Translate

Friday, November 20, 2015

ഫാമിലിസിനഡ് അര്‍ത്ഥമാക്കുന്നത് - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ

(2015 നവംബര്‍ ലക്കം സത്യജ്വാല മാസികയില്‍നിന്ന് - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഫാമിലി സിനഡില്‍ ഒക്‌ടോബര്‍ 24-നു നടത്തിയ സമാപനപ്രസംഗത്തില്‍നിന്ന് ഒരുഭാഗം, 

സ്വന്തം തര്‍ജമ - എഡിറ്റര്‍)


''...കുടുംബത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ സൂനഹദോസിന്റെ ക്ലേശങ്ങളിലൂടെ കടന്നുപോയപ്പോള്‍, സഭയെ സംബന്ധിച്ച് ഇതിന്റെയെല്ലാം അര്‍ത്ഥമെന്തായിരിക്കും എന്ന ചോദ്യം ഞാന്‍ എന്നോടുതന്നെ ചോദിക്കുകയുണ്ടായി. തീര്‍ച്ചയായും, കുടുംബവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുന്നതിനായി കൂടിയ ഒരു സൂനഹദോസായിരുന്നില്ല, ഇത്. പകരം, അവയെ  സുവിശേഷത്തിന്റെയും സഭാപാരമ്പര്യത്തിന്റെയും കഴിഞ്ഞ രണ്ടായിരംവര്‍ഷത്തെ ചരിത്രത്തിന്റെയും വെളിച്ചത്തില്‍, പ്രത്യാശയുടെ സന്തോഷമുളവാക്കുക എന്ന ലക്ഷ്യത്തോടെ ഒന്നു നോക്കിക്കാണുവാനുള്ള ശ്രമമായിരുന്നു അത്; സുവ്യക്തമായി മുമ്പേതന്നെ പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങളുടെ അനായാസ ആവര്‍ത്തനങ്ങളില്‍ വീണുപോകാതിരിക്കാനുള്ള കരുതലോടെയായിരുന്നു അതെന്നുമാത്രം.
തീര്‍ച്ചയായും ഇത്, കുടുംബമെന്ന സ്ഥാപനത്തിനു ഭീഷണിയും വെല്ലുവിളിയുമുയര്‍ത്തുന്ന എല്ലാ വിഷമതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും സമഗ്രമായ ഒരു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടിയുള്ളതായിരുന്നില്ല; പ്രത്യുത, ആ വിഷമതകളെയും അനിശ്ചിതത്വങ്ങളെയും വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നതിനും, മണലില്‍ തലപൂഴ്ത്താതെനിന്ന് അവയെ ധീരമായി നേരിടുന്നതിനും വേണ്ടിയുള്ള ഒന്നായിരുന്നു.അത്, ഐക്യത്തിന്റെയും അവിഭാജ്യതയുടെയും അടിസ്ഥാനത്തിലുള്ള സ്ത്രീ-പുരുഷവിവാഹത്തിന്റെ പ്രാധാന്യത്തിലേക്കും, അതിനെ സമൂഹത്തിന്റെയും മനുഷ്യജീവിതത്തിന്റെയും അസ്തിവാരമായി കണക്കാക്കേണ്ടതിലേക്കും ലോകമെമ്പാടുമുള്ള മനുഷ്യരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയുള്ള ഒരു ഉദ്യമമായിരുന്നു.
അത്, കുടുംബങ്ങളില്‍നിന്നുള്ള സ്വരങ്ങള്‍ ശ്രവിക്കുന്നതിനും ഒപ്പം, ലോകത്തിലെ മുഴുവന്‍  കുടുംബങ്ങളില്‍നിന്നും ഐശ്വര്യസമൃദ്ധിയുടെയും അവ നേരിടുന്ന വെല്ലുവിളികളുടെയും ഭാരങ്ങള്‍ ചുമലിലേറ്റി റോമിലെത്തുന്ന സഭാശുശ്രൂഷകരില്‍നിന്നുള്ള സ്വരങ്ങള്‍ ശ്രവിക്കുന്നതിനും, അവരുടെയെല്ലാം സ്വരങ്ങള്‍ കേള്‍ക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ഒന്നായിരുന്നു.
