(ജനറൽ കോർഡിനേറ്റർ)
കെസിആർഎം നോർത് അമേരിക്ക മാർച്ച് 13,
2019 ബുധനാഴ്ച്ച നടത്തിയ പതിനഞ്ചാമത് ടെലികോൺഫെറൻസിൻറെ വിശദമായ റിപ്പോർട്ട് ചുവടെ
കൊടുക്കുന്നു. രണ്ടര മണിക്കൂർ നീണ്ടുനിന്ന
ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തു. എഴുപത്തിയഞ്ചിൽപരം ആൾക്കാർ അതിൽ
പങ്കെടുത്തു. സിസ്റ്റർ ലൂസി കളപ്പുര, എഫ് സി സി "കേരളത്തിലെ കന്ന്യാസ്ത്രി ജീവിതം" എന്ന വിഷയം
അവതരിപ്പിച്ചു.
കെസിആർഎം നോർത് അമേരിക്കയുടെ
പതിനഞ്ചാമത് ടെലികോൺഫെറെൻസിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കാനുള്ള അവസരം ലഭിച്ചതിലുള്ള
സന്തോഷവും കൂടാതെ നന്ദിയും രേഖപ്പെടുത്തിക്കൊണ്ടാണ് ലൂസി സിസ്റ്റർ തൻറെ അവതരണപ്രഭാഷണം
ആരംഭിച്ചത്. നീണ്ട മുപ്പത്തിമൂന്നുവർഷം ഫ്രാൻസിസ്കൻ ക്ലാരിസ്റ്
സന്ന്യാസിനീസമൂഹത്തിലെ അംഗമായ സിസ്റ്റർ ലൂസി ഇന്ന് നിലനിൽക്കുന്ന
സന്ന്യാസസമൂഹത്തിലേയ്ക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്ന കലാപരിപാടി എന്ന വിഷയമാണ് ആദ്യമെ വിശകലനം ചെയ്തത്.
പെൺകുട്ടികൾക്ക് പതിനഞ്ച് വയസ് ആകുന്നതിനുമുമ്പുതന്നെ അവരെ സ്വാധീനിച്ച്
കന്ന്യാസ്ത്രീകളുടെകൂടെ ആക്കിയെടുക്കാനുള്ള ചില തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടാണ്
വർഷങ്ങളായി കുട്ടികളെ സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.
പരസ്യങ്ങളിൽക്കൂടെയും വ്യക്തിപരമായ സ്വാധീനത്തിൽക്കൂടെയും വലിയ ആശ്രമങ്ങളിൽ വിവിധ
പ്രോഗ്രാമുകൾ സംഘടിപ്പിച്ചുകൊണ്ടും ഏറ്റവും നല്ല മുഖവുരയാണ് ആ കുട്ടികൾക്ക്
നൽകുന്നത്. കൂടാതെ, നല്ല വാഗ്‌ദാനങ്ങൾ
നൽകി ചെറുപ്രായത്തിലുള്ള കുട്ടികളെ സ്വാധീനിക്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്. ഈ
ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടന്നുകൊണ്ടിരിക്കുന്ന ആ റിക്രൂട്ടുമെൻറ് രീതിയെ നാം
മാറ്റിയെടുക്കേണ്ടതുണ്ട്.
ഇരുപത്തൊന്നുവയസ് പൂർത്തിയായ
വ്യക്തികളെ മാത്രമേ സന്ന്യാസാശ്രമങ്ങളിലേയ്‌ക്കോ സെമിനാരികളിലേയ്‌ക്കോ
സ്വീകരിക്കാവൂ എന്നാണ് ലൂസി സിസ്റ്റർ അടിവരയിട്ട് പറയുന്നത്. നല്ല ദൈവവിളികൾ
ഉണ്ടാകണമെങ്കിൽ അത്തരത്തിലുള്ള ഒരു സമീപനം ആവശ്യമാണ്. ഇന്ന് നിലവിൽ മൂന്നുവർഷത്തെ പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്.
പതിനഞ്ചുവയസുള്ള കുട്ടികൾക്ക് ധൃതിപിടിച്ച് മൂന്നുവർഷത്തെ പരിശീലനംകൊടുത്ത്
പതിനെട്ടാം വയസിൽ വ്രതങ്ങൾ ചെയ്യിപ്പിച്ച് കന്ന്യാസ്ത്രികളാക്കുന്ന സമ്പ്രദായം
മാറ്റിയേ തീരൂ. കാരണം, അതോടെ ആ
കുട്ടികളുടെ സർവവിധ സ്വാതന്ത്യങ്ങളെയും
അടിയറവുവെച്ചുകൊണ്ടാണ് വ്രതവാഗ്‌ദാനം നടത്തുന്നത്. ആ ചെറുപ്രായത്തിൽ
വേഷംമാറി,
പേരുമാറി വലിയ ആഘോഷപരിപാടികളോടെയാണ് അതുചെയ്യുന്നത്. ആ ഇളംപ്രായത്തിൽ, വ്രതത്രയങ്ങൾ പൂർണ അറിവോടും
വിവേകത്തോടുംകൂടി എടുക്കാൻ കുട്ടികൾ പ്രാപ്‌തരാകുന്നില്ലെന്നുള്ളതാണ് പരമാർത്ഥം.
