ജോര്‍ജ് മൂലേച്ചാലില്‍ - 9497088904
(എഡിറ്റോറിയല്‍, സത്യജ്വാല, ജൂണ്‍ 2019)
മറ്റെല്ലാവരെയും അവനവനെയെന്നപോലെ കണ്ടുള്ള, അപരന്റെ കുറ്റങ്ങള്‍
ചികയുന്നതിനുമുമ്പ് സ്വന്തം തെറ്റുകുറ്റങ്ങള്‍ കണ്ടറിഞ്ഞുള്ള ജീവിതസമീപനത്തെയാണ്
യേശുവിന്റെ പ്രമാണതത്ത്വങ്ങളനുസരിച്ച് 'ക്രിസ് തീയം' എന്നു പറയാവുന്നത്.
പ്രമാണതത്ത്വങ്ങളുടെ തലത്തില്‍ മതങ്ങളൊന്നുംതമ്മില്‍ വൈരുദ്ധ്യങ്ങളില്ല എന്നതിനാല്‍, ഈ 'ക്രിസ്തീയത' ഏതെങ്കിലുമൊരു
മതത്തിനോ മതസ്ഥര്‍ക്കോ വിരുദ്ധമാകുന്നില്ല. മതദര്‍ശനങ്ങള്‍ വിവിധ ഭാഷകള്‍പോലെയാണ്.
അവയുടെ അക്ഷരങ്ങളും വ്യാകരണവും വ്യത്യസ്തങ്ങളാണെങ്കിലും അവ തമ്മില്‍
ഭിന്നതയ്ക്കിടമില്ല; എല്ലാ ഭാഷകളും ആശയാവിഷ്‌ക്കാരം, ആശയവിനിമയം എന്നീ
ദൗത്യങ്ങള്‍ ഒരുപോലെ നിര്‍വ്വഹിക്കുന്നു. ഭാഷകളുടെ കാര്യത്തിലെന്നപോലെ മതങ്ങളും
ബാഹ്യതലത്തില്‍ വ്യത്യസ്തങ്ങളും ആന്തരികമായി സമാനവുമാണ്.
ഇത്രയും പറഞ്ഞത്, 'ഒരു ക്രിസ്തീയവിചിന്തനം' എന്ന തലക്കെട്ട് വായിക്കുമ്പോള്‍, അതൊരു
വിഭാഗീയസമീപനമായിരിക്കില്ലേ എന്നൊരു വിചാരം, ഇന്നത്തെ നിലയില്‍ ആര്‍ക്കും
ഉണ്ടായേക്കാം എന്നു തോന്നിയതുകൊണ്ടാണ്. ഓരോരുത്തരും സഹജമായിത്തന്നെ സ്വന്തം
മാതൃഭാഷയിലാണ് ചിന്തിക്കുന്നതും ഭാവന ചെയ്യുന്നതും എഴുതുന്നതും പറയുന്നതുമെല്ലാം.
അതാണെളുപ്പവും. അതുപോലെ, ഓരോ മതസ്ഥരെ സംബന്ധിച്ചും തങ്ങളുടെ മതസംസ്‌കാരത്തില്‍
നിന്നുകൊണ്ട് കാര്യങ്ങളെ സമീപിക്കാനും വിലയിരുത്താനുമാണ് എളുപ്പം. അതില്‍ വിഭാഗീയത
അശ്ശേഷമില്ലതന്നെ.
എന്നാല്‍ ഇന്നത്തെ 'മത'ങ്ങളുടെ പ്രാര്‍ത്ഥനകളില്‍പ്പോലും വിഭാഗീയതയും
രാഷ്ട്രീയവുമാണ് പലപ്പോഴും നമുക്കു കാണാന്‍ കഴിയുന്നത്. അതിനര്‍ത്ഥം അതു ശരിയായ
മതമോ ശരിയായ പ്രാര്‍ത്ഥനയോ അല്ലെന്നുമാത്രമാണ്. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഇനിയും
ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കുന്നതിനായി ഒരു പ്രാര്‍ത്ഥനായജ്ഞത്തിന്
ആഹ്വാനംചെയ്ത് ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോ (Anil Couto) കഴിഞ്ഞ മെയ്
ആദ്യം ഒരു ഇടയലേഖനം ഇറക്കുകയുണ്ടായി. 2018 മെയ് 13 മുതല്‍ വെള്ളിയാഴ്ചകള്‍തോറും
ഒരു നേരത്തെ ആഹാരമുപേക്ഷിച്ചും പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്തും 2019-ലെ ഇലക്ഷന്‍വരെ
പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അതിലെ താത്പര്യം (കാണുക, 'സത്യജ്വാല 2018 ജൂലൈ
ലക്കം മുഖക്കുറി). പല കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാരും, ഇതിന്റെ
ചുവടുപിടിച്ച് തങ്ങളുടെ രൂപതകളിലും ഒരു വര്‍ഷത്തെ സമാനമായ പ്രാര്‍ത്ഥനായജ്ഞത്തിന്
ആഹ്വാനംചെയ്തു എന്നാണറിയുന്നത്.
എന്നാല്‍ ഈ 'പ്രാര്‍ത്ഥന'കളെയെല്ലാം തകിടംമറിച്ച്, 2019 മെയ് 23-ന്
തിരഞ്ഞെടുപ്പുഫലം വന്നു. ദേശീയരാഷ്ട്രീയം ബി.ജെ.പി. കൂടുതല്‍ ശക്തിയോടെ
കൈപ്പിടിയിലൊതുക്കിയിരിക്കുന്നു! കേരളത്തില്‍ സീറ്റൊന്നും നേടാനായില്ലെങ്കിലും, ബി.ജെ.പി വോട്ടര്‍മാരുടെ
എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു എന്നതില്‍നിന്ന് ആ പാര്‍ട്ടി ഇവിടെയും വിജയപാതയില്‍ത്തന്നെയാണെന്നും
കാണണം.
