അതിസമൃദ്ധമായ ഈ ഭൂമിയില്‍ എന്തുകൊണ്ടാണ് ദരിദ്രരുണ്ടാകുന്നത്? എന്തുകൊണ്ട് ചുരുക്കം ചിലരുടെ കൈയില്‍ ലോകത്തിലെ സമ്പത്തെല്ലാം ചെന്നുചേരുന്നു? ഏവര്‍ക്കും സുഭിക്ഷമായി കഴിയാന്‍ വകയുള്ള ഭൂതലത്തില്‍, ആവശ്യത്തിനുള്ളത് മാത്രമേ ഓരോരുത്തരും വച്ചുകൊണ്ടിരിക്കാവൂ എന്ന ക്രമീകരണം നടപ്പാക്കണം. അങ്ങനെയൊന്നായിരുന്നു ആദിമ ക്രിസ്ത്യാനികള്‍ ശീലിച്ചുപോന്ന ജീവിതശൈലി. അത് നഷ്ടപ്പെട്ടതോടെ ഒരു വശത്ത് ദാരിദ്ര്യവും മറുവശത്ത് അമിതസമ്പത്തും മനുഷ്യചേതനയെ ഞെരുക്കിത്തുടങ്ങി. ക്രമം തെറ്റിക്കുന്നതാണല്ലോ അക്രമം. എല്ലാവര്ക്കും ഗുണകരമായ ഒരു ക്രമം തെറ്റിക്കുന്നത് ശിക്ഷാര്‍ഹമായി പൊതുവേ അംഗീകരിക്കപ്പെടണം. ഒരുവന്റെ സമ്പാദ്യങ്ങള്‍ മറ്റൊരുവന്റെ ഇല്ലായ്മയാകുമ്പോള് അത് അക്രമമായി. പ്രകൃതിയുടെ സ്വാഭാവിക ക്രമം തെറ്റിക്കലാണത്. ഏത് കൂട്ടിവയ്പും അന്യന്റെ അദ്ധ്വാനത്തിന്റെ കൊള്ളയാണ്. കുടുംബസ്വത്ത് എന്ന ഏര്‍പ്പാട് നിറുത്തലാക്കണം. അദ്ധ്വാനമായിരിക്കണം ജീവിക്കാനുള്ള അര്‍ഹതക്ക് നിദാനം, ജനനമോ സ്ഥാനമോകൊണ്ട് കൈപ്പറ്റുന്ന ആസ്തികള്‍ ആയിരിക്കരുത്. ധാര്മ്മികശിക്ഷണത്തിലൂടെ, അതിധനം പുശ്ചമായിതോന്നിപ്പിക്കുന്ന ഒരു മാനസികനില വളര്‍ത്തിയെടുക്കണം. ആവശ്യപൂര്ത്തീകരണങ്ങളെല്ലാം പ്രകൃതിയുടെ ദാനമാണെങ്കില്‍, ധനം വഞ്ചനയുടെ ഫലമാണ് എന്ന ധാര്‍മ്മിക ചിന്തയിലേയ്ക്ക് മനുഷ്യമനസ്സാക്ഷി തിരിച്ചു വരേണ്ടിയിരിക്കുന്നു.
