ജോസ് കല്ലിടിക്കില്‍ EMALAYALEE SPECIAL 16-Aug-2019
എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിവിവാദത്തെത്തുടര്‍ന്ന് കേരള സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട 'ചര്‍ച്ച് ആക്ട്' അഥവാ ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുവാന്‍ പോലും തയ്യാറാകാത്ത സംസ്ഥാന ഭരണകൂടം അതുവഴി അവരുടെ നവോത്ഥാന അവകാശങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നു. കേരളത്തിന്റെ അഭിമാനസ്തംഭങ്ങളില്‍ ഒന്നായ അന്തരിച്ച മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ 2009-ല്‍ അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന് കൈമാറിയിട്ടുള്ളതാണ് ഈ ബില്‍. ബില്‍ കൈപ്പറ്റിയ അന്നത്തെ നിയമവകുപ്പ് മന്ത്രി എം. വിജയകുമാര്‍, ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി നടപ്പില്‍ വരുത്തുവാന്‍ സത്വരനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തന്റെ പാര്‍ട്ടിസെക്രട്ടറിയുടെ ഒരു വിവാദ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ കത്തോലിക്കാ മതമേലദ്ധ്യക്ഷന്മാരുടെ പ്രതിഷേധം ശമിപ്പിക്കുവാന്‍ അദ്ദേഹത്തിന് ഈ ബില്‍ ഫയലുകള്‍ക്കിടയില്‍ പൂഴ്‌ത്തേണ്ടി വന്നു.
ചര്‍ച്ച് ആക്ട് ബില്‍ നിയമമായി നടപ്പില്‍ വരുന്നതിന് വിഘാതമായി നില്‍ക്കുന്ന പ്രധാനഘടകം ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാര്‍, വിശിഷ്യാ കത്തോലിക്കാ വൈദികരും മെത്രാന്മാരും ബില്ലിനെതിരെ സ്വീകരിച്ചിട്ടുള്ള നിഷേധാത്മക നിലപാടും പ്രചരിപ്പിക്കുന്ന അസത്യങ്ങളുമാണ്. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ നൂറ്റാണ്ടുകളായി തങ്ങളുടെ പള്ളികളുടെയും പള്ളിവക സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും മേല്‍ അനുഭവിച്ചിരുന്ന അവകാശങ്ങളും നിയന്ത്രണവും അനധികൃതരായി പിടിച്ചെടുത്ത പുരോഹിതരെ, അവ നഷ്ടപ്പെടുമോയെന്ന ഭീതി അലട്ടുന്നുണ്ട്. ചര്‍ച്ച് ആക്ട് നിലവില്‍ വന്നാല്‍ അതിന്റെ ഗുണഭോക്താക്കളാകുന്ന അത്മായരില്‍ ബഹുഭൂരിപക്ഷത്തിനും ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചോ വിശദാംശങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണകളുമില്ല. കെ.സി.ആര്‍.എം ഉള്‍പ്പെടെയുള്ള സഭാനവീകരണ പ്രസ്ഥാനങ്ങള്‍ നിരന്തരം മുറവിളി കൂട്ടിയിട്ടും അഡ്വ. ഇന്ദുലേഖ കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഈ വിഷയത്തിന്റെ പ്രചാരണത്തിനായി സുറിയാനി ക്രിസ്ത്യാനികളുടെ കോട്ടകൂടിയായ പൂഞ്ഞാറില്‍ നിന്ന് ജനവിധി തേടിയിട്ടും ഓള്‍ കേരളാ ചര്‍ച്ച് ആക്ട് കൗണ്‍സില്‍ (എ.കെ.സി.എ.എ.സി), മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ഇംപ്ലിമെന്റേഷന്‍ (എംഎസിഎബിഐ) എന്നീ പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തിന് മാത്രമായി രൂപീകരിച്ച് പ്രവര്‍ത്തിച്ചിട്ടും ബില്ലിന് അനുകൂലമായി ശക്തമായൊരു ജനവികാരം സ്വരൂപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.ചര്‍ച്ച് ആക്ട് ബില്ലിന്റെ വിശദാംശങ്ങളിലേക്കും അനിവാര്യതയിലേക്കും ന്യായ-അന്യായ വാദഗതികളിലേക്കും കടക്കുന്നതിനു മുമ്പ് ഇത്തരത്തിലൊരാശയം ഉടലെടുത്തതിനെക്കുറിച്ചും ബില്ലായി രൂപാന്തരപ്പെട്ടതിനെക്കുറിച്ചും ഒരന്വേഷണം ഉചിതമാകും.
