ചാക്കോ കളരിക്കൽ
പലരുടെയും അഭ്യർത്ഥനമൂലം കെ
സി ആർ എം നോർത് അമേരിക്ക ഫെബ്രുവരി 13, 2019 ബുധനാഴ്ച്ച നടത്തിയ ടെലികോൺഫെറൻസിൻറെ വിശദമായ റിപ്പോർട്ട്
ചുവടെ കൊടുക്കുന്നു. ചുരുങ്ങിയ ഒരു റിപ്പോർട്ട്
പ്രഫ പി സി ദേവസ്യാസാറിൻറെ പ്രഭാഷണ ലിങ്കോടെ നിങ്ങൾക്കെല്ലാം നേരത്തെ അയച്ചുതന്നിരുന്നു. "27-മത്തെ സീറോ മലബാർ മെത്രാൻ സിനഡും മേജർ ആർച്ച്
ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനവും" എന്ന വിഷയം ആയിരുന്നു, അന്ന് ചർച്ച ചെയ്‌തത്.
ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയായ ദേവസ്യാസാർ
മുപ്പതിലേറെ വർഷം കോളേജ് അധ്യാപകനായിരുന്നു. വിദ്യാർത്ഥികളെ നേരിൽകണ്ട് സംസാരിച്ചു
പഠിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് കേഴ്വിക്കാരുടെ മുഖം കാണാതെ, പ്രതികരണം കാണാതെ വിഷയം ഫോണിലൂടെ
അവതരിപ്പിക്കുക ബുദ്ധിമുട്ടാണെന്നുള്ള ആമുഖത്തോടെയാണ് വിഷയാവതരണം ആരംഭിച്ചത്. സുവിശേഷപ്രബോധനമനുസരിച്ചും ആദിമ സഭയിലെ
ക്രൈസ്തവരുടെ നടപടിക്രമമനുസരിച്ചും മാർത്തോമാ ക്രിസ്ത്യാനികളുടെ
പാരമ്പര്യമനുസരിച്ചും സമർപ്പിതർക്കും സാധാരണ വിശ്വാസികൾക്കും രണ്ട് മണ്ഡലമാണ്
കല്പിച്ചിരിക്കുന്നത്, ആധ്യാത്മിക
മണ്ഡലവും ഭൗതിക മണ്ഡലവും. ഇന്ന് സഭയിൽ ആ വിഭജനക്രമം തെറ്റിച്ചിരിക്കുന്നു.
സമർപ്പിതരായ പുരോഹിതർ അവരുടെ വഴിവിട്ട് പണാധിപത്യത്തിൽ ചെന്ന് ഉറച്ചിരിക്കുന്നു.
അതിനെതിരായി ശബ്ദമുയർത്തേണ്ടത് നമ്മുടെ പ്രവാചകദൗത്യമാണ്. 1992 -ൽ പൗരസ്ത്യ കാനോൻ നിയമം പൗരസ്ത്യസഭകളിൽ നടപ്പാക്കി. അതിൻറെ
ചുവടുപിടിച്ച് സീറോ മലബാർ സഭയിലും ആ പൗരോഹിത്യനിയമം അല്മായരറിയാതെ നടപ്പാക്കി.
അനധികൃത പ്രവർത്തനങ്ങൾക്ക് ഈ കാനോൻ നിയമം
നിയമസാധുത ഉണ്ടാക്കുകയും ചെയ്‌തു. അതിനെതിരെ പ്രതികരിക്കണ്ടത് അല്മായരുടെ
ധർമമാണ്. പുരോഹിതസഭ ഇന്ന് സമ്പന്നരോടും രാഷ്ട്രീയക്കാരോടും കൂട്ടുകൂടി
പ്രവർത്തിക്കുന്നു. സ്‌കൂളുകളും കോളേജുകളും
ആശുപത്രികളും കച്ചവടസ്ഥലമാക്കിമാറ്റി സഭയെ അപഹാസ്യമാക്കുന്നതിനെ നാം എതിർക്കണം.
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സ്വാശ്രയകോളേജുകളും സൂപ്പർ സ്‌പെഷ്യാലിറ്റി
ആശുപത്രികളും അതിന് ഉദാഹരണങ്ങളാണ്. സഭാധികാരികളുടെ
ഇത്തരം പ്രവർത്തനങ്ങളെ സംഘടിതമായി എതിർക്കണം.
