ചാക്കോ കളരിക്കൽ
കെസിആർഎം നോർത് അമേരിക്ക ഏപ്രിൽ 10,
2019 ബുധനാഴ്ച്ച നടത്തിയ പതിനാറാമത് ടെലികോൺഫെറൻസിൻറെ വിശദമായ റിപ്പോർട്ട് ചുവടെ
കൊടുക്കുന്നു. കേരളാകോൺഗ്രസ് ചെയർമാൻ ശ്രീ കെ
എം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടും അഭയകേസിൽ നീതി
ലഭിക്കുന്നതിനുവേണ്ടിയും ചർച്ച് ആക്ട് നടപ്പിൽ വരുത്തുന്നതിനുവേണ്ടിയും ശ്രീ
സ്റ്റീഫൻ മാത്യു നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് രണ്ടിലധികം
മണിക്കൂർ നീണ്ടുനിന്ന ടെലികോൺഫെറൻസ് മോഡറേറ്ററായ ശ്രീ എ സി ജോർജ് ആരംഭിച്ചത്. എഴുപതിൽപരം
ആൾക്കാർ അതിൽ പങ്കെടുത്തു. അഡ്വ ഇന്ദുലേഖ ജോസഫ് "എന്തുകൊണ്ട് സഭാനേതൃത്വം
ചർച്ചാക്ടിനെ എതിർക്കുന്നു" എന്ന വിഷയം അവതരിപ്പിച്ചു.
ഇന്ത്യയിലെ സമയമൊപ്പിച്ച്
അമേരിക്കയിലെ കേൾവിക്കാർക്ക് സുപ്രഭാതം നേർന്നുകൊണ്ടാണ് ഇന്ദുലേഖ തൻറെ പ്രഭാഷണം
ആരംഭിച്ചത്. ജസ്റ്റീസ് കെ ടി തോമസ് 2019-ൽ കൊണ്ടുവന്ന ചർച്ച് ബിൽ അംഗീകരിക്കാൻ സാധിക്കാത്തതിനാൽ 2009-ൽ ജസ്റ്റീസ് വി ആർ കൃഷ്‌ണയ്യർ കമ്മീഷൻ സർക്കാരിന്
സമർപ്പിച്ച ചർച്ച് ട്രസ്റ്റ് ബില്ലിനെ ആധാരമാക്കിയാണ് സംസാരിക്കുന്നത് എന്ന് ഇന്ദുലേഖ
എടുത്തു പറയുകയുണ്ടായി. കാനോൻ നിയമപ്രകാരം പള്ളിസ്വത്തിൻറെ അധികാരി ബിഷപ്പാണ്. ഹൈക്കോടതിയിൽ
രാജാവാണെന്ന് പ്രഖ്യാപിച്ച ബിഷപ്പിനെ നിയന്ത്രിക്കുന്നത് പോപ്പാണ്. ക്രിസ്ത്യൻ
സഭകളിലെ സ്വത്തുക്കളുടെ ഭരണം രാജഭരണംപോലെയാണ് എന്ന വസ്‌തുത അംഗീകരിച്ചേ പറ്റൂ. രാജാക്കന്മാരെപ്പോലെ
അംശവടിയും തൊപ്പിയുമെല്ലാമായാണ് മെത്രാന്മാർ ഇപ്പോഴും നടക്കുന്നത്. ചർച്ച് ബില്ലു പാസ്സായാൽ പള്ളിസ്വത്തുഭരണം രാജഭരണ സമ്പ്രദായത്തിൽനിന്നും ജനാധിപത്യഭരണ രീതിയിലേയ്ക്ക് വരും. ആ ഒറ്റ കാരണംകൊണ്ടാണ് സഭാധികാരികളായ
മെത്രാന്മാരും അച്ചന്മാരും ചർച്ച് ബില്ലിനെ എതിർക്കുന്നത്. വളരെ ലളിതമായി പറഞ്ഞാൽ, പള്ളിസ്വത്തുഭരണം ജനാധിപത്യവൽക്കരിക്കുക എന്നതാണ് ചർച്ച് ട്രസ്റ്റ്
ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആധുനിക കാലത്ത് ജനാധിപത്യഭരണമാണ് കരണീയം. ബില്ലിലെ
പ്രധാനഭാഗം, അഞ്ചാം വകുപ്പിൽ പറയുന്നതുപോലെ, ഓരോ ഇടവക പള്ളിയും ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്.
