ജോര്ജ് മൂലേച്ചാലില്‍
(അല്പം ദീര്‍ഘവും ആലോചനാമൃതവുമായതിനാല്‍ 'നവകൊളോണിയലിസത്തിന്റെ നാല്ക്കവലയില്‍' എന്ന ലേഖനസമാഹാരത്തിന്റെ ഈ ആമുഖലേഖനം 2 ഭാഗങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. (ആദ്യ ഭാഗം വായിക്കാന്‍ : http://almayasabdam.blogspot.in/2015/12/i.html)പുസ്തകം വേണ്ടവര്‍ ഈ മാസംതന്നെ 100 രൂപാ മുഖവിലയുള്ള ഈ പുസ്തകത്തിന് 60 രൂപാ നേരിട്ട് (നവോത്ഥാനം ബുക്‌സ്, വള്ളിച്ചിറ 686574, മൊബൈല്‍: 9497088904, email : geomoole@gmail.com) അയച്ചുകൊടുത്താല്‍ ഉടന്‍തന്നെ സാധാരണ പോസ്റ്റില്‍ പുസ്തകം അയച്ചുതരും.
ആമുഖം ii
ലോകത്തിനുമേല്‍ പണം ന്യായാധിപനായിരിക്കുന്ന ഒരു വന്‍ചന്തവ്യവസ്ഥിതി വ്യവസ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന അറിവ് എല്ലാവര്‍ക്കുമുണ്ടെങ്കിലും, അതിന്റെ സ്വഭാവവും അതിലെ അപകടങ്ങളും വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്നു സംശയമുണ്ട്. ലോകത്തിന്നുവരെ അരങ്ങേറിയിട്ടുള്ള സാമ്രാജ്വത്വങ്ങളുടെയെല്ലാംപിന്നില്‍ അധികാരദുര മൂത്ത ഏതാനും മനുഷ്യരുടെയോ രാജ്യങ്ങളുടെയോ മുഖമുണ്ടായിരുന്നുവെങ്കില്‍, ഈ വ്യവസ്ഥിതിക്കുപിന്നില്‍ അങ്ങനെയൊരു വില്ലന്‍മുഖം കാണാനില്ല എന്നത് അതിനൊരു കാരണമാണ്. മനുഷ്യന്റെ ഒരു സൃഷ്ടിയായ ചന്തയെന്ന സ്ഥാപനംതന്നെയാണ്, എല്ലാവരിലുമുള്ള ദുരയിലേക്കു വേരുകളാഴ്ത്തി, യാന്ത്രികമെന്നോണം സ്വയംപ്രവര്‍ത്തനക്ഷമമായ ഈ പുതിയ ലോകസാമ്രാജ്യത്വത്തെ തഴപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. സ്വയം അറിയാതെയാണെങ്കിലും, ഇതില്‍ എല്ലാവരും പങ്കുകാരാണ് എന്നതുകൊണ്ടും ഇതിന്റെ ദോഷവശങ്ങള്‍ തിരിച്ചറിയാതെ പോകുന്നുണ്ട്. ഇതുവരെ ലോകം കണ്ട എല്ലാ സാമ്രാജ്യത്വങ്ങളും ഏതെങ്കിലുമൊക്കെ ജനതകളെയാണ് അതിന്റെ അടിമകളാക്കിയതെങ്കില്‍, പുതിയ ചന്തസാമ്രാജ്യത്വവ്യവസ്ഥ ലോകത്തിലെ മുഴുവന്‍ ജനതകളെയുമാണ് അതിന്റെ അടിമകളാക്കുന്നത്. ആധുനികസൗകര്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് മനുഷ്യനെ സംസ്‌കൃതിയില്‍നിന്നു വികൃതിയിലേക്ക്, ജന്തുതലത്തിനും താഴേത്തട്ടിലേക്ക്, അവരറിയാതെതന്നെ ആട്ടിത്തെളിക്കുന്നു, ഈ വ്യവസ്ഥിതി. അതിനായി, മനുഷ്യനെ അവന്റെ ആന്തരസത്തയില്‍നിന്നു കണ്ണു പറിപ്പിച്ച് ബഹിര്‍മുഖത്വത്തിലേക്കു നയിക്കുന്നു. മാനുഷികമൂല്യങ്ങളില്‍നിന്ന് കച്ചവടമൂല്യങ്ങളിലേക്കു തള്ളിവിടുന്നു. ഉന്നതമായ ജീവിതസങ്ക്‌ലങ്ങളെയും ലക്ഷ്യങ്ങളെയും വന്ധ്യംകരിച്ച്, ഉപജീവന-സുഖജീവിതലക്ഷ്യങ്ങള്‍ മാത്രമുള്ളവരായി മാറ്റുന്നു. ഇത് എല്ലാവരെയും, മുതലാളിയെയും തൊഴിലാളിയെയും, ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ പണത്തിന്റെ കൂലിപ്പണിക്കാരാക്കുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും 'ഇസ'ങ്ങള്‍ ഈ നവസാമ്രാജ്യത്വത്തിന്റെ പോക്കറ്റില്‍നിന്നുള്ളവയാകയാല്‍, സാമ്പത്തികമാനം മാത്രമുള്ളതാകയാല്‍, എതിര്‍വാ ഉരുവിടാന്‍ ആരുമില്ല എന്നതാണവസ്ഥ.
