Translate

Thursday, April 25, 2019

കൊതുകുകളെ അരിച്ചുനീക്കി ഒട്ടകങ്ങളെ വിഴുങ്ങുന്ന FCC സഭാധികൃതര്‍!

സിസ്റ്റര്‍ ലൂസിയെ FCC സഭാധികൃതര്‍ സഭയ്ക്കു പുറത്താക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ ആ അക്രൈസ്തവമായ നടപടിയ്‌ക്കെതിരെ സത്യജ്വാല  മാസികയുടെ ഏപ്രില്‍ ലക്കത്തില്‍ എഡിറ്റര്‍ ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയിട്ടുള്ള എഡിറ്റോറിയല്‍


നിയമങ്ങള്‍ മനുഷ്യന്‍ മനുഷ്യനുവേണ്ടി സൃഷ്ടിക്കുന്നവയാണ്. നിയമം സൃഷ്ടിയും മനുഷ്യന്‍ അതിന്റെ സൃഷ്ടികര്‍ത്താവുമായതിനാല്‍ നിയമത്തിനല്ല, മനുഷ്യനാണ് എക്കാലവും പ്രാധാന്യമുണ്ടാകേണ്ടത് എന്നുവരുന്നു. ഈ സത്യമാണ്, ''സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല'' (മര്‍ക്കോ. 2:27-28) എന്ന പ്രഖ്യാപനത്തിലൂടെ യേശു നമ്മെ പഠിപ്പിച്ചത്.
മനുഷ്യന്‍ സാമൂഹികജീവിയായതിനാല്‍ സമൂഹത്തിന്റെ ചിട്ടയായ പോക്കിന് നിയമങ്ങളും ചട്ടങ്ങളും ആവശ്യമായിവരും. തീര്‍ത്തും അശിക്ഷിതരായിരുന്ന പഴയനിയമകാലത്തെ യഹൂദജനതയെ ഒന്നിച്ചുകൊണ്ടുപോകുവാന്‍, മോശയ്ക്ക് 'പല്ലിനു പല്ല്, കണ്ണിനു കണ്ണ്' എന്ന വിധത്തില്‍ നിഷ്ഠൂരമായ നിയമങ്ങള്‍ വ്യവസ്ഥാപിക്കേണ്ടിവന്നു. അവയെല്ലാം മോശതന്നെ തന്റെ ജനതയുടെമുമ്പില്‍ നേരത്തെ അവതരിപ്പിച്ച പത്തു ദൈവകല്‍പ്പനകള്‍ക്ക് എതിരായിരുന്നുവെന്ന് അവയെ താരതമ്യംചെയ്തു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം. എന്നാല്‍ യേശു വന്ന്, ദൈവകല്പനകളുടെ അന്തഃസത്ത പുറത്തെടുത്ത് ലളിതമായി അവതരിപ്പിച്ചതോടെ, പുതുതായുണ്ടായ ക്രൈസ്തവസമൂഹത്തില്‍ പഴയനിയമകാല നിയമങ്ങളെല്ലാം അസാധുവായിത്തീര്‍ന്നു. അതുകൊണ്ടാണ് പൗലോസ്ശ്ലീഹാ ഇങ്ങനെ എഴുതിയത്: ''ഇപ്പോഴാകട്ടെ, നാം നിയമത്തില്‍നിന്നു വിമുക്തരാണ്. നമ്മെ അടിമകളാക്കിയിരുന്നവയില്‍നിന്നു നാം മോചനംനേടിയിരിക്കുന്നു. പഴയ ലിഖിതനിയമത്തിന്റെ കീഴിലല്ല, ആത്മാവിന്റെ പുതുജീവനിലാണ് നാം ശൂശ്രൂഷചെയ്യുന്നത്'' (റോമ. 7:6).
'ആത്മാവിന്റെ പുതുജീവ'നെന്നാല്‍ മനുഷ്യന്‍ ആദ്ധ്യാത്മികരൂപാന്തരം പ്രാപിച്ച, ആദ്ധ്യാത്മികാവബോധം നേടിയ അവസ്ഥയാണ്; താനും സകലതും പിതാവായ ദൈവത്തില്‍ ആവസിക്കുന്നു എന്ന ബോധാവസ്ഥയാണ്. ഈ അവസ്ഥയിലുള്ള ജീവിതമെന്നാല്‍, ആ സകലത്തിനെയും സ്‌നേഹിച്ചും ശുശ്രൂഷിച്ചുമുള്ള ജീവിതമാണ്. അതുകൊണ്ടാണ്, അവിടെ നിയമമോ അധികാരപ്രയോഗമോ ഭരണമോ ആവശ്യമില്ലാതെ വരുന്നത്.