എന്റെയുള്ളില്‍ പണ്ടേ കിടന്നിരുന്ന ഒരാശയം, 2010ലെ സ്വാതന്ത്ര്യദിനത്തില്‍, ആലുവ ജനസേവ ശിശുഭവന് പ്രസിദ്ധീകരിച്ചത് (ആധാരം, puzha.com) കണ്ടപ്പോള്‍ കുറച്ചൊന്നുമല്ല സന്തോഷം തോന്നിയത്. അതിങ്ങനെയായിരുന്നു. സമൂഹത്തിനുപകാരമില്ലാതെ പണം സമ്പാദിച്ചു കുന്നുകൂട്ടുന്ന സമ്പന്നരുടെ സ്വത്തിനു പരിധി നിര്‍ണ്ണയിച്ചാല്‍ മാത്രമേ, പട്ടിണിയില്ലാത്ത ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ. ഒരു വ്യക്തിക്കു സൂക്ഷിക്കാവുന്ന പരമാവധി സ്വത്തിന്റെ പരിധി നിശ്ചയിക്കണം. ഇന്‍കംടാക്സ് അടച്ചാല്‍ മാത്രം മതി, എത്രമാത്രം സ്വത്ത് വേണമെങ്കിലും സമ്പാദിച്ചുകൂട്ടാം എന്ന സമ്പദ്വ്യവസ്ഥിതി മാറണം. അത് മനുഷ്യത്വത്തിന് നിരക്കാത്തതാണ്. ഇത്തരമൊരു പരിധിക്കപ്പുറമുള്ള സ്വത്തുക്കള്‍ അധ:സ്ഥിതരുടെ ഉന്നമനത്തിനായി ഉപയോഗിക്കണം. അതിനുള്ള വിശാലവീക്ഷണവും തന്റേടവുമുള്ളയാളുകള് ഭരണത്തിലെത്തിച്ചേരണം.
മനുഷ്യക്കുഞ്ഞുങ്ങളില്‍ പയ്യെപ്പയ്യെ വ്യക്തിബോധം ഉരുത്തിരിഞ്ഞുവരുന്നത് രസകരമായ ഒരു പ്രതിഭാസമാണ്. ഒരിക്കല്‍ സ്വത്വബോധം കൈവരിച്ചുകഴിഞ്ഞാല്‍, തുടര്‍ന്ന് മരണംവരെ വ്യക്തിപരമായ വികസനത്തെയും പ്രഫുല്ലതയെയും ലക്ഷ്യംവച്ചാണ് മനുഷ്യന്റെ മുന്നേറ്റം. സമഷ്ടിഭാവം (സമൂഹബോധം) വ്യക്തിഭാവത്തിന്റെ പരിരക്ഷക്കെന്നോണം ഒരു പുറംതാളുപോലെ അംഗീകരിക്കപ്പെടുക എന്നതില്കവിഞ്ഞ് മിക്ക മനുഷ്യര്‍ക്കും അത്ര പ്രാധാന്യമുള്ളതായിത്തീരുന്നില്ല. എന്നാല്‍ ആദിവാസിസമൂഹങ്ങളില്‍ ഇത് നേരേ തിരിച്ചാണ്. വ്യക്തിസ്വാര്ത്ഥത, സ്വകാര്യസ്വത്ത് തുങ്ങിയവ അവര്‍ക്കന്യമാണ്. എല്ലാറ്റിലും കൂട്ടായ്മയാണവരെ നയിക്കുന്ന പ്രേരകത്വം. ജീവിതലക്ഷ്യം വെറും വ്യക്തിത്വവികസനം മാത്രമാകുമ്പോള്‍ ഒരുവന് തേടിപ്പോകുന്ന അറിവിന്റെ വ്യാപ്തിയും ചുരുങ്ങിപ്പോകുന്നു. അറിവെന്നത് അനന്തമായ ഒരു പ്രകാശധാരയാണെന്നും അതിലേയ്ക്ക് നയിക്കപ്പെടുകയെന്നാല്‍ ബോധപ്രകാശനത്തിന്റെ അത്യുദാത്തഭാവത്തെയെന്നപോലെ എല്ലാറ്റിനെയും എകീകരിക്കുന്ന സരളതയെയും അനുഭവിച്ചറിയുകയാണെന്നും മിക്കവാറും ആള്ക്കാര് ഒരിക്കലും കണ്ടെത്തുന്നേയില്ല.
