അന്വേഷണ സംഘത്തലവനായ വൈദികന്‍ ഫാ.ബെന്നി മാരാംപറമ്പില്‍
വേട്ടയാടപ്പെടുന്നുവോ? കര്‍ദിനാള്‍
നിയോഗിച്ച കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗം 'മംഗളം ഓണ്‍ലൈന്‍' പുറത്തുവിടുന്നു.
for more details visit
2017 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം അതിരൂപതയ്ക്ക് 8.26 കോടി രൂപ ബാങ്ക് വായ്പയും അതിരൂപതാ
സ്ഥാപനങ്ങളില്‍ നിന്നും 7.57 കോടി രൂപ വായ്പയും ഉണ്ടായിരുന്നു. 2017 നവംബറിലെ കണക്കുപ്രകാരം ഇത് 86.38 കോടി രൂപയായി ഉയര്‍ന്നു. ചുരുക്കത്തില്‍, കടംവീട്ടാന്‍ നടത്തിയ ഭൂമി ഇടപാടുകള്‍
അതിരൂപതയെ അതിഭീമമായ കടത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കണ്ടെത്തല്‍. വത്തിക്കാന്‍
നിര്‍ദേശപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റ ശേഷം അതിരൂപതയിലെ 13 ഏക്കറോളം ഭൂമി വിറ്റാണ് ഇതില്‍ 65 കോടിയോളം കടംവീട്ടിയത്.
2014 ഏപ്രില്‍ 1 മുതല്‍ 2017 നവംബര്‍ 29 വരെ അതിരൂപതയില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ഭൂമി ക്രമവിക്രയങ്ങളും പഠിച്ച് അതിന്റെ പോരായ്മകളും വീഴ്ചകളും കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനുമായി 2017 നവംബര്‍ 29നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫാ.ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ ആറംഗ സമിതിയെ നിയോഗിച്ചത്. ഫാ.ബെന്നി കണ്‍വീനറും ഫാ.ലൂക്കോസ് കുന്നത്തൂര്‍, ഫാ.ജോസഫ് കൊടിയന്‍, തഹസീല്‍ദാര്‍ ആയ എ.ജെ തോമസ് പുത്തന്‍പള്ളി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജോണി പള്ളിവാതുക്കല്‍, നിയമവിദഗ്ധന്‍ അഡ്വ.ഏബ്രഹാം പി.ജോര്‍ജ് എന്നിവര്‍ അടങ്ങിയതായിരുന്നു ഈ കമ്മിറ്റി.
ഈ കാലയളവില്‍ അതിരൂപത വാങ്ങിയതും അന്യാധീനപ്പെടുത്തിയതുമായി രേഖകള്‍ ലഭിച്ച സ്ഥലങ്ങള്‍ കമ്മിറ്റി സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിരിക്കുന്നതെന്ന് റിപ്പോര്‍ട്ടിന്റെ അവകാശപ്പെടുന്നു. ഇടപാടില്‍ നടന്ന കാനോന്‍ നിയമലംഘനങ്ങളും സിവില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫിനാന്‍സ് സമിതി വില്‍ക്കാന്‍ തീരുമാനിച്ച സ്ഥലങ്ങള്‍ക്ക് പകരം മറ്റ് സ്ഥലങ്ങള്‍ 36 ആധാരങ്ങളായി വിറ്റു, വില്‍പ്പനയ്ക്ക് അനുമതി ലഭിക്കും മുന്‍പേ വില്‍പ്പനയ്ക്ക് തീരുമാനമെടുത്ത് ഫിനാന്‍സ് ഓഫീസറെ ചുമതലപ്പെടുത്തി. അതുവഴി ആലോചന സമിതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങി ഒരുപിടി പിഴവുകളാണ് അന്വേഷണ കമ്മീഷന്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
2017 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം അതിരൂപതയ്ക്ക് 8.26 കോടി രൂപ ബാങ്ക് വായ്പയും അതിരൂപതാ സ്ഥാപനങ്ങളില്‍ നിന്നും 7.57 കോടി രൂപ വായ്പയും ഉണ്ടായിരുന്നു. 2017 നവംബറിലെ കണക്കുപ്രകാരം ഇത് 86.38 കോടി രൂപയായി ഉയര്‍ന്നു. ചുരുക്കത്തില്‍, കടംവീട്ടാന്‍ നടത്തിയ ഭൂമി ഇടപാടുകള്‍ അതിരൂപതയെ അതിഭീമമായ കടത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കണ്ടെത്തല്‍. വത്തിക്കാന്‍ നിര്‍ദേശപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റ ശേഷം അതിരൂപതയിലെ 13 ഏക്കറോളം ഭൂമി വിറ്റാണ് ഇതില്‍ 65 കോടിയോളം കടംവീട്ടിയത്.