ആദ്ധ്യാത്മികാവബോധത്തിലെത്തിയ ഒരു വ്യക്തിയെ സംബന്ധിച്ചും നിയമങ്ങള്‍ അപ്രസക്തമായിത്തീരുന്നു. ആത്മീയതയുടെ സ്‌നേഹോര്‍ജം ആന്തരികനിയമമായി ഒരുവനില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍പ്പിന്നെ, ബാഹ്യനിയമങ്ങള്‍ക്ക് എന്തു പ്രസക്തി? അധികാരപ്രയോഗത്തിന് എന്ത് പ്രസക്തി?
അങ്ങനെ നോക്കുമ്പോള്‍, മനുഷ്യനെ സര്‍വ്വതന്ത്രസ്വതന്ത്രനാക്കുന്ന ഒന്നാണ് ആത്മീയത, അഥവാ പരാര്‍ത്ഥതാഭാവം നിറയ്ക്കുന്ന ആദ്ധ്യാത്മികത എന്നു കാണാം. ഈ സ്വാതന്ത്ര്യം, താന്‍ സ്വയം ആരെന്നു കണ്ടെത്താനും,  തന്റെ ജന്മദൗത്യം എന്തെന്നു മനസ്സിലാക്കാനും, അതിനായി തന്റെ കഴിവുകളും സിദ്ധികളും പരമാവധി വളര്‍ത്താനും, അതെല്ലാം മനുഷ്യകുലത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി സ്വയം മറന്നു സമര്‍പ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തി ജീവിതം സഫലമാക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നു.
അത്തരം മനുഷ്യര്‍, 'പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായി' (എഫേ. 6'11-12) ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിച്ച്, നീതിക്കുവേണ്ടി നിര്‍ഭയം പടവെട്ടുകയും നീതി സ്ഥാപിക്കുന്നതിനായി സ്വജീവന്‍ ബലികൊടുക്കുകവരെ ചെയ്യും. ഇപ്രകാരം ലോകത്തെ സ്വര്‍ഗ്ഗീയമാക്കുന്ന ആത്മീയതയിലേക്കും അതു പ്രദാനം ചെയ്യുന്ന പരമമായ സ്വാതന്ത്ര്യത്തിലേക്കുമാണ് യേശു സകല മനുഷ്യരെയും ക്ഷണിക്കുന്നത്. ഇക്കാര്യമാണ് പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതിയിരിക്കുന്നത്: ''സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉറച്ചു നില്‍ക്കുക. അടിമത്തത്തിന്റെ നുകത്തിനുകീഴില്‍ വീണ്ടും നിങ്ങള്‍ അമരരുത്'' (ഗലാ.5:1).
സുവിശേഷത്തില്‍ വിരചിതമായിരിക്കുന്ന മനുഷ്യസ്വാതന്ത്ര്യത്തിന്റേതായ ഈ മഹോന്നത ക്രൈസ്തവദര്‍ശനം നിലനില്‍ക്കുമ്പോഴാണ്, ആ സ്വാതന്ത്ര്യത്തില്‍ ഉറച്ചുനിന്ന്, സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിച്ച ഏതാനും കന്യാസ്ത്രീകള്‍ക്കെതിരെ 'അനുസരണം, അനുസരണം' എന്നും, 'സഭാനിയമം, സഭാനിയമം' എന്നും ഒച്ചയിട്ടുകൊണ്ട് ചില സുപ്പീരിയര്‍ ജനറല്‍മാരും മെത്രാന്മാരും കേരളത്തില്‍ വാള്‍ ചുഴറ്റി വെളിച്ചപ്പാട് തുള്ളുന്നത്! കുറ്റവാളിയെന്ന് വിധിച്ച് ഒറ്റപ്പെടുത്തി, ആള്‍ക്കൂട്ടത്തെക്കൊണ്ട് മനുഷ്യരെ കല്ലെറിഞ്ഞു കൊല്ലിക്കുകയെന്ന പഴയനിയമപുരോഹിതനയം; അഥവാ, ക്രിസ്തീയതയുടെ നാവില്‍ ആണി അടിച്ചുകയറ്റി മനുഷ്യനെ പച്ചയ്ക്കു കത്തിച്ച് പൗരോഹിത്യം കൊലവിളിച്ചു നടന്ന ഇരുണ്ട നൂറ്റാണ്ടുകളിലെ ആ ഇന്‍ക്വിസിഷന്‍നയം പുതിയ രൂപഭാവങ്ങളണിഞ്ഞ് കേരളസഭയിലേക്കു നുഴഞ്ഞു കയറിക്കൊണ്ടിരിക്കുകയാണോ എന്നു നാം ഭയക്കണം. അന്ന് രാജാക്കന്മാരും