മുറക്കാരും ഓര്‍ക്കുന്നതു നന്ന്!
എഡിറ്റര്‍

No comments:

Post a Comment