പി.കെ മാത്യു ഏറ്റുമാനൂര്‍ മൊബൈല്‍ : 9495212899
മാര്‍ത്തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നു എന്നതിനു ചരിത്രരേഖകള്‍ ഇല്ല എന്നു റോമാ മാര്‍പ്പാപ്പാ ബനഡിക്ട് 16 -ാംമന്‍ പറഞ്ഞ വാര്‍ത്ത പുറത്തു വന്നപ്പോള്‍ സീറോ മലബാര്‍ സഭാ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചു. ചരിത്രത്തില്‍ ഇടം നേടിയ ചരിത്രപുരുഷനാണോ ക്രിസ്തു എന്ന മറുചോദ്യം കൊണ്ടു തിരിച്ചടിക്കേണ്ട ഒരു പ്രസ്താവനയായിരുന്നു പോപ്പു നടത്തിയത്. ഒന്നാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യത്തിന്റെ ഭരണാധികാരികളെപറ്റിയും യറൂശലേം ദേവലായത്തിന്റെ സംരക്ഷകരായ യഹൂദ ജനനതയെ പറ്റിയും എഴുതപ്പെട്ട ചരിത്രരേഖകളുണ്ട്. ഇവയിലെങ്ങും ഇടം നേടാത്ത ഒരു വ്യക്തിയാണ് യേശു.
(ലേഖനത്തില്‍ ഉണ്ടായിരുന്ന കുറെ ഭാഗം ലേഖനത്തിന്റെ ഏകാഗ്രത കൂട്ടാനും ചര്‍ച്ചകള്‍ വ്യതിചലിക്കാതിരിക്കാനുമായി ഇവിടെ ഒഴിവാക്കുന്നു. ആ ഭാഗം മറ്റൊരു ലേഖനമായി പിന്നീടു പ്രസിദ്ധീകരിക്കാവുന്നതാണ്.-- ജോസാന്റണി)
തോമ്മാശ്ലീഹായുടെ ഇന്‍ഡ്യയിലെ സുവിശേഷ വേലയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ചരിത്രനോവലാണ്. എ.ഡി രണ്ടാംനൂറ്റാണ്ടില്‍ എഴുതപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന സുറിയാനിഗ്രന്ഥം. ഇതിന്റെ ഗ്രന്ഥകര്‍ത്താവായ ബര്‍ദ്ദേശാന്‍ (എ.ഡി 154-222) എദ്ദേശായില്‍ ജീവിച്ചിരുന്ന ഒരു ചരിത്രപുരുഷനാണ്. തോമ്മാശ്ലീഹായുടെ പ്രഥമ ശിഷ്യന്‍ 'മാര്‍ അദ്ദായിയെ' എദ്ദേശ്ശായിലേക്കു പറഞ്ഞു വിട്ട ശേഷമാണ് യറൂശലേമില്‍ നിന്നും തോമ്മാശ്ലീഹാ കച്ചവടക്കപ്പലില്‍ കയറി ഇന്‍ഡ്യയില്‍ എത്തിയത് എന്നും ഇന്‍ഡ്യയില്‍ സുവിശേഷം പ്രചരണം നടത്തുന്നനിടയില്‍ ശ്ലീഹാ കൊല്ലപ്പെട്ടെന്നു, ശിഷ്യര്‍ ശ്ലീഹായുടെ അസ്തികളുമായി എദ്ദേശായില്‍ ഉണ്ടായിരുന്ന മാര്‍ അദ്ദായിയുടെ അടുത്തേക്കു പോയെന്നും എദ്ദേശക്കാര്‍ വിശ്വസിച്ചിരുന്നു.
