Translate

Friday, August 30, 2019

സിനഡിനോട് ഒരു വൈദികന്റെ ചോദ്യം

കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് ഒരു കന്യാസ്ത്രീയെ പുറത്താക്കുന്ന സഭാധികാരികളുടെ നടപടിയെ ന്യായീകരിക്കുന്ന സിനഡ് പിതാക്കന്മാര്‍ കള്ളസാക്ഷ്യം പറയരുതെന്ന ദൈവപ്രമാണം ലംഘിച്ചവരെ തിരുത്തുമോ?

 നീതിക്കുവേണ്ടി നിലവിളിച്ചു കൊണ്ടു കുറെ സഹോദരികള്‍ നിങ്ങളില്‍ പലരുടേയും അരമന കവാടങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ ആ കവാടങ്ങള്‍ തുറക്കപ്പെടാതിരുന്നപ്പോഴൊക്കെ ക്രിസ്തു അവിടെയൊക്കെ മരിക്കുകയായിരുന്നു.

കൊച്ചി: സിറോ മലബാര്‍ സഭ സിനഡ് അവസാനിക്കാനിരിക്കേ സഭാപിതാക്കന്മാര്‍ക്ക് മുന്നിലേക്ക് ഇന്നത്തെ കാലഘട്ടത്തില്‍ കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി ഒരുപിടി ചോദ്യങ്ങളും ഉപദേശങ്ങളുമായി ഒരു വൈദികന്റെ പ്രതികരണം. കപ്പൂച്ചിന്‍ സഭയിലെമുതിര്‍ന്ന വൈദികരില്‍ ഒരാളായ ഫാ.ഡൊമിനിക് പത്യാല ആണ് ബിഷപുമാര്‍ക്ക് മുന്നറിയിപ്പ് എന്ന നിലയില്‍ 'മംഗളം ഓണ്‍ലൈന്‍' വഴി തന്റെ ആശയം പങ്കുവയ്ക്കുന്നത്. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്ന എഫ്.സി.സി സഭാധികാരികളുടെ നടപടിയെ ന്യായീകരിക്കുന്ന സിനഡ് പിതാക്കന്മാര്‍ കള്ളസാക്ഷ്യം പറയരുതെന്ന എന്ന ദൈവപ്രമാണം ലംഘിച്ച് അഭയ കേസില്‍ മൊഴി നല്‍കിയ കന്യാസ്ത്രീയെയും അതിനു പ്രേരിപ്പിച്ചവരെയും തിരുത്തുമോ? എന്നാണ് ഫാ.ഡൊമിനിക് ചോദിക്കുന്നത്. നീതിക്കുവേണ്ടി നിലവിളിച്ചു കൊണ്ടു കുറെ സഹോദരികള്‍ നിങ്ങളില്‍ പലരുടേയും അരമന കവാടങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ ആ കവാടങ്ങള്‍ തുറക്കപ്പെടാതിരുന്നപ്പോഴൊക്കെ ക്രിസ്തു അവിടെയൊക്കെ മരിക്കുകയായിരുന്നു-അദ്ദേഹം പറയുന്നു.
ഫാ.ഡൊമിനിക് പത്യാലയുടെ കുറിപ്പ് ഇപ്രകാരമാണ്:
അഭയ കേസില്‍ സി.അനുപമ കുറുമാറിയതായി വാര്‍ത്ത വന്നു. അഭയയുടെ കൂട്ടുകാരിയും നവ സന്യാസിനിയുമായ അനുപമ 27 വര്‍ഷങ്ങള്‍ക്കു മുമ്പു CBl - ക്കു മുമ്പില്‍ പറഞ്ഞ സാക്ഷ്യം നിഷ്‌ക്കളങ്കയായ ഒരു പെണ്‍കുട്ടിയുടെ മൊഴി എന്നതിനാല്‍ അതു സത്യമെന്നു ലോകം മുഴുവനും വിശ്വസിച്ചു. 27 വര്‍ഷങ്ങളിലെ സന്യാസ സഭാ ജീവിതത്തിലൂടെ ആ നിഷ്‌ക്കങ്കതയില്‍ വളര്‍ന്നു ഇപ്പോള്‍ എത്രയോ ഉയര്‍ന്ന ആത്മീയ ഉന്നതിയില്‍ എത്തേണ്ടതായിരുന്നു. പകരം പരസ്യമായി കള്ളസാക്ഷ്യം പറയത്തക്ക അധ:പതനത്തിലേക്കു വഴിതെളിക്കുവാനാണോ സന്യാസസഭ പഠിപ്പിച്ചത്?
സഭയുടെ കീഴ്വഴക്കങ്ങള്‍ ലംലിച്ചു എന്നു പറഞ്ഞ് ഒരു സിസ്റ്ററിനെ പുറത്താക്കാന്‍ FCC സാഭാധികാരികള്‍ തയ്യാറായപ്പോള്‍, അതു ശരിയായ നടപടിയെന്ന് സീറോ മലബാര്‍ സിനഡു പിതാക്കന്മാര്‍ വിലയിരുത്തുകയും ചെയ്തു. അതുപോലെ കോണ്‍വന്റില്‍ വച്ചു നിഷ്‌ക്കളങ്കയായ ഒരു കൊച്ചു കന്യാസ്ത്രി കൊല ചെയ്യപ്പെട്ടതിനെക്കുറിച്ചു ഒരു പ്രസ്താവനയും നാളിതുവരേയും പിതാക്കന്മാരില്‍ നിന്നും ഉണ്ടായതായി കേട്ടിട്ടില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ കള്ള സാക്ഷ്യം പറയരുത് എന്ന ദൈവ പ്രമാണം ലംഘിച്ച സിസ്റ്റര്‍ അനുപമയ്‌ക്കെതിരെ അതിനു അവരെ പ്രേരിപ്പിച്ചവര്‍ക്കെതിരെ സിനഡു പിതാക്കന്മാര്‍ ഇടപെടുകയാണെങ്കില്‍ സഭയിലുള്ള വിശ്വാസ്യത വളര്‍ത്തുവാന്‍ സഹായകമാകും.
സീറോ മലബാര്‍ സഭയെ നവീകരിക്കവാനും ഈ ഭൂമിയെ എങ്ങിനെ സ്വര്‍ഗ്ഗതുല്യമാക്കാനും സാധിക്കും യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കി നിഷ്പ്പക്ഷമായ തീരുമാനങ്ങളെടുക്കുവാന്‍ പിതാക്കന്മാര്‍ക്കു സാധിക്കണം. ചാനല്‍ ചര്‍ച്ചകളിലും തെരുവീഥികളിലും സഭാമാതാവ് അവഹേളിക്കപ്പെടുന്നതില്‍ പിതാക്കന്മാര്‍ക്കു വലിയ പങ്കുണ്ട്. പ്രശ്‌നങ്ങളില്‍ സമയാസമയങ്ങളില്‍ വേണ്ട വിധം ഇടപെടുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതു്. സഭ സത്യമാണ് നീതിയാണ് എന്നു കാണിച്ചു കൊടുക്കുന്നതില്‍ സഭാ നേതൃത്വം പരാജയപ്പെട്ടിട്ടുണ്ടു്. സത്യത്തിന്റെ പാതയില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ കര്‍ത്താവിന്റെ ഭവനത്തിനു പകരം മറ്റു പലതുമായിരിക്കും നമ്മള്‍ പണിയുന്നത്. കര്‍ത്താവിന്റേതല്ലാത്തത് ലൗകായതയാണ്, പൈശാചികമാണ്.
നീതിക്കുവേണ്ടി നിലവിളിച്ചു കൊണ്ടു കുറെ സഹോദരികള്‍ നിങ്ങളില്‍ പലരുടേയും അരമന കവാടങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ ആ കവാടങ്ങള്‍ തുറക്കപ്പെടാതിരുന്നപ്പോഴൊക്കെ ക്രിസ്തു അവിടെയൊക്കെ മരിക്കുകയായിരുന്നു. പിന്നീടു കാണിച്ചു കൂട്ടിയതൊക്കെ പരിശുദ്ധാത്മാവു ഇല്ലാത്തതു പോലെയായിരുന്നു. സഭാശിങ്കിടികളായ മാധ്യമകമ്മീഷന്‍ വക്താക്കളും PRO മാരും അരങ്ങേറ്റിയ നാടകീയ രംഗങ്ങള്‍ക്കു എല്ലാവരും സാക്ഷികളായി. ആ കളികളിലൂടെ മുറിവേല്‍ക്കപ്പെടുന്നത് സഭയുടെ വിശ്വാസികളാണെന്നു വേണ്ടപ്പെട്ടവര്‍ വിസ്മരിച്ചു. നിരപരാധികളുടെമേല്‍ സാത്താന്‍ സേവയും മാവോയിസ്റ്റു ബന്ധവും അവര്‍ ആരോപിച്ചു. കര്‍ത്താവിന്റെ തീരുശരീരത്തില്‍ ഇത്രയധികം മുറിപ്പാടുകള്‍ തീര്‍ക്കണോ പിതാക്കന്മാരെ?
ഭാരത സഭയിലെ അതിരൂക്ഷമായ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണക്കാര്‍ ആര്? ദാവീദു രാജാവിന്റെ മുന്നില്‍ വിരല്‍ ചൂണ്ടിക്കൊണ്ട് 'ആ നീചന്‍ നീതന്നെയെന്നു' പറഞ്ഞ നാഥാന്‍ പ്രവാചകന്‍ നിങ്ങളോടും പറയില്ലെ'അവര്‍ നിങ്ങള്‍ തന്നെ, നിങ്ങളില്‍ ചിലര്‍.'
സത്യം തുറന്നു പറയുന്നവരെ സഭാ വൈരികളായും ഭീകര സംഘടനകളുടെ വക്താക്കളായും മുദ്രകുത്തി മാറ്റി നിര്‍ത്താന്‍ ശ്രമിക്കല്ലെ. അതു കാലഹരണപ്പെട്ട പ്രതിരോധ ആയുധമാണ്. അങ്ങിനെയുളളവര്‍ ഉണ്ടെങ്കില്‍ കള്ളന്‍ കപ്പലില്‍ തന്നെ.

