Translate

Monday, June 17, 2019

നിഷ്പക്ഷതയോ നിസ്സംഗതയോ?

ഇവിടെ കുറെ പേർ ഞങ്ങൾ ഒരു പക്ഷത്തും ഇല്ല..... 

നിഷ്പക്ഷം ആണെന്ന് പറഞ്ഞു നടക്കുന്നുണ്ട് അവർക്ക് വേണ്ടി മാത്രം.....

Fr Sijo Kannampuzha OM

“നിഷ്പക്ഷത ഉള്ളവനല്ല, സത്യത്തോട് ആഭിമുഖ്യമുള്ളവനാണ് നല്ല ന്യായാധിപൻ” - പാക്കിസ്ഥാനിലെ യുവകവിയായ റഹീൽ ഫറൂഖിൻ്റെതാണ് ഈ വാക്കുകൾ. നിഷ്പക്ഷനായിരിക്കുക എന്നത് മനുഷ്യൻ്റെ നല്ലൊരു ഗുണമായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. വൈരുദ്ധ്യമുള്ള രണ്ടോ അതിലധികമോ നിലപാടുകളുള്ളപ്പോൾ ശ്രേഷ്ഠമായതും കൂടുതൽ ശരിയായതും കണ്ടെത്താൻ നിഷ്പക്ഷത പുലർത്തുന്നവരെയാണ് നാം സമീപിക്കുക.
എന്നാൽ ഇന്നത്തെ സമൂഹത്തിൽ നിസ്സംഗതയെന്നത് നിഷ്പക്ഷതയായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ എന്നുസംശയിച്ചു പോവുകയാണ്. കാലാന്തരത്തിൽ വാക്കുകൾ അവയുടെ ആദ്യമുണ്ടായിരുന്ന അർത്ഥം നഷ്ടപ്പെട്ട് പുതിയ അർത്ഥങ്ങൾ സ്വീകരിക്കുന്നതുപോലെ നിഷ്പക്ഷത എന്ന പദത്തിനും അർത്ഥവ്യത്യാസം വന്ന് അത് ചുറ്റുമുള്ളവയോടുള്ള നിസ്സംഗതയായി പരിണമിച്ചുവോ? . ഇപ്പോൾ നിഷ്പക്ഷത പാലിക്കുന്നവർ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകളോട് അകലം പാലിക്കുക മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള നിലപാടുകൾ എടുക്കാൻ വൈമുഖ്യം ഉള്ളവരുമാണോ എന്ന് ചിന്തിച്ചുപോകുന്നു. നിഷ്പക്ഷത എന്നത് എല്ലാ വിധത്തിലുമുള്ള നിലപാടുകളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായി മാറിയിരിക്കുന്നു. അത് ഒന്നിനോടും പക്ഷം ചേരാതെയുള്ള, സ്വന്തമായി നിലപാടുകൾ എടുക്കാതിരിക്കാനുള്ള ഒരു മാർഗ്ഗനായി മാറിയോ? അതുകൊണ്ടായിരിക്കാം ഇംഗ്ലീഷ് തത്വചിന്തകനായ ചെസ്റ്റർട്ടൻ ഇങ്ങനെ പറഞ്ഞത് “നിഷ്പക്ഷത എന്നത് നിസ്സംഗതക്കുള്ള പൊങ്ങച്ചപ്പേരാണ്. നിസ്സംഗതയാകട്ടെ , അറിവില്ലായ്മയുടെ ചാരുതയുള്ള ഒരു പേരാണ്”.