സ്വതന്ത്രമനസ്സോടെയാണ് വ്രതങ്ങൾ എടുക്കുന്നത് എന്നുപറയുമ്പോഴും ഭൂരിഭാഗം കുട്ടികൾക്കും
വ്യക്തതയോ കാര്യത്തിൻറെ ഗൗരവം നനസ്സിലാക്കാനുള്ള കഴിവോ രൂപപ്പെടുന്നില്ല എന്നതാണ്
വസ്‌തുത. എന്നാൽ ആ
വ്രതം എടുക്കുന്നതോടെ ആ കുട്ടിയെ സമൂഹത്തിൽനിന്നും ഫലപ്രദമായി അടർത്തിമാറ്റപ്പെടുകയും
ചെയ്യുന്നു. വ്രതങ്ങൾ-ദാരിദ്ര്യം,അനുസരണം, കന്ന്യകാത്വം-സ്നേഹത്തിൻറെയും
സ്വാതന്ത്ര്യത്തിൻറെയും പൂർണതയിലേയ്ക്ക് എത്താനുള്ള മാർഗമായാണ് മൂന്നുവർഷംകൊണ്ട്
സഭ പഠിപ്പിക്കുന്നത്. പക്ഷെ സംഭവിക്കുന്നത്, നമ്മുടെ എല്ലാ മനുഷ്യാവകാശങ്ങളെയും ഈ വ്രതവാഗ്‌ദാനത്തിലൂടെ
സഭയിൽ അന്യമാക്കുകയാണ് ചെയ്യുന്നത്. ദൈവത്തിൻറെ ഇഷ്ടത്തിനാണെന്ന് പറഞ്ഞുകൊണ്ട്
പരിശീലനം ഒരു കുഴലിൽകൂടെ കടത്തിവിടുന്നതുപോലെയാണ്. അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുകൊണ്ട്, നട്ടെല്ലോടെ ഒരഭിപ്രായം പറയാൻ സാധിക്കാത്ത
സാഹചര്യങ്ങൾകൊണ്ട്, മാനസികവേദനകൾ
അനുഭവിക്കുന്ന അനേകം കന്ന്യാസ്ത്രികൾ ഇന്ന് കേരളത്തിൽ ഉണ്ട്. വ്രതത്രയങ്ങളെ
മറ്റൊരു രീതിയിൽകണ്ട് അടിച്ചമത്തലിൻറെ അടിമത്തത്തിലേയ്ക്ക് ആക്കി മാറ്റുകയാണ്
ചെയ്യുന്നത്. യഥാർത്ഥത്തിൽ വ്രതങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തിൻറെ
അതൃത്തികളിലേയ്ക്കുവരെ നന്മചെയ്യാനുള്ള സ്വാതന്ത്യമാണ്. എന്നാൽ കേരളത്തിലെ
ക്രൈസ്തവ സന്ന്യാസിനീസമൂഹങ്ങളുടെ സാഹചര്യത്തിൽ വ്രതങ്ങളെ നെഗറ്റീവ്ആയി മാത്രമാണ്
കാണുന്നത്. അനുസരണത്തിൻറെ പേരിലുംമറ്റും മാനസികമായി നീറിനീറി ജീവിക്കുന്ന അനേകം
കന്ന്യാസ്ത്രികൾ സഭയിലുണ്ട്. അങ്ങനെ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ധാരാളം
സിസ്റ്റേഴ്സ് തീരാരോഗങ്ങൾക്ക് അടിമകളായിതീരാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു
വ്യവസ്ഥാപിത ചുറ്റുപാടിലാണ് സന്ന്യാസസഭകൾ ഇന്ന് കടന്നുപോയികൊണ്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, സ്വാതന്ത്ര്യത്തെ
വിളംബരം ചെയ്യേണ്ട വ്രതങ്ങൾ അടിച്ചമർത്തലിൻറെയും മനുഷ്യാവകാശ ലംഘനത്തിൻറെയും
ഉപാധിയായിട്ടാണ് സിസ്റ്റർ ലൂസിയുടെ ജീവിതാനുഭവത്തിൽനിന്നും അനുമാനിക്കാൻ
സാധിക്കുന്നത്.
