ഒരു പുലിയുടെ മുമ്പിൽ യാദൃശ്ചികമായി ചെന്ന് പെട്ടാൽ നാമെന്തു ചെയ്യും? പുലി തന്നെ എല്ലാം ചെയ്തോളും എന്നു പറഞ്ഞാലേ ഉത്തരം ശരിയാകൂ; അതുപോലെതന്നെയാണ് സീറോ മലബാർ സഭയിൽ പെട്ടു പോയവരുടെയും കാര്യം. അങ്ങിനെ പെട്ടുപോയവർ ഒന്നും ചെയ്യേണ്ടതില്ല എല്ലാം മെത്രാന്മാർ ചെയ്തോളും. ഈ വർഷവും മെത്രാന്മാരെ സംബന്ധിച്ചിടത്തോളം ശനിദശ തന്നെയാണെന്ന് തോന്നുന്നു. ശവക്കോട്ടക്കു വില പറഞ്ഞ ഒരുത്തൻ പത്തുലക്ഷം നഷ്ടം കൊടുക്കാൻ കോടതി വിധിച്ചിട്ടുണ്ട്. അങ്ങിനെയിങ്ങനെയൊന്നും വഴങ്ങുന്നവരല്ല മെത്രാന്മാർ. അപ്പീൽ കൊടുത്ത് അത് ഇരുപതു ലക്ഷമാകുന്നവരെ കളിക്കും. പണ്ടു പാലാ മെത്രാൻ ഇങ്ങിനെ ഒരു കളി കളിച്ചതാ. മടൂത്തപ്പം നിർത്തി. ഇവിടെ പ്രതി സി എസ് ഐ ക്കാരനാണെങ്കിലും സീറോ പണ്ഡിതരുടേയും ഇഷ്ട വിനോദമാണ് കല്ലറ കളി. മറ്റൊരു മെത്രാനെ കോടികൾ അമേരിക്കയിൽ നിന്നു പിരിച്ചതിന്റെ പേരിൽ കേസിൽ കുടുക്കാൻ നോക്കുന്നത് അമേരിക്കക്കാർ. മദ്ധ്യതിരുവിതാങ്കൂറിലെ ആസ്പത്രിയേൽ തൊട്ടാൽ വിവരമറിയും; വേണോങ്കിൽ ചെറുവള്ളി എസ്റ്റേറ്റ് അമേരിക്കക്ക് കൊണ്ടുപോകാം. റബ്ബർ മരമുള്ള പ്രദേശം പോലും മനുഷ്യൻ ഉപേക്ഷിച്ചു കഴിഞ്ഞു! സീറോ കത്തോലിക്കർ കൊടുക്കുന്ന പണത്തിന്റെ കണക്ക് ആരെങ്കിലും ചോദിച്ച ചരിത്രമില്ല. ഒരു ഫലവുമില്ലെന്ന് അവർക്കറിയാം. കിട്ടിയത് ഇത്ര കോടി ചിലവായത് ഇത്ര കോടി. ദശാംശം പിരിക്കാൻ കൊടുക്കുന്ന നോട്ടീസിലെ വിശദ വിവരം ഇങ്ങിനെ.
ഇവിടെ ഇൻഫാമുള്ളതു കൊണ്ട് കർഷകർ സന്തോഷമായി കഴിയുന്നു. കപ്പ കിലോ 8 രൂപാ; പാളേങ്കോടൻ കിലോ 4 രൂപാ, റൊബസ്റ്റാ 3 രൂപാ (വാഴക്കുലകൾ ആർക്കും വേണ്ട) റബ്ബർ 80 രൂപാ, തേങ്ങാ 10 രൂപാ (ചകിരി, ചിരട്ട ആർക്കും വേണ്ടാ), വെള്ളം ലിറ്റർ 15 രൂപാ; അരി പെയിന്റടിച്ചത് 40 രൂപാ, എണ്ണ (ലിക്വിഡ് പാരഫിൻ 80% ഉള്ളത്) 180 രൂപാ, ഏലം 500 ...... വില തകർന്ന വിളകളുടെ കൂട്ടത്തിൽ ചേമ്പ്, ചേന, കാച്ചിൽ മുതലായവയും ഉണ്ട്. മലയോര മേഖലകളിൽ കൃഷി നശിപ്പിക്കാൻ കാട്ടുപന്നി, കുരങ്ങ്, വേഴാമ്പൽ, കാട്ടാന, പെരുമ്പാമ്പ് തുടങ്ങിയ ജന്തുക്കളും, അല്ലാത്തിടങ്ങളിൽ കാശു പിരിക്കാൻ മെത്രാന്മാരും ഉണ്ട്. കുർബ്ബാനക്കും ഒപ്പീസിനും കുറവില്ല, കല്ലറക്ക് ഫീസ് 50,000 കവിയുമെന്ന് തന്നെ തോന്നുന്നു. (ആയുഷ്കാലം, ഓരോ രൂപതകളിലായി, ഇരട്ടിപ്പിച്ചു കൊണ്ടിരിക്കുന്നു). ഒരിൻഫാം പോരാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നല്ലതു നല്ലപോലെ പറയണമല്ലോ, സഹ്യാദ്രി ബാങ്ക് ഉള്ളതുകൊണ്ട് താലിമാല മെത്രാൻ വെഞ്ചരിച്ച അലമാരിയിൽ പണയം വെയ്കാൻ പറ്റുന്നുണ്ട്.