ഇന്ത്യന്‍ ഭരണഘടനയുടെ 26 (സി) വകുപ്പ് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വത്തുക്കള്‍ സമ്പാദിക്കാനും ഭരിക്കാനും അവകാശമുണ്ടെന്നും അപ്രകാരം ഭരിക്കേണ്ടത് നിയമപ്രകാരം ആയിരിക്കണമെന്നും ആയതിന് വേണ്ടിയ നിയമനിര്‍മ്മാണം നടത്തിക്കൊടുക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. അപ്രകാരം നിലവില്‍ വന്നിട്ടുള്ളതാണ് ഹിന്ദു റിലീജിയസ് ആക്ട്, മുസ്ലിം മതസ്ഥര്‍ക്കായി വക്കഫ് ബോര്‍ഡ് ആക്ട്, സിക്ക് മതസ്ഥര്‍ക്കായി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ആക്ട് എന്നിവ. എന്നാല്‍, ഭൗതികസ്വത്തുക്കളുടെ ബൃഹത്തായൊരു ശേഖരം കൈവശപ്പെടുത്തിയിട്ടുള്ള ക്രൈസ്തവരുടെ സ്വത്തുവകകള്‍ ജനാധിപത്യപരമായി ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയ നിയമനിര്‍മ്മാണം നടത്തുവാന്‍ ഇന്നോളം അധികാരത്തില്‍ വന്നിട്ടുള്ള സര്‍ക്കാരുകള്‍ ഗൗരവമായി കരുതിയിട്ടില്ല.
ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുവരെ കേരളത്തിലെ പള്ളികളുടെയും പള്ളിവക സ്വത്തുക്കളുടെയും ഭരണം നടത്തിയിരുന്നത് മാര്‍ത്തോമ്മായുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ പള്ളിയോഗ സമ്പ്രദായപ്രകാരമായിരുന്നു. പള്ളികളുടെ ആസ്തിയോടൊപ്പം അവയോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ സ്വാധീനവും സമ്പത്തും വര്‍ദ്ധിച്ചപ്പോള്‍ വൈദികരും സഭാമേലദ്ധ്യക്ഷന്മാരും അവയുടെമേല്‍ അധികാരം സ്ഥാപിച്ചെടുക്കാനുള്ള പഴുതുകള്‍ കണ്ടെത്തുവാന്‍ തുടങ്ങി. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പൗരോഹിത്യത്തിന് മേല്‍ക്കോയ്മ കല്പിക്കുന്ന പാശ്ചാത്യ സഭാസംവിധാനം ഇവിടെയും ഏര്‍പ്പെടുത്തുകയെന്നത്. ഇപ്രകാരം 1992-ല്‍ അക്കാലമത്രയും പാശ്ചാത്യ സഭാഭരണ സംവിധാനത്തില്‍ നിന്നും വിഭിന്നമായി നിലനിന്നിരുന്ന സീറോമലബാര്‍ സഭയിലും റോമന്‍ സഭകളുടെ കാനോന്‍ നിയമങ്ങള്‍ ബാധകമാക്കി. തല്‍ഫലമായി നമ്മുടെ പള്ളികളുടെയും സഭാ സ്ഥാപനങ്ങള്‍, സ്വത്തുക്കള്‍ എന്നിവയുടെയും മേലുള്ള പൂര്‍ണ്ണ അധികാരം രൂപതാദ്ധ്യക്ഷനിലും നിയന്ത്രണം വൈദികരിലും സ്ഥാപിക്കപ്പെട്ടു. അവയുടെയെല്ലാം യഥാര്‍ത്ഥ ഉടമകളായ വിശ്വാസികള്‍ വെറും ഉപദേശകര്‍ മാത്രമായി തരംതാഴ്ത്തപ്പെടുകയും ചെയ്തു.
