(ദിവാൻ സർ സി പി രാമസ്വാമി അയ്യരെ ഒരു വില്ലനായിട്ടാണ് സവർണ്ണരായവരും ക്രിസ്ത്യൻ ലോകവും കമ്മ്യൂണിസ്റ്റുകാരും കരുതുന്നത്. സി പി ഒരു കമ്മ്യൂണിസ്റ്റു വിരോധിയായതുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ വെറുക്കുന്നു. സ്കൂളുകൾ ദേശവല്ക്കരിക്കാൻ ശ്രമിച്ചതുകൊണ്ട് പള്ളിക്കൂറുള്ള ക്രിസ്ത്യാനികളും വെറുക്കുന്നു. അവർണ്ണർക്ക് അമ്പലത്തിൽ പ്രവേശനം കൊടുത്തതുകൊണ്ട് സവർണ്ണരും വെറുക്കുന്നു. അദ്ദേഹം വില്ലനോ മഹാനോ? വായനക്കാർ തീരുമാനിക്കുക)
By ജോസഫ് പടന്നമാക്കൽ
ലോർഡ് വേവലിന്റെ പേരിലുള്ള വൈസറോയി ജേർണലിൽ തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരെ വിശേഷിപ്പിച്ചിരിക്കുന്നത് 'അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വിദഗ്ധനായ ഭരണാധികാരിയായിരുന്ന മഹത് വ്യക്തി'യെന്നായിരുന്നു. തിരുവിതാം കൂർ മഹാരാജാവ് ശ്രീ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ പറഞ്ഞത് 'സത്യമോ അസത്യമോ എന്താണെങ്കിലും നാം സി.പി. യെ അവഹേളിക്കരുതെന്നായിരുന്നു'. അദ്ദേഹത്തെപ്പറ്റി തിരുവിതാംകൂറിലെ ഒരു പ്രമുഖ വ്യക്തിയിൽ നിന്നും അത്തരം ഒരു അഭിപ്രായം വന്നത് ആദ്യമായിട്ടായിരുന്നു. സി.പി. യുടെ ശാപം കേരളമണ്ണിൽ പതിച്ചുവെന്നു വേണം കരുതാൻ. ആദ്ദേഹം തിരുവിതാം കൂറിനു നല്കിയ സംഭാവനകൾ അതുല്യമാണ്. അദ്ദേഹത്തെപ്പോലെ മിടുക്കനായ ഒരു ഭരണാധികാരി ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. ഒരു പക്ഷെ സ്വതന്ത്ര തിരുവിതാംകൂറെന്ന നിലപാട് അദ്ദേഹം എടുത്തില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രസിഡന്റ് വരെയുള്ള സമുന്നതമായ പോസ്റ്റുകൾ അലങ്കരിക്കുമായിരുന്നു.
1879 നവംബർ മൂന്നാം തിയതി സി ആർ പട്ടാഭിരാമന്റെയും സീതാലക്ഷ്മി അമ്മാളിന്റെയും മകനായി സി. പി. മദ്രാസ്സിൽ ജനിച്ചു. പട്ടാഭി രാമയ്യർ പ്രസിദ്ധനായ ഒരു ന്യായാധിപനായിരുന്നു. സ്വാമി വിവേകാനന്ദനെ മതങ്ങളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അമേരിക്കയിലയച്ചതും അദ്ദേഹം അദ്ധ്യക്ഷനായുള്ള സംഘടനയായിരുന്നു. രാമ സ്വാമി അയ്യർ ചെറുപ്പം മുതലേ വായനയിൽ വളരെ തല്പ്പരനായിരുന്നു. പിതാവ് കൊടുക്കുന്ന പോക്കറ്റുമണി കൊണ്ട് അദ്ദേഹം പഠിക്കുന്ന കാലങ്ങളിൽത്തന്നെ പുസ്തകങ്ങളുടെ വലിയ ഒരു ശേഖരണം തന്നെ നടത്തി. സുഹൃത്തുക്കളെയും തന്റെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാൻ അനുവദിച്ചിരുന്നു. പില്ക്കാലത്ത് മദ്രാസ് പട്ടണത്തിലെ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ വലിയൊരു ലൈബ്രറിയായി വളർന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിൻറെ പിതാവ് ഇംഗ്ലീഷ് സാഹിത്യത്തിലെ പലതരം സാഹിത്യകൃതികൾ ഉൾക്കൊള്ളുന്ന ഇരുപത്തി നാലു വാല്യങ്ങളടങ്ങിയ ഗ്രന്ഥങ്ങൾ മേടിച്ചു കൊടുത്തു. ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ സി. പി. ആ പുസ്തകങ്ങൾ മുഴുവൻ പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവീണ്യം നേടി.
