Jijo Kurian
December 6, 2014
2007-ല് പുറത്തിറങ്ങിയ ജീവചരിത്രപരമായ ഒരു സിനിമയാണ് 'വന്യതയിലേക്ക്' (Into the Wild). ക്രിസ്റ്റോഫര് മക്കാഡെസെസ് എന്ന ചെറുപ്പക്കാരന് വടക്കേ അമേരിക്കയിലെ അലാസ്കന് വനത്തിലേയ്ക്ക് നടത്തിയ അതിസാഹസികമായ ഒരു യാത്രയുടേയും ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തെ മരണത്തോളം കശക്കിയെറിഞ്ഞതിന്റേയും കഥയാണിത്. 1992-ല് കോളേജ് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ മക്കാഡെലെസ് തന്റെ ആസ്തികള് മുഴുവന് ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിന് എഴുതിക്കൊടുത്ത് ബിരുദസര്ട്ടിഫിക്കറ്റും കത്തിച്ചുകളഞ്ഞാണ് അലാസ്കന്കാടുകളുടെ വിജനതയില് എത്തുന്നത്. സഹപാഠികളായിരുന്ന സുഹൃത്തുക്കള് തലയെടുപ്പുള്ള ഉദ്യോഗത്തിന്റെ സാധാരണ ലോകത്ത് വിജയം കൊയ്തെടുക്കാന് വഴിപിരിഞ്ഞുപോയപ്പോള് ഇയാളെ മാത്രം വന്യത വന്ന് കൂട്ടിക്കൊണ്ടുപോയി. വന്യതയിലേയ്ക്ക് മക്കാഡെലെസിനെ ആട്ടിയോടിച്ച ആന്തരികചോദനയെന്തെന്ന് ഇന്നും അജ്ഞാതം. വനയാത്രകളുടെ ഒടുവില് പട്ടിണിയും ശൈത്യവും അയാളെ മരണത്തിന്റെ പല്ലും നഖവും ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടുപോകുന്നു. ഇങ്ങനെയൊരാള് ജീവിച്ചിരുന്നു എന്നതിന്റെ സൂചകമായി ആ വനാന്തരത്തില് അവശേഷിക്കുന്നതാകട്ടെ അവിടെ അയാള് കോറിയിട്ടു പോയ ചില ഡയറിക്കുറിപ്പുകള് മാത്രം. ചില മനുഷ്യര് അങ്ങനെയാണ്. അവരില് വനവാസിയും നാടോടിയും വേട്ടക്കാരനുമായ ആ പ്രാചീനമനുഷ്യന് ഇന്നും ഉറങ്ങിക്കിടപ്പുണ്ട്.
കായ്കനികള് ശേഖരിച്ചും വേട്ടയാടിയും ദേശദേശാന്തരങ്ങളിലൂടെ നാടോടിയായി സഞ്ചരിച്ചതിന്റെ രേഖപ്പെടുത്താത്ത ആയിരക്കണക്കിന് വര്ഷങ്ങളുടെ കഥ മനുഷ്യചരിത്രത്തിനുണ്ട്. വീടുകെട്ടി ഭൂമിയുടെ ഒരു കൊച്ചുതുണ്ടത്തില് സ്ഥിരതാമസക്കാരനായ മനുഷ്യന്റെ ചരിത്രം സഞ്ചാരിയായ മനുഷ്യന്റെ ചരിത്രത്തോട് തുലനം ചെയ്താല് എത്ര ഹൃസ്വമാണ്! -ഏതാനും ആയിരം വര്ഷങ്ങളുടെ ചരിത്രം മാത്രം. സഹസ്രാബ്ദങ്ങള് നീണ്ട ചരിത്രത്തിലൂടെ മനുഷ്യന് ദേശാടകനായി നടന്നു. അതിരുകളില്ലാതെ, വേലികളില്ലാതെ, ചുറ്റുമതിലുകളില്ലാതെ ഭൂമി അവന്റെ മുന്നില് വിശാലമായി തുറന്നുകിടന്നു. കാണാത്ത കാഴ്ചകള്, കേള്ക്കാത്ത ശബ്ദങ്ങള്, നുകരാത്ത സുഗന്ധങ്ങള്, നുണയാത്ത രുചികള്.... എല്ലാം അവന്റെ അനുഭവലോകത്തേയ്ക്ക് ഓരോ ദിവസവും വാതില് തുറന്നെത്തിക്കൊണ്ടിരുന്നു. ജീവിതം ഓരോ ദിവസവും പുതുമ നിറഞ്ഞതായി. അന്ന് മനുഷ്യന് ദൈവം പോലും സഞ്ചാരിയായിരുന്നു. പ്രപഞ്ചം മുഴുവനിലും തൂണിലും തുരുമ്പിലും ദൈവം ഒളിഞ്ഞും തെളിഞ്ഞും സഞ്ചരിച്ചു.