മതമേധാവികള്‍ക്കു കീഴ്‌പ്പെട്ടിരുന്നുവെന്നതിനാല്‍, അവര്‍ക്കും മുഴുവന്‍ പ്രജകള്‍ക്കും പൗരോഹിത്യത്തിന്റെ ഈ കൂട്ടക്കുരുതികള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇന്നോ? നവോത്ഥാന മുദ്രാവാക്യങ്ങള്‍ മുഴക്കി, സ്ത്രീശാക്തീകരണത്തിനും സമത്വത്തിനുംവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഒരു ജനാധിപത്യഗവണ്‍മെന്റ് കേരളം ഭരിക്കുമ്പോഴാണ്, ഇവിടത്തെ കത്തോലിക്കാ മതാധികാരികള്‍ ഈ കന്യാസ്ത്രീരത്‌നങ്ങളെ ഒറ്റപ്പെടുത്തി പരസ്യമായി ക്രൂശിക്കാന്‍ നോക്കുന്നത്! ജനാധിപത്യവും പുരോഹിതാധിപത്യത്തിനു കീഴടങ്ങുന്നുവോ? എങ്കില്‍ നാം ഇരട്ടി ഭയപ്പെടേണ്ടിയിരിക്കുന്നു. ഇതൊന്നും കാണാനോ അതിലൊന്നും ഇടപെടാനോ ഇടനല്‍കാതെ, യേശുവിന്റെ പീഡാസഹനത്തെയോര്‍ത്തു വിലപിക്കാന്‍ പള്ളിയങ്കണങ്ങളിലും പൊതുവീഥികളിലും മലഞ്ചെരുവുകളിലും ഒരുക്കിയിരിക്കുന്ന 'കുരിശിന്റെ വഴി'കളിലേക്ക് പൗരോഹിത്യം വിശ്വാസിസമൂഹത്തെ കന്നുകാലിക്കൂട്ടങ്ങളെയെന്നപോലെ ആട്ടിത്തെളിക്കുകയാണ്! എന്തൊരു വിരോധാഭാസം!
പൗരോഹിത്യം എക്കാലത്തും ജനതയുടെപേരില്‍ വ്യക്തികളെ ഒറ്റപ്പെടുത്തിയും കുരുതികഴിച്ചുമാണ് നിലനില്‍ക്കുന്നത്. അതിന്, ജനങ്ങളെ ചതുരുപായങ്ങളും പ്രയോഗിച്ചു കൂടെനിര്‍ത്തുകയും ചെയ്യുന്നു. 'വ്യക്തിയല്ല, സമൂഹമാണ് പ്രധാനം' എന്ന, പെട്ടെന്ന് ശരിയെന്നു തോന്നുന്ന, ന്യായവാദം നിരത്തിയാണ് അവര്‍ കാര്യം സാധിക്കുന്നത്. യേശുവിനെ കൊല്ലുന്നതിനുപിന്നില്‍ അന്നത്തെ മുഖ്യപുരോഹിതനായിരുന്ന കയ്യഫാസ് ഉന്നയിച്ച വാദവും മറ്റൊന്നായിരുന്നില്ല എന്നോര്‍ക്കുക. ''ജനത ഒന്നടങ്കം നശിക്കാതിരിക്കാന്‍ ജനത്തിനുവേണ്ടി ഒരുവന്‍ മരിക്കുന്നതാണ് നല്ലത്'' (യോഹ. 11: 50) എന്ന അയാളുടെ ന്യായവാദം അംഗീകരിക്കപ്പെട്ടതിനേത്തുടര്‍ന്നായിരുന്നുവല്ലോ, യേശുവിനെ എങ്ങനെ വധിക്കാം എന്ന ആലോചനയിലേക്ക് അവര്‍ കടന്നത്.
മെത്രാന്മാരുടെയും സിനഡിന്റെയും ഇടയലേഖനങ്ങളിലും മദര്‍ സുപ്പീരിയര്‍മാരുടെ 'ഷോ-കോസ് നോട്ടീസു'കളിലുമെല്ലാം, നീതിക്കുവേണ്ടി നിലകൊള്ളുന്ന  ചെറുന്യൂനപക്ഷത്തെ എങ്ങനെ പുറത്താ
ക്കാം, എങ്ങനെ ഇല്ലായ്മചെയ്യാം എന്ന ക്രൂരമായ ആലോചനയാണുള്ളതെന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് കാണാനാകും. എന്നാല്‍, മുടിചൂടിനില്‍ക്കുന്ന സഭയ്ക്കുവേണ്ടിയെന്നപോലെ അവര്‍ കാര്യങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു: 'നമ്മുടെ സഭ സ്വച്ഛന്ദസുന്ദരമായി മുന്നോട്ടുപോകുകയാണ്. ഇടയ്ക്കു ചില കറുത്ത ആടുകള്‍ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെപേരില്‍ കശപിശ ഉണ്ടാക്കുന്നു. ബൃഹത്തായ ഈ ദൈവികസഭയ്ക്കുവേണ്ടി, ആ ഒന്നോ രണ്ടോ പേരെ ഒറ്റപ്പെടുത്തി പുറത്താക്കുക'- ഇതാണവര്‍ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശം. സഭാസ്‌നേഹം വിജൃംഭിതമാക്കി, 'അവനെ/അവളെ ക്രൂശിക്കുക' എന്നു ജനങ്ങളെക്കൊണ്ട് വിളിച്ചുപറയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 
