Translate

Tuesday, October 15, 2013

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത

പ്രൊഫ. എസ്. ശിവദാസ്   

പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ഭരണങ്ങാനത്ത് അസ്സീസിമാസിക ഓഡിറ്റോറിയത്തില്‍വച്ച് നടത്തിയ ഒരു പ്രഭാഷണത്തില്‍നിന്ന്.
(പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.) 
ആ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം മനോഭാവം ബ്ലോഗില്‍ 
http://dhanyabhoomika.blogspot.in/
നാളെ മുതല്‍ ഖണ്ഡങ്ങളായി, വായിക്കുക: 

ഇന്ന് കുട്ടികള്‍ക്ക് പഠിക്കാന്‍ മണ്ണിരയെപ്പറ്റി പാഠപ്പുസ്തകത്തില്‍ പാഠമുണ്ട്. മണ്ണിര ഇലതിന്ന് വിസര്‍ജിച്ച് നമ്മുടെ മണ്ണിന്റെ വളക്കൂറു കൂട്ടിത്തരുന്നു എന്നാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. വാസ്തവത്തില്‍ മണ്ണിര ഇല വളമാക്കാന്‍വേണ്ടി യാതൊന്നും ചെയ്യുന്നില്ല. അതു വ്യക്തമാക്കാന്‍ ഞാനെഴുതിയിട്ടുള്ള ഒരു പുസ്തകത്തെപ്പറ്റി അല്പം പറയാം. 
ആ പുസ്തകത്തിന്റെ പേര് മാത്തന്‍ മണ്ണിരക്കേസ് എന്നാണ്. ഞാന്‍ യുറീക്കയുടെ എഡിറ്ററായിരുന്നപ്പോള്‍ ഒരു കുട്ടി അയച്ച ഒരു കത്തായിരുന്നു ആ പുസ്തകത്തിന് പ്രചോദനമായത്. ഒരു മണ്ണിര കര്‍ഷകത്തൊഴിലാളി പെന്‍ഷനുവേണ്ടി നല്കുന്ന അപേക്ഷയുടെ രൂപത്തിലായിരുന്നു ആ കത്ത്. ആ കത്ത് ഒരു ചര്‍ച്ചാവിഷയമാക്കിയതിനെത്തുടര്‍ന്ന് മാസികയില്‍ സജീവമായ ചര്‍ച്ച ഒരു വര്‍ഷത്തിലേറെ നീണ്ടു. രാസവളപ്രയോഗം മൂലം കേരളത്തില്‍ മണ്ണിരയേ ഇല്ലാതിരിക്കുകയാണെന്നും കത്തും മണ്ണിരയും വ്യാജമാണെന്നും കള്ളക്കത്തു പ്രസിദ്ധീകരിച്ച പത്രാധിപര്‍ ശിക്ഷാര്‍ഹനാണെന്നും വരെ കത്തുകള്‍ വന്നു. അപ്പോള്‍ ഞാന്‍ മണ്ണിരയെപ്പറ്റി കൂടുതല്‍ പഠിച്ചു. മണ്ണിരയ്ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആ പംക്തി അവസാനിപ്പിച്ചു. 

അപ്പോഴാണ് യുണെസ്‌കോയുടെ ഒരു സെമിനാറിന് പാരീസില്‍ ചെല്ലാന്‍ എനിക്കു ക്ഷണം കിട്ടുന്നത്. അനേകം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ ഈ കഥ ഇംഗ്ലീഷില്‍ Mathew the Earthworm എന്ന പേരില്‍ അവതരിപ്പിച്ചു. യുണെസ്‌കോയ്ക്ക് വലിയൊരു സംഭാവനയാണ് എന്റെ അവതരണമെന്നു പറഞ്ഞ് പ്രത്യേക സ്‌കോളര്‍ഷിപ്പും തന്ന് സംഘാടകര്‍ എന്ന ജര്‍മ്മനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ധാരാളം കമ്പ്യൂട്ടറുകളും മറ്റുമുള്ള ഒരു ഓഫീസിലിരുന്നാണ് ഞാന്‍ ഈ പഠനം നടത്തിയതെന്നാണ് അവര്‍ കരുതിയത്. അവരുടെ പ്രോത്സാഹനത്തില്‍ മാത്തന്‍ മണ്ണിരക്കേസ് ഒരു പുസ്തകമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. പുസ്തകം വായിച്ച എന്റെ മകന്‍ പറഞ്ഞു: ''ഇത് അച്ഛന്റെ സ്വന്തം പുസ്തകമായിട്ടില്ല.'' അപ്പോള്‍ എന്റെ കണ്ണുതുറന്നുകിട്ടി. ഞാന്‍ അതിന് ഒരധ്യായം കൂടി എഴുതിച്ചേര്‍ത്തു. ആ പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ എഴുതപ്പെട്ട, മാത്തന്‍ മണ്ണിര തനിക്കു പെന്‍ഷന്‍ വേണ്ടെന്നു വ്യക്തമാക്കുന്നതിന്റെ കാരണമാണ് ഞാന്‍ ആദ്യം സൂചിപ്പിച്ചത്. അതെന്തെന്നല്ലേ?
എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയ ഞാന്‍തന്നെ പൊട്ടിച്ചിരിച്ചുപോയ ഒരധ്യായമായിരുന്നു, അത്. മണ്ണിരയുടെ പെന്‍ഷന്‍നിഷേധക്കുറിപ്പായി എഴുതപ്പെട്ട ആ അധ്യായം ഏതാണ്ട് ഇങ്ങനെയായിരുന്നു: 

