Translate

Saturday, August 24, 2019

സിസ്റ്റർ ലൂസി കളപ്പുരയും അവർക്ക് തുറക്കപ്പെട്ട ആനവാതിലും

Image result for lucy kalapurakal

ചാക്കോ കളരിക്കൽ 

എഫ് സി സി സഭാംഗമായ സിസ്റ്റർ ലൂസി കളപ്പുര ഇന്ന് കന്ന്യാസ്ത്രി എന്ന നിലനില്പിൻറെ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി ആ സിസ്റ്റർ സ്വന്തം ജീവൻ അപകടത്തിലാണ് എന്ന ഭയത്തോടെ ജീവിക്കുന്നു. ജലന്ധർ രൂപതാമെത്രാനായിരുന്ന ഫ്രാങ്കോ കന്ന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത സമരവുമായി ബന്ധപ്പെട്ട് വഞ്ചിസ്ക്വയറിൽ പോയി കന്ന്യാസ്ത്രികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെയാണ്, ലൂസി സിസ്റ്റർ അനുസരണക്കേടിൽപ്പെട്ട് മഹാപാപിയാകുന്നതും ആ പാപത്തിൻറെ ശിക്ഷയായി സ്വന്തം ഭവനത്തിൽ (മഠത്തിൽ) നിന്നും എന്നന്നേയ്ക്കുമായി പുറംതള്ളപ്പെട്ട അവസ്ഥയിൽ ഇന്ന് കാര്യങ്ങൾ എത്തിനിൽക്കുന്നതും.

ഇക്കഴിഞ്ഞ ദിവസം മാനന്തവാടി രൂപതയുടെ പിആർഒ-ആയ നോബിൾ പാറക്കൽ എന്ന ചെറുപ്പക്കാരനായ പട്ടക്കാരൻ സി. ലൂസിക്കെതിരെ ഇറക്കിയ വീഡിയോ നികൃഷ്ടവും നിന്ദ്യവുമാണ് എന്ന് പറയാതിരിക്കാൻ വയ്യ. കന്ന്യാസ്ത്രികളെയും സ്ത്രീത്വത്തെയും മുച്ചൂടും അപമാനിക്കുന്ന ആ വീഡിയോ അടുത്തകാലത്തായി ഗുണ്ടാ അഭിഷിക്തർ സഭയിൽ സുലഭമായി എന്നതിൻറെ തെളിവാണ്. 88 വയസുള്ള ഒരു വന്ദ്യ വൈദികനുമായി ഈയിടെ സംസാരിച്ചപ്പോൾ അദ്ദേഹം പറയുകയാണ് "ചാക്കോച്ചാ, വടവാതൂരുനിന്ന് കുറെ ഗുണ്ടാ അച്ചന്മാരെ ഇറക്കിവിടുന്നുണ്ട്" എന്ന്. 'കണ്ട ഇറച്ചിവെട്ടുകാരെൻറെയും ശവക്കുഴിവെട്ടുകാരൻറെയും മക്കൾ' എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ.

ആ പട്ടക്കാരൻറെ അമ്മയാകാൻ പ്രായമുള്ള നന്മനിറഞ്ഞ ആ സിസ്റ്ററെ ഇത്ര നിന്ദ്യമായ രീതിയിൽ അപമാനിക്കാൻ, വ്യക്തിഹത്യചെയ്യാൻ അയാളെ പ്രേരിപ്പിച്ച ഘടകം സഭാധികാരത്തിൻറെ തികഞ്ഞ ജീർണതയാണ്. ഫ്രാങ്കോയും റോബിനും സ്റ്റെഫിയുമെല്ലാം കടന്നുപോകുന്ന വഴിയെ അനേകർ കടന്നുപോകുന്നു എന്നതിൻറെ തെളിവാണ് കുറ്റക്കാരെ വെള്ളപൂശാൻ തത്രപ്പെടുന്നതും അതിനെതിരായി നീതിക്കുവേണ്ടി പൊരുതുന്ന നല്ല വിശ്വാസികളെയും വൈദികരെയും കന്ന്യാസ്ത്രികളെയും വിമതരും സഭാവിരുദ്ധരും

സഭയെ നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരും എന്നെല്ലാമായി മുദ്രകുത്തി ജനമധ്യത്തിൽ ആക്ഷേപിക്കുന്നതും. ആ പട്ടക്കാരനെ ലൂസി സിസ്റ്റർ ഒരുതരത്തിലും വേദനിപ്പിച്ചിട്ടില്ല; ഉപദ്രവിച്ചിട്ടില്ല. അപ്പോൾ ആ കന്ന്യാസ്‌ത്രിയെ 'കുമാരി ലൂസി' എന്നുവരെ വിളിച്ച് അപമാനിക്കുന്നത് അയാൾ ആയിരിക്കുന്ന സഭാധികാരത്തിനുവേണ്ടി മാത്രമാണെന്ന് വ്യക്തം.