കേരളത്തിലെ പുരാതന ദേവാലയങ്ങളില്‍ ഏറെയും നിലവിലെ രൂപതാ സംവിധാനം ആവിര്‍ഭവിക്കുന്നതിനു മുമ്പേ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. രൂപതയുടെയോ രൂപതാദ്ധ്യക്ഷന്റെയോ കാരുണ്യമായി ലഭിച്ചിട്ടുള്ള ദേവാലയങ്ങള്‍ ഒന്നുപോലും ഉണ്ടാകില്ല. അവയെല്ലാം സ്ഥാപിക്കപ്പെട്ടത് നമ്മുടെയെല്ലാം പൂര്‍വ്വികരുടെ ക്ലേശത്തിന്റെയും ത്യാഗത്തിന്റെയും ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ്. അവരുടെയൊക്കെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണ്ണീരിന്റെയും ഗന്ധം അവയുടെ ചുവരുകളില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നുണ്ടാകും. ചരിത്രം ഉറങ്ങുന്ന നമ്മുടെ പുരാതന ദേവാലയങ്ങള്‍, അവയോടനുബന്ധിച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്‌കൂളുകള്‍, കോളജുകള്‍, ആതുരാലയങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയുടെയെല്ലാം ഉടമസ്ഥത ഇന്ന് പൂര്‍ണ്ണമായും രൂപതാദ്ധ്യക്ഷനിലും നിയന്ത്രണം വൈദികരിലുമായി ഭവിക്കപ്പെട്ടു. ഇടവകാംഗങ്ങള്‍ക്ക് അവകാശപ്പെട്ട ഇത്തരം സ്ഥാപനങ്ങളിലെ അഡ്മിഷനുകളും നിയമനങ്ങളും പലപ്പോഴും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. സ്വാധീനത്തിന്റെയും ഘനമേറിയ കോഴയുടെയും പിന്‍ബലത്തില്‍ അനര്‍ഹര്‍ അവയെല്ലാം തട്ടിയെടുക്കുന്നു. കടുത്ത ഇത്തരം അനീതിക്കെതിരെ മൗനമായി കേഴുകയല്ലാതെ പ്രതികരിക്കുവാന്‍ അശക്തരാണ് നമ്മുടെ വിശ്വാസിസമൂഹങ്ങള്‍ ഇപ്പോള്‍.
സീറോ മലബാര്‍ സഭയുടെ ഈ ദുരവസ്ഥയും വിശ്വാസിസമൂഹത്തിന്റെ നിസ്സഹായാവസ്ഥയ്ക്കുമുള്ള പ്രതിവിധി തേടിയുള്ള ജോസഫ് പുലിക്കുന്നേലിന്റെ അന്വേഷണങ്ങളാണ് ചര്‍ച്ച് ആക്ട് ബില്ലിലേക്ക് വഴിതെളിച്ചത്. കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനങ്ങളുടെ പ്രചോദനവും മാര്‍ഗ്ഗദര്‍ശിയും കൂടിയായ അദ്ദേഹം ദീര്‍ഘകാലം ഓശാന മാസികയിലൂടെ പ്രസിദ്ധീകരിച്ച ചിന്തോദ്ദീപകമായ മുഖപ്രസംഗങ്ങളും ലേഖനങ്ങളും വഴിയാണ് കേരള കത്തോലിക്കരുടെയിടയില്‍ നവോത്ഥാന-നവീകരണ ആശയങ്ങള്‍ പ്രബലപ്പെട്ടതും പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതും.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യ ദേശത്തുള്ള സഭകള്‍ക്ക് അവരുടെ പൂര്‍വ്വിക പാരമ്പര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ അവകാശവും കടമയുമുണ്ടെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ അത്തരത്തിലുള്ള നിയമനിര്‍മ്മാണത്തിനുള്ള സാദ്ധ്യത തേടിയ അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയുടെ 26 (സി) വകുപ്പിലൂടെ പ്രസ്തുത ലക്ഷ്യം കൈവരിക്കാമെന്നു തിരിച്ചറിഞ്ഞു.