എദ്ദേശ്ശായില്‍ ഇന്‍ഡ്യയില്‍ നിന്നും ചെന്നെത്തിയ തോമ്മശ്ലീഹായുടെ ശിഷ്യരില്‍ നിന്നും ലഭിച്ച വായ്‌മൊഴിയിലൂടെയുള്ള ഒട്ടേറെ അത്ഭുതപ്രവൃത്തികളും എദ്ദേശ്ശായില്‍ പ്രചരിച്ചിരുന്നു. തോമ്മാശ്ലീഹായുടെ അസ്ഥികള്‍ എദ്ദേശായില്‍ കൊണ്ടു ചെന്നതു ഒരു ജൂലൈ 3-ാം തീയതിയില്‍ ആയിരുന്നു. ആദിനം എദ്ദേശ്ശക്കാര്‍ ഇന്നും ആഘോഷിച്ചു വരുന്നു. മാര്‍ അപ്രേം തയ്യാറാക്കിയ സഭാകലണ്ടറില്‍ ഈ ദിനം രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ത്തോമ്മായെ പറ്റി എദ്ദേശ്ശായില്‍ പ്രചരിച്ചിരുന്ന മാര്‍ത്തോമ്മായുടെ പ്രവര്‍ത്തനങ്ങള്‍ ആണ് ബര്‍ദ്ദേശാന്റെ ഗ്രന്ഥത്തിന്റെ ഇതിവൃത്തം.
എദ്ദേശ്ശായുടെ അയല്‍ സാമ്രാജ്യം ആയിരുന്നു പേര്‍ഷ്യാ, ഈ പേര്‍ഷയ്ക്കു ഇന്‍ഡ്യാ എന്ന പേരിലുള്ള ഒരു പ്രവിശ്യാ, ഉണ്ടായിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ ഈ ഇന്‍ഡ്യാ പ്രവിശ്യയുടെ അധിപന്‍ ഗോണ്ടോഫറസ് ആയിരുന്നു. ഗോണ്ടോഫറസിന്റെ ഇന്‍ഡ്യയ്ക്കു (സിന്‍ഡ് ബലൂചിസ്താന്‍ ഉള്‍പ്പെടുന്ന വടക്കേ ഇന്‍ഡ്യാ) സമുദ്രാതിര്‍ത്തി ഇല്ലായിരുന്നു എന്ന ഭൂമിശാസ്ത്രപരമായ അറിവ് ബര്‍ദ്ദേശാനു ഇല്ലായിരുന്നു. തോമ്മാശ്ലീഹാ കപ്പലില്‍ ചെന്നെത്തിയ ഇന്‍ഡ്യാ ഗൊണ്ടോഫറസിന്റെ ഇന്‍ഡ്യയില്‍ ആയിരുന്നു എന്നു, തെറ്റിധരിച്ചാണ് ബര്‍ദ്ദേശ്ശാന്‍ 'തോമ്മായുടെ നടപടികള്‍' എന്ന ഗ്രന്ഥം രചിച്ചത് എന്നനുമാനിച്ചാല്‍ ഈ വിഷയത്തിലുള്ള കണ്‍ഫ്യൂഷന്‍ (Confusion) അവസാനിക്കും. ബര്‍ദ്ദേശാന്റെ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളും വാഹനങ്ങളും (കാളവണ്ടി) തനി കേരളീയമാണ്. അതുകൊണ്ടു ബര്‍ദ്ദേശന്റെ ഇന്‍ഡ്യ കേരളം മാത്രമാണ്. കേരളം വിട്ടു മദ്രാസില്‍ പോകാന്‍ ശ്ലീഹായിക്കു അവസരം ലഭിച്ചില്ല. അതുകൊണ്ടവിടെ മാര്‍ത്തോമ്മാ ക്രൈസ്തവരും ഇല്ല.
തോമ്മായുടെ നടപടികള്‍ ആരംഭിക്കുന്നതു ഇപ്രകാരമാണ്. ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണശേഷം ശിഷ്യന്മാര്‍ യറൂശലേമില്‍ സമ്മേളിച്ചു. ആരൊക്കെ ഏതെല്ലാം രാജ്യങ്ങളില്‍ സുവിശേഷപ്രചരണത്തിനു പോകണം എന്നു കുറിയിട്ടു തീരുമാനിച്ചു. ഇന്‍ഡ്യയിലേക്കു പോകാനുള്ള കുറി തോമ്മാശ്ലീഹായിക്കു ലഭിച്ചു. ഈ സമയം ഇന്ത്യയിലെ ഗോണ്ടോഫറസ് രാജാവിനു ഒരു കൊട്ടാരം പണിതുകൊടുക്കാന്‍ പ്രാപ്തിയുള്ള ഒരു ശില്പിയെത്തേടി ഹാബാന്‍ എന്ന വര്‍ത്തകപ്രമാണി 'യറൂശേലേമില്‍' കൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇരുവരും കണ്ടുമുട്ടുകയും, ഒരു ശില്പിയായി അഭിനയിച്ചു തോമ്മാശ്ലീഹാ ഹാബാനോടു കൂടി കപ്പല്‍ കയറി ഗോണ്ടോഫറസിന്റെ രാജധാനിയില്‍എത്തി ചേരുകയും ചെയ്തു.
