Translate

Friday, March 1, 2019

ഭൂമി കുംഭകോണവും ചർച്ച് ബില്ലും


ഷൈജു ആന്റണി

ചർച്ച് ആക്ട്, ചർച്ച് ബില്ല് എന്നിവ ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള അതേരീതിയിൽ നടപ്പിലാക്കണമെന്ന ചിന്താഗതി ഉള്ള ആളല്ല ഞാൻ. എന്നാൽ അത് നടപ്പിൽ വരുത്തുന്നതിന് വേണ്ടി ബില്ലിന്റെ ആമുഖത്തിൽ ഉന്നയിച്ചിരിക്കുന്ന ആശങ്കകൾ നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
കെസിബിസിയുടെ സർക്കുലറിൽ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവും എന്ന രീതിയിൽ പറഞ്ഞിരിക്കുന്നത് വിശ്വാസികളെ ആശങ്കയിലാഴ്ത്തുവാനും അതുവഴി ഒരു ബിൽ വിരുദ്ധ വികാരം രൂപപ്പെടുത്തുവാനും വേണ്ടിയുള്ള ആസൂത്രിത തന്ത്രം മാത്രമാണെന്ന് പറയാതെ വയ്യ. സഭയുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് നിലവിൽ സമഗ്രമായ ഒരു നിയമങ്ങളും ഇല്ല എന്നതാണ് സത്യം. കത്തോലിക്കാ സഭയുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് ഈ രാജ്യത്തെ നിയമങ്ങൾക്ക് അനുസരിച്ച് അല്ല എന്ന് മനസ്സിലാക്കാൻ 'ആലഞ്ചേരി ഭൂമി കുംഭകോണ'ത്തിൽ കോടതിയിൽ നടന്ന വാദമുഖങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് ബിഷപ്പിന് ഇഷ്ടമുള്ളതുപോലെ കൈകാര്യം ചെയ്യാം എന്നുമായിരുന്നു ഹൈക്കോടതിയിൽ കർദ്ദിനാളിന്റെ വാദം. സഭയുടെ സ്വത്ത് കൈകാര്യം ചെയ്യാൻ സിവിൽ നിയമങ്ങളല്ല കാനൺ നിയമങ്ങൾ മാത്രമാണ് ബാധകമാവുക എന്നും കർദിനാൾ വാദിച്ചു. എന്നാൽ കാനൻ നിയമത്തിൽ alienation of temporal goods എന്ന ഭാഗത്ത് ഒരു വസ്തു വിൽക്കുവാൻ അവശ്യം വാങ്ങിയിരിക്കേണ്ട ചില അനുവാദങ്ങളെ കുറിച്ചല്ലാതെ വസ്തു വിൽക്കാൻ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പറയുന്നില്ല.
അതുകൊണ്ടാണ് ഒരു പള്ളിയിൽ ദാനമായി കിട്ടുന്ന കോഴിമുട്ട വിൽക്കുവാൻ നമ്മൾ ലേലം ചെയ്യുകയും കോടിക്കണക്കിന് രൂപയുടെ സ്വത്ത് ആരുമറിയാതെ സ്വകാര്യമായി വിൽക്കുകയും ചെയ്യുന്നത്. സഭയുടെ ഭൂമി വിൽക്കാനുണ്ട് എന്ന പരസ്യപ്പെടുത്തുകയും, ഇടവകകളിൽ വിളിച്ചുപറയുകയും, ടെണ്ടർ ക്ഷണിക്കുകയും, ലേലം ചെയ്യുകയും ചെയ്യേണ്ടതല്ലേ? ഒരു ഭൂമി വിൽക്കേണ്ടത് എങ്ങനെയെന്നോ വിൽപനയുടെ പ്രൊസീജിയർ എന്ത് എന്നോ നിഷ്കർഷിക്കുന്ന ഒരു നിയമവും നിലവിലില്ല.
ആകെ ഉള്ളത് ഏതാനും ഔദ്യോഗിക സമിതികളുടെ അംഗീകാരം വാങ്ങണം എന്നത് മാത്രമാണ്. അധികാരികൾ തന്നെ തിരഞ്ഞെടുത്ത സമിതികൾ ആയതിനാൽ പലപ്പോഴും വില്പനയ്ക്ക് ശേഷമാണ് അംഗീകാരം വാങ്ങുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. 'ആലഞ്ചേരി ഭൂമി കുംഭകോണ'ത്തിൽ ഇത്തരം സംഭവങ്ങൾ അനായാസം ചൂണ്ടിക്കാണിക്കാനാകും. മാത്രമല്ല ഇത്തരം അനുമതികൾ വാങ്ങിയില്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടവർ എന്തു കുറ്റം ചെയ്തു എന്നോ ആ കുറ്റത്തിന് ലഭിക്കേണ്ട ശിക്ഷ എന്ത് എന്നോ കാനോൻ നിയമം പറയുന്നില്ല. എന്തുതന്നെ ആയാലും ഇപ്പോൾ നിലവിൽ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ഒരു നിയതമായ ചട്ടക്കൂടില്ല എന്നതു സത്യം തന്നെയാണ്. കെസിബിസിയുടെ സർക്കുലർ ഈ സത്യം മറച്ചുവച്ചുകൊണ്ടാണ് എന്നോ മറച്ച് വെക്കാനാണ് എന്നോ കരുതേണ്ടിവരും. വിശ്വാസികളെ പ്രകോപിപ്പിക്കലാണ് സർക്കുലറിന്റെ ലക്ഷ്യം.
ഇതേ പ്രസ്താവനയുടെ രണ്ടാം പേജിൽ സഭാ വസ്തുക്കളുടെ കൈമാറ്റം സംബന്ധിച്ച് കാനൺ നിയമങ്ങളാണ് ബാധകം എന്ന് പറഞ്ഞിരിക്കുന്നതുതന്നെ ആദ്യ വാചകങ്ങളിൽ നിന്നുള്ള മലക്കം മറിച്ചിലാണ്.
ഇതുസംബന്ധിച്ച കാനൺ നിയമങ്ങൾ സഭാധികാരികൾക്ക് സഭാ സ്വത്തുക്കൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ അനുവാദം നൽകുന്നതാണ്. സ്വകാര്യ കച്ചവടങ്ങൾക്ക് വഴിവയ്ക്കുന്നതും സ്വാർത്ഥതാൽപര്യങ്ങൾക്ക് കുടപിടിക്കുന്നതുമാണ്.
'ആലഞ്ചേരി ഭൂമി കുംഭകോണ'വുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ വെളിച്ചത്തിൽ ഒരു കാര്യം തറപ്പിച്ച് പറയാൻ ആകും. ഇത്തരം കാര്യങ്ങൾ സഭയിലോ സഭയ്ക്ക് പുറത്തോ ഫലപ്രദമായി ചോദ്യംചെയ്യാൻ ഇപ്പോൾ ഒരു നിയമങ്ങളും നിലവിലില്ല.

No comments:

Post a Comment