വലുതും മഹത്വമേറിയതുമായ സഭയ്ക്കുവേണ്ടി ഏതാനും പേരെ ഒറ്റപ്പെടുത്തി ഇല്ലായ്മചെയ്യുകയെന്ന ഈ പുരോഹിതതന്ത്രമാണ്, ഫ്രാങ്കോവിഷയവുമായി ബന്ധപ്പെട്ടു രംഗത്തെത്തിയ കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്കും അവരെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കും സിസ്റ്റര്‍ ലിസിക്കുമെതിരെ സഭാധികൃതര്‍ ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ദൈവതിരുമുമ്പില്‍ ഒരാള്‍ക്കുപോലും അങ്ങേയറ്റത്തെ പ്രാധാന്യമാണുള്ളത്. കാരണം, ഓരോ എളിയവനിലും വസിക്കുന്നത് ദൈവാത്മാവുതന്നെയാണ്. 'നഷ്ടപ്പെട്ടതായി കരുതപ്പെടുന്ന ഒരാടിനെ കണ്ടെത്താന്‍വേണ്ടി ഒപ്പമുള്ള തൊണ്ണൂറ്റിയൊന്‍പത് ആടുകളെയും വിട്ടിട്ടുപോകൂ' എന്നാണ് യേശുവിന്റെ ശാസന. 'നിങ്ങളുടെയിടയില്‍ അധികാരികള്‍ ഉണ്ടായിരിക്കരുത്' എന്നതാണ് അടുത്ത കല്‍പ്പന. അതുകൊണ്ട്, ഇത് ഒന്നോ രണ്ടോ കന്യാസ്ത്രീകളുടെമാത്രം കാര്യമാണ്, അത് സഭാധികാരികള്‍ അവരുടെ സഭാനിയമങ്ങള്‍ അനുശാസിക്കുന്നതുപോലെ കൈകാര്യംചെയ്തുകൊള്ളട്ടെ എന്നു കരുതി കൈകെട്ടിയിരിക്കുവാന്‍ യഥാര്‍ത്ഥ ക്രൈസ്തവര്‍ക്കു സാധ്യമല്ല. യേശുവിന്റെ കല്‍പ്പനകളെ മറികടക്കാനുദ്ദേശിച്ച് ഏകപക്ഷീയമായി പൗരോഹിത്യം സൃഷ്ടിച്ചുവെച്ചിട്ടുള്ള ഒരു നിയമസംഹിതയെയും അംഗീകരിക്കാനോ അനുസരിക്കാനോ ക്രൈസ്തവസമൂഹത്തിനോ സന്ന്യസ്തസമൂഹങ്ങള്‍ക്കോ ഒരു ബാധ്യതയുമില്ല. അതുകൊണ്ട്, യേശുവിന്റെ കല്‍പ്പനകളുടെ വെളിച്ചത്തില്‍ത്തന്നെവേണം, പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ പ്രശ്‌നത്തെ നാം നോക്കിക്കാണാന്‍.
ഈ വിഷയത്തിലിപ്പോള്‍, യേശുവിന്റെ കല്പനകള്‍ക്കുനേരെ, വിജാതീയ കാനോന്‍നിയമവും അനുബന്ധനിയമങ്ങളും എതിരായി വന്നിരിക്കുന്നു. ഇവിടെ യേശുവിന്റെ അജയ്യത തെളിയിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. റോമന്‍ അധികാരസംവിധാനത്തെ ചൂണ്ടിക്കാട്ടി, 'നിങ്ങളുടെയിടയില്‍ അധികാരികള്‍ ഉണ്ടാകരുത്' എന്നു കല്പിച്ച യേശുവിന്റെ സ്‌നേഹദര്‍ശനത്തെ തകിടംമറിച്ച്, സഭയെ ഒരു അധികാരസാമ്രാജ്യമാക്കിയും മനുഷ്യരെ അധികാരികളും അടിമകളുമാക്കിയും പൗരോഹിത്യം മുന്നോട്ടു കുതിക്കുമ്പോള്‍, തട്ടിവീണുപോകുന്നവരെ താങ്ങിയെടുക്കുകയെന്നത,  യേശുദര്‍ശനത്തെത്തന്നെ താങ്ങിനിര്‍ത്തുന്ന ക്രൈസ്തവധര്‍മ്മമാണ്. അതുകൊണ്ട് രണ്ടോ മൂന്നോ കന്യാസ്ത്രീകളുടെ വിഷയമായല്ല, യേശുവിനെ സഭയിലേക്ക് പുനരാനയിക്കാന്‍ ലഭിച്ച ചരിത്രമുഹൂര്‍ത്തമായി വേണം, ഈ പ്രശ്‌നത്തെ യഥാര്‍ത്ഥ ക്രൈസ്തവര്‍ കാണാനും കൈകാര്യംചെയ്യാനും.