നാം സമാഹരിക്കുന്ന അറിവിന്റെയും മറ്റു സമ്പത്തുകളുടെയും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പരിമിതികള്‍ അല്ലെങ്കില്‍ പോരായ്മകള്‍ ആണ് വ്യക്തികള്‍ തമ്മിലുള്ള വ്യത്യസ്തതകളുടെ ഉറവിടം. അഹം എത്ര ശക്തമാകുന്നുവോ, അത്രയും അരക്ഷിതനാകുകയാണ് ഓരോ വ്യക്തിയും. പണം, സുഖം, അധികാരം എന്നിവ കൂടുതല്‍ നേടുന്നതിലുടെയാണ് "ഞാന്‍" വളരുന്നത്. എന്നാല്‍ കൂടുതല്‍ കിട്ടുന്നത് കൂടുതല്‍ നഷ്ടപ്പെടുമെന്നുള്ള ഭയമുണ്ടാക്കുന്നു. മാത്രമല്ല, മറ്റുള്ളവര്ക്കുംകൂടി കിട്ടേണ്ടത് ഒരാള്‍ നേടുകയും അവയൊക്കെ സ്വന്തമായി അവകാശപ്പെട്ടതുപോലെ കൂട്ടിവയ്ക്കുകയും ചെയ്യുമ്പോള്‍ അത് ഒറ്റപ്പെടലിന് കാരണമാകുന്നു. ആന്തരികമായ ശൂന്യത വര്‍ദ്ധിക്കുന്നു. ഏറ്റം അഗാധമായ തലത്തില്‍ സാമ്പത്തികഭദ്രത അല്ലെങ്കില്‍ -സുഖം ദൈവത്തിലേയ്ക്കോ പ്രശാന്തിയിലേയ്ക്കോ ഉള്ള വഴിയാകുന്നില്ല. കാരണം, എല്ലാവിധ നേട്ടങ്ങളും ദ്വൈതത്തെ പരിപോഷിപ്പിക്കുന്നു. ദൈവം, ശാന്തി എന്നിവ എല്ലാ ദ്വൈതങ്ങള്‍ക്കും അപ്പുറത്തു മാത്രം കൈവരുന്ന ആന്തരികപ്രകാശമാണ്.
ഏതു ജോലിക്കും വ്യവഹാരത്തിനും ക്രയവിക്രയത്തിനും അതാതിന്റെ മൂല്യനിര്‍ണ്ണയം അനുവദിക്കുന്ന പ്രതിഫലം ആഗ്രഹിക്കാവുന്നതാണ്. എന്നാലത് ലാഭക്കൊതിയാവുമ്പോള്‍ അതിനതിരില്ലാതാകുന്നു. പിന്നെ അതില്നീതിന്യായങ്ങളില്ല. സ്വിസ്ബാങ്കുകളാണ് ഒന്നാന്തരം ഉദാഹരണങ്ങള്‍. ഓരോ വര്‍ഷത്തെയും അധിക മിച്ചലാഭത്തെ ഇരട്ടിപ്പിക്കുകയാണ് അടുത്ത വര്‍ഷത്തെ ലക്ഷ്യം. നിക്ഷേപകര്‍ വിഡ്ഢികളായി എന്നും മൂലധനദാതാക്കളായി കഴിയുന്നു. ഇതൊരു മുതലാളിത്തരോഗമാണ്. എല്ലാ കൊള്ളപ്പണവും കൈ നീട്ടി വാങ്ങുന്ന ഈ ബാങ്കുകള്‍ക്ക് അതിന്റെ രക്തത്തില്‍ പങ്കില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? അതിവിദൂരത്തുള്ള രാജ്യങ്ങളുടെ പോലും സമ്പദ്വ്യവസ്ഥിതിയെ താറുമാറാക്കുന്ന ഈ മൂല്യച്യുതി അമേരിക്ക, യുറോപ് എന്നിവടങ്ങളില്‍ നിന്ന് ഏഷ്യന്‍ രാജ്യങ്ങളിലേക്കും പരന്നുകഴിഞ്ഞു. ഒരിക്കലും കരകയറാനാവാത്ത ദാരിദ്ര്യത്തിലേക്ക് ജനകോടികളെ ചവുട്ടി താഴ്ത്തുന്ന ചൂഷണമാണിത്.
