മേജറിനു തിരക്കായിരിക്കും, എങ്കിലും ഒന്ന് നില്ല്; ഇയ്യാളും കൂടി കേൾക്കാനാ ഞാനീ പറയുന്നത്. അമേരിക്കയിലൊരു മാറുണ്ട് - മാർ അങ്ങാടിയത്ത്. 'മാർ' എന്നത് സുറിയാനി വാക്കാണെന്നും, അതിന്റെ അർത്ഥം വിശുദ്ധനെന്നാണെന്നും, അതിന്റെ സ്ത്രീലിംഗം മർത്താ (യേശുവിന്റെ അമ്മ - മർത്താ മറിയം) എന്നാണെന്നുമാണ് എന്റെ അറിവ്. ഞാനീപ്പറഞ്ഞ മാർ (ഇയ്യാളെങ്ങിനെ മാറാകും എന്നെനിക്കറിയില്ല), ഇടവകക്കാർ മാറ്റണമെന്നു പറഞ്ഞു സമരം ചെയ്യുന്ന ഒരച്ചന്റെ കൂടെ ഉറച്ചു നില്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ - അച്ചനെ മാറ്റണമെന്നു പറഞ്ഞു ന്യുയോർക്കിൽ സമരവുമാണല്ലൊ! ഈ അങ്ങാടിയത്ത് മാർ സത്യത്തിന്റെ കൂടെ നില്കാൻ തുടങ്ങിയിട്ട് ഒരു പാടു നാളായി; മേജർ ഇടപെട്ടത് നിർത്തണം. ഇന്നാളൊരാൾക്കു കുറി കൊടുക്കാതെ കല്യാണത്തിന്റെ തലേ ആഴ്ച്ച വരെ അമേരിക്കയിലാരോ ഒളിച്ചു കളിക്കുകയും (സത്യത്തിന്റെ കൂടെ); അവസാനം വക്കീലിന്റെ ഇണ്ടാസ് കിട്ടിയപ്പോൾ സാധനം കൊടുക്കുകയും ചെയ്യുകയുണ്ടായല്ലോ (ഈ കേസിൽ മാറിനെ എനിക്ക് സംശയമില്ല!). ഒരു ക്നാനായാക്കാരൻ ഒരു കത്തോലിക്കയെ വിവാഹം കഴിച്ചാൽ രണ്ടു പേരും രണ്ടു പള്ളിയിൽ പോകണം എന്ന നിയമം ആ അങ്ങാടിയത്ത് മാറിന്റെ ഒപ്പിട്ടു നടപ്പിലായല്ലൊ (ഈ നിയമം പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല - സത്യത്തിൽ, പല വീടുകളിലും നിയമം വരുന്നതിനു മുമ്പേ പ്രാബല്യത്തിൽ വന്നിരുന്ന ഒരാചാരമായിരുന്നിത്). കഴിഞ്ഞ വർഷം, അല്പം ഇളക്കമുണ്ടായിരുന്ന ഒരച്ചൻ വേണ്ടാതീനമൊന്നും കാണിച്ചിട്ടില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ, ഈ മാറിന്റേയും, നാട്ടുകാർ പിരിവെടുത്തുണ്ടാക്കിയ സ്ഥാവരജംഗമ സാധനങ്ങളിലും കൂടി കൊള്ളിച്ചു പെൺകുട്ടിയുടെ വീട്ടുകാർ 33 കോടി രൂപാക്ക് ഒരു കേസു കൊടുത്തതും മേജർ ഓർക്കണം. അർഹിക്കുന്നവരെ മാറ്റി നിർത്തി, അടുത്ത മെത്രാനാകാൻ സ്വന്തത്തിൽ പെട്ട ഒരാളേം കൊണ്ടു നടന്നതായും ഈ മാറിന്റെ പേരിൽ ഒരാരോപണം ഉണ്ടായത് മേജറും കേട്ടു കാണും.