പഴയനിയമപുസ്തകത്തിലെ രണ്ടു സംഭവങ്ങളെടുക്കാം. ആദ്യത്തേത് ദാനിയേലിൻ്റെ പുസ്തകത്തിൽ, തങ്ങളുടെ ഇങ്കിതത്തിനു വഴങ്ങാത്ത സൂസന്നയുടെ മേൽ അന്യായമായി കുറ്റാരോപണം നടത്തിയ ന്യായാധിപന്മാരുടേതാണ്. അന്യായമായി മരണത്തിനു വിധിക്കപ്പെട്ട സൂസന്നയുടെ നീതിക്കുവേണ്ടിയുള്ള നിലവിളി ദൈവത്തിൻ്റെ കാതുകളിൽ പതിക്കുമ്പോൾ ദാനിയേലിൽ ദൈവം പരിശുദ്ധാത്മാവിനെ ഉണർത്തുകയാണ്. എല്ലാവരും സത്യം അറിയാനും, സൂസന്നക്ക് നീതി നടപ്പിലാക്കി കിട്ടുവാനും ഇടയാകുന്നവിധത്തിൽ ദാനിയേൽ സംസാരിക്കുന്നു. ആരെയും ശല്യപ്പെടുത്താതെ, ശ്രേഷ്ഠന്മാരായ ന്യായാധിപന്മാരോട് വാഗ്വാദത്തിനുമുതിരാതെ, ആരോടും അലോസരമുണ്ടാക്കാതെ ദാനിയേലിനും നിശ്ശബ്ദനാകാമായിരുന്നു. നീതി നടപ്പിലാക്കേണ്ട ന്യായാധിപന്മാർ തന്നെയാണ് അനീതി കാണിച്ചിരിക്കുന്നതെന്ന ഗൗരവമായ വിഷയവും ദാനിയേൽ മനസ്സിലാക്കിയിട്ടുണ്ടാകണം. ആരും നീതി നടപ്പിലാക്കാൻ അവനെ സമീപിക്കുന്നുപോലുമില്ലെങ്കിലും ദാനിയേൽ സധൈര്യം സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുകയാണ് (ദാനി:13)
സാമുവലിൻ്റെ രണ്ടാം പുസ്തകത്തിലും സമാനമായ സംഭവം വിവരിക്കുന്നുണ്ട്. ദാവീദിൻ്റെ ഏറ്റവും പ്രിയങ്കരനായ സ്നേഹിതനായിരുന്നിട്ടുകൂടി ദാവീദ് തെറ്റുചെയ്തെന്നറിയുമ്പോൾ, “ആ മനുഷ്യൻ നീ തന്നെ”യെന്ന് ആക്രോശിച്ചുകൊണ്ട് കണ്ണിൽ എരിയുന്ന ജ്വാലയുമായി കൊട്ടാരാംഗണത്തിലേക്ക് വരാൻ നാഥാന് ഒന്നുകൂടി ആലോചിക്കേണ്ടിവന്നില്ല. താൻ ഏറ്റുമുട്ടാൻ പോകുന്നത് രാജാവിനോടാണെന്നതോ, യഹോവായാൽ തിരഞ്ഞെടുക്കപ്പെട്ടവനാണെന്നതോ സത്യം പറയാൻ നാഥാനെ തടസ്സപ്പെടുത്തുന്നില്ല.
പുതിയനിയമത്തിലുമുണ്ട് ഇടംവലം നോക്കാതെ സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരുവൻ - സ്‌നാനാപകയോഹന്നാൻ. സഹോദരഭാര്യയെ സ്വന്തമാക്കിയ ഹേറോദേസിനോട് നീ ചെയ്തത് തെറ്റാണ് എന്ന് വിളിച്ചുപറയാൻ ധൈര്യം കാണിച്ചത് സ്നാപകൻ മാത്രമായിരുന്നു. നിയമഞ്ജരും ഫാരിസേയരും പുരോഹിതശ്രേഷ്ഠരുമെല്ലാം ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും സത്യത്തോടൊപ്പം നിൽക്കാൻ കഴിഞ്ഞില്ല. സ്വന്തം തലതന്നെ അതിന് വിലയായിക്കൊടുത്തെങ്കിലും സ്നാപകൻ സത്യത്തിൻ്റെയും നീതിയുടെയും പ്രവാചകനായി ഇന്നും വണങ്ങപ്പെടുന്നു.
സ്വർഗ്ഗം, നരകം,ശുദ്ധീകരണസ്ഥലം എന്നിവയുടെ പ്രതിപാദനത്താൽ പാശ്ചാത്യകലാകാരന്മാരുടെ പ്രചോദനമായ
മധ്യകാലഘട്ടത്തിലെ പ്രസിദ്ധനായ ഇറ്റാലിയൻ കവി ഡാൻ്റെ ഇങ്ങനെ പറയുന്നു, “നരകത്തിലെ ഏറ്റവും തീയുള്ള സ്ഥലം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്, ഏറ്റവും ഗരുതരമായ ധാർമ്മീക പ്രതിസന്ധിയുടെ സമയങ്ങളിൽ നിഷ്പക്ഷത പുലർത്തിയവർക്കാണ്”. പുതിയനിയമത്താളുകളിൽ നാം ഭയത്തോടെ വായിക്കേണ്ട ഉപമയാണ് ധനവാൻ്റെയും ലാസറിൻ്റെയും ഉപമ. ധനവാൻ നരകത്തിൽ പോകുവാൻ ഇടയാക്കിയത് അവൻ ലാസറിനോട് പുലർത്തിയ നിസ്സംഗതയാണ് (ലൂക്കാ 16: 19 -31).
