Translate
Sunday, June 23, 2019
സുവിശേഷത്തിലെ യേശുവിനെ തേടി
(ശ്രീ ജോർജ് തൈല ജൂൺ 12, 2019-ൽ നടന്ന കെസിആർഎം നോർത് അമേരിക്കയുടെ 18-മത് ടെലികോൺഫെറൻസിൽ അവതരിപ്പിച്ച പ്രബന്ധം)
1982-ൽ കോട്ടയത്ത് കാണക്കാരിയിലുള്ള വികാസ് ട്രെയിനിംഗ് സെൻറെറിൽ ഒരു നേതൃത്വ പരിശീലന ക്യാമ്പ് നടക്കുകയായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നും സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്ന യുവാക്കൾ, വിവിധ മതക്കാരും വിവിധ ജാതിയിൽപ്പെട്ടവരും ക്യാമ്പിൽ എത്തിയിട്ടുണ്ടായിരുന്നു.
സ്വയം പരിചയപ്പെടുത്തൽ പരിപാടിയിൽ ഒരു സംഘടനയുടെ പ്രധിനിധി ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ സംഘടനയുടെ ദൗത്യം ബൈബിളിലെ യേശുവിനെ സമൂഹത്തിൽ അവതരിപ്പിക്കുക എന്നതാണ്” എന്ന്. ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു പ്രയോഗമായി തോന്നി, അത്.
സുവിശേഷത്തിലെ യേശു എന്നൊരു പ്രത്യേക യേശു ഉണ്ടോ? ക്രിസ്ത്യാനികളെല്ലാവരും ആരാധിക്കുന്ന യേശു അല്ലാതെ വേറൊരു യേശു ഉണ്ടോ? നമ്മൾ സുവിശേഷം വായിക്കാറുണ്ടല്ലോ - പള്ളിയിലും വേദപാഠക്ലാസ്സിലും വീട്ടിലും ഒക്കെ. യേശുവിൻറെ ജനനം, മരണം, ഉയിർപ്പ്, സ്വർഗാരോഹണം എന്നെല്ലാം സുവിശേഷത്തിൽ പറഞ്ഞിട്ടുള്ളത് നമുക്കറിയാം. പിന്നെ സുവിശേഷത്തിലെ യേശുവിനെ സമൂഹത്തിൽ അവതരിപ്പിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങളാണ് എന്നെ വീണ്ടും സുവിശേഷപഠനത്തിലേയ്ക്ക് നയിച്ചത്. യേശുവിനെ തേടിയുള്ള ഈ യാത്ര ഒരു ജീവിത യാത്രയായി മാറിയിരിക്കുകയാണ്, ഇപ്പോൾ. യേശുവിനെ അറിയണമെങ്കിൽ സുവിശേഷം വെറുതെ വായിച്ചുവിട്ടാൽ പോരാ എന്നു മനസിലായിരിക്കുന്നു. കുർബാനയിലും പ്രാർത്ഥനകളിലും കേൾക്കുന്നതുപോലെ എട്ടോ പത്തോ വചനങ്ങൾ വായിച്ചുകേട്ടിട്ട് അതിനെ മാത്രം ആസ്‌പദമാക്കി ഒരു പ്രസംഗവും കേട്ടാൽ പോരാ. ഓരോ സുവിശേഷവും മുഴുവനായി പഠിച്ചാലേ അതിൻറെ രൂപഘടനയും അന്തരാർത്ഥങ്ങളും മനസ്സിലാകുകയൊള്ളു. പള്ളിയിലെ സക്രാരിയുടെ മുമ്പിൽ, സക്രാരിയിലെ യേശുവിൻറെ മുമ്പിൽ ഉള്ള ആവരണം പോലെതന്നെ സുവിശേഷത്തിലും പലതരത്തിലുള്ള ആവരണങ്ങൾ ഉണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം അതിൽ കാണാം. കാലാകാലങ്ങളിൽ ക്രിസ്ത്യൻ സഭകളിൽ ഉണ്ടായിട്ടുള്ള ജയാപജയങ്ങളുടെയും കുരിശുയുദ്ധങ്ങളുടെയും കലാപങ്ങളുടെയും കഥ അതിൽ കേൾക്കാം. കാലാകാലങ്ങളിൽ ചോർന്നുപോയവയും ചോർത്തിക്കളഞ്ഞവയും കൂട്ടിച്ചേർത്തുകെട്ടിയവയും എല്ലാം ഉണ്ടാകാം.