കത്തോലിക്കാ വിശ്വാസികൾക്ക് എന്നും പരാതിയുള്ള ഒരു കാര്യമാണ് അവരുടെ കഴിവുകളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് . ലോഗോസ് ക്വിസ്സിന്റെ കാര്യം എല്ലാവരും എന്താ ഓർക്കാത്തെ? അടുത്ത ഒളിമ്പിക്സിൽ ലോഗോസും പെടുത്തിയാലോ? കഴിവുള്ളവർക്ക് അത് പ്രകടിപ്പിക്കാൻ അവസരം ഉണ്ടല്ലോ; ഇല്ലേ? എഴുത്തുകാരെയും കലാകാരന്മാരെ ഊരുവിലക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രാഷ്ട്രീയക്കാരെയും പോലീസുകാരെയും സഭ ഒരിക്കലും ഉപേക്ഷിക്കാറില്ല. കാറിൽപ്പോയ മെത്രാന്റെ ഡ്രൈവറെ ഊതിപ്പിച്ച പോലീസുകാരനെ, താരതമ്യേന ജോലി കുറഞ്ഞ ഒരു സ്റ്റേഷനിലേക്ക് അന്നു തന്നെ മാറ്റിയെന്നൊരു വാർത്ത കാഞ്ഞിരപ്പള്ളി ഭാഗത്ത് ഇപ്പോഴും കറങ്ങുന്നുണ്ട്. ഏതു മെത്രാനാണിതിനു സഹായിച്ചതെന്ന് ആരും തുറന്നു പറയുന്നുമില്ല. ഒരു വർഷം അരീത്ര പള്ളിയിൽ പി സി ജോർജ്ജിന്റെ കാലുകൾ കഴുകി അച്ചൻ ചുംബിച്ചില്ലേ? മാണിയുടെ മകൻ നിരാഹാരം കിടന്നപ്പോൾ ബിഷപ്പുമാർ ഒപ്പം വന്നിരുന്നില്ലേ? ഒരു മെത്രാൻ പിണറായി വിജയനെ അരമനയിൽ വിളിച്ചു കാപ്പി കൊടുത്തില്ലേ? ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കാൻ ഇടയലേഖനം ഇറക്കിയ മെത്രാനും ഇവിടില്ലേ? പോലീസുകാരെ പ്രത്യേകം ബഹുമാനിക്കുന്ന ചടങ്ങുകൾ പല രൂപതകളിലും നടക്കുന്നു. കർത്താവേ കർത്താവേയെന്നു വിളിക്കുന്നവർക്കല്ലല്ലോ പകരം വചനം ജീവിക്കുന്നവർക്കല്ലേ സ്വർഗ്ഗ രാജ്യം? നടിയാണെങ്കിൽ പള്ളിയിൽ ഒത്തു കല്യാണവും അമ്പലത്തിൽ കെട്ടുമാകാം; രാഷ്ട്രീയക്കാരനാണെങ്കിൽ മക്കൾ അമ്പലത്തിൽ കെട്ടിയാലും രജിസ്ട്രാറോഫീസിൽ കെട്ടിയാലും പള്ളിയിൽ അത് മെത്രാൻ വീണ്ടും ആശീർവ്വദിക്കും. പാവങ്ങളോ? പ്രീകാനായിൽ പോയി തൊലിയുരിയുന്ന ലൈംഗിക പ്രഭാഷണങ്ങളും കേട്ടിരിക്കണം - മൂന്നു ദിവസങ്ങൾ. തെരുവ് നായകൾക്ക് എതിരേ പയറ്റുന്ന കൊച്ചൗസേപ്പിനോ, പാലാക്കാരി ദയാഭായിക്കോ വല്ലോം ഒരു സമ്മാനം ഇവർ കൊടുത്തിരുന്നെങ്കിൽ, ദൈവത്തിനിഷ്ടപ്പെട്ടേനെ.