മോചനത്തിന്റെ വഴി ഒന്നു മാത്രം, ദാവീദിന്റെ വഴി.
https://www.mangalam.com/news/detail/332833-mangalam-special-a-priests-letter-to-syro-malabar-synod.html

Tuesday, August 27, 2019

സിസ്റ്റർ ലൂസി കളപ്പുരയും മാറ്റങ്ങൾക്കുവേണ്ടി സഭയോടുള്ള പോരാട്ടങ്ങളും



ജോസഫ് പടന്നമാക്കൽ

വയനാട്, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാന്‍ സ്വന്തം കാറുള്ള അപൂര്‍വം കത്തോലിക്കാ സന്യാസിനികളില്‍ ഒരാള്‍! കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി താന്‍ അംഗമായിരിക്കുന്ന സന്യാസിനീ സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നക്കാരിയായി സഭാ നേതൃത്വം അവരെ കാണുന്നു. ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസീസ് അസീസിയുടെ ദാരിദ്ര്യവ്രതം സ്വീകരിച്ച 'ക്ലാര' എന്ന കന്യാസ്ത്രി സ്ഥാപിച്ച മഠം ആണ് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് മഠം. തങ്ങൾക്കുള്ളതെല്ലാം ദരിദ്രർക്ക് ദാനം ചെയ്തിട്ടായിരുന്നു ഫ്രാൻസിസും ക്ലാരയും സന്യസ്ത ജീവിതം ആരംഭിച്ചത്. അവർ ധനവും സ്വത്തുക്കളും ദരിദ്രർക്ക് കൊടുത്തിട്ട് സ്വയം പരിത്യാഗികളായി ദരിദ്രരരെ സേവനം ചെയ്തിരുന്നു.

സിസ്റ്റർ ലൂസി കളപ്പുരയുടെ സന്യാസിനി മഠം ക്ലാരിസ്റ്റ് തത്ത്വചിന്തകൾ ഉൾക്കൊള്ളുന്നില്ല. മഠത്തിൽ ചേരുന്ന ഒരു കന്യാസ്ത്രീയുടെ കുടുംബവീതം മഠം അടിച്ചെടുക്കും. കന്യാസ്ത്രികൾ ജോലി ചെയ്യുന്ന പണവും തട്ടിയെടുക്കും. ദരിദ്ര വീടുകളിൽനിന്നും വരുന്ന പെണ്ണുങ്ങളെക്കൊണ്ട് മഠത്തിലെ കുശിനിപ്പണി, ടോയ്‌ലറ്റ് വൃത്തിയാക്കൽ, അലക്കുപണി, പുരോഹിതർക്ക് ഭക്ഷണം പാകം ചെയ്യൽ മുതലായ ജോലികൾ ചെയ്യിപ്പിക്കും. മഠത്തിൽ ഭക്ഷണം കഴിക്കാൻ വരുന്ന പുരോഹിതരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ചെറു കന്യാസ്ത്രീകളുടെ നിലനിൽപ്പ് തന്നെ ചോദ്യമാകും. പലപ്പോഴും അസാന്മാർഗികളായ പുരോഹിതർമൂലം അവരുടെ ചാരിത്രത്തിന് കളങ്കം ചാർത്തികൊണ്ട് വലിയ വിലയും നൽകേണ്ടി വരുന്നു. മഠത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു വീതം പുരോഹിതരെയും ബിഷപ്പിനെയും ഏൽപ്പിക്കണം. വ്രതങ്ങള്‍ സ്ത്രീകൾക്ക് മാത്രം. പുരോഹിതൻ എന്നും സ്വതന്ത്രർ. കന്യാസ്ത്രികൾ അവരുടെ പാദസേവകരും ദേവദാസികളുമായി കഴിയണം.

സഭയുടെയും മഠം അധികാരികളുടെയും ചൂഷണങ്ങൾക്കെതിരെ ധീരമായ നിലപാടുകളെടുത്ത ഒരു കന്യസ്ത്രിയാണ് ലൂസി കളപ്പുരക്കൽ. അവർക്കെതിരെയുള്ള ആരോപണങ്ങൾ 'കാർ ഓടിക്കാൻ ലൈസെൻസെടുത്തു' ; 'കാർ മേടിച്ചു'; സമര പന്തലിൽ പോയി; ഫ്രാങ്കോയ്ക്കെതിരെ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു; ചൂരിദാർ ധരിച്ചു; പുസ്തകം പ്രസിദ്ധീകരിച്ചു എന്നെല്ലാമാണ്. സിസ്റ്റർ ലൂസി തന്നെ മഠത്തിൽനിന്നു പുറത്താക്കിയതിൽ ഭയപ്പെടുന്നില്ല. "ഇന്നുവരെ താൻ സഭയുടെ മാത്രം കന്യാസ്ത്രിയായിരുന്നുവെന്നും ഇനിമുതൽ ലോകത്തിന്റ തന്നെ കന്യാസ്ത്രീയും സർവരുടെയും സഹോദരിയായിരിക്കുമെന്നും" സിസ്റ്റർ പറയുന്നു. സഭയെന്നാൽ അധികാരം, രാഷ്ട്രീയ സ്വാധീനം, ധനം, ഭൂസ്വത്ത് എന്നെല്ലാം നിറയെ ഉള്ളതാണ്. സഭയോട്, ഒറ്റയാനയായി ഏറ്റുമുട്ടുക എളുപ്പമല്ല. യേശു ദുഃഖിതരോടൊപ്പമായിരുന്നു. സിസ്റ്റർ പറയുന്നു, "തന്നെ സംബന്ധിച്ച് ഫ്രാങ്കോയ്ക്ക് എതിരായി സമര പന്തലിൽ ഉണ്ടായിരുന്നവർ അവഗണിക്കപ്പെട്ട കന്യാസ്ത്രികളായിരുന്നു. അവർ ദരിദ്രരായിരുന്നു." അവഗണിക്കപ്പെട്ടവരോടൊപ്പം ഒരു സമര പന്തിലിൽ ഇരുന്നാൽ പാപമല്ലെന്നുള്ള നിഗമനമാണ് സിസ്റ്ററിനുള്ളത്. ക്രൈസ്തവേതര മാസികകളിൽ എഴുതി, ചാനലുടകളോട് സംസാരിച്ചു ഇതൊക്കെയാണ് ചുമത്തപ്പെട്ട മറ്റു കുറ്റങ്ങൾ. കൃസ്തുവിൽ ജാതിയോ മതമോ തിരിച്ചുവ്യത്യാസമോ ഇല്ലായിരുന്നുവെന്നു ലൂസി ചിന്തിക്കുന്നു. സിസ്റ്ററിൽ ആരോപിച്ചിരിക്കുന്ന കുറ്റകൃത്യങ്ങൾ പുരോഹിതർക്കാകാം. വണ്ടി ഓടിക്കുന്ന പുരോഹിതരുണ്ട്. ക്രൈസ്തവേതര പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നവരുണ്ട്. വാസ്തവത്തിൽ 'എഴുതുക' എന്നുള്ളത് പ്രകൃതി തന്നിരിക്കുന്ന ഒരു വരദാനമാണ്. അത് പാടില്ലാന്നു വിലക്കുന്നതും സിസ്റ്ററെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത കാര്യങ്ങളുമാണ്.

സിസ്റ്റർ ലൂസി കളപ്പുരയെ തേജോവധം ചെയ്തുകൊണ്ടുള്ള ഫാദർ നോബിൾ പാറക്കലിന്റെ ഒരു വീഡിയോ കാണാനിടയായി. ലുസിക്കെതിരെയുള്ള നോബിളിന്റെ അപവാദങ്ങൾ തികച്ചും സംസ്ക്കാരരഹിതമായിരുന്നു. നോബിൾ ഇംഗ്ളീഷ് സാഹിത്യത്തിൽ ഒരു ഗവേഷക വിദ്യാർഥികൂടിയാണ്. വിദ്യാഭ്യാസമുള്ള ഒരു പുരോഹിതനെന്ന നിലയിൽ, ഒരു സ്ത്രീയുടെ ചാരിത്രത്തെ അപമാനിക്കുമ്പോൾ സ്വന്തം പൗരാഹിത്യത്തിന്റെ വില ഇടിക്കുന്നുവെന്നും അദ്ദേഹം ചിന്തിക്കേണ്ടിയിരുന്നു. സിസ്റ്റർ ലൂസിയുടെ കോൺവെന്റിൽ രണ്ടു മാദ്ധ്യമ പ്രവർത്തകർ സന്ദർശകരായി വന്നപ്പോൾ ഫാദർ നോബിളിനു ചാനലുകളിലും സ്വന്തം വീഡിയോകളിലും അപവാദങ്ങൾ പ്രചരിപ്പിക്കാൻ വിഷയമായി. വട്ടായി ഖാൻ എന്ന ധ്യാനഗുരു നോബിളിന്റെ ബാലിശമായ അഭിപ്രായങ്ങൾ ശരിവെക്കുകയും ചെയ്തു. വാർത്താ റിപ്പോർട്ടർമാർക്കു പകരം കുപ്പായം ധരിച്ച രണ്ടു പുരോഹിതരായിരുന്നു സന്ദർശകരെങ്കിൽ അവരെ വിശുദ്ധ കൂട്ടുകെട്ടായി നോബിൾ പരിഗണിക്കുമായിരുന്നു.

സന്യസ്ത ആശ്രമങ്ങളിൽ ചില നിയമങ്ങളുണ്ടെന്നും നിയമങ്ങൾ പാലിക്കാൻ സാധിക്കാത്തവർ സഭാവസ്ത്രം ഊരി പുറത്തുപോകണമെന്നും നോബിൾ ഉപദേശിക്കുന്നു. ഇദ്ദേഹം കന്യാസ്ത്രീകളുടെ വക്താവായത് എങ്ങനെയെന്നറിയില്ല. നിയമങ്ങൾ ഏതു പ്രസ്ഥാനങ്ങൾക്കും ബാധകമാണ്. എന്നാൽ ഒരാളിന്റെ പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരിക്കരുത്. കന്യാസ്ത്രി മഠങ്ങളിലെ നിയമങ്ങൾ പൗരാവകാശങ്ങളെ കൈകടത്തിയുള്ള നിയമങ്ങളാണ്. അടിമത്വത്തിനു സമാനമാണ്! ഒരു കോൺ വെന്റിനുള്ളിൽ സ്ത്രീകൾക്ക് ശബ്ദിക്കാനുള്ള അവകാശം നിഷേധിക്കുന്നത് മാനവികതയ്ക്ക് ചേരുന്നതല്ല. ഇന്ത്യൻ ഭരണഘടനയേക്കാളുപരി മറ്റൊരു നിയമമില്ല. കാനോൻ നിയമങ്ങൾ കന്യാസ്ത്രികളുടെമേൽ  അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ഭരണഘടനയോടുള്ള അവഹേളനമാണ്‌.

