Translate

Sunday, March 31, 2019

'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009'-ഉം 'ചര്‍ച്ച് ബില്‍ 2019'-ഉം തമ്മിലെന്ത്?

ജോര്‍ജ് മൂലേച്ചാലില്‍ -  9497088904


(എഡിറ്റോറിയല്‍, സത്യജ്വാല മാര്‍ച്ച് 2019)

പരിഷ്‌കരണമെന്നാല്‍ ഗുണപരമായി മെച്ചപ്പെടുത്തലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ നിയമപരിഷ്‌കരണത്തിന്റെ ലക്ഷ്യം നിലവിലുള്ള ഒരു നിയമത്തെ, അല്ലെങ്കില്‍ നിയമനിര്‍ദ്ദേശത്തെ, അതിലെന്തെങ്കിലും പാകപ്പിഴകളുണ്ടെങ്കില്‍ തിരുത്തി കൂടുതല്‍ മികവുറ്റതും കാലാനുസൃതവും വ്യക്തവും പ്രയോഗക്ഷമവുമാക്കി പരിഷ്‌കരിക്കുക എന്നാണെന്നു കാണാം. നിയമപരിഷ്‌കരണക്കമ്മീഷനുകള്‍ നിയോഗിക്കപ്പെടുന്നത് ഈ ലക്ഷ്യം സാധിക്കാനാണ്.
പള്ളിസ്വത്തുഭരണം സംബന്ധിച്ച് കേരളത്തിലെ രണ്ടു നിയമപരിഷ്‌കരണക്കമ്മീഷനുകള്‍ നല്‍കിയിട്ടുള്ള വ്യത്യസ്തങ്ങളായ  ശിപാര്‍ശകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇതില്‍ ആദ്യത്തേത്, ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനും മറ്റു 10 വിശിഷ്ടവ്യക്തികള്‍ അംഗങ്ങളുമായിരുന്ന നിയമപരിഷ്‌കരണക്കമ്മീഷന്‍ തയ്യാറാക്കി ഗവണ്‍മെന്റിനു സമര്‍പ്പിച്ച 'The Kerala Christian Church Properties and Institutions Trust Bill  2009'-ഉം രണ്ടാമത്തേത്, ജസ്റ്റീസ് കെ.റ്റി തോമസ് അദ്ധ്യക്ഷനും വേറെ നാലുപേര്‍ അംഗങ്ങളുമായി ഇപ്പോഴത്തെ സംസ്ഥാനഗവണ്‍മെന്റ് നിയോഗിച്ച നിയമപരിഷ്‌കരണക്കമ്മീഷന്‍ ചര്‍ച്ചയ്ക്കായി പുറത്തുവിട്ടിരിക്കുന്ന, 'The Kerala Church (Properties and Institutions) Bill 2019'-മാണ്. ഇതില്‍ ആദ്യത്തേത്, ബൈബിളിനും ആദിമസഭയുടെയും കേരളസഭയുടെയും ഭരണപാരമ്പര്യങ്ങള്‍ക്കും അനുസൃതമായി, ആഴത്തിലുള്ള പഠനവും തെളിവെടുപ്പുകളും നടത്തി ശരിയായ ക്രൈസ്തവരൂപമാതൃകയില്‍ ക്രോഡീകരിച്ചു ചിട്ടപ്പെടുത്തിയതായിരുന്നു. തന്മൂലം, സഭാഭരണം സംബന്ധിച്ച് ഒരു നിയമനിര്‍മ്മാണം നടത്തുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്ന സഭാദ്ധ്യ ക്ഷന്മാര്‍ക്കു പോലും അതിനെതിരെ വസ്തുനിഷ്ഠമായി വിരല്‍ ചൂണ്ടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല  ഈ ട്രസ്റ്റ് ബില്‍, ഗവണ്‍മെന്റ് സബ്കമ്മിറ്റിയും തുടര്‍ന്ന് പൊതുഭരണ (ന്യൂനപക്ഷക്ഷേമ) വകുപ്പും പരിശോധിക്കുകയും പഠിക്കുകയും ചെയ്തതാണ്. 'വിശദമായ ചര്‍ച്ചകളിലൂടെയും പഠനങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും അംഗീകരിക്കേണ്ട വിഷയമായതിനാല്‍ അതു നിയമമാക്കിയിട്ടില്ല' എന്നേയുള്ളു എന്നാണ,് വിവരാവകാശനിയമപ്രകാരം 2014 ഡിസംബറില്‍ ലഭിച്ച രേഖയിലൂടെ അറിയാന്‍ കഴിയുന്നത്. 2018 ജൂലൈയില്‍ രേഖാമൂലം ലഭിച്ച മറുപടിയില്‍, 'ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍',  'മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ ഇംപ്ലിമെന്റേഷന്‍' (MACCABI) 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍' എന്നീ സംഘടനകളുടെ നിവേദനങ്ങളില്‍ നടപടി എടുത്തുവരികയാണ്'' എന്നും, ''ഈ ബില്ലിനെതിരെയോ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടോ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല'' എന്നും എഴുതിയിരുന്നു.
ഇതിനിടെ കേരളത്തിലെ വിവിധ സഭകളില്‍, സഭാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക അഴിമതികളും ഭൂമികുംഭകോണങ്ങളും പുറത്തുവന്നതോടെ, 'ചര്‍ച്ച് ആക്ട്' എന്നറിയപ്പെട്ടിരുന്ന നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' സഭാവിശ്വാസികളുടെ പൊതുബോധത്തിന്റെതന്നെ ഭാഗമായി മാറുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ്, പുതിയ നിയമപരിഷ്‌കരണക്കമ്മീഷന്റെ ഭാഗത്തുനിന്ന് ഒരു നിയമനിര്‍മ്മാണത്തിനു നീക്കമുണ്ടായത് എന്ന്, 'ചര്‍ച്ച് ബില്‍ 2019' -ന്റെ അവസാനഭാഗത്ത് സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, സമഗ്രവും വ്യക്തവും പ്രവര്‍ത്തനക്ഷമവും സംശുദ്ധവും നിരാക്ഷേപവുമായിരുന്ന 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' മാറ്റിവച്ചിട്ട് മറ്റൊരു ചര്‍ച്ച് ബില്ലിനു രൂപംനല്‍കാന്‍ പുതിയ നിയമപരിഷ്‌കരണക്കമ്മീഷനുണ്ടായ ചേതോവികാരം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
2019 ഫെബ്രു 16-ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് കെ.റ്റി തോമസ് നല്‍കിയിട്ടുള്ള വിശദീകരണക്കുറിപ്പില്‍ ഇങ്ങനെ കാണുന്നു: ''2009-ല്‍ ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ അ ദ്ധ്യക്ഷനായ നിയമപരിഷ്‌കരണക്കമ്മീഷന്‍ പള്ളിവക സ്വത്തുസംബന്ധിച്ച് ഒരു ബില്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. പ്രസ്തുത ബില്‍  നടപ്പാക്കാന്‍ ഇപ്പോഴത്തെ നിയമപരിഷ്‌കരണക്കമ്മീഷന്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെടുന്ന പല നിവേദനങ്ങളും കമ്മീഷനു ലഭിക്കുകയുണ്ടായി. കമ്മീഷന്‍ ഈ വിഷയം ചര്‍ച്ചചെയ്യുകയും ഒരു കരടുബില്‍ തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.....'' ഇവിടെ, 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നിവേദനങ്ങള്‍ മാനിച്ച് തയാറാക്കിയതെന്ന് അവകാശപ്പെടുന്ന 'ചര്‍ച്ച് ബില്‍ 2019' - ല്‍ 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' നെക്കുറിച്ച് ഒരു പരാമര്‍ശംപോലും ഇല്ലാതെപോയതെന്തുകൊണ്ടെന്ന്  ആരും ചോദിച്ചുപോകും. 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' - ന്റെ അന്തഃസത്തതന്നെ നഷ്ടപ്പെടുത്തിക്കൊണ്ട്, 'വിവിധ സഭകളുടെ ലൗകിക ആസ്തികളുടെ  ഭരണത്തില്‍ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതുവഴി ലൗകികസ്വത്തുഭരണം ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃകയിലേക്കു കൊണ്ടുവരപ്പെടുന്നതിന്' എന്ന അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെത്തന്നെ തകിടംമറിക്കുന്ന തരത്തിലുള്ള ഒരു തട്ടിക്കൂട്ടുബില്‍ ജസ്റ്റീസ് കെ.റ്റി. തോമസിനേപ്പോലെ ഉന്നതശീര്‍ഷനായ ഒരാള്‍ അവതരിപ്പിച്ചു എന്നതിനെ അവിശ്വസനീയമായ ഒരു വസ്തുത എന്ന നിലയില്‍മാത്രമേ കാണാന്‍ കഴിയുന്നുള്ളു.
യശഃശരീരനായ ജോസഫ് പുലിക്കുന്നേല്‍ 2004- ല്‍, കോട്ടയം ഡി.സി. ബുക്‌സ് ഓഡിറ്റോറിയത്തില്‍ 'ചര്‍ച്ച് ആക്ട്' എന്ന ആശയം ആദ്യമായി അവതരിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്തത് ജസ്റ്റീസ് കെ.ടി തോമസായിരുന്നു. കൃഷ്ണയ്യര്‍ കമ്മീഷന്‍ 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' രൂപീകരിച്ച് 2009 ജനു. 26-ന് അന്നത്തെ നിയമമന്ത്രി എം വിജയകുമാറിന് സമര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അത് നടപ്പാക്കണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു പ്രസംഗിച്ച വ്യക്തിയാണദ്ദേഹം  (കാണുക പേജ്-9). 2010 ആഗസ്റ്റ് 22-ന് എര്‍ണാകുളത്ത് വിപുലമായ രീതിയില്‍ നടത്തിയ ചര്‍ച്ച് ആക്ട് കണ്‍വെന്‍ഷനില്‍ വായിച്ച അദ്ദേഹത്തിന്റെ സന്ദേശത്തില്‍, ''...ക്രൈസ്തവരുടെ പള്ളിസ്വത്തുക്കള്‍ ഭരിക്കുന്നതിന് സുതാര്യമായ ഒരു നിയമം ആവശ്യമാണെന്ന ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ശിപാര്‍ശ സ്വീകരിക്കാന്‍ ഗവണ്‍മെന്റുകള്‍ മുന്നോട്ടു വരണം'' എന്ന് അദ്ദേഹം  അഭ്യര്‍ത്ഥിച്ചിരുന്നു. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 2011 മെയ് 1-ന് KCRM സംഘടിപ്പിച്ച 'ചര്‍ച്ച് ആക്ട്' അനുഭാവികളുടെ സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്തതും മറ്റാരുമായിരുന്നില്ല. ഇവിടെയെല്ലാം അദ്ദേഹം 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' നെ പിന്തുണച്ചുമാത്രമാണ് സംസാരിച്ചിട്ടുള്ളത് എന്നോര്‍ക്കുന്നു. ഇതെല്ലാംകൊണ്ടാണ് , അതിന്റെ നിഴല്‍പോലും വീഴാതെ തയ്യാറാക്കിയ 'ചര്‍ച്ച് ബില്‍ 2019'- ന്റെ രൂപീകരണത്തിനുപിന്നില്‍ അദ്ദേഹത്തിന്റെ കരങ്ങളുണ്ടെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നത്.
ഒരു സര്‍ക്കാര്‍ അതിനുമുമ്പത്തെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് എന്നതുപോലെയാണ്, നിയമപരിഷ്‌കരണകമ്മീഷനുകളുടെ കാര്യവും. അതുകൊണ്ട്, ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തുടര്‍ച്ചയായി വേണ്ടിയിരുന്നു, ജസ്റ്റീസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌കരണകമ്മീഷന്റെ പ്രവര്‍ത്തനങ്ങളും. പല ഔദ്യോഗികപ്രക്രിയകളിലൂടെ കടന്ന്, നിയമമാക്കുന്നതിനുമുമ്പ് അനിവാര്യമായും നടത്തേണ്ട  വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കുമായി മാറ്റിവയ്ക്കുകമാത്രം ചെയ്തിരുന്ന നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' തന്നെയായിരുന്നു, പുതിയ നിയമപരിഷ്‌കരണമ്മീഷന്‍ പരിഷ്‌ക്കരണത്തിനു വിധേയമാക്കേണ്ടിയിരുന്നത്. അതായത,് അതിലെന്തെങ്കിലും ന്യൂനതകളുണ്ടെങ്കില്‍ പരിഹരിച്ചും എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ത്തും പ്രസ്തുത ട്രസ്റ്റ് ബില്‍ കൂടുതല്‍ കുറ്റമറ്റതാക്കുക എന്നതായിരുന്നു പുതിയ നിയമപരിഷ്‌കരണകമ്മീഷന്റെ ദൗത്യം. അതിനുപകരം, സഭ ഒരു ട്രസ്റ്റാണ് എന്ന സങ്കല്പംപോലും കളഞ്ഞുകുളിച്ച് സഭാദ്ധ്യക്ഷന്മാരുടെ ഭൗതികാധികാരം നിലനിര്‍ത്തിയും, വിശ്വാസിസമൂഹത്തെ അവരുടെ  അനുസരണയിന്‍കീഴില്‍ അപരിഷ്‌കൃതരായി തുടരാന്‍ വിധിച്ചും 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009'- ല്‍ നിന്നു ബഹുദൂരം പിന്നോട്ടുപോയുള്ള ഒരു നിയമനിര്‍ദ്ദേശമാണ്, 'ചര്‍ച്ച് ബില്‍ 2019' എന്ന പേരില്‍ പുതിയ നിയമപരിഷ്‌കരണ കമ്മീഷന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവിലുണ്ടായിരുന്ന സമഗ്രമായ ഒരു നിയമനിര്‍ദ്ദേശത്തെ കാലാനുസൃതം കൂടുതല്‍ പരിഷ്‌കൃതമാക്കേണ്ടതിനു പകരം, അതു പൂര്‍ണ്ണമായും  മാറ്റിവച്ച്, കേരളക്രൈസ്തവസമൂഹത്തെ പിന്നോട്ടടിപ്പിക്കാന്‍പാകത്തില്‍ ഒരു അപരിഷ്‌കൃതനിയമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്, ജസ്റ്റീസ് കെ.ടി. തോമസ് കമ്മീഷന്‍. ഇത് അപലപനീയമാണ്.