സിസ്റ്റര്‍ ലൂസിക്ക്,  FCC സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫും സഭയുടെ ജനറല്‍ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ഫില്‍ബിയും ചേര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 12-നെഴുതിയ 3-ാമത്തെ 'ഷോ-കോസ് നോട്ടീസ്' 18 പേജ് ദൈര്‍ഘ്യമുള്ളതാണ്. കാനോന്‍ നിയമത്തിലെയും എഇഇ സഭയുടെ നിയമാവലിയിലെയും, സിസ്റ്റര്‍ ലൂസിയെ പുറത്താക്കാനുതകുന്ന പ്രസക്ത വകുപ്പുകളുദ്ധരിച്ചുള്ള വിശദമായ കുറ്റപത്രത്തിലൂടെ കടന്നുപോയാല്‍ , യേശുവിനെ ക്രൂശിക്കാന്‍വേണ്ടി അന്നത്തെ മുഖ്യപുരോഹിതരും മഹാപുരോഹിതനും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെ  അതിശയിക്കുന്ന ഒന്നാണത് എന്നു കാണാനാകും. നിയമജ്ഞതയല്ലാതെ ആത്മീയത തൊട്ടുതീണ്ടിയിട്ടില്ലതില്‍. ശിക്ഷിക്കാനായി തിരഞ്ഞുപിടിച്ച സഭാനിയമങ്ങളല്ലാതെ, ഒരു അലങ്കാരത്തിനായിപ്പോലും ഒരു സുവിശേഷവാക്യമുദ്ധരിക്കാന്‍ യേശുവിന്റെ ഈ ശ്രേഷ്ഠമണവാട്ടികള്‍ കൂട്ടാക്കിയിട്ടില്ല, ഇതില്‍!
സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നീക്കം ശരിക്കും ആരംഭിച്ചത് എറണാകുളം വഞ്ചീസ്‌ക്വയറില്‍ നടന്ന  കന്യാസ്ത്രീസമരത്തില്‍  അവര്‍ പങ്കെടുത്തപ്പോള്‍ മുതലാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ആരോപണമായി ആദ്യം ഉന്നയിക്കപ്പെട്ടതും മറ്റൊന്നായിരുന്നില്ല. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, സുദീര്‍ഘമായ  ഈ ഷോ-കോസ് നോട്ടീസില്‍ ഈ ആരോപണം ഉള്‍പ്പെടുത്തിയിട്ടില്ല! അതായത്, കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട വിഷയത്തില്‍ തങ്ങള്‍ ഫ്രാങ്കോയ്ക്കനുകൂലമാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് ഫ്രാങ്കോയുടെയും മറ്റു മെത്രാന്മാരുടെയും ഇംഗിതപ്രകാരം സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ നിശ്ചയിച്ചുറപ്പിച്ചുള്ള ഈ ഷോ-കോസ് നോട്ടീസ് തയ്യാറാക്കിയിരിക്കുന്നത്. അതിന്, ഇതുവരെ ഒരു നടപടിയുമെടുക്കാതെ മാറ്റിവച്ചിരുന്ന, 2015 മുതലിങ്ങോട്ടുള്ള വിഷയങ്ങള്‍ ചികഞ്ഞെടുത്ത,് അവയ്ക്ക് തൃപ്തികരമായ മറുപടി തന്നില്ലെങ്കില്‍ പുറത്താക്കും എന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. സിസ്റ്റര്‍ ലൂസി പലവട്ടം നല്‍കിയ മറുപടികളൊന്നും തങ്ങള്‍ക്കു തൃപ്തികരമല്ല എന്ന് ഒറ്റ വാക്കില്‍, യാതൊരു വിശദീകരണവുമില്ലാതെ പ്രസ്താവിച്ചിട്ടുമുണ്ടതില്‍. 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ' എന്നൊരു മറുപടിയല്ലാതെ മറ്റൊരു മറുപടിയും അവരെ തൃപ്തിപ്പെടുത്തുകയില്ലെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
'കോടികള്‍ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ മാനന്തവാടി പ്രോവിന്‍ഷ്യല്‍ ഹൗസ് പണി തീര്‍ത്തപ്പോള്‍ അത് ദാരിദ്ര്യവ്രതത്തിന്റെ ലംഘനമായിരുന്നില്ലേ' എന്ന ചോദ്യമുള്‍പ്പെടെ, അതേ പ്രോവിന്‍സിലെതന്നെ ഒരു സിസ്റ്റര്‍ ലൈസന്‍സ് എടുത്ത് വര്‍ഷങ്ങളായി സ്‌കൂട്ടിയില്‍ യാത്ര ചെയ്യുന്ന കാര്യവും, മറ്റൊരു സിസ്റ്റര്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ കാര്യവുമൊക്കെ ചൂണ്ടിക്കാട്ടിയുള്ള സിസ്റ്റര്‍ ലൂസിയുടെ ന്യായവാദങ്ങള്‍ക്കൊന്നും മറുപടിയില്ല! ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും, കന്യാസ്ത്രീസമരത്തെ എറണാകുളത്തെത്തി പിന്തുണച്ചെന്ന തങ്ങളുടെതന്നെ മുഖ്യ കുറ്റാരോപണവും വിഴുങ്ങിക്കൊണ്ടുള്ള ഇത്തരം ഷോ-കോസ് നോട്ടീസുകളിലൂടെ FCC അധികാരികള്‍, വേദജ്ഞരെയും ഫരിസേയരെയുംപോലെ, 'കൊതുകിനെ അരിച്ചു നീക്കുന്നവരും ഒട്ടകത്തെ വിഴുങ്ങുന്നവരു'(മത്താ. 23:24)മാണെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്.
