Translate

Sunday, November 22, 2015

ക്രിസ്റ്റോളജി - ഒരു പ്രതികരണം


പ്രൊഫ. പി.സി. ദേവസ്യ

നവംബർ ലക്കം സത്യജ്വാലയിൽനിന്ന്



2015 മാര്‍ച്ച് മാസം മുതല്‍, തികഞ്ഞ പരസ്പരബഹുമാനത്തോടെ തുടര്‍ന്നുപോരുന്ന ക്രൈസ്തവികത സംബന്ധിച്ച ഒരു സംവാദത്തെപ്പറ്റിയാണ് എന്റെ ഈ പ്രതികരണം. 'ക്രിസ്റ്റോളജി എന്ന തടസ്സക്കല്ല്' എന്ന മാര്‍ച്ചു മാസത്തെ സത്യജ്വാല എഡിറ്റോറിയലായിരുന്നു തുടക്കം. ക്രിസ്തുവിന്റെ ദര്‍ശനത്തെ തകിടംമറിക്കാന്‍ പൗരോഹിത്യം നിര്‍മ്മിച്ചെടുത്ത ആയുധമാണ് ക്രിസ്റ്റോളജി എന്നായിരുന്നു അതിലെ പ്രധാനവാദം. ക്രിസ്തുവിനെ വേണ്ടവിധത്തില്‍ അവതരിപ്പിക്കാത്തതുകൊണ്ട്  ക്രിസ്തുമതം പരാജയപ്പെടുന്നു എന്നായിരുന്നു നിഗമനം.
കത്തോലിക്കാ പുരോഹിതസമൂഹത്തിലെ ഒരു പ്രമുഖ അംഗംകൂടിയായ ഇല്ലിക്കമുറിയച്ചന്‍, 'സത്യജ്വാല' ജൂണ്‍ലക്കത്തില്‍ വളരെ പക്വമായ മനോഭാവത്തോടുകൂടിഅതിനു മറുപടി കൊടുത്തു. ക്രിസ്തുവിനെ ഒരു മഹാനായി മാത്രം കണക്കാക്കുന്നവരും, അവിടുത്തെ ദിവ്യത്വത്തിലും മരണോത്ഥാനങ്ങളിലും വിശ്വസിക്കുന്നവരും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുമുണ്ടെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജൂണ്‍ ലക്കത്തിലെ അദ്ദേഹത്തിന്റെ  ലേഖനം ആരംഭിക്കുന്നത്. ഇതില്‍ രണ്ടാം വിഭാഗത്തില്‍പ്പെട്ട വായനക്കാര്‍ക്കു വേണ്ടിയാണ് അദ്ദേഹം മറുപടി തയ്യാറാക്കിയതെന്നു തോന്നുന്നു. അങ്ങനെ വരുമ്പോള്‍ ആദിമക്രിസ്ത്യാനികളുടെ കൂട്ടായ്മയും അപ്പംമുറിക്കലും പ്രാര്‍ത്ഥനയുമെല്ലാം ഉള്‍ക്കൊള്ളുന്ന അപ്പസ്‌തോല നടപടികളെ പൗരോഹിത്യസൃഷ്ടി എന്നുപറഞ്ഞ് തള്ളിക്കളയാനാവില്ലല്ലോ. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അച്ചന്‍ ക്രിസ്റ്റോളജിക്ക് ഒരു നിര്‍വചനവും നല്‍കുന്നുണ്ട്. സത്യജ്വാല, തടസ്സക്കല്ലിന്റെ ഭാഗങ്ങളായി ചൂണ്ടിക്കാണിച്ച സഭയിലെ അനുഷ്ഠാനങ്ങളും പുരോഹിതനേതൃത്വവും സുവിശേഷാധിഷ്ഠിതം തന്നെയാണെന്ന് അച്ചന്‍ ചൂണ്ടികാണിച്ചു. കാലാന്തരത്തില്‍ അനുഷ്ഠാനങ്ങളും നേതൃത്വവും ദുഷിച്ചുവെങ്കിലും, ''അതിനുള്ള പരിഹാരമാര്‍ഗ്ഗം അവര്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കുകയാണ്; അല്ലാതെ, ആരാധനാനുഷ്ഠാനങ്ങളുടെ തിരസ്‌കരണമല്ല'' എന്ന വാദമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. അനുഷ്ഠാനങ്ങളുള്ള ഈ സാഹചര്യത്തില്‍ത്തന്നെ,  മദര്‍തെരേസയേപ്പോലെയുള്ള എത്രയോ പേര്‍ ക്രിസ്തുവിന് ശരിയായ സാക്ഷ്യം നല്‍കുന്നു എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൗരോഹിത്യം വേണ്ടെന്നുവച്ചാല്‍ അതു കത്തോലിക്കാസഭയെത്തന്നെ ഇല്ലാതാക്കുകയാണ് എന്ന വാദവും അദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി.

