റവ. യൂഹാനോന്‍ റമ്പാന്‍ ഫോണ്‍: 9645939736
(ഡയറക്ടര്‍, MACCABI)
വിശ്വസാഹിത്യകാരന്‍
വിക്ടര്‍ ഹ്യൂഗോ ഒരിക്കല്‍ ഇപ്രകാരം എഴുതി: 'പരിപക്വമായ ഒരാശയത്തെ തടഞ്ഞുനിര്‍ത്താന്‍ എത്ര പ്രബലമായ സൈന്യത്തിനും
സാധ്യമല്ല'എന്ന്. 'ചര്‍ച്ച് ആക്ട്'
- നുവേണ്ടി, അഥവാ സഭാസ്വത്തുനിയമത്തിനുവേണ്ടിയുള്ള
സമരം ഇത്തരത്തിലുള്ള പരിപക്വമായ ഒരു ആശയസമരമാണ്. അതുകൊണ്ടുതന്നെ
എത്ര പ്രബലന്മാരായവര്‍ അതിനെതിരെ വന്നാലും അതു നിലനില്‍ക്കുക തന്നെചെയ്യും.
സ്വതന്ത്ര
ഇന്ത്യയുടെ നിലനില്‍പ്പും വളര്‍ച്ചയും
ലക്ഷ്യമാക്കി ഭരണഘടനാശില്‍പ്പികള്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടന
ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭരണഘടനയാണ്. ഇന്ത്യയുടെ നാനാത്വത്തിലേക്കു
ഇറങ്ങിച്ചെന്ന് അതിന്റെ വൈവിധ്യങ്ങളെ സംരക്ഷിച്ചുകൊണ്ട് അതിലെ ഓരോ മേഖലയിലും
നിയമവിധേയമായ രീതിയില്‍ വ്യക്തികളുടെയും സംഘടനകളുടെയും മതങ്ങളുടെയും എല്ലാ
അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ നമ്മുടെ ഭരണഘടന വളരെ ശ്രദ്ധ കൊടുത്തിട്ടുണ്ട്.
ഇത്തരത്തിലുള്ള ഭരണഘടനാപരമായ ശ്രദ്ധയുടെ ഭാഗമാണ്, മതസ്വാതന്ത്ര്യം എന്നത്. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഭരണഘടനയുടെ
അടിസ്ഥാനതത്ത്വങ്ങള്‍ക്ക് വിപരീതമല്ലാത്ത ചിന്തകളോടും പ്രവര്‍ത്തനങ്ങളോടുംകൂടിയ
ഏതു മതത്തിലും വിശ്വസിക്കുവാനും അതു പ്രചരിപ്പിക്കുവാനും അതിന്റെ കീഴില്‍ സ്വത്തു
സമ്പാദിക്കുവാനും ആ സ്വത്തു ക്രയവിക്രയം ചെയ്യുവാനുമെല്ലാം അവകാശമുണ്ട്.
ഭരണഘടന നല്‍കുന്ന ഈ
മതസ്വാതന്ത്യം പക്ഷേ, ഭരണഘടന
വിവക്ഷിച്ചിരിക്കുന്നതുപോലെമാത്രമേ
അവകാശപ്പെടാനാവൂ. അല്ലെങ്കില്‍
ഇന്ത്യ ഒരു റിപ്പബ്ലിക്ക് ആണ് എന്നുള്ള ആശയത്തിന് അതു വിരുദ്ധമായിത്തീരും.
ചുരുക്കി പറഞ്ഞാല്‍, മതങ്ങള്‍ക്ക് നിയമത്തിനു വിധേയമായി മാത്രമേ ഇന്ത്യയില്‍
പ്രവര്‍ത്തിക്കുവാന്‍ അധികാരമുള്ളു.
ഇത്തരത്തില്‍
മതങ്ങളുടെ നിയമവിധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിയമങ്ങള്‍ പാര്‍ലിമെന്റോ
നിയമസഭയോ നിര്‍മ്മിച്ചുകൊടുക്കണം എന്ന നിര്‍ദ്ദേശവും ഭരണഘടനയിലുണ്ട്. മതങ്ങളുടെ
സ്വത്തുസംബന്ധമായ വിഷയത്തില്‍ ഓരോ മതത്തിനും അനുയോജ്യമായ നിയമങ്ങള്‍ നിര്‍മ്മിച്ചു
കൊടുക്കുവാന്‍ ഭരണഘടനയുടെ 26(റ) വകുപ്പ് അനുശാസിക്കുന്നുണ്ട്.
അതിന്‍പ്രകാരം നിര്‍മ്മിക്കപ്പെട്ട വിവിധ നിയമങ്ങള്‍ ആണ് ഹിന്ദുക്കള്‍ക്ക്
വേണ്ടിയുള്ള ഹിന്ദു ആക്ട്, മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ള
വക്കഫ് ആക്ട്, സിഖ്കാര്‍ക്കുവേണ്ടിയുള്ള ഗുരുദ്വാര ആക്ട്
മുതലായവ.
എന്നാല്‍ നിര്‍ഭാഗ്യകരമെന്നു
പറയട്ടെ, ക്രിസ്ത്യാനികള്‍ക്കുവേണ്ടി
ഒരു സ്വത്തുനിയമം ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ഇത്, റിപ്പബ്ലിക്
എന്ന ആശയത്തോടുതന്നെ കാണിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനം ആണ്.