പിന്നീടുള്ള വകുപ്പുകളിൽ ട്രസ്റ്റിനുവേണ്ടിയുള്ള നിയമാവലി ഉണ്ടാക്കുകയാണ്
ചെയ്യുന്നത്. ആ നിയമാവലിപ്രകാരമാണ് ഓരോ
ട്രസ്റ്റും ഭരിക്കപ്പെടേണ്ടത്. അതുപോലെതന്നെ, ആറാംവകുപ്പ്
വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതിൻപ്രകാരം, ഓരോ കുടുംബത്തിൽനിന്നും ഒരു വോട്ട് എന്ന കണക്കനുസരിച്ച്
തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് ട്രസ്റ്റ് ഭരിക്കുന്നത്. അതുപോലെ രൂപതാതലഭരണവും
സഭയുടെ മൊത്തത്തിലുള്ള ഭരണവും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുൾപ്പെടുന്ന
ട്രസ്റ്റാണ് ഭരിക്കുന്നത്. പള്ളിക്കമ്മറ്റിയിലെ തെരെഞ്ഞെടുപ്പ് ഇന്ന് വെറും ഒരു
പ്രഹസനമായിട്ടാണ് നടക്കുന്നത്. വികാരിയച്ചനിഷ്ടമുള്ളവ്യക്തികളെ പള്ളിക്കമ്മറ്റിയിൽ
കുത്തിത്തിരുകുന്നു. പ്രതികരണശേഷിയുള്ളവർ പള്ളിയിൽനിന്ന് അകന്നുപോകുന്നു. കൂടാതെ, ഇന്നത്തെ അവസ്ഥയിൽ പള്ളിക്കമ്മറ്റിക്കാർക്ക് വികാരിയെ
ഉപദേശിക്കാനുള്ള അവകാശം മാത്രമേയുള്ളൂ. ആലഞ്ചേരി ഭൂമികുംഭകോണകാര്യത്തിലും രൂപതാ
സമിതികൾക്ക് അദ്ദേഹത്തെ ഉപദേശിക്കാനുള്ള അവകാശമേയുള്ളൂ. ഉപദേശം സ്വീകരിക്കുകയോ
സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. വസ്തു വിൽക്കാനുള്ള പൂർണമായ അധികാരം കാനോൻ
നിയമപ്രകാരം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ്
അദ്ദേഹം രാജാവ് കളിച്ചതും. ട്രസ്റ്റിലേയ്ക്ക് തെരെഞ്ഞടുക്കപ്പെടുന്നവരുടെ യോഗ്യതകൾ, വേറൊരു വിധത്തിൽ പറഞ്ഞാൽ, ട്രസ്റ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാൻ അയോഗ്യരായവർ
ആരൊക്കെയെന്ന് ഏഴാംവകുപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നുയെന്നല്ലാതെ, ക്രൈസ്തവ വിശ്വാസസത്യങ്ങളിൽ ഈ ബില്ല് ഒരുവിധത്തിലും
ഇടപെടുന്നില്ല. പള്ളിസ്വത്തുക്കളിലും സർക്കാർ ഇടപെടുന്നില്ലായെന്ന് ബില്ലിൽ
വ്യക്തമാക്കുന്നുണ്ടെങ്കിലും സഭാധികാരികളുടെ തെറ്റായ പ്രചാരണങ്ങൾവഴി വിശ്വാസികൾ
പലവിധ തെറ്റിദ്ധാരണകളിൽ അകപ്പെട്ടിരിക്കുകയാണിന്ന്.
