Translate

Tuesday, December 1, 2015

കന്യാസ്ത്രീസഹോദരിമാരുടെ ആത്മഹത്യകള്‍

(ഓശാന മാസികയില്‍ 2003 ഫെബ്രുവരിയില്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ഈ ലേഖനം ഇന്നും എത്ര പ്രസക്തമാണെന്ന് ചിന്തിക്കുക)


ചാഞ്ഞോടി എസ്.എച്ച്. കോണ്‍വെന്റിലെ അംഗമായ സി. ആന്‍ ജോയെ തൂങ്ങിമരിച്ച നിലയില്‍ കോണ്‍വെന്റില്‍ കണ്ടെത്തി. ഇത് ഒരു ആത്മഹത്യയാണ് എന്ന് പൊലീസ് പിന്നീടു പറഞ്ഞു.
കന്യാസ്ത്രീസഹോദരിമാരുടെ ദുര്‍മരണങ്ങളെല്ലാം ആത്മഹത്യയാക്കുന്ന ചുമതല പോലീസില്‍ അര്‍പ്പിതമായിരിക്കയാല്‍ അവര്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം. പാലാ സ്‌നേഹഗിരിമഠത്തിലെ സിസ്റ്റര്‍ പോള്‍സി വിഷംകഴിച്ച് ആത്മഹത്യ ചെയ്തതാണെന്നു പോലീസുകാര്‍ കണ്ടെത്തുകയുണ്ടായി. ആമാശയത്തില്‍ ഫ്യൂറിഡാന്‍ കണ്ടെത്തിയെങ്കിലും വായിലോ അന്നനാളത്തിലോ ഫ്യൂറിഡാന്‍ ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും അന്ന് അവര്‍ക്ക് നല്കിയ ബിരിയാണിയിലൂടെയാണ് വിഷം അകത്തു ചെന്നതെന്നു വ്യക്തമായിരുന്നിട്ടും, അത് ആത്മഹത്യയാണെന്നു പോലീസിനു പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
സിസ്റ്റര്‍ അഭയയുടെ മരണവും ആത്മഹത്യയാണെന്നായിരുന്നല്ലോ പോലീസിന്റെ കണ്ടുപിടുത്തം! ഏതായാലും നമുക്ക് ഇതൊക്കെ വിശ്വസിക്കാം. കാരണം, ഈ മരണങ്ങളിലെല്ലാം, പോലീസിനെപ്പോലെതന്നെ സഭാധികാരവും, കന്യാസ്ത്രീസഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്നു വിശ്വസിക്കുകയും വിശ്വസിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ മണവാട്ടിമാരുടെ മരണം എങ്ങനെയാണെന്നതിനെക്കുറിച്ച് ക്രിസ്തുവിന്റെ വികാരിമാര്‍ക്കാണല്ലോ കൂടുതല്‍ അറിവ്.
പത്രവാര്‍ത്തകളനുസരിച്ച് കേരളത്തില്‍ പതിനഞ്ചോളം കന്യാസ്ത്രീസഹോദരിമാര്‍ കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ 'ആത്മഹത്യ' ചെയ്യുകയുണ്ടായി. ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് സമര്‍പ്പിതജീവിതചര്യ സ്വീകരിച്ച കന്യാസ്ത്രീസഹോദരിമാര്‍ എന്തിന്, ഇങ്ങനെ ആത്മഹത്യയ്‌ക്കൊരുങ്ങുന്നു എന്നതിനെക്കുറിച്ച് ഒരു പഠനം ആവശ്യമാണ് എന്ന് സഭയ്‌ക്കോ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്കോ ഇതുവരെയും തോന്നിയിട്ടില്ലെന്നുള്ളത് വിചിത്രമായി തോന്നുന്നു.
