2019 മാര്‍ച്ച് 13, ബുധനാഴ്ച്ച 'കെ.സി.ആര്‍.എം- നോര്‍ത്ത് അമേരിക്ക' നടത്തിയ പതിനഞ്ചാമത് ടെലി-കോണ്‍ഫറന്‍സില്‍,
'കേരളത്തിലെ
കന്യാസ്ത്രീ ജീവിതം' എന്ന വിഷയം
അവതരിപ്പിച്ചപ്പോഴാണ്, ഇളംപ്രായത്തില്‍ത്തന്നെ
പെണ്‍കുട്ടികളെ വ്രതവാഗ്ദാനം നടത്തിച്ച് കന്യാസ്ത്രീകളാക്കുന്ന സമ്പ്രദായം
അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര എഫ്.സി.സി അഭിപ്രായപ്പെട്ടത്.
പെണ്‍കുട്ടികള്‍ക്ക് പതിനഞ്ച് വയസ്സ് ആകുന്നതിനുമുമ്പുതന്നെ അവരെ സ്വാധീനിച്ച്
കന്യാസ്ത്രീകളാക്കാന്‍ പരസ്യങ്ങളില്‍ക്കൂടെയും, വലിയ ആശ്രമങ്ങളില്‍ വിവിധ പ്രോഗ്രാമുകള്‍
സംഘടിപ്പിച്ചും, നല്ല വാഗ്ദാനങ്ങള്‍ നല്‍കിയും
ആകര്‍ഷിക്കുന്ന രീതി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടന്നുകൊണ്ടിരിക്കുന്നു. ഇരുപത്തൊന്നു വയസ്സെങ്കിലും പൂര്‍ത്തിയായ
വ്യക്തികളെമാത്രമേ സന്ന്യാസാശ്രമങ്ങളിലേക്കോ സെമിനാരികളിലേക്കോ സ്വീകരിക്കാവൂ
എന്നാണ് ലൂസി സിസ്റ്റര്‍ അടിവരയിട്ട് പറയുന്നത്.
ഇളംപ്രായത്തില്‍, വ്രതത്രയങ്ങള്‍ പൂര്‍ണ
അറിവോടും വിവേകത്തോടുംകൂടി എടുക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നില്ലെന്നുള്ളതാണ്
കാരണം. സ്വതന്ത്രമനസ്സോടെയാണ് വ്രതങ്ങള്‍ എടുക്കുന്നത് എന്ന് പറയുമ്പോഴും ഭൂരിഭാഗം
കുട്ടികള്‍ക്കും വ്യക്തതയോ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനുള്ള കഴിവോ
രൂപപ്പെടുന്നില്ല എന്നതാണ് വസ്തുത. വാസ്തവത്തില്‍, ദാരിദ്ര്യം, അനുസരണം, കന്യകാത്വം എന്നീ
വ്രതങ്ങള്‍ സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൂര്‍ണതയിലേക്ക് എത്താനുള്ള
മാര്‍ഗമാണ്. ലോകത്തിന്റെ അതിര്‍ത്തികളില്‍വരെയെത്തി നന്മചെയ്യാനുള്ള
സ്വാതന്ത്ര്യമാണ് അവ ലക്ഷ്യമിടുന്നത്. പക്ഷേ, സംഭവിക്കുന്നത്, എല്ലാ സ്വാതന്ത്ര്യവും
മനുഷ്യാവകാശങ്ങള്‍പോലും ഈ വ്രതവാഗ്ദാനത്തിലൂടെ അന്യമാകുന്നു എന്നതാണ്. ദൈവത്തിന്റെ
ഇഷ്ടത്തിനാണെന്നു പറഞ്ഞുകൊണ്ടുള്ള പരിശീലനം ഒരു കുഴലിലൂടെ കടത്തിവിടുന്നതുപോലെയാണ്.