എന്നിരുന്നാലും, ബൈബിൾ (പഴയനിയമവും പുതിയനിയമവും) ഇന്നും പഠനവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥമാണ്. സമ്പൂർണ ബൈബിൾ 680-ൽപരം ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയനിയമം ആകട്ടെ 1500-ൽപരം ഭാഷകളിൽ ഇപ്പോൾ ലഭ്യമാണ്. മലയാളത്തിലെ ആദ്യത്തെ ബൈബിൾ 1811-ൽ ആണ് ഉണ്ടായത്. ഫീലിപ്പോസ് റമ്പാൻ എന്ന ഒരു പ്രഫസർ സുറിയാനിയിൽനിന്ന് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു. അതിനുശേഷം മലയാളത്തിൽ പല പരിഭാഷകളും ഉണ്ടായിട്ടുണ്ട്. കെസിബിസി ബൈബിൾ കമ്മീഷൻ തയ്യാറാക്കിയ പിഒസി ബൈബിൾ എന്ന് അറിയപ്പെടുന്ന വിവർത്തനം കത്തോലിക്കാസഭയിലെ ഔദ്യോഗിക മലയാളം ബൈബിളായി കണക്കാക്കപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും പ്രധാനപ്പെട്ട വിവർത്തനങ്ങൾ New Revised Standard Version, King James Version, New International Version എന്നിവയാണ്. കൂടാതെ, New English Bible, Today's English Version അഥവാ Good News Bible എന്നിങ്ങനെ പല വിവർത്തനങ്ങളും ലഭ്യമാണ്.
ബൈബിൾ ഒരു അവലോകനം
യേശുവിനു മുമ്പും പിമ്പുമായി എഴുതപ്പെട്ട പല പുസ്തകങ്ങൾ ചേർന്നതാണ് ബൈബിൾ. യേശുവിൻറെ മരണശേഷംയേശുവിനെപ്പറ്റി എഴുതപെട്ട 27പുസ്തകങ്ങളും എല്ലാ ക്രിസ്ത്യൻ സമുദായങ്ങളും അംഗീകരിക്കുന്നുണ്ട്. അവയെ പുതിയനിയമം എന്നു വിളിക്കുന്നു. എന്നാൽ പഴയ നിയമത്തിലേയ്ക്കു വരുമ്പോൾ ഓരോ ക്രൈസ്തവ വിഭാഗവും അംഗീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിൽ വ്യത്യാസങ്ങളുണ്ട്. കത്തോലിക്കാസഭയിൽ പഴയനിയമം 46 പുസ്തകങ്ങളാണെങ്കിൽ പൗരസ്ത്യസഭകളിൽ 51 പുസ്തകങ്ങളും പ്രൊട്ടസ്റ്റൻറ്സഭകളിൽ 39 പുസ്തകങ്ങളുമാണ്. പുതിയനിയമത്തിലെ 27 പുസ്തകങ്ങൾ താഴെ പറയുന്നവയാണ്:
സുവിശേഷങ്ങൾ - 4, അപ്പോസ്തലന്മാരുടെ നടപടി - 1, പൗലോസിൻറെ ലേഖനങ്ങൾ - 13, യാക്കോബിൻറെ ലേഖനം - 1, പത്രോസിൻറെ ലേഖനങ്ങൾ - 2, യോഹന്നാൻറെ ലേഖനങ്ങൾ - 3, യൂദായുടെ ലേഖനം - 1, എബ്രായക്കാർക്കെഴുതപ്പെട്ട ലേഖനം - 1, വെളിപാടിൻറെ പുസ്തകം - 1. നാലു സുവിശേഷങ്ങൾ ഏതൊക്കെയാണെന്ന് എല്ലാവർക്കും അറിയാമെല്ലോ: മത്തായി എഴുതിയ സുവിശേഷം, മാർക്കോസ് എഴുതിയ സുവിശേഷം, ലൂക്കാ എഴുതിയ സുവിശേഷം, യോഹന്നാൻ എഴുതിയ സുവിശേഷം. എല്ലാ സുവിശേഷങ്ങളും ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടത്. സുവിശേഷങ്ങൾ എഴുതപ്പെട്ട സമയത്ത് അവയ്ക്ക് ആരുടേയും പേര് കൊടുക്കപ്പെട്ടിരുന്നില്ല. ഇന്നുള്ള പേരുകൾ രണ്ടാം നൂറ്റാണ്ടിൽ കൊടുക്കപ്പെട്ടതാണ്. ക്രിസ്ത്യാനികളുടെ രണ്ടാം തലമുറക്കാരായിരിക്കണം സുവിശേഷങ്ങൾ എഴുതിയുണ്ടാക്കിയതെന്ന് പണ്ഡിതന്മാർ കരുതുന്നു. അങ്ങനെ സുവിശേഷങ്ങൾ ദൃക്‌സാക്ഷി വിവരങ്ങൾ അല്ല എന്ന് വരുന്നു. എന്നാൽ യോഹന്നാൻറെ സുവിശേഷം അദ്ദേഹംതന്നെ എഴുതിയെന്നു കരുതുന്ന പണ്ഡിതന്മാരുമുണ്ട്.
സുവിശേഷങ്ങളുടെ ഉത്ഭവം എങ്ങനെ?
1. യേശുവിൻറെ മരണത്തിനു തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ അവിടുത്തെ ശിഷ്യന്മാരിൽനിന്നും പിൻഗാമികളിൽനിന്നും ലഭിച്ച വിവരങ്ങളും വിവരണങ്ങളും സാക്ഷ്യങ്ങളും യേശുവിൻറെ വചനങ്ങൾ, പ്രബോധനങ്ങൾ, കഥകൾ, ഉപമകൾ എന്നിവയെല്ലാം വായ്മൊഴിയായി (Oral Tradition) പ്രചരിച്ചിരുന്നു.
