Translate

Sunday, November 15, 2015

പൊളിക്കൂലി വേണ്ട

(അയല്‍ക്കൂട്ട ദര്‍ശനത്തിന്റെയും ദര്‍ശനം മാസികയുടെയും സ്ഥാപകനായ 
ശ്രീ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ മകനും ഇപ്പോള്‍ ദര്‍ശനത്തിന്റെ പത്രാധിപരുമായ 
ഡോ. രാധാകൃഷ്ണന്‍ മാസികയുടെ കഴിഞ്ഞലക്കത്തില്‍ എഴുതിയതാണ് ഈ ലേഖനം. ഈ ലേഖനത്തിലെ ദര്‍ശനത്തെ യേശുവിന്റെ ദര്‍ശനത്തോടു ചേര്‍ത്തുവച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു.)

വീട്ടിലൊരു ഗ്രൈന്‍ഡര്‍ ഉണ്ടെങ്കിലും മിക്‌സിയിലാണ് അരിയും ഉഴുന്നും ആട്ടുന്നത്. ഊണു മുറിയില്‍ വര്‍ഷങ്ങളായി പഴയ ഗ്രൈന്‍ഡര്‍ ഞങ്ങളെ നോക്കിയിരുന്ന് സ്ഥലം മിനക്കെടുത്തുന്നു. എന്നെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത് എന്നാണ് ചോദ്യം. എന്നാല്‍ പിന്നെ കൊടുത്തേക്കാം. പക്ഷേ ആരു വാങ്ങാനാണ്, ഗത്യന്തരമില്ലാതെ ആക്രിക്കാര്‍ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു. ഒരാള്‍ വന്ന് 650 രൂപ പറഞ്ഞു, ലത അത് അംഗീകരിച്ചു. ഇതൊക്കെ അവളുടെ വകുപ്പാണ്. അടുത്തയാഴ്ച വന്ന് എടുത്തോളാമെന്ന് പറഞ്ഞ് അയാള്‍ പോയി. അടുത്ത ദിവസം ഗ്രൈന്‍ഡര്‍ കൊടുക്കാനുണ്ടെന്നറിഞ്ഞ് മറ്റൊരാള്‍ വന്ന് 1000 രൂപ പറഞ്ഞുവെങ്കിലും കൊടുക്കാനായില്ല. വാക്കു പറഞ്ഞിരുന്നയാള്‍ യഥാസമയം വന്നു, ഗ്രൈന്‍ഡര്‍ പുറത്തെടുത്തു വെച്ച് അതിന്റെ ഫ്രയിം പൊളിച്ചു മാറ്റി. അവര്‍ക്ക് അതിന്റെ മോട്ടോറും, ഇരുമ്പും മാത്രം മതി. ഞാന്‍ ഡിസ്‌പെന്‍സറിയില്‍ മരുന്ന് കൊടുത്തുകൊണ്ടിരിക്കെ പൊളിക്കുന്ന ശബ്ദം കേള്‍ക്കാം. കുറച്ച് കഴിഞ്ഞപ്പോള്‍ ശബ്ദം മാറി എന്തോ ബഹളമായി, ലതയും, ആക്രിക്കാരനും തമ്മിലാണ് പ്രശ്‌നം. 650 രൂപയ്ക്ക് സമ്മതിച്ച ഗ്രൈന്‍ഡര്‍ പൊളിച്ചിട്ടിട്ട് 450 രൂപയാണ് ലതയ്ക്ക് കൊടുത്തത്. അയാളുടെ കയ്യില്‍ അത്രയേ ഉള്ളൂ. ബാക്കി പിന്നെത്തരാം, അവള്‍ പണം തിരികെ കൊടുത്തു തര്‍ക്കമായി ആക്രിക്കാരന്‍ അയാളുടെ ദാരിദ്ര്യം പറയാന്‍ തുടങ്ങി. എങ്കില്‍ ഗ്രൈന്‍ഡര്‍ പൊളിക്കും മുമ്പ് അത് പറയണമായിരുന്നെന്ന് ലതയും, ഞാന്‍ കുഴങ്ങി, അയാളോട് പറഞ്ഞു.