സ്ഥിരവാസിയായി ഭൂമിയില് കൂടുകൂട്ടിയ കാലം മുതല് അനുഭവത്തിന്റെ തനിയാവര്ത്തനങ്ങളുടെ പഴകിവളിച്ച ഒരു ലോകത്തിലേയ്ക്ക് മനുഷ്യന് പ്രവേശിക്കുകയായിരുന്നു. എല്ലാ ദിവസവും ഒരേ പുലരികള്, ഒരേ ഭക്ഷണം, ഒരേ കാഴ്ചകള്, ഒരേ ശബ്ദങ്ങള്. ഒപ്പം അലയുന്നവന്റെ സ്വാതന്ത്ര്യവും അവന് നഷ്ടമായി. ഗോത്രങ്ങള്ക്കിടയില്, പട്ടണങ്ങള്ക്കിടയില്, രാജ്യങ്ങള്ക്കിടയില് അതിരുകള് ഉയര്ന്നു. അതിരുകള് ഭേദിക്കാന് ശ്രമിച്ചവരൊക്കെ കലാപകാരികളായി. അങ്ങനെ യുദ്ധങ്ങളായി. ഭൂമി മുറിക്കപ്പെട്ടു, ഭൂപടങ്ങള് നിര്മ്മിക്കപ്പെട്ടു, കാവലാളുകള് നിയോഗിക്കപ്പെട്ടു...... എല്ലാം സ്വകാര്യവത്ക്കരിക്കപ്പെട്ടു. അങ്ങനെ യാത്രയ്ക്കുള്ള സ്വതന്ത്രലോകം നിഷേധിക്കപ്പെട്ട മനുഷ്യര്, ഹിപ്പോയിലെ അഗസ്റ്റ്യന് പറഞ്ഞതുപോലെ, ലോകമെന്ന തുറന്ന പുസ്തകത്തില്നിന്ന് ഒരേടുമാത്രം വായിച്ച് കടന്നുപോകുന്ന അല്പബുദ്ധികളായി.
സഞ്ചാരം ഒരുവന്റെ ആന്തരികത്വരയാണ്. എന്നാല് അലച്ചിലുകളെ സഞ്ചാരമായി തെറ്റിദ്ധരിച്ച് അലയുന്നവന്റെ ഭാഗ്യത്തെക്കുറിച്ച് ദിവാസ്വപ്നങ്ങള് കണ്ട് എ.സി. മുറിയുടെ സുഖശീതളിമയില് മയങ്ങുന്ന ഒരു കാലം രൂപപ്പെടുന്നുണ്ട്. അലച്ചില് വേട്ടയാടപ്പെടുന്ന അനുഭവമാണ്. അവിടെ മനുഷ്യന് അലയുന്നത് അരക്ഷിതമായ ജീവിതത്തിന്റെ പുറംപോക്കുകളിലാണ്. അത്തരമൊരു ചരിത്രപരമായ അലച്ചിലിന്റെ കഥ പറയുന്ന ചിത്രമാണ് പീറ്റര് വിയറിന്റെ 'തിരിച്ചുള്ള വഴി' (The Way Back). രണ്ടാം ലോകമഹായുദ്ധകാലത്ത് സൈബീരിയായുടെ കൊടും ശൈത്യത്തിലേയ്ക്ക് സെനോഫോബിക്കായി മാറിയ റഷ്യന് ഭരണകൂടം നാടുകടത്തിയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണിത്. സ്വാതന്ത്ര്യത്തിന്റെ ലോകം കൊതിച്ച അവരില് ചിലര് അവിടെനിന്ന് രക്ഷപെട്ട് റഷ്യയുടെ ശൈത്യവും മംഗോളിയന് മരുഭൂമിയുടെ പൊടിക്കാറ്റും ടിബറ്റിന്റെ അപ്രാപ്യമായ ഉയരങ്ങളും ഹിമാലയത്തിന്റെ താഴ്വാരങ്ങളും പിന്നിട്ട് കാല്നടയായി ഇന്ത്യയില് എത്തുന്നു. പുറപ്പെടുന്നത് എട്ടുപേരെങ്കിലും