ബലാൽസംഗം ചെയ്തു എന്ന ആരോപണം ഉന്നയിക്കപ്പെടാൻ സാഹചര്യമുണ്ടായതാണ് അല്ലാതെ അതിനെക്കുറിച്ച് കാർട്ടൂൺ വരച്ചതല്ല വിശ്വാസികളെ ലജ്ജിപ്പിക്കേണ്ടതെന്ന് കന്യാസ്ത്രീകളുടെ സമരത്തെ മുന്നിൽനിന്ന് നയിച്ച ഫാ.അഗസ്റ്റിൻ വട്ടോളി. ലളിതകലാ അക്കാഡമിയുടെ അവാർഡ് നേടിയ കാർട്ടൂണിനെതിരെ ഒരു വിഭാഗം വിശ്വാസികൾ തെരുവിലിറങ്ങിയ സാഹചര്യത്തെക്കുറിച്ച് ഫാ. വട്ടോളി ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.
ബലാത്സംഗം ചെയ്തതാണോ അതിനെക്കുറിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കുന്നതാണോ തെറ്റ് എന്ന് വിശ്വാസി സമൂഹം ആലോചിക്കണം. പരാതി നല്കിയത് കന്യാസ്ത്രീമാരാണ്. പോലീസ് വളരെ കൃത്യമായ സത്യവാങ്മൂലമാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. കാര്‍ട്ടൂണിനെ വിമര്ശിക്കുന്നവർ വിശ്വസിക്കുന്നത് ബലാത്സംഗം ചെയ്യുന്നത് കുറ്റമല്ലെന്നാണോ ?
ഒരു മതേതര സംവിധാനത്തില്‍ ഏതു വിഷയത്തെക്കുറിച്ചും കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അവകാശമുണ്ട്. സര്ഗ്ഗാത്മക സൃഷ്ടിയിലേര്പ്പെടാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്കുന്നതാണ്. മതചിഹ്നത്തെ അധിക്ഷേപിച്ചു എന്നാണ് പറയുന്നത്. ഏതാണ് ഈ മതചിഹ്നം? അംശവടിയാണോ ഇവർ പറയുന്ന മതചിഹ്നം ?ക്രിസ്തുമതത്തിന്റെ മതചിഹ്നമായി നമ്മള്‍ കാണുന്നത്. കുരിശിനെയാണ്. കുരിശ് സഹനത്തിന്റെ ചിഹ്നമാണ്. ഒരാള്‍ നമ്മളെ ഉപദ്രവിച്ചാല്‍ അതിനോട് ക്ഷമിക്കുക എന്നതാണ് കുരിശിന്റെ വഴി. ''ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവര്ക്കറിഞ്ഞുകൂടാ. ഇവരോട് ക്ഷമിക്കണമേ'' എന്നാണ് കുരിശില്‍ കിടന്നുകൊണ്ട് ക്രിസ്തു പറഞ്ഞത്. സഹനത്തിന്റെയും ക്ഷമയുടെയും മാപ്പു കൊടുക്കലിന്റെയും പ്രതീകമാണ് കുരിശ്.
കുരിശിനെ അധിക്ഷേപിച്ചാല്‍ പോലും ഒരു യഥാര്ത്ഥ ക്രിസ്തു ശിഷ്യന്‍ അതിന് മാപ്പ് കൊടുക്കുകയാണ് ചെയ്യുക. പൊറുക്കാനും ക്ഷമിക്കാനുമാണ് ക്രിസ്തു പഠിപ്പിച്ചത്. ഒരു സര്ഗ്ഗാത്മക സൃഷ്ടി തനിക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണെങ്കില്‍ സൃഷ്ടികര്‍ത്താവിനെ തെരുവില്‍ തെറി വിളിക്കാനാണോ ക്രിസ്തു പഠിപ്പിച്ചത്?
ബലാത്സംഗം ചെയ്യുന്നതും വൈദികര്‍ പണം അപഹരിക്കുന്നതുമൊക്കെയാണ് സഭയെ കളങ്കപ്പെടുത്തുന്നത്. ബലാത്സംഗം ചെയ്തു എന്ന ആരോപണങ്ങളുണ്ടായ സാഹചര്യമാണ് നമ്മെ ലജ്ജിപ്പിക്കേണ്ടത്. അല്ലാതെ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതല്ല. എത്രയോ രാഷ്ട്രീയ നേതാക്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നു! അവരാരും കാർട്ടൂണിന് എതിരെ തെരുവിൽ ഇറങ്ങുന്നില്ലല്ലോ.
No comments:
Post a Comment