പള്ളിസ്വത്തിന്റെ ഭരണം ഇടവക പൊതുയോഗങ്ങളില്‍ പുനഃസ്ഥാപിക്കുവാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ സഭാനേതൃത്വം പാടേ അവഗണിച്ചു. ഈ സാഹചര്യത്തില്‍ വിഷയം പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം തീരുമാനിച്ചു. അപ്രകാരം കോട്ടയത്ത് അദ്ദേഹം വിളിച്ചു ചേര്‍ത്ത ഒരു നിര്‍ണ്ണായക യോഗത്തില്‍ ഡോ. എം.വി. പൈലി, റിട്ട. സുപ്രീംകോര്‍ട്ട് ജസ്റ്റിസ് കെ.ടി. തോമസ്, മുന്‍മന്ത്രി ബി. വെല്ലിംഗ്ടണ്‍ മുതലായ പ്രമുഖവ്യക്തികള്‍ക്കൊപ്പം സഭാ നവീകരണപ്രസ്ഥാനങ്ങളായ കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍, കേരള കാത്തലിക് റീഫോം മൂവ്‌മെന്റ്, കേരള കാത്തലിക് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ജോസഫ് പുലിക്കുന്നേലിന്റെ തന്നെ നേതൃത്വത്തില്‍ ഇതേ ലക്ഷ്യത്തിനായി 2006 ഒക്‌ടോബറില്‍ കോട്ടയത്ത് വീണ്ടും ചേര്‍ന്ന യോഗത്തില്‍ പള്ളി ഭരണങ്ങള്‍ക്കുള്ള ഒരു കരട് രൂപരേഖ ക്രോഡീകരിക്കാന്‍ തീരുമാനിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് ലേമെന്‍സ് അസോസിയേഷനാണ് ഇത്തരത്തിലൊരു നിയമനിര്‍മ്മാണം വലിയൊരു ദൗത്യമായി ഏറ്റെടുത്ത് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയത്. നിരന്തരം അവര്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് നല്കിയ നിവേദനങ്ങളുടെ ഫലമായി 2006-ല്‍ അധികാരത്തില്‍ വന്ന വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റ് അന്നത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനായിരുന്ന വി.ആര്‍. കൃഷ്ണയ്യരോട് ഇതിനായി ഒരു കരട് നിയമം തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. മൂന്നു വര്‍ഷത്തോളം കമ്മീഷന്‍ നടത്തിയ സമഗ്ര പഠനത്തിനും ബന്ധപ്പെട്ട കക്ഷികളായ സഭാധികാരികള്‍, ബൈബിള്‍ പണ്ഡിതര്‍, അത്മായ സംഘടനകള്‍, വിശ്വാസികള്‍, സാമൂഹിക, സാംസ്‌കാരിക, നിയമരംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ എന്നിവരെല്ലാവരുമായി സുദീര്‍ഘ ചര്‍ച്ചകള്‍ക്കു ശേഷം കമ്മീഷന്‍ ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ എന്ന നിയമത്തിന് രൂപം നല്കി അന്നത്തെ നിയമമന്ത്രി എം. വിജയകുമാറിന് കൈമാറി. ബില്ലിന്റെ അനിവാര്യതയെക്കുറിച്ച് പൂര്‍ണ്ണബോദ്ധ്യവും വ്യവസ്ഥകളോട് യോജിപ്പും ഉണ്ടായിട്ടും ബില്‍ നിയമമാക്കി നടപ്പാക്കുവാന്‍ ഇടതും വലതും സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അനാസ്ഥ മതങ്ങളോടും മതസംഘടനകളോടും ഒരേറ്റുമുട്ടല്‍ ഭയന്നിട്ടാകും.