2. യേശുവിൻറെ അനുയായികൾ എഴുതിയുണ്ടാക്കി ഉപയോഗിച്ചിരുന്ന സംഗ്രഹങ്ങൾ (Written Collections) ലഭ്യമായിരുന്നു.
3. സുവിശേഷങ്ങളുടെ രീതിയിൽ എഴുതിയ, പിന്നീട് നഷ്ടപ്പെട്ടുപോയ കൃതികൾ ഉണ്ടായിരുന്നു. അവയെ പ്രോട്ടോ ഗോസ്പെൽസ് (Proto Gospels ) എന്നു വിളിച്ചിരുന്നു.
4. ക്യു സോഴ്സ്സ് (Q Sources) എന്നു ബൈബിൾ പണ്ഡിതന്മാർ വിളിക്കുന്ന ഒരു സംഗ്രഹം ഉണ്ടായിരുന്നു.
ഇങ്ങനെ പല മൂലകൃതികൾ ഉപയോഗിച്ച് എഴുത്തുകാർ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിച്ച്, ക്രമീകരിച്ച് ഉണ്ടാക്കിയെടുത്തവയാണ് സുവിശേഷങ്ങൾ.
ആദ്യം എഴുതപ്പെട്ട സുവിശേഷങ്ങളിൽനിന്നും പ്രബോധനങ്ങളും അത്ഭുതപ്രവർത്തനങ്ങളും സംഭവങ്ങളും എടുത്ത് പിന്നീട് എഴുതപ്പെട്ട സുവിശേഷങ്ങളിൽ ഉപയോഗിക്കുന്നതും കാണാം. മർക്കോസ്, മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളിൽ പരസ്പര സാമ്യമുള്ള ധാരാളം ഭാഗങ്ങൾ ഉണ്ട്. സംഭവങ്ങളിലും സന്ദേശങ്ങളിലും അത്ഭുതങ്ങളിലും ഭാഷയിലും ശൈലിയിലും ഉള്ള സാമ്യംകൊണ്ട് ഈ മൂന്ന് സുവിശേഷങ്ങളെ സമവീക്ഷണ സുവിശേഷങ്ങൾ (Synoptic Gospels) എന്നു വിളിക്കുന്നു.
സുവിശേഷങ്ങളുടെ കാലക്രമം
1. മർക്കോസിൻറെ സുവിശേഷം - AD 66-70; 2. മത്തായിയുടെ സുവിശേഷം - AD 85-90; 3. ലൂക്കായുടെ സുവിശേഷം - AD 85-90; 4. യോഹന്നാൻറെ സുവിശേഷം AD- 90-110.
കാനോനിക പുസ്തകങ്ങൾ
പുതിയനിയമത്തിലെ ഇപ്പോൾ ഉള്ള 27 പുസ്തകങ്ങൾ AD 367-ൽ അലക്‌സാണ്ഡ്രിയായിലെ മെത്രാനായിരുന്ന അത്തനേഷ്യസ് കാനോൻ (Canon) എന്ന പേരിൽ സ്വരൂപിച്ചെടുത്തതാണ്. കാനോനിൽ പെടാത്ത ചില സുവിശേഷങ്ങൾ ഉണ്ട്: തോമസിൻറെ സുവിശേഷം, പത്രോസിൻറെ സുവിശേഷം, യൂദായുടെ സുവിശേഷം, മേരിയുടെ സുവിശേഷം മുതലായവ. അവകൾ അപ്പോക്രിഫൽ ഗോസ്പെൽസ് (Apocryphal Gospels) എന്ന പേരിൽ അറിയപ്പെടുന്നു.
സുവിശേഷപഠനം ബൈബിൾപഠനം
സുവിശേഷങ്ങൾ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായിട്ട് സമഗ്രമായ പഠനങ്ങൾക്കു വിധേയമായിട്ടുണ്ട്. ബൈബിളിലെ ഓരോ പുസ്‌തകങ്ങളും, ഭാഗങ്ങളും അവയുടെ ഉത്ഭവം, രൂപഘടന, സാഹിത്യശൈലി, ചരിത്രം, പഴയ ഗ്രന്ഥച്ചുരുളുകൾ എന്നിവയും വിശദമായി പരിശോധിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷ പഠനത്തിനു സഹായകമായ പല പുസ്‌തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. കൂടാതെ ഇന്ന് ആർക്കും എളുപ്പം ഉപയോഗിക്കാവുന്ന ഒരു സങ്കേതം ഏറ്റവും സുലഭമായ ഇൻറെർനെറ് (Internet) സംവിധാനം തന്നെയാണ്.
ഓരോ സുവിശേഷങ്ങളുടെയും സവിശേഷതകൾ
മാർക്കോസ് - യേശുവിനെ ദൈവം എന്ന് വിളിക്കുന്നില്ല; ദൈവത്തിൻറെ സന്ദേശ വാഹകൻ എന്ന് വിളിക്കുന്നു. യേശുവിൻറെ കന്യകാ ജനനത്തെപ്പറ്റി മർക്കോസ് ഒന്നും പറയുന്നില്ല. യേശുവിൻറെ വംശാവലി ഉൾപ്പെടുത്തിയിട്ടില്ല. മർക്കോസിൻറെ സുവിശേഷം 16: 8-ൽ ആദ്യം അവസാനിക്കുന്നു. പിന്നീട് 16: 9-20 കൂട്ടിച്ചേർത്തിരിക്കുന്നു. മർക്കോസിൻറെ സുവിശേഷം റോമിലുള്ള ക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതപ്പെട്ടതാണ്.