സഹസ്രാബ്ദങ്ങളായി സര്‍വ്വമതസമഭാവന പുലര്‍ത്തുകയും, അനേകം മതദര്‍ശനങ്ങള്‍ക്കു
ജന്മംനല്‍കുകയും, പുറമേ നിന്നുള്ള മതദര്‍ശനങ്ങളെ സ്വാഗതംചെയ്യുകയും
ചെയ്തുപോന്ന ലോകത്തിലെ ഒരേയൊരു ഭൂപ്രദേശമായ ഇന്ത്യയെ സംബന്ധിച്ച്, ഹിന്ദുത്വത്തിലൂന്നിയുള്ള
ബി.ജെ.പി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഈ വളര്‍ച്ച ആശങ്കാജനകംതന്നെയാണ്; സംശയമില്ല. കാരണം, ഹൈന്ദവ അഥവാ ഭാരതീയ
ആദ്ധ്യാത്മികദര്‍ശനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രമാണതത്ത്വങ്ങളില്‍നിന്നകന്ന്
വിഭാഗീയസമീപനങ്ങള്‍ക്ക് ഇന്ത്യയിലെ ഭൂരിപക്ഷഹിന്ദുക്കള്‍ വിധേയപ്പെട്ടു എന്നാണല്ലോ
ഇത് കാണിക്കുന്നത്. ഭാരതസംസ്‌കൃതിയുടെ തനിമയും മഹിമയും ഈ മഹാരാജ്യത്തുനിന്നു പൊയ്‌പ്പോകുകയാണോ
എന്ന മൗലികചോദ്യമാണ് ഇവിടെ ഉല്‍ക്കണ്ഠ ഉയര്‍ത്തുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇവിടുത്തെ ഭൂരിപക്ഷഹൈന്ദവസമൂഹത്തെയോ, അവരെ
മതാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ 1914 മുതല്‍ ശ്രമിച്ചുതുടങ്ങിയ
ഹിന്ദുമഹാസഭയെയോ 1924-ല്‍ ജന്മംകൊണ്ട രാഷ്ട്രീയ സ്വയംസേവക് സംഘി(RSS)നെയോ, തുടര്‍ന്ന്
രാഷ്ട്രീയപാര്‍ട്ടിയായി രൂപംകൊണ്ട 'ജനസംഘ'ത്തെയോ, അതിന്റെ പുതിയരൂപമായ ബി.ജെ.പി.യെയോ
കുറ്റപ്പെടുത്താന്‍ വലിയ പഴുതൊന്നും നമുക്കു കണ്ടെത്താനാവുകയില്ല. കാരണം, ഇവിടെ മുഗളരുടെയും
ബ്രിട്ടീഷുകാരുടെയും നേതൃത്വത്തില്‍ നൂറ്റാണ്ടുകള്‍ അരങ്ങുവാണ ഇസ്ലാമിക -
ക്രൈസ്തവമത രാഷ്ട്രീയാധിനിവേശങ്ങളും മറ്റു പടയോട്ടങ്ങളും കൂട്ടമതപരിവര്‍ത്തനങ്ങളും
ഹിന്ദുമതാചാരങ്ങളെയും സംസ്‌കാരത്തെയും ഇകഴ്ത്തിക്കാട്ടലും നിന്ദിക്കലുമെല്ലാം
ഹൈന്ദവജനതയുടെ ആത്മാഭിമാനത്തിനു വരുത്തിയ ഉണങ്ങാത്ത മുറിവും, ഈ
ന്യൂനപക്ഷമതവിഭാഗങ്ങള്‍ ഇന്നും ഇവിടെ പുലര്‍ത്തുന്ന ഔദ്ധത്യഭാവവും, ഭരണകൂട ഒത്താശയോടെ
നിര്‍ബാധം തുടരുന്ന അവരുടെ ശാക്തീകരണവും രാഷ്ട്രീയസ്വാധീനവുമെല്ലാം ചേര്‍ന്ന്
ഉളവാക്കിയ അരക്ഷിതത്വബോധമാണ്, മതാടിസ്ഥാനത്തില്‍ സ്വയം സംഘടിപ്പിച്ചുകൊണ്ടുമാത്രമേ
ഇന്ത്യയില്‍ തങ്ങള്‍ക്കു തലയുയര്‍ത്തി നിലനില്‍ക്കാനാവൂ എന്ന ചിന്തയിലേക്ക്
ഇവിടുത്തെ ഭൂരിപക്ഷസമുദായത്തെ നയിച്ചത് എന്നതാണ് സത്യം. അതുകൊണ്ട്, 'അളമുട്ടിയാല്‍ ചേരയും
കടിക്കും' എന്ന ന്യായത്താല്‍ അവരുടെ ഈ പ്രതിരോധം ന്യായീകരിക്കപ്പെടുന്നു.
പക്ഷേ, മറ്റൊരു രാജ്യത്തും ഒരു ന്യൂനപക്ഷസമുദായത്തിനും അനുഭവിക്കാന്‍
സാധിച്ചില്ലാത്തത്ര സ്വാതന്ത്ര്യവും സുരക്ഷിതത്വവും പ്രത്യേക അവകാശങ്ങളും
അനുഭവിച്ചുപോരുന്ന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ ഒരിക്കലും നിലയ്ക്കാത്ത
വിലപേശലുകള്‍ക്കും മതരാഷ്ട്രീയത്തിനും ഒരു ന്യായീകരണവും കണ്ടെത്താന്‍ നമുക്കു
കഴിയുകയില്ല. അതുപോലെതന്നെ, ന്യൂനപക്ഷാവകാശം പറഞ്ഞുള്ള ഈ സമുദായനേതൃത്വങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും
ഭീഷണികള്‍ക്കും ഭീരുക്കളെപ്പോലെ വഴങ്ങി ന്യൂനപക്ഷപ്രീണനം മത്സരിച്ചു നടത്തിവരുന്ന
ഇടുതു-വലതു കക്ഷികളുടെ സമീപനശൈലികള്‍ക്കും ഒരു നീതീകരണവുമില്ല.