രാമസ്വാമി ആദ്യം മദ്രാസിലെ വെസലി സ്കൂളിൽ പഠിച്ചു. അവിടെനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 1894-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ ഇന്റർ മെഡിയറ്റിനു ചേർന്നു. 1895-ൽ പതിനാറു വയസുള്ളപ്പോൾ ഒമ്പതു വയസുള്ള സീതാമ്മയെന്ന കുട്ടിയെ വിവാഹം ചെയ്തു. ഇംഗ്ലീഷിലും സംസ്കൃതത്തിലും ബി എ ഡിഗ്രികൾ ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ക്രിസ്ത്യൻ മെഡലും സംസ്കൃതത്തിൽ സർവ്വ കലാശാല മെഡലും നേടി. അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നത് ഒരു ഇംഗ്ലീഷ് പ്രൊഫസറാകുവാനായിരുന്നു എന്നാൽ പിതാവിന്റെ ഇംഗിതമനുസരിച്ച് 1901-ൽ മദ്രാസ് ലോ കോളേജിൽ ചേർന്നു. ഒന്നാം ക്ലാസ്സിൽ തന്നെ നിയമ ബിരുദം എടുത്തു. അദ്ദേഹം വക്കീലാകാതെ ഗോപാല കൃഷണ ഗോഖലയുടെ സാമൂഹിക സംഘടനയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഗോഖലെയുമായി മൈത്രിയിലായിരുന്നു. പിന്നീട് ആനി ബസന്റുമായി സഹകരിച്ച് ഹോം റൂൾ ലീഗിൽ ചേർന്നു. നെഹ്രുവിനോടൊപ്പം അദ്ദേഹവും ആ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ന്യൂ ഇന്ത്യാ ജേർണൽ എഡിറ്ററായി സേവനം ചെയ്തു. 1917-ൽ ആനി ബസന്റ് ഇന്ത്യൻ നാഷണൽ കൊൺഗ്രസിന്റെ പ്രസിഡണ്ടായിരുന്ന കാലങ്ങളിൽ രാമസ്വാമിയായിരുന്നു സെക്രട്ടറി. ഗാന്ധിജിയുടെ സ്വദേശിവൽക്കരണത്തോടും നിസഹകരണ പ്രസ്ഥാനത്തോടും എതിർപ്പുണ്ടായിരുന്നതിനാൽ ഗാന്ധിജിയുമായി അകന്നു നിന്നു.
മുപ്പത്തിയൊന്നാം വയസിൽ അദ്ദേഹം സ്വന്തം നിലയിൽ വക്കീലായി പരിശീലനം തുടങ്ങി. മദ്രാസ് ഹൈ കോടതിയിലെ ഏറ്റവും പേരുകേട്ട വക്കീലായി അറിയപ്പെടാൻ തുടങ്ങി. മുന്നൂറിൽപ്പരം കേസുകൾ കൈകാര്യം ചെയ്തു വിജയിയായി. മദ്രാസ് ഹൈകോടതിയിൽ ജഡ്ജിയായി അദ്ദേഹം നിയമതിനായെങ്കിലും സ്വീകരിക്കാതെ നിരസിക്കുകയാണുണ്ടായത്. മദ്രാസ് ഗവർണ്ണർ വില്ലിംഗ്ടൻ പ്രഭു അദ്ദേഹത്തെ 1920 മുതൽ 1923 വരെ മദ്രാസ് പ്രവിശ്യയുടെ അഡ്വക്കേറ്റ് ജനറാലായി തിരഞ്ഞെടുത്തു. അലഹബാദിൽ നടത്തിയ അഖിലേന്ത്യാ അറ്റോർണിമാരുടെ സമ്മേളനത്തിന്റെ പ്രസിഡണ്ടായിരുന്നു. 1923 മുതൽ 1928 വരെ മദ്രാസ് ഗവർണ്ണരുടെ എക്സിക്യൂട്ടിവ് നിയമ സമിതിയിൽ അംഗമായിരുന്നു. 1931 മുതൽ 1936 വരെ ഇന്ത്യാ വൈസ്രോയുടെ കൌൺസിലിലെ സുപ്രധാന നിയമജ്ഞനായും സേവനം ചെയ്തു. 1926-ലും 1927-ലും ജനീവായിലെ ലീഗ് ഓഫ് നാഷൻസിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.1932-ൽ ലണ്ടനിലെ മൂന്നാം വട്ട മേശ സമ്മേളനത്തിൽ അദ്ദേഹം സംബന്ധിച്ചിരുന്നു. 1933 -ൽ ആഗോള തത്ത്വ ശാസ്ത്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചു. 1934-ൽ കാശ്മീർ സ്റ്റേറ്റിന്റെ ഭരണഘടനാ നക്കൽ ഉണ്ടാക്കിയതും സി. പി. യായിരുന്നു. ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളുടെയും ബോർഡ് മെമ്പറായിരുന്നു. 1941-ൽ കമാണ്ടർ ഒഫ് സ്റ്റാർ ഓഫ് ഇന്ത്യാ ( Knight Commander of the Star of India )(KCSI). എന്ന പദവിയും നേടി.
