Translate

Saturday, October 26, 2013

എവിടെ തുടങ്ങും?

കത്തോലിക്കാ സഭ, പ്രത്യേകിച്ച് സീറോ മലബാര്‍ സഭ, നവീകരിക്കപ്പെടണം, നവീകരിക്കപ്പെടണം എന്ന് നാലു മൂലകളില്‍ നിന്നും ആരവം ഉയരുന്നത് നാം കേള്‍ക്കുന്നു. പറയാനും കേള്‍ക്കാനും സുഖമുണ്ട്; പക്ഷേ എവിടെ തുടങ്ങണമെന്ന് ചോദിച്ചാല്‍ ആര്‍ക്കും തൃപ്തികരമായ ഒരു മറുപടി തരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സഭയില്‍ 99% വരുന്ന അത്മായനു സ്വാതന്ത്ര്യമില്ലെന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യം. അത്മായന്‍റെ കൈയ്യില്‍ കൊടുത്താല്‍ സഭയുടെ കോടിക്കണക്കിന് ആസ്തി വരുന്ന പ്രസ്ഥാനങ്ങള്‍ തല്ലിപ്പോളിഞ്ഞു പോകും എന്ന മുട്ടാപ്പോക്ക് പറയുന്ന മെത്രാന്മാര്‍, പക്ഷേ, അങ്ങിനെയെങ്കില്‍ സര്‍ സി. പി തന്നെ നാട് ഭരിച്ചാല്‍ മതിയായിരുന്നല്ലോയെന്നു ചോദിച്ചാല്‍ മറുപടിയും പറയില്ല. സര്‍ സി.പി നാട് ഭരിച്ചപ്പോള്‍ ഒരാളെ കക്കുമായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ സര്‍വരും കക്കുന്നു. ഇത് ജനാധിപത്യത്തിന്‍റെ ഒരു പോരായ്മ തന്നെ. ജനദ്ധിപത്യത്തില്‍ ആരും ഉച്ചിഷ്ടം തിന്നു ജീവിക്കേണ്ടതില്ലല്ലൊ എന്നത് നിസ്സാര കാര്യമല്ല.

സഭയിലെ തമ്പ്രാക്കന്മാരുടെ ഏകാധിപത്യ മനോഭാവത്തെക്കാള്‍ ചിലരുടെ തോന്ന്യാസങ്ങളാണ് വാസ്തവത്തില്‍ അത്മായരെ ചൊടിപ്പിക്കുന്നത്. ഞാറക്കല്‍ കന്യാസ്ത്രികളുടെ സ്കൂള്‍ പിടിച്ചെടുത്തതും, തലോറില്‍ കൊവേന്തക്കാരുടെ പള്ളി കസ്ടഡിയിലെടുത്തതും, മോനിക്കായുടെ ഭൂമി തട്ടിപ്പറിച്ചെടുതതിനുമൊക്കെ മുടന്തന്‍ ന്യായങ്ങള്‍ മാത്രം. മാര്‍ ആലഞ്ചേരി അധികാരമേറ്റെടുത്തപ്പോള്‍ ഒരു വലിയ വ്യത്യാസം വന്നേക്കാം എന്ന് എല്ലാവരും കരുതി. പക്ഷേ, സംഭവിച്ചത് മറിച്ച്. മുന്‍ പ്രസിഡണ്ട്‌ അബ്ദുല്‍ കലാം പങ്കെടുത്ത ഒരു വേദിയില്‍ അദ്ദേഹം രുദ്രാക്ഷമാല കളഞ്ഞ് സ്വര്‍ണ്ണ രുദ്രാക്ഷമാല അണിഞ്ഞത് ലോകം കണ്ടു; ഇവിടെ ലാളിത്യം പ്രസംഗിക്കുന്ന അദ്ദേഹം അമേരിക്കയില്‍ വിമാനമിറങ്ങി ലിമോസിന്‍ കാറിലേക്ക് രാജകീയമായി നടന്നു കയറുന്നത് നാം കണ്ടു; എല്ലാം സുതാര്യമായിരിക്കണമെന്നു നിഷ്കര്‍ഷിക്കുന്ന അദ്ദേഹം റോമില്‍ പ്രോക്കൂരാ ഹൌസ് വാങ്ങാന്‍ എന്തുമാത്രം രഹസ്യമായി ആണ് കരുക്കള്‍ നീക്കുന്നതെന്നും നാം കണ്ടു; വിമാനത്തില്‍ നിന്നിറങ്ങാന്‍ അദ്ദേഹത്തിനു സമയമില്ലെന്നും നാം കാണുന്നു. സത്യത്തില്‍ ഒരു ശുദ്ധനാണ് അദ്ദേഹം; പക്ഷേ, അത്മായന്‍ അയക്കുന്ന കത്തുകള്‍ വായിക്കാനോ മറുപടി പറയാനോ തയ്യാറില്ലാത്ത അദ്ദേഹത്തെ ദുഷ്ടന്‍ എന്നല്ലാതെ എങ്ങിനെ കരുതും? അദ്ദേഹത്തിന്‍റെ സ്ഥിതി ഇതാണെങ്കില്‍ മറ്റു മേത്രാന്മാരുടെത് പറയേണ്ടതില്ലല്ലോ. പറയുന്നതൊന്ന്, ചെയ്യുന്നതൊന്ന്; എന്ത് ചെയ്താലും ‘യുവര്‍  ബിയാറ്റിറ്റ്യൂഡ്’ എന്നു തന്നെ നാം വിളിക്കുകയും വേണം. മെത്രാന്മാരുടെ വില കളഞ്ഞത് അത്മായരല്ലല്ലോ!