കണക്ക് സൂക്ഷിക്കുന്നതിനെയും
അത് ഓഡിറ്റർ പരിശോധിക്കുന്നതിനെയും സംബന്ധിച്ചാണ് പതിനാറാം വകുപ്പ്
പരാമർശിക്കുന്നത്. സഭയുടെ ഓഡിറ്റിങ്ങിൽ പരാതിയുണ്ടെങ്കിൽ സർക്കാറിൻറെ ഓഡിറ്റർ
കണക്ക് പരിശോധിക്കുന്നതായിരിക്കും. പള്ളിക്കമ്മറ്റിയുടെ ഓഡിറ്റിങ്ങിൽ പരാതിയുള്ള
സാഹചര്യത്തിൽ മാത്രമാണ് സർക്കാരിൻറെ ഇടപെടൽ ഉണ്ടാകുന്നതും സർക്കാർ കണക്ക് ഓഡിറ്റ്
ചെയ്യുന്നതും. കണക്കുകളിലെ ക്രമക്കേടുകളെയോ പരാതികളെയോ പരിഹരിക്കുന്നതിനുവേണ്ടി
മാത്രമാണ് ഈ ബില്ലുവഴി സർക്കാർ ഇടപെടുന്നതെന്നകാര്യം ശ്രദ്ധേയമാണ്. അച്ചന്മാരും
മെത്രാന്മാരും ആധ്യാത്മിക കാര്യങ്ങൾ ചെയ്യേണ്ടവരാണെന്ന് നമുക്കറിയാം. ദൈവത്തെയും
മാമോനെയും ഒരുമിച്ച് സേവിക്കുന്നത് ശരിയല്ലായെന്ന് തിരിച്ചറിഞ്ഞ യേശുശിഷ്യർ
സ്വത്തുകൈകാര്യകതൃത്വം ഡീക്കന്മാരെ ഏല്പിക്കുകയാണ് ചെയ്തത്. ഒരു പുരോഹിതൻ
സാമ്പത്തിക തിരിമറി കാണിച്ചുയെന്ന് അറിഞ്ഞാൽത്തന്നെ ചെറുപ്പകാലം മുതലുള്ള മതപഠന പരിശീലനത്തിൻറെ
ഫലമായി ഒരു വ്യക്തി ആ വൈദികൻറെ കോളറിനു പിടിച്ച് “എന്താ അച്ചൻ സാമ്പത്തിക തട്ടിപ്പ് ചെയ്തത്” എന്ന്
ചോദിക്കുകയില്ല. എന്നാൽ കമ്മറ്റിയിലിരുന്നുകൊണ്ട് അല്മായരാണ് സാമ്പത്തിക തിരിമറി
നടത്തിയതെങ്കിൽ അയാളെ ചോദ്യം ചെയ്യാൻ മറ്റ് അല്മായർക്ക് ധൈര്യമുണ്ടാകും എന്നത്
ഇവിടെ വളരെ പ്രസക്തമാണ്. ഈ ബില്ലിൻറെ പരിണതഫലമായി വികാരിമാരെയോ
ബിഷപ്പുമാരെയോ പള്ളിഭരണത്തിൽനിന്നും മാറ്റിനിർത്തുന്നില്ല. മറിച്ചുള്ള പ്രചാരണങ്ങൾ
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിമാത്രം ഉള്ളതാണ്. ഒരു കാര്യം വ്യക്തമാണ്.
കണക്കുകളെല്ലാം സുതാര്യമായിരിക്കണം. അങ്ങനെവരുമ്പോൾ, ഫ്രാങ്കോ കേസിനുവേണ്ടിയോ റോബിൻ കേസിനുവേണ്ടിയോ പണം ചെലവഴിച്ചാൽ അതിനെ
ചോദ്യംചെയ്യാൻ, സർക്കാർ നിയമത്തെ ആധാരമാക്കി, പള്ളിക്കമ്മറ്റിക്ക് പൂർണ അധികാരവും അവകാശവും ഉണ്ടായിരിക്കും. സാമ്പത്തിക
ക്രമക്കേടുകൾ ഉണ്ടായാൽ ഈ ബില്ലിൻറെ അടിസ്ഥാനത്തിൽ കോടതിയെ സമീപിക്കാവുന്നതാണ്.
ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാരണം, സാമ്പത്തിക
ക്രമക്കേടുകളെ നിയന്ത്രിക്കാനുള്ള വഴികൾ ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. ചർച്ച്
ബില്ലിനെ കാര്യമായി എതിർക്കുന്നത് മെത്രാന്മാരും വൈദികരുമാണ്. ബില്ലിനെ
അനുകൂലിച്ച് വിശ്വാസികൾ വരാൻ മടിക്കുന്നതിന് പല കാരണങ്ങൾ ഉണ്ട്. മാമ്മോദീസ, വിവാഹം, മരിച്ചടക്ക്
മുതലായ കാര്യങ്ങൾ നടത്തിക്കിട്ടാനുള്ളതിനാൽ വിശ്വാസികൾക്ക് സ്വതന്ത്രമായി
അഭിപ്രായം പറയാൻ പരിമിതികളുണ്ട്. ആ കാരണത്താൽത്തന്നെ ഈ ബില്ലിൽ ക്രിസ്ത്യാനികൾക്ക്
അടിസ്ഥാന അവകാശങ്ങളും സ്വാഭാവിക നീതിയും നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വൈദികർക്കോ കന്ന്യാസ്ത്രികൾക്കോ അല്മായർക്കോ എതിരായി എന്തെങ്കിലും സംഭവിച്ചാൾ അതിനെതിരായി
ശബ്ദിക്കാനുളള അവകാശംപോലും ഇന്നില്ല. ക്രിസ്ത്യാനികളുടെ മൗലിക അവകാശത്തെപ്പോലും
ഇന്ന് ഹനിക്കുന്നുയെന്ന് കമ്മീഷൻ മനസ്സിലാക്കികൊണ്ടുതന്നെയാണ് ചർച്ച് ബില്ലിന്
രൂപം കൊടുത്തിരിക്കുന്നത്.
2019-ലെ ചർച്ച്
ബില്ലിൻപ്രകാരം പള്ളികളെ ഡിനോമിനേഷൻസ് ആക്കിയിരിക്കയാണ്. മൂന്നാം വകുപ്പുംപ്രകാരം
പള്ളിസ്വത്തുക്കളെല്ലാം ഡിനോമിനേഷനിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്തകാലംവരെ
കോടതികൾ പള്ളിസ്വത്തുക്കൾ ആരുടേതാണ് എന്നതിന് കാനോൻ നിയമത്തെയാണ്
ആശ്രയിച്ചിരുന്നത്. എന്നാൽ ഈ ബില്ലിൻപ്രകാരം പള്ളിസ്വത്ത് ബിഷപ്പിൻറെയും
സിൻഡിൻറെയും കൗൺസിലിൻറെയുമെല്ലാമായി മാറും. കാനോൻ നിയമം ഭരണഘടനാവിരുദ്ധമാണ് എന്ന്
വാദിക്കാനുള്ള പഴുതുപോലും അടച്ച് ഈ ചർച്ച് ബില്ലിൻറെ അടിസ്ഥാനത്തിൽ
പള്ളിസ്വത്തെല്ലാം മെത്രാന്മാരുടേതാണ് എന്ന് കോടതിയിൽ വാദിക്കാനുള്ള ഒരു ഭീകരാവസ്ഥ
2019-ലെ ബില്ല് സംജാതമാക്കിയിരിക്കുകയാണ്. അതുകൊണ്ട്, 2019-ലെ ബില്ല്
വന്നുകഴിഞ്ഞാൽ മെത്രാന്മാർക്ക് പള്ളിസ്വത്തുക്കൾ അവരുടേതാണെന്ന് കോടതികളിൽ
വാദിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. കൂടാതെ, നിയമം ഉണ്ടാക്കാനുള്ള അധികാരവും മെത്രാന്മാരിലും സിൻഡിനും
കൗൺസിലിലും നിക്ഷിപ്തമാക്കിയിരിക്കുകയാണ്. അപ്പോൾ ഇപ്പോഴത്തെ സ്ഥിതി തുടരാനുള്ള
ഒരു ഓപ്‌ഷനാണ് ഈ ബില്ലുകൊണ്ട് സംഭവിക്കാൻ പോകുന്നത്. ഓഡിറ്റിങ്ങിൻറെ കാര്യത്തിലും
മെത്രാന്മാർക്കും സിൻഡിനും കൗൺസിലിനുമായിരിക്കും അധികാരം. അപ്പോൾ വിശ്വാസികൾക്ക്
യാതൊരുവക അവകാശവുമില്ല; അവർക്ക് ഭരണകാര്യങ്ങളിൽ ഇടപെടാനും സാധിക്കുകയില്ല.
