Translate

Thursday, August 1, 2019

ഒരു കൊച്ചു പ്രാർത്ഥന


ജോസഫ് മറ്റപ്പള്ളി

താരതമ്യേന കൂടുതൽപ്പേർ ഇഷ്ടപ്പെടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത ഒരു പോസ്റ്റായിരുന്നു 'മലയിലെ പ്രസംഗം'. എന്നോട് യോജിക്കാൻ താൽപ്പര്യമില്ലാതിരുന്നിട്ടും ബഹുമാനപൂർവ്വം അഭിപ്രായം പറഞ്ഞ എല്ലാവരോടും ഒത്തിരി നന്ദി - തെറ്റുകൾ ചൂണ്ടിക്കാണിച്ചവരോട് അതിലേറെ നന്ദി. ഇതുപോലുള്ള ഫോറമുകൾ ഉണ്ടെങ്കിലെ നമുക്കു വളരാനാകൂ. സഹിഷ്ണതയോടെ എല്ലാം കേൾക്കാനും ചോദ്യങ്ങൾ ചോദിക്കാനും കഴിയുന്നെങ്കിലെ ഒരുവൻ വളരുന്നുവെന്നും പറയാനാവൂ. ഞാനതുകൊണ്ട് ഉദ്ദേശിച്ചത്‌ ഒരു കാര്യം മാത്രം - കൺമുമ്പിലിരിക്കുന്ന സത്യം കാണാതെ അറക്കകത്തുള്ളതും നോക്കിയിരുന്നാൽ നിരാശരാവുകയേ ഉള്ളൂവെന്ന് പറയുക.
അന്ധമായിട്ടെന്തിനെയെങ്കിലും അനുകൂലിക്കുകയെന്നതോ പ്രതികൂലിക്കുകയെന്നതോ ആയിരിക്കരുത് നമ്മുടെ ലക്ഷ്യം. എല്ലാം കേട്ടിട്ടും മനസ്സിലാക്കിയിട്ടും വേണം നമുക്കഭിപ്രായം പറയാൻ. ഒരു കടുത്ത സീറോ വിശ്വാസിയോളം അന്ധൻ ഭൂമുഖത്തു വേറെ കാണില്ല, കാരണമവൻ ദീപികയും ഇടവക ബുള്ളറ്റിനും, രൂപതാ മാസികയും, നൊവേന പുസ്തകവുമല്ലാതെ യാതൊന്നും വായിക്കുന്നില്ല, മറ്റൊരു ചിന്തക്ക് ചെവി കൊടുക്കുന്നുമില്ല. അതുകൊണ്ടാണ് ഡാവിഞ്ചി കോഡ് വന്നപ്പോൾ വിറച്ചത്. യേശു കെട്ടിയെന്നു പറയുന്നവരുണ്ടാകും, ജാര സന്തതിയായിരുന്നെന്നു പറയുന്നവരുണ്ടാകും, ഉയർത്തെന്നു പറയുന്നവരുണ്ടാകും, ഇല്ലെന്നു പറയുന്നവരുണ്ടാകും - ഒരുത്തനും നമ്മെ അലോസരപ്പെടുത്താൻ സാധിക്കരുത്. നമുക്കും യേശുവിനുമിടയിൽ വചനങ്ങൾ മാത്രമേ കാണാവൂ. ബാക്കി ആരോപണങ്ങൾക്ക് യേശു മറുപടി പറഞ്ഞോളും. അതുപോലെ സദ്‌വചനങ്ങൾ പറഞ്ഞിട്ടുള്ള മാറ്റാരുമില്ലെന്നും നാമെന്തിനു വാശിപിടിക്കണം? എന്റെ ഗുരു വലിയവനായിരുന്നെന്നു മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിച്ചിട്ട് എനിക്കോ എന്റെ ഗുരുവിനോ ഒരു ചില്ലിപ്പൈസായുടെ പ്രയോജനമില്ലല്ലോ!