ഇക്കാണുന്ന കൂദാശകള്‍ക്കൊന്നും വലിയ അര്‍ത്ഥമില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ കോടതിയില്‍ കയറിനിന്നു പറഞ്ഞ ആളാണ്‌ മാര്‍ കല്ലറങ്ങാട്ടെന്ന പണ്ഡിതന്‍. അദ്ദേഹം ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. സഭാ വൃത്തങ്ങളുടെ വ്യാഖ്യാനമനുസരിച്ച് ബൈബിള്‍ പണ്ഡിതനാണ് അദ്ദേഹം. മറ്റു മെത്രാന്മാരുടെ ചെയ്തികളെപ്പറ്റി പത്രങ്ങളില്‍ വന്നത് മാത്രം എണ്ണിപ്പറഞ്ഞാല്‍ നാണമില്ലാത്തവരും നാണിച്ചു പോകും. അതാണ്‌ ഉന്നതങ്ങളിലെ സ്ഥിതി. മരിച്ചത് കൊല്ലത്താണെങ്കില്‍ വിലാപം നീണ്ടകരയെന്നതുപോലെയാണ് സഭയിലെ കാര്യങ്ങള്‍. പോകേണ്ടത് യേശുവിന്‍റെ പിന്നാലെ, പക്ഷേ അനുഗമിക്കുന്നത് ആയിരക്കണക്കിന് വരുന്ന അനുഷ്ടാനങ്ങളെ. സഭയുടെ ആദ്യകാലത്ത് 125 ദിവസവും ഏതെങ്കിലും തരത്തിലുള്ള ഉപവാസങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ഓരോ ദിവസം നൂറ്റമ്പതിലേറെ അനുഷ്ടാനാചാരങ്ങളാണ്. ഇതെഴുതി തീരുമ്പോഴേക്കും എവിടെങ്കിലും ചിരട്ട നേര്‍ച്ച തുടങ്ങിയിരിക്കാന്‍ സാദ്ധ്യതയുണ്ട്.

