Translate

Thursday, December 24, 2015

വിശുദ്ധമാംസം! വിശുദ്ധപടക്കം! !

പ്രത്യേക ലേഖകന്‍

(ചങ്ങനാശ്ശേരി അതിരൂപതയിലെ മാമൂട് ഇടവകയില്‍ പള്ളിപണി നടക്കുകയാണ്. അതിനു പണമുണ്ടാക്കാന്‍ ഇറച്ചി, കേക്ക്, പടക്കം ആദിയായ ക്രിസ്മസ് ഉല്പന്നങ്ങളുടെ ബിസിനസ്സ് മുഴുവന്‍ ഒരുപാട് സാധാരണ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിച്ചുകൊണ്ട് പള്ളി ഏറ്റെടുത്തതായി അറിയാന്‍ കഴിഞ്ഞു. ഇതു ശരിയാണോ എന്നറിയാന്‍ ഞങ്ങളുടെ പ്രത്യേക ലേഖകന്‍ മാമൂട് പള്ളിവികാരിയുമായി ഫോണില്‍ നടത്തിയ സംഭാഷണമാണ് താഴെ കൊടുത്തിരിക്കുന്നത്.)

ലേഖകന്‍: മാമൂടു പള്ളിയിലെ വികാരിയാണോ?
അച്ചന്‍: അതേല്ലോ.
ലേഖകന്‍: അച്ചോ, അവിടെ പോത്തിറച്ചി വില്‍ക്കുന്നുണ്ടെന്നു കേട്ടല്ലോ.
അച്ചന്‍: ഉണ്ടായിരുന്നു, മുഴുവന്‍ വിറ്റുപോയല്ലോ. പക്ഷേ, ഞങ്ങള്‍ക്കിവിടെ പടക്കമുണ്ട് കേട്ടോ; ശിവകാശിയില്‍നിന്നു കൊണ്ടുവന്ന ഒറിജിനല്‍ പടക്കം.
ലേഖകന്‍: പടക്കംകൊണ്ടു കാര്യമില്ലച്ചോ, പോത്തിറച്ചിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. 50 കിലോയെങ്കിലും വേണം. ഒരു കുടുംബയോഗത്തിനു വേണ്ടിയാണ്. (അച്ചന്റെ മനസ്സിലൊരു കട്‌ലേറ്റ് പൊട്ടി!)
അച്ചന്‍: എങ്കില്‍ ഞാനൊന്നന്വേഷിക്കട്ടെ; ചിലപ്പോള്‍ തീര്‍ന്നുകാണില്ല.
ലേഖകന്‍: അച്ചോ, കിലോയ്‌ക്കെത്ര വില വരുമായിരിക്കും?
അച്ചന്‍: 350/- രൂപായെങ്കിലും വേണം. ഒന്നാന്തരം പോത്താണ്. (സമീപപ്രദേശങ്ങളില്‍ വില 280/- രൂപയാണ്).
ലേഖകന്‍: പൈസ ഒരു പ്രശ്‌നമല്ലച്ചോ. ഒരു നല്ല സംരംഭമല്ലേ? അതിന്റെ ഭാഗമാകാനാണ് ഞങ്ങള്‍ അവിടുന്നുതന്നെ വാങ്ങാമെന്നുവച്ചത്.
അച്ചന്‍: നിങ്ങള്‍ എവിടുന്നാ വിളിക്കുന്നത്?
ലേഖകന്‍: കോട്ടയത്തു നിന്നാണച്ചോ.
അച്ചന്‍: (പൊട്ടച്ചിരിച്ചുകൊണ്ട്) മാമൂടു പള്ളിയില്‍ പോത്തു വില്‍ക്കുന്നുണ്ടെന്നു കോട്ടയത്തെങ്ങനെയറിഞ്ഞു?
ലേഖകന്‍: ആ ഇടവകയിലെ ഒരു വീട്ടുകാരുടെ ബന്ധു ഞങ്ങളുടെ സുഹൃത്താണ്. അദ്ദേഹം വഴിയാണറിഞ്ഞത്.
അച്ചന്‍: 50 കിലോ ആയതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും. എന്നാലും ഞാനന്വേഷിക്കാം. (പുറത്തു നിന്ന് 280/- രൂപയ്ക്ക് 50 കിലോ വാങ്ങി, ആശീര്‍വദിച്ച് ആനാം വെള്ളവും തളിച്ച് 350/- രൂപയ്ക്കു തരാനായിരിക്കും അച്ചന്റെ പദ്ധതി).
ലേഖകന്‍: എന്നാല്‍, കുറേക്കഴിഞ്ഞ് ഞാനങ്ങോട്ടു വിളിച്ചോളാം.
അച്ചന്‍: അതുവേണ്ട, ഞാന്‍ അങ്ങോട്ടു വിളിച്ചോളാം.