മത്തായി - മർക്കോസിൻറെ സുവിശേഷത്തിൽനിന്നും ധാരാളം ഭാഗങ്ങൾ എടുത്ത് ഭേദഗതികളോടുകൂടി ചേർത്തിരിക്കുന്നു. ക്യു സോഴ്സ്സ് എന്ന അജ്ഞാതമൂലം ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, മത്തായിമാത്രം ഉപയോഗിച്ചിരിക്കുന്ന മൂലങ്ങളുമുണ്ട്. യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതിയ സുവിശേഷമാണിത്. ക്രിസ്‌തുമതം യഹൂദമതത്തിൻറെ തുടർച്ചയാണെന്നും അതിൻറെ പൂർത്തീകരണവുമാണെന്നാണ് പ്രധാന പ്രമേയം. യഹൂദർ പ്രതീക്ഷിച്ചിരുന്ന സ്വർഗരാജ്യമാണ് ക്രിസ്‌തുമതം എന്നതാണ് രണ്ടാമത്തെ പ്രമേയം. യേശുവിൻറെ വംശാവലി ഈ ഉദ്ദേശത്തോടെ ചേർക്കപ്പെട്ടതാണ്.
ലൂക്കാ - ലൂക്കായും മത്തായിയെപ്പോലെ മർക്കോസിൻറെ സുവിശേഷത്തിൽനിന്നും ധാരാളം കോപ്പിയടിച്ച് ചേർത്തിരിക്കുന്നു. ക്യു സോഴ്സ്സ് ഉപയോഗിച്ചിരിക്കുന്നു. ലൂക്കാമാത്രം ഉപയോഗിച്ചിരുന്ന മൂലങ്ങളുമുണ്ട്. ലൂക്കായുടെ സുവിശേഷം പുറജാതിക്കാരെ ഉദ്ദേശിച്ച് എഴുതിയതാണ്. രക്ഷ എല്ലാവർക്കും വേണ്ടിയാണ്, യഹൂദർക്കുവേണ്ടി മാത്രമല്ല എന്നതാണ് ലൂക്കായുടെ സുവിശേഷത്തിലെ മുഖ്യപ്രമേയം. ലൂക്കായിൽ മാത്രമുള്ളതും എന്നാൽ നമുക്ക് ചിരപരിചയമുള്ളതുമായ ഭാഗങ്ങൾ: മാലാഖ മേരിയെ മംഗളവാർത്ത അറിയിക്കുന്നു; യേശുവിൻറെ കന്യകാജനനം; ഇടയന്മാരും കിഴക്കുനിന്നുള്ള രാജാക്കന്മാരും ഉണ്ണിയേശുവിനെ ദർശിക്കാൻ വരുന്നു; തിരുകുടുംബത്തിൻറെ ഈജിപ്തിലേയ്ക്കുള്ള പലായനം; ദേവാലയത്തിൽ യേശു വേദജ്ഞരോട് സംവദിക്കുന്നു.
യോഹന്നാൻ - മറ്റു മൂന്നു സുവിശേഷങ്ങളിൽനിന്നും വ്യത്യസ്തമാണ് യോഹന്നാൻറെ സുവിശേഷം. ഉയർന്ന സാഹിത്യ നിലവാരവും പ്രതീകാത്മകതയും ഈ സുവിശേഷത്തിൽ പ്രകടമാണ്. യേശുവിൻറെ വാക്കുകളും പ്രവർത്തികളും വഴി അവിടുത്തെ വ്യക്തിത്വത്തെ വെളിപ്പെടുത്തുകയാണ് യോഹന്നാൻറെ സുവിശേഷത്തിൻറെ ലക്‌ഷ്യം. അത്ഭുതപ്രവർത്തികളെ യോഹന്നാൻ അടയാളങ്ങൾ എന്നാണു വിളിക്കുന്നത്.അതുകൊണ്ട് ഈ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകം എന്നു വിളിക്കാറുണ്ട്. "ആദിയിൽ വചനമുണ്ടായി" എന്ന ഒരു ഗാനത്തോടുകൂടിയാണ് സുവിശേഷം ആരംഭിക്കുന്നത്. അനുബന്ധമായി അദ്ധ്യായം 21: 1-25 വാക്യങ്ങളും ഉണ്ട്. യോഹന്നാൻ യേശുവിനെ ആരംഭത്തിൽത്തന്നെ ദൈവമെന്ന് വിളിക്കുന്നു. നിത്യവചനം (Logos) ആയ ദൈവത്തിൻറെ അവതാരമായ യേശു മാംസമായി നമ്മിൽ വസിച്ചു. യോഹന്നാൻറെ സുവിശേഷത്തിൽ ഉപമകൾ ഇല്ല; രൂപാന്തരീകരണമില്ല; ജ്ഞാനസ്നാനമില്ല; രണ്ടാമത്തെ ആഗമനമില്ല; മരുഭൂമിയിൽ വച്ചുള്ള പരീക്ഷണങ്ങൾ ഇല്ല; ജനനം, ബാല്യം ഇവയുടെ പരാമർശം ഇല്ല. യോഹന്നാൻറെ സുവിശേഷത്തിൽ മാത്രം കാണുന്ന ഭാഗങ്ങൾ: കാനായിലെ കല്ല്യാണം, സമറിയാക്കാരി സ്ത്രീയുമായി കിണറ്റിൻ കരയിൽ വച്ചുള്ള സംഭാഷണം, ജന്മനാ അന്ധനായ ആളെ സുഖമാക്കിയത്, ലാസറിനെ ഉയർപ്പിക്കുന്നത്, സ്വർഗത്തിൽനിന്നിറങ്ങിയ അപ്പത്തെക്കുറിച്ചുള്ള ഉപദേശം, വ്യഭിചാരത്തിനു പിടിക്കപ്പെട്ട സ്ത്രീയുടെ വിസ്താരം, ശിഷ്യരുടെ പാദം കഴുകുന്നത്, സംശയാലുവായ തോമായ്ക്ക് യേശു പ്രത്യക്ഷപ്പെടുന്നത്.