 യേശുവിനെയല്ല ഐതിഹ്യങ്ങളിലെ  മാര്‍ത്തോമ്മായെയാണ് നമുക്ക് വേണ്ടതെന്നു പ്രഖ്യാപിക്കാന്‍ ഒരു നാണവുമില്ലായിരുന്നു സിനഡിന്. ‘മാര്‍ത്തോമ്മാ സ്ലിഹായാല്‍ സ്ഥാപിതമാണ് ഭാരതസഭ എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു...’ ഒരു ബൈബിള്‍ പണ്ഡിതന്‍റെ ആദിമ സഭയെപ്പറ്റിയുള്ള ലേഖനം തുടങ്ങുന്നത് ഇങ്ങിനെ. പക്ഷേ, നമ്മുടെ പിതാക്കന്മാര്‍ക്കു ഇക്കാര്യത്തില്‍ വെറും വിശ്വാസമല്ല ഉള്ളത്, ഉറച്ച വിശ്വാസമാണ്. മാര്‍ത്തോമ്മായുടെ മരണവും തിരുശേഷിപ്പിന്‍റെ ആധികാരികതയും തെളിവുകളുടെ പിന്‍ബലത്തോടെ റോം സ്ഥാപിച്ചിട്ടുള്ളതാണ്. അതില്‍ മൈലാപ്പൂരുമില്ല .... മലയാറ്റൂരുമില്ല. തീരുമാനം ആരു വേണമെങ്കിലും എടുക്കട്ടെ, ഏതെങ്കിലും ഒരെണ്ണം തറപ്പിച്ച് പറയാന്‍ ആര്‍ക്കു കഴിയും? തോമ്മാ സ്ലിഹാ ഇവടെ വന്നിരിക്കാം, ഇല്ലായിരിക്കാം; ഇതിനു തീരുമാനമുണ്ടാക്കുകയല്ല നമ്മുടെ ജീവിത ലക്‌ഷ്യം; അതെ ഞാന്‍ പറയുന്നുള്ളൂ. ഒരു തമാശക്കാണ് താമരക്കുരിശുമായി വന്നതെന്ന് തോന്നും ഇപ്പോള്‍ പിതാക്കന്മാരുടെ വര്‍ത്തമാനം കേട്ടാല്‍. ഇത് കൊണ്ടുവന്നപ്പോഴേ ബഹുശതം വിവരമുള്ള വൈദികര്‍ വേണ്ടാ, അരുതെന്ന് പറഞ്ഞതുമാണ്. ഇപ്പോള്‍ ആണ്ടെ കിടക്കുന്നു, അര്‍ത്ഥശങ്കക്കിടയില്ലാതെ മാനിയുടെ കള്ളക്കുരിശാണിതെന്നു കാണിക്കുന്ന നിരവധി തെളിവുകള്‍. സ്വയം പണിതു വെച്ച നിരവധിയായ കുടുക്കുകളില്‍ നിന്ന് മെത്രാന്മാരും തലയൂരാന്‍ പോകുന്നില്ല, ഈ കെണിയില്‍ നിന്ന് അത്മായരും രക്ഷപ്പെടാന്‍ പോകുന്നില്ല. ആര്‍ക്കെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടോ? ജീവനും കൊണ്ട് ഓടി രക്ഷപ്പെടുക. ആ മാര്‍ഗ്ഗം തിരഞ്ഞെടുത്ത നിരവധി ക്രിസ്ത്യാനികളും കേരളത്തില്‍ പല ആശ്രമങ്ങളിലായുണ്ട്. സഹായം വേണ്ടവര്‍ അവരെ സമീപിക്കുക. പോകുന്നവര്‍ കുളിച്ചിട്ടേ പോകാവൂ. 

1 comment:

  1. എവിടെ തുടങ്ങണമെന്നാണ് ശ്രീ മറ്റപ്പള്ളി ചോദിക്കുന്നത്. സംശയിക്കേണ്ട, സഭയുടെ അകത്തുള്ള ശുദ്ധീകരണം മറ്റപ്പള്ളിയുടെ സ്വന്തം രൂപതയിലും അഭിഷിക്തന്റെ ആർഭാടങ്ങളിലുമാവട്ടെ. മന്ത്രി കൊച്ചമ്മമാർപോലും ആ ഭവനത്തിലുണ്ട്. ഇടുക്കിവരെ വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ ഒരു സാമ്രാജ്യവും പിടിച്ച് അഭിഷിക്തൻ വാഴുന്നു. മഹാരാജാവിന്റെ കനകം വിളയുന്ന നാട്ടിൽനിന്ന് കേൾക്കുന്നതെന്നും സുഖകരമല്ലാത്ത വാർത്തകളാണ്. അഭിഷിക്തനായി രൂപതയെ ഭരിക്കാൻ ഇനീ ഇദ്ദേഹത്തിന് പാപ്പയുടെ കൊടുവാളിനെയും ഭയപ്പെടണം.