നിലപാടുകൾ എടുക്കുന്നതിൽ നിന്ന് പലപ്പോഴും നമ്മെ പിന്തിരിപ്പിക്കുന്നത് നിലപാടുകളെടുക്കേണ്ട വിഷയങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവരെക്കുറിച്ചുള്ള ആകുലതയാണ്. നമ്മുടെ നിലപാടുകൾ അവർക്കെതിരായി വന്നാൽ അത് ഉണ്ടാക്കാനിടയുള്ള കോലാഹലങ്ങളും അസ്വാരസ്യങ്ങളും നമ്മെ നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ നിന്ന് പിറകോട്ട് വലിക്കുന്നു. ഇവിടെയാണ് അധികം പേർക്കും തെറ്റുപറ്റുന്നത്. നമ്മുടെ നിലപാടുകൾ ഒരിക്കലും വ്യക്തികൾക്കെതിരല്ല. അവരുടെ ആശങ്ങൾക്കെതിരാണ്. അനീതിയേയും അസത്യത്തേയുമാണ് നാം എതിർക്കേണ്ടത്. അല്ലാതെ ഏതൊക്കെയോ കാരണങ്ങളാൽ ആ അസത്യത്തെയും അനീതിയെയും അനുകൂലിക്കുന്നവരെയല്ല. പാപത്തെ വറുത്ത് പാപിയെ സ്നേഹിക്കുന്ന ക്രിസ്തുതന്നെയായിരിക്കണം നമ്മുടെ ദൃഷ്ടാന്തവും. വ്യക്തികളോടുള്ള ബഹുമാനമോ അവർ അലങ്കരിക്കുന്ന സ്ഥാനങ്ങളോ അവരോടുള്ള നമ്മുടെ ബന്ധങ്ങളോ അസത്യത്തിനെതിരെ നിലപാടെടുക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിച്ചുകൂടാ. അല്ലെങ്കിൽ അസത്യത്തിനു മുൻപിൽ നാം മുട്ടുമടക്കുകയാണ്.
നീ ദൈവത്തോട് പ്രാർത്ഥിക്കാതിരിക്കുമ്പോൾ സാത്താനോടാണ് പ്രാർത്ഥിക്കുന്നതെന്ന ഫ്രാൻസീസ് പാപ്പയുടെ വാക്കുകൾ ഇവിടെ പ്രസ്താവ്യമാണ്. നീ സത്യത്തോട് കൂറുപുലർത്താതിരിക്കുമ്പോൾ, സത്യത്തെ നിശ്ശബ്ദമാകാൻ നിർബന്ധിക്കുമ്പോൾ നീ
പക്ഷം ചേരുക അസത്യത്തോടാണ്.
മറ്റുള്ളവർ എന്തുചിന്തിക്കുന്നു എന്നത് പലപ്പോഴും നമ്മുടെ നിലപാടുകളെ സ്വാധീനിക്കാറുണ്ട്. മറ്റുള്ളവരുടെ ആശയങ്ങളെ സ്വീകരിക്കുന്നതിനുമുമ്പ് സ്വയം കാര്യങ്ങൾ ഗ്രഹിക്കാനും അതിനെ മുൻവിധിയില്ലാതെ വിശകലനം ചെയ്യാനും ഒരു നിലപാടിലേക്കെത്താനും സാധിക്കണം. മറ്റുള്ളവരുടെ ചിന്തയേക്കാൾ, സ്വന്തം ചിന്തകളിൽ ആശ്രയിക്കണം. മറ്റുള്ളവരുടെ ആശയങ്ങൾ, എത്ര അറിവുള്ളവരോ കഴിവുള്ളവരോ ആകട്ടെ, ശരിയാണെന്ന് ഒറ്റനോട്ടത്തിൽ വിശ്വസിക്കരുത്. അതിനെയും സ്വയമായ ഒരു വിശകലനത്തിന്‌ വിധേയമാക്കണം. ആരും സത്യത്തിൻ്റെ കുത്തകാവകാശികളല്ല. ആർക്കും തെറ്റുകൾ സംഭവിക്കാം. സത്യത്തിൻ്റെ കുത്തകയുള്ളവരെന്നു അനുമാനിക്കുന്നവർ സത്യത്തെ അവരുടെ ലോകത്തേക്ക് ചെറുതാക്കുകയാണ്. സത്യം ആർക്കും പൂർണ്ണമായി ഉൾകൊള്ളാനാവാത്തവിധം ശ്രേഷ്ഠമാണ്, അപ്രാപ്യമാണ്. നമുക്ക് വെളിപ്പെട്ടുകിട്ടുന്നത് സത്യത്തിന്റെ അംശങ്ങൾ മാത്രമാണ്. ദൈവം നൽകിയ ചിന്താശേഷിയും ബുദ്ധിയും ഉപയോഗിക്കാതെ ആരെങ്കിലുമൊക്കെ പറഞ്ഞുപരത്തുന്ന കിംവദന്തികൾ അപ്പാടെ വിശ്വസിക്കുന്നവർ മടിയന്മാരാണ്. അവർ ദൈവം നൽകിയ താലന്തുകൾ ഉപയോഗിക്കുന്നില്ല.