സിനഡ് എന്നുപറഞ്ഞാൽ
എന്താണ്? അത് ബിഷപ്പുമാരുടെ കൂട്ടായ്മയാണ് എന്നുപറഞ്ഞ്
സ്ഥാപിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ സിനഡ് മെത്രാന്മാരുടെ സ്വകാര്യമായ
കാര്യമല്ല. നമ്മുടെ സഭാപാരമ്പര്യമനുസരിച്ചും രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ
പ്രവർത്തനമനുസരിച്ചും സിനഡ് സഭാമേലധ്യക്ഷന്മാരുടെ
സ്വകാര്യകാര്യമല്ല. ഇടവകകളിൽ പൊതുയോഗം, രൂപതകളിൽ പാസ്റ്ററൽ
കൗൺസിൽ അതുപോലെ മെത്രാൻസിൻഡിൽ അല്മായർക്കും പ്രാധിനിത്യം ആവശ്യമാണ്. അത്
ആവശ്യപ്പെടുന്നത് തെറ്റാണെന്നാണ് മെത്രാന്മാർ പറയുന്നത്. മെത്രാന്മാരുടെ
സിൻഡിലേയ്ക്ക് അല്മായർ ചെന്നാൽ തടയുകയും ചെയ്യും. മെത്രാന്മാർ എല്ലാം കൂടിയിരുന്ന്
പ്രാർത്ഥിച്ചാൽ സഭയിലെ പ്രശ്‍നം തീരുമോ? അടിയന്തര പ്രശ്നങ്ങൾ
സഭയിൽ പരിഹരിക്കേണ്ടതായിട്ടുണ്ട്. കാനോൻനിയമകാര്യം പൗരോഹിത്യ അധഃപതനത്തിൻറെകാര്യം
ധാർമിക അധഃപതനത്തിൻറെകാര്യം വിദ്യാഭ്യാസ/ആതുരസേവന കച്ചവടത്തിൻറെകാര്യം ദളിതരോടും
സ്ത്രീകളോടും സമർപ്പിതരോടും ചെയ്യുന്ന അനീതികൾ എല്ലാം അടിയന്തര ശ്രദ്ധ അർഹിക്കുന്ന
വിഷയങ്ങളാണ്.
ധ്യാനങ്ങളെല്ലാം ഇന്ന്
മെത്രാന്മാർ ചിലർക്ക് കുത്തകപാട്ടത്തിന് കൊടുത്തിരിക്കുകയാണ്. കോൺട്രാക്ട്
കൊടുത്ത് ആധ്യാത്മികത വളർത്തുന്നത് ശരിയോ? ധ്യാനകേന്ദ്രങ്ങൾ
ചെയ്യുന്നത് വിശ്വാസികളിൽ പാപബോധം അടിച്ചേല്പിക്കലാണ്. നമ്മൾ അത്രയ്ക്കും
പാപികളാണോ എന്നാണ് ദേവസ്യാസാർ ചോദിക്കുന്നത്. പാപപരിഹാരത്തിനുവേണ്ടിയാണ് യേശു
ഭൂമിയിൽ അവതരിച്ചത്. ഭൂമിയിൽ ജീവിച്ച യേശുവിനെയല്ലാ മരിച്ചയേശുവിനെയാണ്
ധ്യാനപ്രസംഗകർക്ക് ആവശ്യം. പെണ്ണുങ്ങളെ കൂട്ടത്തോടെ ഹിസ്റ്റീരിയ പിടിപ്പിക്കുന്ന
ധ്യാനങ്ങളാണ് ഇന്ന് നടക്കുന്നത്. അപ്പോൾ ആധ്യാത്മികതയെപ്പോലും മെത്രാന്മാർ ഇന്ന്
കുത്തകയ്ക്ക് ഏല്പിച്ചുകൊടുക്കുകയാണ്. ഇതിനൊക്കെ എതിരായിട്ട് പ്രതികരിക്കണം.