മറ്റൊരുകാര്യം, പൗരോഹിത്യമേധാവിത്വം കന്ന്യാസ്ത്രികളെ അടിമത്തത്തിലേയ്ക്ക്
കൊണ്ടുപോകുന്നുണ്ട്. ഞങ്ങൾ അടിമകളായി ഇരുന്നുകൊള്ളാം എന്നാണ് സന്ന്യാസിനീസഭാസമൂഹം ഇപ്പോഴും
പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ ജീവിതവും അതാണ് വെളിപ്പെടുത്തുന്നത്.
സന്ന്യാസിനീസമൂഹത്തിൻറെ മേജർ സുപ്പീരിയേഴ്സിൻറെ മെത്രാന്മാരുമായുള്ള
മീറ്റിംഗുകളിൽപോലും ഞങ്ങൾക്ക് പൗരോഹിത്യ അടിമത്വമില്ല, ഞങ്ങൾ സ്വതന്ത്രരാണ് എന്നാണ് പരസ്യമായി പ്രസ്താവിക്കുന്നത്.
മറിച്ചുള്ള മാധ്യമവിചാരണകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ തികച്ചും തെറ്റും
പരാജയവുമാണെന്നാണ് മേജർ സുപ്പീരിയർമാർതന്നെ നിഗമനത്തിലെത്തിയിരിക്കുന്നത്. അപ്പോൾ
സന്ന്യാസിനികളുടെ അധികാരികൾ ഇന്നും യാഥാത്ഥ്യങ്ങളെ ഉൾകൊള്ളാൻ കൂട്ടാക്കാതെ
പൗരോഹിത്യമേധാവിത്വത്തിന് ഇരകളായി ഇരുന്നുകൊള്ളാമെന്ന നിലപാടിലാണെന്നാണ് നാം
അനുമാനിക്കണ്ടത്.
പൗരോഹിത്യമേധാവിത്വം എങ്ങനെയാണ് കന്ന്യാസ്‌ത്രീജീവിതത്തിൽ അനുഭവപ്പെടുക
എന്നുള്ളത് ഈ വിഷയത്തെ സംബന്ധിച്ച് വിശകലനം ചെയ്യുമ്പോൾ വളരെ പ്രാധാന്യം
അർഹിക്കുന്ന ഒന്നാണ്. കന്ന്യാസ്ത്രികൾ ഇടവകകളിൽ സേവനം ചയ്യുമ്പോൾ വികാരിയച്ചൻറെ
ഇഷ്ടപ്രകാരം മാത്രം ചെയ്യുക. ഒരു കന്ന്യാസ്ത്രിയുടെ അഭിപ്രായം, അത് സത്യസന്ധവും
സാഹചര്യത്തിന് ഗുണപ്രദമായതാണെങ്കിൽപോലും
സ്വീകാര്യത ലഭിക്കുകയില്ല. പിന്നീടവിടെ വഴക്കായി, പിണക്കമായി, കന്ന്യാസ്‌ത്രിയെ മോശക്കാരിയായി ചിത്രീകരിക്കുകയായി. ഒരു
ഇടവകയിൽനിന്നും അവിടത്തെ വൈദികൻറെ നടപടികാരണം ജീവനോടെ ഓടിപ്പോകേണ്ടിവന്ന അനുഭവവും
സിസ്റ്റർ പങ്കുവെയ്ക്കുകയുണ്ടായി.