രണ്ടായിരം വർഷം മുമ്പ് എഴുതപ്പെട്ട സുവിശേഷങ്ങളിൽ കാലക്രമേണ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണങ്ങൾ: 1. യേശുവിൻറെ ഉയിർപ്പിനെക്കുറിച്ചും പിന്നീടുണ്ടായ പ്രത്യക്ഷങ്ങളെക്കുറിച്ചും ഉള്ള വിവരണങ്ങളിൽ പല വൈരുദ്ധ്യങ്ങളും കാണാൻ സാധിക്കും. 2. മർക്കോസിൻറെ സുവിശേഷത്തിന് രണ്ടാമതൊരു ഭാഗംകൂടി ചേർത്തിട്ടുണ്ട്. 3. യോഹന്നാൻ 8: 7- ൽ വ്യഭിചാരിണിയുടെ വിസ്താരത്തിൽ "നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യത്തെ കല്ല് എറിയട്ടെ" എന്ന വാക്യം പിന്നീട് കൂട്ടിച്ചേർത്താണ് എന്നു കാണുന്നു. അതുപോലെ ആയിരക്കണക്കിനു മാറ്റങ്ങൾ വേറെയും കാണപ്പെടുന്നുണ്ട്. എങ്കിലും സുവിശേഷ പഠനത്തിലൂടെ യേശുവിൻറെ അടിസ്ഥാന സന്ദേശങ്ങളും പ്രബോധനങ്ങളും പ്രവർത്തികളും അക്കാലത്തെ ജീവിത സാഹചര്യങ്ങളും അന്നത്തെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക സ്ഥിതികളും ജനങ്ങളുടെ ജീവിതാവസ്ഥയും എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
ഇപ്പറഞ്ഞ കാര്യങ്ങൾ ഗ്രഹിക്കാൻ അല്‌പം ചരിത്രപഠനം നമുക്ക് പ്രയോജനകരമായിരിക്കും. BC 587-ൽ ബാബിലോണിലെ രാജാവായിരുന്ന നെബുക്കദ്നേസർ (Nebuchadnezzar) യൂദയാരാജ്യത്തെ കീഴ്പ്പെട്ട്ത്തി, അനേകം യഹൂദരെ അടിമകളാക്കി ബാബിലോണിലേയ്ക്ക് കൊണ്ടുപോയി. BC 516-ൽ അടിമത്തത്തിൽനിന്നു തിരിച്ചെത്തിയതോടെ യഹൂദ പുരോഹിത വർഗം അടിക്കടി ശക്തി ആർജിക്കാൻ തുടങ്ങി. ബാബിലോൺകാർ നശിപ്പിച്ച ദേവായത്തിനുപകരം പുതിയ ഒരു ദേവാലയം നിർമിക്കപ്പെട്ടു, പുതിയ ആരാധന സമ്പ്രദായങ്ങൾ നടപ്പാക്കി. നിയമങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ ഉണ്ടായി. സമൂഹത്തിൻറെ ഉന്നത ശ്രേണികളിൽ പുരോഹിത വർഗത്തിനുപുറമെ സദ്ദുക്കിയർ, ഫരിസേയർ മുതലായ പണ്ഡിതവർഗവും ഭൂഉടമകളും ഉണ്ടായി.
BC 63-ൽ റോമാസാമ്രാജ്യം പലസ്തീനയെ അതിൻറെ ഭാഗമാക്കി. വടക്കൻ ഭാഗമായ ഗലീലിയിൽ ഹെറോദേസിനെ രാജാവാക്കി. തെക്കൻ ഭാഗമായ യൂദയായിൽ സീസറിൻറെ കീഴിലുള്ള ഒരു പ്രീഫെക്റ്റിനെയും നിയമിച്ചു. യേശുവിൻറെ കാലത്ത് പീലാത്തോസ് പ്രീഫെക്റ് ആയിരുന്നു എന്നും ഹെറോദേസിൻറെ മകൻ അർക്കലാവോസും പിന്നീട് അന്തിപാസ്, ഫിലിപ്പ് എന്നിവരും പിന്തുടർച്ചക്കാർ ആയിരുന്നുവെന്നും സുവിശേഷത്തിൽ നാം വായിക്കുന്നു.