പള്ളികളും പള്ളികളോടു ബന്ധപ്പെട്ടിട്ടുള്ള വസ്തുവകകളും അതിന്റെ യഥാര്‍ത്ഥ ഉടമകളായ ഇടവകജനതയില്‍ ഏല്പിക്കുകയെന്നതാണ് ചര്‍ച്ച് ആക്ട് നിയമനിര്‍മ്മാണം വഴി ലക്ഷ്യമിടുന്നത്. ജസ്റ്റിസ് കൃഷ്ണയ്യര്‍ സമര്‍പ്പിച്ച ബില്ലിന്റെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നു: ''കേരള ക്രൈസ്തവ സഭകളുടെ ആസ്തികള്‍ പൂര്‍വ്വകാലം മുതല്‍ തന്നെ ട്രസ്റ്റുകള്‍ പോലെയാണ് കൈകാര്യം ചെയ്തുവരുന്നത്. എങ്കിലും അവ ഇന്നുവരെ അപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നതു പല വിധത്തിലുള്ള സങ്കീര്‍ണ്ണതകള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വിവിധ സഭകളുടെ ലൗകിക ആസ്തികളുടെ ഭരണത്തില്‍ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നത് വഴി ലൗകിക സ്വത്തുക്കളുടെ ഭരണം ബൈബിള്‍ അധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃകയില്‍ കൊണ്ടുവരപ്പെടുന്നതിന് ഈ ബില്‍ ലക്ഷ്യമിടുന്നു.''
ജസ്റ്റിസ് കൃഷ്ണയ്യര്‍ സമര്‍പ്പിച്ച ബില്ലില്‍ കേരളത്തിലെ മുഴുവന്‍ ക്രൈസ്തവ സഭകളുടെയും സമ്പത്തിന്റെയും സ്ഥാപനങ്ങളുടെയും ഭരണത്തിനായി ത്രിതല ട്രസ്റ്റ് സംവിധാനമാണ് വിഭാവന ചെയ്തിട്ടുള്ളത്. ഇടവക/യൂണിറ്റ്തലട്രസ്റ്റ്, രൂപത/റവന്യൂജില്ലാതല ട്രസ്റ്റ്, സഭ/സംസ്ഥാനതല ട്രസ്റ്റ് എന്നിവയാണവ. ഇടവക പൊതുയോഗങ്ങളില്‍ നിന്നാണ് ഈ മൂന്ന് തലത്തിലുമുള്ള ട്രസ്റ്റുകളിലേക്കും ട്രസ്റ്റികളേയും കണക്കുകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഓഡിറ്റേഴ്‌സിനെയും തെരഞ്ഞെടുക്കുന്നത്. ഇടവകാംഗത്വമുള്ള പ്രായപൂര്‍ത്തിയായ എല്ലാ വ്യക്തികള്‍ക്കും ട്രസ്റ്റില്‍ അംഗത്വമുള്ളതും ജനാധിപത്യപരമായി ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ വോട്ടവകാശം ഉള്ളതുമാണ്. ഇന്റേണല്‍ ഓഡിറ്റേഴ്‌സ് പരിശോധിച്ച കണക്കുകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുവാന്‍ അവ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ വഴി സര്‍ട്ടിഫൈ ചെയ്യണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇവയുടെയെല്ലാം പ്രവര്‍ത്തനം തികച്ചും സ്വതന്ത്രവും സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ നിയന്ത്രണവും കൂടാതെയുമാണ്. സംസ്ഥാന സര്‍ക്കാരിനുള്ള ഏകപങ്ക്, സംസ്ഥാന തലത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറിയുടെ റാങ്കിലുള്ള ഒരു ചര്‍ച്ച് കമ്മീഷണറെ നിയമിക്കുകയെന്നതും പ്രസ്തുത കമ്മീഷന്‍ മുമ്പാകെ ത്രിതല ട്രസ്റ്റുകള്‍ അവയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയുമാണ്.
രൂപതാദ്ധ്യക്ഷന്മാരും വൈദികരും സഭയേക്കാളുപരി സഭാനേതൃത്വത്തിന്റെ താത്പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഔദ്യോഗിക അത്മായ സംഘടനകളും ചര്‍ച്ച് ആക്ട് ബില്ലിന് എതിരെ സ്വീകരിച്ചിട്ടുള്ള കടുത്ത നിലപാടിനും അവരുടെ ആശങ്കകള്‍ക്കും അടിസ്ഥാനമുണ്ടോയെന്ന് ഒന്നു പരിധോധിക്കാം.