സംസ്കൃതത്തില്‍ പണത്തിനുള്ള വാക്ക് 'ദ്രവിണം' എന്നാണ്. അതായത്, പണം പണമാകുന്നത് അതിന് ദ്രവസ്വഭാവം ഉള്ളപ്പോള്‍, ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍, മാത്രമാണ്. അല്ലെങ്കില്‍ അത് വെറും പിണ്ഡമാണ്, പിണമാണ്. അതുപോലെ, "ലഭ്" എന്നാല്‍ ലഭിക്കുക എന്നും "ലുഭ്" എന്നാല്‍ അത്യാഗ്രഹം തോന്നുക എന്നുമാണ് അര്‍ത്ഥം. ആദ്യത്തേത് രണ്ടാമത്തേതായി മാറാന്‍ ഒരു ചെറിയ കുനുപ്പു മതി. അന്യന്റെ തൊലിയില്‍ കുത്തി വലിക്കുന്ന ആ കൂര്‍ത്ത കുനുപ്പാണ് ലാഭക്കൊതി. ലാഭത്തിന്റെ രുചിയറിഞ്ഞാല്‍ നീതിബോധമതോടെ മറയുന്നു. ബ്ലെയ്ടുമാഫിയകള് തൊട്ട് ആയുധക്കമ്പോളങ്ങളും യുദ്ധക്കൊതിയന്മാരും നിക്ഷേപകമ്പനികളും പനപോലെ വളരുന്നത് ഈ സംസ്കാരശോഷണത്തിന്റെ ഫലമായാണ്. അതോടേ, കൊല്ലും കൊലയും സമൂല നശീകരണങ്ങളും ചിലരുടെ മാത്രം ലാഭനഷ്ടങ്ങളുടെയും കൂട്ടിവയ്പ്പിന്റെയും പേരില്‍ നിത്യസംഭവങ്ങളായിത്തീര്‍ന്നിരിക്കുന്നു. അമേരിക്ക നടത്തിയിട്ടുള്ള, ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന, യുദ്ധങ്ങളെല്ലാം അമേരിക്കന്‍ കമ്പനികളുടെ ലാഭകൊതികൊണ്ട് മാത്രമാണെന്നത് ആര്‍ക്കാണറിയില്ലാത്തത്?
ജീവിത സൌഭാഗ്യത്തിലേയ്ക്ക് തന്റെ നിര്‍ദ്ദേശം യാചിച്ചു വന്ന ബുദ്ധിമാനായ ചെറുപ്പക്കാരനോട് യേശു പറഞ്ഞതിതാണ്: "നിന്റെയേക പോരായ്മ നിനക്കുള്ള അളവറ്റ ധനമാണ്. അത് ദരിദ്രര്‍ക്ക് കൊടുക്കുക, നീ രക്ഷപ്രാപിക്കും."ദരിദ്രര്‍ എന്നിവിടെ ഉദ്ദേശിച്ചത് മറ്റാരുമല്ല. അയാള്‍ പണം കൂട്ടിവച്ചപ്പോള്‍, അര്‍ഹതപ്പെട്ട ആര്‍ക്കെല്ലാം അതുപകരിക്കാതെ പോയോ, അവരാണ്, അയാളെ സംബന്ധിച്ചിടത്തോളം ദരിദ്രര്‍. അതുകേട്ട് അയാള്‍, പക്ഷേ, സ്ഥലംവിടുകയാണ് ചെയ്തത്. അയാളുടെ പിന്‍ഗാമികളാണ് ലോകത്തുള്ള ഇന്നത്തെ അനീതികള്‍ക്കെല്ലാം കാരണക്കാര്‍.