'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009'-ന്, ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃകയിലേക്ക് സഭയുടെ ഭൗതികഭരണത്തെ കൊണ്ടുവരുകയെന്ന കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നുവെങ്കില്‍, 'ചര്‍ച്ച് ബില്‍ 2019'- ല്‍ അങ്ങനെ ഒരു ലക്ഷ്യമേ പറയുന്നില്ല. അതു ലക്ഷ്യംവയ്ക്കുന്നതായി കാണുന്നത്, 'വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ സ്വത്തുക്കളും ധനവും നീതിപൂര്‍വ്വകവും സുതാര്യവുമായി ഭരണംനടത്തുന്നുവെന്ന് ഉറപ്പുവരുത്തുക, ദുര്‍ഭരണമുണ്ടായാല്‍ പരാതിപ്പെടാനുള്ള സംവിധാനം ഒരുക്കുക' എന്നിവ മാത്രമാണ്. ഒരു മതസമൂഹത്തിനുവേണ്ടി നിയമം നിര്‍മ്മിക്കുമ്പോള്‍, അതിനെ ആ മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലും അവയുടെ ആവിഷ്‌കാരമായി രൂപംകൊണ്ട പാരമ്പര്യങ്ങളിലും ഉറപ്പിക്കുകയെന്നത് വിശ്വാസിസമൂഹത്തെ സംബന്ധിച്ച് വളരെപ്രധാനമാണ്. കാരണം, 'മതത്തിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്, ഈ നിയമം' എന്ന രീതിയില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ അതവര്‍ക്കു സഹായകമാകും. ഈ ആനുകൂല്യം 'ചര്‍ച്ച് ബില്‍ 2019' വിശ്വാസികള്‍ക്കു നല്‍കുന്നില്ല എന്നത് ഒരു കുറവുതന്നെയാണ്.
'സഭാസ്വത്തുക്കളുടെ ഭരണം നീതിപൂര്‍വ്വകവും സുതാര്യവുമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍' എന്നു പറഞ്ഞു രൂപംകൊടുത്തിട്ടുള്ള 'ചര്‍ച്ച് ബില്‍ 2019'-ല്‍, അതുറപ്പുവരുത്താനുള്ള യാതൊരു സംവിധാനവും വ്യവസ്ഥചെയ്തിട്ടില്ല എന്നതാണ്, അതിനെ ദുര്‍ബലമാക്കുന്ന പ്രധാന ന്യൂനത. നീതിയും സുതാര്യതയും ഉറപ്പുവരുത്തണമെങ്കില്‍ ആദ്യമായി സഭയ്ക്ക് ഒരു ജനാധിപത്യ ചട്ടക്കൂട് ഉണ്ടാകണം. 'ചര്‍ച്ച്  ട്രസ്റ്റ് ബില്‍ 2009'-ല്‍, ഇടവകയെന്ന അടിസ്ഥാനഘടകത്തിലെ കുടുംബനാഥനും കുടുംബനാഥയും, കൂടാതെ 18 വയസ് പൂര്‍ത്തിയായ മുഴുവന്‍ ഇടവകാംഗങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് അസംബ്ലി തിരഞ്ഞെടുക്കുന്ന ഇടവക ട്രസ്റ്റ് കമ്മിറ്റി ഇടവകയുടെയും, ഇതേ അടിസ്ഥാനഘടകങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന രൂപതാ ട്രസ്റ്റ് അസംബ്ലിയില്‍നിന്നുള്ള രൂപതാ ട്രസ്റ്റ് കമ്മിറ്റി രൂപതയുടെയും, എല്ലാ ഇടവകകളുടെയും പ്രതിനിധികളടങ്ങുന്ന സംസ്ഥാനതല ട്രസ്റ്റ് അസംബ്ലി തിരഞ്ഞെടുക്കുന്ന സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി സംസ്ഥാനതലത്തില്‍ ഓരോ സഭാവിഭാഗത്തിന്റെയും ഭരണംനടത്തുന്നതിനു വ്യവസ്ഥചെയ്യുന്നു. ഇത്തരമൊരു ത്രിതല ജനാധിപത്യസംവിധാനത്തിന്റെ അഭാവത്തില്‍, നീതിയും സുതാര്യതയും എങ്ങനെ ഉറപ്പാക്കാനാകും?
'Denomination'അഥവാ സഭാവിഭാഗം എന്ന പദത്തെ ചര്‍ച്ച് ബില്‍ 2019' -ല്‍ ഇങ്ങനെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്: ''ആദ്ധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളില്‍ ഏതെങ്കിലും സഭാദ്ധ്യക്ഷനോട് / സിനഡിനോട്/ കൗണ്‍സിലിനോട് വിധേയത്വവും അനുസരണയുമുള്ള സഭാവിഭാഗത്തെ റലിീാശിമശേീി എന്നു പറയുന്നു...''(വകുപ്പ് 2ള ). 3-ാം വകുപ്പുപ്രകാരം, വസ്തുവകകള്‍ കൈകാര്യംചെയ്യാനുള്ള അധികാരം  ആദ്ധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളില്‍ സഭാദ്ധ്യക്ഷനോട് വിധേയത്വവും അനുസരണയും പുലര്‍ത്തുന്ന ഇത്തരം സഭാവിഭാഗങ്ങള്‍ക്കാണ്. 4,5,6, വകുപ്പുകളനുസരിച്ച് ഇടവക ഭരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടതും വരവു-ചെലവു കണക്കുകള്‍ സൂക്ഷിക്കേണ്ടതും ചാള്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കുന്ന ഓഡിറ്റ് ചെയ്ത കണക്ക് വാര്‍ഷികപ്രതിനിധിയോഗത്തില്‍ സമര്‍പ്പിക്കേണ്ടതും, വിശ്വാസിസമൂഹത്തിനുമേല്‍ ആദ്ധ്യാത്മികമായും ഭൗതികമായും അധികാരവാഴ്ച നടത്തുന്ന സഭാമേലധികാരികള്‍ നിയന്ത്രിക്കുന്ന അതാത് സഭാവിഭാഗങ്ങളാണ്! പ്രായോഗികമായി ഇതിനര്‍ത്ഥം, സഭാമേലദ്ധ്യക്ഷന്മാര്‍ തീരുമാനിക്കുന്നതുപോലെയാവും ചട്ടങ്ങളുടെ രൂപീകരണവും വസ്തുവകകള്‍ കൈകാര്യംചെയ്യലും കണക്കു സൂക്ഷിക്കലും ഓഡിറ്റ് റിപ്പോര്‍ട്ടവതരണവുമെല്ലാം എന്നുതന്നെയാണ്. സഭയുടെ ഭൗതികകാര്യങ്ങളിലും വിശ്വാസിസമൂഹത്തിന് വിധേയത്വവും അനുസരണയും ഉണ്ടായിരിക്കണമെന്ന, ഇതിലെ നിഷ്‌ക്കര്‍ഷ നിലനില്‍ക്കുന്ന കാലത്തോളം, വിശ്വാസിസമൂഹത്തിനു നിവര്‍ന്നുനിന്നു സംസാരിക്കാനാകാത്ത ഒരു സാഹചര്യമായിരിക്കും സഭയില്‍ ഉണ്ടാകുക. സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എന്തു നീതിയും സുതാര്യതയുമാണ്, 'ചര്‍ച്ച് ബില്‍ 2019' സഭയില്‍ കൊണ്ടുവരാന്‍ പോകുന്നത്? 'ചര്‍ച്ച്  ട്രസ്റ്റ് ബില്‍ 2009' വ്യവസ്ഥചെയ്തിരുന്ന തിരഞ്ഞെടുപ്പടക്കം ജനാധിപത്യപരമായ സകല ചട്ടക്കൂടുകളും എടുത്തുകളഞ്ഞിരിക്കുന്നു, 'ചര്‍ച്ച് ബില്‍ 2019'-ല്‍!
എല്ലാറ്റിനും പരിഹാരമെന്നപോലെ 2019-ലെ ചര്‍ച്ച് ബില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നത്, ഗവണ്‍മെന്റ് രൂപീകരിക്കുന്ന ചര്‍ച്ച് ട്രിബ്യൂണലാണ്. അവിടെ പരാതികള്‍ നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടത്രെ! പക്ഷേ സഭാദ്ധ്യക്ഷന്മാര്‍ രൂപംകൊടുക്കുന്നതും സഭാംഗങ്ങള്‍ വിധേയത്വത്തോടെ അംഗീകരിക്കേണ്ടി വരുന്നതുമായ ചട്ടങ്ങളായിരിക്കുമല്ലോ, ഈ ട്രിബ്യൂണല്‍ മാനദണ്ഡമായി സ്വീകരിക്കുക. ചുരുക്കത്തില്‍, പുരോഹിതാധിപത്യം നിലനിര്‍ത്താനുദ്ദേശിച്ച് രൂപംകൊടുക്കുന്ന പുരോഹിതനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും പുതിയ വേദികളുണ്ടാക്കുകയും അവിടെയുണ്ടാകുന്ന തര്‍ക്കങ്ങളില്‍ ഭരണകൂടത്തിന് ഇടപെടാന്‍ പഴുതുണ്ടാക്കിക്കൊടുക്കുകയുമാണ്, ഈ ട്രിബ്യൂണല്‍ സംവിധാനം ചെയ്യുക എന്ന് മുന്നോട്ടു നോക്കിയാല്‍ കാണാം. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും എന്നു പറഞ്ഞിരിക്കുന്നതിലൂടെ പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കുവാനുള്ള അവകാശംകൂടി നിഷേധിക്കപ്പെടുന്നുമുണ്ട്.
സഭാദ്ധ്യക്ഷന്മാരുടെ അധികാരത്തിനു കാര്യമായ കോട്ടമുണ്ടാകാത്തതിനാല്‍ അവരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാവുകയില്ലെന്നും, ഗവണ്‍മെന്റിന് സഭാകാര്യങ്ങളിലിടപെടാന്‍ ഒരു വഴിതുറന്നുകൊടുക്കുന്നതിനാല്‍ ഭരണകൂടം അനുകൂലനിലപാടെടുത്തേക്കുമെന്നും കരുതി തികച്ചും അവസരവാദപരമായി രൂപംകൊടുത്ത ഒന്നായി മാത്രമേ 'ചര്‍ച്ച് ബില്‍ 2019'-നെ കാണാനാവൂ. അതിന്റെ ഫലമായി ഇപ്പോള്‍ ജസ്റ്റീസ് കെ.റ്റി. തോമസ് കമ്മീഷന്‍ കാണുന്നത,് തങ്ങള്‍ക്ക് ഇപ്പോഴുള്ള സമ്പൂര്‍ണ്ണ അധികാരത്തില്‍ ഒരു  ചെറുവിരല്‍കൊണ്ടുപോലും തൊടാന്‍ ഭരണകൂടത്തെ അനുവദിക്കില്ല എന്നാക്രോശിച്ചുനില്‍ക്കുന്ന മെത്രാന്‍മാടമ്പികളെയും, അതുകണ്ട് ഭയന്നോടി മാളത്തിലൊളിച്ച ഭരണകൂടത്തെയും  രാഷ്ട്രീയനേതാക്കളെയുമാണ് എന്നോര്‍ക്കുക; ഒപ്പം, വഞ്ചിക്കപ്പെട്ടതില്‍ ഭഗ്നാശരായിത്തീര്‍ന്ന ഒട്ടനവധി സ്വതന്ത്ര സഭാപ്രവര്‍ത്തകരെയും! മറിച്ച്, 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009' അത്യാവശ്യപരിഷ്‌ക്കാരങ്ങളോടെ ചര്‍ച്ചയ്ക്കു വയ്ക്കുകയോ ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയോ ആണ് ഈ കമ്മീഷന്‍ ചെയ്തിരുന്നതെങ്കില്‍, മെത്രാന്‍വിധേയ ഭക്തസംഘടനകളെ ഉപയോഗിച്ചു സഭാദ്ധ്യക്ഷന്മാര്‍ നടത്തുന്ന ആള്‍ക്കൂട്ടപ്രതികരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കുംവിധം, കമ്മീഷന്റെ ആ നീക്കത്തെ നവോത്ഥാനപരമെന്നു ശ്ലാഘിച്ചുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോള്‍ ആയിരങ്ങളുടെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുമായിരുന്നു. രാഷ്ട്രീയ കക്ഷികളുടെയും ഗവണ്‍മെന്റിന്റെയും 'മെത്രാന്‍പേടി'ക്കു ശമനമുണ്ടാക്കാന്‍ അതിടയാക്കുകയും ചെയ്‌തേനെ.
'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009-ന്റെ  പ്രസക്തിയെക്കുറിച്ച് നല്ല ബോധ്യമുള്ള ജസ്റ്റീസ് കെ റ്റി തോമസ,് വിശ്വാസിസമൂഹത്തെ താഴ്ത്തിക്കെട്ടുന്നതും കേരളസഭാപാരമ്പര്യത്തെ നിഷേധിക്കുന്നതും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഗവണ്‍മെന്റിന് അനാവശ്യമായി സഭാകാര്യങ്ങളില്‍ കൈകടത്താന്‍ അവസരം നല്‍കുന്നതുമായ ഇത്തരം ഒരു ചര്‍ച്ച് ബില്‍ രൂപീകരിക്കുന്നതിനു നേതൃത്വംകൊടുക്കാന്‍ പാടില്ലായിരുന്നു. പകരം, സഭാസമൂഹവും പൊതുസമൂഹംപോലും നെഞ്ചേറ്റിത്തുടങ്ങിയിരുന്ന 'ചര്‍ച്ച് ട്രസ്റ്റ് ബില്‍ 2009'-നെ മുന്നോട്ട്  പുഷ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. കൂടാതെ, കൃഷ്ണയ്യര്‍ കമ്മീഷന്‍ വിട്ടുപോയ സന്ന്യസ്തസമൂഹങ്ങളുടെ സ്വത്തുക്കളും സ്ഥാപനങ്ങളുംകൂടെ ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതുപോലുള്ള പരിഷ്‌കരണങ്ങളും അദ്ദേഹത്തിനു നടത്താമായിരുന്നു. ചോദിക്കാനാരുമില്ലാതെ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ പിന്തുണ അത്തരം പരിഷ്‌കരണങ്ങള്‍ക്ക് കിട്ടുകയും ചെയ്‌തേനെ.
2004 മുതല്‍ ഇക്കാലമത്രയും ചര്‍ച്ച് ആക്ടിനായി അക്ഷീണം പ്രയത്‌നിച്ച നൂറുകണക്കിനു ചര്‍ച്ച് ആക്ട് പ്രവര്‍ത്തകരെയും ഡസന്‍ കണക്കിന് പുരോഗമന സഭാപ്രസ്ഥാനങ്ങളെയും ഒപ്പം, കേരളസഭയുടെ രക്ഷയ്ക്കുവേണ്ടി പതിറ്റാണ്ടുകള്‍ തലപുകച്ച് 'ചര്‍ച്ച് ആക്ട്'എന്ന ആശയം രൂപപ്പെടുത്തിയ ജോസഫ് പുലിക്കുന്നേല്‍ എന്ന ചരിത്രപുരുഷനെയും കൂടെനിന്നുകൊണ്ട് പിന്നില്‍നിന്നു കുത്തിയ അനുഭവമാണ്, 'ചര്‍ച്ച് ബില്‍ 2019' ഉണ്ടാക്കിയിരിക്കുന്നത് എന്നു പറഞ്ഞുപോകുന്നു. ഈ വിശ്വാസവഞ്ചനയുടെ പാപഫലമായിട്ടാകാം, പ്രസ്തുത ബില്‍ വെബ്‌സൈറ്റില്‍നിന്നു പോലും പിന്‍വലിക്കാന്‍ കമ്മീഷന്‍ നിര്‍ബന്ധിതമായത്.
തീര്‍ച്ചയായും, ജസ്റ്റീസ് കെ. ടി തോമസ് നേതൃത്വംകൊടുക്കുന്ന നിയമപരിഷ്‌കരണക്കമ്മീഷന് ഇനിയും തിരുത്താന്‍ അവസരമുണ്ട്. കാരണം, ഈ തിരിച്ചടികൊണ്ടൊന്നും ചര്‍ച്ച് ആക്ട് പ്രവര്‍ത്തകര്‍ അടങ്ങുകയില്ല. കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതുപോലെ, അത്യാവശ്യംവേണ്ട  തിരുത്തല്‍നിര്‍ദ്ദേശങ്ങളുമായി അവരുടെ പ്രസ്ഥാനങ്ങളും അമ്പതിലേറെ ഇടവകകളും നിയമപരിഷ്‌കരണ കമ്മീഷന് ഇപ്പോള്‍ത്തന്നെ  നിവേദനങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. 'ചര്‍ച്ച്  ട്രസ്റ്റ് ബില്‍ 2009'-ന്റെ ചുവടുപിടിച്ച് ക്രൈസ്തവരൂപമാതൃകയിലൂടെ സഭയെ ജനാധിപത്യവല്‍ക്കരിക്കാനുള്ള സംവിധാനങ്ങളും ചട്ടങ്ങളും ഉള്‍പ്പെടുത്തി ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ കരട് വീണ്ടും  ഗവണ്‍മെന്റിനു സമര്‍പ്പിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം.  
ജന്മിമാരുടെയും മാടമ്പിമാരുടെയും അംഗീകാരം നേടിക്കൊണ്ടല്ല ജന്മിത്തം അവസാനിപ്പിച്ചതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്! ജനഹിതമാണ്, അല്ലാതെ നാടുവാഴികളുടെയും   മതാദ്ധ്യക്ഷന്മാരുടെയും ഹിതമല്ല മാനിക്കപ്പെടേണ്ടതെന്ന്, കേരളത്തിലെ ജന്മിത്വം അവസാനിപ്പിക്കുന്നതിനു നേതൃത്വംകൊടുത്ത അന്നത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ പിന്മുറക്കാരും ഓര്‍ക്കുന്നതു നന്ന്!
എഡിറ്റര്‍