ആലോചിച്ചുനോക്കിയാല്‍, നിലയ്ക്കു നില്‍ക്കാന്‍ തയ്യാറാകാത്ത
ന്യൂനപക്ഷമതനേതൃത്വങ്ങളും, അവരെ നിലയ്ക്കുനിര്‍ത്താന്‍ കെല്‌പോ കാഴ്ചപ്പാടോ ഇല്ലാത്ത
ബി.ജെ.പി ഒഴികെയുള്ള ഇന്നത്തെ രാഷ്ട്രീയകക്ഷി നേതൃത്വങ്ങളുമാണ്, ഭൂരിപക്ഷമതസ്ഥരെ
പ്രകോപിപ്പിച്ചു പ്രകോപിപ്പിച്ച് വിഭാഗീയമായി സ്വയം സംഘടിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നും
മതരാഷ്ട്രീയത്തിലേക്കു തള്ളിവിട്ടതെന്നും കാണാനാകും. ഇവിടെ, ഹിന്ദുത്വരാഷ്ട്രീയമെന്നത്
രോഗലക്ഷണംമാത്രമാണെന്നും, രോഗകാരണം ന്യൂനപക്ഷമതനേതൃത്വങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടിനേതൃത്വങ്ങളുടെയും
തെറ്റായ സമീപനമാണെന്നുമാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
രോഗകാരണത്തെ ഉന്മൂലനം ചെയ്യാതെയുള്ള രോഗചികിത്സ അശാസ്ത്രീയമാണെന്നും ഫലം
ചെയ്യില്ലെന്നും എല്ലാവര്‍ക്കും അറിയാം. അങ്ങനെയെങ്കില്‍, ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന
ഭൂരിപക്ഷവര്‍ഗ്ഗീയതയെന്ന രോഗത്തിനുള്ള ചികിത്സ ആരംഭിക്കേണ്ടതെവിടെയാണ്? ഉത്തരം വളരെ
വ്യക്തമാണ്. അതു മതന്യൂനപക്ഷജനവിഭാഗങ്ങളില്‍ത്തന്നെയാണു തുടങ്ങേണ്ടത്. തങ്ങളിലെ
മതവര്‍ഗ്ഗീയതയുടെ പത്തി സ്വയം താഴ്ത്താനാവശ്യമായ അവബോധത്തിലേക്ക് അവര്‍ ഉണരണം.
അതിന്, തങ്ങളുടേതുമാത്രമാണ് ശരിയായ മതമെന്ന മൗലികവാദപരമായ സമീപനത്തില്‍നിന്ന് അവര്‍
പിന്‍മാറിയേ പറ്റൂ. ഇന്ത്യന്‍ മണ്ണിലും ഇന്ത്യന്‍ സംസ്‌കാരത്തിലും പിറന്നുവീണിട്ട്, തലപൊക്കാറാകുമ്പോള്‍മുതല്‍
യൂറോപ്യന്‍ സംസ്‌കാരത്തിലും അറേബ്യന്‍ സംസ്‌കാരത്തിലും ഊന്നിനിന്ന് ഈ സംസ്‌കാരത്തെ
നിന്ദിക്കുകയും, ഇവിടുത്തെ മനുഷ്യരെ രക്ഷിക്കാനെന്ന മട്ടില്‍ മതപരിവര്‍ത്തനത്തിലൂടെ
തങ്ങള്‍ ചെന്നുപെട്ട അന്യസംസ്‌കാരങ്ങളിലേക്ക് ആളെ കൂട്ടുകയും ചെയ്യുകയെന്ന
ദേശദ്രോഹപരിപാടി അവസാനിപ്പിക്കാതെ ഇനി തരമില്ല. ''ഓരോ സമുദായത്തിനും അള്ളാഹു ഓരോ
ആരാധനക്രമവും കര്‍മ്മമാര്‍ഗ്ഗവും നിശ്ചയിച്ചുതന്നിരിക്കുന്നു. അവരവര്‍ അതാത്
അനുസരിക്കട്ടെ. ഇക്കാര്യത്തില്‍ പരസ്പരം വഴക്കടിക്കരുത്. മതകാര്യങ്ങളില്‍
ബലപ്രയോഗം പാടില്ല'' (വി. ഖുറാന്‍ - 22:34, 67; 45:28) എന്ന് വി. ഖുറാന്‍തന്നെ
കല്പിച്ചിരിക്കുന്നു എന്നതില്‍നിന്ന്, എല്ലാ ജനതകളിലും സംസ്‌കാരങ്ങളിലും
ഉദയംകൊള്ളുന്ന മതദര്‍ശനങ്ങള്‍ ശരിയാണെന്നുതന്നെയാണ് ഖുറാനും അര്‍ത്ഥമാക്കുന്നത്
എന്നു വരുന്നു. മതപരിവര്‍ത്തനത്തിനെതിരെ യേശുവും പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട്, മതഗ്രന്ഥങ്ങളെ
ഉപരിപ്ലവമായും നിക്ഷിപ്തതാല്പര്യങ്ങളോടെയും വ്യാഖ്യാനിച്ച് മതപരിവര്‍ത്തനത്തെ
സാധൂകരിക്കുന്ന പുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും സങ്കുചിതവാദങ്ങള്‍ക്കെതിരെ
ആഴത്തിലുള്ളതും സ്വതന്ത്രവുമായ മതവ്യാഖ്യാനങ്ങളുമായി അതാതു സമുദായങ്ങളിലെ
ധിഷണാശാലികളായ ഉത്പതിഷ്ണുക്കള്‍ രംഗത്തു വരേണ്ടിയിരിക്കുന്നു.
തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന മതപരമായ കടമ സ്വന്തം സമുദായത്തിന്റെ
ശാക്തീകരണമാണെന്ന്, പ്രത്യേകിച്ചും ന്യൂനപക്ഷമതനേതൃത്വങ്ങള്‍ കാലങ്ങളായി
കരുതിപ്പോരുന്നു. സ്വയംശാക്തീകരണലക്ഷ്യവും സമുദായശാക്തീകരണലക്ഷ്യവുമൊക്കെ ഏതു
മതത്തിന്റെയും പ്രമാണതത്ത്വങ്ങള്‍ക്കെതിരാണെന്നും, മറ്റുള്ളവരുടെയും മറ്റു
സമുദായങ്ങളുടെയും ശാക്തീകരണം ലക്ഷ്യംവയ്ക്കുന്നതാണ് ആദ്ധ്യാത്മികതയെന്നും
പഠിപ്പിക്കേണ്ട ഈ മതനേതൃത്വങ്ങള്‍ വിശ്വാസികളെ യഥാര്‍ത്ഥ മതത്തില്‍നിന്ന്
അകറ്റിക്കൊണ്ടിരിക്കുകയാണിന്ന്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന പ്രബോധനത്തിന്, 'സ്വന്തം
സമുദായത്തെപ്പോലെതന്നെ മറ്റു സമുദായങ്ങളെയും സ്‌നേഹിക്കുക' എന്ന അര്‍ത്ഥവുമുണ്ട്
എന്ന് അവരെ തിരിച്ചു പഠിപ്പിക്കാന്‍ കെല്പുള്ള ആധ്യാത്മിക കരുത്തന്മാര്‍ ഈ
സമുദായങ്ങളില്‍ ധാരാളമായി ഉണ്ടാകേണ്ടതുണ്ട്. അപ്പോള്‍, ഭൂരിപക്ഷമതസ്ഥര്‍ക്കില്ലാത്ത
പ്രത്യേക സൗജന്യങ്ങളും അവകാശങ്ങളും അനുഭവിക്കുന്നത് അപമാനവും അധാര്‍മ്മികവുമാണെന്നു
മനസ്സിലാക്കി, അവ സ്വയം വേണ്ടെന്നുവച്ച് അന്തസ്സ് കാട്ടുന്ന സമൂഹങ്ങളായി ഇന്നത്തെ
ന്യൂനപക്ഷങ്ങള്‍ മാറും. ഇതെല്ലാം ഗുണപരമായ (positive) അനുരണനങ്ങള്‍
ഭൂരിപക്ഷഹിന്ദുസമൂഹത്തിലുണ്ടാക്കുകയും ന്യൂനപക്ഷസമുദായങ്ങള്‍ ഇന്ത്യയില്‍
ആദരണീരായിത്തീരുകയും, ഭാരതത്തിന്റെ സഹജമായ സര്‍വ്വമതസമഭാവനയിലേക്ക്, ഇന്ത്യയുടെ സാംസ്‌കാരികത്തനിമയിലേക്ക്, ഹൈന്ദവസമുദായം
തിരികെപ്പോകുകുയം ചെയ്യും.
എന്നാലിന്ന്, ഇതിന്റെയെല്ലാം നേര്‍വിപരീതകാര്യങ്ങളാണ്
സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം മതമൗലികവാദവും വര്‍ഗ്ഗീയതയും
ദേശവിരുദ്ധമനോഭാവവും മറച്ചുപിടിച്ച് ഇന്ത്യയിലെ ന്യൂനപക്ഷമതനേതൃത്വങ്ങള്‍ 'ഹിന്ദുമതഫാസിസ'ത്തിനെതിരെ
ആക്രോശിക്കുന്നു! തങ്ങളുടെതന്നെ പൈതൃകമാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന
വസ്തുതയ്ക്കുനേരെ കണ്ണടച്ചുകൊണ്ടും, പ്രീണിപ്പിച്ചും ബലംപ്രയോഗിച്ചും
പീഡിപ്പിച്ചും മതംമാറ്റപ്പെട്ടവരും വിദേശമതരാഷ്ട്രീയ അതിക്രമങ്ങള്‍ക്ക്
ഇരകളാക്കപ്പെട്ടവരുമായ ഹിന്ദുക്കളായിരുന്നു തങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെന്ന
സത്യം വിസ്മരിച്ചുകൊണ്ടും നടത്തുന്ന ഈ നെറികെട്ട ആക്രോശങ്ങള്‍ ആത്മനിഷേധമാണെന്ന്
ഇവരറിയുന്നില്ല; അത്, ഇരിക്കുന്ന കമ്പ് ചുവടേ മുറിക്കുന്നതിനു തുല്യമാണെന്നും
ഇവരറിയുന്നില്ല.
മതമൗലികവാദത്തിന്റെയും മതാധിനിവേശങ്ങളുടെയും സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഈ
മതന്യൂനപക്ഷങ്ങളുടെ ഇന്നും തുടരുന്ന മൗലികവാദസമീപനത്തിനും സാമൂഹികകടന്നുകയറ്റങ്ങള്‍ക്കുമെതിരെ
ഒരു ചെറുവിരല്‍പോലും ഉയര്‍ത്താന്‍ ഭയക്കുന്ന ഇവിടുത്തെ രാഷ്ട്രീയകക്ഷികളും അവയുടെ
നേതൃത്വങ്ങളും, അവരെ പ്രീണിപ്പിച്ച് നാലു വോട്ടുനേടാന്‍വേണ്ടി അതേ ആക്രോശം കൂടുതല്‍
ഉച്ചത്തില്‍ മുഴക്കുന്നു! ബുദ്ധിപരമായ സത്യസന്ധത എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞ
ഇവിടുത്തെ ബുദ്ധിജീവികളുടെയും പുരോഗമനവാദികളുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും
സമീപനവും വ്യത്യസ്തമല്ല. ന്യൂനപക്ഷവര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണുതകള്‍ക്കുംമുമ്പില്‍
നട്ടെല്ലു വളച്ചുനിന്ന് ഭൂരിപക്ഷമതഫാസിസത്തിനെതിരെ അവരും ഓരിയിടുന്നു!
സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന ദേശീയ പത്രമാധ്യമങ്ങളെപ്പോലെ, ശരിയായ
ആശയരൂപീകരണത്തിലും പ്രവര്‍ത്തനമാര്‍ഗ്ഗദര്‍ശനത്തിലും ജനങ്ങള്‍ക്കു ധീരമായി
നേതൃത്വംനല്‍കേണ്ട ഇന്നത്തെ മുഖ്യധാരാമാധ്യമങ്ങളാകട്ടെ, യാതൊരുവിധ
ലക്ഷ്യബോധമോ ആശയവ്യക്തതയോ വിശകലനശേഷിയോ പ്രകടിപ്പിക്കാതെ, കാര്യങ്ങളെ
പോകുന്നവഴിയേ അടിച്ചുതെളിച്ചും, പരസ്യദാതാക്കളായ മതനേതാക്കളെയും കോര്‍പ്പറേറ്റ്
ഭീമന്മാരെയും പ്രീണിപ്പിക്കാന്‍ വാര്‍ത്തകള്‍ അവസരവാദപരമായി മൂടിവച്ചും
വേണ്ടപ്പോള്‍ പൊലിപ്പിച്ചും കേവലം ഉദരസേവ നടത്തുന്നവയായിരിക്കുന്നു... എന്നാല്‍, ഭൂരിപക്ഷസമുദായത്തിന്റെ
സ്വാതന്ത്ര്യസമരഘട്ടമായി ഈ കാലത്തെ കാണുന്ന ഹിന്ദുത്വവാദികളുടെ മാധ്യമപ്രവര്‍ത്തനങ്ങളുള്‍പ്പെടെ
എല്ലാ പ്രവര്‍ത്തനങ്ങളും അവരുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനുതകുംവിധം ശക്തിയുക്തം
മുന്നേറുകയും ചെയ്യുന്നു. വേണമെന്നുവെച്ചാല്‍, ഏതാനും വര്‍ഷത്തിനകം ഇവിടുത്തെ
ന്യൂനപക്ഷങ്ങളെ കാല്‍ക്കീഴിലാക്കി ഭരിക്കാന്‍ കഴിയുംവിധം ഹിന്ദുത്വപ്രസ്ഥാനങ്ങളും
ബി.ജി.പി.യും രാഷ്ട്രീയ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണെന്ന് അല്പം ദീര്‍ഘവീക്ഷണത്തോടെ
നോക്കിയാല്‍ ആര്‍ക്കും കാണാനാകും. ന്യൂനപക്ഷമതനേതൃത്വങ്ങളുടെ ശക്തിപ്രകടനങ്ങളും
പ്രകോപനങ്ങളും ഇപ്പോഴത്തേതുപോലെ തുടരുന്നപക്ഷം, ഈ സാഹചര്യം വളരെ വേഗം ഇവിടെ
ആഗതമാകുകയും, ന്യൂനപക്ഷപീഡനത്തിനും കലാപങ്ങള്‍ക്കുംവരെ ഇടയാകുകയും ചെയ്യും എന്നും
കാണേണ്ടിയിരിക്കുന്നു.
അതുകൊണ്ട്, ന്യൂനപക്ഷമതസ്ഥരിലെ വിവേകമതികള്‍ ഉണര്‍ന്നു ചിന്തിക്കുകയും രക്ഷാമാര്‍ഗ്ഗങ്ങള്‍
തേടുകയും ചെയ്യേണ്ട സമയമാണിത്. തങ്ങളെ മതത്തിന്റെയും ദൈവത്തിന്റെയുംപേരില്‍
അപകടകരങ്ങളായ ആഴക്കുഴികളിലേക്ക് അന്ധമായി നയിക്കുന്ന പുരോഹിത-മതപണ്ഡിതവിഭാഗങ്ങളെ
സമുദായനേതൃത്വത്തില്‍നിന്നുമാറ്റി നിര്‍ത്തി, തങ്ങളുടെ മതങ്ങളുടെ പ്രമാണതത്ത്വങ്ങളും
മൂല്യസംഹിതയും ഉള്‍ക്കൊണ്ടവരുടെ പുതിയ നേതൃന്നിരകള്‍ ആ രംഗത്തേക്കു കടന്നുവരേണ്ട
ചരിത്രമുഹൂര്‍ത്തമാണിത്. ഈ പുതിയ നേതൃത്വങ്ങള്‍, ബലിയനുഷ്ഠാനങ്ങളേക്കാള്‍
സഹോദരരുമായുള്ള അനുരഞ്ജനപ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നവരാകയാല്‍, യേശു കല്പിച്ച
മാതൃകയില്‍ (മത്താ. 5:23-26), കാഴ്ചവസ്തുക്കള്‍ ബലിപീഠത്തിനുമുമ്പില്‍ വച്ചിട്ട്, തങ്ങളോടു പിണക്കവും
അമര്‍ഷവുമുണ്ടെന്നറിയാവുന്ന ഹിന്ദു സഹോദരങ്ങളുമായി രമ്യപ്പെട്ടിട്ടുമാത്രമേ, അതിനെന്തെല്ലാം
ചെയ്യണമോ അതെല്ലാം ചെയ്തിട്ടുമാത്രമേ, ബലിപീഠത്തിങ്കലെത്തി കാഴ്ച അര്‍പ്പിക്കുകയുള്ളു.