നമ്മളിൽ പലരും ഓർക്കും, സീറോ മലബാർ എന്നു പറഞ്ഞാൽ തരികിടകളാണെന്നാ മറ്റുള്ളവർ കരുതിയിരിക്കുന്നതെന്ന്. വത്തിക്കാനിൽ അങ്ങിനെയൊരു സംസാരമുണ്ടെങ്കിലും പലയിടങ്ങളിലും അങ്ങിനെയല്ല. ഈയിടെ ജർമ്മനിയിൽ നിന്നും ഒരു സംഘം സീറോ സഭയിലെ വിശ്വാസ തീഷ്ണത കാണാൻ കൊഴുവനാൽ വന്നിരുന്നു. ജെരൂസലേമിൽ പോലും ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ലെന്നവർ പറഞ്ഞെന്നും കേൾക്കുന്നു. എനിക്ക് മനസ്സിലായത് മണ്ടന്മാർ ലണ്ടനിൽ മാത്രമല്ല ജർമ്മനിയിലും ഉണ്ടെന്നാ. പ്രവാസി ശബ്ദത്തിൽ കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഒരു ലേഖനത്തിൽ വിശ്വാസികളെ വടിയാക്കുന്ന സീറോ മെത്രാന്മാരെപ്പറ്റിത്തന്നെയാണ് പറയുന്നത്. സ്വർഗ്ഗം പോലുള്ള നാടു വിട്ട് അന്യ നാടുകളിൽ ചേക്കേറിയ പ്രവാസികളുടെ പിന്നാലെ ചെന്ന് അവരെ ആ നാടുമായി ഇണങ്ങാനും മെത്രാന്മാർ സമ്മതിക്കില്ലത്രെ. അവർക്കാർക്കും വിദേശത്തു പോകാൻ ഒരു ചില്ലി പൈസാ ഇവർ മുടക്കിയിട്ടില്ലെന്നു ലേഖനം പറയുന്നു. വചനം മലയാളത്തിൽ കേൾക്കുന്ന പ്രവാസികൾക്ക് അച്ഛനേ തിരുമ്മാൻ വന്നവൻ മകളെ ഗർഭിണിയാക്കിയ അനുഭവമാണുണ്ടാകുകയെന്നു പലരും പറയുന്നു. മലയാളം ശ്രേഷ്ടഭാഷയായത് മുതൽ ഇത്തരം അനുഭവങ്ങൾ കൂടിയിട്ടുമുണ്ട്. എനിക്കറിയാവുന്ന ഒരു രൂപതയിൽ ഒരുന്നത വിദ്യാഭ്യാസ ഗൈഡൻസ് പദ്ധതിയുണ്ട്. അന്യസംസ്ഥാന സ്ഥാപനങ്ങളിൽ അഡ്മിഷൻ തരപ്പെടുത്തി കമ്മീഷൻ വാങ്ങലാണ് പ്രധാന സേവനം; സ്വകാര്യ സ്ഥാപനങ്ങളിൽ കൊടുക്കേണ്ടതിലും കൂടുതൽ കൊടുക്കുകയും വേണം. പള്ളിയുടെ പിന്നാലെ കൂടുന്നത് കൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടോ? അതുമില്ല. ആയുസ്സ് തീരാറാവുമ്പോൾ പോക്കറ്റിൽ നിന്നു പോയ കാശും, പള്ളിക്കും ധ്യാനങ്ങൾക്കും പിന്നാലെ പോയി നഷ്ടപ്പെട്ട സമയത്തിന്റെ വിലയും കൂടെക്കൂട്ടിയിട്ട് കിട്ടിയ നേട്ടങ്ങൾ തട്ടിച്ചു നോക്കുക. പോയിയെന്നു കരുതിയ ചൊറി തിരിച്ചു വന്നുവെന്നും, ചാകില്ലെന്നു കരുതിയ തനിക്കു ശ്വാസം മുട്ടുന്നല്ലോയെന്നും മനസ്സിലാകും.