1931-ൽ ശ്രീമൂലം തിരുന്നാൾ മഹാരാജാവ് മരിച്ചപ്പോൾ അടുത്ത കിരീടാവകാശിയായ ചിത്തിര തിരുന്നാളിന് പ്രായപൂർത്തിയാകാത്തതിനാൽ ചിത്തിരയ്ക്ക് രാജാവായി കിരീടം നല്കാൻ സാങ്കേതികമായ തടസങ്ങളുണ്ടായിരുന്നു. സി.പി. ചിത്തിരയുടെ കിരീട ധാരണത്തിനു അനുവാദം തേടി ഇന്ത്യയുടെ വൈസ്രോയിയോട് നേരിട്ടു സംസാരിച്ചു. സി. പി. രാജാവിന്റെ ഉപദേഷ്ടാവെന്ന ചുമതല വഹിക്കുന്ന വ്യവസ്തയിൽ ചിത്തിരയെ രാജാവായി വാഴിക്കാനുള്ള അനുവാദം വൈസ്രോയി നല്കി. 1931 മുതൽ 1936 വരെ രാജാവിന്റെ പ്രധാന ഉപദേശകാനായി സി. പി യുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നിയമ നിർമ്മാണങ്ങൾക്കായി ശ്രീ മൂലം പ്രജാ സഭകൾ ഉണ്ടാക്കിയതും സി പി.യുടെ ഉപദേശ പ്രകാരമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന രണ്ടു പ്രജാ സഭാ അസമ്പ്ലികളായിരുന്ന ശ്രീ മൂലം സഭയുടെയും രണ്ടാം മണ്ഡലമായിരുന്ന ശ്രീ ചിത്തിര സ്റ്റേറ്റ് കൌൺസിലിന്റെയും അദ്ധ്യക്ഷ പദം അലങ്കരിച്ചിരുന്നത് സി. പി യായിരുന്നു. ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് അദ്ദേഹത്തോട് രാജ്യത്തിന്റെ ദിവാനാകാൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം ആ പദവി സ്വീകരിക്കുകയും ചെയ്തു.
1936 -ൽ ദളിതരായ ഹിന്ദു ജനങ്ങൾക്ക് അമ്പലത്തിൽ പ്രവേശിക്കാനുള്ള രാജവിളമ്പരം തയാറാക്കിയത് ദിവാനായിരുന്ന സി.പി. യായിരുന്നു. അക്കാലത്ത് മഹാത്മാ ഗാന്ധി സി.പി യേയും രാജാവിനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. യഥാസ്ഥിതികരായ ഹിന്ദുക്കളുടെ എതിർപ്പ് സി.പി യ്ക്ക് അന്ന് നേരിടേണ്ടിയും വന്നു. തിരുവിതാംകൂറിൽ ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതികൾ കൊണ്ടുവന്നതും സി.പി യായിരുന്നു. പള്ളിവാസൽ ഇലക്ട്രിക്ക് പദ്ധതി, പീച്ചിപ്പാറ ഇലക്ട്രിക്ക് പദ്ധതി, പെരിയാർ വന്യമൃഗ സംരക്ഷണം എന്നിങ്ങനെ സി. പി യുടെ ഭരണ നേട്ടങ്ങളുടെ ഭാഗമാണ്.1940 കാലങ്ങളിൽ തിരുവനന്തപുരം കന്യാകുമാരി റോഡു ദേശവൽക്കരിച്ചത് ഇന്ത്യയുടെ റോഡു ഗതാഗത ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. എൺപെത്തിയെട്ടു മൈയിൽ ദൂരം തിരുവനന്തപുരം കന്യാകുമാരി റോഡു റബ്ബർ ടാറിംഗ് നടത്തിയതും ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.
പാവപ്പെട്ട കുട്ടികൾക്കായി പഠിക്കാനവസരങ്ങളുണ്ടാക്കാൻ വേണ്ടി സ്കൂളുകളിൽ ഉച്ച ഭക്ഷണം നടപ്പിലാക്കിയ ആദ്യത്തെ ഭരണാധികാരിയും സർ സി. പി. യായിരുന്നു. അതിനായി തിരുവിതാംകൂർ സാധുജന ഫണ്ടും ഉണ്ടാക്കി. അന്നാ ചാണ്ടിയെ ജില്ലാ ജഡ്ജിയായി നിയമിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് അന്നാ ചാണ്ടി ഹൈക്കോടതിയിലെ ആദ്യത്തെ സ്ത്രീ ജഡ്ജിയായി വിരമിച്ചു. ട്രാവൻകൂർ ബാങ്ക് സ്ഥാപിച്ചതും സി. പിയാണ്. ആ സ്ഥാപനം അതിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറായി ഉയർന്നു. അദ്ദേഹത്തിൻറെ ഭരണകാലത്ത് തിരുവിതാംകൂർ വ്യവസായപരമായി വളരെയധികം ഉയർന്നിരുന്നു. അലൂമിനിയം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ആലുവാ അലൂമിനിയം ഫാക്ടറി വന്നത് അദ്ദേഹത്തിൻറെ ശ്രമഫലമായിരുന്നു. കൂടാതെ ഇന്ത്യയിൽ ആദ്യമായി അമേരിക്കൻ സഹായത്തോടെ തിരുവിതാംകൂർ ഫെർട്ടി ലൈസർ ഫാക്റ്ററി സ്ഥാപിച്ചു. തിരുവിതാംകൂർ സിമന്റ് ഫാക്റ്ററി, തിരുവിതാംകൂർ ടൈറ്റാനിയം കമ്പനി, തിരുവിതാം കൂർ റയൻസ് ലിമിറ്റഡ് മുതലായ വ്യവസായ സ്ഥാപനങ്ങൾ തിരുവിതാംകൂറിൽ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ദിവാനെന്ന നിലയിൽ തിരുവിതാംകൂറിന്റെ വരുമാനം അന്ന് നാലിരട്ടി വർദ്ധിക്കുകയും ചെയ്തു.