റോമാക്കാരുടെ ഭരണകാലത്ത് ക്രമസമാധാനം പാലിക്കുന്നതിനും കരം പിരിക്കുന്നതിനും അവരെ സഹായിക്കുവാൻ പുരോഹിതവർഗവും സാൻഹെദ്രീനും സദ്ദ്യൂക്യർ ഫരിസേയർ മുതലായ ഉന്നത വർഗക്കാരും സഹകരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. റോമാക്കാർ ഏർപ്പെടുത്തിയിരുന്ന കരങ്ങൾക്കു പുറമെ മറ്റു പല ചിലവുകൾക്കും പണം ജനങ്ങളിൽനിന്നും പിരിച്ചിരുന്നു. പുരോഹിത വർഗങ്ങൾക്കുള്ള ജീവിത ചിലവുകൾ, ക്ഷേത്രസംരക്ഷണത്തിനുള്ള ചിലവുകൾ, അനുദിന യാഗങ്ങൾക്കുള്ള ഫീസ്, നേർച്ചകൾ, വഴിപാടുകൾ, ശുദ്ധീകരണത്തിനുള്ള അർപണങ്ങൾ എന്നിങ്ങനെ വമ്പിച്ച തുക ജനങ്ങളിൽനിന്ന് ഈടാക്കിയിരുന്നു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കർഷകരും തൊഴിലാളികളുമായിരുന്നു ഈ സാമ്പത്തികഭാരം വഹിച്ചിരുന്നത്.
യേശുവിൻറെ കാലത്തെ യഹൂദജനത്തെ രണ്ടുവർഗങ്ങളായി തിരിക്കാം - ഉയർന്ന ജാതിക്കാരും സാധാരണ ജനങ്ങളും.
ഉയർന്ന ജാതിക്കാർ ആരൊക്കെയായിരുന്നു? ഭരണവർഗം: റോമൻ സാമ്രാജ്യത്തിൻറെ അധിപന്മാരും റോമിൻറെ പ്രതിനിധികളായിരുന്ന രാജാവും ഫ്രീഫെക്റ്റും റോമൻ സൈന്യവും ഭരണാധികാരികളും ഉദ്യോഗസ്ഥരും. പുരോഹിതവർഗം: പ്രധാന പുരോഹിതരും മറ്റ് പുരോഹിതരും. സമ്പന്നവർഗം: ഭൂഉടമകൾ, കച്ചവടക്കാർ, മറ്റ് ധനവാന്മാർ. പണ്ഡിതവർഗം: സദ്ദൂക്കർ അഥവാ നിയമജ്ഞർ. മറ്റ് ഉന്നതർ: ഫരിസേയർ.അധികാരവും സമ്പത്തും സ്ഥാനവും ഇവർക്കായിരുന്നു. ജനസംഖ്യയിൽ ഒരു ചെറിയ വിഭാഗമായിരുന്നു ഇവർ.
സാധാരണ ജനങ്ങൾ ആരൊക്കെയായിരുന്നു? കർഷകർ, തൊഴിലാളികൾ, ചുങ്കം പിരിക്കുന്നവർ, കൂലിവേലക്കാർ, മീൻ പിടുത്തക്കാർ, കുഷ്ടരോഗികൾ, അന്ധർ, ബധിരർ, മാനസിക രോഗികൾ, പിന്നോക്ക വിഭാഗക്കാർ, പരദേശികൾ, ആട്ടിടയന്മാർ, കാലികളെ മേയ്ക്കുന്നവർ, പലവിധ രോഗങ്ങളാലും ദുഃഖങ്ങളാലും ജീവിത ഭാരങ്ങളാലും വലയുന്നവർ.