3 comments:

  1. ക്രിസ്തുമസ്സിനിടയ്ക്കു പോത്തുകച്ചവടം


    ചങ്ങനാശ്ശേരിയിലെ കുറുമ്പനാടം ഫൊരാനയിലെ വൻ വിജയമായ പോത്തിറച്ചി വിൽപ്പന അടുത്ത സിനഡിൽ ചർച്ചയാവേണ്ട വിഷയമാണ് . എന്തിനു ക്രിസ്ത്യാനി വെഞ്ചരിക്കാത്ത ഇറച്ചി കഴിക്കണം ?
    ക്രിസ്ത്യാനികൾ പുരോഹിതൻ പ്രാർത്ഥിച്ചു ഹനാൻ വെള്ളം തളിച്ച മൃഗത്തിന്റെ മാംസമെ കഴിക്കാവൂ എന്നു ഇടയലേഖനം ഇറക്കണം ,കാനൊനിൽ ഇതും കൂട്ടി ചേർക്കണം .പള്ളിമുറ്റത്ത്‌ തന്നെ ഭക്ത സംഘടനകളുടെ കശാപ്പുശാലകൾ തുടങ്ങാവുന്നതാണ് .പല പള്ളികളിലും വെറുതെയിരിക്കുന്ന മൊബൈൽ മോർച്ചറികളിൽ ഇറച്ചി സൂക്ഷിക്കുകയുമാവം . ഇങ്ങനെ ചെയ്താൽ ജനം അംഗീകരിയ്ക്കുമോ എന്ന പേടി വേണ്ട .കാലാ കാലങ്ങളിൽ കൂദാശകളായും ആചാരങ്ങളായും ഇട്ടു കൊടുത്ത മണ്ടത്തരങ്ങ ളെല്ലാം സന്തോഷത്തോടെ ചുമക്കുന്നവരാണ് കുഞ്ഞാടുകൾ .പ്രകാശത്തിന്റെ രഹസ്യം വന്നത് ഓർ ക്കുന്നില്ലേ ,ഒരു ചോദ്യവുമില്ലാതെ സഭ കൊടുക്കുന്നതെന്തും വാങ്ങി വിശ്വാസി ചുമക്കും .
    വീടുകളിൽ കൊല്ലുന്ന കോഴികളെയും ,മൃഗങ്ങളെയും വെഞ്ചരിക്കുന്നതിനു ഫീസ്‌ ഏർപ്പെടുത്തുകയുമാവാം . പഴയ നിയമത്തിൽ നിന്നും ഇതിനു ചേർന്ന വചനഭാഗങ്ങൾ ശ്രീ വട്ടായി അച്ചൻ കണ്ടുപിടിച്ചു കൊണ്ടുവരും ഉറപ്പാണ് .വട്ടായി അച്ചന്റെ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും പോത്തിറച്ചി ആശീർവാദവും എന്ന ബാനറും പരസ്യവും കൂടുതൽ വിശ്വാസികളെ ദൈവത്തിലേക്ക് അടുപ്പിക്കും .വട്ടായി അച്ചൻ പ്രശാന്ത്‌ അച്ചൻ എന്നീ അരൂപിയുള്ള അച്ചന്മാർ വെഞ്ചരിച്ച ഇറച്ചി മാർക്കറ്റ്‌ വിലയേക്കാൾ 200 രൂപയെങ്കിലും അധികം വിലയിട്ടയിരിക്കണം വിൽക്കേണ്ടത് .