വിശ്വാസിസമൂഹത്തിന് അവരുടെ ക്രൈസ്തവവിശ്വാസം സംരക്ഷിക്കുവാനും ആചരിക്കുവാനും പരിപോഷിപ്പിക്കുവാനും ഉതകുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. യേശുക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കാത്തവര്‍, നിരീശ്വരവാദികള്‍, കുറ്റക്കാരെന്ന് വിധിക്കപ്പെട്ട ക്രിമിനലുകള്‍ എന്നിവര്‍ക്ക് ട്രസ്റ്റ് കമ്മിറ്റികളില്‍ ഇടം നല്കരുതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മാനസിക രോഗികള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍, അധാര്‍മ്മികജീവിതം നയിക്കുന്നവര്‍ എന്നിവരെയും ട്രസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മതപരമായ വിശ്വാസ, ആചാരാനുഷ്ഠാന, ദൈവശാസ്ത്ര, പ്രബോധന വിഷയങ്ങളില്‍ ഇടപെടില്ലെന്ന് കരട് ബില്‍ ഉറപ്പാക്കിയിട്ടുമുണ്ട്.
ആദരണീയമായ സ്ഥാനവും പരിഗണനയുമാണ് സഭാ മേലദ്ധ്യക്ഷന്മാര്‍ക്കും രൂപതാദ്ധ്യക്ഷന്മാര്‍ക്കും പുരോഹിതര്‍ക്കും ചര്‍ച്ച് ആക്ട് ബില്ലില്‍ നല്കിയിട്ടുള്ളത്. ട്രസ്റ്റ് അസംബ്ലി മീറ്റിംഗുകളില്‍ ആദ്ധ്യക്ഷ്യം വഹിക്കാനും നിയന്ത്രിക്കുവാനുമുള്ള ചുമതലയും അവകാശവും ഇടവകതലത്തില്‍ വികാരിയച്ചനും രൂപതാതലത്തില്‍ മെത്രാനും സഭാതലത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനും സമാനപദവി അലങ്കരിക്കുന്ന സഭാമേലദ്ധ്യക്ഷന്മാരിലുമാണ് നിക്ഷിപ്തമായിട്ടുള്ളത്. മതപരമായ ആചാരങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും വേണ്ടിയ എല്ലാവിധ സൗകര്യങ്ങളും ഒത്താശകളും പുരോഹിതര്‍ക്ക് നല്കണമെന്ന് ട്രസ്റ്റികളെ ബില്‍ ചുമതലപ്പെടുത്തുന്നു. വൈദികരുടെ താമസത്തിനായി ആധുനിക സൗകര്യങ്ങള്‍ ഉള്ള പാര്‍പ്പിടം നല്കണമെന്നും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്ക് അനുസൃതമായി മാന്യമായി ജീവിക്കുവാനുള്ള വേതനവും അലവന്‍സുകളും അവര്‍ക്ക് നല്കണമെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജന്മദേശമെങ്കിലും ഒരു വിദേശരാജ്യത്ത് നടപ്പാക്കപ്പെടാവുന്ന ഒരു നിയമവ്യവസ്ഥിതി, അമേരിക്ക പോലെ വിദേശരാജ്യങ്ങളില്‍ വസിക്കുന്ന പ്രവാസി മലയാളി ക്രിസ്ത്യന്‍ സമൂഹത്തെ എങ്ങനെ ബാധിക്കും എന്ന ന്യായമായൊരു സംശയം പലര്‍ക്കുമുണ്ടാകാം. നാട്ടിലെ ആരാധനാലയങ്ങളുടെ പുനര്‍നിര്‍മാണത്തിനും ദേവാലയങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കും വേണ്ടിയ ഭാരിച്ച തുകയുടെ സിംഹഭാഗവും പ്രവാസി സമൂഹത്തിന്റെ സ്വമേധയായും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയും നല്കുന്ന സംഭാവനകളാണ്. അവ കൈകാര്യംചെയ്യുക സുതാര്യമായിട്ടാകണമെന്ന് ഉറപ്പുവരുത്തുക നമ്മുടെയും കൂടെ അവകാശവും കടമയുമാണ്.