തിരുവിതാകൂർ സർവ്വകലാശാലയുടെ സ്ഥാപകൻ സർ സി.പി. യായിരുന്നു. പിന്നീട് അത് കേരള സർവ്വ കലാശാലയായി പേരു മാറ്റി. 1937-ൽ സർവ്വകലാശാലയുടെ ചാൻസലർ ചിത്തിര തിരുന്നാൾ മഹാരാജാവും വൈസ് ചാൻസലർ സി .പി. യുമായിരുന്നു. 1939--ൽ തിരുവിതാംകൂർ സർവ്വ കലാശാല അദ്ദേഹത്തിനു ഡോക്ട്രെറ്റ് ബിരുദം നല്കി ബഹുമാനിച്ചു. പത്മനാഭ ക്ഷേത്രം പുതുക്കി പണിയുകയും തിരുവനന്തപുരം ആർട്ട് ഗ്യാലറി വിപുലമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദിവാൻ ഭരണകാലത്ത് തൂക്കിക്കൊല നിറുത്തൽ ചെയ്തതു. മരണ ശിക്ഷ നിറുത്തൽ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ രാജഭരണമുള്ള രാജ്യമെന്ന പദവിയും തിരുവിതാംകൂറിനു ലഭിച്ചു. ഇന്ത്യയിൽ ആദ്യമായി സൗജന്യമായ നിർബന്ധിത വിദ്യാഭ്യാസവും നടപ്പാക്കി.
മാറി മാറി വരുന്ന സർക്കാരുകളെ തങ്ങളുടെ ഇഷ്ടത്തിനൊപ്പം വരുതിയിൽ വരുത്താൻ സഭാ മേലാദ്ധ്യഷന്മാർ ഇടയലേഖനങ്ങൾ ഇറക്കാറുണ്ട്. ഇടയ ലേഖനങ്ങൾ അക്ഷരാർത്ഥത്തിൽ വിശ്വസിച്ചുകൊണ്ട് ഇടയമക്കൾ കേരളത്തിൽ അനേക പ്രക്ഷോപങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ഇടയ ലേഖനമെന്ന വാള് അന്നുള്ള സർക്കാരിനെതിരെ ആദ്യമായി വീശിയത് ചങ്ങനാശേരി ബിഷപ്പായിരുന്ന ജയിംസ് കാളാശേരിയായിരുന്നു. സ്വകാര്യ സ്കൂളുകൾ ദേശവല്ക്കരിക്കാനുള്ള സി.പിയുടെ നീക്കത്തെ ക്രിസ്ത്യൻ സമൂഹമൊന്നാകെ എതിർത്തിരുന്നു. ഒരു സായുധ വിപ്ലവത്തിന്റെ ഭാഷയിലായിരുന്നു ബിഷപ്പ് കാളാശേരി ഇടയലേഖനം ഇറക്കിയത്. കേരള ചരിത്രത്തിൽ സർക്കാരിനെതിരെയുള്ള ആദ്യത്തെ ഇടയ ലേഖനമായിരുന്നു അന്ന് ബിഷപ്പ് പുറപ്പെടുവിച്ചത്. കുപിതനായ സി.പി. രാമ സ്വാമി അയ്യർ ബിഷപ്പിനെതിരെ പ്രകോപനപരമായ നടപടികൾ എടുക്കുമെന്ന് ഭയന്ന് ചങ്ങനാശേരി പട്ടണം ജനബാഹുല്യം കൊണ്ട് നിറഞ്ഞിരുന്നു. പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും ആയിരക്കണക്കിന് സായുധ മക്കളാണ് അക്കാലങ്ങളിൽ മെത്രാന്റെ അരമനയ്ക്കു ചുറ്റും കാവൽ നിന്നിരുന്നത്. സി.പി. സർക്കാരിന് മെത്രാനെ അറസ്റ്റു ചെയ്യാനും പദ്ധതികളുണ്ടായിരുന്നു. ഒന്നും ചെയ്യാൻ സാധിക്കാതെ സി.പി. രാമസ്വാമി അയ്യർ ആ ഉദ്യമത്തിൽ നിന്നും പിന്മാറുകയാണുണ്ടായത്. വാസ്തവത്തിൽ ഇടയലേഖനത്തിന്റെ ഭാഷ സർ സി.പി. തെറ്റി ധരിക്കുകയായിരുന്നു. 1945 ഓഗസ്റ്റു പതിനഞ്ചാം തിയതി പുറപ്പെടുവിച്ച ഇടയ ലേഖനത്തിന്റെ ആമുഖമായി ബിഷപ്പ് ഉപയോഗിച്ചിരുന്ന ആലങ്കാരിക വാക്കുകൾ സി.പി. യെ കുപിതനാക്കി. ലൂക്കായുടെ ബൈബിൾ വചനങ്ങൾ ഉപയോഗിച്ച് ഒരു സായുധ വിപ്ലവ ഭാഷയിലായിരുന്നു ഇടയ ലേഖനം തയ്യാറാക്കിയിരുന്നത്.
ബിഷപ്പ് കാളാശേരി ഇടയ ലേഖനത്തിലെഴുതിയ ഉദ്ധരണികൾ ഇങ്ങനെ, "അവൻ അവരോടു അരുൾ ചെയ്തു, "ഇപ്പോൾ മുതൽ മടിശീലയുള്ളവൻ അതെടുക്കട്ടെ. വാളില്ലാത്തവൻ തന്റെ കുപ്പായം വിറ്റു വാൾ വാങ്ങട്ടെ. അവർ പറഞ്ഞു, കർത്താവേ ഇവിടെ രണ്ടു വാളുണ്ട്. മതി. " ഇടയ ലേഖനം തുടരുന്നു, "നമ്മുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന ആദ്യത്തെ വാൾ നാം നിരീശ്വര വാദികളായ കമ്മ്യൂണിസത്തിനെതിരെ വീശിക്കഴിഞ്ഞു. ഇനി നമ്മുടെ കൈവശമുള്ള രണ്ടാമത്തെ വാളിനെ, അദ്ധ്യാത്മിക അണുബോംബിനെ പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈ വന്നിരിക്കുന്നു. മടിശീലയുള്ളവൻ അതെടുത്തു കൊള്ളാനുള്ള അവസരവും ഇതാ സമാഗതമായിരിക്കുന്നു. എങ്കിലും നാം ഉടനെ ആ വാൾ ഊരുന്നില്ല. അദ്ധ്യാത്മിക ബോംബു പൊട്ടിക്കുന്നുമില്ല. " സായുധ വിപ്ലവ ഭാഷയിൽ മെത്രാനെഴുതിയ ഇടയ ലേഖനത്തിൽ സി.പി. നടുങ്ങി. സഭ, ഒരു സായുധ വിപ്ലവത്തിന് തയാറാകുന്നുവെന്ന് സി.പി. യും കരുതി. ഇടയ ലേഖനത്തിന്റെ ധ്വനി മുഴക്കിക്കൊണ്ട് കുഞ്ഞാടുകൾ അതനുസരിച്ച് കുറുവടികളുമായി ചങ്ങനാശേരി പട്ടണം മുഴുവൻ സമര ഭൂമിപോലെയാക്കിയിരുന്നു.
ഈഴവ മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളുടെ അവശതകൾ പരിഹരിക്കാനായി 1932-ൽ ആരംഭിച്ച പ്രക്ഷോപത്തെയാണ് 'നിവർത്തന പ്രക്ഷോപ'മെന്നു പറയുന്നത്. അന്നുണ്ടായിരുന്ന തിരുവിതാംകൂർ നിയമസഭയിലും സർക്കാർ തൊഴിൽ മേഖലകളിലും ജനസംഖ്യാനുപാതികമായി പ്രാധിനിത്യം വേണമെന്ന് പ്രക്ഷോപ നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ വാദികൾ അഴിച്ചു വിട്ട നിസഹരകരണ പ്രസ്ഥാനമോ, സിവിൽ നിയമ ലംഘനമോ നിവർത്തന വാദികൾ പിന്തുടരുമെന്നു ഭയപ്പെട്ട് സി.പി. ആദ്യം പ്രക്ഷോപകാരികളോട് ശത്രുതാ മനോഭാവമാണ് പുലർത്തിയത്. പിന്നീട് അവരുടെ ആവശ്യങ്ങൾ സി.പി. പരിഗണിക്കുകയും ചെയ്തു. അതിനുശേഷം ക്രിസ്ത്യൻ ശക്തികളുടെ പിന്തുണയോടെ ദിവാൻ ഭരണത്തിനെതിരെ അതിശക്തമായ ഒരു പ്രസ്ഥാനം തന്നെ രൂപാന്തരപ്പെട്ടു. ദിവാനെതിരെ സ്റ്റേറ്റ് കോൺഗ്രസ്സ് നിലവിൽ വന്നു. അന്ന് സ്റ്റേറ്റ് കോൺഗ്രസിനെ നയിച്ചത് അക്കാമ്മ ചെറിയാനായിരുന്നു.
സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്, 1947-ൽ അനന്തപുരിയൊന്നാകെ രാജാവിന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. പാളയം മുതല്‍ തമ്പാന്നൂര്‍വരെയും അവിടെനിന്നു കിഴക്കേകോട്ടവരെയും സർ സി. പി. യുടെ നേതൃത്വത്തില്‍ കുതിരപ്പട്ടാളം നിരനിരയായി ഉണ്ടായിരുന്നു. പെട്ടെന്നാണ് തമ്പാന്നൂരില്‍ ഗാന്ധിതൊപ്പി ധരിച്ച ആയിരങ്ങള്‍ പ്രത്യക്ഷമായത്. അവരുടെ മുമ്പില്‍ ഒരു തുറന്ന വണ്ടിയില്‍ ചട്ടയും മുണ്ടും നേര്യതുമിട്ടു ഗാന്ധി തൊപ്പിയും ധരിച്ചു ഒരു ധീര വനിതയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിക്കാരത്തി അക്കാമ്മ ചെറിയാനായിരുന്നു ധീര ധീരയായി അന്നത്തെ ജനത്തെ നയിച്ച ആ നേതാവ്. സ്വാതന്ത്ര്യത്തിനുള്ള ദാഹത്താല്‍ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു നൂറുകണക്കിന് പ്രവര്‍ത്തകരും ഒപ്പം ഉണ്ടായിരുന്നു. ലക്‌ഷ്യം രാജാവിനെയും സി. പി.യേയും കാണുകയെന്നതായിരുന്നു. രാജാവിനെ കാണുവാൻ അന്നവർക്ക് സാധിച്ചില്ല. . ജയിലിലായിരുന്ന സ്വാതന്ത്ര്യ സമരനേതാക്കളായ പട്ടം താണുപിള്ളയേയും സി. കേശവനെയും പറവൂര്‍ ടി.കെ. നാരായനപിള്ളയേയും മറ്റു നേതാക്കന്മാരെയും ജയില്‍ വിമുക്തമാക്കണമെന്നായിരുന്നു അക്കാമ്മ ചെറിയാന്റെ ആവശ്യം. അന്ന് വൈകുന്നേരംതന്നെ നേതാക്കന്മാരെ ദിവാന്‍ ജയില്‍ വിമുക്തരാക്കി. തമ്പാന്നൂരില്‍ അന്നുതന്നെ പട്ടത്തിന്റെ നേതൃത്വത്തില്‍ ഒരു മഹായോഗവും ഉണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റുർക്ക് സി. പി. യോടു വിരോധം വരുവാൻ കാരണമുണ്ട്. കാരണം സി.പി. കമ്മ്യൂണിസത്തെ എതിർത്തിരുന്നു. അദ്ദേഹത്തിന്റെ അധികാരത്തിളപ്പിൽ കമ്മ്യൂണിസത്തെ നശിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തിരുന്നു. സർ സി. പി. യെ ഏകാധിപതിയും കമ്മ്യൂണിസ്റ്റ് വിരോധിയുമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും 1959ൽ ജനാധിപത്യ വ്യവസ്ഥയിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കിയപ്പോൾ അദ്ദേഹം എതിർത്തിരുന്നു. അത് ഭരണഘടനാ ലംഘനമാണെന്നും ഈ നിയമജ്ഞൻ പറയുകയുണ്ടായി.
എന്നാൽ വലതു പക്ഷ ചിന്താഗതിക്കാരായ മലയാള മനോരമ അദ്ദേഹത്തെ വ്യക്തിപരമായി വിമർശിച്ച് ശത്രുത പുലർത്താൻ താത്പര്യപ്പെട്ടത് മത രാഷ്ട്രീയങ്ങളുടെ കൂട്ടിൽ അകപ്പെട്ടതു കൊണ്ടായിരിക്കണം. ക്രിസ്ത്യാനികൾ നടത്തിക്കൊണ്ടിരുന്ന നാഷണൽ കൊയിലോൺ ബാങ്കും മനോരമയും യാതൊരു കാരണവുമില്ലാതെ നിറുത്തലാക്കിച്ചത് സി. പിയുടെ ക്രിസ്ത്യാനികളോടുള്ള പകകൊണ്ടായിരുന്നുവെന്നും വിമർശനങ്ങളുണ്ടായിരുന്നു. അന്ന് മനോരമയുടെ മുഖ്യ പത്രാധിപർ മാമ്മൻ മാപ്പിളയായിരുന്നു. നാഷണൽ കൊയിലോൺ ബാങ്കിൽ അഴിമതികൾ ധാരാളമുണ്ടായിരുന്നുവെന്നും സി.പി. യുടെ സമയോചിതമായ പ്രവർത്തനം കൊണ്ട് നിക്ഷേപകരുടെ നിക്ഷേപം നഷ്ടപ്പെട്ടില്ലെന്നുമാണ് ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവിതാംകൂർ നാഷണൽ കൊയിലൊൺ ബാങ്ക് അദ്ദേഹം ഇല്ലാതാക്കിയപ്പോൾ പൊതുജന വിമർശനങ്ങൾ വളരെയേറെയായിരുന്നു. ആദ്യകാല പാർലമെന്റ് മെമ്പറും സുഡാൻ അംബാസിഡറുമായിരുന്ന സി.പി. മാത്തനായിരുന്നു ബാങ്കിന്റെ സ്ഥാപകനും ഡിറക്റ്ററും. മലയാള മനോരമ മുഖ്യപത്രാധിപർ മാമ്മൻ മാപ്പിള ബാങ്കിന്റെ ചെയർമാനും. പിന്നീട് മാമ്മൻ മാപ്പിളയേയും സി.പി. മാത്തനെയും തിരുവിതാംകൂർ സർക്കാർ ജയിലിലടച്ചു. സർക്കാരിനെയും വ്യക്തിപരമായി സി.പി.യെയും വിമർശിച്ചതിന് മലയാള മനോരമ പൂട്ടി മുദ്ര വെച്ചു.
