Translate

Friday, February 5, 2016

സ്നേഹിക്കൂ, ജനിപ്പിക്കൂ, വിശ്വസിക്കൂ .....


ഇതാരുടെ മുദ്രാവാക്യമാണേന്നറിയാമോ? കേരള കത്തോലിക്കരെ പീസ് പീസാക്കിയെ അടങ്ങൂ എന്ന് നിശ്ചയിച്ചുറച്ചിരിക്കുന്ന നമ്മുടെ മെത്രാൻ സമിതി വിവാഹാഘോഷങ്ങളുമായി ബന്ധിപ്പിച്ച് പൊതുജനത്തിന് നല്കുന്ന മുദ്രാവാക്യമാണ്. അവരറിയാതെ ഇതൊന്നും അച്ചന്മാർ പള്ളിയിൽ  വിളിച്ചു പറയില്ലല്ലോ.  ഇതിന്റെ ഓരോ ഘട്ടവും എങ്ങിനെയൊക്കെയാണെന്നു വിശദമായി പ്രീകാനാ കോഴ്സിൽ തൊലിക്കട്ടിയുള്ള വൈദികരും കന്യാസ്ത്രികളും ചേർന്നു പറഞ്ഞുതരും. കല്യാണാവസരത്തിലെ പ്രസംഗത്തിൽ അച്ചനും ഇതും വിളിച്ചുകൂവും, ഇതിൽ പങ്കെടുക്കാൻ വരുന്ന സർവ്വ ജാതികളെയും സാക്ഷി നിർത്തി. നാലാമത്തെ കുട്ടിക്കു മാമ്മോദീസാ കൊടുക്കുന്നത് വികാരി ജനറാൾ, അഞ്ചാമത്തെ കുട്ടിക്കു രൂപതാ സിഞ്ചെല്ലൂസ്, ആറാമത്തെ കുട്ടിക്കു മെത്രാൻ, ഏഴാമത്തെ കുട്ടിക്കു കർദ്ദിനാൾ, എട്ടാമത്തെ കുട്ടിക്കു മാർപ്പാപ്പാ ഒന്പതാമത്തെ കുട്ടിക്കു മാർത്തോമ്മാ - ഈ നിരക്കിലാണിപ്പോൾ മാമ്മോദീസാ കൊടുക്കൽ ക്രമീകരിച്ചിരിക്കുന്നത്. ഈ അടുത്ത ദിവസം തൃശ്ശൂർ പള്ളിയിൽ മെത്രാനൊരു മാമ്മോദീസ്സാ നൽകിക്കൊണ്ട് കർത്താവിന്റെ ഈ സന്ദേശം ലോകത്തോട് മൈക്കിലൂടെ പ്രഘോഷിക്കുകയുണ്ടായി. പ്രസംഗം പുറത്തെ റോഡിലൂടെ നടന്നു പോയവരും കേക്കുന്നുണ്ടായിരുന്നു. നാണമില്ലാത്ത വർഗ്ഗം! അല്ലാതെന്തു പറയാൻ? ഇക്കാര്യത്തിൽ പെൺകുട്ടികൾക്ക് വിവാഹപ്രായമെത്തുന്നതിനു മുമ്പേ ട്രെയിനിങ്ങ് കൊടുക്കുന്ന വൈദികരും ഉണ്ട്. തൃശ്ശൂരിൽ ഒരച്ചൻ സ്ഥിരമായി ഫോണിലൂടെ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടെന്നു പരാതിയും ഉയരുന്നുണ്ട്.


