Translate

Friday, October 10, 2014

യാന്‍ ഹുസ്സ്



 “Forgetting is the mechanism of the mind that makes life possible...” എവിടെയോ വായിച്ചതോര്‍ക്കുന്നു.

കത്തോലിക്കാസഭയ്ക്ക് ജീവിതം സാധ്യമാക്കാന്‍ പലതും മറക്കേണ്ടതുണ്ട്.. പക്ഷെ സാധിക്കുന്നില്ല, കാരണം എഴുത്തും വായനയും പ്രചാരത്തിലായതുമുതല്‍ അവര്‍ക്ക് എല്ലാറ്റിനും രേഖകളുണ്ട്. പലതും പുറത്തു കാണിക്കാറില്ലെങ്കിലും എല്ലാ വിവരങ്ങളും ഇന്നും ജീവനോടെയുണ്ട്. എന്നിട്ടും അവര്‍ പലതും മറക്കുന്നതായി നടിക്കുന്നു.

അത്തരത്തില്‍ സഭ മറക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് യാന്‍ ഹുസ്സ് (Jan Hus). മലയാളികളില്‍ പലര്‍ക്കും ഈ പേര് അപരിചിതമായതുകൊണ്ട്, ഹൂസ്സിനെക്കുറിച്ച് ചുരക്കത്തില്‍...

1372-
ല്‍, ഇപ്പോള്‍ ചെക്ക് റിപബ്ലിക്കിന്റെ ഭാഗമായ ബോഹീമയില്‍ ജനനം. പ്രാഗിലെ ചാര്ള്സ് യുണിവേര്‍സിറ്റിയില്‍ പഠിച്ച്, നന്നേ ചെറുപ്പത്തില്‍ അവിടെ തന്നെ അധ്യാപകനായി. അഞ്ചു വര്‍ഷത്തിനുശേഷം ആ യുണിവേര്‍സിറ്റിയിലെ ഫിലോസഫി വിഭാഗം ഡീനായി.

കത്തോലിക്കാസഭയെ നവീകരിക്കാന്‍ ശ്രമിച്ച്, പരാജയപ്പെട്ട് പ്രോട്ടസ്ട്ടന്റ്റ് പ്രസ്ഥാനം തുടങ്ങിയ, കത്തോലിക്കര്‍ സാത്താനായി മുദ്ര കുത്തിയ, മാര്‍ട്ടിന്‍ ലൂഥര്‍ ജനിക്കുന്നതിനും ഏതാണ്ട് നൂറു വര്ഷം മുമ്പാണ് ഹൂസ്സ് ജനിച്ചതെന്നുകൂടി ഓര്‍ക്കുക.

ഡീനായി ജോലി ചെയ്യവേ, ഇദ്ദേഹം ഇംഗ്ലണ്ടിലെ സഭാനവീകരണപ്രസ്ഥാനത്തിന്റെ നേതാവായ ജോണ് വൈക്ലിഫിന്റെ സ്വാധീനത്തില്‍ വന്നുപെട്ടു. അമിതമായ ആഡംബരത്തില്‍ കഴിഞ്ഞിരുന്ന (ഇന്ന് കേരളത്തില്‍ കാണുന്നതുപോലെ) കഴിഞ്ഞിരുന്ന ഇന്നാട്ടിലെ സഭാനേതൃത്വം ബോഹീമയിലെ ഏതാണ്ട് പകുതി സ്വത്തിന്റെ ഉടമകളായിരുന്നു. കര്‍ഷകരില്‍ നിന്നും അന്യായമായ കരം ഈടാക്കിയിരുന്നതിനാല്‍ ജനം പൊതുവില്‍ ഇവരോട് അസംതൃപ്തരായിരുന്നു.