ഈ മാറിന്റെ പേരിൽ ഇനിയുമുണ്ട് ആരോപണങ്ങൾ - അച്ചനായിരുന്നപ്പോഴത്തെ മുതൽ. ഈ മാറിനെ വത്തിക്കാൻ ഒരിക്കൽ പറ്റിച്ചുവെന്നും പറയപ്പെടുന്നു - കാനഡായിലെ അര രൂപതയിൽ മെത്രാനുണ്ടായ കാര്യം അങ്ങേര് പത്രത്തിൽ നിന്നാണ് വായിച്ചറിഞ്ഞതെന്നു വ്യാപകമായി സംസാരമുണ്ടായിരുന്നു (ഈ ആരോപണവും ഞങ്ങൾ കാഞ്ഞിരപ്പള്ളിക്കാർ വിശ്വസിക്കുന്നില്ല (ഞങ്ങളുടെ മെത്രാൻ ലോകമാകെ ചിതറിനടന്ന കാലത്ത് അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചിട്ടുള്ളതാ അദ്ദേഹം). ആളു നല്ലവനാണ്, ഒരു കുഴപ്പമുള്ളത്, കുർബാനയുടെ ഇടവേളയിൽ (ലേഖനം വായിക്കുന്ന സമയത്ത്) അദ്ദേഹം ഇരിക്കുന്നത് ബലിപീഠത്തിനു മുമ്പിൽ ജനങ്ങൾക്കഭിമുഖമായി മാർപ്പാപ്പാ ഇരിക്കുന്നത് പോലെയാണെന്നതേയുള്ളൂ. സൈഡിൽ ഇരിക്കുന്ന അച്ചന്മാരുടെ അടുത്തിരിക്കാറില്ല. സക്രാരിക്കുള്ളിലിരിക്കുന്ന കർത്താവിന് അരത്തുണിയെയുള്ളൂവെന്നത് പരിഹരിക്കാൻ ഒരു ജൗളിക്കടക്ക് വേണ്ടത്ര തുണിയും ചുമന്നുകൊണ്ടു നടക്കുന്ന മെത്രാന്മാർ സത്യത്തിൽ തെറി കേൾക്കേണ്ടവരല്ല. എങ്കിലും, ഈ മാറിനെ ഇവിടെനിന്നൊന്ന് മാറ്റിത്തരുമോ ജേഷ്ടാ? പ്ലീസ്! അമരിക്കയിൽ മതസ്വാതന്ത്ര്യമില്ലെന്ന് മടയലേഖനം ഇറക്കിയ, ഏറ്റുനിന്നു പ്രസംഗിക്കാൻ കെല്പില്ലാത്ത ഈ മാർ തുടർന്നാൽ ഇനിയും പല കഥകളും ഉണ്ടായേക്കാം. ഈ മാറിന്റെ കാലത്താണ്, പള്ളി മുറ്റത്തിട്ടു മാർത്തോമ്മാക്കുരിശു കത്തിച്ചതു ം, ഒരു വിശ്വാസി അൾത്താരയിലിരുന്ന മാർത്തോമ്മാ കുരിശെടുത്തു മാറ്റിയതും, അച്ചൻ കുർബ്ബാനക്കിടെ പിണങ്ങിപ്പോയതും, കുടുംബവഴക്ക് തീർക്കാൻ പോയ അച്ചൻ വീട്ടമ്മയേയും കൊണ്ട് മുങ്ങിയതുമൊക്കെ. ഈ മാറിന്റെ പ്രാർത്ഥനയിലും മേൽനോട്ടത്തിലും പണിത കത്തീദ്രൽ പള്ളിയുടെ ബേസ്മെന്റിലാണ് മഴ പെയ്താൽ വെള്ളം കയറുന്നത്.