പൗരോഹിത്യമേധാവിത്വത്തിൻറെ
വേറൊരുവശമാണ് ലൈംഗികചൂഷണത്തിലേയ്ക്ക് കന്ന്യാസ്ത്രികളെ കൊണ്ടുപോകുന്ന അവസ്ഥ. അത്
ധാരാളം സംഭവിക്കുന്നുണ്ട്. ഏത് കന്ന്യാസ്ത്രി കണ്ണടച്ചുപറഞ്ഞാലും ഏത് സുപ്പീരിയർ
കണ്ണടച്ചുപറഞ്ഞാലും അവരൊക്കെ ലൈംഗികചൂഷണത്തിന് അടിമപ്പെട്ടിട്ടുണ്ടെന്നുള്ളത്
വ്യക്തമാണ്. സ്ത്രീയ്ക്കും പുരുഷനും ലൈംഗികത ദൈവം കോടുത്തിട്ടുണ്ട്. അത്
പൗരോഹിത്യം ഏറ്റെടുക്കുന്ന ദിവസമോ വ്രതവാഗ്‌ദാനം നടത്തുന്ന ദിവസമോ
ശരീരത്തിൽനിന്നും മുറിച്ചുമാറ്റപ്പെടുന്നില്ല. ലൈംഗികത എന്ന പുണ്ണ്യത്തിൽനിന്നും
കിട്ടുന്ന സ്നേഹോർജം ശരീരത്തിൽ ഉള്ളിടത്തോളംകാലം, പ്രത്യേകിച്ച് ചെറുപ്രായത്തിൽ, ആരെങ്കിലും പ്രലോഭിപ്പിച്ചിട്ടുണ്ടെങ്കിൽ വീണുപോകാൻ ഏറെ
സാധ്യതകൾ ഉണ്ട്. പ്രായവ്യത്യാസമില്ലാതെ വൈദികർക്ക് ലൈംഗിക അടിമകളാകുന്ന ധാരാളം
കന്ന്യാസ്ത്രികളുണ്ട്. അതിനുള്ള സാഹചര്യങ്ങളും ധാരാളമുണ്ട്. ശരിക്കും തെറ്റായ
രീതിയിൽ ജീവിക്കുന്നവർ ധാരാളമുണ്ട്. അത് വലിയ ഒരു ചൂഷണം തന്നെയാണ്. ഇത്തരം
കാര്യങ്ങൾ ആർക്കും ആരോടും പറയാൻ സാധിക്കുകയില്ല. അധികാരികളോടു പറഞ്ഞാൽ അത് പറയുന്ന
സിസ്റ്ററിൻറെ കുറ്റമാണെന്നു പറയുന്നതുകൂടാതെ
അവർക്ക് ചീത്തപ്പേര് ഉണ്ടാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ കന്ന്യാസ്ത്രികളെ
ക്രൂശിച്ചിട്ട് വൈദികരെ ശുദ്ധരാക്കും. കന്ന്യാസ്ത്രികളുടെ ഇത്തരം കാഴ്ചപ്പാട്
തിരുത്തണം, തിരുത്തിയേ പറ്റൂ.
പതിനഞ്ചു വയസുള്ള പാവപ്പെട്ട പെങ്കൊച്ചുങ്ങളെ കുടുംബത്തിൽനിന്നും
തട്ടിപ്പറിച്ചുകൊണ്ടുവന്നിട്ട് ഇങ്ങനെയുള്ള ഒരു ലൈംഗിക ചൂഷണത്തിന്
വിട്ടുകൊടുക്കുന്നത് എന്തുകൊണ്ട്? പ്രായമാകുമ്പോൾ
മാതാപിതാക്കൾ അവരുടെ പെൺമക്കളെ കെട്ടിച്ചുവിട്ടുകൊള്ളുമല്ലോ. ലൈംഗിക ചൂഷണം ധാരാളം
നടക്കുന്നുണ്ട്. എന്നാൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നുമാത്രം. കന്ന്യാസ്ത്രികൾ
അവർക്ക് സംഭവിച്ചിട്ടുള്ള ലൈംഗിക ചൂഷണത്തെപ്പറ്റി തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഈ
ദുരന്തത്തിന് ഒരു ശമനം ഉണ്ടാകുമായിരുന്നു. ലൈംഗിക ചൂഷണത്തിന് പരിഹാരം
കണ്ടുപിടിക്കാൻ സാധിക്കുകയില്ലെങ്കിൽ പെൺകുട്ടികളെ മഠങ്ങളിലേയ്ക്ക്
കൊണ്ടുവരാതിരിക്കുക. സമകാലിക സംഭവങ്ങൾ ലൂസി സിസ്റ്ററിന് ലൈംഗിക ചൂഷണത്തെപ്പറ്റി
സംസാരിക്കാൻ ഒരവസരം തുറന്നുകിട്ടി. അതിൽ സിസ്റ്റർ സന്തോഷവതിയാണ്.
വ്രതത്രയങ്ങളിലെ അനുസരണമാണ്
എപ്പോഴും മുഴച്ചുകാണുന്നത്. എന്തുപറഞ്ഞാലും അനുസരിച്ചോളുക. അനുസരണത്തിൻറെ പേരിൽ
നന്മചെയ്യാൻപോലും അനുവാദം കിട്ടാത്ത ദയനീയ സാഹചര്യങ്ങളിൽകൂടി ലൂസിസിസ്റ്റർ
കടന്നുപോയിട്ടുണ്ട്. യേശുക്രിസ്തുവിൻറെ പഠനങ്ങൾ പാവപ്പെട്ട മനുഷ്യരിലേയ്‌ക്ക്
എത്തിക്കാൻ 'അനുവാദം' 'അനുവാദം' എന്ന
പ്രക്രിയമൂലം തടഞ്ഞുവെയ്‌ക്കുന്ന ഒന്നായിരിക്കരുത് അനുസരണം എന്ന വ്രതം. ഈ അനുസരണം
എന്ന വ്രതം കാരണം സന്ന്യാസഭവങ്ങളിൽപോലും നന്മചെയ്യാനുള്ള സാഹചര്യങ്ങൾ
നിഷേധിക്കപ്പെടുന്നകാര്യം വളരെ വേദനയോടെയാണ് ലൂസി സിസ്റ്റർ പങ്കുവെച്ചത്.