സുവിശേഷത്തിലെ യേശു സാധാരണ ജനങ്ങളുടെ കൂടെ ചേർന്നു. അവരോടു ഇടപെട്ട് അവരുടെ ജീവിത പ്രശ്നങ്ങൾ മനസിലാക്കി. അവരോടൊത്ത് ഭക്ഷണം കഴിച്ചും അന്തിയുറങ്ങിയും അവിടുന്ന് എല്ലായിടത്തും സഞ്ചരിച്ചു. യേശുവിന് ഓഫീസില്ലായിരുന്നു; അരമനയോ അംശവടിയോ മോതിരമോ ഇല്ലായിരുന്നു! മലകളിലും താഴ്വരകളിലും കടലോരങ്ങളിലും തോണിയിലും തിരമാലയിലും കടലിലും കൊടുങ്കാറ്റിലും പാടങ്ങളിലും കിണറ്റുകരയിലും മരിച്ചവീട്ടിലും അവരുടെ കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും അവരോടു ചേർന്ന് വസിച്ചു. എല്ലാവരും യേശുവിൽ ആകൃഷ്ടരായി. പുരുഷാരം അവിടുത്തെ പിന്തുടർന്നു. അവിടുത്തെ കാണുവാനും പ്രബോധനങ്ങൾ കേൾക്കുവാനും അത്ഭുതങ്ങൾ ദർശിക്കുവാനും വേണ്ടി എല്ലാവരും അവിടുത്തെ അനുഗമിച്ചു. യേശു ഗ്രാമങ്ങളും പട്ടണങ്ങളും സന്ദർശിച്ച് അവരോടു സംസാരിച്ചു. ദൈവരാജ്യത്തിൻറെ ദർശനത്തെ അവർക്ക് മനസിലാക്കികൊടുത്തു. ഉപമകളിലൂടെയും സരസമായ കഥകളിൽ കൂടെയും ലളിതമായ ഭാഷയിൽ അവിടുന്ന് സംസാരിച്ചു. ഇടയാനില്ലാതെ അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയവരെകണ്ട് യേശുവിന് അവരോട് അനുകമ്പ തോന്നി. സിനഗോഗിൽവച്ച് അവിടുന്ന് പ്രഖ്യാപിച്ചു: "കർത്താവിൻറെ അരൂപി എൻറെമേൽ ഉണ്ട്; കാരണം, ദരിദ്രരോടു സുവിശേഷം അറിയിക്കുവാൻ അവൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ദികൾക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവൻ എന്നെ അയച്ചിരിക്കുന്നു (ലൂക്കാ: 4. 18). യേശു ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി വന്നു. രോഗികളെ അവിടുന്നു സുഖപ്പെടുത്തി; വിശന്നപ്പോൾ അവർക്കു ഭക്ഷണം നൽകി; മാനസികമായും ആത്മീയമായും തളർന്നവർക്ക് സൗഖ്യവും പ്രത്യാശയും ഏകി. അതേസമയം മതത്തിലും സമൂഹത്തിലും നിലനിന്നിരുന്ന ദുരാചാരങ്ങളെയും ചൂഷണ വ്യവസ്ഥിതികളെയും അവിടുന്ന് ശക്തമായ ഭാഷയിൽ അപലപിച്ചു. അതുകൊണ്ടുതന്നെ ചൂഷകവർഗം അവിടുത്തെ കുരിശിൽ തറച്ചു.
സുവിശേഷ വായനയിലൂടെ നമ്മൾ യേശുവിൻറെ ദർശനങ്ങളും പ്രവർത്തനങ്ങളും അത്ഭുത പ്രവർത്തികളും ഹൃദിസ്ഥമാക്കുന്നു. അതോടൊപ്പം അതിൽകൂടി ഉരിത്തിരിഞ്ഞുവരുന്ന, അവയുടെ സാരാംശം എന്ന് വിളിക്കാവുന്ന അഞ്ചുവാക്കുകൾ ശ്രദ്ധിക്കുക: സ്നേഹം, സത്യം, സമത്വം, സ്വാതന്ത്ര്യം, നീതി.
സ്നേഹം - ഇതാണെൻറെ പുതിയ കല്പന: ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കക (യോഹ. 15: 12). എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു ശത്രുക്കളെ സ്നേഹിക്കുവിൻ നിങ്ങളെ പീഢിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ (മത്താ. 5: 44). ഒരു നിയമജ്ഞൻ വന്ന് അവരുടെ വിവാദം കേട്ടു. അവൻ നന്നായി ഉത്തരം പറയുന്നുവെന്ന് മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലെ കേൾക്കുക: നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്. നീ നിൻറെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപോലെതന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക. ഇവയെക്കാൾ വലിയ കല്പന ഒന്നുമില്ല (മാർക്കോ. 12: 28-31; മത്താ. 22. 34-40; ലൂക്കാ. 10. 25-28).
സത്യം - സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹ. 8: 32). വഴിയും സത്യവും ജീവനും ഞാനാകുന്നു (യോഹ. 14: 6). സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല (മാർക്കോ. 2: 27). സത്യാന്വേഷണത്തിൻറെ മാർഗം മനുഷ്യസാധാരണമായ അനുഭവങ്ങളുടെ അപഗ്രഥനത്തിലൂടെയാണ് മുന്നോട്ടു പോവുക.
സമത്വം - യേശു എല്ലാവിധ ആളുകളോടുംകൂടെ സഹവസിച്ചിരുന്നു. മീൻ പിടുത്തക്കാർ, ചുങ്കം പിരിക്കുന്നവർ, കുഷ്ഠരോഗികൾ, യാചകർ, ഉന്നതകുലത്തിലുള്ളവർ, ധനവാന്മാർ, കാനനായ വംശത്തിൽ പെട്ടവർ എല്ലാവരും യേശുവിന് സ്വീകാര്യർ ആയിരുന്നു.