ഇവിടെ മദ്യ നിരോധനത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളൊന്നും അങ്ങാടിയത്തു മാർ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ഈ ആ കഥ വഴിപോലെ പറഞ്ഞാലേ ശരിയാവൂ. എന്റെ സുഹൃത്ത് കുര്യാച്ചൻ, ചിക്കാഗോ പള്ളിയിൽ ഒരു കല്യാണത്തിനു പോയി; അവിടെ ചെന്ന് സദ്യക്കിരുന്നയദ്ദേഹം അത്ഭുതപ്പെട്ടു പോയി - സദ്യക്ക് വന്ന 90 ശതമാനം പേരും പെണ്ണുങ്ങൾ. അതെന്താ അങ്ങിനെയെന്നു ചോദിക്കാതെ കുര്യാച്ചൻ മടങ്ങുകയും ചെയ്തു. ഈ അടുത്ത കാലത്ത് വീണ്ടും ഒരു കല്യാണത്തിന് അവിടെ പോകാനിടയായി കുര്യാച്ചൻ. അന്വേഷിച്ചു ചെന്നപ്പോഴാ കാര്യം മനസ്സിലായത്, സദ്യക്ക് മദ്യം വിളമ്പുന്നത് നിർത്താൻ പോകുന്നെന്ന്. മുമ്പ് സദ്യ തുടങ്ങുമ്പോഴേ ആണുങ്ങൾ ആണുങ്ങളുടെ മുറിയിലേക്ക് പോകുമായിരുന്നത് കൊണ്ടാണ് പെണ്ണുങ്ങൾ മാത്രം ഹോളിൽ അവശേഷിക്കുമായിരുന്നത്. ഇടവകക്കാർ യോഗം കൂടിയാണ് ഈ തീരുമാനം ഐക്യകണ്ഠേന പാസ്സാക്കിയത്. ഇങ്ങിനെയുള്ള സമ്മേളനങ്ങൾക്ക് പള്ളി ഹാൾ വാടകക്കു കൊടുക്കുമായിരുന്നത് വഴി ഒരു വർഷം ഏകദേശം 60 ലക്ഷത്തോളം രൂപാ സത്യത്തിന്റെ ഫണ്ടിലേക്ക് വന്നു കൊണ്ടിരുന്നത്രേ. മെത്രാനു വഴി കാട്ടാൻ ഇടവകക്കാർ ഇറങ്ങേണ്ട ഗതികേട് എല്ലാ സീറോ രൂപതകളിലും തന്നെയുണ്ട്. ദയവായി ആ സത്യത്തിനെ അമേരിക്കയിൽ നിന്ന് എങ്ങോട്ടെങ്കിലും പറഞ്ഞുവിട്ട് അവിടുത്തെ പ്രവാസികളുടെ സങ്കടങ്ങൾ ഒന്ന് പരിഹരിക്കാമോ സർ? ഈ മാറിന്റെ വിധിയും മുല്ലാ നസറുദ്ദിന്റെ വിധിയും തമ്മിൽ സാമ്യമുണ്ടോന്നെനിക്കു സംശയം. കൺഫ്യുഷൻ ഉണ്ടാകാതിരിക്കാൻ മുല്ലാ നസറുദ്ദിൻ (ജഡ്ജിയായപ്പോൾ) കക്ഷികളിൽ ഒരു പക്ഷത്തിന്റെ വാദം മാത്രമേ കേൾക്കുമായിരുന്നുള്ളൂ. കാണ്ഡമാലിൽ (അക്രമത്തിനു ശേഷം) കന്യാസ്ത്രികൾ ചുരിദാറുമിട്ടോണ്ട് നടന്ന ഒരു കാലമുണ്ട്. അതിനേപ്പറ്റി ഒരച്ചൻ പറഞ്ഞത്, ചുരിദാറിടാമെന്നും ബൈബിളിൽ പറഞ്ഞിട്ടുണ്ടെന്നാ! വിശ്വാസികൾക്ക് എന്തെല്ലാം ചെയ്യാമെന്നാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളതെന്നു എല്ലാവരും നോക്കുക.