'തങ്ങൾ പറയുന്നതാണ് സത്യം, അത് മാത്രമാണ് സത്യം'- എന്ന് കരുതുന്നവരാണ് നിലപാടുകൾ തുറന്നുപറയാൻ പലരെയും പലപ്പോഴും തടസ്സപ്പെടുത്തുന്നത്. ഞങ്ങൾ പറയുന്നതും എഴുതുന്നതും സത്യമാണെന്ന് കരുതണമെന്നും അത് വള്ളിപുള്ളിതെറ്റാതെ വിശ്വസിക്കണമെന്നും ഏതെങ്കിലും അധികാരസമൂഹമോ, വ്യക്തികളോ ആവശ്യപ്പെടുന്നത് പരിഷ്കൃതമായ സംസ്കാരത്തിൻ്റെയോ ആരോഗ്യമുള്ള ചിന്താധാരയുടെയോ ലക്ഷണമല്ല. ഏതൊരു സ്ഥാപനത്തിനും അധികാരിക്കും സമൂഹത്തിനും അവരവരുടെ നിലപാടുകൾ വ്യക്തമാക്കാം. അത് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. പ്രസ്താവിക്കപ്പെടുന്നത് സത്യമാണെങ്കിൽ ജനങ്ങൾ അത് സ്വീകരിക്കും. അതിൽ അസത്യവും അർദ്ധസത്യവും അടങ്ങുമ്പോഴാണ് അതിനെ സ്വീകാര്യമാക്കുവാൻ ബലം പ്രയോഗിക്കേണ്ടിവരുന്നത്. സമ്മർദ്ദതന്ത്രങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരെ വിശ്വസിക്കാൻ നിർബന്ധിക്കുമ്പോൾ നമ്മുടെ ജനാധിപത്യത്തിന് എന്ത് വിലയാണുള്ളത്? നമ്മുടെ സാഹോദര്യത്തിന് എന്ത് അർത്ഥമാണുള്ളത്?