കന്യാസ്ത്രീമഠങ്ങള്‍ക്കുള്ളിലെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് അറിവുമാത്രമേ പൊതുജനങ്ങള്‍ക്കു ലഭിക്കാറുള്ളു. അവിടെ എല്ലാക്കാര്യങ്ങളും ശുഭമായി നടക്കുന്നു എന്നാണ് പൊതുസമൂഹത്തെ ധരിപ്പിച്ചു വച്ചിരിക്കുന്നത്. അഥവാ, അല്ലെന്നാരെങ്കിലും പറഞ്ഞാല്‍, അതു 'നമ്മുടെ സഭയെയും സന്ന്യസ്തരെയും' അപമാനിക്കുന്നതിന് 'സഭാവിരോധികള്‍ കെട്ടിച്ചമയ്ക്കുന്ന കഥകളാ'ണെന്നാണ് സഭാധികാരം വിശ്വാസികളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
കന്യാസ്ത്രീമഠങ്ങള്‍ക്കുള്ളിലെ മാനസിക പീഡനങ്ങളും വൈകാരികമായ പിരിമുറുക്കങ്ങളും എത്രയെന്നുള്ളതിനെക്കുറിച്ച് പല സഹോദരിമാരില്‍നിന്നും എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
16 വയസ്സോടടുക്കുന്ന പ്രായത്തില്‍ സന്ന്യാസജീവിതത്തെക്കുറിച്ചുള്ള മധുര പ്രതീക്ഷകളുമായാണ് പലരും മഠത്തില്‍ ചേരുന്നത്. പലപ്പോഴും സ്വന്ത ഭവനത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും ഇതിനു പ്രേരകമാവാം. ഒറ്റനോട്ടത്തില്‍ കന്യാസ്ത്രീമഠങ്ങള്‍ ജീവിത സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു.
ആവൃതിയിലേക്കു പ്രവേശിക്കുന്നതിന് ആധ്യാത്മികങ്ങളല്ലാത്ത അനേകം കാരണങ്ങള്‍ ഉണ്ട്.
പ്രസിദ്ധ കത്തോലിക്കാ സാഹിത്യകാരനായ പ്രൊഫ. ജോസഫ് മറ്റത്തിന്റെ ''ലോകം, പിശാച്, ശരീരം'', ''കൊച്ചുത്രേ്യസ്യ'' എന്നീ രണ്ടു നോവലുകള്‍ കൗമാരപ്രായത്തില്‍ പെണ്‍കുട്ടികള്‍ മഠത്തില്‍ പ്രവേശിക്കുന്നതിനുള്ള കാരണങ്ങളെയും മഠത്തിനുള്ളിലെ പിരിമുറുക്കങ്ങളെയും വിശദമായി, സത്യസന്ധമായി അവതരിപ്പിക്കുന്നു. ശ്രീ. മറ്റത്തിന്റെ 'ലോകം, പിശാച്, ശരീരം' എന്ന നോവലിലെ സിസ്റ്റര്‍. ഗ്ലോറിയായുടെ മഠപ്രവേശനത്തിന്റെ കാരണങ്ങള്‍ ജോസഫ് മറ്റം ഇങ്ങനെ വിവരിക്കുന്നുണ്ട്.
ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ഗ്ലോറിയ പുഷ്പിണിയായി. ചുവന്ന ദിവസങ്ങള്‍ അവള്‍ക്ക് ഭീതിദമായിരുന്നു. പ്രൊഫ. മറ്റം സിസ്റ്റര്‍ ഗ്ലോറിയായുടെ മനസ്സ് തുറക്കുന്നു: ''അതു വരാതിരിക്കാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. പത്ത് 'ആകാശങ്ങളിലിരിക്കുന്നതും' പത്ത് 'നന്മനിറഞ്ഞമറിയവും' ചൊല്ലി മാതാവിന് കാഴ്ചവച്ചിട്ടുണ്ട്. കുമ്പസാരിച്ചു ദിവ്യകാരുണ്യം ഉള്‍ ക്കൊണ്ട് 'അതൊഴിവാക്കിത്തരണ'മെന്നു മാതാവിനോടു പ്രാര്‍ഥിച്ചിട്ടുണ്ട്.
എന്നിട്ടും അത് ആവര്‍ത്തിച്ചു. പ്രാര്‍ഥിച്ചിട്ട് ഒരു ഫലവുമില്ല. അങ്ങനെയിരിക്കെ കൂട്ടുകാരികളാരോ ഒരിക്കല്‍ പറഞ്ഞു.
'കന്യാസ്ത്രീയമ്മമാര്‍ക്ക് ഇങ്ങനെയൊണ്ടാകുകേല. കന്യാസ്ത്രീയായാല്‍ ഇതു നിറുത്തുന്ന ഏര്‍പ്പാടുണ്ട്.'
എങ്കില്‍ തനിക്കും കന്യാസ്ത്രീയാകണം. ആ ദിവസങ്ങളെ, വേദന യുടെയും നാണക്കേടിന്റെയും ദിവസങ്ങളെ ഒഴിവാക്കാന്‍വേണ്ടി കന്യാ സ്ത്രീയാകാന്‍ താന്‍ ആഗ്രഹിച്ചു.