കഴിഞ്ഞ ദിവസം (29-02-2016) പ്രസിദ്ധീകരിച്ച മനോരമ 'ഈ' പത്രത്തിന്റെ അഞ്ചാം പേജിൽ രണ്ടു ചിത്രങ്ങളുണ്ട് - ഒന്നിൽ ഫൊറോനാകളുടെ നേതൃത്വത്തിൽ മല കയറുന്നതും രണ്ടാമത്തേത് നാട്ടുകാരിറങ്ങി കുളം വൃത്തിയാക്കുന്നതും. ദൈവത്തിനിഷ്ടം ഏതാന്നു നമുക്ക് മാർപ്പാപ്പായോടു ചോദിക്കാം. കരുണയുടെ കവാടം തുറന്നു മടുത്തു; ഇപ്പോൾ കരുണയുടെ സന്ദേശവാഹയാത്രകളാണ്; കരുണയുടെ സി ഡി യുമുണ്ട് - അല്പം വില കൂടുതൽ കൊടുത്താൽ മതി. ബി എസ് എൻ എല്ലിന്റെ കാര്യം പറഞ്ഞതു പോലെയാ - ഇടവകകളുടെ പല മൂലകളിലും കരുണക്കു റേഞ്ചില്ല. അതുകൊണ്ടാ ഇങ്ങിനെ മൊബൈൽ അദാലത്തുകൾ നടത്തേണ്ടി വരുന്നത്! സഭയും മെത്രാന്മാരും കരുണ കാണിക്കുന്നില്ലേയെന്നു ചോദിച്ചാൽ ഉണ്ടു താനും. കേരളത്തിലെ നൂറ്റിനാൽപ്പത് അസംബ്ലി സീറ്റുകളിൽ തൃശ്ശൂർ രൂപത വെറും മൂന്നു സീറ്റല്ലേ ചോദിച്ചുള്ളൂ? ഇത് കനത്ത കാരുണ്യമല്ലെങ്കിൽ പിന്നെന്താണ്? ഈ കാരുണ്യം സീറോ മലബാറിന്റെ എല്ലാ രൂപതകളും കൂടി കാണിക്കുകയാണെങ്കിൽ മൊത്തം 90 സീറ്റുകൾ മേജറിന്റെ കണ്ട്രോളിൽ കോൺഗ്ഗ്രസ്സ് തന്നെ കൊടുക്കേണ്ടി വരും. കൊടുത്തില്ലെങ്കിൽ, മുൻ വർഷങ്ങളിലേതു പോലെ കാരുണ്യപൂർവ്വം കോൺഗ്രസ്സി നെ അടിയെ വാരുകയും, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണായെന്നു പറയുകയും ചെയ്യും. ഇനി 140 സീറ്റും കത്തോലിക്കാ സഭക്ക് വിട്ടുകൊടുത്താലോ, വിശ്വാസികൾ സഭയെ അടിയെ വാരുന്നതും കാണാം (ഉദാഹരണം: എകെസിസി ക്കുണ്ടായ അനുഭവം). അടുത്ത വർഷം ഇടതുപക്ഷം ഭരണത്തിൽ എന്നുറപ്പിക്കാം! ഈ കരുണ എല്ലാ തിരഞ്ഞെടുപ്പുകൾക്കും സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും വരേണമേ; ആമ്മേൻ!
കുർബ്ബാനക്കിടയിലെ നാടകങ്ങൾ ഒഴിവാക്കണമെന്നൊരു ബിഷപ്പ് ! അടുത്ത കാലത്തിത്രയും വലിയ വളിപ്പു കേട്ടിട്ടില്ല. നാടകങ്ങൾ ഒഴിവാക്കിയാൽ പിന്നെ കുർബ്ബാനയിലൊന്നും കാണില്ല ബിഷപ്പേ ... ഇനി അടുത്ത ബിഷപ്പ് വന്നു ഹീ കുർബ്ബാന പോലെ ഷീ കുർബ്ബാനയും വേണമെന്നു പറഞ്ഞേക്കാം. ആരും അതു കേട്ടു വിഷമിക്കേണ്ടാ. ഒരു മണിക്കൂറിൽ പതിനഞ്ചു മിനിറ്റ് പ്രസംഗം, പത്തു മിനിറ്റ് അറിയിപ്പുകൾ (ഇതിൽ പഞ്ചായത്ത്- വില്ലേജ് ഓഫീസുകളിൽ നിന്നും ഹെൽത്ത് സെന്ററുകൾ, കൃഷി ഓഫീസ്, കോളേജ് എന്നിവകളിൽ നിന്നുമൊക്കെയുള്ള അറിയിപ്പുകളുമുണ്ട്), ബാക്കി വരുന്ന മുപ്പത്തഞ്ചു മിനിറ്റിൽ മേലദ്ധ്യക്ഷന്മാരുടെ പേരു പറയാനും, കുർബ്ബാന കൊടുക്കാനും ഗാനമേള നടത്താനും പിരിക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്. മുക്കാൽ വെള്ളവും കാൽ പാലുമായി വരുന്ന ദ്രാവകത്തെ വെള്ളമെന്നാണു വിളിക്കേണ്ടത്; ഈ നാടകത്തെ കുർബ്ബാനയെന്നു വിളിക്കുന്നതു ന്യായമാണോന്നറിയില്ല. എന്തായാലും, പാതിക്കാലത്ത് ഓസ്തി ഉയർത്തുമ്പോൾ എല്ലാവരും ശ്രദ്ധിച്ചിരിക്കും - ഡാവിഞ്ചി വരച്ച അന്ത്യ അത്താഴത്തിലെ യേശുവിന്റെ അതേ മുഖം ഇനിയും കണ്ടുകൂടായ്കയില്ലല്ലൊ!
