ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല)
(നവംബര്‍ ലക്കം സത്യജ്വാല മാസികയില്‍നിന്ന് സര്‍ഗസംവാദം)
'ക്രിസ്റ്റോളജി എന്ന തടസ്സക്കല്ല്' എന്ന ശീര്‍ഷകത്തില്‍ 'സത്യജ്വാല' 2015 മാര്‍ച്ചുലക്കത്തില്‍ വന്ന മുഖക്കുറി, കേരളസഭയിലെ പ്രമുഖദൈവശാസ്ത്രജ്ഞനും ചിന്തകനുമായ റവ. ഡോ. സിപ്രിയന്‍ ഇല്ലിക്കമുറിയുടെ ദീര്‍ഘമായ പ്രതികരണത്തിനു നിമിത്തമായി എന്നതില്‍ വലിയ സന്തോഷമുണ്ട്. യേശുവിനെ ആരാധനാവിഗ്രഹമാക്കിയുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ ഒരുതരം വ്യാജമായ ആദ്ധ്യാത്മികസംതൃപ്തി അനുഭവിപ്പിച്ച് അവിടുത്തെ കല്പനകളെ അവഗണിക്കാനുള്ള പ്രവണതയാണ് സഭാധികൃതര്‍ ക്രൈസ്തവരില്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത് എന്നും, യേശുവിന്റെ സുവിശേഷത്തിലുള്ള വിശ്വാസം അവരില്‍ ഉറപ്പിക്കുന്നതില്‍ സഭ പരാജയപ്പെട്ടു എന്നുമായിരുന്നു പ്രസ്തുത മുഖക്കുറിയില്‍ ഞാന്‍ മുന്നോട്ടുവച്ച മുഖ്യപ്രമേയം. ഒപ്പം, പൗരോഹിത്യവും കൂദാശകളും യേശു സ്ഥാപിച്ചവയല്ലെന്നും, അവയെല്ലാം സ്വന്തം സ്വര്‍ഗ്ഗപ്രാപ്തി എന്ന സ്വകാര്യലക്ഷ്യത്തിലേക്ക് മനുഷ്യമനസ്സിനെ സങ്കുചിതപ്പെടുത്തുകയാണു ചെയ്തുകൊണ്ടിരിക്കുന്നതെന്നുമുള്ള വാദവും ഉന്നയിച്ചിരുന്നു. യേശുവിനെ ദൈവികത ആര്‍ജിച്ച ഗുരുനാഥനായിക്കണ്ട്, അവിടുത്തേപ്പോലെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതില്‍ മനസ്സര്‍പ്പിച്ചു ജീവിക്കുന്നതാകും കൂടുതല്‍ ശ്രേഷ്ഠമായ ക്രൈസ്തവജീവിതം എന്ന കാഴ്ചപ്പാടും അതില്‍ മുന്നോട്ടുവച്ചിരുന്നു.
ഇതിനോടു പ്രതികരിച്ച് ജൂണ്‍ ലക്കത്തില്‍, 'സഭയുടേത് അപ്പസ്‌തോലന്മാരുടെ ദൈവശാസ്ത്രവും ക്രിസ്റ്റോളജിയും' എന്ന തലക്കെട്ടില്‍ ഇല്ലിക്കമുറിയച്ചനെഴുതിയ ലേഖനത്തിന്, അതേ ലക്കത്തില്‍ത്തന്നെ എന്റെ വിശദമായ പ്രതികരണവും കൊടുത്തിരുന്നു. അതിനുള്ള മറുപടിയായിട്ടാണ്, സഭയുടെ നിലപാടുകള്‍ കൂടുതല്‍ വിശദമാക്കുന്ന രണ്ടു ദീര്‍ഘലേഖനങ്ങള്‍ - (1) 'വിശ്വാസാനുഷ്ഠാനങ്ങളും യേശുവിലൂടെയുള്ള രക്ഷയും', (2) 'യേശുവിന്റെ ബലി, വി.കുര്‍ബാന, സത്താമാറ്റം' - ഇല്ലിക്കമുറിയച്ചന്‍ അയച്ചുതന്നത്. അതില്‍, ജൂലൈ, ആഗസ്റ്റ്, ഒക്‌ടോബര്‍ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചുകഴിഞ്ഞ ആദ്യദീര്‍ഘലേഖനത്തോടുള്ള പ്രതികരണമാണിത്. പ്രതികരണത്തിലേക്കു കടക്കുന്നതിനുമുമ്പ്, ഈ ലക്കങ്ങളിലെ അദ്ദേഹത്തിന്റെ ലേഖനം ഒന്നുകൂടി വായിക്കണമെന്ന് വായനക്കാരോടഭ്യര്‍ത്ഥിക്കുന്നു. സ്ഥലപരിമിതിമൂലം എന്റെ ഈ പ്രതികരണം രണ്ടു ലക്കങ്ങളിലായാണു പ്രസിദ്ധീകരിക്കുന്നത്.