ഭൂമി വില്പനയില്‍ സംഭവിച്ച പിഴവുകള്‍:
-കാനോന്‍ നിയമ ലംഘനങ്ങള്‍
1.ഭൂമി വില്പനയില്‍ ഫിനാന്‍സ് സമിതി തീരുമാനിച്ച സ്ഥലങ്ങള്‍ക്ക് പകരം മറ്റു സ്ഥലങ്ങള്‍ 36 ആധാരങ്ങളായി വിറ്റുവെന്നും അതുവഴി കാനോന്‍ നിയമം 271, വ്യക്തിനിയമം 214, അതിരൂപത നിയമസംഹിത 123 എന്നിവ ലംഘിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് വിശ്വാസ വഞ്ചനയും കുറ്റകരമായ ഉത്തരവാദിത്തലംഘനവുമാണ്. ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി വ്യാജരേഖ ചമച്ച് രജിസ്ട്രാര്‍ക്ക് മുമ്പില്‍ ഹാജരാക്കിയിട്ടുണ്ടാകുമെന്നും കമ്മീഷന്‍ അനുമാനിക്കുന്നു.
2. 2016 ജൂലൈ 6ന് ചേര്‍ന്ന ആലോചനസമിതി സ്ഥലവില്പനയ്ക്ക് അനുമതി നല്‍കി. സെന്റിന് ശരാശരി 9 ലക്ഷം രൂപയാണ് നിശ്ചയിച്ചത്. എന്നാല്‍ ഈ തീരുമാനം വരുന്നതിനു മുന്‍പ്തന്നെ കൂരിയ തീരുമാനം 2016 ജൂണ്‍ 15ന് എടുക്കുകയും സ്ഥലവില്‍പ്പനയ്ക്ക് ഫിനാന്‍സ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. 2016 ജൂണ്‍ 21 ഫിനാന്‍സ് ഓഫീസര്‍ അജാസ് എന്‍.എസ്, വീക്കേ ബില്‍ഡേഴ്‌സ്, കാക്കനാട് എന്ന വ്യക്തിക്ക് സ്ഥലവില്‍പ്പനയ്ക്കുള്ള ഓഫര്‍ ലെറ്റര്‍ നല്കി. അതായത് വില്‍പ്പനയുടെ തീരുമാനം എടുത്ത് വേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്തശേഷം ആലോചനസമിതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
3. ഭൂമിയുടെ വില നിര്‍ണ്ണയിച്ചതിന്റെ അടിസ്ഥാന മാനദണ്ഡമെന്തെന്ന് കമ്മറ്റിക്ക് വ്യക്തമായിട്ടില്ല. ഇതിന് രേഖകള്‍ ഇല്ല. ആവശ്യമായ പഠനമോ മുന്നൊരുക്കങ്ങളോ നടത്തായിട്ടില്ലെന്നും ഫിനാന്‍സ് കൗണ്‍സിലില്‍ ഭൂമിയുടെ വിലയെപറ്റി ആലോചനയോ നടത്തിയിട്ടില്ലെന്നും കമ്മിറ്റി വിലയിരുത്തുന്നു.
4.കാനോന്‍ നിയമം 1035/2 പ്രകാരം ഭൂമി വില്ക്കുന്നതിനു മുമ്പായി ഒരു വിദഗ്ധ സമിതിയുടെ വില നിര്‍ണ്ണയ റിപ്പോര്‍ട്ട് പ്രത്യേകം ലഭ്യമാക്കേണ്ടതും അതിന്റെ അടിസ്ഥാനത്തില്‍ വില നിര്‍ണ്ണയിക്കേണ്ടതുമാണ്. ഈ നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു.
5. സിറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം 214 പ്രകാരം 25 കോടിക്കും 50 കോടിക്കും ഇടയില്‍ മൂല്യമുള്ള വസ്തു വില്‍ക്കാനും വാങ്ങാനും അതാതു രൂപത/അതിരുപതാ സമിതികളുടെ തീരുമാനത്തിനു പുറമേ പെര്‍മനന്റ് സിനഡിന്റെ അനുമതിയോടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനും 50 കോടിക്ക് മുകളിലുള്ള വിറ്റഴിക്കലുകള്‍ക്ക് മെത്രാന്‍ സിനഡിന്റെ സമ്മതത്തോടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനും അനുവാദം നല്‍കാവുന്നതാണ്. സ്ഥലവില്‍പ്പന 28 കോടിയുടെ അടുത്ത് വരുമെന്നതിനാല്‍ പെര്‍മനന്റ് സിനഡിന്‍െ.റ അനുവാദം 214ാം നിയമപ്രകാരം വാങ്ങേണ്ടതായിരുന്നു. ഈ പ്രത്യേക നിയമത്തില്‍ ഒപ്പുവച്ച് പ്രാബല്യത്തിലാക്കിയ മേജര്‍ ആര്‍ച്ച്ബിഷപ്പ് തന്നെ ഈ നിയമം ലംഘിച്ചിരിക്കുന്നു.
-സിവില്‍ നിയമലംഘനങ്ങള്‍:
1. വീക്കേ ബില്‍ഡേഴ്‌സ് അജാസ് എന്‍.എസിനെ സ്ഥലം വില്‍ക്കാന്‍ ഏല്പിച്ചത് റിയല്‍ എസ്‌റ്റേറ്റുകാരുമായുള്ള വഴിവിട്ടബന്ധം വ്യക്തമാക്കുന്നു. അതിരുപത പ്രസിദ്ധീകരണങ്ങളില്‍ പോലും പരസ്യം നല്‍കുകയും അതിരൂപതാ സ്ഥപനങ്ങളെയോ, മറ്റു അംഗങ്ങളെയോ വില്പന വിവരം അറിയിക്കുകയോ ചെയ്തിട്ടില്ല. ഈ നിഗൂഢത സംശയം ജനിപ്പിക്കുന്നു.
2. സാജു വര്‍ഗീസ് കുന്നേല്‍ എന്ന ബ്രോക്കര്‍ എല്ലാ ഭൂമി ഇടപാടുകളിലും ഉണ്ടായിരുന്ന വ്യക്തിയാണ്. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെയും ഫിനാന്‍സ് ഓഫീസറുടെയും അടുത്ത സുഹൃത്താണിദ്ദേഹം. ഭാരതമാതാ കോളജിന് എതിര്‍വശമുള്ള 60 സെന്റ് ഭൂമി വിലയൊന്നും ബാങ്കില്‍ അടക്കാതെ ഇദ്ദേഹം രജിസ്റ്റര്‍ ചെയ്തു സ്വന്തമാക്കി. ഇതുപോലുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ അതിരൂപതയ്ക്ക് ധനനഷ്ടവും മാനനഷ്ടവും ഉണ്ടാക്കി.
3.കരുണാലയത്തിന് സമീപമുള്ള ഭൂമി 2007ല്‍ അലക്‌സിയന്‍ ബ്രദേഴ്‌സ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സൗജന്യമായി നല്കിയതാണ്. അത് ലാഭകച്ചവടം ലക്ഷ്യമാക്കി ആയിരുന്നില്ല ഏല്പിക്കപ്പെട്ടത്. അത് ഇപ്രകാരം വിറ്റഴിച്ചത് തെറ്റാണ്.
4. ആധാരപ്രകാരം 36 പ്ലോട്ടുകള്‍ക്ക് ആകെ 13.52 കോടി രൂപയാണ് കിട്ടുന്നത്. എന്നാല്‍ കൂരിയയുടെ തീരുമാനം അനുസരിച്ച് ഒരു സെന്റിന് ചുരുങ്ങിയത് 9.05 ലക്ഷം രൂപ വിലകിട്ടണം. ബാക്കി 13.62 കോടി രൂപ എങ്ങനെ കൈപ്പറ്റും? ഇത് കള്ളപ്പണത്തിന്റെ് പരിധിയില്‍ പെടില്ലേ? ഇന്‍കം ടാക്‌സ് ആക്ട് 1961 സെക്ഷന്‍ 271 ഡി ആന്റ് 269 എസ്.എസ് പ്രകാരം ഇത് കുറ്റകരമാണ്.