വെഞ്ചരിക്കാത്ത ഇറച്ചി ഇത്രനാൾ കഴിച്ചതായിരിക്കില്ലേ സഭയുടെ എല്ലാ പോരയ്മകളുടെയും കാരണം ? സഭാമക്കളുടെ തിന്മകളുടെ കാരണം ? വിജാതീയൻ പ്രാർത്ഥിച്ചു അറക്കുന്ന ഇറച്ചി തിന്നുന്നവരിൽ തിന്മയുടെ അരൂപി പ്രവേശിക്കുമോ ?കൂടുതൽ വിവരങ്ങളുമായി ഇടയലേഖനം ഉടൻ പ്രതീക്ഷിക്കുക ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. "ക്രിസ്ത്യാനികൾ പുരോഹിതൻ പ്രാർത്ഥിച്ചു ഹനാൻ വെള്ളം തളിച്ച മൃഗത്തിന്റെ മാംസമെ കഴിക്കാവൂ എന്നു ഇടയലേഖനം ഇറക്കണം ,കാനൊനിൽ ഇതും കൂട്ടി ചേർക്കണം .പള്ളിമുറ്റത്ത്‌ തന്നെ ഭക്ത സംഘടനകളുടെ കശാപ്പുശാലകൾ തുടങ്ങാവുന്നതാണ് .പല പള്ളികളിലും വെറുതെയിരിക്കുന്ന മൊബൈൽ മോർച്ചറികളിൽ ഇറച്ചി സൂക്ഷിക്കുകയുമാവം" എന്ന രോഷന്‍ varghese ന്‍റെ കുറിപ്പ് ഒരു പ്രവാചകശബ്ദം പോലെ ഹൃദയത്തില്‍ മാറ്റൊലികൊണ്ടപ്പോള്‍ ഈയുള്ളവന്റെ ഒരു നിവേദനം ! പോത്തിരച്ചിയുടെ കൂടെ മോന്താന്‍ കള്ളും, ബ്രാണ്ടിയും കൂടി ഓരോ പള്ളികള്‍ക്കും തലയെണ്ണി 'ഉത്സവകോട്ട' അനുവദിച്ചു ഈ ന്യൂനപക്ഷത്തെ ഞങ്ങളുടെ വോട്ടുബാങ്ക് കാരണം സര്‍ക്കാരുകള്‍ പ്രീണിപ്പിക്കുമാരാകണം...കത്തനാരു പള്ളിയില്‍ വാഴ്ത്തി കൂദാസചെയ്ത കള്ളു കുടിക്കുന്നത് തന്നെ ഒരു പുണ്യമല്ലേ!
    പണ്ട് 1993ഇല്‍ അബുദാബി പള്ളിയിലെ "പരിശുദ്ധ ചന്ത"കണ്ടു അന്നെഴുതിയ പല്ലവി മനസറിയാതെ മൂളുന്നു :-
    "കള്ളപ്പരീശരേ,പള്ളി ദാദാക്കളെ,
    നിങ്ങളീ നൂറ്റാണ്ടില്‍ എങ്ങിനെത്തി ?
    പണ്ട് ഞാന്‍ നിങ്ങളെ കണ്ടതായ് ഓര്‍ക്കുന്നു,
    ചമ്മട്ടി നാഥന്‍ എടുത്ത നാളില്‍ " (സാമസംഗീതം )!

    ReplyDelete