അമേരിക്കൻ മോഡലിൽ ഒരു സ്വതന്ത്ര തിരുവിതാംകൂർ സി.പി.രാമസ്വാമി അയ്യർ വാഗ്ദാനം ചെയ്തു. അമേരിക്കൻ സംവിധാനത്തിലുള്ള ഭരണ മോഡലിലും സ്വാതന്ത തിരുവിതാകൂർ ആശയങ്ങളിലും പ്രതിഷേധിച്ച് ആലപ്പുഴ പ്രദേശങ്ങളിൽ വയലാർ പുന്നപ്ര പ്രദേശങ്ങളിൽ ശക്തിയേറിയ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. എന്നാൽ സി. പി. സമരക്കാരെ അടിച്ചമർത്തി. ആയിരക്കണക്കിനു ജനവിഭാഗങ്ങൾ വയലാർ പുന്നപ്ര ലഹളയിൽ മരണമടഞ്ഞു.
1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് അധികാരം കൈമാറുന്ന സമയമായിരുന്നു. ഇന്ത്യയിലെ ഒരോ രാജ സംസ്ഥാനങ്ങൾക്കും ഇന്ത്യയോടോ പാക്കിസ്ഥാനോടോ ചേരുകയോ സ്വതന്ത്രമായി ഭരിക്കുകയോ ചെയ്യാനുള്ള വ്യവസ്ഥയും അധികാര കൈമാറ്റലിൽ ഉണ്ടായിരുന്നു. ബുദ്ധിമാനായ സി.പി. ഏകാധിപതിയായി സ്വതന്ത്ര തിരുവിതാംകൂറിനായി നിലകൊണ്ടു. തിരുവിതാംകൂറിനെ ദിവാന്റെ നിയന്ത്രണത്തിലുള്ള പരമാധികാര രാഷ്ട്രമായി രൂപപ്പെടുത്താനും ശ്രമങ്ങൾ തുടങ്ങി. .അമേരിക്കൻ മാതൃകയിലുള്ള ഭരണഘടനയും വാഗ്ദാനം ചെയ്തു. അധികാരം ഉപയോഗിച്ച് വിപ്ലവത്തെ അടിച്ചമർത്താനും ശ്രമിച്ചു. ദിവാന്റെ ഉപദേശം അനുസരിച്ച് ചിത്തിര തിരുന്നാൾ രാജാവ് തിരുവിതാംകൂറിനെ 1947 ആഗസ്റ്റ് ഇരുപത്തിയാറു മുതൽ പൂർണ്ണാധികാരമുള്ള രാജ്യമായി വിളംബരം ചെയ്തു.
ഓണാട്ടു മഠം ചിദംബരം സുബ്രമണിയ അയ്യർ, (കെ സി എസ് മണി )എന്ന സാമൂഹിക പ്രവർത്തകൻ സി.പി യെ വധിക്കാൻ ശ്രമിച്ച വ്യക്തിയെന്ന പേരിൽ അറിയപ്പെടുന്നു. 1947 ജൂലൈ ഇരുപത്തിയഞ്ചാം തിയതി തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത അക്കാഡമിയുടെ മുമ്പിൽ വെച്ചു കെ സി എസ് മണി സി.പി യെ ആക്രമിച്ചു. അന്നവിടെ പാട്ടു കച്ചേരി നടക്കുകയായിരുന്നു. ആക്രമത്തിൽ സി.പി. മുറിവേൽക്കപ്പെട്ടു. സി പി യുടെ നേരെയുള്ള ആക്രമണം കഴിഞ്ഞയുടൻ മഹാരാജാവ് ചിത്തിര തിരുന്നാൾ തിരുവിതാംകൂറിനെ ഇന്ത്യാ യൂണിയനിൽ ചേർക്കുന്ന തീരുമാനം അറിയിച്ചു. 1947 ആഗസ്റ്റ് പത്തൊമ്പതാം തിയതി ദിവാൻ സ്ഥാനം സി. പി. രാജി വെച്ചു.