ഞാൻ പറഞ്ഞില്ലേ ഈ പോക്കു നല്ലതിനല്ലെന്ന്. മദ്ധ്യപ്രദേശിലെ പിന്നോക്ക പ്രദേശങ്ങളിലെ സർക്കാർ സ്‌കൂളുകൾ രൂപതയ്കു വിട്ടുകൊടുത്താൽ ശരിയാക്കിത്തരാമെന്നാണ് ഭോപ്പാൽ മെത്രാൻ പറയുന്നത്. ഇവിടെ കേരളത്തിലെ രൂപതകൾ എന്താ ചെയ്യുന്നതെന്നു നോക്കി പഠിക്കൂ ഭോപ്പാൽ മെത്രാനേ. കേരളത്തിൽ സീറോക്ക് പത്തു പതിമ്മൂന്നു രൂപതകളൂണ്ടല്ലോ! അവരുടെ പുറത്തു പറയാത്ത ആഗ്രഹം, കേരള ഗവണ്മെന്റിനെ അങ്ങോട്ടു കൊടുത്താൽ ശരിയാക്കിത്തരാമെന്നായിരിക്കാനാണു സാദ്ധ്യത. ഇവിടെ മെത്രാന്മാർക്ക് ഒരു സൗകര്യമുണ്ട് - ജോലി കൂടിയാൽ സഹായ മെത്രാനെ രൂപത ഏൽപ്പിച്ചിട്ടു മുങ്ങാം. കാഞ്ഞിരപ്പള്ളിയിൽ സഹായമെത്രാൻ വന്നത് തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതുകൊണ്ടാണെന്നു ധരിക്കരുതെന്ന് അറക്കൽ മെത്രാൻ തന്റെ വിശിഷ്ട ലേഖനത്തിലൂടെ അവ്യക്തമായി പറയുന്നുണ്ട്. കെ സി ബി സി, സി ബി സി ഐ, ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് (എ ബി സി) മുതലായ പ്രസ്ഥാനങ്ങളിൽ ഭാരിച്ച ജോലിയുള്ളതുകൊണ്ടാണിങ്ങനെ വേണ്ടി വന്നതെന്ന സൂചനയും അതിലുണ്ട്. ദീപികയുടെ ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹം എറ്റെടുത്തിരുന്നത് ഞാൻ ഓർക്കുന്നു. ഭാരം ചുമന്നും സ്നേഹിച്ചും മടുത്തപ്പോൾ ഒരു സഹായമെത്രാനെ എടുത്തേക്കാം എന്ന് വിചാരിച്ചു, അത്രേ കാണൂ കാര്യം. എന്തായാലും ഒരു രഹസ്യം പൊരുളറിയാൻ പറ്റാതെ എന്റെ ഉള്ളിൽ അവശേഷിക്കുന്നു - അങ്ങേരോട് അടുത്തു നിന്ന പല ബന്ധുക്കളും ഇപ്പോൾ വളരെ നല്ല നിലയിലാണ്. ബൈബിളിന്റെ പശ്ചാത്തലത്തിൽ എങ്ങനെ പ്രാർത്ഥിക്കണം എങ്ങനെ ജോലി ചെയ്യണം എങ്ങനെ കാര്യം കാണണം എന്നൊക്കെയുള്ള വലിയ സൂത്രങ്ങൾ അവരെ പഠിപ്പിച്ചു കാണണം!


ഇൻഫാമിന്റെ നേതൃത്വത്തിൽ കത്തോലിക്കാ കർഷകരെങ്കിലും ഒത്തു ചേർന്ന്, 'അപ്പാ പോകല്ലേ, അപ്പാ പോകല്ലേ' യെന്നു മെത്രാനോടു പറയണം. ഇൻഫാം ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിക്കു മറുമരുന്നില്ലാത്തതുകൊണ്ടുമാവാം ഇങ്ങനെയൊരു തീരുമാനം അറക്കൽ മെത്രാനെടുത്തത്. വെമൂല ചെയ്തതുപോലെ ഇവിടെയാരെങ്കിലും ചെയ്തിരുന്നെങ്കിൽ റബ്ബർവില കൂടിയേനെ. ഇൻഫാമിന്റെ ഉത്തരവാദിത്വപ്പെട്ടവരാരെങ്കിലും അങ്ങിനെ ചെയ്യണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്. ആത്മഹത്യ മാർത്തോമ്മാ പാരമ്പര്യമനുസരിച്ച് കുറ്റകരമായിപ്പോയി - എന്തു ചെയ്യാം? ഇത് വിഷമാണെന്നെഴുതിയിരിക്കുന്ന മദ്യം കുടിച്ചു കുടിച്ചു മരിക്കുന്നതും ആത്മഹത്യയാണെങ്കിലും സഭാ പാരമ്പര്യമനുസരിച്ച് അത്തരക്കാർ തെമ്മാടിക്കുഴിയിലേക്കു പോകേണ്ടതില്ല. സർക്കാരും അതിനെ ആത്മഹത്യയായി പരിഗണിക്കുകയില്ല. കത്തോലിക്കാ കർഷകരുടെ സ്ഥിതി റൊമ്പ കഷ്ടം! എന്തിന്റെയാണെങ്കിലും വില പരിധി കടന്നാൽ വികാരിയച്ചൻ പള്ളിയോ, പള്ളിമുറിയോ പൊളിക്കും - വിശ്വാസിക്കു കൂടിയതുകൊണ്ടൂം പ്രയോജനം കിട്ടാൻ ഇടയില്ല. ഇനി വല്യകുഴപ്പമില്ലാതെ നിൽക്കുകയാണെങ്കിൽ കല്ലറയുടെ കാലാവധി അൻപതു വർഷമായി കുറയ്കും. കല്ലറക്ക് ആയുഷ്കാല വില നൽകിയ ആത്മാക്കൾ നെറികേട് കാണിക്കുന്ന ഇത്തരം മെത്രാന്മാരെ ഓടിച്ചിട്ടു പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങോട്ടു വരുമല്ലോ, അപ്പോൾ രണ്ടു കൊടുക്കാമെന്നും ആത്മാക്കൾ കരുതാനിടയുണ്ട്.