ഗോണ്ടോഫറസിനു വേണ്ടി തോമ്മാശ്ലീഹാ സ്വര്‍ഗ്ഗത്തില്‍ മാളിക പണിതതും അനന്തര സംഭവങ്ങളും നമ്മുടെ നാട്ടിലാകെ പ്രചരിച്ചിട്ടുള്ള കഥകളാണ്. തോമ്മായുടെ നടപടി അവസാനിക്കുന്നത് ഇപ്രകാരമാണ്. ഗോണ്ടോഫറസിന്റെ രാജ്യത്തെ സുവിശേഷവേല അവസാനിച്ച ശേഷം ശ്ലീഹാ അയല്‍ രാജ്യത്തിന്റെ രാജാവായ മസ്ദായിയുടെ രാജ്യധാനിയില്‍ ചെന്നു ചേര്‍ന്നു. മസ്ദായിയുടെ ഭാര്യ ആളയച്ചിട്ടാണ് തോമ്മാശ്ലീഹാ സ്ഥലത്തെത്തിയത്. എന്നാല്‍ മസ്ദായി, ദൂതന്മാര്‍ മുഖാന്തിരം ശ്ലീഹായെപ്പറ്റി അന്വേഷിച്ചു. അയാള്‍ തട്ടിപ്പുവീരനായ ഒരു മാന്ത്രികനാണ് എന്ന റിപ്പോര്‍ട്ടാണ് രാജാവിനു ലഭിച്ചത്. അതുകൊണ്ടു രാജാവ് ശ്ലീഹായെ ബന്ധനസ്ഥനാക്കി വധിച്ചു. ഇതില്‍ അത്യന്തം വ്യസനിച്ച രാജ്ഞി രാജക്കന്മാരെ അടക്കം ചെയ്യുന്നതിനു നിര്‍മ്മിച്ചിട്ടിരുന്ന ഒരു കല്ലറയില്‍ ശ്ലീഹായുടെ ശവശരീരം അടക്കം ചെയ്തു.
തോമ്മാശ്ലീഹായുടെ ശിഷ്യന്മാര്‍ അതീവ രഹസ്യമായി കല്ലറ തുറന്ന് അസ്ഥികളെടുത്തു എദ്ദേശായിലേക്കു കൊണ്ടുപോയി. ഏറെ നാളുകള്‍ക്കു ശേഷം മസ്ദായിയുടെ പുത്രനു ഭൂതോപദ്രവം ഉണ്ടായി. തോമ്മശ്ലീഹായുടെ കല്ലറ തുറന്ന് ഒരസ്ഥി യെടുത്തു പുത്രന്റെ ദേഹത്തു തൊടുവിച്ചാല്‍ ഭൂതം വിട്ടുമാറും എന്ന പ്രശ്‌നവിധി ഉണ്ടായി. അസ്ഥിക്കുവേണ്ടി കല്ലറ തുറന്നു നോക്കിയിട്ടു ഒരു തരി എല്ലിന്‍ കഷണം പോലും ലഭിച്ചില്ല. ശ്ലീഹായുടെ എല്ലുകള്‍ കിടന്നിടത്തു നിന്നും കുറെ മണ്ണെടുത്തു രാജാവിന്റെ പുത്രന്റെ ദേഹത്തു ഇട്ട നിമിഷം ഭൂതം മകനെ വിട്ടു ഓടിപ്പോയി. മകന്‍ സ്വസ്ഥത പ്രാപിച്ചു. തോമ്മാശ്ലീഹായുടെ അസ്ഥികളുടെ ഒരു തരിപോലും കല്ലറയില്‍ ഇട്ടേക്കാതെയാണ് ശ്ലീഹായുടെ ശിഷ്യര്‍ ഈ അസ്ഥികളെല്ലാം ഏദ്ദേശായില്‍ ഒരു ജൂലൈ 3-ാം തീയതിയില്‍ എത്തിച്ചത്.