അത്, മരവിച്ചുപോയ മനഃസാക്ഷിയെ അടിച്ചിളക്കി ഉദ്ദീപിപ്പിക്കാന്‍ ഭയക്കാത്ത, അല്ലെങ്കില്‍ പേരുദോഷം വകവയ്ക്കാതെ കുടുംബകാര്യങ്ങളെക്കുറിച്ച് തുറന്നും സജീവമായും ചര്‍ച്ചചെയ്യാന്‍ ഭയക്കാത്ത, കത്തോലിക്കാസഭയുടെ ജീവചൈതന്യം തുറന്നുകാട്ടുന്നതിനുള്ള ഒരു സംരംഭമായിരുന്നു. ഉന്മേഷരാഹിത്യവും സാമൂഹിക-സാമ്പത്തിക-ധാര്‍മ്മിക പ്രതിസന്ധികളും ദോഷൈകവീക്ഷണങ്ങളും അടയാളപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍, വിശ്വാസത്തിന്റെ തിരികൊളുത്തി ജനഹൃദയങ്ങളില്‍ പ്രകാശം ചൊരിയേണ്ടതുണ്ട്. അതിനായി, യാഥാര്‍ത്ഥ്യങ്ങളെ, ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ, ദൈവത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാനും വ്യാഖ്യാനിക്കാനുമുള്ള ഒരു പരിശ്രമമായിരുന്നു, ഇത്.
സഭയെസംബന്ധിച്ച് തുടര്‍ന്നും നിത്യപുതുമയാര്‍ന്ന അടിസ്ഥാനസ്രോതസ്സായിരിക്കും സുവിശേഷം എന്ന്,  സുവിശേഷത്തെ സിദ്ധാന്തവല്‍ക്കരിച്ച് മറ്റുള്ളവര്‍ക്കുനേരെ എറിയാനുള്ള നിര്‍ജീവചീളുകല്ലുകളാക്കുന്നവര്‍ക്കെതിരെ എല്ലാവരെയും സാക്ഷ്യപ്പെടുത്താന്‍വേണ്ടിയുള്ള ഒന്നായിരുന്നു, അത്.
ബുദ്ധിമുട്ടേറിയ വിഷയങ്ങള്‍ക്കും മുറിവേറ്റ ഹൃദയങ്ങള്‍ക്കുംമേല്‍, മോശയുടെ സിംഹാസനത്തിലും ന്യായാധിപസ്ഥാനങ്ങളിലുമിരുന്ന്, ഉല്‍കൃഷ്ടതാഭാവത്തോടെ ഉപരിപ്ലവതീര്‍പ്പുകള്‍ കല്പിക്കുന്നതിനായി, സഭാപഠനങ്ങളുടെയും സഭയുടെ ഉദ്ദേശ്യശുദ്ധിയുടെപോലുംപിന്നില്‍ ഒളിഞ്ഞിരിക്കുന്ന അടഞ്ഞ ഹൃദയങ്ങളെ തുറന്നുകാട്ടാനുള്ള ഒന്നുമായിരുന്നു, ഇത്.
സഭയെന്നാല്‍ ആത്മാവില്‍ ദരിദ്രരായവരുടെയും ക്ഷമയാചിക്കുന്ന പാപികളുടെയും സഭയാണെന്നും, നീതിമാന്മാരുടെയും വിശുദ്ധരുടെയുമെന്നതിനേക്കാളുപരി, തങ്ങള്‍ വെറും പാപികളാണെന്നു കരുതുന്നതിലൂടെത്തന്നെ വിശുദ്ധരായിത്തീരുന്നവരുടേതാണതെന്നും വ്യക്തമാക്കുന്നതിനുള്ള ഒന്നായിരുന്നു, ഇത്.
ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്തവിധം, പ്രാകൃതത്വംകൊണ്ടു ഭാഷ മൂടപ്പെട്ടിരിക്കുന്ന ഇക്കാലത്ത്, ദൈവമക്കളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ക്രിസ്തീയതയുടെ നിത്യനവീനമായ സൗന്ദര്യം പ്രസരിപ്പിക്കേണ്ടതുണ്ട്. അതിനായി, ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കും അനിശ്ചിതകാഴ്ചപ്പാടുകള്‍ക്കും അതീതമായുള്ള വിശാലമായ വീക്ഷണചക്രവാളം തുറക്കുവാനും കൂടിയുള്ളതായിരുന്നു, ഈ സൂനഹദോസ്....''

No comments:

Post a Comment