കാലാവസ്ഥയുടെ ക്രൂരവിളയാട്ടങ്ങളെ മറികടന്ന് എത്തിച്ചേരാനാവുന്നത് മൂന്നുപേര്ക്ക് മാത്രമാണ്. യാത്രയില് ഒപ്പം കൂടിയ ഒരു പോളിഷ് പെണ്കുട്ടിയടക്കം ബാക്കി ആറുപേരും ഹിമാലയന് ഉയരങ്ങളില് എത്തുന്നതിന് മുമ്പ് തന്നെ മരുഭൂമിയിലോ മഞ്ഞിലോ വിശന്നോ ദാഹിച്ചോ മരിച്ചുവീഴുകയാണ്.
വിപ്രവാസത്തിന്റെയും പുറപ്പാടുകളുടെയും ആന്തോളനങ്ങള്ക്കിടയിലാണ് യഹൂദന്റെ ചരിത്രം ഉരുത്തിരിഞ്ഞത്. ജന്മനാ സഞ്ചാരിയായ ഒരു ഇടയസമൂഹം ഭൂമിയില് സ്ഥിരവാസികളാകാന് ശ്രമിച്ചതിന്റെ അനന്തരഫലമാണ് അത്. മറ്റാരുടെയോ മണ്ണ് സഹസ്രാബ്ദങ്ങള്ക്കപ്പുറം വെട്ടിപ്പിടിച്ചെടുത്ത് അവിടെ സ്ഥിരതാമസമാക്കിയ ഇടയസഞ്ചാരിയായ അബ്രാഹത്തിന്റെ മക്കള്ക്ക് ചരിത്രത്തിലൊരിക്കലും സ്വസ്ഥത കിട്ടിയിട്ടില്ല. നിരന്തര പലായനമാണ് യഹൂദന്റെ ചരിത്രത്തിന്റെ നാള്വഴിപുസ്തകം നിറയെ. യഹൂദന്റെ സഞ്ചാരജീവിതത്തെ തിരിച്ചുപിടിക്കുന്നത് ക്രിസ്തു എന്ന യഹൂദനാണ്. മുപ്പത്തിമൂന്നു വര്ഷം മാത്രം നീണ്ട അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സഞ്ചാരം തന്നെയായിരുന്നു -പട്ടണങ്ങളില് നിന്നു പട്ടണങ്ങളിലേക്ക്, ഗ്രാമങ്ങളില് നിന്നു ഗ്രാമങ്ങളിലേക്ക്, ജനസമൂഹത്തില്നിന്നു വിജനതയിലേക്ക്, കുന്നിന് മുകളില്നിന്ന് കടലോരങ്ങളിലേക്ക്- അങ്ങനെ അദ്ദേഹം നിരന്തര യാത്രയിലായിരുന്നു. തന്റെ ജീവിതത്തെക്കുറിച്ച് ക്രിസ്തു ഇങ്ങനെ പറയുന്നു; ''കുറുനരികള്ക്ക് മാളങ്ങളുണ്ട്, ആകാശപ്പറവകള്ക്ക് കൂടുകളുണ്ട്, മനുഷ്യപുത്രനു തല ചായ്ക്കാന് ഇടമില്ല.'' പലസ്തീനായിലെ അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ട മൂന്നു കൊല്ലത്തില് തന്നെ അദ്ദേഹം നടന്നുതീര്ത്തത് ആയിരക്കണക്കിനു കിലോമീറ്ററുകളാണ്. ഇരുന്നൂറു കിലോമീറ്ററിലേറെ ദൂരവ്യത്യാസമുള്ള ഗലീലിയായില്നിന്ന് ജറുസലേമിലേയ്ക്ക് മൂന്നു വര്ഷത്തിനുള്ളില് ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും, ഗലീലിയായില് നിന്ന് സമറായറുടെ നാട്ടിലേയ്ക്ക് പലവട്ടം, ഗലീലിയില്നിന്ന് സിറിയയുടെ അതിര്ത്തിയിലെ കേസറിയായിലേയ്ക്ക് ചുരുങ്ങിയത് ഒരു പ്രാവശ്യം, പിന്നെ ഗദറായരുടെ നാട്ടില്, ഗലീലിയയുടെ എല്ലാ മലമുകളിലും തീരങ്ങളിലും. യാത്രയെക്കുറിച്ച് ക്രിസ്തുവിന്റെ വചനങ്ങള് ഏററവും മനോഹരമായി കുറിക്കപ്പെട്ടത് തോമസിന്റെ സുവിശേഷത്തിലാണ്. ''യാത്രക്കാരാവുക. ഈ ലോകം ഒരു പാലം മാത്രമാണ്. അവിടെ ആരും വീടുകെട്ടി താമസിക്കാതെ കരയില്നിന്നു കരയിലേക്ക് കുറുകെ കടന്നുപോകുക.''
സഞ്ചാരിയായ ക്രിസ്തുവിന്റെ കാലടികളെ തേടി നടന്ന ഒരു മനുഷ്യനുണ്ടായിരുന്നു, അസ്സീസിയിലെ ഫ്രാന്സിസ്. അയാള് യാത്രികന് മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നാണെന്ന് അയാള് വിശ്വസിച്ചു. അയാള് കൂടുതലും നടന്നത് ഓരം ചേര്ന്നായിരുന്നു. ഈ ലോകത്തില് 'പരദേശികളെപ്പോലെയും തീര്ത്ഥാടകരെ'പ്പോലെയും ജീവിക്കാന് ഫ്രാന്സിസ് തന്റെ സഹോദരന്മാരോടു പറഞ്ഞു. സുബാസിയോ കാടുകളിലൂടെ, സ്പൊളേറ്റോ താഴ്വാരത്തിലൂടെ, അസ്സീസിയില് നിന്നു ജറൂസലേമിലേയ്ക്ക്, അസ്സീസിയില് നിന്നു റോമിലേയ്ക്ക്, ലവേര്ണാ മലമുകളിലേയ്ക്ക്, പെറുജിയായിലേയ്ക്ക്, അപൂല്യായിലേയ്ക്ക്, ഗൂബിയോയിലേയ്ക്ക്, സ്പെയിനിലേയ്ക്ക്, ഈജിപ്തിലേയ്ക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേയ്ക്കും. എല്ലാ യാത്രകള്ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേയ്ക്ക്. വാഹനങ്ങള് ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്ക്കപ്പുറം കുതിരപ്പുറത്ത് കയറാന് വിസമ്മതിച്ച ഈ കൊച്ചു മനുഷ്യന് വെറും ഇരുപത് വര്ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നുതീര്ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്! ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്ത്ഥാടനത്തിന്റെയും ദൂരങ്ങള് മക്കയ്ക്കും മദീനയ്ക്കുമിടയില് നടന്നുതീര്ത്ത മുഹമ്മദിലാകട്ടെ നടവഴികള് മാറുന്നുവെന്നേയുള്ളൂ.