'പട്ടാളക്കാർ, ഡോക്ടർമാർ, നഴ്‌സുമാർ, വക്കീലന്മാർ മുതൽപേർ യൂണിഫോം ധരിക്കുന്നപോലെ സഭയുടെ നിയമപ്രകാരം കന്യാസ്ത്രികളും യൂണിഫോം ധരിക്കണമെന്നു' നോബിൾ ഉപദേശിക്കുന്നു. പട്ടാളക്കാർ രാജ്യം കാക്കുന്നവരാണ്. അതിർത്തിയിൽ അവരെ നഷ്ട്ടപ്പെട്ടാൽ തിരിച്ചറിയലിന് യൂണിഫോം സഹായകമാകും. ഒരു രോഗിക്ക് ഡോക്ടറേയും നേഴ്സ്നെയും തിരിച്ചറിയലിന് യൂണിഫോം വേണം. പ്രതിക്കൂട്ടിലിരിക്കുന്നവർക്ക് വക്കീലന്മാരെ തിരിച്ചറിയാനും യൂണിഫോം സഹായകമാണ്. അവരെല്ലാം ഔദ്യോഗിക ജോലികളിൽ മാത്രമേ യൂണിഫോം ധരിക്കാറുള്ളൂ. പോലീസുകാരനും ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കുന്നു. എന്നാൽ ഒരു കന്യാസ്ത്രിയ്ക്ക് സഭാവസ്ത്രം ധരിക്കാൻ സമയപരിധിയില്ല. ഒരു കന്യാസ്ത്രി 'ചൂരിദാർ' ഇട്ടാൽ അവരുടെ ആത്മീയത ഇടിഞ്ഞു പോകുമെന്ന് നോബിൾ പാറക്കൻ വിശ്വസിക്കുന്നു. ഉഷ്‌ണമുള്ള കാലങ്ങളിലും തണുപ്പിലും വെയിലിലും രാത്രിയും പകലും വ്യത്യാസമില്ലാതെ കന്യാസ്ത്രീകൾ സഭാവസ്ത്രം ധരിച്ചുകൊണ്ട് നടക്കണം. വഴികളിൽ സഞ്ചരിക്കുമ്പോൾ കന്യാസ്ത്രികൾക്ക് ചൂരിദാറും സാരികളും ധരിക്കണമെന്ന മോഹങ്ങളുണ്ട്. എന്നാൽ മഠത്തിലെ നിയമങ്ങൾ മാന്യമായ വേഷങ്ങൾ ധരിക്കാൻ അനുവദിക്കില്ല. ലൂസി, ചൂരിദാർ ധരിച്ചെങ്കിൽ സഭയ്ക്കുള്ളിലെ അപരിഷ്കൃത നിയമങ്ങൾക്ക് മാറ്റങ്ങൾ  ആഗ്രഹിക്കുന്നുവെന്നു കരുതണം. യാഥാസ്ഥിതികരായ പുരോഹിതരുടെ അധികാര സമൂഹം മാറ്റങ്ങളെ ഉൾക്കൊള്ളുകയില്ല.

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ, '24 ന്യൂസ് ജനകീയ കോടതിയിലുടെ' സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ ചാനലിൽ പ്രതികരിച്ചിരുന്നു. സരസമായി ഭാഷ കൈകാര്യം ചെയ്തു പ്രസംഗിക്കാൻ കഴിയുന്ന പുത്തൻപുരയ്ക്കൽ അച്ചനെ സോഷ്യൽ മീഡിയകൾ വളരെ ആദരവോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ അസ്ഥാനത്തുള്ള അദ്ദേഹത്തിൻറെ ലൂസിക്കെതിരായ കമന്റ് വലിയ പ്രത്യാഘാതത്തിന് കാരണമായി. സിസ്റ്റർ ലൂസിയെ വാസ്തവത്തിൽ അദ്ദേഹം വ്യക്തിഹത്യ ചെയ്യുകയായിരുന്നു. സിസ്റ്റർ ലൂസിയുടെ സ്ത്രീത്വത്തെ അപമാനിക്കലുമായിരുന്നു. ലൂസിക്കെതിരെ പലതും പറയാൻ സാധിക്കാത്ത കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നുള്ള പുത്തൻപുരയ്ക്കൽ അച്ചന്റെ പ്രസ്താവനകളെ ലൂസി വെല്ലുവിളിച്ചിട്ടുണ്ട്.

അധികാരം കേന്ദ്രികരിച്ചിരിക്കുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ലോകം ഇന്ന് ക്രൂരതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അഭയായെ ഒരു കന്യാസ്ത്രീയും രണ്ടു പുരോഹിതരുംകൂടി കിണറ്റിൽ തള്ളിയിട്ടു. റോബിനെന്ന പുരോഹിതൻ പതിനാലുകാരത്തിയെ ഗർഭിണിയാക്കി. അവൾ പ്രസവിച്ചപ്പോൾ ഗർഭത്തിൻറെ ഉത്തരവാദിത്വം അവളുടെ സ്വന്തം പിതാവിൽ ചാർത്തി. സീറോ മലബാർ സഭയുടെ പരമ്പരാഗതമായി നേടിയെടുത്ത ഭൂമി വിറ്റു നശിപ്പിച്ചു. കുരിശു കൃഷി, വ്യാജരേഖ വിവാദം എന്നിങ്ങനെ സഭയിലുണ്ടായപ്പോൾ സഭ നിശബ്ദത പാലിച്ചു. എന്നാൽ ലൂസിക്കെതിരെ പാതിരിവർഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ലൂസി സമരം ചെയ്തത് സ്വന്തം കന്യകാത്വം തെളിയിക്കാനുള്ള ബദ്ധപ്പാടിലല്ലായിരുന്നു. മറിച്ച്, നിഷ്കളങ്കയായ ഒരു കന്യാസ്ത്രീയുടെ കന്യകാത്വം കവർന്നുകൊണ്ടു പോയ 'ഫ്രാങ്കോ' എന്ന ബിഷപ്പിനെതിരെ സമരത്തിൽ പങ്കെടുത്തതിനാണ് അവരുടെ മേൽ സഭ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

'സ്ത്രീകൾ' കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കാൻ പുരുഷന്മാരെക്കാളും മുമ്പിലെന്ന ഒരു  സങ്കല്പമുണ്ട്. എന്നാൽ അപവാദങ്ങളും പരദൂഷണങ്ങളും വ്യക്തിഹത്യ നടത്താനും പുരോഹിതർ മറ്റെല്ലാവരേക്കാളും സമർത്ഥരാണ്. പുരോഹിതരിൽ പൊതുവെ യുക്തിയോടെ ചിന്തിക്കുന്നവർ കുറവാണ്. അടിച്ചമർത്തപ്പെട്ട സെമിനാരി ജീവിതം അവരെ ദുർബലരാക്കിയിരിക്കുന്നു. സാമൂഹിക വ്യവസ്ഥിതികളുമായി അവർ അകന്നു ജീവിക്കുന്നതിനാൽ സ്ത്രീ ജനങ്ങളെ ഇടിച്ചു താഴ്ത്തി സംസാരിക്കുകയെന്നത് അവരുടെ ഒരു വിനോദമാണ്‌. അവരുടെ അയുക്തികളെ കേൾവിക്കാർ അംഗീകരിക്കണമെന്നാണ് പ്രമാണം. പുരുഷ മേധാവിത്വം ഭൂരിഭാഗം പുരോഹിതരിലുമുണ്ട്.  കന്യാസ്ത്രികൾ മാനഹാനിയെ ഭയന്ന് പുരോഹിതരിൽനിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങൾ പുറത്തുപറയാതെ രഹസ്യമായി സൂക്ഷിക്കുന്നു. തെറ്റുകൾ ആരെങ്കിലും ചൂണ്ടി കാണിച്ചാൽ അവരെ ഇല്ലാതാക്കാൻ അധികാരം കയ്യാളുന്നവർ ശ്രമിക്കും.

സിസ്റ്റർ ലൂസിയെ വിഘടന വാദിയായി കരുതാൻ തുടങ്ങിയത്, അവർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച നാളുകൾ മുതലാണ്. ഫ്രാങ്കോയ്ക്കെതിരെയുള്ള കന്യാസ്ത്രികളുടെ  സമരങ്ങൾക്ക് അവർ പൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഠത്തിൽ നടന്നുകൊണ്ടിരുന്ന അനാവശ്യ കാര്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചു. അത്, മഠം അധികാരികളിൽ കോളിളക്കമുണ്ടാക്കി. പ്രശ്നങ്ങൾ സമാധാനമായി പരിഹരിക്കുന്നതിനു പകരം പ്രതികാര നടപടികൾക്കാണ് മഠം മുൻഗണന നൽകിയത്. സഭയ്ക്കുള്ളിലെ ചട്ടക്കൂട്ടിൽ പുരുഷനിർമ്മിതമായ നിയമങ്ങളാണ് നിലവിലുള്ളത്. 'സ്ത്രീ' വെറും അടിമ. സത്യങ്ങൾ മുഴുവനും സഭയ്ക്കുള്ളിൽ മൂടി വെക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ കല്ലെറിയാനാണ് പൗരാഹിത്യ ലോകം ശ്രമിച്ചത്. ലൂസി ചെയ്ത തെറ്റ് പീഡനത്തിന് വിധേയയായ കന്യാസ്ത്രീയെ  പിന്തുണച്ചുകൊണ്ട് സത്യാഗ്രഹം അനുഷ്ടിച്ചുവെന്നുള്ളതാണ്. സിസ്റ്റർ ലൂസിയെ പുറത്താക്കിക്കൊണ്ടുള്ള പ്രതികാരനടപടികൾ നടപ്പാക്കുകയും ചെയ്തു. സഭയിലെ മേല്പട്ടക്കാരെയോ, ബാലപീഡകരായ വൈദികരേയോ സഭ പുറത്താക്കുന്നതായ ഒരു കീഴ്വഴക്കമില്ല. സഭയുടെ നേതൃത്വം വഹിക്കുന്നത്! മനഃസാക്ഷിയില്ലാത്ത പൗരാഹിത്യമാണ്.  നിയമങ്ങൾ ആധുനിക കയ്യപ്പാസുമാർ കയ്യടക്കി വെച്ചിരിക്കുന്നു.  കന്യാസ്ത്രികൾ അനുസരണ വ്രതം, ദാരിദ്ര വ്രതം ബ്രഹ്മചര്യം എന്നിങ്ങനെയുള്ള അരുചികരമായ നിയമങ്ങൾ ജീവിതകാലം മുഴുവൻ അനുഷ്ഠിച്ചുകൊണ്ടിരിക്കണം. സ്ത്രീ വിരുദ്ധ ശക്തികളുടെ കൂട്ടായ്മകൾ സ്ത്രീകളുടെമേൽ അസ്വാതന്ത്ര്യമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുകയാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇന്ത്യൻ നീതി ന്യായവ്യവസ്ഥ കുറ്റം ആരോപിച്ചു. എങ്കിലും സീറോ മലബാർസഭ ഫ്രാങ്കോ മുളക്കലിന്റെ കുറ്റങ്ങളെപ്പറ്റി യാതൊന്നും പ്രതികരിച്ചിട്ടില്ല. ഒരു കുഞ്ഞിന് ജന്മം കൊടുത്തിട്ട് കുഞ്ഞിന്റെ പിതൃത്വം പെൺകുട്ടിയുടെ പിതാവിലർപ്പിക്കാൻ ശ്രമിച്ച റോബിനെ പിന്താങ്ങുന്ന ഒരു സഭാനേതൃത്വമാണ് ഇപ്പോഴുള്ളത്. പാപത്തെ വെറുക്കണമെന്നും റോബിനെയും ഫ്രാങ്കോയെയും പോലുള്ളവരെ പിന്തുടരുതെന്നും പറയാനുള്ള ചങ്കുറപ്പ് സഭയ്ക്കില്ലാതെ പോയി. "തെറ്റുകൾ അംഗീകരിക്കുന്നത് അഭിമാനമാണ്. അപമാനമല്ല"; അത് എന്തുകൊണ്ട് സഭാ നേതൃത്വം തയാറാകുന്നില്ലെന്നു സിസ്റ്റർ ലൂസി ചോദിക്കുന്നു.

സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിന് സ്വതന്ത്രമായി ചിന്തിക്കുന്ന കന്യാസ്ത്രീകളെ  ബലിയാടാക്കണോ? മുസ്ലിം സമുദായത്തിലുള്ള 'മുത്തലാക്ക്' നിരോധിച്ചു. അതുപോലെ കന്യാസ്ത്രി മഠം സ്വീകരിച്ചിരിക്കുന്ന അനുസരണ വ്രതവും ദാരിദ്ര വ്രതവും നിരോധിക്കേണ്ടതായുണ്ട്. കുടുംബത്തിൽ നിന്നുള്ള സമ്പത്ത് മുഴുവൻ കൈക്കലാക്കി സ്ത്രീകളെ ദരിദ്രർ ആക്കുന്ന ഈ വ്യവസ്ഥിതി അതിക്രൂരമാണ്. സാമൂഹിക വിരുദ്ധവുമാണ്.  മഠവും അരമനകളും കൊഴുക്കുന്നു. 'പാവപ്പെട്ട കന്യാസ്ത്രികൾ അടിവസ്ത്രത്തിനുപോലും ജനറാളാമ്മയുടെ മുമ്പിൽ കൈനീട്ടണമെന്ന്' സിസ്റ്റർ ജെസ്മി പറയുന്നു.

"സൈനികരും ഡോക്ടർ-നേഴ്‌സുമാരും യൂണിഫോം ധരിക്കുന്നപോലെ കന്യാസ്ത്രികൾ യൂണിഫോം നിർബന്ധമായി ധരിക്കണമെന്നു" ഫാദർ നോബിൾ പാറക്കൽ പറയുന്നു. നേഴ്സിനും ഡോക്ടറിനും പട്ടാളക്കാർക്കും ഔദ്യോഗിക ജോലി സമയത്ത് യൂണിഫോം ധരിച്ചാൽ മതി. സാമൂഹിക കൂടിച്ചേരലുകളിലും മറ്റു മംഗള പരിപാടികളിലും വിവാഹാഘോഷങ്ങളിലും സംബന്ധിക്കുമ്പോൾ അവരാരും യൂണിഫോമിൽ വരാറില്ല. ഉഷ്ണം പിടിച്ച ഒരു രാജ്യത്ത് സന്യസ്തരെപ്പോലെ കോമാളി വേഷങ്ങൾ അണിഞ്ഞു കൊണ്ട് നടക്കാറുമില്ല. ഇന്ത്യയുടെ വായു ശ്വസിച്ച് സ്വതന്ത്രമായി ജീവിക്കാൻ കന്യാസ്ത്രികൾക്കും അവകാശമുണ്ട്. സഭാധികാരികൾ കന്യാസ്ത്രി മഠങ്ങളിലെ നിയമങ്ങൾ മിലിറ്ററി നിയമങ്ങൾപോലെ നടപ്പാക്കുന്നു. ദൈവം സ്നേഹമാണെങ്കിൽ സ്നേഹത്തിനുപരി മറ്റു മനുഷ്യ നിയമങ്ങൾ അടിച്ചേൽപ്പിക്കേണ്ട ആവശ്യമുണ്ടോ? മിലിറ്ററിയിൽ പ്രത്യേകമായ നിയമങ്ങളുണ്ട്. യുദ്ധം ചെയ്യാൻ പറഞ്ഞാൽ പോവണം. നേഴ്സ്, ഡോക്‌ടേഴ്സിനുള്ള യൂണിഫോം ഒരു രോഗിക്ക് അവരെ തിരിച്ചറിയലിനാവശ്യമാണ്. എന്നാൽ, കന്യസ്ത്രികളും പുരോഹിതരും യൂണിഫോം ധരിക്കാതെ നടന്നാൽ സമൂഹത്തിന് ഒരു ചുക്കും സംഭവിക്കാൻ പോവുന്നില്ല. രാത്രിയും പകലും വ്യത്യാസമില്ലാതെ യൂണിഫോം ധരിച്ചു നടക്കുന്ന ഒരു സമൂഹം കത്തോലിക്ക സഭയിൽ മാത്രമേയുള്ളൂ. വാസ്തവത്തിൽ, മനുഷ്യരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസം വരുന്ന സഭയുടെ സന്യസ്ത നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ലംഘനവുമാണ്‌. ഒരു കന്യാസ്ത്രീയുടെ യുവത്വം കഴിയുന്ന കാലം മുതൽ മഠം അധികൃതർ പീഡനങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. വാർദ്ധക്യത്തിൽ അടിമയെപ്പോലെ കഴിഞ്ഞില്ലെങ്കിൽ കുപ്പത്തൊട്ടിയിൽ വലിച്ചെറിയുകയും ചെയ്യും.

സിസ്റ്റർ ലൂസി കളപ്പുര മരണശേഷം തന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ  ഗവേഷണങ്ങൾക്കായി വിട്ടുകൊടുക്കണമെന്ന് എഴുതിവെച്ചിട്ടുണ്ട്. അത്തരം ഒരു കന്യാസ്ത്രിയിൽനിന്നുള്ള തീരുമാനം സഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. സഭയ്‌ക്കെതിരെ വിമർശനങ്ങളുമായി നടക്കുന്ന സിസ്റ്റർ ലൂസിയെ തെമ്മാടിക്കുഴിയിൽ അടക്കുമെന്നുവരെ ഭീഷണികൾ നിലനിൽക്കുന്നു. അത്തരക്കാരോട്, തന്റെ ശരീരം തെമ്മാടിക്കുഴിയിൽ അടക്കാനുള്ളതല്ലെന്നും മരണശേഷം അവർക്ക് ഒപ്പീസുകളോ പുരോഹിതരുടെ കപട പ്രസംഗങ്ങളോ ആവശ്യമില്ലെന്നും ലൂസി പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ അവരെ പരമാവധി അപമാനിച്ചു. മരണശേഷം അവർ മാലാഖ ആയിരുന്നുവെന്ന വിളികൾ എന്തിനെന്നുമാണ് അവർ ചോദിക്കുന്നത്.

ഒരു കന്യാസ്ത്രിയെ ഫ്രാങ്കോ പീഡിപ്പിച്ച വിവരങ്ങൾ അതിനു ബലിയാടായ കന്യാസ്ത്രി കണ്ണുനീരോടെ കർദ്ദിനാൾ ആലഞ്ചേരിയോട് പരാതി പറഞ്ഞപ്പോൾ 'പീഡിപ്പിച്ച കാര്യം മറ്റാരോടും പറയണ്ട' എന്നുള്ള ഉപദേശങ്ങളാണ് കൊടുത്തത്. ആഡംബര കാറുകളിൽ സഞ്ചരിച്ചും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും അരമനകളിൽ താമസിച്ചും കഴിയുന്ന പുരോഹിതർക്ക് പാവപ്പെട്ടവന്റെ വിയർപ്പിന്റ വില അറിയേണ്ട ആവശ്യമില്ല. ഒരു സ്ത്രീയുടെ കണ്ണുനീരിന്റെ വിലയ്‌ക്കോ മാനത്തിനോ അവർ വില കല്പിക്കാറില്ല. കുറ്റകൃത്യങ്ങളിൽ മനുഷ്യത്വമുള്ളവർ ഇരക്കൊപ്പം നിൽക്കും. എന്നാൽ ഫ്രാങ്കോ കേസിൽ സഭ ഇരയ്‌ക്കൊപ്പം നിൽക്കുന്നില്ലെന്നു മാതമല്ല ഇരയെ സഹായിക്കുന്നവരെയും ഇല്ലാതാക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്രമാത്രം വേദനാജനകമായ സംഭവവികാസങ്ങൾ ഉണ്ടായിട്ടും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി കന്യാസ്ത്രീകളെ ആശ്വസിപ്പിക്കത്തക്ക ഒരു വാക്കുപോലും പറഞ്ഞില്ലെന്നുള്ളതാണ് സത്യം. ആലഞ്ചേരി, ബലിയാടായ സിസ്റ്ററെ അനുകൂലിച്ച് സംസാരിച്ചാൽ സഭയിൽ കോളിളക്കമുണ്ടാവുമെന്നും ഭയപ്പെടുന്നു. സഭയിൽ ഒളിഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങളും പുറത്തു വരാം. 

സിസ്റ്റർ ലൂസി പറയുന്നു, "ആദ്യകാലത്ത് ക്രിസ്ത്യൻ സഭകൾ സ്‌കൂളുകൾ നടത്തിക്കൊണ്ടിരുന്നത് ഇല്ലായ്മയിൽ നിന്നായിരുന്നു; എന്നാൽ ഇന്ന് എല്ലാമുണ്ട്; അതുകൊണ്ട് ക്രിസ്ത്യൻ സ്ക്കൂളുകളുടെ വിദ്യാഭാസ നിലവാരം താണുപോയി; ലക്ഷങ്ങൾ കോഴ കൊടുത്ത് നിയമിതരായ അദ്ധ്യാപകരാണ് കത്തോലിക്കാ സ്‌കൂളുകളിൽ ഉള്ളത്." നിലവാരം താണുപോയ ഈ സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കണമെന്ന ചിന്താഗതിയാണ് സിസ്റ്ററിനുള്ളത്. നിയമനം പിഎസ്‌സി വഴി വേണമെന്നും അവർ നിർദേശിക്കുന്നു.

ചെറിയ കുട്ടികൾ പുരോഹിതരെ അഭിമുഖീകരിക്കരുതെന്ന കേരളബിഷപ്പ് സംഘടനയുടെ തീരുമാനം സഭയിലെ പുരോഹിതർ എത്രമാത്രം അധപതിച്ചുവെന്നുള്ള തെളിവാണെന്നും സിസ്റ്റർ ലൂസി ചാനലുകാരോട് പറയുന്നുണ്ട്. ഒരിക്കൽ ലൂസി 'ഇരുപത്തിനാല് വയസുള്ള ഒരു ചെറുപ്പക്കാരൻ പള്ളിയിൽ പോകാത്ത കാര്യം അന്വേഷിച്ചപ്പോൾ' അയാളെ ഒമ്പതാം ക്‌ളാസിൽ വെച്ച് ഒരു പുരോഹിതൻ സ്വവർഗരതി ചെയ്ത കാര്യം അറിയിച്ചു. അങ്ങനെയുള്ളവരെ എങ്ങനെ പള്ളിയിൽ പോകാൻ നിർബന്ധിക്കുമെന്നാണ് ലൂസി ചോദിക്കുന്നത്. അവന്റെ വേദനകൾ ഉണങ്ങണം. അങ്ങനെ പോസിറ്റിവ് ആയ കാഴ്ചപ്പാടുകളിൽ സഭ മുന്നേറേണ്ടതായുണ്ട്.