ഇന്ന് എല്ലാം ഓര്‍മിക്കുമ്പോളാണ് താനെന്തൊരു പൊട്ടിപ്പെണ്ണായിരുന്നുവെന്ന് മനസ്സിലാകുന്നത്. പ്രകൃതിയെയും അതിന്റെ വഴികളെയും കുപ്പായംകൊണ്ടു മൂടിപ്പൊതിഞ്ഞു നടക്കാമെന്നും പ്രാര്‍ഥനകൊണ്ട് അതിന്റെ ഗതിയെ നിരോധിക്കാമെന്നും വ്യാമോഹിച്ചിരുന്ന വിഡ്ഢിത്തത്തിന്റെ ദിവസങ്ങള്‍ (ലോകം, പിശാച്, ശരീരം, പേജ് 10, 11) .
ആധ്യാത്മികബാഹ്യമായ കാര്യങ്ങളാണ് പലപ്പോഴും കൗമാരപ്രായമായ പെണ്‍കുട്ടികളുടെ മഠപ്രവേശനത്തിനു കാരണമാകുന്നത.്  കന്യാസ്ത്രീയായെങ്കിലും, മിനി എന്ന തന്റെ സാങ്കല്പികപുത്രിയെ ഗര്‍ഭത്തില്‍, പട്ടുകുപ്പായങ്ങളണിയിച്ച്, താലോലിച്ച്, വിഭ്രമാത്മകമായ ഒരു ലോകത്തില്‍ സിസ്റ്റര്‍ ഗ്ലോറിയ ജീവിച്ചു. ബി.എയ്ക്ക് പഠിക്കുന്ന സിസ്റ്റര്‍ ഗ്ലോറിയായുടെ ചിന്താവിഹ്വലത പ്രൊഫ. മറ്റം ആവിഷ്‌കരിക്കുന്നു.
''ഞാനന്നു ശകുന്തളയായിരുന്നു. എന്റെയുള്ളില്‍ ദുഷ്യന്തന്റെ ബീജം തുടിച്ചിരുന്നു. മിനിയായി അതു രൂപംകൊണ്ടിരുന്നു'' (പേജ് 20).
വിന്‍സെന്റ് എന്ന സഹപാഠിയില്‍ ആകൃഷ്ടയാവുന്ന ആ സഹോദരിയുടെ കലുഷിതമായ പാതകള്‍ പ്രൊഫ. മറ്റം അനാവരണം ചെയ്യുന്നു: ''വൈദികര്‍ ധാരാളമായി സഭ വിട്ടുപോകുന്നു; ചിലര്‍ വിവാഹം ചെയ്യുന്നു. കന്യാസ്ത്രീകളില്ലാത്തതുമൂലം മഠങ്ങള്‍ അടച്ചുപൂട്ടുന്നു. സെമിനാരികളില്‍ വൈദികവിദ്യാര്‍ഥികള്‍ കുറയുന്നു. ഒരിടത്ത് ഒരു റെക്ടര്‍കൂടി സെമിനാരി വിട്ടുപോയിരിക്കുന്നു.
മെത്രാന്മാര്‍ വിവാഹാന്തസ്സിലേക്കു തിരിയുന്നു. ഒരു മുന്‍ മെത്രാന്‍ സകുടുംബം പത്രസമ്മേളനം നടത്തിയിരിക്കുന്നു: 'Now I am happy!' എന്ന്. അദ്ദേഹത്തിന്റെ ഭാര്യ ഒരു കൈക്കുഞ്ഞുമായിരുന്നു പല്ലിളിക്കുന്നു... നാണംകെട്ട വക!....
Now I am happy! ... ആ 'നൗ'വിന് വലിയ അര്‍ഥമുണ്ട്. ഇപ്പോള്‍, പെണ്ണുകെട്ടിയതിനുശേഷം, കുട്ടി ജനിച്ചതിനുശേഷം, പരമാനന്ദമാണെന്ന്! കഷ്ടം!'' (പേജ് 34).
