ചാക്കോ കളരിക്കൽ
2013-ൽ
അമേരിക്കയിലെ ടെക്സാസ് സ്റ്റെയ്റ്റിൽ (Texas State)
16 വയസ്സുകാരൻ മദ്യപിച്ചു വണ്ടിയോടിച്ച് അപകടമുണ്ടാക്കി നാലുപേരെ (മൂന്ന് കുടുംബങ്ങളിലെ അംഗങ്ങൾ) കൊലപ്പെടുത്തി. ആ കേസിൻറെ വിധിയിൽ ജഡ്ജി
ആ ചെറുപ്പക്കാരനോട് വളരെ ദയ കാണിക്കുകയുണ്ടായി.
കേസിനോടനുബന്ധിച്ച് വളരെപ്പേർ കോടതിയിൽ സാക്ഷ്യപ്പെടുത്തുകയുണ്ടായെങ്കിലും
ഒരു മന:ശാസ്ത്രജ്ഞൻറെ സാക്ഷ്യമാണ്
ജഡ്ജി കാര്യമായി സ്വീകരിച്ചത്. മാതാപിതാക്കളുടെ അതിസമ്പത്തിൽ വളരേണ്ടിവന്നതിനാൽ ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കാത്ത ഒരു സ്വാഭാവികാവസ്ഥ ആ
ചെറുപ്പക്കാരനിലേയ്ക്ക്
പകർത്തപ്പെട്ടെന്നും, അവൻറെ ആ അവസ്ഥയാണ് മരണഹേതുകമായ
വാഹനാപകടത്തിന് കാരണമായതെന്നും, ആയതിനാൽ അവൻ തെറ്റുകാരനല്ലെന്നുമാണ് ആ മന:ശാസ്ത്രജ്ഞൻ കോടതിയെ ബോധിപ്പിച്ചത്. വൈദ്യശാസ്ത്രപരമായ ഈ രോഗനിർണ്ണയം അമേരിക്കൻ സൈക്യാട്രിക്
അസോസിയേഷൻ (American
Psychiatric Association) അംഗീകരിച്ചിട്ടില്ല.
എങ്കിലും ജഡ്ജി മന:ശാസ്ത്രജ്ഞൻറെ സാക്ഷ്യപ്പെടുത്തലിനെ
അംഗീകരിച്ചുകൊണ്ട് അവന് 10 വർഷത്തെ നല്ലനടത്തക്ക് വിധിക്കുകയാണ് ചെയ്തത്. അവനെ അറിയപ്പെടുന്നത് 'അഫ്ളുവെൻസ
റ്റീൻ' (Affluenza
Teen) എന്നാണ്. ഈത്തൻ കൌച് (Ethan Couch) എന്നാണ് ആ കൊലയാളിയുടെ ശരിയായ
പേര്.
ഈ സംഭവം ഞാനിവിടെ കുറിക്കാൻ ഒരു കാരണമുണ്ട്. ആ
മന:ശാസ്ത്രജ്ഞൻ കോടതിയിൽ സാക്ഷ്യപ്പെടുത്തിയതുപോലെ നമ്മുടെ മെത്രാന്മാരുടെ അതിസമ്പത്തുകാരണം അവർക്കും ആ ചെറുപ്പക്കാരൻറെ അഫ്ളുവെൻസ
അസുഖം ബാധിച്ചിട്ടുണ്ടോയെന്ന് ഞാൻ ബലമായി സംശയിക്കുന്നു.
കാരണം സിംഹാസനങ്ങളിലും പണച്ചാക്കിൻറെ മുകളിലും സ്ഥാനമാനങ്ങളിലും അള്ളിപ്പിടിച്ചിരിക്കുന്ന മെത്രാന്മാർക്കും ശരിയും തെറ്റും തിരിച്ചറിയാൻ പലപ്പോഴും സാധിക്കുന്നില്ലന്ന് അവരുടെ പ്രവൃത്തികൾ കണ്ടാൽ അറിയാം. അവരുടെ അനീതികളും അഴിമതികളും നാൾക്കുനാൾ വർദ്ധിക്കുകയുമാണ്. പക്കാ ഫരിസേയിസവും കച്ചവടങ്ങളുമാണ് മിക്ക രൂപതകളിലും നടക്കുന്നത്. ഉദാഹരണത്തിന് വിദ്യാഭ്യാസരംഗത്തെ കച്ചവടം, ആശുപത്രിനടത്തിപ്പിലെ കച്ചവടം. ജനത്തെ അംഗീകരിക്കാത്ത, മാനിക്കാത്ത, ശ്രദ്ധിക്കാത്ത, വളർത്താത്ത, അടിമത്ത മന:സ്ഥിതിയോടെ നയിക്കുന്ന
മതമേധാവികളാണെവിടെയും. മതങ്ങൾ തമ്മിലോ ആൾദൈവങ്ങൾ തമ്മിലോ ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല.