Friday, March 29, 2019

കെ സി ആർ എം പാലാ ചർച്ചായോഗം 30-3-2019 2 PM-ന്

അഡ്വ ഇന്ദുലേഖ ജോസഫ് ചർച്ചാക്ടിനെപ്പറ്റി വടക്കെഅമേരിക്കൻ പ്രവാസികളോട് സംസാരിക്കുന്നു



ചാക്കോ കളരിക്കൽ

ഏപ്രിൽ 10, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ പതിനാറാമത് ടെലികോൺഫെറൻസിൽ, ഹൈക്കോടതി അഭിഭാഷകയും സഭാനവീകരണ പ്രസ്ഥാനങ്ങളുമായും പള്ളിനിയമം സർക്കാർ പാസാക്കണമെന്ന് വാദിക്കുന്നവരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന അഡ്വ ഇന്ദുലേഖ ജോസഫ്   "എന്തുകൊണ്ട് സഭാനേതൃത്വം ചർച്ചാക്ടിനെ എതിർക്കുന്നു" എന്ന വിഷയത്തെ ആസ്‌പദമാക്കി വടക്കെ അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കുന്നതാണ്.

ക്രൈസ്തവസഭകളുടെ വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സംബന്ധിച്ച ഒരു കരടുനിയമം ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അധ്യക്ഷനായ നിയമപരിഷ്ക്കരണകമ്മീഷൻ 2009-ൽ അച്ചുതാനന്ദൻ സർക്കാരിന് ശിപാര്ശ ചെയ്‌തിരുന്നു. ജനാധിപത്യപരമായ പള്ളിഭരണസമ്പ്രദായം വർത്തമാനകാലത്തിൻറെ ആവശ്യമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലായിരുന്നു, ആ ശിപാർശ. ആ ബില്ലിൻറെ യോഗ്യത, ഗുണം, നിയമവശങ്ങൾ മുതലായവ പരിശോധിക്കേണ്ടതിനുപകരം ബില്ലിനെ അപ്പാടെ സഭാധികാരം എതിർത്തു. ഒരു സാധാരണ വിശ്വാസിക്ക് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽനിന്നും ബില്ല് നിയമസഭയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലായെന്ന് വാക്കാലുള്ള ഉറപ്പ് കിട്ടുകയും നിയമപരിഷ്കരണകമ്മീഷൻറെ വെബ്സൈറ്റിൽനിന്നും ബില്ലിൻറെ ഡ്രാഫ്റ്റ് നീക്കം ചെയ്തതിനുശേഷമെ മെത്രാന്മാർ സമാധാനിച്ചൊളു. ഭാവിയിൽ ഈ ബില്ല് വീണ്ടും പൊങ്ങിവരുമോയെന്ന ആശങ്ക മെത്രാന്മാരുടെ ഉറക്കം കെടുത്തുന്നുണ്ട്. മാർ ആൻഡ്രൂസ് താഴത്ത് ആ കാര്യം അദ്ദേഹത്തിൻറെ പ്രസംഗത്തിൽ എടുത്ത് പറയുകയും ചെയ്തു. "നാളയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്" (മത്ത. 6: 34) എന്ന യേശുവചനംപോലും മറന്നുപോകുന്ന മെത്രാന്മാർ!