പ്രതികരണം
'ദൈവം വ്യവസ്ഥയില്ലാതെ സ്‌നേഹിക്കുന്ന പിതാവാണെന്നതും, മനുഷ്യരെല്ലാവരും അവിടുത്തെ മക്കളാണെന്നതും, ഈ മുഴുവന്‍ മക്കളുടെയും രക്ഷ, അതായത് സമഗ്രമായ സുസ്ഥിതിയും ശാന്തിയും, അവിടുന്ന് അഭിലഷിക്കുന്നു എന്നതുമാണ് യേശുവിന്റെ സുവിശേഷ'മെന്ന് ബഹു.ഇല്ലിക്കമുറിയച്ചന്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദര്‍ശനം യേശുവിനുണ്ടാകുന്നതും, മനുഷ്യന്റെ സുസ്ഥിതിക്കുവേണ്ടി സ്വയം സമ്പൂര്‍ണമായി ചെലവഴിക്കാന്‍ അവിടുന്നു തീരുമാനിക്കുന്നതും, പിതാവായ ദൈവവുമായി ദീര്‍ഘസമയം കൂട്ടായ്മയിലും സംവാദത്തിലും ചെലവഴിച്ചതിന്റെ ഫലമായാണ് എന്നും അദ്ദേഹം പറയുന്നു.
യേശുവിന്റെ ദര്‍ശനത്തെയും ക്രൈസ്തവജീവിതത്തെയും സംബന്ധിച്ച് വളരെ അടിസ്ഥാനപരമായ ഒരു കാഴ്ചപ്പാടാണിവിടെ ബഹു. ഇല്ലിക്കമുറിയച്ചന്‍ അവതരിപ്പിച്ചിരിക്കുന്നത്. യേശുവിനെ അനുധാവനം ചെയ്യാനാഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്താണെന്ന സൂചനയും ഇതില്‍നിന്നു നമുക്കു ലഭിക്കുന്നുണ്ട്. പിതാവായ ദൈവവുമായി സംസര്‍ഗ്ഗത്തിലാകുകയെന്നതും മനുഷ്യകുലത്തിന്റെ സമഗ്രമായ സുസ്ഥിതിക്കും ശാന്തിക്കുംവേണ്ടി പ്രവര്‍ത്തിക്കുക എന്നതുമാണത്. പ്രധാന കല്പനയെന്ന നിലയില്‍ യേശു അവതരിപ്പിച്ചതും (മത്താ. 22:37-39) ഇതുതന്നെയാണല്ലോ. അതില്‍ എല്ലാ പ്രവാചകരും നിയമങ്ങളും അടങ്ങുന്നു എന്നവിടുന്നു പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, തന്റെ അന്ത്യഅത്താഴവേളയില്‍ ശിഷ്യരുടെ കാലുകഴുകിയും ഭക്ഷണപാനീയങ്ങള്‍ പങ്കുവച്ചും, ശുശ്രൂഷയുടെയും പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും സമൂര്‍ത്തമായജീവിതമാതൃക കാണിച്ചുതരുകയും അതു തുടരണമെന്നു കല്പിക്കുകയുംചെയ്തു. ഇതിനപ്പുറം ജീവിതവുമായി ബന്ധമില്ലാത്ത, പ്രതീകാത്മകമായ, എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് യേശു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.