അതിനുള്ള എളിയ ശ്രമമായിരുന്നു കെസിആർഎം സംഘടന സിനഡിൽ
നടത്തിയത്. സഭയുടെ ഭൗതിക കാര്യങ്ങളെ
സംമ്പന്ധിച്ചും ആധ്യാത്മിക കച്ചവടത്തെ സംബന്ധിച്ചും സിനഡിൽ ചർച്ചചെയ്യണം
എന്നാവശ്യപ്പെട്ടുകൊണ്ട് കെസിആർഎമിൻറെ നേതൃത്വത്തിൽ മുൻകൂട്ടി അനുവാദം
ചോദിച്ചതിൻറെ അടിസ്ഥാനത്തിൽ, അവസരം ലഭിച്ചാൽ
സിനഡിൽ സംസാരിക്കാൻ ഒരുങ്ങി, ചുരുക്കം ചില പ്രവർത്തകർ വളരെ അച്ചടക്കത്തോടെ
കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി. അല്മായരായ ഞങ്ങൾ സിനഡിൽപോയി മെത്രാന്മാരെ
അഭിസംബോധന ചെയ്യുന്നതിൽ തെറ്റുണ്ടോ?
വിശ്വാസികൾ
മെത്രാന്മാരോട് കാര്യങ്ങൾ പറയുന്നതിലും ആവശ്യങ്ങൾ അറിയിക്കുന്നതിലും എന്താണ്
തെറ്റ്? അത് യഥാർത്ഥത്തിൽ വിശ്വാസികളുടെ അവകാശവുമല്ലേ? ചെന്നവരെ പുറത്താക്കാൻ ശ്രമിച്ചപ്പോൾ അവർ
അതിന് വഴങ്ങിയില്ല. പോലീസെത്തി അവരെ അറസ്റ്റുചെയ്ത് ജയിലിലാക്കി. പിന്നീട് ജാമ്യത്തിൽ അവരെ വിട്ടു. വാസ്തവത്തിൽ സിനഡിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവരെ ജയിലടച്ചത്
പ്രതിഷേധാർഹമാണ്. എന്നാൽ ഈ കേരളസഭയിൽ ഇതുസംബന്ധമായി അല്മായർ പ്രതിഷേധിച്ചില്ല; യാതൊരുവക പ്രതികരണവും ഉണ്ടായില്ല. അത് വളരെ വേദനാജനകമാണ്.
ഇനി കർദിനാൾ ആലഞ്ചേരിയുടെ
സർക്കുലറിനെപ്പറ്റി. പൗലോശ്ലീഹാ പറയുന്നു: "ദൈവാത്മാവിനാൽ
നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിൻറെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു
നയിക്കുന്ന അടിമത്തത്തിൻറെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിൻറെ ആത്മാവിനെയണു നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ
ആത്മാവുമൂലമാണു നാം ആബാ-പിതാവേ-എന്നു വിളിക്കുന്നത്" (റോമ. 8: 14-15). ഇത് എടുത്തിവിടെ ഉദ്ധരിച്ചത് സിനഡ് മെത്രാന്മാർക്ക്
കണ്ണുണ്ടെങ്കിൽ കാണാനും ദൈവജനം ആരുടെയും അടിമകളല്ലെന്ന് വായിച്ച് മനസ്സിലാക്കാനുമാണ്. അത് രണ്ടും നടക്കുമെന്ന് വലിയ പ്രതീക്ഷയില്ല.
കാരണം അവരെല്ലാം സ്വന്തം കാര്യലാഭത്തിനുവേണ്ടിമാത്രം കണ്ണും മനസ്സും
വ്യാപാരിപ്പിക്കുന്നവരാണ്. സിനഡിനെ സംബന്ധിച്ച് വിശ്വാസികൾക്ക് കേട്ടറിവ്
മാത്രമേയുള്ളു. സിനഡിൻറേതായി കാണിക്കാനുള്ളത് ഒരു സർക്കുലർ മാത്രം. അത് സിനഡിലെ
മെത്രാന്മാർ ആവശ്യപ്പെട്ടതുകൊണ്ട് കർദിനാൾ ആലഞ്ചേരി ഇറക്കിയതാണ്.