വ്രതത്രയങ്ങളെ മറ്റൊരു രീതിയില്‍ക്കണ്ട് അടിച്ചമര്‍ത്തലും അടിമത്തവുമാക്കി
മാറ്റുകയാണ് ചെയ്യുന്നത്. തന്മൂലം, നട്ടെല്ലോടെ ഒരഭിപ്രായം പറയാന്‍പോലും സാധിക്കാത്ത
മാനസികാവസ്ഥയിലെത്തുന്നു, കന്യാസ്ത്രീകള്‍. അനുസരണത്തിന്റെ പേരിലുംമറ്റും മാനസികമായി
നീറിനീറി ജീവിക്കുന്ന, തീരാരോഗങ്ങള്‍ക്ക്
അടിമകളായിത്തീര്‍ന്ന അനേകം കന്യാസ്ത്രീകള്‍ സഭയിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍,
സ്വാതന്ത്ര്യം വിളംബരംചെയ്യേണ്ട വ്രതങ്ങള്‍ അടിച്ചമര്‍ത്തലിന്റെയും
മനുഷ്യാവകാശലംഘനത്തിന്റെയും ഉപാധികളായിരിക്കുന്നു - സിസ്റ്റര്‍ ലൂസി പറഞ്ഞു.
മറ്റൊരുകാര്യം, കന്യാസ്ത്രീകള്‍
നേരിടുന്ന പൗരോഹിത്യമേധാവിത്വമാണ്. കന്യാസ്ത്രീകള്‍ ഇടവകകളില്‍ സേവനംചെയ്യുമ്പോള്‍
അത് വികാരിയച്ചന്റെമാത്രം ഇഷ്ടപ്രകാരം ആകേണ്ടിവരുന്നു. കന്യാസ്ത്രീകളുടെ
അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല.
ശക്തമായി പറഞ്ഞാല്‍ മോശക്കാരിയായി ചിത്രീകരിക്കുകയായി. ഒരു ഇടവകയില്‍നിന്ന് അവിടത്തെ വൈദികന്റെ നടപടികാരണം
ജീവനോടെ ഓടിപ്പോകേണ്ടിവന്ന അനുഭവവും സിസ്റ്റര്‍ പങ്കു വയ്ക്കുകയുണ്ടായി. ഇത്തരം
ദുരനുഭവങ്ങള്‍ ഒഴിവാക്കാനായിരിക്കണം, 'ഞങ്ങള്‍ അടിമകളായി ഇരുന്നുകൊള്ളാം' എന്നാണ് സന്ന്യാസിനീസമൂഹങ്ങള്‍
ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്!
പൗരോഹിത്യമേധാവിത്വത്തിന്റെ വേറൊരു വശമാണ് ലൈംഗികചൂഷണം. സ്ത്രീക്കും പുരുഷനും ലൈംഗികത ദൈവം
കോടുത്തിട്ടുണ്ട്. അത് പൗരോഹിത്യം ഏറ്റെടുക്കുന്ന ദിവസമോ വ്രതവാഗ്ദാനം നടത്തുന്ന
ദിവസമോ ശരീരത്തില്‍നിന്നും മുറിച്ചുമാറ്റപ്പെടുന്നില്ല. പ്രത്യേകിച്ച് ചെറുപ്രായത്തില്‍, ആരെങ്കിലും പ്രലോഭിപ്പിച്ചിട്ടുണ്ടെങ്കില്‍
വീണുപോകാന്‍ ഏറെ സാധ്യതകള്‍ ഉണ്ട്. പ്രായവ്യത്യാസമില്ലാതെ വൈദികര്‍ക്ക് ലൈംഗിക
അടിമകളാകുന്ന ധാരാളം കന്യാസ്ത്രീകളുണ്ട്. അതിനുള്ള സാഹചര്യങ്ങളും ധാരാളമുണ്ട്.
ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും ആരോടും പറയാന്‍ സാധിക്കുകയില്ല. അധികാരികളോടു
പറഞ്ഞാല്‍, അത് പറയുന്ന
സിസ്റ്ററിന്റെ കുറ്റമാണെന്നു പറയുകമാത്രമല്ല, അവര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കുകയുംചെയ്യും.