''എനിക്ക് കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍ അനുവദിക്കുന്നു എന്നറിയിച്ചുകൊണ്ടിറക്കിയ ഉത്തരവു കണ്ടു. നന്ദി. എന്നാല്‍ എനിക്ക് പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ടെഴുതിയ കത്തും കടുത്ത രാസവളപ്രയോഗത്താല്‍ ഞാനിന്ന് ജീവിച്ചിരിപ്പുപോലുമില്ലെന്നുള്ള കത്തും ഒക്കെക്കൂടി വായിക്കാനിടയായ എനിക്കു നിങ്ങളോടൊരു ചോദ്യമുണ്ട്. ഞാന്‍ ഇലയില്‍നിന്ന് വളമുണ്ടാക്കുന്നു എന്ന് നിങ്ങളോടാരാണ് പറഞ്ഞത്? ഞാന്‍ എന്നെ അറിയുന്നിടത്തോളം പോലും നിങ്ങള്‍ക്ക് എന്നെ അറിയില്ലാത്ത സ്ഥിതിക്ക് എനിക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ നിങ്ങളാരാണ്? ഞാനൊരു സത്യം പറയാം. ഞാന്‍ ഇല തിന്നുന്നുണ്ടെന്നല്ലാതെ നിങ്ങള്‍ക്ക് വളമുണ്ടാക്കിത്തരുന്നൊന്നുമില്ല. എന്റെ ഉദരത്തില്‍ അനേകം കോടി സൂക്ഷ്മജീവികളുണ്ട്. അവയാണ് ഞാന്‍ കഴിക്കുന്ന ആഹാരം നിങ്ങള്‍ വളമെന്നു വിളിക്കുന്ന ആ സാധനമാക്കി മാറ്റുന്നത്. ആ സൂക്ഷ്മജീവികള്‍ നിങ്ങളുടെ ശരീരത്തിലുമുണ്ട്. അവയില്ലെങ്കില്‍ എനിക്കോ നിങ്ങള്‍ക്കോ ജീവിക്കാന്‍ പോലും സാധ്യമല്ല എന്നതാണ് വസ്തുത. നാമെല്ലാം ഒരു വലിയ കൂട്ടായ്മയിലെ കണ്ണികള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ പ്രകൃതിയിലെ നിരവധി ജീവജാലങ്ങളുടെ ആ കൂട്ടായമയുടെ ഒരു പ്രതീകം മാത്രമാണ്, ഞാന്‍ .  ഈ കാരണത്താല്‍ നിങ്ങള്‍ എനിക്ക് അനുവദിച്ച പെന്‍ഷന്‍ സവിനയം ഞാന്‍  നിഷേധിക്കുന്നു.''

ഈ പുസ്തകം ഇറങ്ങി ഏതാനും മാസങ്ങള്‍ക്കകം തന്റെ ഒരു ശിഷ്യ സമ്മാനിച്ച പുസ്തകം വായിച്ച് സാക്ഷാല്‍ നിത്യചൈതന്യയതി എനിക്കെഴുതി: ''നിങ്ങളിത് കുട്ടികള്‍ക്കായി എഴുതിയതാണെങ്കിലും എന്നെപ്പോലെയുള്ള മുതിര്‍ന്നവരും വായിക്കേണ്ട ഒരു പുസ്തകമാണിത്. ഇത്ര മഹത്തായ ഈ പുസ്തകം മലയാളത്തില്‍ രചിക്കപ്പെട്ടു എന്നതില്‍ എനിക്കും അഭിമാനമുണ്ട്.''