സമ്പത്തിൻറെ
ധാരാളിത്വംമൂലം സഭയ്ക്ക് ആർബുദരോഗം കയറിപ്പിടിച്ചിരിക്കുകയാണ്. ബഹുഭൂരിഭാഗം സാധാരണ വിശ്വാസികളും സഭാധികാരികൾക്കെതിരേയും സഭാനടപടികൾക്കെതിരേയും ചിന്തിക്കുന്നവരാണ്. എന്നാൽ അധികാരികളുടെ അനീതികളും അഴിമതികളും കണ്ടാൽ ഒരാളും തുറന്നു പ്രതികരിക്കുന്നില്ല. കുടുംബത്തകർച്ച, ധാർമീകാധ:പ്പതനം, വിവാഹം പൊട്ടിത്തെറിക്കൽ, സ്വാതന്ത്രിയത്തിൻറെ നാശം, സ്വകാര്യ സഭ്യതയുടെ പോരായ്മ, ജനാതിപത്യത്തിൻറെ അധോഗതിയെല്ലാം നാമിന്ന് കാണുന്നുണ്ട്. ഇതിനൊക്കെയെതിരായി വൈദികർ പോലും ശബ്ദിക്കുന്നില്ല. എല്ലാ വൈദികരും മെത്രാന്മാരുടെ കാലുകഴുകി എല്ലാ അനീതികൾക്കും 'റാം' മൂളി സ്ഥാനമാനങ്ങൾ
മോഹിച്ച് കഴിയുകയാണ്. അതുകൊണ്ട് മെത്രാന്മാർക്ക് എന്ത് സന്തോഷമാണന്നറിയാമോ? ധാരാളം സ്തുതിപാഠകർ! മെത്രാന്മാർ പേക്കിനാവോടെ ഉണരുന്ന സമയം വിദൂരമല്ല.
ശതകോടികളുടെ
സമ്പത്തിന്മേൽ കയറിയിരുന്നുകൊണ്ട് ദാരിദ്ര്യം മാറ്റാനായി പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ദൈവനിന്ദയല്ലേ? ഒരു മെത്രാൻറെ ഭരണരീതി
രാഷ്ട്രിയക്കാരൻറെപോലെയും
ബിസിനസ്സുകാരൻറെപോലെയും
എന്നതിലുമുപരി ഒരു പട്ടാളമേധാവിയെപ്പോലെയുമാണ്. കാനോൻ നിയമം മെത്രാൻറെ പ്രത്യേക
അധികാരത്തെ ചുറ്റിപ്പറ്റി നിർമ്മിച്ച നിയമസംഹിതയാണല്ലോ.
മുൻകാലങ്ങളുമായി
തട്ടിച്ചുനോക്കിയാൽ നല്ല ശതമാനം സഭാപൗരരും
ഇന്ന് വിദ്യാസമ്പന്നരാണ്, ബുദ്ധിമാന്മാരാണ്, സഭയെ എല്ലാതരത്തിലും സഹായിക്കാൻ
സാധിക്കുന്നവരാണ്. അവർ ഒറ്റയ്ക്കും സംഘടിതമായും
സഭയുടെ എല്ലാ തലങ്ങളിലും പങ്കാളികളാകാൻ നന്മനസ്സു കാണിച്ചിട്ടുണ്ട്, അഭ്യർത്തിച്ചിട്ടുമുണ്ട്. പക്ഷെ, സഭാധികാരത്തിന് അവരെകൊണ്ട് ആവശ്യമില്ല എന്ന നിലപാടാണ് ഇന്നും
നിലനില്ക്കുന്നത്. മെത്രാൻറെ 'വൺ മേൻ ഷോ'
യാണ് സഭയിൽ നടക്കുന്നത്. എല്ലാമറിയാവുന്ന മെത്രാന്മാർക്ക് ഏറ്റവും കുറച്ച് അറിയാവുന്നത് സഭാപൌരരെ മാത്രമാണ്.