ഒരാള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ എടുക്കുന്നതിനെ മോഷണം എന്നാണ് പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോ. കെ എസ് രാധാകൃഷ്ണന് (പി എസ് സി ചെയര്മാന്) ഇന്ത്യന്‍ തോട്സില്‍ എഴുതിയ ലേഖനം വായിക്കുക:
ReplyDeleteAsteya
Whatever be the definition given to the term theft, stealing has been considered as an unethical act by every religions well as all systems of law. The Indian term to abstain from stealing is ‘Asteya’.
‘Why should we ask the society to abstain from stealing?’ is a question to be answered by the philosophers of ethics. Imagine that everyone in a society practices theft. It is needless to say that no one can lead a normal life in such a society. A society in which everyone practices theft can create only confusion. Nobody can lead a normal and peaceful life in a confused state of affairs. Therefore the primary requirement of the normal human existence is order rather than chaos.
The primary duty of every ruler, whatever is the nature of the theory of statecraft, has to ensure law and order; that is to provide conditions for the existence and co-existence of one and all.
Asteya, specifically demands everyone not only to take something of somebody either by force or consent but also to give up everything that is essential to ensure ones’ own existence. In this sense Asteya specifically says that one has to regulate oneself to fix his or her minimum as a prelude to establish law and order in a civic society. In short law and order can be maintained properly not by the police force but by the self regulating individuals who firmly believes in virtues.
Note: Asteya is a Sanskrit word that means non-stealing and it is an important principle of Hinduism and is a vow taken by Indian spiritual aspirants. Asteya means much more than the Biblical commandment ‘Thou shall not steal’. Asteya refers to not stealing, not coveting, non hoarding as well as not obstructing other people's desires in life.
Thomas Abraham wrote on Sun, 13 Oct 2013
ReplyDeleteDear ZackN,
"Jesus was an Essene and Essenes had no personal properties. But Church is the Satan that tempted Jesus at the end of Jesus' fasting. Now the Church has all properties and luxuries and our clergy is naturally tempted to hold no Essene-view."
ഒരു മനുഷ്യന് എത്ര ബുദ്ധിമാനാണെങ്കിലും,കഴിവുല്ലവനാനെങ്കിലും, ഉണ്ടാക്കുന്നതിനു ഒരു പരിധി ഉണ്ട്. ശ്രദ്ധിച്ചാല്‍ അമിതമായി സമ്പത്ത് ഉണ്ടാകുന്നിടത്തെല്ലാം ചൂഷണമോ അഴിമതിയോ ഉണ്ടെന്നു കാണാവുന്നതാണ്.
ReplyDeleteക്രിസ്ത്യൻ ധനതത്ത്വശാസ്ത്രത്തിൽ ധനവും ദാരിദ്ര്യവും എന്നീ രണ്ട് ഘടകങ്ങൾ പ്രധാന വിഷയങ്ങളാണ്. ഭൂമിയിൽ പണം നിക്ഷേപിക്കരുത്.എല്ലാം ദൈവത്തിനർപ്പിക്കൂ, പള്ളിക്കു കൊടുക്കൂ. പള്ളി കൊഴുക്കട്ടെയെന്ന സാമ്പത്തിക ശാസ്ത്രമാണ് സഭയ്ക്കുള്ളത്. അതിനായി അവർക്ക് ചൂണ്ടികാണിക്കാൻ പഴയനിയമത്തിലെ നിയമങ്ങളുമുണ്ട്. ഭക്തനെ മസ്തിഷ്ക്ക പ്രഷാളനം ചെയ്ത് ഒരു പ്രത്യേക ലോകത്തിൽ മയക്കികിടത്തും. ക്രിസ്തുമതം സ്വതന്ത്രമായ വ്യവസായ പ്രസ്ഥാനങ്ങൾക്ക് (Free market economy) എതിരായിരുന്നു. ക്യാപ്പിറ്റൽ വ്യവസ്ഥിതിക്കും എതിരായിരുന്നു. നവീകരണസഭകൾ വളർന്ന രാജ്യങ്ങൾ ക്യാപിറ്റൽ വ്യവസ്ഥിതിയിൽക്കൂടി അതിവേഗം വളർന്നു. തെക്കേ അമേരിക്കയിലെ കത്തോലിക്കാരാജ്യങ്ങളിൽ പലതും ദാരിദ്ര്യത്തിൽ ഇന്നും ജീവിക്കുന്നു.