സഭയുടെ കൊള്ളരുതായ്മകളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളും മുഖ്യമായും ഒരു പ്രൈവറ്റ് ചാപ്പലില്‍ ആണ് നടത്തിയിരുന്നത്. അതുകൂടാതെ, യുണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥികളെയും അദ്ദേഹം സ്വാധീനിച്ചു വന്നു.

ഇതു സഹിക്കാനാവാതെ വെറിപൂണ്ട വത്തിക്കാന്‍ ആദ്യം പ്രൈവറ്റ് ചാപ്പലുകളില്‍ ഇത്തരം പ്രസംഗം നടത്തുന്നത് നിരോധിച്ചു. അനുസരിക്കാന്‍ തയ്യാറാകാത്ത ഹൂസ്സിനെ മഹാരോണ്‍ ശിക്ഷയ്ക്ക് വിധേയനാക്കി. അതുകൊണ്ടും അടങ്ങിയില്ല ഹൂസ്സ്. അവസാനം, കൂടുതല്‍ കൂടുതല്‍ ചെക്ക് ജനത ഇദ്ദേഹത്തിന്റെ വലയത്തില്‍ പെടുന്നതു കണ്ട് സഹിക്കാനാവാതെ 1415-ല്‍ വത്തിക്കാന്റെ ഉത്തരവനുസരിച്ച് ഇദ്ദേഹത്തെ തൂണില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നു.

ഈ ക്രൂരമായ കൊലപാതകത്തിന് വളരെയേറെ വില നല്‍കേണ്ടി വന്നിട്ടുണ്ട് സഭയ്ക്ക്. ഇദ്ദേഹത്തിന്റെ വധത്തിനു ശേഷം ഹൂസ്സിന്റെ സ്വാധീനം കൂടുകയല്ലാതെ കുറഞ്ഞില്ല. ഹുസൈറ്റ് പ്രസ്ഥാനമായി അത് നൂറ്റാണ്ടുകളോളം ഈ നാട്ടില്‍ തുടര്‍ന്നു. ഇരുവരും തമ്മിലുള്ള വിദ്വേക്ഷം നിരവധി യുദ്ധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഒരു ഹുസൈറ്റ് ഇവിടെ രാജാവാവുക വരെ ചെയ്തിട്ടുണ്ട്.

ശത്രുക്കളെ സ്നേഹിക്കണം എന്നൊക്കെ പള്ളിപ്രസംഗത്തില്‍ പറയാന്‍ എളുപ്പമാണ്. ഒരിക്കലും അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ സഭാധികാരികള്‍ ശ്രമിച്ചിട്ടില്ല. കത്തോലിക്കാ-ഹുസൈറ്റ് വൈരാഗ്യം അങ്ങിനെ തുടര്‍ന്നു.

ഹൂസ്സിന്റെ ശാപം ഫലിച്ചു എന്ന് പറയാം.

ഇന്ന് ചെക്ക് ജനത ലോകത്തിലെ ഏറ്റവും Least Religious ജനതയാണ്.

മതങ്ങളില്‍ നിന്നും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തില്‍ നിന്നും മോചിക്കപ്പെട്ട് അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു.

ഇന്ന് നടത്തിയ പ്രാഗ് സിറ്റി ടൂറിന്റെ ഭാഗമായി യാന്‍ ഹുസ്സിന്റെ ചില Monuments കണ്ടു. ഇല്ല, ചെക്ക് ജനത യാന്‍ ഹൂസ്സിന്റെ മറന്നിട്ടില്ല...

തിരുസഭയും മറന്നിട്ടില്ല, മറന്നു എന്നു നടിക്കുന്നുവെന്നു മാത്രം.

ഏതാനും ചിത്രങ്ങള്‍ ചുവടെ.

യാന്‍ ഹുസ്സിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ അദ്ദേഹത്തെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം വായിക്കുക. ലിങ്ക് ചുവടെ.

http://en.wikipedia.org/wiki/Jan_Hus

Alex Kaniamparampil (Courstsey Facebook post)


No comments:

Post a Comment