അഭ്യസ്തവിദ്യരായ
നസ്രാണികൾ സഭയെ കാലോചിതമായി നവീകരിക്കാൻ
എല്ലാവിധേനയും പരിശ്രമിക്കുന്നുണ്ട്. സഭാപൌരരുടെ നിയമാനുസരണവും ന്യായവുമായ പരാതികൾ ശ്രവിക്കാൻ മെത്രാന്മാർ കടപ്പെട്ടവരാണ്. സഭാധികാരികളും സഭാപൌരരും തമ്മിലുള്ള സുഭഗമായ ചർച്ചകൾക്കുള്ള അവസരം ഇന്നത്തെ സഭയുടെ അവസ്ഥയിൽ അനിവാര്യമാണ്. സഭാപൌരരെ വെറും നോക്കുകുത്തികളാക്കുന്നത് ശരിയല്ല. സഭാധികാരം ഇന്നോളം അവരെ പത്ത് തീണ്ടാപാടകലയെ
നിർത്തിയിട്ടൊള്ളൂ. ഇക്കാര്യത്തിലുള്ള മെത്രാന്മാരുടെ മൌനം സഭാനവീകരണക്കാരുടെ ഇച്ഛാഭംഗത്തെ ക്ഷോഭിപ്പിക്കാനെ
കഴിയൂ. അവരുടെ മൌനപ്രതിരോധനം ഒരുനാൾ പരാജയപ്പെടും. മൌനംകൊണ്ട് പരാജയത്തെ ദീർഘിപ്പിക്കുന്നുവെന്നേയുള്ളൂ.
വെറുതെയല്ലാ സൈബർലോകം മുഴുവൻ മെത്രാന്മാരെപ്പറ്റിയുള്ള വിദ്വേഷവിമർശനംകൊണ്ട് നിറഞ്ഞുനില്ക്കുന്നത്. കാലികകാര്യങ്ങളെ സമ്പത്തിച്ച് അവർക്കൊന്നുമാറിയില്ലന്നുള്ളത് ലജ്ജാകരവും
ഖേദകരവുമാണ്. Bishops
are hopelessly out of touch with today's world reality. വിശ്വാസികൾക്ക് വിശ്വാസമൊരു
കുരിശായിരിക്കുകയാണിന്ന്.
പരിതാപകരമായ ഒരവസ്ഥയാണത്. മെത്രാന്മാരുടെ കാഴ്ചപ്പാടുകളിൽ ആത്യന്തികമായ ഒരു വ്യതിയാനം (paradigm shift) ഇന്നാവശ്യമാണ്.
യേശുവിന്റെ
പഠനങ്ങളും പള്ളിയധികാരികളുടെ പ്രവൃത്തികളും കാലാകാലങ്ങളായി എത്രയോ വിരുദ്ധമാണ്. വിശ്വസ്തതാപൂർവം യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എത്ര മെത്രാന്മാർക്ക് നെഞ്ചത്ത്
കൈവച്ച് പറയാൻ സാധിക്കും? സഭ സുവിശേഷഘോഷകസംഘമാണ്. ആ ദൗത്യനിർവഹണമാണ്
ഒരു മെത്രാൻറെ കടമ. പക്ഷെ അവരുടെ
പ്രവൃത്തികൾ കണ്ടാൽ യേശുവിൻറെ പേരിൽ കൊള്ളയടിക്കുന്നതിൽ തെറ്റില്ലന്നു തോന്നും. 'ഞങ്ങൾക്ക് നിങ്ങളുടെ ഭരണം മൂക്കറ്റംവരെയായി. ഇനി ഞങ്ങൾക്ക്
എടുക്കാൻ പറ്റില്ല' എന്നുവരെ കാര്യങ്ങൾ വന്നു നില്ക്കുകയാണ്.
സഭാപൌരരുടെ
സ്വാതന്ത്ര്യം മെത്രാന്മാരുടെ ഔദാര്യമല്ല. യേശുവാണ് നമ്മെ സ്വതന്ത്രരാക്കിയത്. വിയോജിക്കുന്നവരെ ശ്രവിക്കുന്നതിലെന്താണുതെറ്റ്?