5. 27.15 കോടി വിലയായി കിട്ടണമെന്നിരിക്കേ 9.13 കോടി മാത്രം കൈപ്പറ്റി സ്ഥലം മുഴുവന്‍ രജിസ്റ്റര്‍ ചെയ്തു നല്കിയത് ഗൗരവമായ വീഴ്ചയാണ്. സഭാവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ക്കുണ്ടായ ഗൗരവകരമായ വീഴ്ചയിലേക്ക് ഇതുവിരല്‍ ചൂണ്ടുന്നു.
6. സ്ഥലവില്‍പ്പനയില്‍ വലിയ തുകകള്‍ (1,16,30,800) പണമായി സ്വീകരിച്ചുവെന്ന് കാണുന്നു. 20,000 രൂപയില്‍ കൂടുതല്‍ തുക പണമായി കൈപ്പറ്റുന്നത് നിയമവിരുദ്ധമാണ്.
7. 9.13 സ്ഥലവിലയായി കൈപ്പറ്റിയെങ്കിലും തുകയൊന്നും ഇതുവരെ ലോണ്‍ അക്കൗണ്ടില്‍ അടച്ചിട്ടില്ല.
അതിരൂപത വാങ്ങിയ ഭൂമിയുടെ പേരില്‍ നടന്ന ഇടപാടുകളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് വേണ്ടി മറ്റൂരില്‍ 23.22 ഏക്കര്‍ ഭൂമി 2015 ഏപ്രില്‍ 30നും മെയ് 29നും ഇടയിലായി അതിരൂപതയ്ക്കു വേണ്ടി വാങ്ങി. 55.42 കോടി രൂപ വിലയായും ടാക്‌സ്, ഡ്യൂട്ടി ഉള്‍പ്പെടെ ആകെ 58.78 കോടി രൂപ ചെലവായി. ഇതില്‍ 4 കോടി രൂപ മുന്‍കൂറായി നല്‍കി. 58.2 കോടി രുപ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഇടപാടിനായി വായ്പ എടുത്തു. എന്നാല്‍ ഈ സ്ഥലം വാങ്ങുന്ന വിവരം ആലോചനാ സമിതിയില്‍ ചര്‍ച്ച ചെയ്യാതെയായിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
വേണ്ടത്ര ആലോചന കൂടാതെയുള്ള ഭൂമി വാങ്ങല്‍ കാനോന്‍ 271ന്റെയും പര്‍ട്ടിക്യൂലര്‍ നിയമം 274ന്റെയും അതിരുപത നിയമസംഹിത 123ന്റെയും ലംഘനമാണ്. കാനന്‍ നിയമം 1035-42, സഭാ നിയമം 124 എന്നിവയനുസരിച്ച് 50 കോടിക്ക് മുകളിലുള്ള വില്‍ക്കല്‍-വാങ്ങല്‍-വായ്പ എടുക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് അതിരൂപതാ ഭരണസമിതിയുടെ അനുവാദത്തിന് പുറമേ സഭയിലെ മെത്രാന്‍ സിനഡിന്റെ അനുവാദവും ആവശ്യമാണ്. ഈ സഭാ നിയമങ്ങള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു.