സിസ്റ്റര്‍ ലൂസി ഇതുവരെ നല്‍കിയിട്ടുള്ള വിശദീകരണക്കത്തുകളില്‍, അഥവാ അവരുടെ ചെയ്തികളില്‍ കുറ്റങ്ങള്‍ കണ്ടെത്താന്‍, സഭ എന്ന സ്ഥാപനത്തെയും അതിന്റെ നിയമാവലികളെയും മനുഷ്യനേക്കാള്‍ വിലമതിക്കുന്ന ആര്‍ക്കും സാധിക്കും. എന്നാല്‍, യേശുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം, മനുഷ്യനു പ്രാധാന്യം നല്‍കുന്നതിനായി നിയമങ്ങള്‍ക്കുമപ്പുറം പോകാന്‍ തയ്യാറാകുന്ന ആര്‍ക്കും അവര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ സ്വീകാര്യമാകുകതന്നെചെയ്യും. വാസ്തവത്തില്‍, ശരിയായ ആദ്ധ്യാത്മികത എന്തെന്നും, ശരി-തെറ്റുകളുടെ മാനദണ്ഡമെന്തെന്നും തിരിച്ചറിഞ്ഞ സിസ്റ്റര്‍ ലൂസിയെ സംബന്ധിച്ച് സഭാനിയമങ്ങളുടെ ആവശ്യമില്ല. ആദ്യം സൂചിപ്പിച്ചതുപോലെ, സ്‌നേഹത്തിലും നന്മയിലും ചരിക്കുന്നവര്‍ക്കെന്തിനാണു നിയമം? നിയമങ്ങളില്‍ കുരുങ്ങിപ്പോയിരുന്നില്ലെങ്കില്‍, FCCസഭ നിശ്ചയമായും, പരമസ്വാതന്ത്ര്യത്തിന്റെയും സ്വയംമറന്നുള്ള ശുശ്രൂഷയുടെയുമായ ഒരു ജീവിതവ്യവസ്ഥയായി സന്ന്യാസത്തെ കാണുന്ന സിസ്റ്റര്‍ ലൂസിയെ മാതൃകയായി സ്വീകരിച്ച്, തങ്ങളുടെ സഭയെ കാലാനുസൃതം നവീകരിക്കാന്‍ ശ്രമിച്ചേനെ.
മാര്‍ച്ച് 10-ന് സിസ്റ്റര്‍ ലൂസി നല്‍കിയിരിക്കുന്ന വിശദീകരണക്കുറിപ്പ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതാണ്. 'ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്ന്യാസസഭയുടെ ജീവിതവും നിയമവും' എന്ന FCC സഭയുടെതന്നെ പുസ്തകത്തിലെ നിയമവകുപ്പുകളും അതിന്റെ വ്യാഖ്യാനങ്ങളും ഉദ്ധരിച്ചുകൊണ്ട്, സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫിനെഴുതിയ മറുപടിക്കത്താണത്. വാസ്തവത്തില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ ഉന്നയിച്ചിട്ടുള്ള കുറ്റാരോപണങ്ങള്‍ക്കെല്ലാം ശരിയായ മറുപടി, FCC-യുടെ ഈ പുസ്തകത്തിലുണ്ട്. ഉദാഹരണത്തിന്, നിയമാവലി 86-ാം വകുപ്പിന്റെ വ്യാഖ്യാനം ഇങ്ങനെ കൊടുത്തിരിക്കുന്നു: ''കല, സാഹിത്യം, സംസ്‌കാരം എന്നിവയെ പരിപോഷിപ്പിക്കുന്നതും ഒരു പ്രേഷിതപ്രവര്‍ത്തനമായി കാണേണ്ടതാണ്. വി. ഫ്രാന്‍സീസ് അസ്സീസ്സി അതുല്യനായ ഒരു കവിയും കലാകാരനുമായിരുന്നു. സംഗീതസാഹിത്യാദി കലകളില്‍ അഭിരുചിയുള്ള സിസ്റ്റേഴ്‌സിനു പ്രോത്സാഹനംനല്‍കി നല്ല കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും എഴുതുവാന്‍ പ്രേരിപ്പിക്കണം. മുദ്രാലയപ്രേഷിതത്വം, സിനിമ, നാടകം, റേഡിയോ, ടെലിവിഷന്‍, ബാലേ എന്നിങ്ങനെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ക്രിസ്തുവിന്റെ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കണം.'' ഈയൊരു നിര്‍ദ്ദേശം ആധികാരികമായിത്തന്നെ മുന്നോട്ടു വച്ചിട്ടുള്ള FCC സഭയുടെ അധികാരികളാണ്, അപേക്ഷ കിട്ടി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിസ്റ്റര്‍ ലൂസിയുടെ 'സ്‌നേഹമഴയില്‍' എന്ന കവിതാപ്പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാതിരുന്നത് എന്നോര്‍ക്കുക. ഇവിടെ ആരാണു കുറ്റക്കാര്‍?