തോമ്മാശ്ലീഹായുടെ അസ്ഥികള്‍ നഷ്ടപ്പെട്ടിരുന്നു എങ്കിലും കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന ശവകുടീരം, മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ തീര്‍ത്ഥാടനകേന്ദ്രം ആയി നിലനിര്‍ത്തിയിരുന്നു. 13 -ാം നൂറ്റാണ്ടില്‍ കേരളത്തിലെ സമുദ്രതീരങ്ങള്‍ സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന കപ്പല്‍ സഞ്ചാരി കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന തോമ്മാശ്ലീഹായുടെ ശവകുടീരം സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡയറിയില്‍ ഇപ്രകാരം കാണുന്നു.
''തോമസ് പുണ്യവാളന്റെ ശവകുടീരം കൊടുങ്ങല്ലൂര്‍ തുറമുഖത്തു നിന്നും വളരെ അകലെയല്ല. സെന്റ് തോമസ് വധിക്കപ്പെട്ട സ്ഥലത്തെ മണ്ണിന്റെ നിറം ചുവപ്പാണ്. 1258 -ല്‍ ഞാന്‍ അവിടം സന്ദര്‍ശിച്ചപ്പോഴും അവിടത്തെ മണ്ണിന്റെ നിറം ചുവപ്പായിരുന്നു. ഈ മണ്ണു കലക്കി കുടിച്ചാല്‍ രോഗശാന്തി നേടുമെന്നു ഇന്നാട്ടുകാര്‍ വിശ്വസിക്കുന്നു.'' (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പി.ജി പുരുഷോത്തമന്‍പിള്ളയുടെ പരിഭാഷയില്‍ നിന്ന് 1990)
പോര്‍ട്ടുഗീസുകാര്‍ക്കു മൈലാപ്പൂര്‍ , പെരിയമല, ചിന്നമല എന്നീ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ വേണ്ടി മേല്‍പറഞ്ഞ ചരിത്ര ലക്ഷ്യങ്ങളെ നശിപ്പിച്ചു. തോമ്മാശ്ലീഹാ തമിഴ് നാട്ടില്‍ പോയി സുവിശേഷം പ്രസംഗിച്ചതായ വ്യാജ ചരിത്ര രേഖകളും പോര്‍ട്ടുഗീസുകാര്‍ സൃഷ്ടിച്ചു. ഈ ചരിത്രങ്ങളെക്കുറിച്ചു പഠിച്ചു സത്യസന്ധമായ ചരിത്ര വസ്തുതകളെ കണ്ടെത്തി ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ അവൈദീകരുടെ ഒരു പഠന സംഘത്തെ സഭാനേതൃത്വം നിയോഗിക്കേണ്ടതാണ്. അവരുടെ മുമ്പില്‍ വേണ്ടത്ര തെളിവുകള്‍ നല്‍കാന്‍ ഈ ലേഖകന്‍ തയ്യാറാണ്.