നിലപാടുകൾ ഉണ്ടാവുക എന്നുള്ളത് പ്രധാനമാണ്. Elie Wiesel-ൻ്റെ വാക്കുകൾ കടമെടുത്താൽ ‘നമ്മൾ എപ്പോഴും ഏതെങ്കിലും ഒരു പക്ഷം പിടിക്കേണ്ടതായിട്ടുണ്ട്. നിഷ്പക്ഷത ചൂഷകനെയാണ് സഹായിക്കുക, ഇരയെയല്ല. നിശബ്ദത പീഢിപ്പിക്കുന്നവനെയാണ് പ്രോത്സാഹിപ്പിക്കുന്നത്, പീഢിതനെയല്ല’. നിലപാടുകളിലേക്ക് എത്തിച്ചേരണമെങ്കിൽ കാര്യങ്ങളുടെ നിജസ്ഥിതി അറിയാനും അവയെ വിശകലനം ചെയ്യാനുമുള്ള സമയവും സ്ഥൈര്യവും മാത്രം പോരാ, ലഭ്യമായ അറിവുകളിൽ നിന്ന് ഒരു ആശയം രൂപപ്പെടുത്താനും രൂപപ്പെടുത്തപ്പെട്ട ആശയങ്ങൾ നിലപാടായി സധൈര്യം ഏറ്റുപറയാനും സാധിക്കണം. അതുകൊണ്ടുതന്നെ നിഷ്പക്ഷനാകുക എന്നത് ഇന്നത്തെ സമൂഹത്തിൽ വളരെയേറെ എളുപ്പമുള്ള ജോലിയായിരിക്കുന്നു. നിലപാടുകൾ ഉണ്ടാകുന്നതാണ് ഇന്ന് ക്ലേശകരമായിട്ടുള്ളത്. കാരണം സ്വന്തം നിലപാടുകൾ കൂടെയുള്ളവരുടെ നിലപാടുകളോട് ചേർന്നുപോകുന്നതാകണമെന്നില്ല. അതുകൊണ്ടുതന്നെ വ്യത്യസ്തമായ നിലപാടുകളുള്ളവരുമായി പലപ്പോഴും സംവദിക്കേണ്ടിവരുന്നു. വ്യത്യസ്തമായ നിലപാടുകളുള്ളവരുമായി ആരോഗ്യകരമായ ഒരു സംവാദത്തിൻ്റെ സംസ്കാരം ഇനിയും നമ്മുടെയിടയിൽ ഉരുത്തിരിയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ എതിർച്ചേരിയിലുള്ളവരെ അസഭ്യം പറഞ്ഞും ഇകഴ്ത്തിക്കാണിച്ചും അവരുടെ വ്യക്തിപരമായ കുറവുകൾ നിരത്തിയും എതിർക്കുന്നത് സംസ്കാരശൂന്യതയാണെന്നുപോലും അത് ചെയ്യുന്നവർ അറിയുന്നില്ല.
ആശയങ്ങളെ ആശങ്ങൾക്കൊണ്ടാണ് എതിർക്കേണ്ടത്. നമ്മുടെ ആശയങ്ങൾ എപ്പോഴും എല്ലാവരാലും അംഗീകരിക്കപ്പെടണം എന്ന് വാശിപിടിക്കാനും പാടില്ല. പലപ്പോഴും ആശയങ്ങളുടെ സ്വീകരണം സാധ്യമാകുന്നത് വളരെ സാവധാനത്തിലാണ്. ആരും അംഗീകരിച്ചില്ല എങ്കിൽകൂടി നമ്മുടെ ആശയങ്ങൾ ഫലമില്ലാതാകുന്നില്ല. ഒരു പക്ഷേ കാലാന്തരത്തിൽ അത് സ്വീകരിക്കപ്പെടുകയോ കൂടുതൽ ശ്രേഷ്ഠമായത് ഉരുത്തിരിയാനായി കാരണമാക്കപ്പെടുകയോ ചെയ്യും. തോമസ് ആൽവാ എഡിസണിൻ്റെ വിജയിച്ച നൂറുകണക്കിന് പരീക്ഷണങ്ങൾ നമുക്കറിയാം. എന്നാൽ പരാജയപ്പെട്ട പതിനായിരക്കണക്കിന് പരീക്ഷണങ്ങളുണ്ട്. "ഞാൻ പരാജയപ്പെടുകയല്ല, വിജയിക്കാൻ സാധിക്കാത്ത പതിനായിരം വഴികൾ കണ്ടുപിടിക്കുകയാണ് ചെയ്തത്" - എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്കു വരുന്നില്ല (യോഹന്നാന്‍ 14 : 6). നാം സത്യമന്ന്വേഷിക്കുമ്പോൾ ക്രിസ്തുവിനെ തന്നെയാണ് അന്ന്വേഷിക്കുക. അതൊരു ഐച്ഛികമായ വിഷയമല്ല, മറിച്ച് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമാണ്, പ്രധാനവും പ്രഥമവുമായ കർത്തവ്യമാണ്. നിസ്സംഗത പാപമാണ്. സത്യത്തെ മുൻവിധികളില്ലാതെ അന്വേഷിക്കാനും കണ്ടെത്താനും അതിനുവേണ്ടി നിലകൊള്ളാനും സാധിക്കട്ടെ. “തെറ്റിനു നേരേ കണ്ണടയ്‌ക്കുന്നവന്‍ ഉപദ്രവം വരുത്തിവയ്‌ക്കുന്നു; ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ , സമാധാനം സൃഷ്‌ടിക്കുന്നു (സുഭാ 10:10).

No comments:

Post a Comment