''സാഹോദര്യം നമ്മുടെ സമൂഹത്തില്‍മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല. അതു ചുറ്റുമുള്ള ലോകത്തേക്കും വ്യാപിപ്പിക്കണം (നമ്പര്‍ 58);ദൈവത്തിന്റെ സാന്നിദ്ധ്യവും ചൈതന്യവും  ഈ പ്രകൃതിയിലുടനീളം ദര്‍ശിച്ച് അതിനെ സ്‌നേഹിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണ്'' (നമ്പര്‍ 6); ''മനസ്സിന്റെയും ഹൃദയത്തിന്റെയും പ്രത്യേക കഴിവുകളും, അത്യധികം ശ്രദ്ധാപൂര്‍വ്വമായ ഒരുക്കവും, നവീകരണത്തിനും അനുരൂപണത്തിനും സദാ സന്നദ്ധമായ ഒരു മനസ്സും ആവശ്യമാണ്'' (നമ്പര്‍ 81); ''സുപ്പീരിയേഴ്‌സ് സിസ്റ്റേഴ്‌സിനെ സന്മനസ്സോടെ ശ്രവിക്കുകയും, സമൂഹത്തിന്റെയും തിരുസഭയുടെയും ഉപരിനന്മയ്ക്ക് അവരുടെ വ്യക്തിപരമായ സംഭാവനകള്‍ നല്‍കുന്നതു പ്രോത്സാഹിപ്പിക്കുകയുംവേണം'' (നമ്പര്‍ 105) എന്നിങ്ങനെ, സിസ്റ്റര്‍ ലൂസിയുടെ സര്‍ഗ്ഗാത്മകമായ സവിശേഷവ്യക്തിത്വത്തെയും അതിന്റെ പിന്നിലുള്ള ശക്തമായ ആദ്ധ്യാത്മികാവബോധത്തെയും ശ്ലാഘിക്കാനും അവരെ എഇഇ സഭയുടെയും കത്തോലിക്കാസഭയുടെതന്നെയും വലിയൊരു മുതല്‍ക്കൂട്ടായിക്കാണാനും പ്രേരിപ്പിക്കുന്നതും, സന്ന്യാസത്തെ വിശാലവും ഉദാത്തവും  ആനന്ദാനുഭവവുമാക്കാന്‍ പോരുന്നതുമായ കൂടുതല്‍ ആശയഗതികള്‍ FCCയുടെതന്നെ ഈ പുസ്തകത്തിലുണ്ട്. അതില്‍നിന്നുള്ള പ്രചോദനം സിസ്റ്റര്‍ ലൂസിക്ക് വേണ്ടുവോളം ലഭിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. അതുകൊണ്ടായിരിക്കാം, 7000-ലേറെ അംഗങ്ങളുള്ള എഇഇ കന്യാസ്ത്രീസമൂഹത്തിന്റെപേരില്‍ ആ സഭയുടെ അധികാരികളും കേരളത്തിലെ മെത്രാന്മാരുമെല്ലാംചേര്‍ന്ന് അവരെ കൊത്തിപ്പറിക്കാനും ഒറ്റപ്പെടുത്താനും സഭയില്‍നിന്നു പുറന്തള്ളാനും ഭഗീരഥപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുമ്പോഴും അവരുടെ മുഖത്തുനിന്ന് നിഷ്‌കളങ്കമായ ആ പുഞ്ചിരി മായാതെ തെളിഞ്ഞുനില്‍ക്കുന്നത്.