ഗുജറാത്തിൽ വഡോധരയിൽ സർക്കാർ ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന ഒരു സ്വകാര്യസ്കൂളിന്റെ മെതേഡിസ്റ്റ് പാസ്റ്റർ മാനേജർ അദ്ധ്യപക നിയമനത്തിന് ഏഴു ലക്ഷം രൂപാ വാങ്ങി പിടിക്കപ്പെട്ട് ഗോതമ്പുണ്ട തിന്നുന്നുണ്ട്. ആ നിയമം ഇവിടെയും ഉണ്ട്, പക്ഷേ, അവരിലൊരാളെ തൊടാൻ ധൈര്യമുള്ളവനാരുണ്ട്? പൊറോട്ടാ അടിക്കുന്നതുപോലെ, സെമ്മിനാരി - ഇടവക ഭരണ ജീവിതത്തിലൂടെ എത്ര തിരുമ്മും ഇടിയും പിഴിച്ചിലും കഴിഞ്ഞാ ഒരാൾ മെത്രാനാകുന്നത്. അവരോടാ കളി! അടുത്തയിടെ മഠത്തിലേക്കെന്നു പറഞ്ഞു വിദേശത്തു വിട്ട കുറെ പെൺകുട്ടികളെ സ്പാനിഷ് പോലീസ് തടങ്കലിൽ നിന്ന് മോചിപ്പിച്ചത്രെ! നീണ്ട ഉടുപ്പിട്ട് നടക്കുന്നവരാണു കമ്മീഷൻ വാങ്ങിയതെന്നാണ് വാർത്തയിൽ കേട്ടത്. എന്തെല്ലാം കേട്ടാലാ ഒരു മെത്രാന്റെ ജീവിതം അവസാനിക്കുന്നത്. താഴത്ത് മെത്രാൻ ജീവൻ റ്റിവിക്കാരുടെ വായിൽ നിന്ന് പച്ചക്കു കേട്ടെന്നും, ഇടുക്കി മെത്രാൻ ഫോണിലൂടെ നീലക്കു കേട്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.  


ഇക്കഴിഞ്ഞ ദിവസം ഒരു ചിന്തകൻ പറഞ്ഞത് പോലെ തുണി വാങ്ങിക്കുന്നതും, കാറ് വാങ്ങുന്നതും പരിപ്പ് വാങ്ങിക്കുന്നതും സസ്സൂഷ്മം പരിശോധിച്ച്, ഇഷ്ടപ്പെട്ടത് മാത്രം. എന്നാൽ ആത്മരക്ഷയുടെ കാര്യം പറഞ്ഞാൽ ഒരാൾക്ക് കിട്ടുന്നതും ഞുണഞ്ഞോണ്ട് ഇരിക്കാനല്ലേ പറ്റൂ. നിങ്ങൾ കാലു പിടിക്കുന്നതു കൊണ്ടാ കൂടെ വരുന്നതെന്ന് കാലൻ കുട പറയുന്നത് പോലെ പറഞ്ഞു കൊണ്ടല്ലെങ്കിലും ഒപ്പം മെത്രാന്മാരും അച്ചന്മാരും വരുന്ന കത്തോലിക്കാ സഭയിൽ ജനിച്ചവർ ഒരു വിധത്തിൽ ഭാഗ്യവാന്മാരാ. എന്തും അടിച്ചു മാറ്റുന്ന കലയിൽ നമ്മെ ആരും കടത്തി വെട്ടാൻ പോകുന്നില്ല. ഉൽസവത്തിനു പോലും വാവാ യേശു നാഥായെന്ന ട്യൂണിൽ അമ്പലപറമ്പിൽ നിന്നൊരു പാട്ടു കേട്ടിട്ടുള്ളവരുണ്ടോ? എന്നാൽ നമ്മൾ അവരുടെ 'കൌസല്യാ സുപ്രഭാതം' വരെ അടിച്ചു മാറ്റിയിരിക്കുന്നു. ആ ട്യൂണിൽ ഒരു കത്തോലിക്കാ ഉണർത്തു പാട്ട് ഇപ്പോൾ ഫെയിസ് ബുക്കിലൂടേ കറങ്ങുന്നു. സൂര്യ നമസ്കാരം നഷ്ടപ്പെട്ട സങ്കടത്തിലിരിക്കുന്ന സമയത്താ അവർ ഇതും കൂടി കേൾക്കുന്നത്.