സാമൂഹികശാസ്ത്രപരമായും മനശ്ശാസ്ത്രപരമായും അനുഷ്ഠാനങ്ങള്‍ മനുഷ്യന് ആവശ്യമാണെന്ന് ബഹു. ഇല്ലിക്കമുറിയച്ചന്‍ പറയുന്നുണ്ട്. അതു ശരിയാണെന്നാണ് എന്റെയും വിചാരം. ആദ്ധ്യാത്മികമായ ഒരവബോധം എല്ലാ മനുഷ്യരിലുമുണ്ടെന്നുള്ളതിന് ഒരു തെളിവായിക്കൂടി അതിനെ കാണാനാകും. അതായത്, താനും മറ്റുള്ളവരും ദൈവത്തില്‍ ഒന്നാണെന്നും അക്കാരണത്താല്‍ എല്ലാവരും സഹോദരരാണെന്നുമുള്ള ഒരവബോധം ഉള്ളിന്റെയുള്ളില്‍ ഓരോരുത്തരിലും നീറിനില്‍ക്കുന്നുണ്ട്. ആ അവബോധത്തിനു പ്രാവര്‍ത്തികതലത്തില്‍ പ്രകാശനമുണ്ടാവുകയെന്നത്, പ്രകടമാക്കുകയെന്നത്, ഓരോ മനുഷ്യന്റെയും മനഃശാസ്ത്രപരമായ ആവശ്യംതന്നെയാണ്. മനുഷ്യന്റെ സാമൂഹികതയുടെ അടിസ്ഥാനവും മറ്റൊന്നല്ല.
കൃത്യമായും അതിനുള്ള അനുഷ്ഠാനംതന്നെയായിരുന്നു തന്റെ അന്ത്യഅത്താഴവിരുന്നിലൂടെ യേശു അവതരിപ്പിച്ചത്. ഇതനുഷ്ഠിച്ചിരുന്ന ആദിമസഭയില്‍ അത് എല്ലാവരിലും ഉളവാക്കിയ ആദ്ധ്യാത്മികസംതൃപ്തിയുടെ ചിത്രം അപ്പ.പ്രവ. 2:46, 47 വാക്യങ്ങളില്‍ കാണാം. ജീവിതബന്ധിയായ അത്തരം എത്ര യെങ്കിലും അനുഷ്ഠാനങ്ങള്‍ കണ്ടെത്തി ആവിഷ്‌ക്കരിക്കാനും അതില്‍നിന്നെല്ലാം ആത്മീയാനുഭൂതി നുകരാനും മനുഷ്യനു കഴിയും. സ്വജീവിതം മറ്റുള്ളവര്‍ക്കുപകരിക്കുന്ന തരത്തില്‍ ചെലവഴിക്കാനുള്ള മനോഭാവവും ശേഷിയും നല്‍കിയതില്‍ ദൈവത്തോടു തോന്നുന്ന കൃതജ്ഞതാഭാവത്തെയും, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോള്‍ അനുഭവപ്പെടുന്ന കൃതാര്‍ത്ഥതാഭാവത്തെയുംസന്തോഷത്തെയുമാണ്, ആദ്ധ്യാത്മികസംതൃപ്തിയെന്ന് യഥാര്‍ത്ഥത്തില്‍ പറയാവുന്നത്. നിയമങ്ങളുടെയെന്നപോലെ അനുഷ്ഠാനങ്ങളുടെയും മാനദണ്ഡം മനുഷ്യരായിരിക്കണം, യേശുശിഷ്യരെ സംബന്ധിച്ച്. അതുകൊണ്ടാണ് ജീവിതവുമായി ബന്ധമില്ലാത്ത, പ്രതീകാത്മക അനുഷ്ഠാനങ്ങളെയെല്ലാം കൃതിമവും വ്യാജവുമായി കണക്കാക്കേണ്ടതുണ്ടെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നത്. ആദ്ധ്യാത്മിക ആചാര്യത്വത്തിന്റെ അഭാവത്തില്‍ മതങ്ങളില്‍ കടന്നുവരുന്ന പൗരോഹിത്യമാണ്, മനുഷ്യരെ ആദ്ധ്യാത്മികതയിലേക്കുയര്‍ത്താതെതന്നെ, ആദ്ധ്യാത്മികസായൂജ്യമടയാനുള്ള അവരുടെ മനഃശാസ്ത്രപരമായ ആവശ്യം കൃത്രിമമായി സാധിച്ചുകൊടുക്കുന്നത്. അതായത്, സ്വകാര്യമാത്രപരമായ ജീവിതം നയിക്കുന്നവര്‍ക്ക് അന്യഥാ ഉണ്ടാകുമായിരുന്ന കുറ്റബോധത്തില്‍നിന്നും മാനസാന്തരത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധത്തില്‍നിന്നും അശാന്തിയില്‍നിന്നും അവരെ മുക്തരാക്കിക്കൊടുക്കുന്നു, പുരോഹിതാനുഷ്ഠാനങ്ങള്‍. ഇതു സ്വാഭാവികമായും മനുഷ്യരില്‍ സ്വകാര്യമാത്രപരത (individualism) വളര്‍ത്തും.