കന്യാസ്ത്രീകളുടെ ഇത്തരം അവസ്ഥ തിരുത്തിയേ പറ്റൂ. കന്യാസ്ത്രീകള്‍ അവര്‍ക്ക്
സംഭവിച്ചിട്ടുള്ള ലൈംഗിക ചൂഷണങ്ങളേപ്പറ്റി തുറന്നുപറഞ്ഞിരുന്നെങ്കില്‍ ഈ
ദുരന്തത്തിന് ഒരു ശമനം ഉണ്ടാകുമായിരുന്നു.
വ്രതത്രയങ്ങളില്‍ അനുസരണത്തെയാണ് എപ്പോഴും മുഴപ്പിച്ചുകാട്ടുന്നത്. എന്തു
പറഞ്ഞാലും അനുസരിച്ചോളുക. അനുസരണത്തിന്റെപേരില്‍ നന്മചെയ്യാന്‍പോലും അനുവാദം
കിട്ടാത്ത ദയനീയ സാഹചര്യങ്ങളില്‍ക്കൂടി താന്‍ കടന്നുപോയിട്ടുണ്ടെന്ന് സിസ്റ്റര്‍
ലൂസി പറഞ്ഞു. യേശുക്രിസ്തുവിന്റെ പഠനങ്ങള്‍ പാവപ്പെട്ട മനുഷ്യരിലേക്ക്
എത്തിക്കുന്നതിന്, 'അനുവാദം', 'അനുവാദം' എന്നു പറഞ്ഞ് തടസ്സംനില്‍ക്കുന്ന ഒന്നായിരിക്കരുത,് അനുസരണം എന്ന വ്രതം.
അനുസരണത്തിന്റെയും ദാരിദ്ര്യത്തിന്റെയുംപേരില്‍ മനുഷ്യത്വരഹിതമായ പല
പാരമ്പര്യങ്ങളും ഇന്നും സന്ന്യാസിനീസമൂഹങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
കന്യാസ്ത്രീകള്‍ക്ക് അത്യാവശ്യം പോക്കറ്റ്മണിപോലും നല്‍കാതിരിക്കുക,
അവരുടെ
സഹോദരന്റെയോ അനുജത്തിയുടെയോ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുക
എന്നിങ്ങനെ, മാറ്റപ്പെടേണ്ട പല
പാരമ്പര്യങ്ങളുമുണ്ട്. ഒരു 1000 രൂപാ പോക്കറ്റ്
മണിയായി നല്‍കിയാല്‍ അതുംകൊണ്ട് ആരെങ്കിലും പോകുമോ? പട്ടംകൊടുക്കല്‍ ശുശ്രൂഷയ്ക്ക് എവിടെയും പോകാമെന്നിരിക്കെ, അതിലും ശ്രേഷ്ഠമായ വിവാഹമെന്ന കൂദാശയില്‍
പങ്കെടുക്കുന്നത് എന്തിനു നിരോധിക്കണം? നമ്മളെല്ലാവരും
പൊതുപൗരോഹിത്യത്തില്‍ പങ്കുചേരുന്നവരാണ്. അതുവഴി, കുടുംബജീവിതം
നയിക്കുന്നവരും പൗരോഹിത്യധര്‍മമാണ് നിര്‍വഹിക്കുന്നത്.
സന്ന്യാസം ഇന്ന് അടിമത്തത്തിന്റെ ഒരു
മേഖലയില്‍ക്കൂടിയാണ് കടന്നുപൊയ്‌കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍,
സന്ന്യാസജീവിതം അടിമത്തമല്ല; സ്വാതന്ത്ര്യമാണ്. കുടുംബജീവിതംപോലും ഉപേക്ഷിച്ച് സ്വതന്ത്രരായി പാറിപ്പറന്നു
പ്രവര്‍ത്തിക്കേണ്ട സന്ന്യാസജീവിതത്തെയാണ,് 'അനുസരണം' എന്ന വ്രതത്തിന്റെപേരില്‍ സര്‍വസ്വാതന്ത്ര്യത്തെയും
അധികാരികളുടെ കാല്‍ച്ചുവട്ടില്‍ ദക്ഷിണ വയ്ക്കേണ്ട ഒന്നാക്കിയിരിക്കുന്നത്!