ഇതൊന്നും അങ്ങനെയല്ലെന്നും അങ്ങനെയായിരിക്കരുതെന്നും, കരുതുന്നവരും ജീവിതമത്സരത്തില്‍ തോറ്റുപോകുന്ന ശക്തിഹീനരും ജീവിതത്തിന്റെ പുറംപോക്കുകളിലേക്ക്, അതിജീവിതംപോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളിലേക്ക് തള്ളപ്പെടുന്നു. ഈ കാലഘട്ടത്തിന്റെ കണ്ണ് എന്നു വിശേഷിപ്പിക്കാവുന്ന മഹാനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഈ ദുരവസ്ഥയില്‍നിന്നും ലോകത്തെ മാറ്റിയെടുക്കേണ്ടതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''അത്തരം പുറന്തള്ളലുകളുടെ എല്ലാ രൂപങ്ങളെയും ചേര്‍ത്തുകെട്ടുന്ന അദൃശ്യമായൊരു നൂലുണ്ട്. നമുക്കതു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ? ഇവയൊന്നും ഒറ്റതിരിഞ്ഞ പ്രശ്‌നങ്ങളല്ല. ആഗോളീകരിക്കപ്പെട്ട ഒരു വ്യവസ്ഥകളുടെ ഭാഗമാണ് ഈ നശീകരണ യാഥാത്ഥ്യങ്ങളെന്നു തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു.' സാമൂഹിക ബഹിഷ്‌ക്കരണത്തെക്കുറിച്ചോ നശീകരണത്തെക്കുറിച്ചോ വേവലാതികളില്ലാതെ ഏതു വിധത്തിലും ലാഭം ഉളവാക്കുക എന്ന മനോഭാവം അടിച്ചേല്പിക്കുന്ന വ്യവസ്ഥയാണതെന്നു നാം തിരിച്ചറിയുന്നുണ്ടോ? അതാണു സാഹചര്യമെങ്കില്‍ ഞാന്‍ നിര്‍ബന്ധപൂര്‍വ്വം പറയും; നാം അതു പറയാന്‍ ഭയക്കരുതെന്ന്. നമുക്ക് മാറ്റം വേണം, യഥാര്‍ത്ഥ മാറ്റം, ഘടനാപരമായ മാറ്റം'' (2015 ജൂലൈ 21-ലെ മാതൃഭൂമി ദിനപത്രത്തില്‍ നിന്ന്).
എങ്ങനെയാണ് ഈ മാറ്റം സാധിക്കുക? 'മോചനത്തിനെന്താണൊരു വഴി?' എന്ന ചോദ്യത്തിന് ഡി.പങ്കജാക്ഷന്‍കുറുപ്പു സാര്‍ നല്‍കിയ മറുപടി ഇന്നിടെ പ്രസക്തമാണെന്നു തോന്നുന്നു: ''ഇതിന്റെ വിമര്‍ശനം, നാളെയുള്ള ഭാവന, അതു പ്രത്യക്ഷമാക്കാനുള്ള കര്‍മ്മശക്തി. ഇതുമൂന്നും സാധാരണ ജനങ്ങളിലുണ്ടാവാതെ മോചനം സംഭവിക്കില്ല'' (മുന്‍ഗ്രന്ഥം പേജ്: 23). ഇന്നിന്റെ ശരിയായ വിമര്‍ശനവും നാളെയെക്കുറിച്ചുള്ള ഭാവനയും വിടരുന്നതിനനുസരിച്ച് ആ നാളെയെ പ്രത്യക്ഷമാക്കാനുള്ള കര്‍മ്മശക്തി ജനങ്ങളില്‍ ഉറവെടുത്തുകൊള്ളും എന്നു കരുതാം.