മിമിക്രി ധ്യാനപ്രസംഗങ്ങൾകൊണ്ട് കൈയ്യടി വാങ്ങിയ 'കാപ്പിപ്പൊടി' അച്ചൻ (ഫാദർ ജോസഫ് പുത്തൻപുരക്കൽ) 'ജനകീയ കോടതി'യിൽ പറയുന്നത് ലൂസി സിസ്റ്റർ സിസ്റ്റത്തിൻറെ ഭാഗമായതിനാൽ ചിന്തിക്കാനുള്ള സ്വാതന്ത്ര്യമോ അവകാശമോ ഇല്ലാതെ അടിമയായി മഠത്തിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളണമെന്നാണ്. 'സിസ്റ്ററെ എമ്പണ്ടേ പുറത്താക്കേണ്ടതായിരുന്നു', 'സഭയെ തെറിപറയുന്നവർ', 'സിസ്റ്റത്തെ എന്തിന് ചൊറിയുന്നു', 'ഏതു പോപ്പുപറഞ്ഞാലും', 'ചാനലിൽ അലക്കണ്ടാത്ത രഹസ്യം' തുടങ്ങിയ അച്ചൻറെ അഭിപ്രായങ്ങൾ നിർഭാഗ്യകരമായിപ്പോയി. സിസ്റ്റത്തെ തിരുത്താൻ സംവിധാനത്തിൻറെ അകത്തു സാധിക്കുമെന്നാണ് അച്ചൻ പറയുന്നത്. ഫ്രാങ്കോ, റോബിൻ, കൊക്കൻ, സോണി തുടങ്ങിയവരുടെ ലൈംഗിക വിഷയങ്ങളിലും പീലിയാനിക്കൽ, ആലഞ്ചേരി, ജോസഫ് പാംപ്ലാനി തുടങ്ങിയവരുടെ സാമ്പത്തിക തട്ടിപ്പു വിഷയങ്ങളിലും സിസ്റ്റത്തിൽ എന്ത് തിരുത്തലാണ് വരുത്തിയതെന്ന് പുത്തൻപുരക്കലച്ചൻ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ആ ക്രിമിനൽസുകളെ മുഴുവൻ ദൈവജനത്തിൻറെ നേർച്ചപ്പണം മുടക്കി സഭാധികാരം ഇന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സിസ്റ്റത്തിലെ കുഴപ്പംകൊണ്ടാണ് പുത്തൻപുര അച്ചനും ഈ വിമത ചിന്താഗതിയുടെ അടിമയായിത്തീർന്നത്. സന്ന്യാസ/വൈദിക പരിശീലനം കാലോചിതമായി നവീകരിക്കണം എന്നതിലേക്കാണ് ആനുകാലിക സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

മഠത്തിൻറെ ആനവാതിലിലൂടെ അനേകം കന്ന്യാസ്ത്രികൾ ഇനിയും പുറംചാടും. ആ വാതിലിലൂടെ പെൺകുട്ടികൾ ഇനി അകത്തേയ്ക്ക് കടക്കുകയുമില്ല. കന്ന്യാസ്ത്രികളുടെ ഇടയിൽ "മീ റ്റൂ" മൂവ്മെൻറും കൂടി ആയാൽ എല്ലാം ശരിയായി. ഇപ്പോഴത്തെ മെത്രാൻ സംഘം എല്ലാം ശരിയാക്കും.