കേരളസഭ ഒരു മാറ്റത്തിന്റെ വക്കിലാണ്. ഗുണപരമായ ഈ മാറ്റത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നവരാണ്  ഈ സഭയുടെ വിധാതാക്കളായി ഭാവിയില്‍ അറിയപ്പെടാന്‍ പോകുന്നത്. തങ്ങളുടെ അധികാരം സംരക്ഷിക്കാനല്ലാതെ, യേശുവിന്റെ ആദര്‍ശങ്ങളില്‍ ജീവിക്കുന്നതിനോ വിശ്വാസികളെ ആത്മീയതയിലേക്കും നീതിയുടെയും സ്‌നേഹത്തിന്റെയും പ്രവൃത്തികളിലേക്കും നയിക്കുന്നതിനോ യാതൊരു താല്പര്യവുമില്ലാത്തവരാണ് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരെന്ന് വിശ്വാസിസമൂഹംമാത്രമല്ല, കേരള പൊതുസമൂഹംതന്നെ മനസ്സിലാക്കിക്കഴിഞ്ഞു. ഈ മെത്രാന്മാരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന സുപ്പീരിയര്‍ ജനറല്‍മാരും മദര്‍ ജനറല്‍മാരും ജനങ്ങളുടെ കണ്ണുകളില്‍ പരിഹാസ്യകഥാപാത്രങ്ങളായിക്കൊണ്ടിരിക്കുന്നു. സഭയെന്ന നാടകസ്റ്റേജില്‍ നടക്കുന്നത് വെറും കപടനാടകമാണെന്ന് കാണികള്‍ വിളിച്ചുപറയാനാരംഭിച്ചിരിക്കുന്നു. റവ.ഡോ.വത്സന്‍ തമ്പു പറയുന്നതുപോലെ (കാണുക, കഴിഞ്ഞലക്കത്തിലെ കെസിആര്‍എം പ്രോഗ്രാം റിപ്പോര്‍ട്ട്), ഈ നാടകസ്റ്റേജിലേക്ക് ചോദ്യങ്ങളെറിയുന്ന ഒരാള്‍പോലും അതിശക്തനായിത്തീരുകയും സ്റ്റേജിലെ കപടാഭിനേതാക്കള്‍ ശക്തിഹീനരാകുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
കേരളകത്തോലിക്കാ കപടനാടകവേദിയിലേക്ക് ചോദ്യങ്ങളെറിഞ്ഞു ശക്തരായിക്കൊണ്ടിരിക്കുന്ന സഭയുടെ ഭാവിവിധാതാക്കളും വക്താക്കളും ഇന്ന് നിരവധിയാണ്. അവരില്‍ ഒരു പ്രമുഖസ്ഥാനം സിസ്റ്റര്‍ ലൂസിയുടേതായിരിക്കുമെന്ന് ഉറപ്പിച്ചു പറയാനാകും. അവരും സിസ്റ്റര്‍ ലിസ്സിയും കുറവിലങ്ങാട് സിസ്റ്റേഴ്‌സുമായിരിക്കും കേരളത്തിലെ കന്യാസ്ത്രീസഭകളിലും സഭാനിയമങ്ങളിലും അവശ്യംവേണ്ട മാറ്റങ്ങള്‍ക്കു നിദാനമായിത്തീരുക. പക്ഷേ അതിനവര്‍ അവരവരുടെ സഭകളില്‍ത്തന്നെ തുടരേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ, അവരെല്ലാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതികാരനടപടികള്‍ക്കെതിരെ അവര്‍ സ്വീകരിക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കുവാനുള്ള ഉത്തരവാദിത്വം ഉണര്‍ന്നുകഴിഞ്ഞ ഇവിടുത്തെ സഭാസമൂഹത്തിനുണ്ട്. പുറത്ത് മറ്റൊരു ജീവിതത്തിനുള്ള സുരക്ഷിതസംവിധാനങ്ങള്‍ സഭതന്നെ വ്യവസ്ഥാപിക്കുംവരെ, ഏകപക്ഷീയമായ പുറത്താക്കല്‍ നടപടി ആര്, ഏതു നിയമത്തിന്റെ പിന്‍ബലത്തോടെ നടത്തിയാലും അത് അധാര്‍മ്മികവും അക്രൈസ്തവവുമാണ്; അത് അംഗീകരിക്കാനാവില്ല.
എഇഇ സഭയുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, സിസ്റ്റര്‍ ലൂസിയെ സന്മനസ്സോടെ ശ്രവിക്കുന്നതിനും, അവരുടെയും FCC സന്ന്യാസിനീസഭയുടെയും കത്തോലിക്കാസഭയുടെതന്നെയും ഉപരിനന്മയ്ക്കുവേണ്ടി അവരുടെ വ്യക്തിപരമായ സംഭാവനകളെ അംഗീകരിക്കുന്നതിനും FCC മഠാധികൃതര്‍ക്കു കഴിയേണ്ടതാണ്. അങ്ങനെ, വേദജ്ഞരുടെയും ഫരീസേയരുടെയും ധര്‍മ്മനിഷ്ഠയേക്കാള്‍ ഉന്നതമായ ക്രൈസ്തവമൂല്യബോധത്തിലേക്ക് ഉയരാന്‍ അവര്‍ക്കു സാധിച്ചാല്‍,  ആ നിമിഷം എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടും. കാരണം, അധികാരഭാവം മാറ്റിവച്ച് കാര്യങ്ങളെ മാനുഷികമായി നോക്കിക്കാണാനും കൈകാര്യംചെയ്യാനുമുള്ള എളിമയും വിവേകവും ദൈവകൃപയായി അവര്‍ക്കപ്പോള്‍ ലഭ്യമാകും.
-എഡിറ്റര്‍

No comments:

Post a Comment