ReplyDeleteധനം സ്വരൂപിക്കലും പലിശകൊടുക്കലും വാങ്ങലും ബൈബിൾ എതിർക്കുന്നു. ബാങ്കിൽ പലിശക്ക് പണം നിക്ഷേപിക്കുന്നതുപോലും തെറ്റെന്ന് നൂറ്റാണ്ടുകൾ സഭ പഠിപ്പിച്ചിരുന്നു. പണമാണ് സകല തിന്മകളുടെയും നിദാനമെന്നാണ് ബൈബിൾ ഉപദേശികൾ പഠിപ്പിക്കുന്നത്. പലിശ കൊടുക്കൽ-വാങ്ങൽ ചൂഷണമായിട്ടാണ് ബൈബിളിൽ വ്യക്തമാക്കിയിരിക്കുന്നത്. പഴയനിയമത്തിലെ പുറപ്പാട് അദ്ധ്യായം 22 -വാക്യം 25 പോലുള്ള അനേക വചനങ്ങൾ പലിശ മേടിക്കുന്നതിനെതിരെ വിപ്ലവശബ്ദം ഉയർത്തുന്നത് കാണാം.
"എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു." ഇങ്ങനെ ബൈബിളിൽ അനേക വചനങ്ങൾ ഉള്ളതായി കാണാം.
ഒരു കാര്യം ചിന്തിക്കണം, ബൈബിളിലെ ഈ പഴഞ്ചൻ ചിന്താഗതികൾ ലോകപുരോഗതിക്ക് നന്നല്ല. ഇത്തരം സാമ്പത്തിക ശാസ്ത്രമൊക്കെ പുരാതനകാലത്ത് അലഞ്ഞുതിരിഞ്ഞു നടന്ന ഒരു ചെറുസമൂഹത്തിന്റെതായിരുന്നു. ഇതെല്ലാം കാർഷികവ്യവസ്ഥ മാത്രമുള്ള കാലങ്ങളിൽ എഴുതപ്പെട്ടതാണ്. അന്ന് സമൂഹം ചെറുതും ദാരിദ്ര്യം അനുഭവിക്കുന്നവരുമായിരുന്നു. അന്നത്തെ യഹൂദാ രാജ്യത്തിലുണ്ടായിരുന്നത് കുടുംബബന്ധങ്ങൾമാത്രം കോർത്തിണക്കിയ ഒറ്റപ്പെട്ട സമൂഹങ്ങളായിരുന്നു. ബാർട്ടർ ധനതത്ത്വങ്ങളുടെ കാലവുമായിരുന്നു. ഈ തത്ത്വങ്ങൾ മറികടന്ന് ലോകം പുരോഗമിക്കാൻ തുടങ്ങിയത് പാശ്ചാത്യരാജ്യങ്ങൾ ബാങ്കിംഗ് വ്യവസായങ്ങൾ തുടങ്ങിയതിൽപ്പിന്നീടാണ്.
യേശു പണം പെരുപ്പിക്കുന്നതിൽ എതിരായിരുന്നുവെന്ന് തോന്നുന്നില്ല. അന്നത്തെ യഹൂദ സമുദായത്തിന്റെയും രാജ്യത്തിന്റെയും താല്പര്യങ്ങളും യേശുവിന്റെ വചനങ്ങളിൽ ഉണ്ട്. മുതലാളിത്വ വ്യവസ്ഥിതിയും യേശു പുതിയ നിയമത്തിൽ ഒരു ഉപമയിൽക്കൂടി വ്യക്തമാക്കുന്നുണ്ട്.