മാറ്റപ്പെടേണ്ട പല പാരമ്പര്യങ്ങളും
ഇന്നും സന്ന്യാസിനീസമൂഹങ്ങളിൽ നിലനിക്കുന്നുണ്ട്. ലൂസി സിസ്റ്റർ ആയിരിക്കുന്ന
ഫ്രാൻസിസ്കൻ ക്ലാരിസ്റ് സഭയിൽ കന്ന്യാസ്ത്രികൾക്ക് പോക്കറ്റ്മണിപോലും നൽകുകയില്ല.
എവിടെനിന്ന് പൈസകിട്ടിയാലും അത് മഠത്തിൽ കൊടുക്കണം. എന്നാൽ പല സിസ്റ്റേഴ്സും
വളഞ്ഞരീതിയിൽ എന്നുവെച്ചാൽ കള്ളത്തരത്തിൽ പൈസ സൂക്ഷിക്കുന്നുണ്ട്. സത്യസന്ധമായി
ജീവിക്കുന്ന കന്ന്യാസ്ത്രികൾക്കാണ് ഇത്തരം കാലഹരണപ്പെട്ട പാരമ്പര്യങ്ങൾകൊണ്ട്
ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഒരു ആയിരം രൂപ ഒരാൾക്ക് പോക്കറ്റ് മണിയായി നൽകിയാൽ അവർ
അതുംകൊണ്ട് പോകുകയില്ലല്ലോ. തന്നെയുമല്ല, കന്ന്യാസ്ത്രികളുടെ ഇടയിലെ തെറ്റായ പ്രവണതയെ ഇല്ലാതാക്കുവാനും സാധിക്കും.
മാനുഷിക പരിഗണനപോലും ഇക്കാര്യത്തിൽ സഭാമേലാളന്മാർ നൽകാതിരുക്കുന്നതിനെ
ഒരുവിധത്തിലും ന്യായീകരിക്കാൻ സാധിക്കുകയില്ല. മാറ്റപ്പെടേണ്ട പാരമ്പര്യങ്ങൾ
മാറ്റപ്പെടുകതന്നെ വേണം.
ഇന്ന് ഒരു കുടുംബത്തിൽ രണ്ടോ
മൂന്നോ കുട്ടികളെ ഉള്ളൂ. ഒരു സന്ന്യാസിനിയുടെ സഹോദരൻറെയോ അനുജത്തിയുടെയോ
വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. അത് എത്രയോ മനുഷത്വരഹിതമായ നിലപാടാണ്!
അതേസമയം പട്ടംകൊടുക്കൽ ശുശ്രൂഷയാണെങ്കിൽ എവിടെയാണെങ്കിലും പോയി സംബന്ധിക്കാം.
എന്തു സമ്മാനം വേണമെങ്കിലും കൊടുക്കാം. എത്ര ദിവസം മുമ്പുവേണമെങ്കിലും പോകാം.
പൗരോഹിത്യം എന്ന കൂദാശയേക്കാൾ വളരെ വളരെ ശ്റേഷ്ഠമായ ഒരു കൂദാശയാണ് വിവാഹമെന്ന
കൂദാശ. എന്നാൽ രണ്ടിനേയും രണ്ട് കാഴ്ചപ്പാടിൽ കാണുന്നതാണ് ഈ വിഷയത്തിലെ ദുരന്തം. വിവാഹജീവിതം നയിച്ച് ഒരു കുടുംബത്തിൻറെ മുഴുവൻ ഉത്തരവാദിത്വങ്ങളും
ഏറ്റെടുത്ത്, ദൈവം നേരിട്ട്
ആവശ്യപ്പെട്ട സൃഷ്ടികർമ്മത്തിൽ പങ്കെടുത്ത്, നല്ല ഒരു തലമുറയെ വാർത്തെടുക്കുന്ന എല്ലാവർക്കും ലൂസി
സിസ്റ്റർ ഹൃദ്യമായ അഭിവാദനങ്ങൾ അർപ്പിക്കുകയും ചെയ്തു. വളരെ ശ്റേഷ്ഠമായ ഒരു
ദൗത്യമാണ് കുടുംബജീവിതം നയിക്കുന്നവർ ഏറ്റെടുത്ത് പൂർത്തിയാക്കുന്നത്.