ഇതില്‍ ഇന്നിന്റെ വിമര്‍ശനം നടക്കണമെങ്കില്‍ ആ ഇന്നിനെ അതായിരിക്കുംവിധം നോക്കിക്കാണേണ്ടതുണ്ട്. കാലഘട്ടങ്ങള്‍ മനുഷ്യനേത്രങ്ങള്‍ക്കുമുമ്പില്‍ കെട്ടിവെച്ചിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടേയും ദൈവശാസ്ത്രങ്ങളുടെയും സാമ്പത്തികദര്‍ശനങ്ങളുടെയുമെല്ലാം കൃത്രിമ വര്‍ണ്ണക്കണ്ണടകളെല്ലാം പറിച്ചെറിഞ്ഞ്, തനതു കണ്ണുകളുടെ തെളിമയിലായിരിക്കേണ്ടതുണ്ട് ഈ നിരീക്ഷണം. ആ നിരീക്ഷണത്തില്‍ അവനവനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്നിനെ വിമര്‍ശിക്കുമ്പോള്‍ അതു സൃഷ്ടിപരമായ സാമൂഹികവിമര്‍ശനമായിത്തീരുന്നു. അല്ലാത്തപക്ഷം, ഏതോ കാലങ്ങളില്‍ ജീവിച്ച ആരുടെയോ ഒക്കെ, എന്നേ കാലഹരണപ്പെടേണ്ടിയിരുന്ന ചിന്തകള്‍ തമ്മിലുള്ള അങ്കംവെട്ടായി ഇന്നിന്റെ വിമര്‍ശനം അധഃപതിക്കും. ചുറ്റുമുയരുന്ന കോലാഹലങ്ങള്‍ നിരീക്ഷിച്ചാല്‍, അത് നിരര്‍ത്ഥകമായ ഈ അങ്കംവെട്ടലുകളുടേതാണെന്നു കാണാം. മുഖ്യധാരാജീവിതം നയിക്കുന്ന ഓരോ മനുഷ്യനും ഇന്ന്, ആഗോളതലത്തില്‍ സംഘടിതമായിരിക്കുന്ന മത-സാമ്പത്തികശക്തികളുടെ വിദൂരനിയന്ത്രണത്തിലാണ്. ആ നിയന്ത്രണത്തിന്റെ കെട്ടുപൊട്ടിച്ച് ചിന്താസ്വാതന്ത്യം വീണ്ടെടുക്കുകയെന്നതാണ് ഇന്നു മനുഷ്യര്‍ ആദ്യം ചെയ്യേണ്ടതെന്നു തോന്നുന്നു.
എന്നാലാവുംവിധം ഈ സ്വാതന്ത്യത്തില്‍നിന്നുകൊണ്ടെഴുതിയ ഏതാനും നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇതില്‍ മിക്കവയും ഒരു പതിറ്റാണ്ടു മുമ്പെങ്കിലും എഴുതിയവയാണെങ്കിലും അവയിലെ ആശയങ്ങള്‍ക്കു പ്രസക്തി കൂടിയിട്ടേയുള്ളു എന്നാണെന്റെ വിചാരം.
ഈ പുസ്തകത്തിന് ഏറ്റം അനുഗ്രഹമായിരിക്കുന്നത് ഇതിന്റെ അവതാരികയാണ്. മലയാളത്തിന്റെ മഹാപ്രതിഭയും അതിപ്രശസ്തനുമായ സി. രാധാകൃഷ്ണന്‍ എന്നെപ്പോലെ തീര്‍ത്തും അറിയപ്പെടാത്ത ഒരാളുടെ പുസ്തകത്തിന് അവതാരിക എഴുതിത്തരുക എന്നു പറഞ്ഞാല്‍ അതു വലിയൊരു കാര്യംതന്നെയാണ്. അയച്ചുകൊടുത്തിരുന്ന എന്റെ മുന്‍പുസ്തകങ്ങളോരോന്നും വായിച്ചുടനെതന്നെ അവയെ ശ്ലാഘിച്ചുകൊണ്ട് അദ്ദേഹം എനിക്കെഴുതിയ കത്തുകളാണ് അദ്ദേഹത്തെ സമീപിക്കാന്‍ എനിക്കു ധൈര്യംതന്നത്. അദ്ദേഹത്തോടെനിക്കുള്ള നന്ദിക്ക് അതിരില്ല എന്നുമാത്രം പറയട്ടെ.
ഇതിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പലതരത്തില്‍ എന്നോടു സഹകരിച്ച എല്ലാ അണിയറ പ്രവര്‍ത്തകരെയും സ്‌നേഹത്തോടും കൃതജ്ഞതയോടുംകൂടി ഇവിടെ സ്മരിക്കുന്നു.
ഒരതിശയോക്തിയും ഇല്ലാതെ പറയട്ടെ, ഇത്ര ലളിതമായി, കാര്യകാരണസഹിതം, ഇന്ന് ഇന്ത്യാക്കാരെ, പ്രത്യേകിച്ച് മലയാളി ക്രൈസ്തവരെ അലട്ടുന്ന മാനസിക സംഘര്ഷങ്ങളുടെ അടിവേരുകളെ കണ്ടെത്തി, വേണമെങ്കിൽ അവയെ പിഴുതുകളയാനുള്ള പ്രതിവിധികൾ നിർദ്ദേശിക്കുന്ന വേറൊരു പുസ്തകം ഞാൻ വായിച്ചിട്ടില്ല. സ്വീകാര്യമായ പോംവഴി എന്ന് സി. രാധാകൃഷ്ണൻ ഈ പുസ്തകത്തെ വിലയിരുത്തിയത് 100% അനുയോജ്യമാണ്. ക്രിസ്തുവിശ്വാസത്തിൽ വ്യാപിച്ചിരിക്കുന്ന പൊള്ളത്തരത്തിന്റെ അടിസ്ഥാനം എവിടെയെന്ന് സംശയാതീതമായി ജോര്ജ് പറഞ്ഞുതരുന്നു. നമ്മുടെ സമൂഹത്തെ ഇത്ര വികൃതമാക്കിയത് ഏതൊക്കെ ചരിത്ര ഘടകങ്ങൾ എന്ന് ചൂണ്ടിക്കാണിക്കുന്നു. അനേക മതങ്ങളുടെ ഉറവിടമായ ഇത്യയിൽ എന്തുകൊണ്ട് ഭൂരിഭാഗത്തിനും ശരിയായ ദൈവാവബോധമോ നിസ്വാർഥമായ സഹോദരസ്നേഹമോ ഇല്ലാതെ ചുറ്റുവട്ടത്തെ ഒരു നരകമാക്കി മാറ്റാൻ അവരുടെ ജീവിതശൈലികൾ കാരണമാകുന്നു എന്നും ജോർജ് ഏറ്റവും ചുരുക്കി എഴുതിയിരിക്കുന്നു - ഒരു കൊച്ചു കുഞ്ഞിനുപോലും മനസ്സിലാകുന്ന ഭാഷയിൽ.
ReplyDeleteഹിന്ദു-ക്രിസ്ത്യ-മുസ്ലിം വ്യത്യാസമില്ലാതെ കേരളത്തിലെ മതനേതൃത്വമെങ്കിലും ഈ കൃതി വായിച്ച് പ്രബുദ്ധരായി അതിലെ ആശയങ്ങൾ തങ്ങളുടെ സമൂഹങ്ങളിലെ സാധാരണക്കാരോട് പങ്കുവച്ചാൽ അത് ഒരു വലിയ് മാറ്റത്തിന് തുടക്കമാകും എന്നതിന് യാതൊരു സംശയവും വേണ്ട. അതിനുള്ള തുറന്ന മനസ്സ് അവർക്കുണ്ടാകാൻ ഇടവരട്ടെ. 'മതം ജീവിതമാകാത്തത് എന്തുകൊണ്ട്' എന്ന അവസാനത്തെ ഒരദ്ധ്യായമെങ്കിലും നമ്മുടെ പള്ളികളിലെ വികാരിമാർ വായിക്കാൻ വേണ്ടി അത് മാത്രം അച്ചടിച്ച് അവര്ക്ക് അയച്ചുകൊടുക്കാമെന്നുണ്ടെങ്കിൽ അതൊരു വലിയ ശുദ്ധീകരണപ്രക്രിയയായിരിക്കും. ഏതാനുംപേർ സഹകരിക്കുമെങ്കിൽ അത് ചെയ്യാവുന്നതേയുള്ളൂ. ഞാനും പങ്കെടുക്കാം.