പൗരത്യകാനോൻനിയമം പ്രാബല്യത്തിൽ വന്നതോടെ (1992) നമ്മുടെ പൂർവീകർ നേർചയായും ദാനമായും നൽകി സ്വരൂപിച്ച പള്ളിസ്വത്തിൻറെ നടത്തിപ്പിന് ഇടവകക്കാർക്ക് യാതൊരു അവകാശവുമില്ലെന്ന സ്ഥിതിയിലായി. പൊതുയോഗവും പള്ളിക്കമ്മറ്റിയും വികാരിയച്ചൻറെ വെറും ഉപദേശകസമിതികളായി തരം താഴ്ത്തപ്പെട്ടു. മാർതോമാനസ്രാണി ക്രിസ്ത്യാനികളുടെ പള്ളിസ്വത്തുഭരണത്തിലെ ജനാധിപത്യം പൂർണമായും നഷ്ടമായി. പള്ളികളിലും രൂപതകളിലും കണക്കില്ലാത്ത വരുമാനമായതോടെ പുരോഹിതരുടെ അഹന്തയും ഹുങ്കും വർദ്ധിച്ചു. വഴിപിഴച്ച ജീവിതത്തിലേയ്ക്ക് സഭാധികാരികളെ നയിക്കാൻ അത് ഇടയാക്കി. സഭയിലെ ധാർമിക അധഃപതനത്തിന് തടയിടാനും ഇടവകക്കാരുടെ ന്യായമായ അധികാരാവകാശങ്ങളെ തിരികെപ്പിടിക്കാനും ചർച്ച്‌ ആക്ട് നിയമമാകുക അനിവാര്യമായിഭവിച്ചു. ആദിമസഭാസമൂഹത്തെ ഒന്നിച്ചുകൂട്ടി, യേശുശിഷ്യന്മാർ ദൈവവചന ശുശ്രൂഷയിൽ മാത്രം ശ്രദ്ധ കേന്ത്രീകരിക്കുകയും ഭൗതികകാര്യവിചാരച്ചുമതല മറ്റുള്ളവരെ ഏല്പിക്കുകയുമാണ് ചെയ്‌തത്‌ (അപ്പ. പ്രവ. 6: 1-6). അപ്പോസ്തലപിൻഗാമികൾ എന്നവകാശപ്പെടുന്ന ഇന്നത്തെ മെത്രാന്മാർ സ്നേഹത്തിൻറെയും കൂട്ടായ്‌മയുടെയും ആ സുവിശേഷം മറന്ന് സ്വത്തിൻറെ കലഹത്തിൽ വ്യാവൃതരായിരിക്കയാണ്.

അല്മായൻറെ അവകാശവും കടമയുമായ പള്ളികളുടെ ഭൗതികസ്വത്തുഭരണത്തിന് നിയമം കൊണ്ടുവരുവാൻ സർക്കാർ ആലോചിക്കുമ്പോൾ അല്മായൻറെ പക്ഷത്ത് നിലയുറപ്പിക്കേണ്ട കേരളത്തിലെ അഖില കേരള കത്തോലിക്കാ കോൺഗ്രസ് (എകെസിസി), അമേരിക്കയിലെ സിറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) തുടങ്ങിയ അല്‌മായരെ പ്രതിനിധീകരിക്കുന്നുയെന്ന് അവകാശപ്പെടുന്ന സംഘടനകൾ മെത്രാൻ പ്രീണനത്തിനായി മറുകണ്ടം ചാടി പള്ളിനിയമത്തിനെതിരായി പ്രസ്‌താവനകൾ ഇറക്കിയും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചും ചാനൽ ചർച്ചകളിൽ പങ്കെടുത്തും അല്മായരെ ഒറ്റിക്കൊടുക്കുന്നത് ഈ അടുത്തകാലത്ത് നാം കണ്ടതാണ്. കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ വി സി  സെബാസ്റ്റ്യൻ നേർകാഴ്ച എന്ന പ്രസിദ്ധീകരണത്തിൽ (മാർച്ച് 26, 2019, പേജ് 26) "വിവാദമാകുന്ന ചർച്ച് ബിൽ" എന്ന ലേഖനംതന്നെ ഇതിന് ഉദാഹരണമാണ്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ശിപാർശ ചെയ്‌തിരിക്കുന്ന കരടുബില്ലിനെത്തന്നെ ആക്ഷേപിക്കുന്നതാണ്, ആ ലേഖനം. പള്ളിസ്വത്തുക്കൽ ഭരിക്കുന്നത് കാനോൻ നിയമപ്രകാരം ഇടവകവികാരിയും രൂപതാമെത്രാനുമാണെന്നുള്ള സത്യത്തെ മറച്ചുവെച്ച് ഉപദേശാവകാശം മാത്രമുള്ള അല്മായരാണ് എന്ന പച്ചക്കള്ളം എഴുതാൻ അഡ്വ സെബാസ്റ്റ്യന് ഒരു മടിയുമില്ല. കാരണം മെത്രാൻ സംരക്ഷകർ കലക്കവെള്ളത്തിൽ നീൻപിടിക്കാൻ മിടുക്കരും ആത്‌മാർത്ഥത തൊട്ടുതേച്ചിട്ടില്ലാത്തവരുമാണ്. ക്രിസ്‌തുവിരുദ്ധവും അധികാരപ്രമത്തവുമായ ഒരു ചട്ടക്കൂട്ടിലേയ്ക്കു  ദൈവജനത്തെ മെരുക്കിയെടുക്കുന്ന ആധികാരികനീക്കത്തിൽനിന്നും സഭാപൗരരെ മോചിപ്പിക്കാൻ കടപ്പെട്ടിരിക്കുന്ന അല്മായപ്രമുഖരും അല്‌മായസംഘടനകളും മെത്രാന്മാർക്ക് ആവശ്യാനുസരണം എടുത്തുപയോഗിക്കാനുള്ള ഉപകരണങ്ങളായി          അധഃപതിക്കുന്നതാണ് അതിനു കാരണം. അത്തരം വ്യക്തികളെയും സംഘടനകളെയും ഈയവസരത്തിലെങ്കിലും നാം തിരിച്ചറിയേണ്ടതാണ്. ഈ സാഹചര്യത്തിലാണ് സഭാധികാരികളുടെ അംഗീകാരമോ പ്രോത്സാഹനമോ പ്രതീക്ഷിക്കാതെ ജന്മംകൊണ്ട കെസിആർഎം നോർത് അമേരിക്ക എന്ന സ്വാതന്ത്രസംഘടനയുടെ പ്രസക്തി നാം മാനസ്സിലാക്കേണ്ടതും ആ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതും.

മാമോനെ  കൈയ്യടക്കി അതിൽ കടിച്ചുതൂങ്ങി കിടക്കാൻ സഭാധികാരികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെയും കാരണങ്ങളെയുംപ്പറ്റിയുള്ള പുതിയ ഉൾക്കാഴ്ചകൾ ശ്രീമതി ഇന്ദുലേഖ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമെന്ന് കരുതാം.

ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:

ഏപ്രിൽ 10, 2019, ബുധനാഴ്ച (April 10, 2019, Wednesday) 9 PM (EST)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

 

Thursday, March 28, 2019

*കാവല്‍ക്കാരന്‍ കള്ളനായാല്‍!* Fr. Jacob Naluparayil: Mt 21:23-46


മാർച്ച് 24

ഫാ. ജേക്കബ് നാലുപറയില്‍ എംസിബിഎസ്


ഇന്ത്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മുദ്രാവാക്യങ്ങളുണ്ട്. ഒന്ന്, ''ചൗകിദാര്‍ ഹി ചോര്‍ ഹേ - കാവല്‍ക്കാരന്‍ കള്ളനാണ്.'' രണ്ട്, ''മേം ഭി ചൗകിദാര്‍ - ഞാനും കാവല്‍ക്കാരനാണ്.''

ഈശോ പറയുന്ന ഇന്നത്തെ ഉപമയിലും വിഷയം ഇതു തന്നെയാണ്. കാവല്‍ക്കാരന്‍ കള്ളനാകുന്ന അവസ്ഥ. കാവല്‍ക്കാരായ കൃഷിക്കാര്‍ ഉടമസ്ഥാവകാശം തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമമാണ് കഥയുടെ കാതല്‍. 'കാവല്‍ക്കാർ ഉടമസ്ഥരാകാന്‍ ശ്രമിക്കുന്നു' എന്നർത്ഥം.

ഈശോ പറയുന്നു: ''ഒരു വീട്ടുടമസ്ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റം വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിര്‍മ്മിക്കുകയും ചെയ്തു. അനന്തരം അത് കൃഷിക്കാരെ ഏല്‍പ്പിച്ചിട്ട് അവന്‍ പോയി'' (മത്താ 21:33). വീട്ടുടമസ്ഥനാണ് തോട്ടവും അതിന്റെ അനുസാരികളും ഉണ്ടാക്കുന്നത്. അതിനാല്‍ തന്നെ അയാളാണ് യഥാര്‍ത്ഥ ഉടമസ്ഥന്‍. പാട്ടകൃഷിക്കാര്‍ വെറും കാവല്‍ക്കാരും കാര്യസ്ഥന്മാരും മാത്രം.

ഇവിടെ നമ്മള്‍ ഓര്‍ത്തിരിക്കേണ്ട  പ്രധാനപ്പെട്ട ഒരു കാര്യം, ഈശോ  ആരോടാണ് ഈ ഉപമ പറയുന്നത് എന്നാണ്. ജറുസലേം ദേവാലയത്തില്‍ വച്ചാണ് ഇത് സംഭവിക്കുന്നത്. ഈശോ ദേവാലയയത്തില്‍ നിന്നും കച്ചവടക്കാരെ പുറത്താക്കുന്നതാണ് സന്ദര്‍ഭം (മത്താ 21:12-14). അപ്പോൾ അവനോട് രോഷാകുലരായി പ്രതികരിക്കുന്നത് പ്രധാന പുരോഗിതന്മാരും നിയമജ്ഞരുമാണ് (മത്താ 21:15). പിറ്റെ ദിവസം യഹൂദനേതാക്കൾ ഇതേകാര്യത്തിന്  ഈശോയെ ചോദ്യം ചെയ്യുന്നുമുണ്ട്: ''പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു. എന്ത് അധികാരത്തലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നല്‍കിയത് ആരാണ്?'' (മത്താ 21:23).

അവരുടെ ചോദ്യത്തിനുള്ള മറുപടിയായി ഈശോ പറയുന്ന ഉപമകളില്‍ രണ്ടാമത്തേതാണ് ഈ ഉപമ (മത്താ 21: 28-44). ഉപമ പറഞ്ഞവസാനിക്കുമ്പോള്‍ അതിനോട് പ്രതികരിക്കുന്നത് യഹൂദ മതനേതാക്കള്‍ തന്നെയാണ്: ''പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകള്‍ കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറിറിയാണ് സംസാരിക്കുന്നതന്ന് മനസ്സിലാക്കി...'' (മത്താ 21:45).

ചുരുക്കത്തില്‍ ഈശോ സംസാരിക്കുന്നത് പ്രധാന പുരോഹിതന്മാരോടും നിയമജ്ഞരോടും ജനപ്രമാണികളോടും ഫരിസേയരോടുമാണ്. ഇവരില്‍ ആദ്യത്തെ മൂന്നു ഗണം കൂടുന്നതാണ് സെൻഹെദ്രിൻ, അതായത് യഹൂദരുടെ സൂന്നഹദോസ്. മാറ്റുവാക്കുകളിൽ, യഹൂദ മതത്തിന്റെ അധികാരസ്ഥാനത്തിരിക്കുന്ന നേതാക്കളോടാണ് ഈശോ ഈ ഉപമ പറയുന്നത്.

എന്താണ് ഈശോ പറയുന്നതിന്റെ രത്‌നച്ചുരുക്കം? ഈശോ പറയുന്നത് "കാവല്‍ക്കാര്‍ കള്ളന്മാരാണെന്നാണ് - ചൗകിദാര്‍ ഹി ചോര്‍ ഹേ." അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മതാധികാരികളുടെ മുഖത്തു നോക്കി ഈശോ പറയുന്നു, 'കാവല്‍ക്കാരായ നിങ്ങള്‍ കള്ളന്മാരാണ്.' ജറുസലേം ദേവാലയത്തിലെ കച്ചവടം നിര്‍ത്തുമ്പോള്‍ ഈശോ പറയുന്നത് ശ്രദ്ധിക്കണം: ''എന്റെ ഭവനം പ്രാര്‍ത്ഥാനലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കള്ളന്മാരുടെ ഗുഹയാക്കുന്നു'' (മത്താ 21:13).