ഈയിടെ വായിച്ച, ഒരു സ്ത്രീ എഴുതിയ, ഒരു ശാസ്ത്രലേഖനം ആശ്ചര്യജനകമാണ്: ''മനുഷ്യന്റെ ശരീരത്തിലേക്ക് സൂക്ഷ്മജീവികള്‍ കടക്കുന്നത് പ്രസവസമയത്താണ്. അവ മനുഷ്യന്റെ ഉദരത്തില്‍ പ്രവേശിച്ച് കോളനികള്‍ ഉണ്ടാക്കുന്നു. അവയില്‍ ഭൂരിപക്ഷവും നമ്മെ രോഗബാധകളില്‍നിന്നു രക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. ഓരോ മനുഷ്യന്റെയും ഉദരത്തില്‍ ഉള്ള അവയുടെ എണ്ണം 26000 കോടിയിലേറെയാണ്.'' 

ഒന്നോര്‍ത്താല്‍ മനുഷ്യനുവേണ്ടി അവ എന്നതിലേറെ മനുഷ്യന്‍ അവയ്ക്കുവേണ്ടിയാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ശരീരത്തിന്റെ ആകൃതിതന്നെ അവയ്ക്ക് സുഖമായി ജീവിക്കാന്‍ പറ്റിയ വിധത്തിലാണ്. നാം അവരുടെ വലിയൊരു വീടാണ്. മണ്ണിര സ്വയം വിശേഷിപ്പിച്ചത് മനുഷ്യനും ബാധകമാണെന്നര്‍ഥം. മനുഷ്യനും ഒരു ജൈവ കൂട്ടായ്മയുടെ പ്രതീകമാണ്. ആര്‍ക്കും ഒറ്റയ്ക്ക് നിലനില്പ്പില്ല. 
അല്പം കൂടി ചിന്തിച്ചാല്‍ ജീവന്‍ നിലനില്ക്കാന്‍ ജീവജാലങ്ങളുടെ കൂട്ടായ്മ മാത്രം പോരാ എന്നു മനസ്സിലാകും. മണ്ണും ജലവും മഴയും പുഴയും ഒക്കെ ജീവന്‍ നിലനില്ക്കാന്‍ അനിവാര്യമാണല്ലോ. നമുക്ക് ഉപദ്രവകാരികളായി തോന്നുന്ന ജീവജാലങ്ങളും എത്രത്തോളം അനിവാര്യമാണെന്നു വ്യക്തമാക്കുന്ന മിത്താണ് പഴയനിയമത്തിലെ നോഹയുടെ പെട്ടകം. നിലനില്ക്കുന്ന വികസനം എന്നു പറയുമ്പോള്‍ മനുഷ്യന്‍ മാത്രം നിലനില്ക്കുന്ന വികസനം എന്ന അര്‍ഥമല്ല ഉള്ളത് എന്ന വസ്തുതയും മറക്കരുത്. 

4 comments:

  1. കോട്ടയം സി.എം.എസ്. കോളെജിലെ രസതന്ത്രം അധ്യാപകനായിരുന്ന പ്രൊഫ. എസ്. ശിവദാസിന്റെ അല്മായശബ്ദത്തിൽ പോസ്റ്റ്‌ ചെയ്ത ലേഖനം വായിച്ചു. ഈ ലേഖനത്തിനുള്ളിലെ മണ്ണിരക്ക് പെൻഷൻ കൊടുത്ത് പറഞ്ഞു വിടുന്നതിലും യോജിപ്പില്ല. പ്രതിഷേധമേയുള്ളൂ. കാരണം മണ്ണിര ഒരു ഉത്തമ കൃഷിക്കാരന് മരണമില്ലാത്തതാണ്. ഒരു രസതന്ത്ര പണ്ഡിതൻ എഴുതിയതുകൊണ്ട് സാമാന്യജനം അദ്ദേഹത്തിന്റെ അഭിപ്രായം നിശബ്ദമായി ശരിവെക്കുകയുള്ളൂവെന്നുമറിയാം. മണ്ണിര മണ്ണിന്റെ ജീവനാണ്. ദൈവം മണ്ണിരയെ സൃഷ്ടിച്ചതും മണ്ണിന് ഊർജം നല്കാനാണ്. മണ്ണിര അനേക പക്ഷികളുടെയും മാമ്മൽ വർഗത്തിലുള്ള ജന്തുക്കളുടെയും ഇരയാണ്. മണ്ണിരയെ ചൂണ്ടയിൽ കോർത്തായിരുന്നു മത്സ്യം പിടിച്ചിരുന്നതും. ഭൂമിയിൽ മറ്റുള്ള ജീവജാലങ്ങൾക്ക് സ്വയം ഭക്ഷണമാവുമ്പോഴാണ്‌ ആത്മീയത തെളിയുന്നത്. ആ ജോലി മണ്ണിര ശരിക്കും നിർവഹിക്കുന്നുണ്ട്. ഒരു പക്ഷെ കേരളത്തിൽ പക്ഷികൾ ഇല്ലാതാവുന്നതും മണ്ണിരകളുടെ അഭാവമായിരിക്കാം. നല്ല മണ്ണിന്റെ സ്വാഭാവിക വളക്കൂറു വർദ്ധിപ്പിക്കാൻ മണ്ണിര ആവശ്യമാണ്.