കുപ്രസിദ്ധമായ ഭൂമി കുംഭകോണത്തെപ്പറ്റി സർക്കുലറിൽ ഒന്നുമില്ലെന്ന് മാത്രമല്ലാ ആ
വിഷയത്തെ സംബന്ധിച്ച് ആരും മിണ്ടിക്കൂടാ എന്ന താക്കീതും അതിലുണ്ട്. ആ വിലക്ക്
പ്രതിഷേധാർഹമാണ്. സത്യത്തിൻറെ മുഖം മൂടിവെയ്ക്കുന്നത് യേശുമാർഗ്മല്ല. സർക്കുലറിൻറെ രണ്ടാംഭാഗം സമർപ്പിതരുടെ
അച്ചടക്കത്തെപ്പറ്റിയുള്ള അരുളപ്പാടാണ്. അനേകവർഷത്തെ പഠനങ്ങൾക്കും പരിശീലനത്തിനും
ശേഷം വ്യക്തമായ നിയമസംഹിതകൾക്കുകീഴിൽ പ്രവർത്തിന്നകന്നവർ പ്രതേകിച്ച്
കന്ന്യാസ്ത്രികൾ ആരുടെയൊക്കെയോ സ്വാധീനത്താൽ വഴിതെറ്റിപോകുന്നുണ്ടോ എന്ന്
മെത്രാന്മാർക്ക് സംശയമുണ്ടെത്രെ! അതുകൊണ്ട് അവരെ ശിക്ഷിക്കാൻ
തീരുമാനിച്ചിരിക്കുന്നു. സഭയിൽ നടക്കുന്ന കൊള്ളരുതായ്മകളെ പ്രതികരിക്കാനുള്ള
പ്രവണതയെ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് മെത്രാന്മാർ പറയുന്നത്. മാധ്യമങ്ങളിലൂടെപ്പോലും
പ്രചരിപ്പിക്കുന്നതിന് വിലക്കുണ്ട്. മാധ്യമങ്ങളെ എന്തിന് ഭയപ്പെടുന്നു? അടുത്തത് കോടതിവ്യവഹാര വിലക്കാണ്. കോടതിവ്യവഹാരം ആരംഭിക്കുന്നതിനുമുമ്പ്
ഔദ്യോഗികമായി അനുവാദം വാങ്ങണം. അങ്ങനെ കാനോൻ നിയമത്തിൽ
പറഞ്ഞിട്ടുണ്ടെത്രെ.അച്ചന്മാരും മെത്രാന്മാരും വാദികളായ പല കേസുകളും കേരളത്തിന്
അകത്തും പുറത്തും നടക്കുന്നുണ്ട്. അവരൊക്കെ കാനോൻ നിയമപ്രകാരം അനുവാദം
വാങ്ങിയിട്ടാണോ വ്യവഹാരം നടത്തുന്നത്? അച്ചന്മാർമുതൽ അല്മായർവരെ
ഉള്ളവരുടെമേൽ അച്ചടക്കത്തിൻറെ പിരിക്കട്ട മുറുക്കിയിരിക്കയാണ്. അതിനുശേഷം
സർക്കുലറിൽ പറയുകയാണ് സഭാതനയർ കാലാകാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയ
സഭാസ്വത്തുക്കളും സ്ഥാപനങ്ങളും സർക്കാരിനെ ഏൽപ്പിക്കണമെന്ന്, അല്മായർ ആവശ്യപ്പെടുന്നു. സത്യവിരുദ്ധ
പ്രസ്താവനയാണത്. സർക്കാരിന് എല്പിച്ചുകൊടുക്കണമെന്നല്ല, മറിച്ച്, അതെന്നും
സഭാതനയരുടേതായിരിക്കണമെന്നാണ്, വിശ്വാസികൾ
ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ന് സഭ ഊറ്റംകൊള്ളുന്നത് അധികാര പ്രയോഗത്തിലാണ്. എനിയ്ക്കുമേൽ റോമായേയുള്ളു
എന്ന് മാർ ആലഞ്ചേരി പറഞ്ഞത് നാമെല്ലാം കേട്ടതാണ്. കോടതിയിൽനിന്നും കേൾക്കുന്ന
കാര്യങ്ങൾ നാം പെട്ടെന്ന് മറക്കാറില്ല, അതുകൊണ്ടുതന്നെയാണ്
പള്ളിസ്വത്തുക്കൻ ഭരിക്കാൻ ഒരു സംവിധാനം ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നത്. കാനോൻ നിയമം പറഞ്ഞ് തടസം നിൽക്കാൻ മെത്രാന്മാർ
ശ്രമിച്ചാൽ അതിനെ എതിർക്കുകതന്നെ വേണം. സർക്കാരിനെ ആശ്രയിക്കുന്നതിൽ തെറ്റൊന്നുമില്ല.