എന്താണ് യഹൂദ മതനേതാക്കള്‍ കവര്‍ന്നെടുത്തത്? അത് വ്യക്തമാകുന്നത് ഈശോ പറയുന്ന കഥയിലെ പാട്ടകൃഷിക്കാരുടെ സംഭാഷണത്തിലൂടെയാണ്: ''അവനെ കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു. ഇവനാണ് അവകാശി. വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം സവന്തമാക്കാം'' (മത്താ 21:38). കാവല്‍ക്കാരായ പാട്ടകൃഷിക്കാര്‍ കവര്‍ന്നെടുക്കുന്നത് 'ഉടമസ്ഥാവകാശമാണ്.'

ഇന്ന് ഈശോ ഈ ഉപമ പറുന്നത് ആരോടൊക്കെയാണ്? ഉടമസ്ഥാവാകശം കവര്‍ന്നെടുക്കുന്നവര്‍ ആരൊക്കെയാണോ, അവരോടെല്ലാമാണ് ഈശോ ഇന്ന് ഉപമ പറയുന്നത്. തങ്ങള്‍ ഉടമസ്ഥരാണ് എന്ന് കരുതുന്നവരോടൊക്കെ. അതായത്, തങ്ങള്‍ കാവല്‍ക്കരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരോടൊക്കെയാണ് ഈശോ ഈ ഉപമ പറയുന്നത്.

ഈ കാര്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്ന സഭാപിതാവ് വിശുദ്ധ ബേസിലാണ്. അദ്ദേഹം പറയുന്നു: "ഭക്ഷിച്ച ശേഷം നീ മിച്ചം സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണം നിന്റെതല്ല, തെരുവില്‍ വിശന്നു കഴിയുന്ന ദരിദ്രരുടേതാണ്. നിന്റെ അലമാരയില്‍ നീ അടുക്കി വച്ചിരിക്കുന്ന നിന്റെ ഉടുപ്പുകള്‍ നിനക്ക് അവകാശപ്പെട്ടതല്ല, മറിച്ച് ഉടുപ്പില്ലാത്ത പാവപ്പെട്ടവന് അവകാശപ്പെട്ടതാണ്. നിന്റെ മേശയില്‍ നീ പൂട്ടി സൂക്ഷിച്ചു വച്ചിരിക്കുന്ന പണത്തിന്റെ ഉടമസ്ഥന്‍ നീയല്ല, നിന്റെ ചുറ്റുമുള്ള ദരിദ്രരുടെ പണമാണത്.'' ആരാണ് യഥാര്‍ത്ഥ ഉടമസ്ഥന്‍, ആരാണ് കാവല്‍ക്കാരന്‍ എന്നതിനുള്ള വളരെ പ്രായോഗികമായ നിരീക്ഷണമാണിത്.

തങ്ങള്‍ കാവല്‍ക്കരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരോടൊക്കെയാണ് ഈശോ ഈ കഥ പറയുന്നത്. എന്നിരിക്കിലും മതമേഖലയിലെ നേതാക്കന്മാരോടാണ് ഈ ഉപമ ഈശോ അന്ന് പറഞ്ഞത് എന്ന കാര്യം നാം മറക്കരുത്. അതിനാല്‍ തന്നെ, ആത്മീയ മേഖലയിലെ ഇന്നത്തെ നേതാക്കന്മാരോട് തന്നെയാണ് ഒന്നാമതായിട്ട് ഈശോ ഇന്നീ കഥ പറയുന്നത്. അതായത് ഇന്നത്തെ വൈദികരോടും മെത്രാന്മാരോടും മെത്രാപ്പോലിത്താമാരോടും ധ്യാനഗുരുക്കന്മാരോടുമൊക്കെ. അവരോടൊക്കെ ഈശോ പറയുന്നു: ''നിങ്ങള്‍ വെറും കാവല്‍ക്കാരാണ്, അല്ലാതെ ഉടമസ്ഥരും അവകാശികളുമല്ല''

എന്തിന്റെയൊക്കെ കാവല്‍ക്കാര്‍? അതു തിരിച്ചറിയണമെങ്കില്‍ നിന്റെ കൈയിലിരിക്കുന്ന തോട്ടവും മുന്തിരിച്ചക്കും ഗോപുരവും എന്താണെന്ന് നീ തിരിച്ചറിയണം. അതായത്, എന്തൊക്കെയാണ് നിനക്കു ദാനമായി കിട്ടിയത്? മറിച്ച് പറഞ്ഞാൽ, എന്താണ് നിനക്കു ദാനമായി കിട്ടാത്തതായിട്ടുള്ളത്?

നിന്റെ ജീവന്‍ തന്നെ തമ്പുരാന്‍ ഔദാര്യമായി നിനക്ക് തന്ന വലിയ ദാനമല്ലേ? പിന്നെ, നീ ശ്വസിക്കുന്ന വായുവും, നീ കുടിക്കുന്ന കുടിവെള്ളവും, നീ സ്വീകരിക്കുന്ന സൂര്യപ്രകാശവും, നീ കഴിക്കുന്ന ഫലമൂലാദികളും  തമ്പുരാന്‍ സൗജന്യമായി തരുന്നതല്ലേ? നിന്റെ ജീവന്‍ തന്നെ ദാനമാണെങ്കില്‍, അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിന്റെ കഴിവുകളും, നിന്റെ സമ്പത്തും, നിന്റെ അധികാരവും, നിന്റെ സ്ഥാനമാനങ്ങളും ദൈവിക ദാനങ്ങള്‍ അല്ലാതെ വരില്ലല്ലോ?

ഇവയെല്ലാം ദാനമാണെന്ന തിരിച്ചറിവാണ് നിനക്കുണ്ടാകേണ്ടത്. ഇവയെല്ലാം സൗജന്യമായി സ്വീകരിച്ചതാണെന്ന തിരിച്ചറിവാണ് നിനക്കുണ്ടാകേണ്ടത്. അത്തമൊരു തിരിച്ചറിവില്‍ ജീവിക്കുന്നവന്‍, കൊടക്കും; ഉദാരമായി കൊടുക്കും. ആര്‍ക്കൊക്കെ? ആവശ്യക്കാർക്കൊക്കെ കൊടുക്കും. മുമ്പില്‍ വന്ന് കൈ നീട്ടുന്നവര്‍ക്കൊക്കെ കൊടുക്കും. കാരണം, അവരാണ് യഥാര്‍ത്ഥ അവകാശികളെന്ന് അവനറിയാം.

മാര്‍ച്ച് 15ാം തീയതി ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണം. മോസ്കിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അൻപത് മുസ്ലീം സഹോദരങ്ങളെയാണ് തീവ്രവാദിയായൊരു വെള്ളക്കാരന്‍ തുരുതുര വെടിവച്ചു കൊന്നത്. അതിനോടുള്ള അവിടുത്തെ പ്രധാന മന്ത്രിയായ ജസീന്ത ആര്‍ഡന്റെ പ്രതികരണമായിരുന്നു ശ്രദ്ധേയം.

മുസ്ളീം സ്ത്രീകളുടെ വസ്ത്രമായ ഹിജാബ് ധരിച്ചെത്തിയ ജസീന്ത, ഇരകളായവരുടെ ബന്ധുക്കളെ ഓരോരുത്തരെ ഓരോരുത്തരെയായി കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അതിനു ശേഷം അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു: "ഏറ്റവും വലിയൊരു ദുരന്തത്തെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലപ്പെട്ടവരെല്ലാം കുടിയേറ്റക്കാരാകാം. അല്ലെങ്കില്‍ അഭയാര്‍ത്ഥികളാകാം. രണ്ടായാലും ന്യൂസിലാന്റിനെ സ്വന്തം വീടാക്കാന്‍ ആഗ്രഹിച്ചവരാണവർ. ഞാന്‍ ഉറപ്പിച്ചു പറയുന്നു, ന്യൂസിലാന്റ് അവരുടെ വീടാണ്." എന്നിട്ടവര്‍ കൂട്ടിച്ചേര്‍ത്തു: "They are us- അവര്‍ നമ്മളാണ്.''

പിന്നീട് ആ രാജ്യത്താകമാനം അലയടിച്ച മുദ്രാവാക്യമിതായിരുന്നു: "They are us- അവര്‍ നമ്മളാണ്.'' ലോകം എഴുന്നേറ്റു നിന്നു കൈയ്യടിച്ചു പ്രസ്താവനയായിരുന്നു ജസീന്ത ആര്‍ഡന്റേത്. അതിനു കാരണം, താനും ഒരു കുടിയേറ്റ കുടുംബത്തില്‍ ജനിച്ചവളാണെന്ന കാര്യം ജസീന്ത മറന്നിട്ടില്ലായിരുന്നു.

ആത്മബോധമുള്ളവനു മാത്രമേ ഉദാരമായി കൊടുക്കാനാകൂ. സൗജന്യമായി സ്വീകരിച്ചതിനെക്കുറിച്ചൊക്കെ അവബോധമുള്ളവനു മാത്രമേ സ്‌നേഹത്തോടെ കൊടുക്കാനാവൂ. താന്‍ ഉടമസ്ഥനല്ല, മറിച്ച് വെറും കാവല്‍ക്കാനാണ് എന്ന ആത്മബോധമുള്ളവന് മാത്രമേ കരുണയോടെ പങ്കു വയ്ക്കാനാകൂ.

ചുരുക്കത്തില്‍, കാവല്‍ക്കാരനാണെന്ന ആത്മാബോധമുള്ളവന്‍ ഉദാരമായി കൊടുക്കും. മറിച്ചു, ഉടമസ്ഥനാണെന്ന മിഥ്യാബോധത്തില്‍ ജീവിക്കുന്നവന്‍, കൊടുക്കില്ലെന്ന് മാത്രമല്ല, സ്വീകരിക്കാന്‍ വരുന്നവരെയൊക്ക അവൻ പരിക്കേൽപ്പിക്കുകയും കൊല്ലുകയും ചെയ്യും. തീവ്രവാദിയായ വെള്ളക്കാരന്‍ ചെയ്തത് അതാണ്.

കാവൽക്കാരനാണെന്ന ആത്മബോധമുള്ളവന്‍ ഉദാരമായി കൊടുക്കുന്നതിന്റെ ഫലമായി എല്ലായിടവും ദേവാലയമായി മാറും. നേരെ മറിച്ച്, അവകാശിയാണെന്ന മിഥ്യാബോധത്തില്‍ ജീവിക്കുന്നവൻ കൊടുക്കില്ലെന്ന് മാത്രമല്ല, ദേവാലയം പോലും അവന്‍ കച്ചവടസ്ഥലമാക്കും; കള്ളന്മാരുടെ  ഗുഹയാക്കും (മത്തായി 21:13).

അതിനാല്‍ ഈശോ ഇന്ന് ഈ ഉപമയിലൂടെ എന്നോട് ആവശ്യപ്പെടുന്നത് ഒരു ആത്മപരിശോധനാണ് - "കാവല്‍ക്കാരനായ നീ കള്ളനാണോ?"