    വളക്കൂറും ഈർപ്പവുമുള്ള മണ്ണിൽ അനേകകോടി മണ്ണിരകൾ കാണും. മണ്ണിരകൾ മണ്ണിൽ സ്വയം കുഴികൾ കുത്തുമ്പോൾ മണ്ണിലേക്ക് വളക്കൂറിനാവശ്യമായ വായു കയറുകയാണ്. മണ്ണിനെ വളമാക്കുവാൻ പ്രധാനഘടകം വായുവാണ്. ഇങ്ങനെ മണ്ണിര കുഴികൾ കുഴിക്കുന്നതുകൊണ്ട് വെള്ളം മണ്ണിനടിയിലേക്ക് പ്രവേശിക്കുന്നു. മണ്ണിരയുടെ ഈ പ്രവർത്തന മണ്ഡലങ്ങളിൽകൂടി തുടർച്ചയായി മണ്ണിരകൾ മണ്ണും തിന്നുകൊണ്ടിരിക്കുന്നു. എന്നാൽ അത് വിസർജിക്കുന്ന കാഷ്ടം ഉപദ്രവമുള്ളതല്ല. മറിച്ച് മണ്ണിന് സഹായകമാണ്. മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കുന്നു. കാരണം അത് വിസർജിക്കുന്നതിൽ അടങ്ങിയിരിക്കുന്നത് ഫോസ്ഫെരസ്, മാഗ്നീഷ്യം, കാത്സിയം, നൈട്രജൻ എന്നീ താതുക്കളാണ്. ഇവകൾ മണ്ണിനെ വളക്കൂറുള്ളതാക്കുന്നു. അങ്ങനെ ചുറ്റുമുള്ള സസ്യങ്ങൾക്ക് വളരാൻ സാധിക്കുന്നു.
    ജൈവമായ എല്ലാ വസ്തുക്കളും മണ്ണിരകൾ കഴിക്കുന്നു. ദ്രവിച്ച ഇലകൾ, പുല്ല്, ചാണകം, കമ്പോസ്റ്റ് ഇവകൾ മണ്ണിരയുടെ ഭക്ഷണമാണ്. അതിനുശേഷം മണ്ണിരകൾ സ്വയം മുറിഞ്ഞ് പല ഭാഗങ്ങളാകുന്നു. അങ്ങനെ ചെയ്യുന്നവഴി മണ്ണിര സ്വയം വളമാവുകയാണ്. അത് ചെടികൾക്ക് നല്ലതാണ്. കാരണം ആ മുറിഞ്ഞ മണ്ണിരയുടെ ഭാഗങ്ങളിൽ ധാരാളം ജൈവവസ്തുക്കളുണ്ട്. ഒരു പൂന്തോട്ടത്തിൽ മണ്ണിരകൾ ഉള്ളത് നല്ലതാണ്. മണ്ണിന് വെള്ളം, വായു, ജൈവ വസ്തുക്കൾ ഉണ്ടാക്കുക എന്നീ മൂന്ന് കാര്യങ്ങളാണ് മണ്ണിരകൾ ഒരു കൃഷി തോട്ടത്തിന് ചെയ്യുന്നത്. ചെടികളുടെ വേരുകൾ മണ്ണിൽ തടസമില്ലാതെ സഞ്ചരിക്കാനും സാധിക്കും. മനുഷ്യജീവിതത്തിന് വളരെ ഉപകാരമുള്ള ജീവിയെ രാസവളങ്ങളിൽക്കൂടി പെൻഷൻ കൊടുത്ത് പറഞ്ഞ് വിടരുതെന്നും അപേക്ഷയുണ്ട്. നന്ദിയില്ലാത്ത മനുഷ്യജാതി മണ്ണിരകളെ രാസവളങ്ങൾ ഉപയോഗിച്ച് കൊല്ലുന്നതും ക്രൂരതയാണ്.