സ്വാതന്ത്ര്യം - കർത്താവിൻറെ അരൂപി (നിശ്വാസം) എൻറെമേലുണ്ട്; ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ എന്നെ അയച്ചിരിക്കുന്നു. (ലൂക്കാ. 4: 18-19). യേശുവിൻറെ രോഗശാന്തി ശുശ്രൂഷകൾ, അന്ധർ, ബധിരർ, മുടന്തർ, തളർവാദരോഗികൾ, കുഷ്ഠരോഗികൾ മുതലായവരെ സുഖപ്പെടുത്തിയതും അശുദ്ധാത്മാക്കളെ പുറത്താക്കിയതും മരിച്ചവരെ ഉയർപ്പിച്ചതും വിടുതൽ അഥവാ വിമോചന ശുശ്രൂഷകൾ ആയിരുന്നു.
നീതി - നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ! അവർക്കു സംതൃപ്തി ലഭിക്കും (മത്താ. 5: 6). നീതിയ്ക്കുവേണ്ടി പീഢനമേൽക്കുന്നവർ ഭാഗ്യവാന്മാർ! സ്വർഗരാജ്യം അവരുടേതാണ് (മത്താ. 5: 10).
സുവിശേഷത്തിലെ യേശുവിനെ തേടുന്ന നമ്മൾ ഈ അഞ്ചു പദങ്ങളും അവയുടെ അന്തരാർത്ഥങ്ങളും ഗ്രഹിക്കേണ്ടിയിരിക്കുന്നു.
സുവിശേഷത്തിലെ യേശുവിനെ കണ്ടെത്തുന്നതോടൊപ്പം യേശുവിൻറെ ഇന്നത്തെ സഭയിലേയ്ക്കു നമുക്കുനോക്കാം.
1. ഇന്നത്തെ നമ്മുടെയിടയിലെ ഉന്നതവർഗം ആരൊക്കെയാണ്? ഭരണവർഗം: ഗവണ്മെൻറ്, മന്ത്രിമാർ, ഉദ്യോഗസ്ഥവർഗം, പോലീസ്, രാഷ്ട്രീയ പാർട്ടികൾ, പാർട്ടിപ്രവർത്തകർ, നീതിന്യായം, കോടതി
മതനേതാക്കൾ: പുരോഹിതവർഗം, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ (തിരുമേനിമാർ), ഇടയന്മാർ
സമ്പന്നവർഗം: ധനവാന്മാർ, ഭൂവുടമകൾ, ബിസിനസ്സുകാർ, ഹോസ്പിറ്റൽ, കോളേജുകൾ, വൻ വരുമാനമുള്ള ദേവാലയങ്ങൾ
എണ്ണത്തിൽ ചെറിയൊരു വിഭാഗമാണ് ഉന്നതവർഗം. എങ്കിലും ഇവർക്കുള്ളതാണ് ധനവും അധികാരവും ബഹുമാനവും. ക്രൈസ്തവഭാഷയിൽ രാജ്യവും ശക്തിയും മഹത്വവും അവരുടേതാകുന്നു.
2. ഇനി ഇന്നത്തെ സാമാന്യജനം ആരൊക്കെയാണെന്ന് നോക്കാം:
കൃഷിക്കാർ, വീട്ടുജോലിക്കാർ, മറ്റു പലവക ജോലിക്കാർ, മൽസ്യത്തൊഴിലാളികൾ, അല്മേനികൾ (വിശ്വാസികൾ, സഭാതനയർ, കുഞ്ഞാടുകൾ), പുതുക്രിസ്ത്യാനികൾ, പുലയർ, പറയർ, കൂലിവേലക്കാർ, ബംഗാളികൾ, ആദിവാസികൾ, വികലാംഗർ (ബുദ്ധിമാദ്യം, Autism മുതലായവ ബാധിച്ചവർ), മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർ, മാനസികരോഗികൾ, എയിഡ്‌സ് രോഗികൾ, മറ്റു രോഗികൾ, ലൈംഗിക പീഢനങ്ങൾക്ക് ഇരയായവർ, തൊഴിൽ രഹിതർ, ചാളയിലും വഴിവക്കിലും ഉറങ്ങുന്നവർ, ചൂഷണത്തിന് ഇരയാകുന്നവർ, അന്ധവിശ്വാസങ്ങളിൽ അടിപ്പെട്ടവർ ഇങ്ങനെ പോകുന്നു അവരുടെ നീണ്ടനിര.
ഇന്ന് യേശു വരുകയാണെങ്കിൽ ആരുടെ പക്ഷത്തുചേരും? ദേവാലയത്തിൻറെ മറകൾനീക്കി യേശു ഇറങ്ങിവരുമോ? എന്നാൽ എന്തുപറയും? എന്തുചെയ്യും? നമ്മോട് എന്താവശ്യപ്പെടും? KCRM പ്രവർത്തകർക്ക് എന്തുസന്ദേശമാണ് യേശു തരുന്നത്?
കടപ്പാട്:
1. നാളയിലേയ്‌ക്കൊരു നീൾകാഴ്ച
ലേഖകൻ: സാമുവൽ രായൻ, എസ്. ജെ.
എഡിറ്റേഴ്‌സ്: പി. കെ. മൈക്കിൾ തരകൻ; എസ്. പൈനാടത്ത്, എസ്. ജെ.
പ്രസിദ്ധീകരണം: St. Pauls, Broadway, Ernakulam, Kerala
Subscribe to:
Post Comments (Atom)
No comments:
Post a Comment