നാൽപ്പതു വർഷങ്ങളോളം സഭയ്ക്കുവേണ്ടി ജീവിച്ച, കഠിനാദ്ധ്വാനത്തിൽക്കൂടി ജീവിതം പണയം വെച്ച ഒരു കന്യാസ്ത്രിക്കെതിരെയാണ് അസഭ്യ ശകാരങ്ങൾ പുരോഹിതവർഗം വർഷിച്ചതെന്നും   ചിന്തിക്കണം. അള മുട്ടിയാൽ ചേരയും കടിക്കുമെന്ന സ്ഥിതിവിശേഷത്തിലേക്ക് ലൂസിയെ എത്തിച്ചിരിക്കുകയാണ്. തെറ്റുകൾ ചൂണ്ടി കാണിച്ചാൽ തെറ്റുകൾ തിരുത്താനല്ല സഭ ശ്രമിക്കുന്നത്. അവരെ ഇല്ലാതാക്കണമെന്നുള്ള വിചാരമാണ് സഭയ്ക്കുള്ളത്. പുരുഷമേധാവിത്വമാണ് സഭയെ നയിക്കുന്നത്. മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും പൊതു സമൂഹവുമായുള്ള ബന്ധം അറുത്തു മാറ്റുകയും ചെയ്യുന്ന നടപടികൾവരെ ലൂസിക്കെതിരെ സഭാധികൃതർ നടത്തിയിരുന്നു. ഒരിക്കൽ അവരെ മഠത്തിനുള്ളിൽ പൂട്ടിയിട്ടു. അവരുടെ ജീവനു തന്നെ ഭീഷണിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സഭയുടെ വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്ത തരത്തിലുള്ള ക്രൂരമായ സമീപനത്തിനെതിരെ ധീരയായ ലൂസി കളപ്പുരക്കൽ എന്ന കന്യാസ്ത്രീക്ക് ശക്തമായ പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യ കേരളത്തിന്റെ സാമൂഹികമായ ഒരു ബാധ്യത കൂടിയാണ്.

'പിതാവേ ഇവർ ചെയ്യുന്നത് എന്തെന്നറിയുന്നില്ല' എന്ന യേശുവിന്റെ കല്പനകൾ  ലംഘിച്ചുകൊണ്ടാണ് മഠവും ചില അധാർമ്മിക പുരോഹിതരും 'ലുസി'ക്കെതിരെ യുദ്ധ പ്രഖ്യാപനങ്ങളുമായി അങ്കം വെട്ടാൻ വന്നിരിക്കുന്നത്. മാന്യയായ ഒരു സ്ത്രീയെ പുരോഹിതരും  ചില ധ്യാനഗുരുക്കന്മാരും അപമാനിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഗ്രന്ഥം സാക്ഷി നിർത്തി നൽകിയ സിസ്റ്ററെന്ന പദവിയെ 'കുമാരി' എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന നോബിളിനെപ്പോലുള്ള പുരോഹിതരുടെ സഭ്യതയും സംസ്ക്കാരവും എവിടെ? ഇതാണോ, സ്നേഹം പഠിപ്പിച്ച യേശു ദേവന്റെ പ്രമാണം?










https://www.emalayalee.com/varthaFull.php?newsId=193712

ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് നഷ്ടം സംഭവിച്ചോ? വൈദികരുടെ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ?

അന്വേഷണ സംഘത്തലവനായ വൈദികന്‍ ഫാ.ബെന്നി മാരാംപറമ്പില്‍ വേട്ടയാടപ്പെടുന്നുവോ? കര്‍ദിനാള്‍ നിയോഗിച്ച കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗം 'മംഗളം ഓണ്‍ലൈന്‍' പുറത്തുവിടുന്നു.