    ReplyDelete
    Replies
    1. please read an old poem by me from http://josantony-josantony.blogspot.in/2013/09/blog-post_21.html

      Delete
    2. ജോസാന്റണിയുടെ 'ജീവാണുഗീത' എന്ന കവിത വായിച്ചു. ഭാവനകളും തത്ത്വചിന്തകളുമൊരുപോലെ ഈ കവിതയെ ധന്യമാക്കുന്നു. ജീവന്റെ സൃഷ്ടിയിൽ ഓരോ പരമാണുവും ശ്രേഷ്ഠമാണെന്നുള്ള സന്ദേശവും കവി നല്കുന്നുണ്ട്. കവിക്ക്‌ എന്റെ അനുമോദനങ്ങൾ.

      ഒരു കുഞ്ഞ് ജനിക്കുമ്പോഴേ അമ്മയുടെ മാറിടം അമ്മിഞ്ഞാപ്പാലിനായി കുഞ്ഞ് തപ്പും. അതിനൊപ്പം കോടാനുകോടി ജീവാണുക്കളും നുകരും. പുതിയ ലോകത്തെത്തിയ നവാഗതനെ സ്വീകരിക്കാൻ അറിയാതെ അമ്മ 'രാരാരോ' പാടിപ്പോവും. പ്രകൃതിപോലും അമ്മയുടെ മനസിനൊത്ത് അന്ന് താളം തുള്ളുന്നതായും തോന്നും.

      അന്നത്തിനായി ജനിച്ച നമ്മൾതന്നെ ഒരിക്കൽ പുഴുക്കൾക്ക് ഇരയാകുമെന്ന സത്യം കവി കവിതയിൽക്കൂടി അവതരിപ്പിച്ചതും അതോടൊപ്പം കവിയുടെ ഭാവനാത്മകതയും ഒരുപോലെ നന്നായിരിക്കുന്നു. വൻവൃഷങ്ങൾ കാറ്റത്താടും. നിലം പതിക്കും. എന്നാൽ പുൽക്കൊടിയോ, കൊടുംകാറ്റിലും അതുകൾ നൃത്തം ചെയ്യുമെന്നാണ് കവിയുടെ ഹൃദയം മന്ത്രിച്ചത്. എത്രയോ വാസ്തവം. സത്യമെന്നും ചിന്തിക്കൂ! ഈ ലോകത്ത് വലിയവനായി ആരുമില്ല. വലിയവനു ചെയ്യാൻ സാധിക്കാത്തത് ചെറിയവന് ചെയ്യാൻ സാധിക്കും. മനുഷ്യന്റെ ബുദ്ധിക്കതീതമായി മണ്ണിരകൾപോലും സ്വയം കർമ്മങ്ങൾ അനുഷ്ടിക്കുന്നു.

      രണ്ടായിരം വർഷങ്ങൾ കഴിഞ്ഞിട്ടും യേശുവെന്ന സത്യം തിളങ്ങിനില്ക്കുന്നു. രാജാക്കന്മാരും ഭരണാധികാരികളും സീസറും നിലംപതിച്ചു. യേശുവിനൊപ്പം മുക്കവക്കുടിലിൽ പിറന്ന എളിയവരായവരും ലോകത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. 'നിങ്ങളിൽ ചെറിയവൻ എന്നെ ഇഷ്ടപ്പെടുന്നുവെന്ന' തത്ത്വമായിരുന്നു യേശുവെന്ന അദ്വൈതിക്കു പറയാനുണ്ടായിരുന്നത്. അവന്റെകൂടെ സഞ്ചരിച്ചിരുന്നവരും ചെറിയവരായിരുന്നു. മനുഷ്യന്റെ സ്വാർഥതമൂലം പ്രകൃതിയെ അന്ന് നശിപ്പിച്ചിട്ടില്ലായിരുന്നു. ശുദ്ധമായ വെള്ളവും നീരുറവകളും നദികളിൽ ഒഴുകുന്നുണ്ടായിരുന്നു.