ഇത്തരമൊരു നേതൃന്നിരയും ഈ വിധത്തില്‍ ദുരഭിമാനം വിട്ടുള്ള അനുരഞ്ജനശ്രമങ്ങളും
ഇന്ത്യയിലെ ന്യൂനപക്ഷസമുദായങ്ങളില്‍നിന്നുണ്ടാകുന്നുവെങ്കില്‍, മുമ്പു
സൂചിപ്പിച്ചപ്രകാരം, ലോകത്തിനു മാതൃകയായി ഇന്ത്യ വീണ്ടുമൊരു സര്‍വ്വമതസൗഹാര്‍ദ്ദവേദിയായിത്തീരും.
മറിച്ചാണെങ്കിലോ? എങ്കില്‍, യേശു തുടര്‍ന്നു പറയുന്നതുപോലെ, ''...പ്രതിയോഗി നിന്നെ
ന്യായാധിപന്റെ കൈയില്‍ ഏല്പിക്കും. ന്യായാധിപന്‍ കാവല്‍ക്കാരന്റെ കൈയില്‍
ഏല്പിക്കും. നീ കാരഗൃഹത്തിലാകുകയും ചെയ്യും. സത്യമായി ഞാന്‍ നിന്നോടു പറയുന്നു:
അവസാനത്തെ ചില്ലിക്കാശും കൊടുത്തു തീര്‍ക്കാതെ അവിടെനിന്നു നിനക്കു മോചനമില്ല'' (മത്താ. 5:25-26).
ഇവിടെ ന്യായാധിപന്‍ ഭൂരിപക്ഷസമുദായത്തിലെ വോട്ടര്‍മാരായിരിക്കും എന്ന വ്യത്യാസമേ
ഉള്ളൂ. അവര്‍ക്ക് ഇവിടുത്തെ ന്യൂനപക്ഷങ്ങളോട് കുറച്ചൊന്നുമല്ല കണക്കുതീര്‍ക്കാനുള്ളത്
എന്നോര്‍ക്കുക. അതുകൊണ്ട് എന്തു വിലകൊടുത്തും രമ്യപ്പെടുകയെന്നതാണ്
കരണീയമായിട്ടുള്ളത്.
ഇലക്ഷന്‍ ഫലത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, കേരളത്തിലെ കാര്യംകൂടി
പ്രതിപാദിക്കേണ്ടതുണ്ടല്ലോ. ജാതി - മതമേധാവിത്വങ്ങള്‍ക്കും
ജന്മിത്ത-മുതലാളിത്തശക്തികള്‍ക്കുമെതിരെ ത്യാഗനിര്‍ഭരമായി ആദര്‍ശശുദ്ധിയോടും
ധീരതയോടുംകൂടി പൊരുതിയ കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഓര്‍മ്മകള്‍
അല്പംകൂടി ബാക്കിനില്‍ക്കുന്ന എന്നതുകൊണ്ടുമാത്രമാണ്, കമ്മ്യൂണിസത്തിന്റെ
കേരളത്തിലെ ഈ വാലറ്റത്തിന് അല്പം ജീവന്‍ ബാക്കിനില്‍ക്കുന്നത് എന്നു പറഞ്ഞാല്‍ അതു
തെറ്റാകാനിടയില്ല. ജന്മി - മുതലാളി - പുരോഹിതചൂഷണങ്ങള്‍ക്കെതിരെ ജനപക്ഷത്തുനിന്നു
പടനയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമിന്ന്, പ്രത്യേകിച്ച് ന്യൂനപക്ഷമതനേതൃത്വങ്ങള്‍ക്കുമുമ്പില്‍
പേടിച്ചു വിറയ്ക്കുന്നതും, മുതലാളിത്തത്തിന്റെ ഉന്നതരൂപമായ കോര്‍പ്പറേറ്റുകള്‍ക്കു
കുടപിടിച്ച് ചുവപ്പു പരവതാനി വിരിക്കുന്നതുമാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്!
അതിന്റെകൂടെ, ന്യൂജെന്‍ കമ്യൂണിസ്റ്റുകാരുടെ യജമാനഭാവവും ധാര്‍ഷ്ട്യവും ഗുണ്ടായിസവും
അഴിമതിയും ആഡംബരത്വരയും, മുതലാളിത്തത്തെ വെല്ലുന്ന ജനവിരുദ്ധവികസനസങ്കല്പവും എല്ലാം
ചേര്‍ന്നുള്ള കമ്മ്യൂണിസത്തിന്റെ ഈ വികലപരിണാമം കണ്ട് ജനങ്ങള്‍ അതില്‍നിന്ന്
ഓടിയകലുകയാണിന്ന്.
കമ്മ്യൂണിസത്തിന്റെ ആഗമനംകണ്ട്, യൂറോപ്പിലെ ഭൂരിഭാഗം ഭൂമിയും
കൈവശപ്പെടുത്തിയ ക്രൈസ്തവപുരോഹിതജന്മിത്വം ഞെട്ടിവിറക്കുകയാണെന്ന അര്‍ത്ഥത്തില്‍ മാര്‍ക്‌സ് എഴുതിയിട്ടുള്ളതായി
കേട്ടിട്ടുണ്ട്. ഈ മാര്‍ക്‌സിന്റെ കേരളത്തിലെ അനുയായികള്‍, ക്രൈസ്തവരുടെ
മുഴുവന്‍ പൊതുസ്വത്തും കൈയടക്കിയ ഇവിടുത്തെ പുരോഹിതജന്മിത്വത്തെകണ്ട്
ഞെട്ടിവിറയ്ക്കുന്നതിലെ വിരോധാഭാസം കാണാതിരിക്കാന്‍ ആര്‍ക്കു കഴിയും? അതേ ഭയപ്പാടുമൂലം, കുരിശുനാട്ടിയുള്ള
സഭാദ്ധ്യക്ഷന്മാരുടെ ഭൂമികൈയേറ്റങ്ങള്‍ക്കും, വമ്പിച്ച ഭൂമികുംഭകോണങ്ങള്‍ക്കും, കന്യാസ്ത്രീപീഡനമുള്‍പ്പെടെയുള്ള
പുരോഹിത അതിക്രമങ്ങള്‍ക്കും പരോക്ഷമായി ചൂട്ടുപിടിച്ച് അവരെ കൂടെനിര്‍ത്താന്‍
നോക്കുന്ന ഇന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരും പാര്‍ട്ടികളും, തങ്ങളുടെ ഈ
അല്പത്വംകൊണ്ടുതന്നെ, ക്രൈസ്തവസമുദായമുള്‍പ്പെടെ എല്ലാ മതസമൂഹങ്ങളെയും
സംബന്ധിച്ച് പരിഹാസപാത്രങ്ങളായിരിക്കുന്നു!