Wednesday, March 27, 2019

കെസിആർഎം നോർത് അമേരിക്കയ്ക്ക് പുതിയ ഭാരവാഹികൾ


ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്കയെ സംബന്ധിക്കുന്ന ചില സുപ്രധാനകാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഞാൻ ഈ കത്ത് അയക്കുന്നത്. നമ്മുടെ കൂട്ടായ്‌മയെ പ്രതിനിധീകരിക്കുന്ന കെസിആർഎം നോർത് അമേരിക്ക എന്ന സംഘടനയുടെ നിയമാവലിപ്രകാരം അതിനെ നയിക്കേണ്ടത് അഞ്ച് അംഗങ്ങളുള്ള ബോർഡാണ്. ബോർഡ് അംഗങ്ങളായി  താഴെ പറയുന്നവർ തല്ക്കാലത്തേയ്ക്ക് സന്നദ്ധസേവനം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഷിക്കാഗോയിൽവെച്ച് ആഗസ്റ് 10, 2019-ൽ കൂടാനിരിക്കുന്ന ഏകദിനസെമിനാറിൽവെച്ച് അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള ഭാരവാഹികളെ നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

 
ബോർഡ് അംഗങ്ങൾ:

 
President - Chacko Kalarickal, Washington Twp., MI

Vice-President - Jose Kalliduckil, Chicago, IL

Secretary - James Kureekkaattil, Rochester Hills, MI

Joint Secretary - Binu Alex, Staten Island, NY

Treasurer - George Neduvelil, Cooper City, FL

 
KCRM North America Email ID: kcrmnorthamerica@gmail.com

 താഴെ കൊടുക്കുന്നവർ Regional Coordinators-ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

 
George Poozhikala (Qubec, Canada), Abraham Kandankery (North York, Canada) Jacob Kallupurackal, JD (Boston, Massachusetts), Alex Kavumpurath (Elmont, New York), Dr. N. P. Sheela (Bronx, New York), Joseph Padannamakkal (Valley Cottage, New York), Dr. Thomas Palackal (White Plains, New York), Mani Maliekal (Philadelphia, Pennsylvania), Sojan Pulickal (San Diego, California), Andrews Cherian (North Port, Florida), Jose Puthikunnel (Los Angeles, California)

 
സംഘടനയുടെ പേരിൽ പുതിയ ഭാരവാഹികൾക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നു.

 
ആഗസ്റ്റ് 10, 2019-ൽ ഷിക്കാഗോയിൽവെച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഏകദിന സെമിനാറിനെ സംബന്ധിച്ച്‌ വീണ്ടും എല്ലാവരെയും ഓർമപ്പെടുത്തുന്നു. ഏപ്രിൽ 10, 2019-ൽ നടക്കാനിരിക്കുന്ന ടെലികോൺഫെറെൻസിൻറെ അവസാനഘട്ടത്തിൽ അതുസംബന്ധമായി നമ്മൾ കൂടുതൽ ചർച്ച ചെയ്യുന്നതാണ്.

 
അടുത്ത ടെലികോൺഫെറെൻസ് ഏപ്രിൽ 10, 2019 ബുധനാഴ്ച്ച 09 PM (EST) നടത്തിന്നതാണ്.

വിഷയം അവതരിപ്പിക്കുന്നത്: അഡ്വ ഇന്ദുലേഖ ജോസഫ്

വിഷയം: "എന്തുകൊണ്ട് സഭാനേതൃത്വം ചർച്ചാക്ടിനെ എതിർക്കുന്നു"

നിങ്ങൾ ഏവരുടെയും അകമഴിഞ്ഞ സഹകരണത്തിന് ബോർഡിൻറെ നാമത്തിൽ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

Tuesday, March 26, 2019

കന്യാസ്ത്രികളുടെയും അച്ചന്മാരുടേയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്..


 FB post by Santhosh Jacob

വരുമാന നികുതി നിയമപ്രകാരം ശമ്പള വരുമാനത്തിന് മേൽ സ്രോതസ്സിൽ തന്നെ നികുതി പിടിച്ച് തൊഴിൽ ദാതാവ് സർക്കാരിന് നൽകണം എന്നിരിക്കെ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന അച്ചന്മാരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തിൽ നിന്ന് നിലവിൽ വരുമാന നികുതി പിടിക്കുന്നില്ല ഇതിനെതിരേയാണ് വരുമാന നികുതി വകുപ്പ് കോടതിയെ സമീപിച്ചത്
വരുമാന നികുതി വകുപ്പ് 192 പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന കന്യാസ്ത്രീകളുടെ ശമ്പളത്തിൽ നിന്ന് നികുതി പിടിക്കാൻ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് കത്തോലിക്കാസഭ സന്യാസിനി സമൂഹം നേതൃത്വം കോടതിയെ സമീപിക്കുകയും സിങ്കിൾ ബൻചിൽനിന്ന് അനുകൂലമായ വിധി നേടിയിരുന്നു. ഈ വിധിയിൽ വരുമാന നികുതി വകുപ്പ് അപ്പീൽ നൽകുകയും ജസ്റ്റിസ്മാരായ ഡോ.വിനീത് കോത്താരിയും സി.വി.കാർത്തികേയനും അടങ്ങുന്ന ബെഞ്ച് സിങ്കിൽ ബെഞ്ച് വിധി തള്ളുകയായിരുന്നു.
ഒരു വ്യക്തി തന്റെ ജോലിയിൽ നിന്നുള്ള വരുമാനം തനിക്ക് ലഭിച്ചതിന് ശേഷം മതസ്ഥാപനങ്ങൾക്ക് നൽകിയാൽ അത് അയാളുടെ വരുമാനത്തിൽ നിന്ന് അയാളുടെ ചിലവായി മാത്രമേ കാണാൻ കഴിയൂ. ഇത് സ്രോതസ്സിൽ നിന്ന് നികുതി പിടിക്കാതിരിക്കാൻ ഇത് കാരണമായി കാണാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.
വ്യക്തി തന്റെ അധ്വാനത്തിന്റെ ഫലമായി സ്വരൂപിച്ച തുക തനിക്ക് വരുമാനമായി ലഭിച്ചതിന് ശേഷം അയാൾ ആർക്ക് കൊടുക്കുന്നു എന്നത് സ്രോതസ്സിൽ നികുതി പിടിക്കേണ്ട ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം അല്ല മാത്രമല്ല കാനോൻ നിയമം പാലിക്കാൻ വരുമാന നികുതി വകുപ്പ് ബാധ്യസ്ഥവുമല്ല എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു

Monday, March 25, 2019

നിലനിൽപ്പ് - ജോസഫ് ടിജെ

face book post in the fb group Transparency at EKM ArchDiocese

എറണാകുളം-അങ്കമാലി അതിരൂപത, അതിന്റെ നിലനിൽപ്പിന്റെതന്നെ നേർക്കുയരുന്ന വെല്ലുവിളിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന പ്രതിസന്ധിയെ നേരിടുന്ന ഘട്ടമാണിത്. ഒരുപാടു ധനവും രാഷ്ടീയ സ്വാധീനവും തല നിറച്ചു കുബുദ്ധിയുള്ള ഉപദേശക്കൂട്ടവും എല്ലാംകൂടി ഒന്നായണി ചേർന്ന് അതിനെ ഛിദ്രമാക്കാൻ കൈകോർത്തുനില്ക്കുന്ന ഒരു കഷ്ടകാലത്തോടാണ് ഇന്ന് നിർഭാഗ്യവശാൽ അതിന് സ്വന്തം അസ്തിത്വത്തിനു വേണ്ടി പോരാടേണ്ടി വന്നിരിക്കുന്നത്.
രൂപതാ അപ്പസ്തോലിക്ക് അഡ്മിജെ നിസ്ട്രേറ്റർ ആയ ബിഷപ്പിനെ ഒരു വ്യാജരേഖാ കേസിൽ പ്രതിയാക്കിക്കൊണ്ട്, 'ബാറ്റിൽ ലൈൻസ്' വളരെ കൃത്യമായി, ശത്രുക്കൂട്ടം രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
നിർഭാഗ്യവശാൽ, മാമോൻ പടനായകനായ എതിർ ചേരി ആളു കൊണ്ടും അർത്ഥം കൊണ്ടും മികച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ ധാർമ്മികത എന്ന പടച്ചട്ട നാം ധരിക്കുന്നതോടൊപ്പം ബുദ്ധി, വിവേചനം ഈ രണ്ടായുധങ്ങൾ, വേണ്ടപ്പോൾ വേണ്ടതു പോലെ മാത്രം ഉപയോഗിക്കുന്നിടത്തേ, ഫലപ്രദമായ പ്രതിരോധം തീർത്ത്, അന്തിക്രിസ്തു സമാനനോ, അന്തിക്രിസ്തു തന്നെയോ ആയശത്രുവിന്റെ ആക്രമണങ്ങളിൽ നിന്ന് നമ്മുടെ രൂപതയെ നമുക്കു സംരക്ഷിക്കാനാവൂ. 

എതിർ ചേരി വക്രബുദ്ധിയുടെ ആശാൻമാരാണ്. പോരാട്ടങ്ങളിലെഒരു തന്ത്രം ഞാനെഴുതാം..
"If your enemy is of high morale, depress them. Seem humble to fill them with conceit. If at ease, exhaust them. If united, separate them. Attack their weaknesses. If your enemy is temperamental, seek to irritate him. If he is calm and pius give him no rest.** If sovereign and subject are in accord, put division between them. Attack him where he is unprepared, appear where you are not expected .** ”
ഈ തന്ത്രങ്ങൾ ഇവറ്റകൾ യാതൊരുളുപ്പുമില്ലാതെ പ്രയോഗിക്കും. യുദ്ധത്തിലും പ്രേമത്തിലും എന്തു ധാർമ്മികത ! ഞാൻ, ** മാർക്കിട്ട വാക്യം രണ്ടാവർത്തി വായിക്കുക. ''Sovereign'', ''Subject''എന്നീ
ഭാഷാപ്രയോഗങ്ങൾ ഞാൻ മായിച്ചു കളയുന്നു, പകരം രണ്ടുസംജ്ഞകൾ എഴുതി ചേർക്കുന്നു ഒന്ന്, "തേലക്കാട്ടച്ചൻ & മനത്തോടത്ത് ബിഷപ്പ് ''; രണ്ട്, "ഈ രൂപതയിലെ വൈദികരും അത്മേനികളും" അപ്പോൾ ആധുനിക Suntzu വിന്റെ യുദ്ധോപായം എന്താണ്?
ഇവർക്കിടയിൽ വലിയ ഡിവിഷൻ, റിഫ്റ്റ്...ഉണ്ടാക്കുക. പിന്നെ, കാര്യങ്ങൾ, കുറുക്കൻമാർക്ക് എളുപ്പമായി.

ഇത് നാം അനുവദിച്ചുകൂടാ. നമുക്കൊരുമിച്ചു നിന്ന്, ശത്രുവിനെ, ശത്രുവിന്റെ തന്ത്രം തിരിച്ചുപയോഗിച്ചു തന്നെ തുരത്താം, ഒന്നോർക്കുക, സത്യം, നമ്മുടെ തന്നെ ദൈവജനത്തെ അറിയിച്ച് അവരെ ബോധവാരാക്കുന്നതിൽ,നാമേറെ പിന്നിലായി പോയിട്ടുണ്ടിപ്പോൾ തന്നെ. ചിന്തിക്കുക! പ്രവർത്തിക്കുക! വിജയിക്കുക!