അത്മായരുമായി മുട്ടിയാൽ എന്ത് സംഭവിക്കുമെന്നു ഡൽഹിയിൽ നിന്നു പഠിച്ചില്ലെങ്കിൽ ക്നാനായാക്കരുടെ കൈയ്യിൽ നിന്ന് പഠിച്ചോ! ഭരണങ്ങാനത്തു ശവക്കോട്ട പുതുക്കി പണിതപ്പോഴും ചൊറിഞ്ഞല്ലോ പള്ളിക്ക്. തെക്കിനിയത്ത് റാഫേലിനെ ആദരിക്കാൻ പാലാക്കാർ ക്ഷണിച്ചപ്പോൾ എത്ര പേരാ തൃശ്ശൂരുനിന്നൊപ്പം വന്നത്? എല്ലാവർക്കും ഒരാവേശമാ. നെറികേട് കാണിക്കുന്ന ഒരു മാറിനേയും വിടാൻ അത്മായർ തയ്യാറാവരുത്. കല്ലറ നിയമവും, പ്രീക്കാനാ കോഴ്സിൽ നടക്കുന്ന ജനിപ്പിക്കൽ പരിശീലനവുമെല്ലാം ചോദ്യം ചെയ്യാൻ ധീരരായ പോരാളികൾ മുന്നോട്ടു വരട്ടെ!
ഇന്ത്യൻ പ്രസിഡന്റും പ്രസിഡന്റിനെപ്പോലെ യുള്ള ഉന്നതരും വിമാനത്താവളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ ആലഞ്ചേരിക്കു സൌകര്യം ഒരുക്കിക്കൊടുക്കുന്നത് ആരാണെങ്കിലും ആ ഏർപ്പാട് മുഖ്യമന്ത്രി ഇടപെട്ടു നിർത്തണം; അല്ലെങ്കിൽ സുകുമാരൻ നായരെയും പാണക്കാട് തങ്ങളേയും വെള്ളാപ്പള്ളീന്നാരെ യെങ്കിലും കൂടിയെങ്കിലും വിളിക്കാൻ ശ്രദ്ധിക്കുക. വിമാനത്താവളം സീറോ മലബാറിന് ഷെയറുള്ളതല്ലല്ലോ.
(രാവിലെ അല്മായാ ശബ്ദം നോക്കിയപ്പോൾ റോഷന് അഭിനന്ദനങ്ങൾ കണ്ടു. നല്ല വാക്കുകൾക്കു നന്ദി. സഭയിലെ കൊള്ളത്തരങ്ങൾ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നതു കൊണ്ടാവണം എനിക്കീ 'എഴുത്തു വരം' കിട്ടിയത്, അല്ലാതെ ഞാനൊരഗ്നിക്കും പോയിട്ടില്ല. ഉള്ള സമയം ലോക വാർത്തകൾ വായിക്കാനും എഴുതാനും ചിലവിടുന്നു. ഈ സൽപ്രവർത്തി ചെയ്യുന്നത് കൊണ്ടാവാം എനിക്കു വീണ്ടും പ്രൊമോഷൻ കിട്ടി. ഞാനിപ്പോൾ കമ്പനിയിലെ സീനിയർ സൂപ്പർവൈസർമാരിൽ ഒരാളാണ്. അബുദാബിയിൽ കമ്പനി വക ക്വാർട്ടേഴ്സും കിട്ടി. സത്യം പറഞ്ഞാൽ രണ്ടു മാസമായി എട്ടു മണിക്കൂർ ജോലിയേയുള്ളൂ, അതുകൊണ്ടാ ഇതൊക്കെ സാധിക്കുന്നത്. കോട്ടൂർസാറിന്റെ സി സി വി കലക്കുന്നുണ്ട് - ഞാൻ സാറിന്റെ ഒരാരാധകനാണ്).
No comments:
Post a Comment