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധി
നടപ്പാക്കുന്നതില്‍ ഈ ഗവണ്‍മെന്റു കാണിച്ച അമിതാവേശത്തെയും, യാക്കോബായ - ഓര്‍ത്തഡോക്‌സ്
സഭാക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായി വന്ന വിധി നടപ്പാക്കുന്നതില്‍
കാട്ടിയ നിഷ്‌ക്രിയത്വത്തെയും ഒന്നു താരതമ്യംചെയ്തു നോക്കിയാല്‍മാത്രംമതി, പിണറായി സര്‍ക്കാരിന്റെ
സുപ്രീം കോടതിയോടുള്ള ബഹുമാനത്തിലെ വൈരുദ്ധ്യവും നവോത്ഥാന മുദ്രാവാക്യത്തിലെ
കാപട്യവും തിരിച്ചറിയാന്‍. സഭാക്കേസിലെ വിധി നടപ്പാക്കാന്‍ പോയാല്‍ യാക്കോബായ
സഭാപൗരോഹിത്യം പിണങ്ങും. അതുകൊണ്ട് ആ വിധിക്കെതിരെ കണ്ണടയ്ക്കുന്നു. എന്നാല്‍, ഹിന്ദുമതനേതൃത്വത്തെ
എതിര്‍ക്കുന്നതും നിന്ദിക്കുന്നതും 'നവോത്ഥാന'മാണല്ലോ. അതുകൊണ്ട്, എന്തു വിലകൊടുത്തും ആ
വിധി നടപ്പാക്കുകയും ചെയ്യുന്നു!
അവാര്‍ഡ് പ്രഖ്യാപിച്ച കാര്‍ട്ടൂണില്‍ ഫ്രാങ്കോയുടെ മുഖവും
അംശവടിയുമുള്ളതിനാല്‍ അത് മതനിന്ദയാണെന്ന് ഏതാനും മെത്രാന്മാര്‍ പറഞ്ഞയുടനെ, അവാര്‍ഡ് തീരുമാനം
പുനഃപരിശോധിക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു! അതേ സമയം
എം.എഫ്.ഹൂസൈനെപ്പോലുള്ള കലാകാരന്മാര്‍
ഹിന്ദുദേവതകളെ ഹിന്ദുക്കള്‍ക്ക് അഹിതമായ വിധത്തില്‍ ചിത്രീകരിച്ചാലോ, അതിവര്‍ക്ക് ആവിഷ്‌കാരസ്വാതന്ത്ര്യം!
ഇപ്രകാരം, ന്യൂനപക്ഷ മതാധിപത്യത്തിന് വഴങ്ങിക്കൊടുക്കുകയും ഭൂരിപക്ഷമതസ്ഥരെ
പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഈ നാണംകെട്ട ഇരട്ടത്താപ്പു സമീപനം
കമ്മ്യൂണിസമാണുപോലും! യഥാര്‍ത്ഥത്തില്‍, കമ്മ്യൂണിസത്തിന്റെ അന്തകരായിത്തീര്‍ന്നിരിക്കുകയാണ്, കേരളത്തിലെ ഇന്നത്തെ
കമ്മ്യൂണിസ്റ്റു നേതാക്കന്മാര്‍.
ഒരു ഇടതു സര്‍ക്കാര്‍തന്നെ നിയോഗിച്ച നിയമപരിഷ്‌ക്കരണകമ്മീഷന്‍ ശിപാര്‍ശചെയ്ത
ചര്‍ച്ച് ട്രസ്റ്റ് ബില്ലിനെതിരെ ഏതാനും മെത്രാന്മാര്‍ ഒന്നു നെറ്റിചുളിച്ചപ്പോഴേ
മുഖ്യമന്ത്രി അവരെ വിളിച്ചുവരുത്തി, 'ഒരു കാരണവശാലും ഞങ്ങളിതു പാസ്സാക്കില്ല' എന്നു പറഞ്ഞ് ആശ്വസിപ്പിച്ചുവിട്ടതോടെ, അതിന്റെ അനിവാര്യത
ബോധ്യപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം ക്രൈസ്തവരും ഇടതുകക്ഷികളെ കൈവിട്ടു. ബി.ജി.പി
നേതാവ് കുമ്മനം രാജശേഖരന്‍ മെത്രാന്മാരുടെമുമ്പില്‍ സാഷ്ടാംഗപ്രണാമം
ചെയ്തില്ലായിരുന്നുവെങ്കില്‍, ആ പാര്‍ട്ടിക്ക് കുറെ ക്രൈസ്തവ വോട്ടുകള്‍ക്കൂടി
കിട്ടിയേനെ. അങ്ങനെ, മറ്റൊരു
ഓപ്ഷനും ഇല്ലാതിരുന്നതിനാലാണ് എല്ലാവരും ചേര്‍ന്ന്, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള
യു.ഡി.എഫ്-നെ വിജയിപ്പിച്ചത്.