for more details visit 

2017 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം അതിരൂപതയ്ക്ക് 8.26 കോടി രൂപ ബാങ്ക് വായ്പയും അതിരൂപതാ സ്ഥാപനങ്ങളില്‍ നിന്നും 7.57 കോടി രൂപ വായ്പയും ഉണ്ടായിരുന്നു. 2017 നവംബറിലെ കണക്കുപ്രകാരം ഇത് 86.38 കോടി രൂപയായി ഉയര്‍ന്നു. ചുരുക്കത്തില്‍, കടംവീട്ടാന്‍ നടത്തിയ ഭൂമി ഇടപാടുകള്‍ അതിരൂപതയെ അതിഭീമമായ കടത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കണ്ടെത്തല്‍. വത്തിക്കാന്‍ നിര്‍ദേശപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റ ശേഷം അതിരൂപതയിലെ 13 ഏക്കറോളം ഭൂമി വിറ്റാണ് ഇതില്‍ 65 കോടിയോളം കടംവീട്ടിയത്.
കൊച്ചി: സിറോ മലബാര്‍ സഭയെ ഏറെ പ്രതിസന്ധിയിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പുറത്തുകേള്‍ക്കുന്നതാണോ യഥാര്‍ത്ഥ വിവരങ്ങള്‍. ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് നഷ്ടം സംഭവിച്ചോ? വൈദികര്‍ പറയുന്നതാണോ യഥാര്‍ത്ഥ കാര്യങ്ങള്‍? അന്വേഷണത്തിനു നേതൃത്വം നല്‍കിയ ബെന്നി മാരാംപറമ്പില്‍ എന്ന വൈദികന്‍ അതിന്റെ പേരില്‍ തന്നെ വേട്ടയാടപ്പെടുന്നുണ്ടോ? വിശ്വാസികള്‍ ഉന്നയിക്കുന്ന ഒരുപറ്റം സംശയങ്ങള്‍ പരിശോധിക്കുകയാണ് മംഗളം ഓണ്‍ലൈന്‍. അതിനൊപ്പം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയോഗിച്ച ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍ 2018ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗവും പുറത്തുവിടുന്നു.
2014 ഏപ്രില്‍ 1 മുതല്‍ 2017 നവംബര്‍ 29 വരെ അതിരൂപതയില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ഭൂമി ക്രമവിക്രയങ്ങളും പഠിച്ച് അതിന്റെ പോരായ്മകളും വീഴ്ചകളും കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനുമായി 2017 നവംബര്‍ 29നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫാ.ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ ആറംഗ സമിതിയെ നിയോഗിച്ചത്. ഫാ.ബെന്നി കണ്‍വീനറും ഫാ.ലൂക്കോസ് കുന്നത്തൂര്‍, ഫാ.ജോസഫ് കൊടിയന്‍, തഹസീല്‍ദാര്‍ ആയ എ.ജെ തോമസ് പുത്തന്‍പള്ളി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജോണി പള്ളിവാതുക്കല്‍, നിയമവിദഗ്ധന്‍ അഡ്വ.ഏബ്രഹാം പി.ജോര്‍ജ് എന്നിവര്‍ അടങ്ങിയതായിരുന്നു ഈ കമ്മിറ്റി.
ഈ കാലയളവില്‍ അതിരൂപത വാങ്ങിയതും അന്യാധീനപ്പെടുത്തിയതുമായി രേഖകള്‍ ലഭിച്ച സ്ഥലങ്ങള്‍ കമ്മിറ്റി സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിരിക്കുന്നതെന്ന് റിപ്പോര്‍ട്ടിന്റെ അവകാശപ്പെടുന്നു. ഇടപാടില്‍ നടന്ന കാനോന്‍ നിയമലംഘനങ്ങളും സിവില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫിനാന്‍സ് സമിതി വില്‍ക്കാന്‍ തീരുമാനിച്ച സ്ഥലങ്ങള്‍ക്ക് പകരം മറ്റ് സ്ഥലങ്ങള്‍ 36 ആധാരങ്ങളായി വിറ്റു, വില്‍പ്പനയ്ക്ക് അനുമതി ലഭിക്കും മുന്‍പേ വില്‍പ്പനയ്ക്ക് തീരുമാനമെടുത്ത് ഫിനാന്‍സ് ഓഫീസറെ ചുമതലപ്പെടുത്തി. അതുവഴി ആലോചന സമിതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങി ഒരുപിടി പിഴവുകളാണ് അന്വേഷണ കമ്മീഷന്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
2017 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം അതിരൂപതയ്ക്ക് 8.26 കോടി രൂപ ബാങ്ക് വായ്പയും അതിരൂപതാ സ്ഥാപനങ്ങളില്‍ നിന്നും 7.57 കോടി രൂപ വായ്പയും ഉണ്ടായിരുന്നു. 2017 നവംബറിലെ കണക്കുപ്രകാരം ഇത് 86.38 കോടി രൂപയായി ഉയര്‍ന്നു. ചുരുക്കത്തില്‍, കടംവീട്ടാന്‍ നടത്തിയ ഭൂമി ഇടപാടുകള്‍ അതിരൂപതയെ അതിഭീമമായ കടത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കണ്ടെത്തല്‍. വത്തിക്കാന്‍ നിര്‍ദേശപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റ ശേഷം അതിരൂപതയിലെ 13 ഏക്കറോളം ഭൂമി വിറ്റാണ് ഇതില്‍ 65 കോടിയോളം കടംവീട്ടിയത്.
ഭൂമി വില്പനയില്‍ സംഭവിച്ച പിഴവുകള്‍:
-കാനോന്‍ നിയമ ലംഘനങ്ങള്‍
1.ഭൂമി വില്പനയില്‍ ഫിനാന്‍സ് സമിതി തീരുമാനിച്ച സ്ഥലങ്ങള്‍ക്ക് പകരം മറ്റു സ്ഥലങ്ങള്‍ 36 ആധാരങ്ങളായി വിറ്റുവെന്നും അതുവഴി കാനോന്‍ നിയമം 271, വ്യക്തിനിയമം 214, അതിരൂപത നിയമസംഹിത 123 എന്നിവ ലംഘിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് വിശ്വാസ വഞ്ചനയും കുറ്റകരമായ ഉത്തരവാദിത്തലംഘനവുമാണ്. ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി വ്യാജരേഖ ചമച്ച് രജിസ്ട്രാര്‍ക്ക് മുമ്പില്‍ ഹാജരാക്കിയിട്ടുണ്ടാകുമെന്നും കമ്മീഷന്‍ അനുമാനിക്കുന്നു.
2. 2016 ജൂലൈ 6ന് ചേര്‍ന്ന ആലോചനസമിതി സ്ഥലവില്പനയ്ക്ക് അനുമതി നല്‍കി. സെന്റിന് ശരാശരി 9 ലക്ഷം രൂപയാണ് നിശ്ചയിച്ചത്. എന്നാല്‍ ഈ തീരുമാനം വരുന്നതിനു മുന്‍പ്തന്നെ കൂരിയ തീരുമാനം 2016 ജൂണ്‍ 15ന് എടുക്കുകയും സ്ഥലവില്‍പ്പനയ്ക്ക് ഫിനാന്‍സ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. 2016 ജൂണ്‍ 21 ഫിനാന്‍സ് ഓഫീസര്‍ അജാസ് എന്‍.എസ്, വീക്കേ ബില്‍ഡേഴ്‌സ്, കാക്കനാട് എന്ന വ്യക്തിക്ക് സ്ഥലവില്‍പ്പനയ്ക്കുള്ള ഓഫര്‍ ലെറ്റര്‍ നല്കി. അതായത് വില്‍പ്പനയുടെ തീരുമാനം എടുത്ത് വേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്തശേഷം ആലോചനസമിതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
3. ഭൂമിയുടെ വില നിര്‍ണ്ണയിച്ചതിന്റെ അടിസ്ഥാന മാനദണ്ഡമെന്തെന്ന് കമ്മറ്റിക്ക് വ്യക്തമായിട്ടില്ല. ഇതിന് രേഖകള്‍ ഇല്ല. ആവശ്യമായ പഠനമോ മുന്നൊരുക്കങ്ങളോ നടത്തായിട്ടില്ലെന്നും ഫിനാന്‍സ് കൗണ്‍സിലില്‍ ഭൂമിയുടെ വിലയെപറ്റി ആലോചനയോ നടത്തിയിട്ടില്ലെന്നും കമ്മിറ്റി വിലയിരുത്തുന്നു.
4.കാനോന്‍ നിയമം 1035/2 പ്രകാരം ഭൂമി വില്ക്കുന്നതിനു മുമ്പായി ഒരു വിദഗ്ധ സമിതിയുടെ വില നിര്‍ണ്ണയ റിപ്പോര്‍ട്ട് പ്രത്യേകം ലഭ്യമാക്കേണ്ടതും അതിന്റെ അടിസ്ഥാനത്തില്‍ വില നിര്‍ണ്ണയിക്കേണ്ടതുമാണ്. ഈ നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു.
5. സിറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 214 പ്രകാരം 25 കോടിക്കും 50 കോടിക്കും ഇടയില്‍ മൂല്യമുള്ള വസ്തു വില്‍ക്കാനും വാങ്ങാനും അതാതു രൂപത/അതിരുപതാ സമിതികളുടെ തീരുമാനത്തിനു പുറമേ പെര്‍മനന്റ് സിനഡിന്റെ അനുമതിയോടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനും 50 കോടിക്ക് മുകളിലുള്ള വിറ്റഴിക്കലുകള്‍ക്ക് മെത്രാന്‍ സിനഡിന്റെ സമ്മതത്തോടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനും അനുവാദം നല്‍കാവുന്നതാണ്. സ്ഥലവില്‍പ്പന 28 കോടിയുടെ അടുത്ത് വരുമെന്നതിനാല്‍ പെര്‍മനന്റ് സിനഡിന്‍െ.റ അനുവാദം 214ാം നിയമപ്രകാരം വാങ്ങേണ്ടതായിരുന്നു. ഈ പ്രത്യേക നിയമത്തില്‍ ഒപ്പുവച്ച് പ്രാബല്യത്തിലാക്കിയ മേജര്‍ ആര്‍ച്ച്ബിഷപ്പ് തന്നെ ഈ നിയമം ലംഘിച്ചിരിക്കുന്നു.
-സിവില്‍ നിയമലംഘനങ്ങള്‍:
1. വീക്കേ ബില്‍ഡേഴ്‌സ് അജാസ് എന്‍.എസിനെ സ്ഥലം വില്‍ക്കാന്‍ ഏല്പിച്ചത് റിയല്‍ എസ്‌റ്റേറ്റുകാരുമായുള്ള വഴിവിട്ടബന്ധം വ്യക്തമാക്കുന്നു. അതിരുപത പ്രസിദ്ധീകരണങ്ങളില്‍ പോലും പരസ്യം നല്‍കുകയും അതിരൂപതാ സ്ഥപനങ്ങളെയോ, മറ്റു അംഗങ്ങളെയോ വില്പന വിവരം അറിയിക്കുകയോ ചെയ്തിട്ടില്ല. ഈ നിഗൂഢത സംശയം ജനിപ്പിക്കുന്നു.
2. സാജു വര്‍ഗീസ് കുന്നേല്‍ എന്ന ബ്രോക്കര്‍ എല്ലാ ഭൂമി ഇടപാടുകളിലും ഉണ്ടായിരുന്ന വ്യക്തിയാണ്. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെയും ഫിനാന്‍സ് ഓഫീസറുടെയും അടുത്ത സുഹൃത്താണിദ്ദേഹം. ഭാരതമാതാ കോളജിന് എതിര്‍വശമുള്ള 60 സെന്റ് ഭൂമി വിലയൊന്നും ബാങ്കില്‍ അടക്കാതെ ഇദ്ദേഹം രജിസ്റ്റര്‍ ചെയ്തു സ്വന്തമാക്കി. ഇതുപോലുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ അതിരൂപതയ്ക്ക് ധനനഷ്ടവും മാനനഷ്ടവും ഉണ്ടാക്കി.
3.കരുണാലയത്തിന് സമീപമുള്ള ഭൂമി 2007ല്‍ അലക്‌സിയന്‍ ബ്രദേഴ്‌സ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സൗജന്യമായി നല്കിയതാണ്. അത് ലാഭകച്ചവടം ലക്ഷ്യമാക്കി ആയിരുന്നില്ല ഏല്പിക്കപ്പെട്ടത്. അത് ഇപ്രകാരം വിറ്റഴിച്ചത് തെറ്റാണ്.
4. ആധാരപ്രകാരം 36 പ്ലോട്ടുകള്‍ക്ക് ആകെ 13.52 കോടി രൂപയാണ് കിട്ടുന്നത്. എന്നാല്‍ കൂരിയയുടെ തീരുമാനം അനുസരിച്ച് ഒരു സെന്റിന് ചുരുങ്ങിയത് 9.05 ലക്ഷം രൂപ വിലകിട്ടണം. ബാക്കി 13.62 കോടി രൂപ എങ്ങനെ കൈപ്പറ്റും? ഇത് കള്ളപ്പണത്തിന്റെ് പരിധിയില്‍ പെടില്ലേ? ഇന്‍കം ടാക്‌സ് ആക്ട് 1961 സെക്ഷന്‍ 271 ഡി ആന്റ് 269 എസ്.എസ് പ്രകാരം ഇത് കുറ്റകരമാണ്.
5. 27.15 കോടി വിലയായി കിട്ടണമെന്നിരിക്കേ 9.13 കോടി മാത്രം കൈപ്പറ്റി സ്ഥലം മുഴുവന്‍ രജിസ്റ്റര്‍ ചെയ്തു നല്കിയത് ഗൗരവമായ വീഴ്ചയാണ്. സഭാവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ക്കുണ്ടായ ഗൗരവകരമായ വീഴ്ചയിലേക്ക് ഇതുവിരല്‍ ചൂണ്ടുന്നു.
6. സ്ഥലവില്‍പ്പനയില്‍ വലിയ തുകകള്‍ (1,16,30,800) പണമായി സ്വീകരിച്ചുവെന്ന് കാണുന്നു. 20,000 രൂപയില്‍ കൂടുതല്‍ തുക പണമായി കൈപ്പറ്റുന്നത് നിയമവിരുദ്ധമാണ്.
7. 9.13 സ്ഥലവിലയായി കൈപ്പറ്റിയെങ്കിലും തുകയൊന്നും ഇതുവരെ ലോണ്‍ അക്കൗണ്ടില്‍ അടച്ചിട്ടില്ല.
അതിരൂപത വാങ്ങിയ ഭൂമിയുടെ പേരില്‍ നടന്ന ഇടപാടുകളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് വേണ്ടി മറ്റൂരില്‍ 23.22 ഏക്കര്‍ ഭൂമി 2015 ഏപ്രില്‍ 30നും മെയ് 29നും ഇടയിലായി അതിരൂപതയ്ക്കു വേണ്ടി വാങ്ങി. 55.42 കോടി രൂപ വിലയായും ടാക്‌സ്, ഡ്യൂട്ടി ഉള്‍പ്പെടെ ആകെ 58.78 കോടി രൂപ ചെലവായി. ഇതില്‍ 4 കോടി രൂപ മുന്‍കൂറായി നല്‍കി. 58.2 കോടി രുപ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഇടപാടിനായി വായ്പ എടുത്തു. എന്നാല്‍ ഈ സ്ഥലം വാങ്ങുന്ന വിവരം ആലോചനാ സമിതിയില്‍ ചര്‍ച്ച ചെയ്യാതെയായിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