ലേഖനം പറയുന്നത്, ഒരു മെത്രാൻ വിദേശത്തു പോയി വന്നാൽ 30-35 ലക്ഷം ചിലവാകുമെന്നാണ്. ഏതു കണക്കിൽ നിന്നിതു കുറയുന്നു? സംഭാവനയായി പിരിച്ചത് മുഴുവൻ കണക്കിലുണ്ടോ എന്നൊക്കെ ആര് നോക്കുന്നു. ഏതു മെത്രാൻ ചിക്കാഗോ പള്ളിയിൽ ചെന്ന് കുർബാന ചൊല്ലിയാലും 150 ഡോളർ കിട്ടുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയായിരിക്കാം. അതൊക്കെ സംഭാവനയുടെ ലിസ്റ്റിൽ പെടുത്തണമെന്നല്ല ഞാൻ പറഞ്ഞത്; അതൊക്കെ മെത്രാന് ചായ കുടിക്കാൻ എന്ന് കരുതിയാൽ മതി. മിക്ക രൂപതകളിലേയും ദശാംശ കണക്ക് നോക്കിയാൽ ഓരോ വർഷവും പിരിവ് കുറയുന്നതായാണ് കാണുന്നത്. വരുമാനം കൂടുന്നു, ദശാംശം കുറയുന്നു. ഒരിടത്തു ദീപിക ഫ്രണ്ട്സ് കുത്തി ക്കയറുന്നു, വേറൊരിടത്തു സഭാ വിമതന്മാർ കത്തിക്കയറുന്നു - കലികാലം! ഈ ഞായറാഴ്ച്ച കെ സി ബി സി അൾത്താരബാലദിനമായി ആഘോഷിക്കുന്നു. തൽസംബന്ധമായി ഇറക്കിയ മടയലേഖനത്തിൽ, കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ലൈംഗിക പാപങ്ങളിൽ വീഴാതിരിക്കാനും സഭയോടു ചേർന്ന് നിൽക്കണമെന്ന് ആഹ്വാനമുണ്ട്. ചിരിക്കരുത്! ഏതെങ്കിലും അത്മായൻ അൾത്താരബാലനെ ദുരുപയോഗം ചെയ്തതായി കേട്ടിട്ടുണ്ടെങ്കിൽ ഒട്ടും ചിരിക്കാൻ പാടില്ല.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ ഈയ്യിടെ ഒരു ഓൺലൈൻ കോൺഫ്രൻസ് നടക്കുകയുണ്ടായി. ഷാലോം ടിവിയിൽ കുർബ്ബാന കണ്ടാൽ കടം തീരുമെങ്കിൽ കുമ്പസ്സാരം ഓൺലൈൻ ആക്കിക്കൂടെ? കുഴിക്കകത്തു ചെന്നല്ലല്ലോ അച്ചൻ മരിച്ചവർക്കുള്ള ഒപ്പീസ് ചൊല്ലുന്നത്? പെൺകുട്ടികൾക്കും, കന്യാസ്ത്രികൾക്കും, 80 ൽ താഴെയുള്ള യുവതികൾക്കും അൾത്താര ബാലന്മാർക്കും കുമ്പസ്സാരം ഓൺലൈനാക്കിയാലോ? എനിക്ക് നിർബന്ധമൊന്നുമില്ല - ചൊറിയുമ്പോ അറിഞ്ഞോളും.
തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹാ അന്നു മരണമൊഴിയായി "പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ" എന്നായിരുന്നുവല്ലോ! എന്നാല്‍ ഇന്ന് സഭകള്‍ വെറുംകവലച്ചട്ടംപികളെ ളോഹയണിയിച്ചു 'കള്ളന്മാരുടെ ഗുഹ 'കളിളെന്നും കുര്ബാനയെന്ന തട്ടിപ്പുകൂദാശ ചൊല്ലി,താന്‍ നല്ലശമാരായനിലൂടെയും, സ്വയം കുരിശിലും കാണിച്ചുകൊടുത്ത 'ത്യാഗ' മെന്ന കുര്‍ബാനയെ അപമാനിക്കുന്നതില്‍ അതീവദു;ഖത്തോടെ തന്റെ പഴയ പ്രാര്‍ത്ഥന ഇതാ തിരുത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ക്രിസ്തീയരെ അറിയിക്കുന്നു , "പിതാവേ ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയുന്നു ; ഇവരോട് പൊറുക്കരുതേ,,"
ReplyDelete