മെഡിക്കല്‍ കോളജ് പദ്ധതി തുടങ്ങുന്നതിനു മുന്‍പ് ഇതിനെപ്പറ്റി വിദഗ്ധപഠനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നും മറ്റു കത്തോലിക്കാ മെഡിക്കല്‍ കോളജുകളില്‍ നിന്നും അഭിപ്രായം തേടിയിട്ടുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ഡിസംബര്‍ 16ന് കൗണ്‍സിലില്‍ മറ്റൂര്‍ ഭൂമി വാങ്ങുന്നതിനെപറ്റി തീരുമാനിച്ചു. പക്ഷേ ഈ തീരുമാനത്തിന് രണ്ടു മാസങ്ങള്‍ക്കു മുന്‍പേ ഫിനാന്‍സ് ഓഫീസര്‍ നാലു കോടി പതിനായിരം രൂപ അഡ്വാന്‍സായി നല്‍കിക്കഴിഞ്ഞിരുന്നു. ഈ വിവരം ഫിനാന്‍സ് കൗണ്‍സിലില്‍ നിന്ന് മറച്ചുവച്ചു- റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലു കോടി പതിനായിരം രൂപ ഭൂമിക്ക് വേണ്ടി അഡ്വാന്‍സ് കൊടുത്തതായി കണക്കുണ്ടെങ്കിലും വില്‍പ്പനയുടെ കരാറുകള്‍ ഒന്നും ലഭ്യമായിട്ടില്ല. ഒരു കരാര്‍ പോലുമില്ലാതെയാണ് ഇത്രയും വലിയ തുകയുടെ ഇടപാട് നടന്നിരിക്കുന്നത്. മാത്രമല്ല , മുന്‍ ഫിനാന്‍സ് ഓഫീസറുടെ കാലത്ത് സെന്റിന് രണ്ടു ലക്ഷത്തിന് നല്‍കാമെന്ന് ഏറ്റ ഭൂമി 2.39 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടത്തിയ ഫിനാന്‍സ് ഓഫീസര്‍ വാങ്ങിയിരിക്കുന്നത്. ഇതുവഴി അതിരൂപതയ്ക്ക് 9 കോടി രൂപയോളം അധിക ചെലവുണ്ടായി.
ഗുരുതരമായ മറ്റൊരു കണ്ടെത്തലും കമ്മീഷന്‍ നടത്തിയിട്ടുണ്ട്. മറ്റൂരില്‍ വാങ്ങിയ ഭൂമിയുടെ അതിരില്‍ ഒരു വലിയ മെറ്റല്‍ ക്രഷര്‍, മൂന്ന് അരിമില്ലുകള്‍, ഒരു പെയിന്റ് കമ്പനി, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് ഈ സ്ഥലം ആശുപത്രിക്കോ മെഡിക്കല്‍ കോളജിനോ യോജിച്ചതല്ല. മാത്രമല്ല, തുറവൂര്‍ വില്ലേജിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും മറ്റൂര്‍ സ്ഥലത്തിനു നടുവില്‍ 43.24 സെന്റ് പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഭൂമി വാങ്ങിയതിനു പിന്നാലെ അവിടെയുണ്ടായിരുന്ന മൂവായിരത്തിലധികം വരുന്ന റബര്‍ മരങ്ങള്‍ തിരക്കിട്ട് മുറിച്ചുമാറ്റി.
ദേവികുളത്തേയും കോട്ടപ്പടിയിലേയും ഭൂമി വാങ്ങലുകള്‍
2017 ഫെബ്രുവരി 22ന് മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പേരില്‍ അതിരൂപതയ്ക്ക് വേണ്ടി ദേവികുളം താലൂക്ക് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഭൂമി 1.6 കോടി വിലയില്‍ വാങ്ങുകയുണ്ടായി. അതിരൂപത അക്കൗണ്ട് പ്രകാരം 25 ലക്ഷം രൂപ ഇതിനു വേണ്ടി അതിരുപത ചെലവ് ചെയ്തിട്ടുണ്ട്. 2017 ഏപ്രില്‍ 7ന് കോതമംഗലം താലൂക്ക് കോട്ടപ്പടി വില്ലേജില്‍ മുട്ടത്തുപാറയില്‍ 25 ഏക്കര്‍ റബര്‍ തോട്ടം 6.6 കോടി രുപ ആധാരപ്രകാരവും 9.385 കോടി രുപ അതിനു പുറമേയും നല്കി അതിരൂപതയ്ക്കു വേണ്ടി മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനു വേണ്ടി അതിരൂപതയുടെ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഓഫീസ് (ഐക്കോ) മുഖാന്തിരം 10 കോടി രൂപ അനധികൃതമായി ബാങ്കുവയ്പ എടുത്തു ചെലവഴിച്ചു.
ഇത് ട്രസ്റ്റ് പ്രസിഡന്റ് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് അറിയാതെയും മോണ്‍.വടക്കുംപാടനും ഫാ.ജോഷി പുതുവയും നല്‍കിയ തെറ്റായ രേഖകളുടെ വെളിച്ചത്തിലുമാണെന്ന് കമ്മീഷന്റെ കണ്ടെത്തലുകളില്‍ പറയുന്നു. സഹായ മെത്രാന്മാരും കൂരിയ അംഗങ്ങളും ഇക്കാര്യത്തില്‍ അജ്ഞരായിരുന്നു.