ജീവിതത്തിൻറെ അധികകാലം മഠത്തിലെ അംഗമായി കഴിഞ്ഞ, മഠത്തിനുവേണ്ടി വേലചെയ്‌ത സിസ്റ്ററിന് വിശ്രമം ആവശ്യമായ സമയത്ത് 84 വയസുള്ള അമ്മയോട് മകൾ അനുസരണക്കേടു കാണിക്കുന്നവളാകയാൽ കാരയ്ക്കാമലയിലെ മഠത്തിൽവന്ന് മകളെ കൂട്ടിക്കൊണ്ടുപോകണമെന്നു പറഞ്ഞെഴുതിയ കത്ത് ഒരു സാധാരണ വിശ്വാസിക്ക് മനസ്സിലാക്കാൻ കഴിയാത്തവിധത്തിലുള്ള ഒന്നാണ്. മഠത്തിൽനിന്നും പറഞ്ഞുവിടുക, അതും 40 വർഷത്തോളം കന്ന്യാസ്ത്രീമഠത്തിൽ ജീവിച്ച ഒരു സ്ത്രീയെ മഠമിറക്കിവിടുക സമൂഹമധ്യത്തിൽ ആ കുടുംബത്തിനും ആ അമ്മയ്ക്കുമുണ്ടാകുന്ന വേദന മഠം അധികാരികൾക്ക് മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നതും മനസ്സിലായാൽത്തന്നെ അതിനെ അവഗണിക്കുന്നതും അഹങ്കാരം കൊണ്ടുമാത്രമല്ലേ! അവർക്കെന്തും ചെയ്യാം എന്ന ധിക്കാര മനോഭാവമല്ലേ!!

പൊതുസമൂഹത്തിൻറെ മുമ്പിൽ അപമാനിച്ച്, വ്യക്തിഹത്യനടത്തി അവർക്ക് അർഹതയുള്ള വിഹിതം നൽകാതെ പൊതുവഴിയിലേയ്ക്ക് ഇറക്കിവിടുന്നത് സ്വാഭാവിക നീതിക്കുപോലും ചേരാത്ത നടപടിയാണ്. ഈ സഭ ഇത്രയും നാറിയത് അഭിഷിക്തരുടെ അഴിഞ്ഞാട്ടംകൊണ്ടാണ്. സീറോ മലബാർ സഭയേ, ലജ്ജിക്കൂ.

സഭാധികാരത്തിൻറെ ആ നെറികേട്, ധാർഷ്ട്യം എല്ലാം നാം മനസ്സിലാക്കണം. സീറോ മലബാർ സഭയിലെ നാറ്റിച്ച കേസുകളൊന്നും ‘അല്മായർ’ മുഖേന സംഭവിച്ചവയല്ല. അത് സഭയിലെ അഭിഷിക്തരുടെ കൊള്ളരുതാത്ത, അധാർമികമായ പ്രവർത്തികൾ മൂലമുണ്ടായതാണ്. ഇന്നിതാ അല്മായർതന്നെ രണ്ട് ചേരിയിലാകുന്നു. ഈ സഭാധികാരം സഭയെ നശിപ്പിക്കുന്നു. വിശ്വാസികൾ കള്ളനാണയങ്ങളായ ആ വെള്ളക്കുപ്പായക്കാരുടെ അടിമകളാകാതെ, സത്യത്തെ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി കുറവിലങ്ങാട്ടെ കന്ന്യാസ്ത്രികളോടും ലിസി വടക്കേൽ, ലൂസി കളപ്പുര എന്നീ കന്ന്യാസ്ത്രികളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കണം. അവരെ എല്ലാവിധേനയും സഹായിക്കാൻ അവരുടെ സഹോദരർ എന്ന നിലയ്ക്ക് നമുക്ക് കടമയുണ്ട്. ആല്മായർ നിഷ്ക്രിയരായ വെറും അടിമകളാണ്, അവർ ചെറുവിരൽപോലും അനക്കില്ല, പ്രതികരിക്കാൻ അവർ ധൈര്യപ്പെടുകയില്ല എന്നും മറ്റുമുള്ള അഹങ്കാരികളും ദുർനടപ്പുകാരും ധൂർത്തരുമായ സഭാധികാരികളുടെ ധാരണയെ തിരുത്താൻ ഉചിതമായ കാലാവസ്ഥയാണ് ഇന്ന് സഭയിലുള്ളത്.

ക്രിസ്ത്യാനി, നിനക്കതിന് ബാധ്യതയുണ്ട്. കാരണം 40 വർഷത്തോളം മഠത്തിൽ ജീവിച്ച ആ സ്ത്രീയെ മഠത്തിൻറെ ആനവാതിലിലൂടെ പെരുവഴിയിലേയ്ക്ക് തള്ളിവിടുന്ന അധർമത്തെ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ നോക്കിയിരിക്കാൻ കഴിയും?