വേണ്ടത്ര ആലോചന കൂടാതെയുള്ള ഭൂമി വാങ്ങല്‍ കാനോന്‍ 271ന്റെയും പര്‍ട്ടിക്യൂലര്‍ നിയമം 274ന്റെയും അതിരുപത നിയമസംഹിത 123ന്റെയും ലംഘനമാണ്. കാനന്‍ നിയമം 1035-42, സഭാ നിയമം 124 എന്നിവയനുസരിച്ച് 50 കോടിക്ക് മുകളിലുള്ള വില്‍ക്കല്‍-വാങ്ങല്‍-വായ്പ എടുക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് അതിരൂപതാ ഭരണസമിതിയുടെ അനുവാദത്തിന് പുറമേ സഭയിലെ മെത്രാന്‍ സിനഡിന്റെ അനുവാദവും ആവശ്യമാണ്. ഈ സഭാ നിയമങ്ങള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു.
മെഡിക്കല്‍ കോളജ് പദ്ധതി തുടങ്ങുന്നതിനു മുന്‍പ് ഇതിനെപ്പറ്റി വിദഗ്ധപഠനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നും മറ്റു കത്തോലിക്കാ മെഡിക്കല്‍ കോളജുകളില്‍ നിന്നും അഭിപ്രായം തേടിയിട്ടുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ഡിസംബര്‍ 16ന് കൗണ്‍സിലില്‍ മറ്റൂര്‍ ഭൂമി വാങ്ങുന്നതിനെപറ്റി തീരുമാനിച്ചു. പക്ഷേ ഈ തീരുമാനത്തിന് രണ്ടു മാസങ്ങള്‍ക്കു മുന്‍പേ ഫിനാന്‍സ് ഓഫീസര്‍ നാലു കോടി പതിനായിരം രൂപ അഡ്വാന്‍സായി നല്‍കിക്കഴിഞ്ഞിരുന്നു. ഈ വിവരം ഫിനാന്‍സ് കൗണ്‍സിലില്‍ നിന്ന് മറച്ചുവച്ചു- റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലു കോടി പതിനായിരം രൂപ ഭൂമിക്ക് വേണ്ടി അഡ്വാന്‍സ് കൊടുത്തതായി കണക്കുണ്ടെങ്കിലും വില്‍പ്പനയുടെ കരാറുകള്‍ ഒന്നും ലഭ്യമായിട്ടില്ല. ഒരു കരാര്‍ പോലുമില്ലാതെയാണ് ഇത്രയും വലിയ തുകയുടെ ഇടപാട് നടന്നിരിക്കുന്നത്. മാത്രമല്ല , മുന്‍ ഫിനാന്‍സ് ഓഫീസറുടെ കാലത്ത് സെന്റിന് രണ്ടു ലക്ഷത്തിന് നല്‍കാമെന്ന് ഏറ്റ ഭൂമി 2.39 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടത്തിയ ഫിനാന്‍സ് ഓഫീസര്‍ വാങ്ങിയിരിക്കുന്നത്. ഇതുവഴി അതിരൂപതയ്ക്ക് 9 കോടി രൂപയോളം അധിക ചെലവുണ്ടായി.
ഗുരുതരമായ മറ്റൊരു കണ്ടെത്തലും കമ്മീഷന്‍ നടത്തിയിട്ടുണ്ട്. മറ്റൂരില്‍ വാങ്ങിയ ഭൂമിയുടെ അതിരില്‍ ഒരു വലിയ മെറ്റല്‍ ക്രഷര്‍, മൂന്ന് അരിമില്ലുകള്‍, ഒരു പെയിന്റ് കമ്പനി, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് ഈ സ്ഥലം ആശുപത്രിക്കോ മെഡിക്കല്‍ കോളജിനോ യോജിച്ചതല്ല. മാത്രമല്ല, തുറവൂര്‍ വില്ലേജിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും മറ്റൂര്‍ സ്ഥലത്തിനു നടുവില്‍ 43.24 സെന്റ് പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഭൂമി വാങ്ങിയതിനു പിന്നാലെ അവിടെയുണ്ടായിരുന്ന മൂവായിരത്തിലധികം വരുന്ന റബര്‍ മരങ്ങള്‍ തിരക്കിട്ട് മുറിച്ചുമാറ്റി.
ദേവികുളത്തേയും കോട്ടപ്പടിയിലേയും ഭൂമി വാങ്ങലുകള്‍
2017 ഫെബ്രുവരി 22ന് മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പേരില്‍ അതിരൂപതയ്ക്ക് വേണ്ടി ദേവികുളം താലൂക്ക് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഭൂമി 1.6 കോടി വിലയില്‍ വാങ്ങുകയുണ്ടായി. അതിരൂപത അക്കൗണ്ട് പ്രകാരം 25 ലക്ഷം രൂപ ഇതിനു വേണ്ടി അതിരുപത ചെലവ് ചെയ്തിട്ടുണ്ട്. 2017 ഏപ്രില്‍ 7ന് കോതമംഗലം താലൂക്ക് കോട്ടപ്പടി വില്ലേജില്‍ മുട്ടത്തുപാറയില്‍ 25 ഏക്കര്‍ റബര്‍ തോട്ടം 6.6 കോടി രുപ ആധാരപ്രകാരവും 9.385 കോടി രുപ അതിനു പുറമേയും നല്കി അതിരൂപതയ്ക്കു വേണ്ടി മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനു വേണ്ടി അതിരൂപതയുടെ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഓഫീസ് (ഐക്കോ) മുഖാന്തിരം 10 കോടി രൂപ അനധികൃതമായി ബാങ്കുവയ്പ എടുത്തു ചെലവഴിച്ചു.
ഇത് ട്രസ്റ്റ് പ്രസിഡന്റ് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് അറിയാതെയും മോണ്‍.വടക്കുംപാടനും ഫാ.ജോഷി പുതുവയും നല്‍കിയ തെറ്റായ രേഖകളുടെ വെളിച്ചത്തിലുമാണെന്ന് കമ്മീഷന്റെ കണ്ടെത്തലുകളില്‍ പറയുന്നു. സഹായ മെത്രാന്മാരും കൂരിയ അംഗങ്ങളും ഇക്കാര്യത്തില്‍ അജ്ഞരായിരുന്നു.
അതിരൂപത ആലോചന സമിതികളിലും ഫിനാന്‍സ് കൗണ്‍സിലിലും ചര്‍ച്ച നടത്താതെയുള്ള ഈ ഭൂമി ഇടപാടുകള്‍ കാനോന്‍ നിയമത്തിന്റെയും പ്രത്യേക നിയമത്തിന്റെയും അതിരൂപത നിയമസംഹിതയുടെയും ലംഘനമാണെന്ന് പറയുന്നു. സഹായ മെത്രാന്മാരും കൂരിയ അംഗങ്ങളും അറിയാതെ അതീവ രഹസ്യമായി നടത്തിയ ഈ ഇടപാട് കാനോന്‍ 215ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനം സംഭവിച്ചിരിക്കുന്നതായും കമ്മീഷന്‍ പറയുന്നു.
മെത്രാന്‍, വൈദിക സമിതികളില്‍ ചര്‍ച്ച ചെയ്യാതെ നടത്തിയ ഭൂമി ഇടപാടില്‍ വിശ്വാസ വഞ്ചനയും സമിതികളെ തെറ്റിദ്ധതിപ്പിക്കലും അവഹേളിക്കലും നടന്നിരിക്കുന്നുവെന്നും കമ്മീഷന്‍ പറയുന്നു.
ദേവികുളം ഭൂമി ഇടപാടിന്റെ ആകെ ചെലവ് ആധാരപ്രകാരം 1.76 കോടി രൂപയാണ്. അതിരുപതയിലെ കണക്ക്പ്രകാരം 41 ലക്ഷം രൂപയാണ് ഇതിനു ചെലവാക്കിയിട്ടുള്ളത്. ബാക്കി തുക അക്കൗണ്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ദേവികുളം, കോട്ടപ്പടി സ്ഥലങ്ങളുടെ മുന്‍ ആധാരങ്ങളും മറ്റു രേഖകളും ലഭ്യമല്ല. സ്ഥലംവാങ്ങിയതിന്റെ കരാര്‍ പകര്‍പ്പും ലഭ്യമല്ല. ദേവികുളം ഭൂമിക്ക് പട്ടയമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.
സ്ഥലങ്ങള്‍ വാങ്ങി 10 മാസം കഴിഞ്ഞിട്ടും സ്ഥലങ്ങള്‍ കൈവശമാക്കുകയോ ആദായം എടുക്കുകയോ ചെയ്തിട്ടില്ല. ദേവികുളത്തെ ഭൂമി ഫിനാന്‍സ് ഓഫീസര്‍ കണ്ടിട്ടുപോലുമില്ല എന്നറിയിച്ചു. ഏലമലക്കാടായ ഇവിടെ മറ്റു കൃഷികള്‍ സാധ്യമല്ല. പാട്ടക്കാലാവധി തീര്‍ന്നിരിക്കുന്ന ഈ സ്ഥലം മറിച്ചുവില്‍ക്കുന്നതിനും തടസ്സങ്ങള്‍ ഏറെയുണ്ട്. ഇതെല്ലാം റിയല്‍എസ്‌റ്റേറ്റ് ഇടപാടിന്റെ തെളിവാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
അതിരൂപതയിലെ ഇടപാടുകളിലെല്ലാം റിയല്‍ എസ്‌റ്റേറ്റ് ബന്ധം നിഴലിച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിരൂപതയുടെ പേരില്‍ ബാങ്കില്‍ നിന്നും ആരുടെയെല്ലാം അക്കൗണ്ടില്‍ പണം പോയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു.
ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ട മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രോട്ടോ സിഞ്ചെലുസ് ആയിരുന്ന മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, സിഞ്ചെല്ലൂസുമാരായ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടന്‍, മോണ്‍.ആന്റണി നരികുളം, ഫിനാന്‍സ് ഓഫീസര്‍ ആയിരുന്ന ഫാ.ജോഷി പുതുവ എന്നിവരുടെ പങ്കിനെ കുറിച്ചും അന്വേഷണ കമ്മീഷന്‍ അക്കമിട്ട് നിരത്തുന്നു.
നിലവില്‍ കര്‍ദ്ദിനാള്‍ നിയോഗിച്ച ഫാ.ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മാത്രമാണ് പുറംലോകം കണ്ടിരിക്കുന്നത്. കഴിഞ്ഞ സിനഡില്‍ മാര്‍ മാത്യൂ മൂലേക്കാട്ടില്‍ അധ്യക്ഷനായ മെത്രാന്‍മാരുടെ ഉപസമിതിയും ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൂലേക്കാട്ടില്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഭൂമി ഇടപാടില്‍ വലിയ സാമ്പത്തിക നഷ്ടം വന്നുവെന്നാണെന്ന സൂചനകള്‍ മാത്രമാണ് പുറത്തുവന്നത്.
ഇതിനു ശേഷമാണ് രാജ്യാന്തര ഏജന്‍സിയായ കെ.പി.എം.ജി അന്വേഷണം നടത്തിയത്. ജോസഫ് ഇഞ്ചോടി കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അടക്കം മൂന്നു റിപ്പോര്‍ട്ടുകളാണ് വെളിച്ചം കാണാതിരിക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ കടത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാനുള്ള മര്യാദയാണ് സഭാ നേതൃത്വം കാണിക്കേണ്ടത്. സഭാ നിയമങ്ങളും രാജ്യത്തെ നിയമങ്ങളും ലംഘിച്ചുവെന്ന് പറയുന്ന ഈ ഇടപാടുകളിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി അരമന അറകളില്‍ വിശ്രമിക്കേണ്ടവയല്ല. ഈ സ്വത്തുവകകള്‍ ആര്‍ജിച്ചുനല്‍കിയ വിശ്വാസികള്‍ക്ക് അവ ലഭ്യമാക്കുകയാണ് സഭാനേതൃത്വം ചെയ്യേണ്ടത്. വത്തിക്കാന് സമര്‍പ്പിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഇനി കെ.പി.എം.ജി റിപ്പോര്‍ട്ടില്‍ രഹസ്യാത്മകത സൂക്ഷിക്കേണ്ട കാര്യവുമില്ല. വത്തിക്കാനോടല്ല, നെഞ്ചുപൊടിയുന്ന വിശ്വാസികളോടാണ് സഭാനേതൃത്വം അനുകമ്പ കാണിക്കേണ്ടത്. കാക്കനാട് നടക്കുന്ന സിനഡ് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടട്ടേ.
ആദ്യ അന്വേഷണ കമ്മീഷന്റെ കണ്‍വീനര്‍ ആയ ഫാ.ബെന്നി മാരാംപറമ്പില്‍ തന്റെ കണ്ടെത്തലുകളുടെ പേരില്‍ വേട്ടയാടപ്പെടുന്നുവെന്ന വിമര്‍ശനവും അതിരൂപതയില്‍ നിന്ന് ഉയരുന്നു. ചേര്‍ത്തല പാലൂത്തറ ഇടവകാംഗം. കറവീഴാത്ത വൈദിക ജീവിതം. ഭൂമി ഇടപാടില്‍ അതിരൂപതയ്ക്കു വേണ്ടി കര്‍ശന നിലപാട് എടുത്ത ഫാ.ബെന്നിയടക്കം ഏതാനും വൈദികരെ രേഖാ വിവാദത്തില്‍ ഉള്‍പ്പെടുത്തി പോലീസിനെ ഉപയോഗിച്ചു പീഡിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. ഞായറാഴ്ച മൗണ്ട് സെന്റ് തോമസിലേക്ക് പ്രകടമായി എത്തിയ അത്മായരുടെ സംഘം കൂരിയ ബിഷപ്പിനു മുന്നില്‍ നടത്തിയ രോഷപ്രകടനത്തില്‍ ചൂണ്ടിക്കാട്ടുന്നതും ഇതാണ്.
കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിനിറങ്ങിയതും കന്യാസ്ത്രീകള്‍ക്കു നീതിക്കു വേണ്ടി പ്രവര്‍ത്തിച്ചതുമാണ് സഭാ നേതൃത്വത്തെ ഇവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന വിമര്‍ശനവും അത്മായര്‍ ഉയര്‍ത്തുന്നു.
എന്തായാലും സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ഉന്നമനത്തിനായി കാക്കനാട് നടക്കുന്ന സിനഡ് ഈ മാസം 30ന് അവസാനിക്കുമ്പോള്‍ വിശ്വാസികളുടെ സംശയങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയും വച്ചുപുലര്‍ത്താം.