(തുടരും)
ഒന്നാംനൂറ്റാണ്ടിലെ റോമൻ ഭരണാധികാരികളെ സംബന്ധിച്ചും യരുശലേം ദേവാലയ സംരക്ഷകരെ സംബന്ധിച്ചും വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിലും യേശു ജീവിച്ചിരുന്നുവെന്ന് തെളിവുകൾ ഇല്ലെന്ന് സ്ഥാപിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. അതേ സമയം ശിഷ്യനായ മാർത്തോമ്മാശ്ലീഹാ കൃത്യമായി മരിച്ച തിയതിയും മരിച്ച സ്ഥലവും തെളിവുസഹിതം കൈവശമുണ്ടെന്നും ലേഖകൻ അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ ചരിത്രത്തിൽ ഇല്ലാത്ത യേശുവിന്റെ ജീവിതത്തിലെ ചരിത്രത്തിലുള്ള ശിഷ്യന് പ്രാധാന്യം കൊടുക്കേണ്ട ആവശ്യമുണ്ടോ? യേശു ചരിത്രത്തിൽ ഇല്ലെങ്കിൽ തോമസ് വെറും വട്ടപൂജ്യമാണെന്നുള്ള സത്യവും ലേഖകൻ മറക്കുന്നു. ആധികാരികമായ പുസ്തകങ്ങൾ പഠിച്ചശേഷമാണ് ബനഡിക്റ്റ് മാർപാപ്പാ അങ്ങനെ ഒരു പ്രസ്താവന നടത്തിയത്. ബനഡിക്റ്റ് മാർപാപ്പയുടെ മറ്റുപല ദോഷവശങ്ങൾ ചൂണ്ടി കാണിക്കാനുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാണ്ഡ്യത്യത്തെ അംഗീകരിച്ചേ തീരൂ. മറുചോദ്യം ചോദിക്കാൻ കഴിവുള്ള ഒരു പുരോഹിതനും അഭിഷിക്തനും കേരളത്തിൽ കാണുമെന്നും തോന്നുന്നില്ല. വിശുദ്ധ തോമസ് വന്നുവെന്ന പൊട്ടത്തരം തലമുറകളിൽക്കൂടി പഠിപ്പിച്ചിട്ട് മാർപാപ്പായുടെ മുഖത്തുനോക്കി കേരളത്തിലെ പണ്ഡിതർക്കു തോമസിന്റെ ഭാരത അസ്തിത്വത്തെ ന്യായികരിക്കുവാൻ സാധിക്കുമോ? തോമായുടെ നടപടികൾ ഒരു നോവലായി കരുതുന്നതിൽ തെറ്റില്ല. ഇത് ചരിത്രമായി കരുതിയാൽ യേശു ഒരു അടിമ കച്ചവടക്കാരനെന്ന് സമ്മതിക്കേണ്ടി വരും. എകജാതനെന്നുള്ള വിശ്വാസത്തിനെതിരായി യേശുവിനെ തോമസിന്റെ ഇരട്ട സഹോദരനായും കാണേണ്ടി വരും.
ReplyDeleteമാർത്തോമ്മാ തമിഴകത്തല്ല കേരളത്തിലാണ് വന്നതെന്ന് ലേഖകൻ തറപ്പിച്ചുപറയുന്നു. ഏത് ഗ്രന്ഥത്തിലാണ് അങ്ങനെയുള്ള ചരിത്രമെന്നും വ്യക്തമല്ല. വെറും ഊഹോഭാവങ്ങൾ കലർത്തി ചിലരുടെ നസ്രാണിത്വം ഇത്തരം ചരിത്രങ്ങൾകൊണ്ട് ഉയർത്തിപ്പിടിക്കാൻ സാധിക്കും. കൃസ്തുവിന്റെ കാലത്ത് കേരളം എന്ന നാട് ഉണ്ടായിരുന്നില്ല. മലയാള ഭാഷയുമുണ്ടായിരുന്നില്ല. കേരളം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു. ഒരു ചെന്തമിഴിലും തോമസ് വന്നതായും ക്രിസ്തുസഭ അന്നുള്ളതായും എഴുതിയിട്ടില്ല. ഇന്ത്യായെന്ന്ക്രിസ്തുവിന്റെ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.