ഈ സഭയിലെ ഉള്ളറകളിൽ നടക്കുന്ന തേങ്ങലുകൾ, വിലാപങ്ങൾ, നിലവിളികൾ നാം കേൾക്കണം. കിണറ്റിലും വാട്ടർ ടാങ്കിലും ജീവിതം അവസാനിക്കുന്ന നമ്മുടെ സഹോദരികളുടെ രക്തത്തിൻറെ വില നാം മനസ്സിലാക്കുന്നില്ലായെങ്കിൽ എങ്ങനെയാണ് ക്രിസ്‌തുവിൻറെ അനുയായികളാണെന്ന് നമുക്ക് പറഞ്ഞുനടക്കാൻ സാധിക്കുക? ലൂസി സിസ്റ്ററോട് സഭ കാണിച്ച അനീതിക്കെതിരെ ശബ്ദമുയർത്താൻ നമ്മുടെ നാവ് ഒരുവട്ടമെങ്കിലും ഉയരുന്നില്ലായെങ്കിൽ അത് നമ്മുടെ മനഃസാക്ഷിയോടു ചെയ്യുന്ന വഞ്ചനയാണ്. സഹോദരീസഹോദരങ്ങളേ, നിങ്ങൾ ഉറക്കം നടിച്ച് കിടക്കരുത്. കർത്താവ് പറഞ്ഞതുപോലെ ഉണർന്നിരിക്കേണ്ട സമയമാണിത്.

കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരിയിൽ ജനിച്ച സിസ്റ്റർ ലൂസി മൂന്ന്‌ പതിറ്റാണ്ടുകളുടെമേൽ കേരളത്തിലെ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് സന്ന്യാസിനീസമൂഹത്തിലെ അംഗമായി സന്ന്യസ്തജീവിതം നയിക്കുന്നു. ഗണിതശാസ്ത്രത്തിൽ ഡിഗ്രി എടുത്തശേഷം ബിഎഡ് പാസായി. മാനന്തവാടി താലൂക്കിലെ SHHSS DWARAKA - സ്ക്കൂളിലെ അധ്യാപികയാണിപ്പോൾ.

കേരളസഭയിൽ കന്ന്യാസ്ത്രികളുടെ എണ്ണം കുത്തനേകുറയുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരു കാലത്ത് നമ്മുടെ ഇടവകകളിൽ നിറസാന്നിദ്ധ്യമായിരുന്ന സന്ന്യാസിനിമാരുടെ ഇപ്പോഴുള്ള വരൾച്ചയ്ക്ക് ഒരു കൂട്ടർ നിരത്തുന്ന കാരണങ്ങൾ കുട്ടികളുടെ എണ്ണക്കുറവ്, വർദ്ധിച്ചുവരുന്ന ജോലിസാധ്യതകൾ, സ്ത്രീവിമോചനം, സാമ്പത്തിക ഭദ്രതമൂലമുള്ള സുഖജീവിതം, ആധ്യാത്മിക പാപ്പരത്തം മുതലായവയാണ്‌. സത്യത്തിൽ യഥാർത്ഥ കാരണങ്ങൾ മേല്പറഞ്ഞവകളൊക്കെയാണോ? അടുത്ത ദിവസത്തിൽ ഫ്രാൻസിസ് പാപ്പ ദുഖത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞതാണ് കന്ന്യാസ്ത്രികൾ മെത്രാന്മാരുടെയും പുരോഹിതരുടെയും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെന്ന്. പുരോഹിതരുടെ വസ്ത്രം അലക്കാനും അവർക്ക് ഭക്ഷണം പാകം ചെയ്തു നൽകാനും സന്ന്യാസിനികൾ നിർബന്ധിതരാകുന്നു എന്നകാര്യം മാർ