എന്നിരുന്നാലും വിവാഹത്തെ മോശമായി കണ്ടുകൊണ്ട്, സന്ന്യാസിനികൾക്ക് പങ്കെടുക്കാൻ പറ്റാത്ത ഒന്നായി
മാറ്റിക്കൊണ്ട്, പൗരോഹിത്യത്തിന്
അതിപ്രാധാന്യം കല്പിച്ചുക്കൊണ്ട് മുദ്രകുത്തികൊടുക്കുന്നത് ശരിയല്ല.
നമ്മളെല്ലാവരും പൊതുപൗരോഹിത്യത്തിൽ പങ്കുചേരുന്നവരാണ്. അതുവഴി കുടുംബജീവിതം
നയിക്കുന്നവരും പൗരോഹിത്യ ധർമമാണ് നിർവഹിക്കുന്നത്. ചില സന്ന്യാസിനീസമൂഹങ്ങളിൽ
ഇത്തരം കാഴ്ചപ്പാടുകളിൽ കുറെയൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ഫ്രാൻസിസ്കൻ
ക്ലാരിസ്റ് സന്ന്യാസിനീസഭ ഈ വൈകിയ വേളയിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ
തയ്യാറല്ല. ഒഴുക്കിനെതിരായി നീന്തി പുതിയ
ഊർജം സംഭരിക്കാനുള്ള ധീരമായ തീരുമാനങ്ങൾ സഭാതലങ്ങളിലില്ല. ഇന്ന് എഫ് സി സിയിൽ
നിലനിൽകുന്നതെന്തോ അത് തുടരാനാണ് സഭയുടെ തലപ്പത്തിരിക്കുന്നവരുടെ തീരുമാനം.
സന്ന്യാസം ഇന്ന് അടിമത്വത്തിൻറെ ഒരു മേഖലയിൽകൂടിയാണ്
കടന്നുപൊയ്കൊണ്ടിരിക്കുന്നത്. അതൊരു അജ്ഞതയാണ്; ഇരുട്ടാണ്. സന്ന്യാസജീവിതം അടിമത്വമല്ല; സ്വാതന്ത്ര്യമാണ്. കുടുംബജീവിതത്തെപ്പോലും ഉപേക്ഷിച്ച്
സ്വതന്ത്രരായി പാറിപറക്കേണ്ട സന്ന്യാസജീവിതത്തെയാണ് അനുസരണം എന്ന വ്രതത്തിൻറെപേരിൽ
സർവ സ്വാതന്ത്ര്യത്തെയും അധികാരികളുടെ കാൽച്ചുവട്ടിൽ ദക്ഷിണവെയ്‌ക്കേണ്ടത്.
യേശുക്രിസ്തുവിൻറെ പഠനങ്ങളെ അടിസ്ഥാനമാക്കി ജീവിക്കാൻ നോക്കിയാൽ ആ ജീവിതം ഒരു
പരാജയമായിട്ട് സഭാധികാരം മുദ്രകുത്തും. നല്ല ആശയങ്ങളെ അവതരിപ്പിക്കുന്നവരെ
സഭാവിരോധികളായി കാണും. ചില പ്രത്യേക സാഹചര്യങ്ങൾകൊണ്ട് ധാരാളം കന്ന്യാസ്‌ത്രികൾ
സഭവിട്ട് പോയിട്ടുണ്ട്. അവരിലധികംപേരും സഭവിടേണ്ടിവന്നത് പലവിധ മാനസീക
പീഡനങ്ങൾകൊണ്ടാണ്. അവരുടെ ഭാഗം കേൾക്കാൻ ആരുമില്ല; സത്യം കേൾക്കാൻ ആരുമില്ല. ഇത്തരത്തിലുള്ള നിലവിളികളോടെയാണ്
അവരൊക്കെ കടന്നുപോയത്. അവരുടെ സന്ന്യാസവ്യക്തിത്വത്തെ ഉൾക്കൊള്ളാൻ
സഭാനേതൃത്വത്തിന് സാധിക്കുന്നില്ല. "നീയൊക്കെ ഇവിടെനിന്നൊന്ന്
പോയിത്താടീ" യെന്നുപറഞ്ഞ് മേലധികാരിയുടെ വഴക്കുകേൾക്കാൻ ഇടയായ പാവപ്പെട്ട
വീട്ടിലെ ഒരു സിസ്റ്റർ മനോവേദനയോടെ സഭയുടെ പടിയിറങ്ങേണ്ടിവന്നു. യാത്രയ്ക്കുള്ള
പൈസയല്ലാതെ മറ്റ് യാതൊരുവക സാമ്പത്തികസഹായവും നൽകാതെ സഭവിടേണ്ടിവന്ന ആ
കൊച്ചുകന്ന്യാസ്ത്രിയിടെ കദനകഥയും ലൂസിസിസ്റ്റർ എല്ലാവരുമായി പങ്കുവെച്ചു.