സഭയിലെ
വിഭാഗീയതയെപ്പറ്റിയുള്ള ആശങ്കയാണ് സർക്കുലറിലെ മറ്റൊരു വിഷയം. എന്നാൽ എന്ത്
വിഭാഗീയതയെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നില്ല. പൗരസ്ത്യ കാനോൻ നിയമം
വിശ്വാസികളറിയാതെ സഭയിൽ നടപ്പാക്കിയതാണ് വിഭാഗീയതയ്ക്കുള്ള ഒരു കാരണം. അങ്ങനെ
സമ്പത്തിൻറെ കുത്തകാവകാശം ഏറ്റെടുത്ത് മെത്രാന്മാർ ഇന്ന് മേനിനടിക്കുകയും
ചെയ്യുന്നു. സഭയിൽ അരാജത്വം ഉണ്ടെന്ന് സർക്കുലർ പറയുന്നു. ആരാണ് സഭയിൽ അരാജകത്വം
സൃഷ്ടിച്ചത്? 1992 -ലെ കാനോൻ നിയമമാണ് ഒന്നാമത്തെ വഞ്ചന.
ബഹുഭൂരിപക്ഷമുള്ള ഇന്ത്യൻ ദളിതരെ അടിസ്ഥാനമാക്കി പറഞ്ഞുപറ്റിച്ച ന്യൂനപക്ഷ
വഞ്ചനയാണ് രണ്ടാമത്തെ കൊടിയവഞ്ചന. ഇത്തരം
വഞ്ചനകൾ നടത്തിയവരാണ് അരാജകത്വം സഭയിൽ ഉണ്ടാക്കുന്നത്. സത്യം ഇതായിരിക്കെയാണ്
അരാജകത്വം സൃഷ്ടിക്കുന്നവരുടെമേൽ നടപടി സ്വീകരിക്കുമെന്നുള്ള താക്കീതോടെ മാർ
ആലഞ്ചേരി സർക്കുലർ ഇറക്കിയിരിക്കുന്നത്. അല്മായരെ പോലീസ് സ്റ്റേഷനിൽ
പിടിച്ചിടുകയും നീതിയ്ക്കുവേണ്ടി നിലകൊള്ളുന്ന അച്ചന്മാരെയും കന്ന്യാസ്ത്രികളെയും
നല്ലപാഠം പഠിപ്പിക്കാൻ സർക്കുലർ ഇറക്കുകയും ചെയ്യുന്ന വിചിത്ര അവസ്ഥ! അടിമത്വത്തിൻറെ നുകത്തിൽനിന്നും
പുത്രസ്വീകാര്യത്തിൻറെ സ്വാതന്ത്യത്തിലേക്കുവന്ന ഞങ്ങളെ വീണ്ടും അടിമകളാക്കരുത്
എന്ന സിനഡ് മെത്രാന്മാരോടുള്ള അഭ്യർത്ഥനയോടെ ദേവസ്യാസാർ വിഷയാവതരണം
അവസാനിപ്പിച്ചു. സാറിൻറെ വിഷയാവതരണത്തിനുശേഷം കോൺഫെറൻസിൽ സംബന്ധിച്ചവർ പല
വിഷയങ്ങളെ സംബന്ധിച്ചും ആരോഗ്യകരമായ ചർച്ച നടത്തുകയുണ്ടായി.
അടുത്ത ടെലികോൺഫെറൻസ് മാർച്ച് 13, 2019
ബുധനാഴ്ച്ച 9 PM
(EST) നടത്തുന്നതാണ്. മുഖ്യ പ്രഭാഷക: സിസ്റ്റർ ലൂസി കളപ്പുര, FCC. വിഷയം:
"കേരളത്തിലെ കന്ന്യാസ്ത്രി ജീവിതം".
No comments:
Post a Comment