    രണ്ട് ലോകമഹായുദ്ധത്തിനും കാരണക്കാർ ജർമ്മനിയായിരുന്നു. ആർഭാടത്തിൽ ജീവിച്ച ബനഡിക്റ്റ് പതിനാറാമനും ആ രാജ്യത്തുനിന്നുതന്നെ ജനിച്ച പാപ്പായായിരുന്നു. അദ്ദേഹം ഇന്നും രാജകീയ സൌകര്യങ്ങളോടെ ജീവിക്കുന്നുവെന്ന് വിമർശകർ ചൂണ്ടി കാണിക്കുന്നു. പ്രായാധിക്യം ബാധിച്ച അദ്ദേഹത്തിൻറെ മനസ് വേദനിപ്പിക്കണ്ടായെന്നും നിക്ഷ്പക്ഷമതികൾ ചിന്തിക്കുന്നു.. എങ്കിലും ആർഭാടത്തിന് പാപ്പാ പിടികൂടിയത് അഭിനവ ഇത്തിക്കണ്ണിപരമുവായ ജർമ്മൻ ബിഷപ്പിനെ തന്നെ.
    സത്യത്തിൽ ആഡംബരത്തിൽ ജീവിക്കുന്ന പിടികിട്ടാപുള്ളികളായ ഇതിലും വലിയ താപ്പാനകൾ കേരളത്തിലുണ്ട്. കൂദാശകൾക്ക്‌ വിലയില്ലെന്ന് പറഞ്ഞ കല്ലറങ്ങാട്ടിന്റെ ചരിത്രം ഞാൻ മറന്നുകിടക്കുകയായിരുന്നു. ഇതുപോലുള്ള അനേകമനേക വസ്തുതകൾ മനുഷ്യർ പിന്നീട് മറക്കുന്നു. ഭക്തരുടെ മറവികളുടെ ബലഹീനതകൾ അഭിഷിക്തർക്കറിയാം.. എന്ത് പ്രശ്നം വന്നാലും കുറച്ച് ബഹളം വെക്കും. പിന്നീട് ആ കഥകൾ തേഞ്ഞുമാഞ്ഞ് പോവും. അഭിഷിക്ത ലോകത്തിന്റെ വിജയവും അവിടെയാണ്. തലോർ പ്രശ്നവും, ദളിതന്റെ ശവമടക്കൽ നിഷേധവും, പഴയിടം പള്ളിയിലെ ജോലിക്കാരനെ പിരിച്ചുവിട്ടതും കാഞ്ഞിരപ്പള്ളി ഗുണ്ടാ പിതാവിന്റെ വിളയാട്ടവും അങ്ങനെ പലതും നാം ഇവിടെ ചർച്ചചെയ്തു. മഹാത്മാഗാന്ധിയുടെ നയങ്ങളെ അനുകരിക്കുന്നത് അല്മായന്റെ ബലഹീനതയെന്നും കേരളത്തിലെ ഗുണ്ടാപിതാക്കൾ കരുതുന്നു.

    സി.പി. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം പുലർത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രസിഡന്റാകുമായിരുന്നു. സിംഗപ്പൂർ നിലവാരത്തിൽ തിരുവിതാംകൂറിനെ അഭിവൃദ്ധി പ്രാപിപ്പിക്കാൻ അനേക പദ്ധതികളും തയ്യാറാക്കിയിരുന്നു. കത്തോലിക്കാ സഭയോടും ചങ്ങനാശേരി ബിഷപ്പ് കാളാശേരിയോടും മല്ലിടാൻ ശ്രമിച്ചതായിരുന്നു സി.പി. യുടെ പരാജയ കാരണവും. സ്കൂളുകൾ ദേശവൽക്കരിക്കാൻ അദ്ദേഹം ധൃതികൂട്ടി. അന്നത്തെ ക്രിസ്ത്യൻ വർഗീയത ആ പദ്ധതി തകർത്തു. ക്രിസ്ത്യാനികൾ ഒഴികെ പഴയ തലമുറകൾ അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ സഫലമായിരുന്നെങ്കിൽ ഇന്ന് ഈ കോഴ കോളേജുകൾ നിലവിൽ വരില്ലായിരുന്നു.