നടപ്പ് സ്വന്തം ശരീരത്തില് തന്നെ നമ്മെ കാഴ്ചക്കാരാക്കുന്നു. നടക്കുന്നവന് എന്താണ് തന്റെയുള്ളില് നടക്കുന്നതെന്ന് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് എണ്ണായിരത്തോളം കിലോമീറ്റര് നീണ്ട ഒരു മോട്ടോര്സൈക്കിള് യാത്രയില് ചെഗുവേര തന്നെത്തന്നെ കണ്ടുമുട്ടുന്നത്. ഒരു യാത്രയാണ് അയാള്ക്ക് വെളിപാടായി മാറിയത്. ''മോട്ടോര് സൈക്കിള് ഡയറികള്'' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹൊസെ റിവേര പറയുന്നതിങ്ങനെയാണ്: ''ഓരോ തലമുറയ്ക്കും ഓരോ യാത്രയുടെ കഥ പറയാനുണ്ടാവണം. കണ്ടുമുട്ടുന്ന ദേശത്തിന്റേയും സംസ്കാരത്തിന്റേയും ജനതകളുടേയും വൈവിധ്യംകൊണ്ട് തലമുറകള് രൂപപ്പെടുന്ന കഥ''.
'ഭൂഗ്രഹസഞ്ചാരി' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥ കൂടി പറഞ്ഞില്ലെങ്കില് ഈ സഞ്ചാരക്കുറിപ്പ് തികച്ചും അപൂര്ണ്ണമായി നിലനില്ക്കും. അത് ജോണ് ഫ്രാന്സിസ് എന്ന ആഫ്രിക്കന് വംശജനായ അമേരിക്കക്കാരന്റേതാണ്. 22 വര്ഷങ്ങള് നിരന്തരമായി നടന്നുകൊണ്ടിരുന്നു ആ മനുഷ്യന്, അതില് 17 കൊല്ലം പരിപൂര്ണ്ണമൗനത്തില്. ഒരു ചുവടുവയ്പ്പുകൊണ്ട് ഈ ലോകത്തെ രൂപാന്തരപ്പെടുത്താനാകുമെന്ന് അയാള് വിശ്വസിച്ചു. ഇങ്ങനെയാണയാള് നടപ്പിനെക്കുറിച്ചു പറയുന്നത്: ''നടക്കുക എന്ന സര്വ്വസാധാരണമായ പ്രവൃത്തിയില് ആത്മീയവും പരിശുദ്ധവുമായ എന്തോ ഒന്നുണ്ട്. ഞാന് വയ്ക്കുന്ന ഓരോ ചുവടും, രൂപരേഖകളും ദിശാസൂചികളും ഇല്ലാത്ത ഏതോ ഒരു അനന്തയാത്രയുടെ തുടക്കമാണ്. അനിശ്ചിതത്വത്തിലേയ്ക്കുള്ള ഓരോ യാത്രയും എന്നെ ഭയപ്പെടുത്തുകയും ഒപ്പം ആവേശം കൊള്ളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു''.
ഓരോ നടപ്പും തന്നിലേയ്ക്കു തന്നെയുള്ള മടക്കയാത്രയുടെ തുടക്കമാണ്. എന്താവാം യാത്ര പോകാനാഗ്രഹിക്കുന്ന ഒരു മനസ്സ് എല്ലാ മനുഷ്യരും ഒരു പ്രാചീനചോദന പോലെ കൊണ്ടുനടക്കുന്നത്? കാലുകള് തളര്ന്നയൊരാള് ജാലകപ്പടിയില് മുഖം ചേര്ത്തുവച്ച് പോലും ഏതൊക്കെ സ്വപ്നലോകങ്ങളിലേയ്ക്കാണ് യാത്രപോകുന്നത്! ചക്രവാളത്തിലെ ചെമ്മാനത്തുടിപ്പില് പോയി മറയുന്ന എരണ്ടക്കൂട്ടങ്ങള്, സമുദ്രത്തിന്റെ അനന്ത നീലിമയിലേയ്ക്ക് മുങ്ങാംകുഴിയിട്ടു പോകുന്ന പരലുകള് ... ഇവയൊക്കെ നമ്മെ നിരന്തരം ഭ്രമിപ്പിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ - നിന്നുള്ളില് ആ പ്രാചീന നാടോടി ഇനിയും മരിച്ചിട്ടില്ല.
Intelligence is not information alone, but also judgement, the manner in which information is coordinated and used... Knowing a great deal is not the same as being smart. Similarly it is not how long and how far your have wandered about, but what you have seen beneath your feet and around them and above all within yourself during your walks. Here's a man who does all this and inspires us with his diaries in pictures and words. My sincere thanks.
ReplyDelete