യേശുക്രിസ്തുവിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കി ജീവിക്കാന്‍നോക്കുന്നവരെ
സഭാവിരോധികളായി മുദ്രകുത്തും. ധാരാളം കന്യാസ്ത്രീകള്‍ സഭവിട്ട് പോയിട്ടുണ്ട്.
അവരിലധികംപേരും പോയത് മാനസികപീഡനങ്ങള്‍കൊണ്ടാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍, സത്യം
കേള്‍ക്കാന്‍ ആരുമില്ല. അവരുടെ സന്ന്യാസവ്യക്തിത്വത്തെ ഉള്‍ക്കൊള്ളാന്‍
സഭാനേതൃത്വത്തിന് സാധിക്കുന്നില്ല. 'നീയൊക്കെ ഇവിടെനിന്നൊന്ന് പോയിത്താടീ'യെന്നുപറഞ്ഞുള്ള മേലധികാരിയുടെ വഴക്കുകേള്‍ക്കാന്‍ ഇടയായ
പാവപ്പെട്ട വീട്ടിലെ ഒരു സിസ്റ്റര്‍ മനോവേദനയോടെ സഭയുടെ പടിയിറങ്ങിപ്പോയ ഒരു സംഭവം
അവര്‍ അനുസ്മരിച്ചു.
ദൈവവേലയ്ക്കായി നിയോഗിക്കപ്പെട്ടവര്‍ എന്ന് ലോകത്തോട് വിളംബരംചെയ്യുന്ന ഒരു
വസ്ത്രമാണ് കന്യാസ്ത്രീവസ്ത്രം. ഒരു കാലഘട്ടത്തില്‍ അത് ആവശ്യമായിരുന്നിരിക്കാം.
എന്നാല്‍, കേരളത്തിന്റെ ഇന്നത്തെ
പ്രത്യേക കാലാവസ്ഥയ്ക്കു ചേരുന്നതും, ഭാരതസംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നതുമായ
ചൂരിദാര്‍പോലെയുള്ള ലളിതമായ ഒരു സന്ന്യസ്തവസ്ത്രം ധരിക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക,് പ്രത്യേകിച്ച് ആരോഗ്യസംബന്ധമായി പ്രശ്‌നങ്ങളുള്ളവര്‍ക്ക,് അത് അനുവദിക്കുക എന്ന നിലപാട് ഇനിയെങ്കിലും
സഭാമേലധികാരികള്‍ സ്വീകരിക്കേണ്ടതാണ്. സന്ന്യാസവൈദികര്‍ക്കും മറ്റുവൈദികര്‍ക്കും
ഏതു വസ്ത്രം ധരിച്ചും യാത്രകളുംമറ്റും ചെയ്യാമല്ലോ. ഈ ഇരട്ടത്താപ്പുനയം മാറ്റേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്.
ഇനിയുള്ളകാലം വസ്ത്രംകൊണ്ടല്ല ജീവിതശൈലികൊണ്ടാണ് സന്ന്യസ്തരെ തിരിച്ചറിയേണ്ടത്.
ഒരു പ്രത്യേക കാലഘട്ടത്തില്‍, ദാരിദ്ര്യത്തിന്റെ
ആധിക്യംകൊണ്ട് മാതാപിതാക്കള്‍ തള്ളിവിട്ടവരും, തനിക്കുവേണ്ടി മാതാപിതാക്കള്‍ക്ക് ഒന്നുംചെയ്യാന്‍
സാമ്പത്തികമായി കഴിവില്ല എന്ന ചിന്താഗതികൊണ്ടോ
മഠത്തില്‍നിന്നുള്ള മോഹനവാഗ്ദാനങ്ങളില്‍ ആകൃഷ്ടരായോ മഠങ്ങളില്‍ ചേര്‍ന്നവരും
ധാരാളമുണ്ട്. സന്ന്യാസജീവിതത്തില്‍ അവര്‍ എന്നും അസംതൃപ്തരായിരിക്കും. മൗനികളായി
മുഖമിടുമ്പിച്ചുപോയ ധാരാളം കന്യാസ്ത്രീകള്‍
മഠങ്ങളിലുണ്ട്. ഇതെല്ലാം സഭ പുലര്‍ത്തുന്ന നെഗറ്റീവായ സമീപനത്തിന്റെ ഫലമാണ്. അതു
മാറ്റുകതന്നെവേണം. 'അരുത്' എന്ന നെഗറ്റീവ് മനോഭാവത്തെ മാറ്റി 'ചെയ്യണം' എന്ന പോസിറ്റീവ് മനോഭാവത്തെ സഭ ഉള്‍ക്കൊള്ളണം. എങ്കില്‍മാത്രമേ, കന്യാസ്ത്രീജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ.