നിങ്ങള്‍ക്കിത് വേണമെങ്കില്‍ വെറുതെ തരുമായിരുന്നല്ലോ, പേപ്പറൊക്കെ ഞാന്‍ തന്നിട്ടില്ലെ. പക്ഷേ വില പറഞ്ഞ് വാക്കുറപ്പിച്ച ശേഷം ഗ്രൈന്‍ഡര്‍ പൊളിച്ചിട്ട് പണമില്ലെന്ന് പറയുന്നതിന്റെ പേര് ചതി എന്നാണ്. ഇത് അംഗീകരിക്കാനാവില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു, സാറെ ഈ ഗ്രൈന്‍ഡര്‍ പൊളിച്ച് മോട്ടോര്‍ എടുക്കുന്നതിന്റെ പണിക്കൂലി 200 രൂപ വരും. ഞാന്‍ അത് ഉപേക്ഷിച്ചിരിക്കുന്നു എനിക്ക് പൊളിക്കൂലി വേണ്ട സാര്‍ ഇത് ആര്‍ക്കെങ്കിലും കൊടുത്തോ ഞാന്‍ പോകുന്നു. താന്‍ പൊയ്‌ക്കോ ഇത് എന്തായാലും തനിക്ക് തരില്ലെന്ന് ലതയും, ഞാന്‍ വീണ്ടും കുഴങ്ങി. ഇതാ ഞങ്ങളുടെ ഒന്നാന്തരം ഗ്രൈന്‍ഡര്‍ തല്ലിപ്പൊളിച്ചിട്ടിരിക്കുന്നു. കുറേ പ്രശ്‌നങ്ങളും, ഇനിയെന്ത് ചെയ്യും?
    ഞാന്‍ ഈ വിദ്വാനെ ശരിക്കൊന്ന് നോക്കിക്കണ്ടു. അറുപത് കഴിഞ്ഞ പ്രായം, ദാരിദ്ര്യം വിളിച്ചറിയിക്കുന്ന ക്ഷീണിതമായ മുഖം, ഉദരനിമിത്തം ബഹുകൃത വേഷം. അറിവില്ലായ്മ കൊണ്ട് പണമുണ്ടാക്കാന്‍ പല തന്ത്രം നോക്കുന്നു. അറിവുണ്ടെന്ന് കരുതുന്ന ഞാന്‍ അയാളോട് 200 രൂപയ്ക്ക് വഴക്കടിക്കുന്നത് ശരിയാണോ?, വഴക്കടിച്ചാല്‍ എന്റെ സ്വസ്ഥത നഷ്ടമാകില്ലെ. 200 രൂപ കൊടുത്താല്‍ സ്വസ്ഥത കിട്ടുമോ? ആ പാവത്തിന് ഇങ്ങനെയൊക്കെ പെരുമാറാനേ അറിയൂ. ഏതായാലും ധനത്തിലും, അറിവിലും അയാള്‍ ദരിദ്രനാണ്, എങ്കിലും തന്ത്രത്തില്‍ മുന്നില്‍. നമ്മളെ സ്വര്‍ണ്ണക്കടയിലും, ആശുപത്രികളിലും, തുണിക്കടകളിലും ഒക്കെ എത്രയോ പേര്‍ ദിവസവും  പറ്റിക്കുന്നുണ്ട്. അപ്പോഴൊന്നും ധാര്‍മ്മികരോഷം ഉണ്ടാകുന്നില്ലല്ലോ. ഈ സാധുവിന്റെ നേര്‍ക്കാണ് രോഷം പ്രകടിപ്പിക്കുന്നത്. കാരണം അയാള്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടറല്ല, എനിക്ക് പേടിക്കാനില്ല. ആരുടെയെങ്കിലും കുറ്റം കണ്ടാല്‍ രോഷപ്രകടനത്തിന് മനുഷ്യന് പിന്നെ താമസമില്ല. ക്ഷമിക്കാന്‍ അവസരം കിട്ടിയാല്‍ അത് പാഴാക്കുകയാണ്. സ്വന്തം കുറ്റങ്ങള്‍ കാണാന്‍ കണ്ണില്ല. സത്യം പറയാമല്ലോ, ഈ വക ചിന്തകളോടെ അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ കാരുണ്യമാണ് തോന്നിയത്. ദരിദ്രനായ അയാളെ ഞാന്‍ മുതലാളി എന്ന് വിളിച്ചു. ഇരിക്കാന്‍ പറഞ്ഞു, ലതയെ അടുക്കളയിലേയ്ക്ക് വിളിച്ച് എന്റെ ചിന്തകള്‍ കൈമാറി. ഒന്ന് ദേഷ്യപ്പെട്ടെങ്കിലും എല്ലാവരും ജഗദീശ്വരന്റെ സൃഷ്ടിയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ വന്ന് 450 രൂപ വാങ്ങി അയാളെ സന്തോഷത്തോടെ യാത്രയാക്കി. ഒരു അക്രമം മാത്രം ഞാന്‍ നടത്തി അയാളോട് കര്‍മ്മ നിയമത്തെക്കുറിച്ച് ഉപദേശിച്ചു. അതു വല്ലതും അയാള്‍ക്ക് മനസ്സിലാകുമോ, എന്തോ? എനിക്കു തന്നെ മനസ്സിലായിട്ടില്ല.
നാം പ്രതീക്ഷിക്കാതെ പല സംഭവങ്ങളും നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നുണ്ടല്ലോ, ഗുണവും, ദോഷവും. ഗുണത്തെ മാത്രമേ സ്വീകരിക്കൂ എന്ന് പറഞ്ഞാല്‍ നടപ്പുള്ള കാര്യമല്ല. ക്ഷമിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടമാക്കരുത്. ആക്രിക്കാരന്‍ എന്തേ ഇങ്ങനെയായി എന്നാണ് നാം ചിന്തിക്കേണ്ടത്. അയാളുടെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കണം. ഇനിയെന്തുകൊണ്ടാണ് നമുക്ക് വിപരീത അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പഠിച്ചു നോക്കൂ. നമ്മുടെ ശരീരത്തില്‍ ദുര്‍മേദസ്സ് വര്‍ദ്ധിക്കുമ്പോള്‍ അത് ഉരുണ്ടു കൂടി രോഗമായി ഭവിക്കുന്നു. ധ്യാനമൊന്നും ചെയ്യാതെ മനസ്സില്‍ അശുദ്ധി വര്‍ദ്ധിക്കുമ്പോള്‍ പ്രകൃതി ശുദ്ധീകരണത്തിനായി ചില സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. മനസ്സിന്റെ താളം തെറ്റരുത്, അപമാനം സഹിച്ചും സംഘര്‍ഷം ഒഴിവാക്കണം, തെറ്റുപറ്റാത്തവരായി ആരുമില്ല. പിന്നെ ഈ ആക്രിക്കാരനോട് കയര്‍ക്കുന്നതെന്തിന്. ഇന്നത്തെ കണിയെന്നോ, അത്രയും പ്രാരബ്ദം ഒഴിഞ്ഞെന്നോ കരുതാം. നമ്മുടെ നിസ്സംഗമായ പ്രതികരണം മറ്റുള്ളവരിലും പരിവര്‍ത്തനം വരുത്തിയേക്കാം. ഹൃദയത്തില്‍ നിന്നും ചുറ്റുവട്ടത്തേയ്ക്ക് ഉണ്ടാകുന്ന കാരുണ്യ പ്രവാഹമാണ് നമ്മുടെ നേരെ വരുന്ന പ്രതിസന്ധികളുടെ മറുമരുന്ന്. ഇതുതന്നെ പരസ്പരാനന്ദ ജീവിതം. ജയ് ജഗത്.

No comments:

Post a Comment