ക്രൈസ്തവ
അല്മായസംഘടകളുടെ നേതൃത്വത്തില്‍ വളരെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍
2009-ല്‍, അന്നത്തെ 'കേരള ലോ റീഫോം കമ്മീഷന്‍' ചെയര്‍മാന്‍ ജസ്റ്റീസ് V. R കൃഷ്ണയ്യരുടെ
നേതൃത്വത്തില്‍ തയ്യാറാക്കിയ 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച്
പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ്
ബില്‍ -2009' അന്നത്തെ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവസഭകളില്‍ സ്വത്തു ഭരണത്തിന് ഒരു ജനാധിപത്യ ചട്ടക്കൂട് നിര്‍മ്മിക്കുകയും
അതുവഴി പള്ളിസ്വത്തുക്കളുടെ യഥാര്‍ത്ഥ അവകാശികളായ
വിശ്വാസികള്‍ക്ക്
സ്വത്തുക്കളിന്മേല്‍ ഉടമസ്ഥാവകാശം ഉറപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഈ
ചര്‍ച്ച് ട്രസ്റ്റ് ബില്‍.
അടിസ്ഥാനഘടകമായ
ഇടവകയില്‍ പൊതുയോഗംചേര്‍ന്ന് തിരഞ്ഞെടുക്കുന്ന ഇടവക പ്രതിനിധികള്‍ വഴി
ഇടവകതലത്തിലും, രൂപത/ഭദ്രാസന
തലത്തിലും, അതിരൂപത/
പ്രാദേശിക സഭാതലത്തിലും ട്രസ്റ്റ്
മാനേജിങ് കമ്മിറ്റികള്‍ രൂപീകരിച്ച്, അവയുടെ അധ്യക്ഷമാരായി
വികാരി, മെത്രാന്‍, മേജര്‍ ആര്‍ച്ച്
ബിഷപ്പ്, കാതോലിക്കോസ്, കര്‍ദ്ദിനാള്‍
മുതലായവരെ നിയമിക്കുകയും ചെയ്യുകവഴി സഭാസ്വത്തുക്കളില്‍ വിശ്വാസികളുടെ അവകാശം
സംരക്ഷിക്കുവാന്‍ 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' നിയമം ആക്കുന്നതുവഴി സാധിക്കുന്നു.
കൂടാതെ, വിശ്വാസികളുടെയും, ആത്മീയസേവനം ചെയ്യുന്ന പുരോഹിതര്‍, കന്യാസ്ത്രീകള്‍
തുടങ്ങിയവരുടെയും മൗലികാവകാശസംരക്ഷണവും ഈ
ബില്ലില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ത്രിതലങ്ങളിലായി, സ്വയംഭരണാവകാശമുള്ള ക്രിസ്ത്യന്‍ ട്രസ്റ്റുകളായി, ഇടവകകളും ഭദ്രാസനങ്ങളും ഡിനോമിനേഷനുകളും രൂപാന്തരപ്പെടുന്നതുവഴി, ഇടവക പൊതുയോഗം കേന്ദ്രീകരിച്ചുള്ള ഒരു ഭരണസംവിധാനം ഉണ്ടാകുകയും ഇടവക
പ്പള്ളികളുടെ ഭരണഘടനയും സ്ഥാപനോദ്ദേശ്യവും നിലനില്‍ക്കുകയും ചെയ്യുന്നു.
2009- ലെ V.R
കൃഷ്ണയ്യരുടെ ഈ സഭാസ്വത്തു കരട്‌നിയമത്തെ അനുകൂലിച്ചുകൊണ്ട്
ക്രൈസ്തവസഭകളില്‍ വലിയ മൂവ്‌മെന്റുകള്‍ ഉണ്ടാവുകയും അവരുടെ ആവശ്യങ്ങള്‍
പരിഗണിച്ചുകൊണ്ട് നിയമനിര്‍മ്മാണം നട
ത്തുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയുംചെയ്ത
അവസരത്തിലാണ് പുതിയ ഒരു ബില്ലിന്റെ ആലോചനയുമായി ജസ്റ്റീസ് K.T തോമസ് കമ്മീഷന്‍ രംഗത്തു വരുന്നത്.
ഇതിനെ കമ്മീഷന്റെ സ്വതന്ത്ര അധികാരത്തെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള
നടപടിയായിമാത്രമേ സാധാരണ വിശ്വാസികള്‍ക്ക് കാണുവാന്‍ സാധിക്കയുള്ളു.
പുതിയ ബില്ലിന്റെ
ആവശ്യം ഇല്ലായിരുന്നു. വിശ്വാസികളോ സര്‍ക്കാരോ അങ്ങനെയൊന്ന്
ആവശ്യപ്പെട്ടിരുന്നുമില്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ്
ജനാധിപത്യവിരുദ്ധമായ ഒരു പുതിയ ബില്ലിന്റെ ആലോചന കമ്മീഷന്റെ ഭാഗത്തുനിന്ന്
ഉണ്ടായത് എന്നു ചിന്തിണ്ടേിയിരിക്കുന്നു.
2009-ലെ ചര്‍ച്ച്
ട്രസ്റ്റ് ബില്‍ പാസ്സാക്കുക എന്നത്
കേരളത്തിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളുടെയും ആവശ്യമാണ്. എന്നാല്‍ പുതുതായി കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്ന 2019-ലെ ബില്‍ സഭയിലെ മെത്രാന്മാരുടെ ഫ്യൂഡല്‍ മനോഭാവത്തിനു നിയമസാധുത നല്‍കുവാന്‍മാത്രമാണ്
ഉപകരിക്കുന്നത്.
2009-ലെ ബില്‍നിയമമാക്കുന്നതിനുവേണ്ടിയുള്ള
സമരം കൂടുതല്‍ ശാക്തീകരിക്കുവാനുള്ള സമയമായി. ഇതൊരു ആശയസമരമാണ്. ഇതില്‍ തീര്‍ച്ചയായും
വിശ്വാസികള്‍ക്കായിരിക്കും അവസാനവിജയം.
No comments:
Post a Comment