പ്രവാസി മലയാളികള്‍ എത്തുന്നിടത്തെല്ലാം വിശ്വാസ സംരക്ഷണത്തിന്റെ മറവില്‍ വിവിധ സഭകള്‍ ഇവിടെയും ഇതര ദേശങ്ങളിലും നട്ടുപിടിപ്പിക്കുവാനും ആരാധനാക്രമവും പാരമ്പര്യങ്ങളും കയറ്റുമതി ചെയ്യുന്നതുമായ പ്രവണത നിലനില്‍ക്കുന്നുമുണ്ട്. വിവിധ കേരളസഭകള്‍ അവിടെ പ്രവര്‍ത്തിക്കുന്നത് നാട്ടില്‍ നിന്നുള്ള സഭാനേതൃത്വത്തിന്റെ നിയന്ത്രണത്തിലും അവിടെ നിലനില്‍ക്കുന്ന സഭാ ഭരണസംവിധാനത്തിന് അനുസൃതവുമാണ്.
സുതാര്യമായൊരു ഭരണവ്യവസ്ഥയുടെയും നടത്തിപ്പിന്റെയും അഭാവത്തില്‍ കുട്ടികളുടെ ഭാവിയെക്കരുതി നാം നല്കുന്ന സംഭാവനകള്‍ വകമാറ്റി നാട്ടിലേക്ക് കടത്തപ്പെടുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. വിശ്രമം കൂടാതെ രണ്ട് ജോലി ചെയ്യുന്നവരുടെയും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ക്ലേശിക്കുന്നവരുടെയും കൂടി സംഭാവനകളാണ് അവയെന്ന് ഓര്‍മ്മിക്കുകയും വേണം.
അഗാധമായ നിയമപാണ്ഡിത്യത്തിനപ്പുറം ഇന്ത്യന്‍ സുപ്രീംകോടതി അലങ്കരിച്ചതും എക്കാലവും ആദരിക്കപ്പെടുന്നതുമായ ആദരണീയ ന്യായാധിപരില്‍ ഒന്നാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. അദ്ദേഹം ജാതി, മത, വര്‍ണ്ണ, വംശ, ലിംഗ ഭേദമെന്യേ ജനതയെ തുല്യരായി കാണുവാനും ബഹുമാനിക്കുവാനും കഴിയുന്നൊരു മഹത് വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. ആരോടും പകയോ പ്രത്യേക പരിഗണനയോ കൂടാതെ ശ്രദ്ധാപൂര്‍വവും സദുദ്ദേശ്യപരവുമായി തയാറാക്കിയതാണ് ചര്‍ച്ച് ആക്ട് ബില്‍. അദ്ദേഹത്തിന്റെ നാമം കൂടിച്ചേര്‍ത്ത് ഈ ബില്‍ നടപ്പാക്കുന്നത് ആ പുണ്യാത്മാവിനോടുള്ള കേരള ജനതയുടെ സമുചിതമായൊരു ആദരവ് കൂടിയാകും. കേരള ക്രൈസ്തവരുടെ വിശ്വാസ സംരക്ഷണത്തിനും വിശ്വാസിസമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കും സഭയുടെ നിലനില്പിനും സല്‍പേരിനും ചര്‍ച്ച് ആക്ട് ബില്‍ എത്രയും വേഗം നിയമമായി പ്രാബല്യത്തില്‍ വരേണ്ടത് അനിവാര്യമാണ്. അതിനായുള്ള സഭാനവീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളോട് നമുക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാം.
(കെ.സി.ആര്‍.എം.എന്‍.എ ഓഗസ്റ്റ് 10ന് ശനിയാഴ്ച ചിക്കാഗോയില്‍ നടത്തിയ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം)
FACEBOOK COMMENTS