ട്രൈബ്യുണുകളുടെ ആവശ്യമില്ല. കാരണം ട്രൈബ്യുണുകളെ
അപേക്ഷിച്ച് നീതിന്യായത്തിൽ കോടതികളാണ് മെച്ചപ്പെട്ട സമ്പ്രദായം.
തന്നെയുമല്ല, വിശ്വാസികൾക്ക്
സ്വത്തിന്മേൽ യാതൊരുവക അവകാശവുമില്ലാത്തപ്പോൾ ട്രൈബ്യുണിൽ കേസുകൊടുത്തിട്ട്
എന്തുകാര്യം? ഇല്ലാത്ത അവകാശം
നടപ്പിലാക്കാൻ സാധിക്കുകയില്ലായെന്നകാര്യം ഇവിടെ സുവ്യക്തമാണ്. കണക്കിലെ തിരിമറികൾ
അറിയണമെങ്കിൽ ഓഡിറ്റുചെയ്ത കണക്കുകൾ ട്രൈബ്യുണൽ നൽകേണ്ടിയിരിക്കുന്നു. പക്ഷെ അത്
ട്രൈബ്യുണളിൽനിന്ന് ലഭ്യവുമല്ല. ട്രൈബ്യുണലിൽ അപ്പീൽ പ്രൊവിഷനുമില്ല. കോടതിയിലോ
ട്രൈബ്യുണലിലോ കേസുമായി പോകുക എന്നതിലുമുപരി നമ്മുടെ ലക്ഷ്യം
പള്ളിസ്വത്തുഭരണകാര്യത്തിൽ നിയമമുണ്ടാകുക എന്നതായിരിക്കണം. അതിന് 2019-ലെ ചർച്ച് ആക്ട് സഹായകമാകുന്നില്ലെന്നുമാത്രമല്ലാ
പള്ളിസ്വത്തിൻറെ ഉടമസ്ഥാവകാശം മെത്രാന്മാർക്കും സിനഡിനും കൗൺസിലിനുമാണെന്ന് അടിവരയിട്ട്
ഉറപ്പിക്കുകയുംകൂടി ചെയ്യുകയാണ്. അതുകൊണ്ട് 2019-ലെ ചർച്ച് ബിൽ അപ്പാടെ തള്ളിക്കളയണ്ടതാണ്. ചർച്ച് ആക്ട് വഴി
പള്ളിസ്വത്തുക്കൾ മുഴുവൻ സർക്കാർ ഏറ്റെടുക്കുന്നു, ദേശസാൽക്കരിക്കുന്നു തുടങ്ങിയ സത്യവിരുദ്ധ ദുഷ്പ്രചാരണങ്ങളാണ്
ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
ചർച്ച് ട്രസ്റ്റ് ബില്ലിനെ
ദേവസംബോർഡിനെയും, വക്കഫ്ബോർഡിനെയും
ആസ്‌പദമാക്കി ഒരു താരതമ്യ വിശകലനവും ഇന്ദുലേഖ നൽകുകയുണ്ടായി. ജനാധിപത്യപരമായി
തെരഞ്ഞെടുക്കപ്പെടുന്ന അല്മായരെ ഉൾപ്പെടുത്തി പള്ളിസ്വത്തുഭരണം നടപ്പാക്കാൻ
സഭാധികാരികൾ ആർജവം കാണിച്ചാൽ ചർച്ച് ട്രസ്റ്റ് ബില്ലിൻറെ ആവശ്യമേ ഇല്ലെന്നുള്ള
അഭിപ്രായത്തോടെയും ശ്രീ സ്റ്റീഫൻ മാത്യു നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം
പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇന്ദുലേഖ പ്രസംഗം ഉപസംഹരിച്ചത്.
അടുത്ത ടെലികോൺഫെറൻസ് മെയ് 08, 2019 ബുധനാഴ്ച്ച 9 PM (EST) നടത്തുന്നതാണ്. മുഖ്യ പ്രഭാഷകൻ: കെസിആർഎം നോർത്
അമേരിക്കയുടെ പ്രസിഡൻറ് ശ്രി ചാക്കോ കളരിക്കൽ.
വിഷയം: "പൗരസ്ത്യസഭകളുടെ കാനോനസംഹിതയും
മാർതോമാക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചർച്ച് ട്രസ്റ്റ് ബില്ലും"
No comments:
Post a Comment