കന്യാസ്ത്രീയായ ഗ്ലോറിയാ ആഗ്രഹിക്കുന്നു: ''എനിക്കു വിന്‍സെന്റില്‍ ലയിക്കണം. മരിച്ചു മറുജന്മത്തിലല്ലാ, ഈ ജന്മത്തില്‍. വിന്‍സെന്റ്, ഇതാ ഈ ഞാന്‍ ഞാനല്ലാതായിരിക്കുന്നു. എന്റെ വിലക്കപ്പെട്ട ആവൃതിയിലേക്കു കാഴ്ചമുറിയിലെ തവണക്കാരിപോലും അറിയാതെ കടന്നുവന്ന് എന്നെ പ്രലോഭിപ്പിക്കുകയും ഉണര്‍ത്തുകയും ക്ഷണിക്കുകയും ചെയ്തശേഷം ഭീരുവായൊരു കള്ളനെപ്പോലെ ഓടിമറഞ്ഞ വിന്‍സെന്റ്, നിങ്ങള്‍ നിര്‍ദ്ദയനാണ്; ദുഷ്ടനാണ്; പ്രിയപ്പെട്ട ദുഷ്ടന്‍!'' (പേജ് 121).
പ്രൊഫ. മറ്റത്തിന്റെ ''കൊച്ചുേത്രസ്യാ'' എന്ന ഗ്രന്ഥത്തിലും ഒരു കന്യാസ്ത്രീയുടെ ഹൃദയവേദന വിവരിക്കുന്നു: ''ദൈവം തന്നെ വിളിച്ചില്ല. താനിനി എങ്ങനെ വീട്ടിലേക്ക് തിരിച്ചുചെല്ലും? കഞ്ഞികുടിക്കാനിട്ടിരുന്ന നെല്ലു വിറ്റാണ് തന്നെ യാത്രയാക്കിയത്. കഷ്ടം! ഇനി എങ്ങനെ ആ വീട്ടില്‍ കാലെടുത്തുകുത്തും? വീട്ടുകാരും നാത്തൂനും എല്ലാവരും തന്നെ പരിഹസിക്കുകയില്ലേ?
തന്റെ തലമുടി മുറിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ മുമ്പില്‍ താന്‍ പരിഹാസ്യയായിത്തീരും. പിള്ളേരു കൂവിവിളിക്കും. മഠത്തില്‍നിന്ന് മതിലുചാടിയതാണെന്നു പറയും. സ്വഭാവദൂഷ്യത്തിനിറക്കിവിട്ടതാണെന്നു പറയും. 'അവളെ കല്ലെറിയുക' എന്ന് അവര്‍ ആര്‍ത്തട്ടഹസിക്കും'' (കൊച്ചുത്രേസ്യാ, പേജ് 11).
ഒരു കത്തോലിക്കനെന്ന നിലയില്‍ ആവൃതിക്കുള്ളിലെ സ്ത്രീമനസ്സിനെ പഠിച്ചറിഞ്ഞ പ്രൊഫ. മറ്റം മഠത്തിലെ ആവൃതിക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ആത്മാവുകളുടെ ഗീതം ഈ നോവലുകളിലൂടെ പാടുന്നു.
കന്യാസ്ത്രീമഠങ്ങളിലെ ആത്മഹത്യ പെരുകുന്നിതിനു കാരണം, അവിടെ നിലനില്‍ക്കുന്ന ആധ്യാത്മികേതരമായ അന്തരീക്ഷമാണെന്നുള്ളതില്‍ സംശയമില്ല. അധ്യാപികയായിരുന്ന ഒരു കന്യാസ്ത്രീ 54-ാ മത്തെ വയസ്സില്‍ റിട്ടയര്‍മെന്റിന്റെ വക്കത്തുനിന്നുകൊണ്ട് എന്നോടു  പറഞ്ഞ കാര്യം ഞാനോര്‍ക്കുന്നു: ''സാര്‍, ഞാനിത്രയും കാലം സഹിച്ചു. എനിക്കു മടുത്തു. ഇനിയെങ്കിലും സ്വതന്ത്രമായി ജീവിക്കണം.'' തലനരച്ച അവര്‍ തുടര്‍ന്നു പറഞ്ഞു: ''ഇപ്പോള്‍ ഞാന്‍ മഠത്തില്‍നിന്നു പോന്നാല്‍, മറ്റു കാരണങ്ങളാലാണ് ഞാന്‍ പോന്നതെന്നു അപവാദമുണ്ടാവില്ല. എനിക്ക് ഒരുകൊല്ലത്തെ ലീവ് ബാക്കിയുണ്ട്. അതിന്റെ പണവും പെന്‍ഷനുംകൊണ്ട് എനിക്ക് സമാധാനമായി ജീവിക്കാം.'' അവര്‍ മഠത്തിലെ ആവൃതിക്കുള്ളിലെ നരകത്തെക്കുറിച്ച് എന്നോടു വിവരിച്ചു. രണ്ടുദിവസത്തിനകം സിസ്റ്റര്‍ 'മഠം ചാടുന്നു' എന്ന് മഠാധികാരികള്‍ മണത്തറിഞ്ഞു. അവരെ സഹോദരനെയും കൂട്ടി വടക്കേയിന്ത്യയില്‍ എവിടെയോ മിഷനറി ജോലിക്കയച്ചതായാണ് പിന്നീടു ഞാനറിഞ്ഞത്.