എഡിറ്റര്‍, ആ ലക്കത്തില്‍ത്തന്നെ അച്ചന്റെ ആശയങ്ങളോടു പ്രതികരിച്ചെഴുതുകയുണ്ടായി. അതില്‍, ഇല്ലിക്കമുറിയച്ചന്‍ എന്തു പറഞ്ഞാലും, രക്ഷയെപ്പറ്റിയുള്ള സഭയുടെ സങ്കല്പം മരണാനന്തര സ്വര്‍ഗ്ഗപ്രാപ്തിയെന്ന സ്വകാര്യസുഖമോഹമായി പരിണമിക്കുകയാണ് എന്ന് എടുത്ത് പറഞ്ഞിരുന്നു. ഇന്നത്തെ വിശ്വാസവും അനുഷ്ഠാനങ്ങളും മനുഷ്യനില്‍ സൃഷ്ടിക്കുന്നത് ആദ്ധ്യാത്മിക വന്ധ്യതയാണെന്നും ഉദാഹരണങ്ങള്‍ കൊടുത്തു വിശദീകരിക്കുകയുണ്ടായി. വ്യക്തതയ്ക്കുവേണ്ടി ഏതാനും ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.
അതിനുള്ള അച്ചന്റെ ദീര്‍ഘമായ മറുപടി ജൂലൈലക്കത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചു. സഭയിലെ ആചാരാനുഷ്ഠാനങ്ങള്‍, ആത്മീയ അനുഭവത്തിന്റേതായ പ്രാര്‍ത്ഥനാജീവിതം, ഇവയൊക്കെ യേശുവിന്റെ ജീവിതത്തിലും സുവിശേഷത്തിലെ വിവരണങ്ങളിലുംതന്നെ ഉള്ളവയാണെന്ന് അദ്ദേഹം എടുത്തു കാണിക്കുന്നു. സത്യജ്വാല കാണുന്ന തടസ്സക്കല്ലുകള്‍ ക്രിസ്റ്റോളജിയുടെതന്നെ പഴകി തിളക്കം കുറഞ്ഞുപോയ പടിക്കെട്ടുകളാണെന്നു പറഞ്ഞ്, അവ പുതുക്കി തിളക്കം വര്‍ദ്ധിപ്പിക്കാനായിരുന്നു അച്ചന്‍ ആഹ്വാനം ചെയ്തത്.

പ്രധാനമായും എഡിറ്ററുടെ രണ്ടു സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ആഗസ്റ്റ് ലക്കത്തില്‍ അച്ചന്‍ നല്‍കിയത്. എഡിറ്ററുടെ 'വിശദീകരണം ശരിയാണെങ്കില്‍' എന്ന് ഒരു മാര്‍ജിന്‍ ഇട്ടിട്ട്,  പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ഇന്നത്തെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആദ്ധ്യാത്മികവന്ധ്യതതന്നെ എന്ന് സംശയത്തോടുകൂടി അച്ചന്‍ സമ്മതിക്കുന്നു. അതിനുശേഷം രക്ഷയെപ്പറ്റിയുള്ള എഡിറ്ററുടെ സംശയത്തിന് അദ്ദേഹം നല്‍കുന്ന മറുപടിയിലാണ്, ഇല്ലിക്കമുറിയച്ചന്റെ 'വിപ്ലവകരമായ വ്യാഖ്യാനം' എന്ന് എഡിറ്റര്‍തന്നെ വിശേഷിപ്പിക്കുന്ന രക്ഷയുടെ പുതിയ ദൈവശാസ്ത്രം അവതരിപ്പിച്ചിരിക്കുന്നത്. അതിനൂതനം എന്നൊന്നും വിശേഷിപ്പിക്കാന്‍ വയ്യെങ്കിലും (1976 കാലഘട്ടത്തില്‍ പാലാ സെന്റ് തോമസ് കോളേജിലെ ഒരു മതപഠന പാഠാവലിയില്‍ ഏതാണ്ട് ഇതേ ആശയമുള്ള 'കത്തോലിക്കാസഭയും സ്വര്‍ഗ്ഗപ്രാപ്തിയും'  എന്ന ഒരു പഠനമുണ്ടായിരുന്നത് ഓര്‍ക്കുന്നു), ഇത് ശ്രദ്ധേയമായ ഒരു അഭിപ്രായമാണ്. ഒരു പാഠ്യവിഷയമായി അച്ചന്റെ അഭിപ്രായം സഭ അംഗീകരിച്ചേക്കാമെങ്കിലും, ഇത് ഒന്നു പ്രയോഗിച്ചു വിജയിപ്പിക്കാം എന്ന് ആരെങ്കിലും കരുതുമോ?  കണ്ടറിയണം. ഏതായാലും ഇല്ലിക്കമുറിയച്ചന്റെ രക്ഷാസന്ദേശം 'സത്യജ്വാല' അംഗീകരിക്കുന്നുണ്ട് എന്ന് സെപ്റ്റംബര്‍ ലക്കം മുഖക്കുറി വ്യക്തമാക്കുന്നു.