      ഒരു പരമാണുവിന്റെയും പ്രവർത്തനത്തെ നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല. ഓരോ ജീവനെയും അതിന്റേതായ ഓരോ ജോലി പ്രപഞ്ചം എൽപ്പിച്ചിട്ടുണ്ട്.

      എന്റെ ചെറുപ്പകാലങ്ങളിൽ ഒരിക്കലൊരു സംഭവം ഓർക്കുന്നു. വീട്ടിൽ ഒരംഗത്തിന് കാലിൽ പുരട്ടുന്നതിനായി തലയിലുണ്ടാകുന്ന ‘നൂറ് പേൻ' അരച്ചുകലർത്തി ഒരു ആയുർവേദ മരുന്നുണ്ടാക്കാൻ വൈദ്യൻ നിർദ്ദേശിച്ചിരുന്നു. വീട്ടിലുള്ളവരുടെ തല അരിച്ചിട്ടും പേൻ എന്ന ഉപദ്രവകാരി നിസാര ജീവിയെ, ഒന്നുപോലും അന്ന് കിട്ടിയില്ല. ഒടുവിൽ ഒരു വേട്ടവസ്ത്രീയോട് പണംകൊടുത്ത് ഞങ്ങൾ അവരുടെ തലയിൽനിന്നും ഈരിയെടുത്ത പേൻ വിലക്ക് വാങ്ങി. അധകൃതരോട് നസ്രാണിയുടെ സങ്കുചിത ചിന്താഗതി അങ്ങേയറ്റമുണ്ടായിരുന്ന കാലവുമായിരുന്നു. എല്ലാവരും വെറുക്കുന്ന തലയിലെ പേൻ പോലും ഉപകാരപ്പെട്ടുവെന്നുള്ള സത്യം ഈ കവിത വായിച്ചപ്പോൾ ഓർത്തുപോയി. ചെറിയതെന്നു വിചാരിച്ച ഒരു വേട്ടവസ്ത്രീയും ആവശ്യത്തിനുതകുന്നവളായി.

      ഉൾക്കണ്ണുകൾകൊണ്ട് നോക്കുകയാണെങ്കിൽ 'നാം' തന്നെ ഈ പ്രപഞ്ചത്തിലെ നിസാര ജീവിയെന്ന് മനസിലാകും. ‘നാം’ എന്ന മനുഷ്യനെ നിയന്ത്രിക്കുന്നത്‌ പ്രപഞ്ചത്തിലെ പരമാണുക്കൾകൊണ്ടുള്ള സൈന്യവ്യൂഹമാണെന്നും ചിന്തിക്കും. മനുഷ്യാ, അഹങ്കരിക്കാതിരിക്കൂവെന്ന്‌ ഉച്ചത്തിൽ വിളിച്ചുപറയാനും തോന്നും.

      Delete
  2. അലക്കുകല്ലില്‍ ഒരു മണ്ണിര
    കുളിക്കടവ്
    അലക്കുകല്ലില്‍ ഇവനെങ്ങനെ വന്നു?
    ചൂണ്ടയിടാന്‍ വന്നവന്റെ മടിയില്‍നിന്നു വീണതാവും.
    മീനിന് ഇരയാകേണ്ടവന്‍
    കല്ലിലൂടെ പുളഞ്ഞുനടക്കുന്നു.
    ഒരു മീനിനോ
    ഇവനുതന്നെയോ
    ഞാന്‍ ഉപകാരിയാകേണ്ടത്?
    എടുത്ത് മണ്ണിലേക്കിട്ടപ്പോള്‍
    അവന്റെ ഉദരത്തില്‍ വസിക്കുന്ന
    ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍
    എന്നോടു പറഞ്ഞു:
    നന്ദി, മോനേ നന്ദി!

    കരിയിലകള്‍തിന്ന് വളമാക്കിയത്
    മണ്ണിരയാണെന്നു കരുതിയ
    മണ്ണും പുല്ലും മണ്ണിരയോടു പറഞ്ഞു:
    നന്ദി!
    മണ്ണിര അവയോടു പറഞ്ഞു:
    അലക്കുകല്ലില്‍നിന്ന് എന്നെ മണ്ണിലേക്കിട്ട
    ആ മനുഷ്യനോടാണ് നന്ദി പറയേണ്ടത്!
    from http://josantony-josantony.blogspot.in/
    (കടപ്പാട്: എസ് ശിവദാസ്, മാത്തന്‍ മണ്ണിരക്കേസ്)

    ReplyDelete