Saturday, March 23, 2019

''ദൈവദത്തമായ അവകാശങ്ങള്‍ നിഷേധിക്കുന്ന അധികാരികളെ ചോദ്യംചെയ്ത് മുന്നേറുക'' - റവ. ഡോ. വത്സന്‍ തമ്പു

ഫെബ്രുവരി മാസത്തെ ചര്‍ച്ചാവിഷയം 'പ്രതിരോധത്തിന്റെ ആത്മീയത' എന്നതായിരുന്നു. ഫെബ്രു.23-നു നടന്ന ചര്‍ച്ചാസമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ചത്, ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലും ദേശീയ ന്യൂനപക്ഷകമ്മീഷന്‍ മുന്‍അംഗവും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ അഭിഷിക്തപുരോഹിതനുമായ ഡോ. വല്‍സന്‍ തമ്പു ആയിരുന്നു.
പ്രൊഫ. പി.സി. ദേവസ്യായുടെ ഉപക്രമത്തിനും സെക്രട്ടറി ഷാജു ജോസിന്റെ റിപ്പോര്‍ട്ടിനുംശേഷം ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ ഡോ. വല്‍സന്‍ തമ്പുവിനെയും സദസ്യരെയും സ്വാഗതം ചെയ്തു. അതിനുശേഷം ഡോ. വല്‍സന്‍ തമ്പു യേശുവചനങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട്, സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ യേശുവിന്റെ മാര്‍ഗം പ്രതിരോധത്തിന്റെ ആത്മീയതതന്നെ ആയിരുന്നുവെന്നും, ആ വഴിയിലൂടെ സഭാംഗങ്ങള്‍ സഞ്ചരിക്കാന്‍ തയ്യാറായാലേ സമഗ്രവിമോചനമെന്ന യേശുവിന്റെ സ്വപ്നം നമുക്ക് സാക്ഷാത്കരിക്കാന്‍ സാധിക്കൂ എന്നും വ്യക്തമാക്കി.
നിയമത്തിലെ കനപ്പെട്ട കാര്യങ്ങളായ നീതി, കരുണ, വിശ്വാസം എന്നിവയെ അവഗണിച്ചിരുന്ന അക്കാലത്തെ പുരോഹിതരെയും ഫരിസേയരെയും യേശു കപടഭക്തരേ എന്നു വിളിക്കുകയും, അവരോട് പൊറുക്കാന്‍ ദൈവത്തിനുപോലും സാധിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 'മരിച്ചവര്‍ അവരുടെ മരിച്ചവരെ അടക്കട്ടെ' എന്ന യേശുവചനം അക്കാലത്തെ മനുഷ്യര്‍ ജീവിച്ചിരുന്നത് ആത്മചൈതന്യം തീരെയില്ലാതെ മരിച്ചവരെപ്പോലെ ആയിരുന്നു എന്നു ധ്വനിപ്പിക്കുന്നതാണ്. അവരെ അങ്ങനെയാക്കിയ പുരോഹിതവര്‍ഗം അധികാരിവേഷം ധരിച്ച് ജനങ്ങളെ അടിമകളാക്കുന്ന ഒരു കപടനാടകത്തിലെ കഥാപാത്രങ്ങള്‍ മാത്രമാണെന്നു തിരിച്ചറിഞ്ഞ യേശു എന്തു ചെയ്‌തോ, അതുതന്നെയാണ് ക്രിസ്ത്യാനികളാകാന്‍ നാമും ചെയ്യേണ്ടത്.
നാടകത്തിലെ അഭിനേതാക്കളെ നമ്മുടെ ജീവിതത്തെത്തന്നെ നിയന്ത്രിക്കുന്ന അധികാരികളായി തെറ്റിദ്ധരിക്കുന്നതാണ് ഇന്നു നമുക്കു സംഭവിച്ചിരിക്കുന്ന വലിയ തെറ്റ്. നമ്മുടെ ദൈവദത്തമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ആ അധികാരികളെ നാം അനുസരിക്കുകയല്ല ചോദ്യംചെയ്യുകയാണു വേണ്ടത്. ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്താനും അവരുടെ ചെയ്തികളെ വിമര്‍ശിക്കാനും ജനങ്ങള്‍ ധൈര്യംനേടുമ്പോഴേ പ്രതിരോധത്തിന്റെ ആത്മീയത വളരൂ. യേശു ചെയ്തത്, അന്നത്തെ സിനഗോഗുകളെന്ന നാടകവേദിയിലുണ്ടായിരുന്നവരോട് നിങ്ങള്‍ നാടകം കളിക്കുകമാത്രമാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു നിങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും ജനങ്ങള്‍ക്കു മനസ്സിലായെന്നും അവരുടെ നേരെനോക്കി തുറന്നു പറയുകയായിരുന്നു.
ഇക്കാലത്തും പുരോഹിതവര്‍ഗത്തിന്റെ വേഷഭൂഷാദികള്‍ അദ്ധ്വാനിക്കാതെ ജീവിക്കുന്നവരുടേതാണ്.  അവര്‍ നമ്മുടെ മുന്നിലുള്ള ഒരു നാടകവേദിയിലെ നടന്മാര്‍ മാത്രമാണ്. അവര്‍ക്ക് ചില പ്രത്യേക പരിവേഷങ്ങള്‍ ദൈവം കല്പിച്ചു നല്കിയിട്ടുണ്ടെന്നു നമ്മെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, അപ്പോസ്തലികപിന്തുടര്‍ച്ചയും ആത്മീയാഭിഷേകവും കിട്ടിയിട്ടുണ്ടെന്ന അവകാശവാദങ്ങളുറപ്പിക്കാന്‍  അഭിവന്ദ്യ, മാര്‍, പരിശുദ്ധ എന്നിങ്ങനെയുള്ള വിശേഷണങ്ങളും  അവരുടെതന്നെ നിര്‍ദ്ദേശമനുസരിച്ച് നാം അവരെ അണിയിക്കുകയാണ്. അവര്‍ക്കു നല്കുന്ന ആ വിശേഷണങ്ങളും സംഭാവനകളും സാധാരണവിശ്വാസികള്‍ ഒഴിവാക്കിയാല്‍ത്തന്നെ അവരുടെ പരിവേഷങ്ങള്‍ തകര്‍ന്നുകൊള്ളും. 'ചോദിക്കുക നിങ്ങള്‍ക്കു കിട്ടും' എന്ന യേശുവചനത്തിന്റെ അര്‍ഥതലങ്ങള്‍ ആഴത്തിലുള്‍ക്കൊണ്ട് അധികാരികളോട് ചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ച് നാം മുമ്പോട്ടുപോയാല്‍, ആത്മീയവിടുതല്‍ നേടാം. പ്രത്യാശവെടിയാതെ പ്രതിരോധത്തിലൂടെ അല്മായര്‍ ഉണര്‍ന്ന് മുന്നേറിയാല്‍ വിമോചനം സുനിശ്ചിതമാണ്. മനുഷ്യന് 'പുതിയ ആകാശവും പുതിയ ഭൂമിയും' സ്വന്തമാകും. 
ഡോ. തമ്പുവിന്റെ വിഷയാവതരണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ ‘SOS’ കോട്ടയം യൂണിറ്റ് കണ്‍വീനര്‍ വി.ഡി. ജോസ്, കടുത്തുരുത്തി, പൗരാവകാശസമിതി സെക്രട്ടറി പി.ജെ. തോമസ്, 'സമീക്ഷ' സാംസ്‌കാരിക സമിതി സെക്രട്ടറി ബഞ്ചമിന്‍ ആന്റണി, പ്രൊഫ. ഇപ്പന്‍, പ്രൊഫ. ഫിലോമിനാ ജോസഫ്, ആന്റോ മാങ്കൂട്ടം, ജോയി കളരിക്കല്‍,  പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, ഡോ. എം. കെ. മാത്യു,  ജോഷി പോള്‍, ജോര്‍ജ് മൂലേച്ചാലില്‍  മുതലായവര്‍ സജീവമായി പങ്കെടുത്തു.
തുടര്‍ന്ന് ശ്രീ. എം.പി. ജേക്കബ് മണിമലേത്ത്, പലിശ 'സത്യജ്വാല'യ്ക്കു നല്കാമെന്ന തീരുമാനത്തോടെ നിക്ഷേപിച്ചിട്ടുള്ള തുകയുടെ ഈ വര്‍ഷത്തെ പലിശയായ 10000 രൂപാ സംഭാവനചെയ്ത് വലിയൊരു മാതൃക 'സത്യജ്വാല'യുടെ അഭ്യുദയകാംക്ഷികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.
2.30 - ന് ആരംഭിച്ച പരിപാടി റവ. ഡോ. വത്സന്‍ തമ്പുവിന്റെ മറുപടി പ്രസംഗത്തോടുകൂടി 6 മണിക്കു പര്യവസാനിച്ചു.
ഷാജൂ ജോസ് തറപ്പേല്‍ (9446540448) സെക്രട്ടറി, KCRM

Thursday, March 21, 2019

KCRMNA പതിനഞ്ചാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്


 
ചാക്കോ കളരിക്കൽ

(ജനറൽ കോർഡിനേറ്റർ)

കെസിആർഎം നോർത് അമേരിക്ക മാർച്ച് 13, 2019 ബുധനാഴ്ച്ച നടത്തിയ പതിനഞ്ചാമത് ടെലികോൺഫെറൻസിൻറെ വിശദമായ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടര മണിക്കൂർ നീണ്ടുനിന്ന ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തു. എഴുപത്തിയഞ്ചിൽപരം ആൾക്കാർ അതിൽ പങ്കെടുത്തു. സിസ്റ്റർ ലൂസി കളപ്പുര, എഫ് സി സി "കേരളത്തിലെ കന്ന്യാസ്ത്രി ജീവിതം" എന്ന വിഷയം അവതരിപ്പിച്ചു.

കെസിആർഎം നോർത് അമേരിക്കയുടെ പതിനഞ്ചാമത് ടെലികോൺഫെറെൻസിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കാനുള്ള അവസരം ലഭിച്ചതിലുള്ള സന്തോഷവും കൂടാതെ നന്ദിയും രേഖപ്പെടുത്തിക്കൊണ്ടാണ് ലൂസി സിസ്റ്റർ തൻറെ അവതരണപ്രഭാഷണം ആരംഭിച്ചത്. നീണ്ട മുപ്പത്തിമൂന്നുവർഷം ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്ന്യാസിനീസമൂഹത്തിലെ അംഗമായ സിസ്റ്റർ ലൂസി ഇന്ന് നിലനിൽക്കുന്ന സന്ന്യാസസമൂഹത്തിലേയ്ക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്ന കലാപരിപാടി  എന്ന വിഷയമാണ് ആദ്യമെ വിശകലനം ചെയ്തത്. പെൺകുട്ടികൾക്ക് പതിനഞ്ച് വയസ് ആകുന്നതിനുമുമ്പുതന്നെ അവരെ സ്വാധീനിച്ച് കന്ന്യാസ്ത്രീകളുടെകൂടെ ആക്കിയെടുക്കാനുള്ള ചില തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടാണ് വർഷങ്ങളായി കുട്ടികളെ സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. പരസ്യങ്ങളിൽക്കൂടെയും വ്യക്തിപരമായ സ്വാധീനത്തിൽക്കൂടെയും വലിയ ആശ്രമങ്ങളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചുകൊണ്ടും ഏറ്റവും നല്ല മുഖവുരയാണ് ആ കുട്ടികൾക്ക് നൽകുന്നത്. കൂടാതെ, നല്ല വാഗ്‌ദാനങ്ങൾ നൽകി ചെറുപ്രായത്തിലുള്ള കുട്ടികളെ സ്വാധീനിക്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടന്നുകൊണ്ടിരിക്കുന്ന ആ റിക്രൂട്ടുമെൻറ് രീതിയെ നാം മാറ്റിയെടുക്കേണ്ടതുണ്ട്.