ഒക്‌ടോബര്‍ ലക്കത്തിലാണ് അച്ചന്റെ ആദ്യദീര്‍ഘലേഖനം പ്രസിദ്ധീകരിച്ചുതീര്‍ന്നത്. യേശു പ്രഘോഷിച്ചതും ഇല്ലിക്കമുറിയച്ചന്‍ എടുത്തുകാണിച്ചതുമായ 'രക്ഷ' ഇന്നു സഭയില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്ന വിശദീകരണം അതില്‍ ഉണ്ടാകും എന്നു കരുതിയായിരുന്നു വായിച്ചുതുടങ്ങിയത്. ആദ്യ ഖണ്ഡികയില്‍ത്തന്നെ ക്രിസ്തുവിന്റെ രക്ഷയെ മനസ്സിലാക്കാത്ത - രക്ഷയെ സ്വാര്‍ത്ഥമായ സുഖവും സുരക്ഷിതത്വവുമായി തെറ്റിദ്ധരിക്കുന്ന - സമൂഹത്തെയാണ് അച്ചനും കാണിച്ചുതരുന്നത്. 'രക്ഷ'യെ മനസ്സിലാക്കുകയും ശരിയായ 'രക്ഷ'യുടെ വഴിയില്‍ എത്തുകയും ചെയ്യുമ്പോള്‍ ഇത്തരം ദൗര്‍ഭാഗ്യാവസ്ഥയ്ക്കും പരിഹാരമുണ്ടാകുമെന്ന് അച്ചന്‍ പറയുന്നു. രക്ഷയുടെ ആവശ്യത്തെപ്പറ്റി ബൈബിള്‍ ഉടനീളം നമ്മോടു സംസാരിക്കുന്നു എന്ന് പറഞ്ഞ് പഴയനിയമത്തില്‍നിന്നും പുതിയ നിയമത്തില്‍ നിന്നുമുള്ള ഉദ്ധരണികളും കൊടുക്കുന്നുണ്ട്. ലേഖനത്തിന്റെ അവസാന ഭാഗം രക്ഷ ക്രൈസ്തവര്‍ക്കു മാത്രമല്ല എന്ന വിശദീകരണവും അദ്ദേഹം നല്‍കുന്നുണ്ട്.

മുഴുവന്‍ വായിച്ചുകഴിഞ്ഞപ്പോഴും, പണ്ഡിതോചിതമായ അച്ചന്റെ പഠനം ഒരു ആശയം എന്ന നിലയില്‍നിന്ന്  സഭയും സമുദായവും അംഗീകരിച്ചു പ്രാവര്‍ത്തികമാക്കുന്ന ഒരു നിലപാടായി സ്വീകരിക്കപ്പെടുമോ എന്ന സംശയം നിലനില്‍ക്കുന്നു. രക്ഷയ്ക്കു പുതിയ വ്യാഖ്യാനം നല്‍കിയ അച്ചന് സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന് രക്ഷാകരമായി എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നും കണ്ടുതന്നെ അറിയണം.

Tel: 9961255175

No comments:

Post a Comment