Sunday, August 25, 2019

സിസ്റ്റർ ലൂസി, നിങ്ങൾ കുടുതൽ കുടുതൽ ശരിയാണെന്ന് തെളിയിക്കുകയാണ് ഫാ. പുത്തൻപുരക്കലും, ഫാ.നോമ്പിളും.

റോസി തമ്പി 



ഗതികെട്ടപ്പോൾ നീതീക്കു വേണ്ടി തെരുവിലിറങ്ങേണ്ടി വന്ന സ്വന്തം സഹോദരികളോടൊപ്പം നിന്ന ,ഇത്രയും ഒറ്റപ്പെടുത്തിയിട്ടും അവർ തന്നെയാണ് ശരി എന്ന് ഉറപ്പിച്ചു പറയുന്ന നിങ്ങളുടെ നീതീബോധത്തെ അഭിനന്ദിക്കുന്നു. മുപ്പത്തിമൂന്നു വർഷത്തെ വിശ്വാസ ജീവിതത്തിൽ നിന്ന് സ്വന്തം സമൂഹം സിസ്റ്ററെ ഇറക്കിവിടാൻ കാരണവും അതു തന്നെ.

കന്യാസ്ത്രികൾ എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇന്നും അച്ചൻമാർ തന്നെ .അതുകൊണ്ടാണ് ഒരു കന്യാസ്ത്രി മoത്തിന്റെ പിൻ വാതിലൂടെ ആണുങ്ങളെ വിളിച്ചു കേറ്റി എന്നു തെളിയിക്കാൻ മoത്തിലെ തന്നെ cc Tv ദൃശ്യങ്ങൾ ഉപയോഗിച്ച് അച്ചൻ തങ്ങളിൽ ഒരുവളെ അപമാനിക്കുമ്പോൾ തങ്ങളെ മുഴുവനുമാണ് അപമാനിക്കുന്നത് എന്ന് മറ്റു കന്യാസ്ത്രീകൾക്കു തോന്നത്തത്. മനസ്സിലാകാത്തത്.
ഒരു കന്യാസ്ത്രിയെ ഒഴിവാക്കാൻ ഇത്രയും നീചമായ മാർഗ്ഗം സ്വീകരിച്ചത് യേശുവിന്റെ പ്രതിപുരുഷൻ എന്നു പറഞ്ഞ് നീണ്ട അങ്കിയും അണിഞ്ഞ് നാടുനീളെ ഈശോമിശിഹായ്ക്കുള്ള സ്തുതിയും ഏറ്റുവാങ്ങി നടക്കുന്ന രൂപം തന്നെയല്ലേ എന്നതാണ് വിശ്വാസികളുടെ സങ്കടം.
കന്യാസ്ത്രീകൾ , കുറച്ചു കൂടെ അന്തസ്സോടെ യേശുവിനെ പിൻതുടരേണ്ടതുണ്ട്. സത്യത്തിൽ അവരാണ് ,യേശു ,കൂനിയൂടെ കൂനു നിവർത്തി അവളെ ആകാശം കാണാൻ കഴിവുള്ളവളാക്കിയതുപോലെ പുരുഷാധികാരത്തിന്റെ ഭാരം കൊണ്ട് കുനിഞ്ഞു പോയ മുഴുവൻ സ്ത്രീകളുടെയും അന്തസ്സ് ഉയർത്തേണ്ട്. എന്തെന്നാൽ അവർ പുരോഹിതരുടെ അടിമകളല്ല;യേശുവിന്റെ മണവാട്ടികളാണ്. അവനോടെപ്പം അന്തസ്സോടെ നടക്കുന്നവരാണ്.
നിർഭാഗ്യവശാൽ കേരളത്തിൽ സഭ അതിന്റെ പുരുഷാധികാരം നിലനിർത്താൻ ഉപയോഗിക്കുന്ന കുറുവടികൾ മാത്രമായി അവർ ചുരുങ്ങി പോകുന്നു.
കന്യാസ്ത്രികൾ നീതിക്കുവേണ്ടി സമരം ചെയ്യുന്ന സമയത്ത് , ഇപ്പോൾ നോർത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്ന എന്റെ ഒരു സഹപ്രവർത്തകയായിരുന്ന ഒരു കന്യാസ്ത്രി എന്നെ കാണാൻ വന്നു.അവർ വന്നതിന്റെ പ്രധാന ഉദ്ദേശം സമരം ചെയ്യുന്ന കന്യാസ്ത്രീകളെ കാണാൻ പോകരുത് എന്നു പറയനാണ്. ഞാൻ പോയിരുന്നു എന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞത് "വേഗം പ്രായശ്ചിത്തം ചെയ്തോ അല്ലെങ്കിൽ അതിന്റെ ശാപം നിനക്കും നിന്റെ മക്കൾക്കും കിട്ടും . പിതാവ് ഒരു പുണ്യവാനാണ് .അവള് ഒരു പെഴ". ഇത്രയും പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു. നാളെ മറ്റെരാൾ സിസ്റ്ററെക്കുറിച്ച് സിസ്റ്റർ ഇപ്പോൾ പറഞ്ഞ വാക്ക് പറഞ്ഞാൽ ഞാൻ എന്തു പറയണം.അവർ ഇനി നേരം കളയാനില്ല എന്ന മട്ടിൽ പെട്ടന്ന് എന്നെ വിട്ടു പോയി. പറഞ്ഞു വന്നത് എങ്ങനെയാണ് കന്യാസ്ത്രികൾക്കിടയിൽ നിന്നു ഉയർന്നു വരുന്ന അഭിമാനബോധത്തെ അവരെക്കൊണ്ടു തന്നെ പുരോഹിതർ തകർത്തു കളയുന്നത് എന്നാണ്.
""മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല
നിയമം മനുഷ്യനു വേണ്ടിയാണ് "യേശുവാണത് പറഞ്ഞത്. യേശുവിന്റെ മണവാട്ടിമാരെങ്കിലും അത് അനുസരിക്കാൻ ബാധ്യസ്ഥരാണ്. നൂറ്റാണ്ടുകൾക്കു മുമ്പു രൂപപ്പെട്ടുത്തിയ ആവൃതി നിയമങ്ങൾ പുതുക്കപ്പെടെണ്ടതുണ്ട് എന്നു തന്നെയാണ് നീതീക്കു വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകൾ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. പറ്റാത്തവർ വിട്ടു പോകുക എന്നല്ല അതിനുള്ള മറുപടി.അവർ പറയുന്നതിൽ യേശുവിന്റെ നീതിയുണ്ടോ എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. സഭ, വിശ്വാസികളായ അവരെ ചേർത്തു പിടിക്കുകയാണ് വേണ്ടത്. 
നീതിക്കുവേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രികൾക്കൊപ്പം . 
സിസ്റ്റർ ലൂസിക്കൊപ്പം.

കന്യാസ്ത്രീകളുടെ അഴിമതി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു...



അഡ്വ ബോറിസ് പോൾ

സിസ്റ്റർ ലൂസിയെ ക്രൂശിക്കാൻ സഭാധികാരികൾ നടത്തിയ കള്ളക്കളികളിലൂടെ തുറന്ന് കാണിക്കപ്പെട്ട ചില സത്യങ്ങൾ വിശ്വാസികളെ രക്ഷിക്കട്ടെ.
കൊല്ലത്തെ ഒരു കന്യാസ്ത്രീ ലക്ഷങ്ങൾ സമ്പാദിച്ച് ബന്ധുക്കൾക്ക് നൽകുന്നതും വിദേശയാത്രകൾ നടത്തുന്നതും സംബന്ധിച്ച് എനിക്ക് കുറെ തെളിവുകൾ കിട്ടി.
സൂചനകൾ പ്രകാരം നടത്തിയ അന്വേഷണങ്ങൾ എത്തി നിൽക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളിലാണ്.
വിശ്വാസികളെയും നിരവധി സേവനതല്പരരായ പാവം കന്യാസ്ത്രീകളെയും പറ്റിച്ച് അധികാരസ്ഥാനങ്ങളിൽ വിരാജിക്കുന്ന ഇവിടത്തെ പല കന്യാസ്ത്രീകൾക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്.
ഇതിലൂടെ നടക്കുന്നത് ലക്ഷങ്ങളുടെ സ്വകാര്യ ഇടപാടുകളാണ്.
ഭൂരിഭാഗവും ബന്ധുക്കളുമായിത്തന്നെ!
കെട്ടിട നിർമ്മാണ കരാർ, സ്‌കൂൾ യൂണിഫോം ഇടപാട് എന്ന് തുടങ്ങി അഴിമതിപ്പണം ഒപ്പിക്കുന്ന നിരവധി സംവിധാനങ്ങൾ ഉപയോഗിക്കപ്പെടുന്നു.
ഇത്തരം വിവരങ്ങളും സൂചനകളും നൽകാൻ കഴിയുന്നവർ ഈ വിലാസത്തിൽ അയച്ചുതരിക:
അഡ്വ ബോറിസ് പോൾ,
അഷ്ടമുടി ലോ ചേംബേഴ്സ്,
തേവള്ളി പി.ഒ.,
കൊല്ലം-691009.
നിയമ നടപടികൾ ഉടനെ ആരംഭിക്കുന്നതാണ്.
കോൺവെൻറുകളിൽ നരകയാതന അനുഭവിച്ച് ജീവിക്കുന്ന ഭൂരിഭാഗം വരുന്ന യഥാർത്ഥ കന്യാസ്ത്രീകൾക്കായി ഈ നിയമനടപടികൾ ദക്ഷിണയായി സമർപ്പിക്കുന്നു.
വിവരങ്ങൾ ലഭ്യമായവർ നൽകി സഹായിക്കുക.