അല്മായരുമായി ഭിന്നിച്ചുനിൽക്കുന്നതിനേക്കാൾ
ശക്തമാണ് അവരുമായി പങ്കുചെരുന്നതെന്ന് മെത്രാന്മാർ മനസ്സിലാക്കുന്നില്ല. എ. കെ. സി.
സി. പോലെയുള്ള സമുദായ സംഘടനയുടെ തലപ്പത്തുപോലും മെത്രാന്മാർ! അവരിന്ന് സമുദായ നേതാക്കളായി ചമഞ്ഞു നടക്കുന്നു. ഒന്നാംതരം രാഷ്ട്രീയക്കാരാണവർ. സഭയിലെ വിശുദ്ധിയും നന്മയും ആരും അവഗണിക്കുന്നില്ല. ‘ശുദ്ധമാന പാപ്പായ്ക്കു
വഴങ്ങാത്തവർക്ക് മോക്ഷം ഇല്ല’ എന്ന കാലഘട്ടമല്ലിത്. കാലത്തിൻറെ
അടയാളങ്ങൾ നാം മനസ്സിലാക്കണം. ഇരുട്ടിൽ
തപ്പിത്തടയുന്നവരാകാൻ പാടില്ല.
സ്വാശ്രയ
വിദ്യാലയങ്ങളും ആശുപത്രികളും ഷോപ്പിംഗ് കോംപ്ളക്സുകളും എസ്റ്റേറ്റുകളും റ്റി. വി. ചാനലുകളുമെല്ലാം നടത്തുന്നതിൽ
ശ്രദ്ധാലുക്കളായ മെത്രാന്മാരുടെ സിദ്ധാന്തമൊന്ന് പ്രവൃത്തിയും പ്രായോഗിക ജീവിതവും മറ്റൊന്ന്. കമ്മൂണിസ്റ്റ് പാർട്ടിയുടെ പ്രശ്നവും അതുതന്നെ. നസ്രായൻറെ പഠിപ്പിക്കലിൻറെ സ്പർശമില്ലാത്ത ആത്മീയതയെ നാം കുടിയിരുത്തിയിട്ടെന്തുകാര്യം? ജീവിക്കുമ്പോഴും ജീവിതമെന്തന്ന് അറിയാതെപോയി അർത്ഥരഹിതരായി ജീവിക്കുന്നതും അഫളുവെൻസയുടെ ലക്ഷണമാണ്.
റോമാചക്രവർത്തിയായ
കോൺസ്റ്റൻറ്റൈൻറെ കാലംമുതൽ ആദിമസഭാകൂട്ടായ്മ നശിച്ച് വൻപിച്ച സംഘടിതസഭയുണ്ടായി. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ ആ സഭ എല്ലാവിധത്തിലും
വീണ്ടും ദുഷിച്ചു. സുവിശേഷാധിഷ്ടിതമായ ക്രിസ്തീയധർമം നിയമവിരുദ്ധമായി. പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂതർ ആ ദുഷിച്ചസഭയെ
നവീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. തല്ഫലമായി പ്രൊട്ടസ്റ്റൻറ് സഭകൾ ഉടലെടുത്തു. അന്നത്തെ
സഭാധികാരികളും ഇന്നത്തെ സഭാധികാരികളും അതിൽനിന്ന് യാതൊന്നും പഠിച്ചിട്ടില്ലന്നുള്ളത് ഖേദകരംതന്നെ.