വിതയത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. 'മഠംചാടികൾ' എന്ന് നാം വിളിച്ചാക്ഷേപിക്കുന്ന നമ്മുടെ സഹോദരികളായ, മക്കളായ എത്ര കന്ന്യാസ്ത്രികളാണ്, അവർ അനുഭവിച്ച ലൈംഗിക ചൂഷണത്തെയും മാനസിക പീഡനങ്ങളെയും മനോരോഗികളാക്കുന്ന വിധങ്ങളെയും അടിമപ്പണി ചെയ്യിപ്പിക്കുന്നതുമെല്ലാം അവരുടെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുള്ളത്. ധനാർത്തിപൂണ്ട സഭാനേതൃത്വവും സന്ന്യാസസമൂഹവും വിദ്യാഭ്യാസ/ആതുര/ആശുപത്രി മേഖലകൾ പണം കൊയ്യാനുള്ള വേദികളാക്കി. സന്ന്യാസിനി സഭകളുടെ സാമ്പത്തികലക്ഷ്യം യേശുവിനെതിരായ സാക്ഷ്യമായി മാറി. ആത്മീയ ചൈതന്ന്യം നഷ്ടപ്പെട്ട സന്ന്യാസിനി സഭകളിൽ സമ്പൂർണ അരാജകത്വം നടക്കും. മനസാക്ഷിയുള്ള ഒരു സഹോദരിക്ക് മഠം ദുസ്സഹമാകും. സന്ന്യാസിനി സഭകളിലെ അഴിമതിയും അരാജകത്വവും ചോദ്യംചെയ്ത് മഠത്തിൻറെ പടിയിറങ്ങിയ കന്ന്യാസ്ത്രികൾ അനേകർ ഉണ്ട്. എന്നാൽ മഠം ചാടിയാൽ കുടുംബവും സമൂഹവും അവരെ കൈവെടിയും. സഭ അങ്ങേയറ്റംവരെ അവരെ പലവിധ ദ്രോഹങ്ങൾകൊണ്ട് പീഡിപ്പിക്കും. അവരുടെ മുക്തി കിണറ്റിലോ ടാങ്കിലോ ആയിരിക്കാം. അടുത്തകാലത്ത് നിരവധി കന്ന്യാസ്ത്രികളാണ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചതും മഠം വിട്ടിറങ്ങിയതും!

ഞാറയ്ക്കൽ ചെറുപുഷ്പം മഠത്തിൽ അവിടെത്തെ വികാരിയും കൊച്ചച്ചനും ഗുണ്ടാകളും ചേർന്ന് കന്ന്യാസ്ത്രികളെ ക്രൂരമായി മർദ്ദിച്ചത്‌ കന്ന്യാസ്ത്രികളുടെ സ്കൂൾ തട്ടിയെടുക്കാൻവേണ്ടി മാത്രമായിരുന്നു. രാഷ്ട്രീയ സ്വാധീനവും പണവുംകൊണ്ട് ആരെയും കൈക്കലാക്കി കാര്യം കാണുന്നത് സഭയുടെ ചീഞ്ഞഴിയലാണ്. ചിന്താസ്വാതന്ത്ര്യംപോലും നിഷേധിച്ച് നൂറായിരം വിലക്കുകളുടെ വേലിക്കെട്ടിനുള്ളിൽ കഴിയുന്ന കന്ന്യാസ്ത്രി ജീവിതത്തിൻറെ സങ്കീർണതകൾ നാം ഊഹിക്കുന്നതിലും വലുതാണ്. വ്രതാനുഷ്ഠാനം, ആധ്യാത്‌മികത, ഭരണസംവിധാനം, ജീവിതചര്യ, ലോകവീക്ഷണം, വർഗ/ലിംഗ വിവേചനം, അഴിമതി, സ്വജനപക്ഷപാതം, തേങ്ങലുകൾ, വിങ്ങലുകൾ, പുരുഷമേധാവിത്വം, ലൈംഗികത, കീഴടങ്ങൽ, അരാജകത്വം, പീഡനം, എല്ലാം കന്ന്യാസ്ത്രി ജീവിതത്തിൻറെ ഭാഗമാണ്. ആദർശമുള്ള ഒരു കന്ന്യാസ്ത്രിയ്ക്ക് മഠത്തിലെ കൂട്ടായ്‍മയിൽ സ്ഥാനമുണ്ടായിരിക്കുകയില്ല. ലൂസി സിസ്റ്ററിനും അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ജീവൻ/മരണ പോരാട്ടത്തിനിടയിലും ഊർജസ്വലതയും ധൈര്യവും പുഞ്ചിരിയും

കൈവെടിയാതെ കന്ന്യാസ്ത്രികൾക്കും മനുഷ്യാവകാശമുണ്ട് എന്ന് തെളിയിക്കാൻ പോരാടുന്ന സിസ്റ്റർ ലൂസിയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു.

No comments:

Post a Comment