ഗുരു ഒരിക്കലും മരിക്കുന്നില്ല. എങ്ങിനെയാണു പ്രാർത്ഥിക്കേണ്ടതെന്ന് യേശു ഗുരു കാണിച്ചു തന്നു - അദ്ദേഹം നേരെ ഏകാന്തതയിലെ നിശ്ശബ്ദതയിലേക്കു നടന്നു - നാമാകട്ടെ ബഹളങ്ങളുടെയിടയിലേക്കും നടക്കുന്നു. പ്രാർത്ഥിക്കാൻ വേണ്ടി ഒരു നിമിഷം പോലും യേശു പള്ളിയിൽ പോയിട്ടില്ല. ഹൃദയം കൊണ്ട് മാത്രമേ നമുക്ക് പ്രാർത്ഥിക്കാൻ കഴിയൂ. ദൈവവുമായി ബന്ധപ്പെടാത്ത ഒരു നിമിഷം പോലും ഉണ്ടാവരുതെന്ന് ദൈവം ആഗ്രഹിക്കുന്നു.
സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയെപ്പറ്റി മാർട്ടിനച്ചൻ കഴിഞ്ഞയാഴ്ച്ച എഴുതിയിരുന്നു. എനിക്ക് തോന്നുന്നത് അതിലെ ഏറ്റവും അവസാനത്തെ ക്ളോസിലായിരുന്നു നാം ശ്രദ്ധ കൊടുക്കേണ്ടിയിരുന്നതെന്നാണ്. 'ഇഷ്ടങ്ങളെ' യേശു രണ്ടായി തിരിച്ചു - നമ്മുടെ ഇഷ്ടമെന്നും അവിടുത്തെ ഇഷ്ടമെന്നും. നാമെന്തു ചെയ്താലും - ചിന്തകൊണ്ടായാലും പ്രവർത്തികൊണ്ടായാലും അതു നമ്മുടെ കഴിവുകൊണ്ടല്ല സംഭവിക്കുന്നത്, പകരം അജ്ഞാതമായ ഒരു ശക്തി കൊണ്ടാണെന്നു നാമറിയുന്നെങ്കിൽ ഒരു നിഗമനവും കൂടി നാം എടുക്കണം - എന്ത് സംഭവിച്ചാലും പ്രവർത്തിക്കുന്നത് ദൈവമാണ്. നാം ആഗ്രഹിക്കുമ്പോഴേ കൈ നിവരുന്നതെങ്ങിനെയെന്ന് എത്രപേർക്കറിയാം? മനുഷ്യന് സർവ്വ സ്വാതന്ത്ര്യവും ദൈവം കൊടുത്തിരിക്കുന്നു - അതായത് അവനെന്തിശ്ചിച്ചാലും ദൈവം അത് നടപ്പാക്കിക്കൊടുക്കും - മറിച്ചൊരു ചോദ്യമില്ല!
യേശു പഠിപ്പിച്ച പ്രാർത്ഥന അങ്ങിനെയല്ല; 'അവിടുത്തെ ഇഷ്ട'മായിരിക്കട്ടെ എന്റെയും ഇഷ്ടമെന്നു പ്രാർത്ഥിക്കാനാണ്, അല്ലാതെ എന്റെ ഇഷ്ടം നടത്തിക്കൊണ്ടിരിക്കണേയെന്നല്ല. അതായത്, ദൈവത്തിന്റെ ഇഷ്ടം ഓരോ നിമിഷവും അറിയാനുള്ള കഴിവ് ഓരോ മനുഷ്യജീവിക്കും ഉണ്ടെന്നും അതു ഭൂമിയിൽ നിവൃത്തിയാക്കുകയാണ് ശരിയായ ജീവിതമെന്നും അങ്ങിനെ ചെയ്യാനുമാണ് യേശു പറഞ്ഞത്.
സഭയും വ്യക്തികളും സംഘർഷങ്ങളിലൂടെ കടന്നു പോവുന്നു. "എന്താണു ചെയ്യേണ്ടതെന്ന് ഞാൻ പറയാം - ദൈവത്തോട് ചോദിക്കേണ്ട താമസമേയുള്ളല്ലോ," എന്നൊരിടയൻ പറയുന്ന ദിവസത്തിനു നമുക്ക് കാതോർക്കാം! ഉള്ള പരിശുദ്ധാത്മാക്കൾ മുഴുവൻ ആ പറയുന്നവന്റെ പിന്നിൽ കാണാനാണ് സാധ്യത.

No comments:

Post a Comment