നസ്രാണികളുടെ
പള്ളിഭരണം നൂറ്റാണ്ടുകളായി നല്ലനിലയിൽ നടന്നുകൊണ്ടിരുന്നതാണ്. എന്നാൽ മെത്രാന്മാരുടെ അധികാരത്തെ വർദ്ധിപ്പിക്കാൻവേണ്ടി അടുത്തകാലംവരെ നിലനിന്നിരുന്ന പള്ളിഭരണ സമ്പ്രദായത്തെ ഫലപ്രദമായി അവർ നശിപ്പിച്ചുകളഞ്ഞു. മാർതോമ്മ ക്രിസ്ത്യാനികളുടെ
പൈതൃകത്തെ അവർ അലങ്കോലപ്പെടുത്തിയെന്നുമാത്രമല്ലാ ആ അലങ്കോലപ്പെട്ടതിനെ പൊക്കിപ്പിടിച്ച് ഉലകം
മുഴുവൻ ചുറ്റുകയാണവർ. യേശുവചനങ്ങളുടെ അരൂപി നഷ്ട്ടപ്പെട്ട ഇവർ ഈ ലോകത്തിന്
അനുരൂപരായിരിക്കയാണ്. വലിയ വലിയ പള്ളികൾ
പണുതുകൂട്ടുന്നതിലല്ലാ കാര്യം, മറിച്ച്, വിശ്വാസികളുടെ ഹൃദയനവീകരണത്തിനും ഇടവകാംഗങ്ങളുടെ സ്നേഹാത്മക കൂട്ടായ്മക്കുമാണ് പ്രാധാന്യമെന്ന് ഇവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാരണം അഫ്ളുവെൻസ തന്നെ. തലോർ ഇടവക സ്വന്തമാക്കിയതും
ഞാറക്കൽ സ്കൂൾ പിടിച്ചെടുക്കാൻ ശ്രമിച്ചതും മോനിക്കയുടെ വസ്തു കൈക്കലാക്കിയതുമെല്ലാം അഫ്ളുവെൻസ രോഗലക്ഷണം തന്നെ.
നമ്മുടെ
മേത്രാന്മാരോ വൈദികരോ 'I am sorry' യെന്ന് ഏതെങ്കിലും കാര്യത്തിൽ എന്നെങ്കിലും എവിടെയെങ്കിലും പറഞ്ഞതായി നമ്മൾ കേട്ടിട്ടുണ്ടോ? ഇല്ല. കാരണം ഇവർ അത്രയ്ക്കും അഹങ്കാരികളും
തൻകാര്യക്കാരും കുടിലരുമാണ്. സഭയുടെ അതിവിശാലമായ മടിത്തട്ടിൽ സുഖശീതളമയിൽ അവർ വിശ്രമിക്കുന്നു.
സഭാധികാരികളെപ്പറ്റി
ഇങ്ങനെയൊക്കെ കുറിക്കാൻ ഇടയാകുന്നത് വേദനാജനകമാണ്. പക്ഷെ, മറ്റു നിർവാഹങ്ങ ളൊന്നുമില്ലെങ്കിൽ എന്തു ചെയ്യും? നല്ല മെത്രാന്മാരെയും നല്ല
വൈദികരെയും നാം ബഹുമാനിക്കുകയും അവർക്ക്
സർവവിധ സഹായസഹകരണങ്ങളും ചെയ്തുകൊടുക്കുകയും വേണം. എങ്കിലും വി. ജോവാൻ ഓഫ്
ആർക്ക് പറഞ്ഞതയിരിക്കണം നമ്മുടെ ലക്ഷ്യം: "God served first".
ഇതെല്ലാം
വെറും മായാദർശനമായിരുന്നെങ്കിൽ ഞാൻ റോഡിലിറങ്ങി നൃത്തം
ചെയ്യുമായിരുന്നു. പക്ഷെ യാഥാർത്ഥ്യം അതല്ലല്ലോ.
പൌരാണികമായ
നസ്രാണി സാംസ്കാരികതയുടെ രശ്മികൾ ഇരുട്ടിൽ തപ്പിത്തടയുന്ന മെത്രാന്മാരെ മായാലോകത്തുനിന്നും വർത്തമാനകാലത്തിലേയ്ക്ക് നയിക്കാൻ ഇടയാകട്ടെ. "ഈ ലോകത്തിന്ന് അനുരൂപരാകാതെ,
നിങ്ങളുടെ മനസ്സിനെ നവീകരിച്ചു രൂപാന്തരപ്പെട്ട്, ദൈവഹിതം എന്തന്ന്, നന്മയായതും സ്വീകാര്യമായതും പൂർണമായതും എന്തെന്ന്, തിരുച്ചറിയുക" (റോമ. 12:2). 'ദൈവം തീർച്ചയായും നമ്മുടെ
ജനത്തെ കൈവെടിയുകയില്ല' എന്ന പറേമ്മാക്കൽ ഗോവർണദോരുടെ
ആത്മവിശ്വാസം എനിക്കുമുണ്ട്.