ഇക്കാര്യം മാത്യൂ, അദ്ധ്യായം 25: വാക്യങ്ങൾ 1 4 -3 0 വരെയുള്ള ഉപമയിൽ വ്യക്തമാക്കുന്നു. ഒരു യജമാനന്റെയും മൂന്ന് സേവകരുടെയും കഥയാണിവിടെ യേശു ഉപമയിൽക്കൂടി വ്യക്തമാക്കുന്നത്. ഇവിടെ യജമാനൻ ആദ്യത്തെ സേവകന് 5 താലന്തും രണ്ടാമത്തെ സേവകന് രണ്ടുതാലന്തും മൂന്നാമത്തെ സേവകന് ഒരു താലന്തും നല്കി യാത്ര പുറപ്പെടുകയാണ്. യജമാനൻ തിരിച്ചു വന്നപ്പോൾ അഞ്ചു താലന്ത് കൊടുത്തവൻ പെരുപ്പിച്ച് പത്ത് താലന്താക്കി. രണ്ടാമത്തെവൻ രണ്ട് താലന്ത് ഇരട്ടിച്ച് നാലാക്കി. മൂന്നാമത്തവൻ കിട്ടിയ ഒരു താലന്ത് ഭൂമിയിൽ കുഴിച്ചിട്ട് താലന്ത് വർദ്ധിപ്പിച്ചില്ല. ഇവിടെ യജമാനൻ ആദ്യത്തെ രണ്ട് സേവകരോട് പറഞ്ഞത് "അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. "
ഒരു താലന്തു കൊടുത്ത താലന്തു വർധിപ്പിക്കാത്ത മൂന്നാമത്തെ സേവകനോട് യജമാനൻ പറഞ്ഞു. " ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു."
നവീകരണസഭകൾ വളർന്ന സ്ഥലങ്ങൾ ക്രിസ്തുവിന്റെ ഈ ക്യാപിറ്റസത്തിൽ വിശ്വസിച്ച് ധനികരാജ്യങ്ങളായി. ബൈബിളിലെ സോഷ്യലിസവും സമത്വവും വിശ്വസിച്ച തെക്കേഅമേരിക്കയിലെ കത്തോലിക്കാ രാജ്യങ്ങൾ പലതും കടുത്ത ദാരിദ്ര്യത്തിലും കഴിയുന്നു. അമേരിക്കയിൽ നവീകരണ സഭയിലുള്ളവരെ തുലനം ചെയ്താൽ കത്തോലിക്കർ സാമ്പത്തികമായി പിന്നോക്കമാണ്. ആഡംബരവും സുഖാസക്തിയും ധനികരാജ്യങ്ങളിൽ വർദ്ധിച്ചതുകൊണ്ടാണ് ഉപഭോക്താക്കളുടെ എണ്ണം കൂടിയതും വ്യവസായ സാമ്രാജ്യങ്ങൾ കെട്ടിപൊക്കുവാൻ സാധിച്ചതെന്നും ഓർക്കണം. ഇനി പഴയ കാളപൂട്ട് കാർഷിക ബൈബിൾ പുരാണ വ്യവസ്ഥയിലേക്ക് ആർക്കും ചിന്തിക്കാൻ സാധിക്കില്ല.
Shri Thomas Perumpallil wrote on 13th Oct.
ReplyDelete"ചെറിയ ഇടവേളയ്ക്കു ശേഷം വന്ന ബ്ലോഗ് നന്നായി. എന്നെ ചിന്തിപ്പിച്ച വാചകം - അമേരിക്ക നടത്തിയിട്ടുള്ള, ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന, യുദ്ധങ്ങളെല്ലാം അമേരിക്കന്‍ കമ്പനികളുടെ ലാഭകൊതികൊണ്ട് മാത്രമാണെന്നത് ആര്‍ക്കാണറിയില്ലാത്തത്? എന്നിട്ട് സമാധാനം പ്രസംഗി ക്കുന്നു! ഈ വിരോധാഭാസം കണ്ടാണ് നാം ജീവിക്കുന്നത്. പിന്നെ എങ്ങനെ ലോകം നന്നാകും?"