വിശ്വാസത്തിന്റെയും ആദ്ധ്യാത്മികതയുടെയും ആഴങ്ങളിലേക്കു പോകുന്നതിനുപകരം, ആചാരാനുഷ്ഠാനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന നാമമാത്ര ക്രൈസ്തവരാണ് (folk religion ക്രൈസ്തവര്‍) ഏറെയുമെന്നും, അവരില്‍ ആചാരാനുഷ്ഠാനങ്ങള്‍ സൃഷ്ടിക്കുന്നത് ആദ്ധ്യാത്മിക വന്ധ്യതയാണെന്നും ബഹു. ഇല്ലിക്കമുറിയച്ചന്‍തന്നെ സമ്മതിക്കുന്നുണ്ട്. ഈ നാമമാത്ര - folk religion - ക്രൈസ്തവരുടെ സ്രഷ്ടാക്കള്‍, മനുഷ്യരെ പ്രതീകാത്മക അനുഷ്ഠാനവഴിയിലേക്കു നയിക്കുന്ന പൗരോഹിത്യമാണെന്ന് അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും കാണാം. ഇപ്പോള്‍ത്തന്നെ, സ്വകാര്യനേട്ടങ്ങള്‍ക്കായി എത്രതരം നൊവേനകളും നേര്‍ച്ചകളും, കഴുന്ന്, അടിമവയ്ക്കല്‍ പോലുള്ള എത്രയോ ആചാരങ്ങളുമാണ് ആധികാരികസഭയുടെ പ്രോത്സാഹനത്തില്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്! 'യേശു പ്രഘോഷിച്ച രക്ഷ(മെഹ്മശേീി)യെ തെറ്റിദ്ധരിച്ചുകൊണ്ടാണ്, ചിലര്‍ അതിനെ ആത്മാവിന്റെ രക്ഷ, പരലോകത്തിലെ രക്ഷ എന്നെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യുന്നത്' എന്ന് ബഹു.ഇല്ലിക്കമുറിയച്ചന്‍ പറയുന്നുണ്ടെങ്കിലും, വേദപാഠക്ലാസ്സുകളിലൂടെയും ധ്യാനപ്രഭാഷണങ്ങളിലൂടെയും, വിശിഷ്യാ ചരമപ്രസംഗങ്ങളിലൂടെയുമെല്ലാം സഭാപൗരോഹിത്യം മനുഷ്യരില്‍ വളര്‍ത്തുന്നത് സ്വന്തം പരലോകസ്വര്‍ഗ്ഗപ്രാപ്തിയിലുള്ള മോഹവും നരകശിക്ഷയിലുള്ള ഭീതിയുമാണെന്ന് ആര്‍ക്കാണ റിയാത്തത്! ഇതിലൂടെയെല്ലാം സംഭവിക്കുന്നത്, മനുഷ്യമനസ്സ് സ്വന്തം ലക്ഷ്യങ്ങളിലേക്കു മാത്രമായി ചുരുങ്ങിക്കൂടുമെന്നതാണ്. അതിന്റെ ഫലമാണ് സ്വകാര്യമാത്രപരത, അഥവാ individualism. മനുഷ്യനെ ഇഹത്തിലും പരത്തിലും സ്വകാര്യസുഖമോഹികളാക്കുന്ന അനുഷ്ഠാനങ്ങളും പഠിപ്പിക്കലുകളും നടത്തി മനുഷ്യമനസ്സ് സങ്കോചിപ്പിക്കുന്ന പൗരോഹിത്യ ചെയ്തികള്‍ക്കെതിരെ കണ്ണടയ്ക്കുകയും, നാമമാത്ര ക്രൈസ്തവരെന്നു പറഞ്ഞ് വിശ്വാസികളെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവിടെയൊരു വൈരുദ്ധ്യമുണ്ടെന്നോര്‍ക്കുമല്ലോ. (തുടരും)