കേരളത്തിലെ സീറോ മലബാർ സഭ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിൽ തന്നെയാണ്. അനേകായിരങ്ങൾ തങ്ങളെ തിരിച്ചൊന്നും ചോദിക്കാതെ അനുസരിക്കുന്നുവെന്ന ചിന്തയാണ് അവരെ നയിക്കുന്നത്; ചെയ്യുന്നത് മുഴുവൻ ശരിയാണെന്നുള്ള ധാരണയും അവർക്കുണ്ട്. കാനോൻ നിയമം യഥേഷ്ടം ആരോ വളച്ചൊടിച്ചുവെന്നാണ്, ഡൽഹി അത്മായരുടെ പരാതിക്കു മറുപടിയായി വത്തിക്കാനിൽ നിന്ന് ലഭിച്ച കത്തിൽ സൂചിപ്പിക്കുന്നത്.
ReplyDeleteകൂദാശകൾ വെച്ചു വില പറഞ്ഞ മുഴുവൻ സന്ദർഭങ്ങളിലും കോടതി വിധികൾ അത്മായർക്കനുകൂലമായിരുന്നു. മെത്രാന്മാർ കൂടിയിരുന്നു തീരുമാനിക്കുന്ന കാര്യങ്ങൾ സഭയിൽ നടപ്പിൽ വരുത്തുക എളുപ്പമല്ലാതാകുന്നു, നിയമസാധുതയോ ന്യായമോ ഇല്ലാത്ത കാര്യങ്ങൾ മുഴുവൻ കോടതികളിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാവുകയും ചെയ്തിരിക്കുന്നു; ഒന്നൊന്നായി മെത്രാന്മാർ പരസ്യ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.
ഇവിടെ മദ്യം നിരോധനത്തിനു വേണ്ടി വാദിക്കുകയും ഗോവയിൽ ഇക്കാര്യം മിണ്ടാതിരിക്കുകയും ചെയ്യുന്ന ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുടെ നിലപാട് ഇടതു പക്ഷ മുന്നണി പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നു. അവരെ ഭയമില്ലെന്നാണ് ശ്രി. കാനം രാജേന്ദ്രൻ പറഞ്ഞത്. ഇത് പോലൊരു പ്രഖ്യാപനം വലതു മുന്നണിയിൽനിന്നും കൂടിയുണ്ടായാൽ, നമ്മൂടെ മെത്രാന്മാർക്ക് തൽക്കാലം വിശ്രമിക്കാറാവും. എ കെ സി സി എവിടെ വരെ പോകുമെന്ന് അവർ കണ്ടു കഴിഞ്ഞു. അല്മായാശബ്ദം തുടങ്ങിയതിനു ശേഷം കേരളത്തിലുണ്ടായ സംഭവവികാസങ്ങളും സഭക്കുണ്ടായ ക്ഷതങ്ങളും വിലയിരുത്തിയാൽ സീറോ മലബാർ സഭ അതിവേഗം ദുർബ്ബലപ്പെട്ടുകൊണ്ടിരിക്കുന്നതു കാണാം.
"അഫ്ളുവെൻസ (Affluenza )" എന്ന മാനസീക രോഗികളാണ് നാം കൈമുത്തുന്ന /നാം തീറ്റിപ്പോറ്റുന്ന ഓരോ മെത്രാനും കത്തനാരും, പിന്നെ വാകീറിപ്പാസ്ട്രും എന്നതിൽ കാലത്തിനും . മനനമുള്ള ഒരച്ചായനും സം ശയമില്ല മലനാട്ടിൽ ! എന്റെ സഭയിൽ കഴിഞ്ഞയിടെ മെത്രാനായ ഒരു രംപാന്കുഞ്ഞുനോട് (എന്റെ കസിന്റെ വയറ്റിൽ കിടന്നതാണാക്കുഞ്ഞു) മെത്രാന്പട്ടം കിട്ടുന്നതിന്റെ തലേ ആഴ്ച അതിയാൻ എന്റെ വീട്ടിൽ വന്നപ്പോൾ, ഞാൻ ചുമ്മാതെ ചോദിച്ചു "രംപാച്ചന്മോൻ മെത്രാനായാൽ കര്ത്താവിനു വേണ്ടി ജീവിക്കുമോ അതോ സഭയ്ക്ക് വേണ്ടി ജീവിക്കുമോ" എന്ന് ! ഉത്തരം ടപ്പാന്നു തന്നു "സഭയ്ക്ക് വേണ്ടി""എന്ന് ! സത്യമാണാ കുഞ്ഞു പറഞ്ഞത് ! അവന്റെ വലിയ ജീവനസത്യം ! കര്ത്താവിനുവേണ്ടി ജീവിക്കാത്ത ഇവന്മാരെ ആദരിക്കാനും കൈമുത്താനും നടക്കുന്ന ജനത്തെ നോക്കി കുരിശിതൻ എത്രമാത്രം നൊമ്പരപ്പെടുന്നെന്നു ആരാനും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭാരതത്തിന്റെ സനാതനമതം ഉപേക്ഷിച്ചു കത്തനാരുടെ കളർളോഹ കണ്ടു ഭ്രമിച്ചു അവന്റെ പുറകേപോയി കൂദാശ തട്ടിപ്പെന്ന എരുതീയിൽ വീണ ഈയാംപാറ്റകളാണു നാം ഓരോരുത്തരും (പോയ തലമുറകളും )എന്നാരും മറക്കരുതേ!