വന്നു വന്ന് പള്ളിക്കാർക്കു കർത്താവിനെയും സംശയമായെന്നു തോന്നുന്നു. ഇരിഞ്ഞാലക്കുട പള്ളിയിൽ സി സി ടിവി വെച്ചെന്ന് ആരോ പറഞ്ഞു കേട്ടു. ഞാൻ കണ്ടില്ല. കർത്താവ് ഇറങ്ങിപ്പോകുന്നുണ്ടോയെന്നു നോക്കാനാണെന്നാണ് അവർ പറഞ്ഞത്. കുർബാന സമയം കഴിഞ്ഞാൽ അത്മായരാരും ആ വഴിക്ക് വരില്ല; അപ്പോൾ സി സി ടി വി യുടെ ഉദ്ദേശ്യം വേറെന്തോ ആയിരിക്കണമല്ലോ. എന്നാ കേട്ടോ,സി സി ടി വി വെയ്കേണ്ടത് അജപാലന കേന്ദ്രത്തിലായിരുന്നു. എന്തെല്ലാം കാണാൻ കഴിഞ്ഞേനെ!
-- 

1 comment:

  1. പാതിരിയാകാന്‍ സെമിനാരിയില്‍ ചേര്‍ന്ന്, പാതിവഴിക്ക് ജീവനും കൊണ്ട് തിരിച്ചു വീട്ടില് ഓടിക്കിതച്ചെത്തിയ ശ്രീ,പീറ്റര്‍ അയ്യനേത്ത് എഴുതിയ "മനുഷ്യാ നീ മണ്ണാകുന്നു " എന്ന നോവല്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ വായിച്ചത് ഓര്‍ത്തുപോകുന്നു ! കത്തോലിക്കത്തിരുസഭയിലെ കത്തനാരന്മാരും കര്‍ത്താവിന്‍റെ മണവാട്ടിമാരും തമ്മില്‍ കാമിച്ചു ജനിപ്പിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എല്ലിന്കൂട്ടം മഠത്തിലെ പൊട്ടക്കിണറുകളില്‍ കൂട്ടമായി കിടക്കുന്നത് അതില്‍ ചിത്രീകരിച്ചതും ഞാന്‍ ഓര്‍ക്കുന്നു ! എന്തിനാ ആ പാവങ്ങളെ പാതിരി കൂദാശ ചെയ്യാതെ കുഴിയില്‍ എറിഞ്ഞത് ? പകരം വിശ്വാസാജങ്ങളുടെ കൂട്ടത്തിൽ അവരെയും ചേര്‍ക്കാന്‍ മേലായിരുന്നോ തിരുസഭയ്ക്ക് ? കഴിഞ്ഞതോ കഴിഞ്ഞു , ഇനിയെങ്കിലും കിളവികളാകാത്ത കര്‍ത്താവിന്‍റെ മണവാട്ടിമാർ ആണ്ടുതോറും അബ്രഹംമിന് സന്തതികളെ പ്രസവിക്കട്ടെ ! അങ്ങിനെ തിരുസഭയിലെ ആടുകളുടെ ജനനനിരക്കും നിലനിര്‍ത്താം ! ജനത്തെ വെറുതേ വിടൂ കത്തനാരെ, പണി നിങ്ങള്‍ക്കും അറിയാമല്ലോ; അണ്ണാന്‍കുഞ്ഞിനെ ആരും മരംകേറ്റം പഠിപ്പിക്കേണ്ടതില്ലല്ലോ ? ഭാരത സര്‍ക്കാര്‍ കോടികള്‍ ചിലവാക്കി 'ഫാമിലി പ്ലാനിംഗ്' ജനത്തെ പഠിപ്പിച്ചത് പാതിരി പള്ളിയില്‍ പാഴാക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി പള്ളിയിലെ കള്ളപ്പാതിരിയെ ഉടനടി കസ്ടടിയില്‍ എടുത്തു കൈഅകാര്യം ചെയ്യണമെന്നു മാറിമാറി വരുന്ന ഇടതുവലതു ഭാഗ കള്ളന്മാരായ രാഷ്ട്രീയക്കാരോടും വരാന്‍പോകുന്ന ബീ ജേ പ്പീ സര്‍ക്കാരിനോടും അപേക്ഷിക്കുന്നു ..

    ReplyDelete