വടക്കേ ഇന്ത്യയും പാക്കിസ്ഥാനും സിന്ധുതീരങ്ങളും മാത്രമായിരുന്നു. ക്രിസ്തുവിന്റെ ജനനത്തിയതിപോലും ചരിത്രകാരുടെ ഇടയിൽ അഭിപ്രായ വിത്യാസമുണ്ട്. എന്നാൽ തോമ്മാശ്ലീഹാ മരിച്ചത് ജൂലൈ 3 എന്നും കൃത്യമായി കേരളചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ചരിത്രങ്ങളും ചരിത്രകാരും ക്രിസ്ത്യൻ മതമൗലികതയുടെ ഭാഗങ്ങളാണ്. ഏ.ഡി. 306 -373 ൽ ജീവിച്ച മാർ അപ്രേം (Mar Aprem: 306-373 AD) മാർത്തോമ്മശ്ലീഹാ ഇന്ത്യയിൽ വന്നുവെന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. അന്നുള്ള ഇന്ത്യയുടെ രാജ്യാതിർത്തി കൃത്യമായി അപ്രേമിന്റെ കൃതിയിൽ ഇല്ല. എങ്കിലും ലേഖനത്തിൽ കാണുന്ന ജൂലൈ 3 മാർ അപ്രേം സഭാകലണ്ടറിൽ രേഖപ്പെടുത്തിയെന്ന ചരിത്രം അവിശ്വസിനീയമാണ്. ഒമ്പതാം നൂറ്റാണ്ടിനുമുമ്പുള്ള കേരളചരിത്രം ഇരുട്ടിൽ തപ്പുമ്പോൾ ക്രിസ്ത്യൻ ചരിത്രകാരുടെ തോമ്മാചരിത്രം മഹാത്മാഗാന്ധിയുടെ ജീവചരിത്രത്തെക്കാളും വ്യക്തമായിട്ടാണ് എഴുതിയിരിക്കുന്നത്. സ്കൂളുകളിലും ഈ അബദ്ധങ്ങൾ പഠിപ്പിക്കുന്നു.
ആറാം നൂറ്റാണ്ടിലാണ് ക്രിസ്ത്യൻ കലണ്ടറിന് തുടക്കമിട്ടത്. Dionysius Exigus എന്ന ക്രിസ്ത്യൻ സന്യാസിയാണ് ക്രിസ്ത്യൻ കലണ്ടർ ആദ്യമായി തയാറാക്കിയത്. അതിനുമുമ്പ് 304 ദിവസങ്ങളടങ്ങിയ പത്തുമാസം ഒരു വർഷമായി കണക്കാക്കിയിരുന്നു. അങ്ങനെയെങ്കിൽ മാർ അപ്രേമിന് സഭാകലണ്ടർ എവിടെനിന്ന് ലഭിച്ചു? ജൂലൈ 3 എന്ന തിയതി പോർട്ടുഗീസുകരുടെ സൃഷ്ടിയാണ്. ചിലരുടെ കുടുംബചരിത്രങ്ങളിലും തോമാശ്ലീഹായെ സംബന്ധിച്ച അവാസ്തവങ്ങളായ കഥകൾ വായിക്കാം. അവർക്കെല്ലാം തോമസ് നേരിട്ട് കൈവെയ്പ്പും നല്കിയിട്ടുണ്ടെന്നും വിശ്വസിക്കുന്നു.
കാളവണ്ടികൾ കൊളോണിയൽ കാലങ്ങൾക്കുമുമ്പുതന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിലും ആസ്ട്രേലിയായിലും ആഫ്രിക്കയിലും ന്യൂസ്ലാന്റിലും അമേരിക്കയിലും ഉണ്ടായിരുന്നു. ലോകവിജ്ഞാന കോശങ്ങൾ ലേഖകൻ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ചരിത്രം തെളിവുകളുടെ അടിസ്ഥാനത്തിൽ എഴുതണം. തെളിവുകളില്ലാത്ത ഒരു മന്ത്രവാദിയെ വിശുദ്ധ തോമസാക്കിയാൽ ക്രിസ്തു ശിക്ഷ്യനാവുകയില്ല. 1670 ലാണ് ആദ്യമായി കാളവണ്ടികളെപ്പറ്റി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിൽ കാണുന്നു. ചരിത്രത്തിന് പ്രാധാന്യം കൊടുക്കാതെ അന്ധവിശ്വാസങ്ങൾക്കാണ് ലേഖനത്തിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അരീത്ര വല്ല്യച്ചനെപ്പറ്റിയും ഇത്തരം ഐതിഹാസിക കഥകളുണ്ട്. എഴുതാൻ ധാരാളമുണ്ടെങ്കിലും സ്ഥലപരിധി അനുവദിക്കുന്നില്ല.