ഒരു പ്രത്യേക കാലഘട്ടത്തിൽ, ദാരിദ്ര്യത്തിൻറെ മേഖലയിൽനിന്നും, മാതാപിതാക്കൾ തള്ളിവിട്ടവരോ മാതാപിതാക്കൾക്ക് എനിക്കുവേണ്ടി
ഒന്നുംചെയ്യാൻ സാമ്പത്തികമായി കഴിവില്ല എന്ന ചിന്താഗതികൊണ്ടോ മഠത്തിൽനിന്നുള്ള
മോഹനവാഗ്‌ദാനങ്ങളിൽ ആകൃഷ്ടരായോ മഠങ്ങളിൽ
ചേരുന്നവർ ധാരാളമുണ്ട്. സന്ന്യാസജീവിതത്തിൽ അവർ എന്നും അസംതൃപ്തരായിരിക്കും.
മുഖമിടിമ്പിച്ച് മൗനികളായ ധാരാളം കന്ന്യാസ്ത്രീകൾ മഠങ്ങളിലുണ്ട്. ഇതെല്ലാം സന്ന്യാസജീവിതത്തിൻറെ
ഭാഗമാണെന്നിരുന്നാലും മാറ്റേണ്ടകാര്യങ്ങൾ മാറ്റുകതന്നെവേണം. 'അരുത്' എന്ന
നെഗട്ടീവ് മനോഭാവത്തെ മാറ്റി 'ചെയ്യണം' എന്ന പോസിറ്റീവ് മനോഭാവത്തെ സഭ ഉൾക്കൊള്ളണം. എങ്കിൽമാത്രമേ
ഈ കന്ന്യാസ്ത്രിജീവിതത്തിന് അർത്ഥമുള്ളൂ. എല്ലാക്കാലത്തും സഭയിലും സന്ന്യാസജീവിതത്തിലും
വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എഫ്‌സിസിയിലും മാറ്റങ്ങൾ വരും എന്ന ശുഭാബ്‌ദിവിശ്വാസം
ലൂസി സിസ്റ്ററിനുണ്ട്.
ദൈവം പ്രത്യേകം
തിരഞ്ഞെടുക്കപ്പെട്ടവർ, ദൈവവേലയ്ക്കായി
നിയോഗിക്കപ്പെട്ടവർ എന്ന് ലോകത്തോട് വിളംബരം ചെയ്യുന്ന ഒരു വസ്ത്രമാണ് കന്ന്യാസ്ത്രിവസ്ത്രം.
ഒരു കാലഘട്ടത്തിൽ അത് ആവശ്യമായിരുന്നു എന്ന് നമുക്ക് കരുതാം. എന്നാൽ ഇന്ന്
കേരളത്തിൻറെ പ്രത്യേക കാലാവസ്ഥയ്ക്കും മനുഷ്യശരീരത്തിൻറെ പ്രത്യേകതകൾ അനുസരിച്ചും
ഭാരതസംസ്‌കാരത്തെ ഉൾക്കൊണ്ടുകൊണ്ട് ചൂരിദാർപോലെയുള്ള ലളിതമായ ഒരു വസ്ത്രം ധരിക്കാൻ
ആവശ്യപ്പെടുന്നവർക്ക്, പ്രത്യേകിച്ച്
ആരോഗ്യസമ്പന്ധമായ ആവശ്യക്കാർക്ക്, അനുവദിക്കുക എന്ന നിലപാട് എഫ്‌സിസി മേലധികാരികൾ
സ്വീകരിക്കേണ്ടതാണ്. സന്ന്യാസവൈദികർക്കും സാദാവൈദികർക്കും ഏതു വസ്ത്രം ധരിച്ചും
യാത്രകളുംമറ്റും ചെയ്യാം. ഇത് സഭയുടെ ഒരു ഇരട്ടത്താപ്പ് നയമാണ്. ഇറക്കുമതിചെയ്‌ത
വിദേശ സന്ന്യാസവസ്ത്രത്തെ മാറ്റേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. ഇനിയുള്ളകാലം
വസ്ത്രംകൊണ്ടല്ല ജീവിതശൈലികൊണ്ടാണ് സന്ന്യസ്തരെ തിരിച്ചറിയേണ്ടത്. യേശുക്രിസ്‌തുവിൻറെ
പഠനങ്ങൾ ഉൾക്കൊണ്ടുജീവിക്കുന്ന നിറമുള്ള കന്ന്യാസ്ത്രികൾ സഭയിൽ ഉണ്ടാകെട്ടെ. മാറ്റങ്ങളെ
ഉൾകൊള്ളാനുള്ള വിമുഖതയാണ് ഇന്നുള്ളത്. ആ സ്ഥിതി മാറണം. പുതിയൊരു ഭാവത്തിലൂടെ