    ആഡംബരമെന്നു പറയുമ്പോൾ നാം എല്ലാ പുരോഹിതരെയും ഒരേ ത്രാസിൽ കാണരുത്. നല്ലവരായവർ അനേകരുണ്ട്. വടക്കേഇന്ത്യയിൽ ചിലപ്പോൾ മണിക്കൂറുകൾ ചപ്പലില്ലാതെയും നടന്ന് പ്രേഷിതസേവനം നടത്തുന്നവരുണ്ട്. പലയിടത്തും അവർ മതഭീകരരുടെ പീഡനവും കൊടുംയാതനകളും സഹിക്കണം. ഒരു മുള്ളുവേലിക്കകത്തു കഴിഞ്ഞുകൂടുന്ന അങ്ങനെയുള്ളവർ ശബ്ദിക്കാൻ അവകാശമില്ലാതെ നിശബ്ദരായി കഴിഞ്ഞുകൂടുന്നുവെന്നേയുള്ളൂ. ആഡംബരത്തിൽ ജീവിക്കുന്ന പുരോഹിതരുടെ ആഡംബര വസ്തുക്കൾ പിടിച്ചെടുത്ത് അതിൽനിന്നുണ്ടാകുന്ന പണം ദാരിദ്രത്തിൽ കഴിയുന്ന പുരോഹിതരുടെ ക്ഷേമത്തിനായും ചെലവാക്കി ഈ രാജകീയ പൌരാഹിത്യത്തെ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റണം. കത്തോലിക്കാസഭയിൽ കോണ്‍സ്റ്റാന്റിയന്റെ കാലംമുതലാണ് ബഫൂണ്‍ വേഷധാരികളായ പുരോഹിതരുടെ തുടക്കം. നീളമുള്ള കുപ്പായങ്ങളിട്ട് തെരുവിൽക്കൂടി സഞ്ചരിക്കുന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും കാണണമെങ്കിൽ ഉഷ്ണരാജ്യമായ കേരളത്തിൽ വരണം. കന്യാസ്ത്രീ ജനങ്ങളെ മൂടിക്കെട്ടി ഇങ്ങനെ നടത്തിക്കുന്നത് സ്ത്രീജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. പണ്ടൊക്കെ അവരുടെ തല മൊട്ടയടിച്ച് അവരുടെ തലമുടി മോഷ്ടിച്ച് കന്യാസ്ത്രീകൾ മാർക്കറ്റിൽ വില്ക്കുമായിരുന്നു.

    തലോർ പള്ളിക്കായി കർമ്മലീത്താക്കാരും തൃശ്ശൂർ മെത്രാനും അടിനടത്തുന്നതുപോലെ
    ചങ്ങനാശേരിയിലും അത്തരം പ്രതികരണങ്ങൾ ഉടൻ പ്രതീക്ഷിക്കാം. ചാവറ കുരിയാക്കോസിന്റെ വിശുദ്ധപദവി ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കിട്ടിയ ഈ നിധി കർമ്മലീത്താവൈദികർ മറ്റാർക്കും വിട്ടുകൊടുക്കുമെന്നും തോന്നുന്നില്ല. ഇങ്ങനെ ഒരു പുണ്യാളനെ നേടാൻ കർമ്മിലീത്താ പുരോഹിതർ ഒഴുക്കിയ പണത്തിന് കണക്കില്ല. പുണ്യാളൻ കൃഷിക്കായി മുടക്കിയ ഉത്ഭാതനചിലവ് വീണ്ടെടുക്കാൻ അഞ്ച് വർഷത്തെ വിളവെങ്കിലും കൊയ്യണം. മനോഹരമായ പൂന്തോട്ടം പിടിപ്പിക്കാനും കോടികണക്കിന് രൂപാവേണം. മെത്രാൻ വന്നാൽ ആധുനിക സൗകര്യങ്ങളൊടെയുള്ള കുളിമുറിക്കും ലക്ഷങ്ങൾ വിശ്വാസികളിൽനിന്ന് ലഭിച്ചേ മതിയാവൂ. ഒത്തിരി പ്രയാസപ്പെട്ടാണ് ചാവറയച്ചനെകൊണ്ട് കൊവേന്തക്കാർ രണ്ടാമത്തെ അത്ഭുതം കാണിപ്പിച്ചത്. ഇദ്ദേഹം ചെയ്ത ഏറ്റവും വലിയ പുണ്യപ്രവർത്തി മാന്നാനത്ത്‌ കുറെ കെട്ടിടങ്ങൾ പണിതെന്നുള്ളതാണ്. കുപ്രസിദ്ധരായ അനേക കൊവേന്തവൈദികർക്ക് അധ്യാപകജോലിയും ലഭിച്ചു.

    ReplyDelete