അതിരൂപത ആലോചന സമിതികളിലും ഫിനാന്‍സ് കൗണ്‍സിലിലും ചര്‍ച്ച നടത്താതെയുള്ള ഈ ഭൂമി ഇടപാടുകള്‍ കാനോന്‍ നിയമത്തിന്റെയും പ്രത്യേക നിയമത്തിന്റെയും അതിരൂപത നിയമസംഹിതയുടെയും ലംഘനമാണെന്ന് പറയുന്നു. സഹായ മെത്രാന്മാരും കൂരിയ അംഗങ്ങളും അറിയാതെ അതീവ രഹസ്യമായി നടത്തിയ ഈ ഇടപാട് കാനോന്‍ 215ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനം സംഭവിച്ചിരിക്കുന്നതായും കമ്മീഷന്‍ പറയുന്നു.
മെത്രാന്‍, വൈദിക സമിതികളില്‍ ചര്‍ച്ച ചെയ്യാതെ നടത്തിയ ഭൂമി ഇടപാടില്‍ വിശ്വാസ വഞ്ചനയും സമിതികളെ തെറ്റിദ്ധതിപ്പിക്കലും അവഹേളിക്കലും നടന്നിരിക്കുന്നുവെന്നും കമ്മീഷന്‍ പറയുന്നു.
ദേവികുളം ഭൂമി ഇടപാടിന്റെ ആകെ ചെലവ് ആധാരപ്രകാരം 1.76 കോടി രൂപയാണ്. അതിരുപതയിലെ കണക്ക്പ്രകാരം 41 ലക്ഷം രൂപയാണ് ഇതിനു ചെലവാക്കിയിട്ടുള്ളത്. ബാക്കി തുക അക്കൗണ്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ദേവികുളം, കോട്ടപ്പടി സ്ഥലങ്ങളുടെ മുന്‍ ആധാരങ്ങളും മറ്റു രേഖകളും ലഭ്യമല്ല. സ്ഥലംവാങ്ങിയതിന്റെ കരാര്‍ പകര്‍പ്പും ലഭ്യമല്ല. ദേവികുളം ഭൂമിക്ക് പട്ടയമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.
സ്ഥലങ്ങള്‍ വാങ്ങി 10 മാസം കഴിഞ്ഞിട്ടും സ്ഥലങ്ങള്‍ കൈവശമാക്കുകയോ ആദായം എടുക്കുകയോ ചെയ്തിട്ടില്ല. ദേവികുളത്തെ ഭൂമി ഫിനാന്‍സ് ഓഫീസര്‍ കണ്ടിട്ടുപോലുമില്ല എന്നറിയിച്ചു. ഏലമലക്കാടായ ഇവിടെ മറ്റു കൃഷികള്‍ സാധ്യമല്ല. പാട്ടക്കാലാവധി തീര്‍ന്നിരിക്കുന്ന ഈ സ്ഥലം മറിച്ചുവില്‍ക്കുന്നതിനും തടസ്സങ്ങള്‍ ഏറെയുണ്ട്. ഇതെല്ലാം റിയല്‍എസ്‌റ്റേറ്റ് ഇടപാടിന്റെ തെളിവാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
അതിരൂപതയിലെ ഇടപാടുകളിലെല്ലാം റിയല്‍ എസ്‌റ്റേറ്റ് ബന്ധം നിഴലിച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിരൂപതയുടെ പേരില്‍ ബാങ്കില്‍ നിന്നും ആരുടെയെല്ലാം അക്കൗണ്ടില്‍ പണം പോയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു.
ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ട മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രോട്ടോ സിഞ്ചെലുസ് ആയിരുന്ന മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, സിഞ്ചെല്ലൂസുമാരായ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടന്‍, മോണ്‍.ആന്റണി നരികുളം, ഫിനാന്‍സ് ഓഫീസര്‍ ആയിരുന്ന ഫാ.ജോഷി പുതുവ എന്നിവരുടെ പങ്കിനെ കുറിച്ചും അന്വേഷണ കമ്മീഷന്‍ അക്കമിട്ട് നിരത്തുന്നു.