സന്ന്യാസം രൂപപ്പെടണം. യേശുക്രിസ്തുവിൻറെ പഠനങ്ങളെതള്ളി സന്ന്യാസിയായി ആശ്രമങ്ങളിൽ അധമരായി
ജീവിയ്ക്കുന്നതിലും എത്രയോ മെച്ചപ്പെട്ട ജീവിതമാണ് ജാതി-മത-നിറ ഭേദമെന്യേ
കുടുംബത്തിൽ നിന്നുകൊണ്ടുതന്നെ യേശുവിൻറെ പഠനങ്ങൾ ജീവിച്ചുകൊണ്ട്, സത്കൃത്യങ്ങൾ ചെയ്തുകൊണ്ട് സന്ന്യാസജീവിതം സാധ്യമാകുക. ഇരുപത്തൊന്നുവയസ്
തികയാത്ത കുട്ടികളെ യാതൊരു കാരണവശാലും മഠങ്ങളിലേയ്‌ക്കോ സെമിനാരികളിലേയ്‌ക്കോ
വിടരുത് എന്ന അഭ്യർത്ഥനയോടെയും സിസ്റ്ററിനെ കേട്ടുകൊണ്ടിരുന്ന എല്ലാവർക്കും നന്ദി
രേഖപ്പെടുത്തികൊണ്ടുമാണ് 35 മിനിറ്റ്
നീണ്ടുനിന്ന വിഷയാവതരണം ലൂസി സിസ്റ്റർ അവസാനിപ്പിച്ചത്.
തുടർന്നുനടന്ന ചർച്ചയിൽ
എല്ലാവരും സിസ്റ്റർ ലൂസിയുടെ അഭിപ്രായത്തോട് - കുട്ടികളെ മഠങ്ങളിലേയ്ക്ക്
റിക്രൂട്ടുചെയ്യുന്ന രീതി, കുട്ടികളുടെ
പ്രായം,
പൗരോഹിത്യമേധാവിത്വം, അനുസരണം എന്ന വ്രതത്തിൻറെ അർത്ഥം, കന്ന്യാസ്ത്രി ജീവിതത്തിലെ ദുരിതങ്ങൾ, ലൈംഗിക ചൂഷണങ്ങൾ, കന്ന്യാസ്ത്രീവസ്ത്രം, സന്ന്യാസിനീസമൂഹങ്ങളിൽ വരുത്തേണ്ട നവീകരണം, കാലഹരണപ്പെട്ട പാരമ്പര്യങ്ങൾ - നൂറുശതമാനം യോജിപ്പ്
പ്രകടിപ്പിക്കുകയാണ് ചെയ്തത്. ബൗദ്ധിക സൂപ്പർസ്റ്റാറും സമൃദ്ധമായ അറിവും വിശകലന
വൈഭവവും ദീർഘവീക്ഷണവും ആശയാവതരണമികവും ധൈര്യശാലിയും സത്യസന്ധതയും പോരുതാനുള്ള
ശക്തമായ ഇച്ഛാശക്തിയുമുള്ള പ്രസന്നവതിയായ ലൂസി സിസ്റ്ററിൻറെ സൽഗുണങ്ങളെയും
കഴിവുകളെയും സസന്തോഷം ആദരിച്ച് അവകാശപ്പെടുത്തേണ്ട സന്ന്യാസിനീസമൂഹം, സിസ്റ്ററിനെ ചവറ്റുകൊട്ടയിലേയ്ക്ക്
വലിച്ചെറിയാൻ വെമ്പൽ കൊള്ളുന്ന സന്ന്യാസസമൂഹം, അറിയുന്നില്ല
വജ്രത്തെയാണ് അവർക്ക് നഷ്ടപ്പെടാൻ പോകുന്നതെന്ന്. കാലം വിധിയെഴുതട്ടെ.
അടുത്ത ടെലികോൺഫെറൻസ് ഏപ്രിൽ
10,
2019 ബുധനാഴ്ച്ച 9 PM (EST) നടത്തുന്നതാണ്. മുഖ്യ പ്രഭാഷക: അഡ്വ ഇന്ദുലേഖ ജോസഫ്
വിഷയം: "എന്തുകൊണ്ട് സഭാനേതൃത്വം ചർച്ചാക്ടിനെ
എതിർക്കുന്നു"
തുടർന്നുള്ളചർച്ചയിൽ, ആഗസ്റ്റ് 10, 2019 ശനിയാഴ്ച
ഷിക്കാഗോയിൽവെച്ച് സംഘടിപ്പിക്കുന്ന കെസിആർഎം നോർത് അമേരിക്കയുടെ ഏകദിന
സെമിനാറുവിഷയവും ഉൾപ്പെടുന്നതായിരിക്കും.
No comments:
Post a Comment