അതുകൊണ്ട്, കേരളത്തില്‍ ഇക്കാലമത്രയും തുടര്‍ന്നുപോന്ന, വലതുമന്തുകാലും ഇടതുമന്തുകാലും
മാറിമാറിച്ചവിട്ടിയുള്ള ഭരണം ഇനിയങ്ങോട്ടു നടക്കുമെന്ന് കരുതേണ്ടതില്ല.
ഇടതുമന്തുകാലിന്റെ ചലനശേഷി ഏതാണ്ട് തീര്‍ന്നിരിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയപന്ത്, അടുത്ത അസംബ്ലി
ഇലക്ഷനോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുമുന്നണിയുടെ കാല്‍ക്കീഴിലാകാനാണിട.
അവര്‍ വൈകാതെ നേരിടാന്‍പോകുന്ന പ്രതിപക്ഷം ബി.ജെ.പി ആയിരിക്കാനും സാധ്യതയുണ്ട്.
ബി.ജെ.പി-യുടെ ഹിന്ദുത്വവര്‍ഗ്ഗീയതയെ നിര്‍വീര്യമാക്കാന്‍ അവര്‍ക്കു
ചെയ്യാനുള്ളതും മുമ്പു സൂചിപ്പിച്ച കാര്യങ്ങള്‍തന്നെയാണ്. അതിനവരെ ധൈര്യപ്പെടുത്തുകയെന്നതാണ്
പ്രധാനമായും മതന്യൂനപക്ഷസമുദായങ്ങളിലുയര്‍ന്നുവരേണ്ട വിവേകമതികളായ പുത്തന്‍ നേതൃന്നിരയ്ക്ക്
ചെയ്യാനുള്ളത്. ഭൂരിപക്ഷസമുദായത്തിന് ദോഷമോ നഷ്ടമോ വരുന്ന, അവരെ
പ്രകോപിപ്പിക്കുന്ന യാതൊരു സാമുദായികപക്ഷപാതവും കാട്ടുവാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും
ഒരു ഗവണ്‍മെന്റിനെയും അവരിനി അനുവദിക്കരുത്. ന്യൂനപക്ഷപ്രീണനം ആരു നടത്തിയാലും അതു
താമസംവിനാ ന്യൂനപക്ഷങ്ങള്‍ക്കുതന്നെ വിനയായിത്തീരുമെന്നതിനെക്കുറിച്ചും, മതപുരോഹിതരുടെയും
മതനേതാക്കളുടെയും രാഷ്ട്രീയ ഇടപെടലുകള്‍ തങ്ങളെ അടിമത്തത്തിലേക്കേ നയിക്കൂ
എന്നതിനേക്കുറിച്ചും ന്യൂനപക്ഷസമുദായങ്ങളെ ബോധ്യപ്പെടുത്താനും അവര്‍ക്കു കഴിയണം.
അപ്പോഴേ, ഒഴുക്കിനൊത്തൊഴുകാന്‍ മാത്രമറിയുന്ന, ഇന്നത്തെ രാഷ്ട്രീയകക്ഷികള്‍ക്കും അതു
ബോധ്യമാകൂ. സാമുദായികസംഘര്‍ഷങ്ങളില്‍ പരസ്പരമുള്ള അനുരഞ്ജനശ്രമങ്ങളെ
പ്രോത്സാഹിപ്പിക്കല്‍, ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്നു നോക്കാതെ നീതിനടപ്പാക്കല്‍, മതസ്വത്തുക്കളുടെ
ഭരണം ജനകീയവും ഭരണഘടനാപരവുമാക്കല്‍, ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ
പാശ്ചാത്യവികസനസങ്കല്പങ്ങളില്‍നിന്നു മാറി, കോണ്‍ഗ്രസ് സ്വയം കളഞ്ഞുകുളിച്ച
ഗാന്ധിയന്‍ മൂല്യസങ്കല്പത്തിലുള്ള ഗ്രാമവികസനസങ്കല്പത്തിലേക്കു നയംമാറ്റല്‍
എന്നിങ്ങനെ കേരളത്തില്‍ പുതിയൊരു നയസമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനു
കഴിയുമെങ്കില്‍ ഇവിടെ എല്ലാ വിഭാഗങ്ങളുടെയും വര്‍ഗ്ഗീയതയ്ക്കു ശമനമുണ്ടാകും.
മറിച്ചായാല്‍, കേരളവും ഇന്ത്യയാകെയും മതവര്‍ഗ്ഗീയതയുടെ യുദ്ധക്കളമാകുകയും ചെയ്യും. 2019-ലെ
ഇലക്ഷന്‍ഫലം മുന്നോട്ടുവയ്ക്കുന്നത് ഈ രണ്ട് ഓപ്ഷനു കളാണ്.
അതുകൊണ്ട്, മതവര്‍ഗ്ഗീയതയെന്ന തിന്മയെ അതേ നാണയത്തില്‍ ചെറുത്തു തോല്പിക്കാമെന്ന വ്യാമോഹം
ആരും, പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങള്‍ വച്ചുപുലര്‍ത്താതിരിക്കട്ടെ; മറിച്ച്, ഏതു വര്‍ഗ്ഗീയതയെയും
ഏതു തിന്മയെയും നന്മകൊണ്ട് നിര്‍വീര്യമാക്കാനുള്ള കല അഭ്യസിക്കാന്‍ എല്ലാവരും
തങ്ങളുടെ മതങ്ങളുടെ പ്രമാണതത്ത്വങ്ങളിലേക്കും മൂല്യസംഹിതകളിലേക്കും
തിരിയട്ടെ!
-എഡിറ്റര്‍
No comments:
Post a Comment