ReplyDeleteഈ കഴിഞ്ഞയാഴ്ച ഞാനൊരു മെത്രാന്റെ കണ്‍വന്‍ഷന്‍പ്രസംഗം കേട്ടു:അതിയാന്‍ അടിക്കുന്നു കീര്‍ വാണം "എനിക്കിന്നലെ ഇന്നടത്തെ ശ്രീമാന്‍ എക്സ് ഇത്ര ഏക്കര്‍ പുരയിടം ഇഷ്ടദാനം തന്നു എന്നു " ആത്മ പുളകിതനായി അതില്‍ സന്തോഷിച്ചു മതിമറന്ന ആ കൊച്ചു ജീവിയോടു എനിക്ക് ക്രിസ്തുവിനു തോന്നിയ "പുശ്ചം" തോന്നി സത്യം ! അപ്പോഴേ പന്തല്‍ വിട്ടു ഞാന്‍ സ്ഥലം കാലിയാക്കി . ഹോ!ദൈവത്തെ അറിയാത്ത മനമേ, നീ ക്രിസ്തുവിനു ദു:ഖമായി ജനിക്കാതെ ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു?
"വിശ്വസ്തതാപൂർവം യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എത്ര മെത്രാന്മാർക്ക് നെഞ്ചത്ത് കൈവച്ച് പറയാൻ സാധിക്കും? സഭ സുവിശേഷഘോഷകസംഘമാണ്. ആ ദൗത്യനിർവഹണമാണ് ഒരു മെത്രാൻറെ കടമ. പക്ഷെ അവരുടെ പ്രവൃത്തികൾ കണ്ടാൽ യേശുവിൻറെ പേരിൽ കൊള്ളയടിക്കുന്നതിൽ തെറ്റില്ലന്നു തോന്നും. 'ഞങ്ങൾക്ക് നിങ്ങളുടെ ഭരണം മൂക്കറ്റംവരെയായി. ഇനി ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല'" എന്നു കുറിച്ച ആ വിരല്‍ കൂട്ടിനു ആദരച്ചുംബനം!
"നസ്രായൻറെ പഠിപ്പിക്കലിൻറെ സ്പർശമില്ലാത്ത ആത്മീയതയെ നാം കുടിയിരുത്തിയിട്ടെന്തുകാര്യം? ജീവിക്കുമ്പോഴും ജീവിതമെന്തന്ന് അറിയാതെപോയി അർത്ഥരഹിതരായി ജീവിക്കുന്നതും അഫളുവെൻസയുടെ ലക്ഷണമാണ്." എന്നു കുറിച്ച ആ വിരല്‍ കൂട്ടിനു ആദരച്ചുംബനം.....
മെയ്മാസത്തിന്റെ പുഷ്പസമൃദ്ധിയില്‍ വിഷയാസക്തിയെ ഭക്തിയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന അന്താരാഷ്ട്ര കച്ചവടക്കാരായ പൊള്ള മനുഷ്യര്‍ ആമന്ത്രണങ്ങള്‍ക്കിടയില്‍ വിഭജിച്ചു ഭക്ഷിക്കുന്നത് ക്രിസ്തുവിന്റെ ദിവ്യശരീരമല്ല.
ReplyDelete1981-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട എലിയറ്റ് - കവിയും നിരൂപകനും(ടി എം ദേവസ്യ) എന്ന പുസ്തകത്തില്‍ നിന്ന്.