എല്ലാക്കാലത്തും സഭയിലും സന്ന്യാസജീവിതത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍
ഉണ്ടായിട്ടുണ്ട്. കേരളസഭയിലും മാറ്റങ്ങള്‍ വരും എന്ന ശുഭാപ്തിവിശ്വാസം
പ്രകടിപ്പിച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി തന്റെ പ്രഭാഷണം അവസാനിപ്പിച്ചു.
തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍, പെണ്‍കുട്ടികളെ മഠങ്ങളിലേക്ക്
റിക്രൂട്ടുചെയ്യുന്ന രീതി, കന്യാസ്ത്രീകള്‍
നേരിടുന്ന പൗരോഹിത്യമേധാവിത്വം,
അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങളുടെ അര്‍ത്ഥം, കന്യാസ്ത്രീ ജീവിതത്തിലെ ദുരിതങ്ങള്‍, ലൈംഗികചൂഷണങ്ങള്‍, കന്യാസ്ത്രീവസ്ത്രം, കാലഹരണപ്പെട്ട പാരമ്പര്യങ്ങള്‍, സന്ന്യാസിനീസമൂഹങ്ങളില്‍ വരുത്തേണ്ട നവീകരണം മുതലായ
കാര്യങ്ങളില്‍ സിസ്റ്റര്‍ ലൂസി പ്രകടിപ്പിച്ച വീക്ഷണങ്ങളോട് എല്ലാവരും നൂറുശതമാനം യോജിപ്പ് പ്രകടിപ്പിക്കുകയാണ്
ചെയ്തത്. അവരുടെ വിപുലമായ അറിവും വിശകലനവൈഭവവും ദീര്‍ഘവീക്ഷണവും ആശയാവതരണമികവും
ധീരതയും സത്യസന്ധതയും പ്രസന്നതയും നീതിക്കുവേണ്ടി പൊരുതാനുള്ള ശക്തമായ
ഇച്ഛാശക്തിയും ശ്ലാഘിക്കപ്പെട്ടു. ലൂസി സിസ്റ്ററിന്റെ സല്‍ഗുണങ്ങളെയും കഴിവുകളെയും
സസന്തോഷം ആദരിച്ച് സ്വന്തമാക്കുന്നതിനുപകരം, അവരുടെ സന്ന്യാസിനീസമൂഹം, അവരെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാന്‍ വെമ്പല്‍
കൊള്ളുന്നുവെന്നത്, സഭാനേതൃത്വത്തിന്റെ
ആദ്ധ്യാത്മികപാപ്പരത്തത്തെ മാത്രമാണു തുറന്നുകാട്ടുന്നതെന്നും, അവരതില്‍ വിജയിച്ചാല്‍, അവര്‍ക്കു
നഷ്ടപ്പെടാന്‍ പോകുന്നത് ഒരു അമൂല്യരത്‌നത്തെയായിരിക്കുമെന്നും, ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചാ പരിപാടിയില്‍ അമേരിക്കയുടെയും
കാനഡയുടെയും വിവിധ സ്റ്റേറ്റുകളില്‍നിന്നായി 75-ലേറെ പേര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍കൊണ്ട് ഏറെ
സജീവമായിരുന്ന ഈ ടെലി-കോണ്‍ഫറന്‍സ് വിദഗ്ധമായി മോഡറേറ്റു ചെയ്തത,് പതിവുപോലെ ശ്രീ എ.സി. ജോര്‍ജ് ആയിരുന്നു.
ചാക്കോ കളരിക്കല്‍
(ജന. കോ-ഓര്‍ഡിനേറ്റര്‍)
No comments:
Post a Comment