നിലവില്‍ കര്‍ദ്ദിനാള്‍ നിയോഗിച്ച ഫാ.ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മാത്രമാണ് പുറംലോകം കണ്ടിരിക്കുന്നത്. കഴിഞ്ഞ സിനഡില്‍ മാര്‍ മാത്യൂ മൂലേക്കാട്ടില്‍ അധ്യക്ഷനായ മെത്രാന്‍മാരുടെ ഉപസമിതിയും ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൂലേക്കാട്ടില്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഭൂമി ഇടപാടില്‍ വലിയ സാമ്പത്തിക നഷ്ടം വന്നുവെന്നാണെന്ന സൂചനകള്‍ മാത്രമാണ് പുറത്തുവന്നത്.
ഇതിനു ശേഷമാണ് രാജ്യാന്തര ഏജന്‍സിയായ കെ.പി.എം.ജി അന്വേഷണം നടത്തിയത്. ജോസഫ് ഇഞ്ചോടി കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അടക്കം മൂന്നു റിപ്പോര്‍ട്ടുകളാണ് വെളിച്ചം കാണാതിരിക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ കടത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാനുള്ള മര്യാദയാണ് സഭാ നേതൃത്വം കാണിക്കേണ്ടത്. സഭാ നിയമങ്ങളും രാജ്യത്തെ നിയമങ്ങളും ലംഘിച്ചുവെന്ന് പറയുന്ന ഈ ഇടപാടുകളിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി അരമന അറകളില്‍ വിശ്രമിക്കേണ്ടവയല്ല. ഈ സ്വത്തുവകകള്‍ ആര്‍ജിച്ചുനല്‍കിയ വിശ്വാസികള്‍ക്ക് അവ ലഭ്യമാക്കുകയാണ് സഭാനേതൃത്വം ചെയ്യേണ്ടത്. വത്തിക്കാന് സമര്‍പ്പിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഇനി കെ.പി.എം.ജി റിപ്പോര്‍ട്ടില്‍ രഹസ്യാത്മകത സൂക്ഷിക്കേണ്ട കാര്യവുമില്ല. വത്തിക്കാനോടല്ല, നെഞ്ചുപൊടിയുന്ന വിശ്വാസികളോടാണ് സഭാനേതൃത്വം അനുകമ്പ കാണിക്കേണ്ടത്. കാക്കനാട് നടക്കുന്ന സിനഡ് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടട്ടേ.
ആദ്യ അന്വേഷണ കമ്മീഷന്റെ കണ്‍വീനര്‍ ആയ ഫാ.ബെന്നി മാരാംപറമ്പില്‍ തന്റെ കണ്ടെത്തലുകളുടെ പേരില്‍ വേട്ടയാടപ്പെടുന്നുവെന്ന വിമര്‍ശനവും അതിരൂപതയില്‍ നിന്ന് ഉയരുന്നു. ചേര്‍ത്തല പാലൂത്തറ ഇടവകാംഗം. കറവീഴാത്ത വൈദിക ജീവിതം. ഭൂമി ഇടപാടില്‍ അതിരൂപതയ്ക്കു വേണ്ടി കര്‍ശന നിലപാട് എടുത്ത ഫാ.ബെന്നിയടക്കം ഏതാനും വൈദികരെ രേഖാ വിവാദത്തില്‍ ഉള്‍പ്പെടുത്തി പോലീസിനെ ഉപയോഗിച്ചു പീഡിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. ഞായറാഴ്ച മൗണ്ട് സെന്റ് തോമസിലേക്ക് പ്രകടമായി എത്തിയ അത്മായരുടെ സംഘം കൂരിയ ബിഷപ്പിനു മുന്നില്‍ നടത്തിയ രോഷപ്രകടനത്തില്‍ ചൂണ്ടിക്കാട്ടുന്നതും ഇതാണ്.
കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിനിറങ്ങിയതും കന്യാസ്ത്രീകള്‍ക്കു നീതിക്കു വേണ്ടി പ്രവര്‍ത്തിച്ചതുമാണ് സഭാ നേതൃത്വത്തെ ഇവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന വിമര്‍ശനവും അത്മായര്‍ ഉയര്‍ത്തുന്നു.
എന്തായാലും സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ഉന്നമനത്തിനായി കാക്കനാട് നടക്കുന്ന സിനഡ് ഈ മാസം 30ന് അവസാനിക്കുമ്പോള്‍ വിശ്വാസികളുടെ സംശയങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയും വച്ചുപുലര്‍ത്താം.
No comments:
Post a Comment