എല്ലാ ദിവസവും ആധ്യാത്മിക പരിശീലനംകൊണ്ട് 'പുണ്യം' നേടിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീയമ്മമാരുടെയുള്ളില്‍ വിഭ്രമാത്മകമായ ഒരു മനസ്സുണ്ട്. കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ ചിറകടിക്കുന്ന മനസ്സ്. കത്തോലിക്കാസമൂഹവും പൊതുസമൂഹവും ഈ കൂട്ടിനുള്ളിലേക്കു നോക്കാന്‍ തയ്യാറല്ല. വിശുദ്ധിയുടെ നെറ്റിപ്പലക ആവൃതിക്കു പുറത്ത് ഒട്ടിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു.
ന്യായമായ കാരണങ്ങളാല്‍പ്പോലും മഠത്തില്‍നിന്നു പുറത്തെത്തുന്നവരെ സ്വീകരിക്കാന്‍ സമൂഹം തയ്യാറല്ല. കുമ്പസാരക്കൂടുകളുടെ സുഷിരങ്ങളിലൂടെ ഏല്‍ക്കുന്ന പുരുഷഗന്ധവും പ്രേരണയും അവര്‍ക്കു തടുക്കാനാവുന്നതല്ലെന്ന് 'മഠംചാടി'കളായ ചില കന്യാസ്ത്രീയമ്മമാര്‍ പറഞ്ഞത് ഓര്‍ക്കുന്നു. മഠത്തിനുള്ളില്‍ ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുമ്പോള്‍ 'പുണ്യത്തിന്റെ കരിമ്പടമിട്ടു'മൂടി എത്രകാലം സഭയ്ക്കു പോകാനാവും?
ഇന്നു മഠത്തിലേക്കു പ്രവേശിക്കുന്ന പല പെണ്‍കുട്ടികള്‍ക്കും തങ്ങള്‍ ഏറ്റെടുക്കുന്ന ജീവിതാവസ്ഥയെക്കുറിച്ച് ഒട്ടുംതന്നെ അറിയില്ല. ഇന്ന് സാധാരണ ഒരു പെണ്‍കുട്ടി വിവാഹിതയാകുന്നത് ഏകദേശം 25 വയസ്സോടടുക്കുമ്പോഴാണ്. അപ്പോള്‍ മാത്രമേ, ജീവിതാവസ്ഥയെക്കുറിച്ച് ഒരു പെണ്‍കുട്ടിക്ക് ഉറച്ചതീരുമാനമെടുക്കാനാവു. അതുകൊണ്ട് 25 വയസ്സിനുമുമ്പ് കന്യാസ്ത്രീമഠത്തിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കേണ്ടതാണ്. പ്രൊഫ. മറ്റത്തിന്റെ സിസ്റ്റര്‍ ഗ്ലോറിയായെപ്പോലെ ആര്‍ത്തവരക്തത്തെ ഭയന്നും അതുപോലുള്ള മറ്റു കാരണങ്ങള്‍ കൊണ്ടും കന്യാസ്ത്രീകളാകുന്ന ഇന്നത്തെ സമ്പ്രദായം അവസാനിപ്പിച്ചേ മതിയാവൂ. ഇക്കാര്യത്തില്‍ സഭാധികാരവും സ്ത്രീവിമോചനപ്രസ്ഥാനക്കാരും ഉറക്കെ ഉറക്കെ ചിന്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

1 comment:

  1. അന്ത്യകാലത്തിന്റെ ചിത്രീകരണ വേളയില്‍ ക്രിസ്തു "പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളതു " എന്നു പറഞ്ഞതായി ഓര്‍ക്കുന്നു ! എന്നാല്‍, "പുഷ്പിണിയാകാത്ത കന്യാസ്ത്രീകളെക്കുറിച്ചു ഈയുള്ളവന്‍ ഇതാദ്യമായാണ് കേള്‍ക്കുന്നത് ! ഒരു ബാലിക 'സ്ത്രീ' ആകുന്നതുതന്നെ അവള്‍ പുഷ്പിണിയാകുന്നതോടെയാണല്ലോ! "പാതിരിമാരാകാന്‍ ഒരുങ്ങുന്ന ബാലന്മാര്‍ക്ക് കടുക്കാകഷായം കൊടുക്കും" എന്നു (പുരോഹിതനാകാന്‍ മുന്നീര്‍ക്കുടത്തില്‍വച്ചേ അമ്മ നേര്‍ന്ന) ഞാന്‍ കേട്ടിരുന്നു ! ആ കഷായം കുടിക്കാനുള്ള മടികാരണം അമ്മപറഞ്ഞ "ദൈവവേല" വേണ്ടാ എന്നു ചെറുപ്രായത്തിലെ ഉറപ്പിച്ച എനിക്കിതെല്ലാം പുതിയ അറിവിന്റെ തലങ്ങളാണ് ലോകമേ!

    ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ഗ്ലോറിയ പുഷ്പിണിയായി. ചുവന്ന ദിവസങ്ങള്‍ അവള്‍ക്ക് ഭീതിദമായിരുന്നു. പ്രൊഫ. മറ്റം സിസ്റ്റര്‍ ഗ്ലോറിയായുടെ മനസ്സ് തുറക്കുന്നു: ''അതു വരാതിരിക്കാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. പത്ത് 'ആകാശങ്ങളിലിരിക്കുന്നതും' പത്ത് 'നന്മനിറഞ്ഞമറിയവും' ചൊല്ലി മാതാവിന് കാഴ്ചവച്ചിട്ടുണ്ട്. കുമ്പസാരിച്ചു ദിവ്യകാരുണ്യം ഉള്‍ ക്കൊണ്ട് 'അതൊഴിവാക്കിത്തരണ'മെന്നു മാതാവിനോടു പ്രാര്‍ഥിച്ചിട്ടുണ്ട്.
    എന്നിട്ടും അത് ആവര്‍ത്തിച്ചു. പ്രാര്‍ഥിച്ചിട്ട് ഒരു ഫലവുമില്ല. അങ്ങനെയിരിക്കെ കൂട്ടുകാരികളാരോ ഒരിക്കല്‍ പറഞ്ഞു.
    'കന്യാസ്ത്രീയമ്മമാര്‍ക്ക് ഇങ്ങനെയൊണ്ടാകുകേല. കന്യാസ്ത്രീയായാല്‍ ഇതു നിറുത്തുന്ന ഏര്‍പ്പാടുണ്ട്.'
    എങ്കില്‍ തനിക്കും കന്യാസ്ത്രീയാകണം. ആ ദിവസങ്ങളെ, വേദനയുടെയും നാണക്കേടിന്റെയും ദിവസങ്ങളെ ഒഴിവാക്കാന്‍വേണ്ടി കന്യാസ്ത്രീയാകാന്‍ താന്‍ ആഗ്രഹിച്ചു.
    ഇന്ന് എല്ലാം ഓര്‍മിക്കുമ്പോളാണ് താനെന്തൊരു പൊട്ടിപ്പെണ്ണായിരുന്നുവെന്ന് മനസ്സിലാകുന്നത്. പ്രകൃതിയെയും അതിന്റെ വഴികളെയും കുപ്പായംകൊണ്ടു മൂടിപ്പൊതിഞ്ഞു നടക്കാമെന്നും പ്രാര്‍ഥനകൊണ്ട് അതിന്റെ ഗതിയെ നിരോധിക്കാമെന്നും വ്യാമോഹിച്ചിരുന്ന വിഡ്ഢിത്തത്തിന്റെ ദിവസങ്ങള്‍ (ലോകം, പിശാച്, ശരീരം, പേജ് 10, 11) .

    ഈ അന്ധതകല്ക്കെല്ലാം കാരണം "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ"എന്ന ക്രിസ്തുവിന്റെ അരുള്‍ ,അതിന്റെ പൊരുള്‍ മനസിലാക്കാന്‍ ഒറ്റക്രിസ്ത്യാനിക്കും ഇന്നയോളം കഴിഞ്ഞില്ല എന്നത് തന്നെയാണ് സത്യം!

    ReplyDelete