ദിവാൻപദവി രാജി വെച്ചശേഷം 1948-ൽ അദ്ദേഹം ലണ്ടനിൽ പോയി. അവിടെനിന്നു ഗവർണ്ണർ ജനറലായിരുന്ന ലോർഡ് മൗണ്ട് ബാറ്റന്റെ ശുപാർശയനുസരിച്ച് അനേക ബഹുമതികളോടെയും ബ്രിട്ടീഷ് പദവികളോടെയും മടങ്ങി വന്നു. പിന്നീട് ബ്രസീൽ, അർജന്റീന, പെറു മുതലായ രാജ്യങ്ങൾ സന്ദർശിച്ചു. അമേരിക്കയിൽ പ്രസിഡണ്ട് ഹാരി എസ് ട്രൂമാനെയും സന്ദർശിച്ചു.1952-53 കാലങ്ങളിൽ ആസ്ട്രേലിയാ, ന്യൂസിലാണ്ട്, യൂ എസ് എന്നീ രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 1960 ലും 1970-ലും അണ്ണാമല, ബനാറസ് യൂണിവേഴ്സിറ്റികളുടെ ഒരേ സമയം വൈസ് ചാൻസലർ ആയി ചുമതലകൾ വഹിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി അനേക യൂണിവേഴ്സിറ്റികൾ ഡോക്ടർ ബിരുദങ്ങൾ (ഡി.ലിറ്റ്. എൽ എൽ ഡി) നല്കി ബഹുമാനിച്ചു. വിവിധ വിഷയങ്ങളിലായി അനേക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1966 സെപ്റ്റംബറിൽ 'ഹിസ്റ്ററി ഒഫ് മൈ ടൈംസ് (history of my times) എന്ന പുസ്തക രചനയുടെ ഗവേഷണങ്ങൾക്കായി അദ്ദേഹം ഇംഗ്ലണ്ടിലായിരുന്നു. അവിടെ ഇന്ത്യാ ലൈബ്രറിയിൽ 1966 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി ഒരു ചാരുകസേരയിൽ ഇരുന്നുകൊണ്ട് വാർത്താ ലേഖകരോട് സംസാരിക്കവേ ബോധരഹിതനായി വീഴുകയും ഉടൻ തന്നെ മരിക്കുകയും ചെയ്തു. മരിക്കുമ്പോൾ അദ്ദേഹത്തിനു 86 വയസുണ്ടായിരുന്നു. അങ്ങനെ ജീവിതത്തിന്റെ പല മേഖലകളിലായി അത്യുന്നത പദവികൾ അലങ്കരിച്ചിരുന്ന സർ സി. പി. യെന്ന മഹാനായ വിവാദ പുരുഷന്റെ അന്ത്യം കുറിച്ചു. പ്രസിദ്ധനായ ആ രാഷ്ട്രതന്ത്രജ്ഞന്റെ മരണം ഇന്ത്യയിലെ എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും പ്രസിഡന്റ് സക്കീർ ഉസൈനും കാമരാജനും രാജഗോപാലാചാരിയും സന്ദേശങ്ങൾ വഴി അനുശോചനങ്ങൾ രേഖപ്പെടുത്തിയിരുന്നു.
ശ്രീ മൂലം തിരുന്നാൾ മഹാരാജാവ് |
ബിഷപ്പ് ജയിംസ് കാളാശേരി |
കെ. സി. എസ്. മണി |
Cover Picture: Malayalam Daily News
EMalayalee:
പുരോഹിതറം കപട രാഷ്ട്രീയക്കാരും നമ്മെ പഠിപ്പിച്ച സി പി യെ പ്പറ്റിയുള്ള ചരിത്രം തെറ്റായിരുന്നു ഒരു രാജ്യത്തിനെതിരെ വാളോങ്ങാൻ ആഹ്വാനം ചെയ്ത ശ്രീ കാളാശേരി ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സി പി. ഒരുങ്ങിയെങ്കിൽ വില്ലൻ ബിഷപ്പ് തന്നെ.: വായിക്കുക:
ReplyDelete"ബിഷപ്പ് കാളാശേരി ഇടയ ലേഖനത്തിലെഴുതിയ ഉദ്ധരണികൾ ഇങ്ങനെ, "അവൻ അവരോടു അരുൾ ചെയ്തു, "ഇപ്പോൾ മുതൽ മടിശീലയുള്ളവൻ അതെടുക്കട്ടെ. വാളില്ലാത്തവൻ തന്റെ കുപ്പായം വിറ്റു വാൾ വാങ്ങട്ടെ. അവർ പറഞ്ഞു, കർത്താവേ ഇവിടെ രണ്ടു വാളുണ്ട്. മതി. " ഇടയ ലേഖനം തുടരുന്നു, "നമ്മുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന ആദ്യത്തെ വാൾ നാം നിരീശ്വര വാദികളായ കമ്മ്യൂണിസത്തിനെതിരെ വീശിക്കഴിഞ്ഞു. ഇനി നമ്മുടെ കൈവശമുള്ള രണ്ടാമത്തെ വാളിനെ, അദ്ധ്യാത്മിക അണുബോംബിനെ പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈ വന്നിരിക്കുന്നു. മടിശീലയുള്ളവൻ അതെടുത്തു കൊള്ളാനുള്ള അവസരവും ഇതാ സമാഗതമായിരിക്കുന്നു. എങ്കിലും നാം ഉടനെ ആ വാൾ ഊരുന്നില്ല. അദ്ധ്യാത്മിക ബോംബു പൊട്ടിക്കുന്നുമില്ല. " സായുധ വിപ്ലവ ഭാഷയിൽ മെത്രാനെഴുതിയ ഇടയ ലേഖനത്തിൽ സി.പി. നടുങ്ങി. സഭ, ഒരു സായുധ വിപ്ലവത്തിന് തയാറാകുന്നുവെന്ന് സി.പി. യും കരുതി. ഇടയ ലേഖനത്തിന്റെ ധ്വനി മുഴക്കിക്കൊണ്ട് കുഞ്ഞാടുകൾ അതനുസരിച്ച് കുറുവടികളുമായി ചങ്ങനാശേരി പട്ടണം മുഴുവൻ സമര ഭൂമിപോലെയാക്കിയിരുന്നു."