ഇരുപത്തൊന്നുവയസ് പൂർത്തിയായ വ്യക്തികളെ മാത്രമേ സന്ന്യാസാശ്രമങ്ങളിലേയ്‌ക്കോ സെമിനാരികളിലേയ്‌ക്കോ സ്വീകരിക്കാവൂ എന്നാണ് ലൂസി സിസ്റ്റർ അടിവരയിട്ട് പറയുന്നത്. നല്ല ദൈവവിളികൾ ഉണ്ടാകണമെങ്കിൽ അത്തരത്തിലുള്ള ഒരു സമീപനം ആവശ്യമാണ്. ഇന്ന് നിലവിൽ മൂന്നുവർഷത്തെ  പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. പതിനഞ്ചുവയസുള്ള കുട്ടികൾക്ക് ധൃതിപിടിച്ച് മൂന്നുവർഷത്തെ പരിശീലനംകൊടുത്ത് പതിനെട്ടാം വയസിൽ വ്രതങ്ങൾ ചെയ്യിപ്പിച്ച് കന്ന്യാസ്ത്രികളാക്കുന്ന സമ്പ്രദായം മാറ്റിയേ തീരൂ. കാരണം, അതോടെ ആ കുട്ടികളുടെ സർവവിധ സ്വാതന്ത്യങ്ങളെയും  അടിയറവുവെച്ചുകൊണ്ടാണ് വ്രതവാഗ്‌ദാനം നടത്തുന്നത്. ആ ചെറുപ്രായത്തിൽ വേഷംമാറി, പേരുമാറി വലിയ ആഘോഷപരിപാടികളോടെയാണ്  അതുചെയ്യുന്നത്. ആ ഇളംപ്രായത്തിൽ, വ്രതത്രയങ്ങൾ പൂർണ അറിവോടും വിവേകത്തോടുംകൂടി എടുക്കാൻ കുട്ടികൾ പ്രാപ്‌തരാകുന്നില്ലെന്നുള്ളതാണ് പരമാർത്ഥം. സ്വതന്ത്രമനസ്സോടെയാണ് വ്രതങ്ങൾ എടുക്കുന്നത് എന്നുപറയുമ്പോഴും ഭൂരിഭാഗം കുട്ടികൾക്കും വ്യക്തതയോ കാര്യത്തിൻറെ ഗൗരവം നനസ്സിലാക്കാനുള്ള കഴിവോ രൂപപ്പെടുന്നില്ല എന്നതാണ് വസ്‌തുത.  എന്നാൽ ആ വ്രതം എടുക്കുന്നതോടെ ആ കുട്ടിയെ സമൂഹത്തിൽനിന്നും ഫലപ്രദമായി അടർത്തിമാറ്റപ്പെടുകയും ചെയ്യുന്നു. വ്രതങ്ങൾ-ദാരിദ്ര്യം,അനുസരണം, കന്ന്യകാത്വം-സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും പൂർണതയിലേയ്ക്ക് എത്താനുള്ള മാർഗമായാണ് മൂന്നുവർഷംകൊണ്ട് സഭ പഠിപ്പിക്കുന്നത്. പക്ഷെ സംഭവിക്കുന്നത്, നമ്മുടെ എല്ലാ മനുഷ്യാവകാശങ്ങളെയും ഈ വ്രതവാഗ്‌ദാനത്തിലൂടെ സഭയിൽ അന്യമാക്കുകയാണ് ചെയ്യുന്നത്. ദൈവത്തിൻറെ ഇഷ്ടത്തിനാണെന്ന് പറഞ്ഞുകൊണ്ട് പരിശീലനം ഒരു കുഴലിൽകൂടെ കടത്തിവിടുന്നതുപോലെയാണ്. അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുകൊണ്ട്, നട്ടെല്ലോടെ ഒരഭിപ്രായം പറയാൻ സാധിക്കാത്ത സാഹചര്യങ്ങൾകൊണ്ട്, മാനസികവേദനകൾ അനുഭവിക്കുന്ന അനേകം കന്ന്യാസ്ത്രികൾ ഇന്ന് കേരളത്തിൽ ഉണ്ട്. വ്രതത്രയങ്ങളെ മറ്റൊരു രീതിയിൽകണ്ട് അടിച്ചമത്തലിൻറെ അടിമത്തത്തിലേയ്ക്ക് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ വ്രതങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തിൻറെ അതൃത്തികളിലേയ്ക്കുവരെ നന്മചെയ്യാനുള്ള സ്വാതന്ത്യമാണ്. എന്നാൽ കേരളത്തിലെ ക്രൈസ്തവ സന്ന്യാസിനീസമൂഹങ്ങളുടെ സാഹചര്യത്തിൽ വ്രതങ്ങളെ നെഗറ്റീവ്ആയി മാത്രമാണ് കാണുന്നത്. അനുസരണത്തിൻറെ പേരിലുംമറ്റും മാനസികമായി നീറിനീറി ജീവിക്കുന്ന അനേകം കന്ന്യാസ്ത്രികൾ സഭയിലുണ്ട്. അങ്ങനെ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ധാരാളം സിസ്റ്റേഴ്സ് തീരാരോഗങ്ങൾക്ക് അടിമകളായിതീരാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യവസ്ഥാപിത ചുറ്റുപാടിലാണ് സന്ന്യാസസഭകൾ ഇന്ന് കടന്നുപോയികൊണ്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ,  സ്വാതന്ത്ര്യത്തെ വിളംബരം ചെയ്യേണ്ട വ്രതങ്ങൾ അടിച്ചമർത്തലിൻറെയും മനുഷ്യാവകാശ ലംഘനത്തിൻറെയും ഉപാധിയായിട്ടാണ് സിസ്റ്റർ ലൂസിയുടെ ജീവിതാനുഭവത്തിൽനിന്നും അനുമാനിക്കാൻ സാധിക്കുന്നത്.

മറ്റൊരുകാര്യം, പൗരോഹിത്യമേധാവിത്വം കന്ന്യാസ്ത്രികളെ അടിമത്തത്തിലേയ്ക്ക് കൊണ്ടുപോകുന്നുണ്ട്. ഞങ്ങൾ അടിമകളായി ഇരുന്നുകൊള്ളാം എന്നാണ്  സന്ന്യാസിനീസഭാസമൂഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ ജീവിതവും അതാണ് വെളിപ്പെടുത്തുന്നത്. സന്ന്യാസിനീസമൂഹത്തിൻറെ മേജർ സുപ്പീരിയേഴ്സിൻറെ മെത്രാന്മാരുമായുള്ള മീറ്റിംഗുകളിൽപോലും ഞങ്ങൾക്ക് പൗരോഹിത്യ അടിമത്വമില്ല, ഞങ്ങൾ സ്വതന്ത്രരാണ് എന്നാണ് പരസ്യമായി പ്രസ്താവിക്കുന്നത്. മറിച്ചുള്ള മാധ്യമവിചാരണകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ തികച്ചും തെറ്റും പരാജയവുമാണെന്നാണ് മേജർ സുപ്പീരിയർമാർതന്നെ നിഗമനത്തിലെത്തിയിരിക്കുന്നത്. അപ്പോൾ സന്ന്യാസിനികളുടെ അധികാരികൾ ഇന്നും യാഥാത്ഥ്യങ്ങളെ ഉൾകൊള്ളാൻ കൂട്ടാക്കാതെ പൗരോഹിത്യമേധാവിത്വത്തിന് ഇരകളായി ഇരുന്നുകൊള്ളാമെന്ന നിലപാടിലാണെന്നാണ് നാം അനുമാനിക്കണ്ടത്.

 പൗരോഹിത്യമേധാവിത്വം എങ്ങനെയാണ് കന്ന്യാസ്‌ത്രീജീവിതത്തിൽ അനുഭവപ്പെടുക എന്നുള്ളത് ഈ വിഷയത്തെ സംബന്ധിച്ച് വിശകലനം ചെയ്യുമ്പോൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. കന്ന്യാസ്ത്രികൾ ഇടവകകളിൽ സേവനം ചയ്യുമ്പോൾ വികാരിയച്ചൻറെ ഇഷ്ടപ്രകാരം മാത്രം ചെയ്യുക. ഒരു കന്ന്യാസ്ത്രിയുടെ അഭിപ്രായം, അത്  സത്യസന്ധവും സാഹചര്യത്തിന് ഗുണപ്രദമായതാണെങ്കിൽപോലും  സ്വീകാര്യത ലഭിക്കുകയില്ല. പിന്നീടവിടെ വഴക്കായി, പിണക്കമായി, കന്ന്യാസ്‌ത്രിയെ മോശക്കാരിയായി ചിത്രീകരിക്കുകയായി. ഒരു ഇടവകയിൽനിന്നും അവിടത്തെ വൈദികൻറെ നടപടികാരണം ജീവനോടെ ഓടിപ്പോകേണ്ടിവന്ന അനുഭവവും സിസ്റ്റർ പങ്കുവെയ്ക്കുകയുണ്ടായി.

പൗരോഹിത്യമേധാവിത്വത്തിൻറെ വേറൊരുവശമാണ് ലൈംഗികചൂഷണത്തിലേയ്ക്ക് കന്ന്യാസ്ത്രികളെ കൊണ്ടുപോകുന്ന അവസ്ഥ. അത് ധാരാളം സംഭവിക്കുന്നുണ്ട്. ഏത് കന്ന്യാസ്ത്രി കണ്ണടച്ചുപറഞ്ഞാലും ഏത് സുപ്പീരിയർ കണ്ണടച്ചുപറഞ്ഞാലും അവരൊക്കെ ലൈംഗികചൂഷണത്തിന് അടിമപ്പെട്ടിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. സ്ത്രീയ്ക്കും പുരുഷനും ലൈംഗികത ദൈവം കോടുത്തിട്ടുണ്ട്. അത് പൗരോഹിത്യം ഏറ്റെടുക്കുന്ന ദിവസമോ വ്രതവാഗ്‌ദാനം നടത്തുന്ന ദിവസമോ ശരീരത്തിൽനിന്നും മുറിച്ചുമാറ്റപ്പെടുന്നില്ല. ലൈംഗികത എന്ന പുണ്ണ്യത്തിൽനിന്നും കിട്ടുന്ന സ്നേഹോർജം ശരീരത്തിൽ ഉള്ളിടത്തോളംകാലം, പ്രത്യേകിച്ച് ചെറുപ്രായത്തിൽ, ആരെങ്കിലും പ്രലോഭിപ്പിച്ചിട്ടുണ്ടെങ്കിൽ വീണുപോകാൻ ഏറെ സാധ്യതകൾ ഉണ്ട്. പ്രായവ്യത്യാസമില്ലാതെ വൈദികർക്ക് ലൈംഗിക അടിമകളാകുന്ന ധാരാളം കന്ന്യാസ്ത്രികളുണ്ട്. അതിനുള്ള സാഹചര്യങ്ങളും ധാരാളമുണ്ട്. ശരിക്കും തെറ്റായ രീതിയിൽ ജീവിക്കുന്നവർ ധാരാളമുണ്ട്. അത് വലിയ ഒരു ചൂഷണം തന്നെയാണ്. ഇത്തരം കാര്യങ്ങൾ ആർക്കും ആരോടും പറയാൻ സാധിക്കുകയില്ല. അധികാരികളോടു പറഞ്ഞാൽ അത് പറയുന്ന സിസ്റ്ററിൻറെ  കുറ്റമാണെന്നു പറയുന്നതുകൂടാതെ അവർക്ക് ചീത്തപ്പേര് ഉണ്ടാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ കന്ന്യാസ്ത്രികളെ ക്രൂശിച്ചിട്ട് വൈദികരെ ശുദ്ധരാക്കും. കന്ന്യാസ്ത്രികളുടെ ഇത്തരം കാഴ്ചപ്പാട് തിരുത്തണം, തിരുത്തിയേ പറ്റൂ. പതിനഞ്ചു വയസുള്ള പാവപ്പെട്ട പെങ്കൊച്ചുങ്ങളെ കുടുംബത്തിൽനിന്നും തട്ടിപ്പറിച്ചുകൊണ്ടുവന്നിട്ട്‌ ഇങ്ങനെയുള്ള ഒരു ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുക്കുന്നത് എന്തുകൊണ്ട്? പ്രായമാകുമ്പോൾ മാതാപിതാക്കൾ അവരുടെ പെൺമക്കളെ കെട്ടിച്ചുവിട്ടുകൊള്ളുമല്ലോ. ലൈംഗിക ചൂഷണം ധാരാളം നടക്കുന്നുണ്ട്. എന്നാൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നുമാത്രം. കന്ന്യാസ്ത്രികൾ അവർക്ക് സംഭവിച്ചിട്ടുള്ള ലൈംഗിക ചൂഷണത്തെപ്പറ്റി തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഈ ദുരന്തത്തിന് ഒരു ശമനം ഉണ്ടാകുമായിരുന്നു. ലൈംഗിക ചൂഷണത്തിന് പരിഹാരം കണ്ടുപിടിക്കാൻ സാധിക്കുകയില്ലെങ്കിൽ പെൺകുട്ടികളെ മഠങ്ങളിലേയ്ക്ക് കൊണ്ടുവരാതിരിക്കുക. സമകാലിക സംഭവങ്ങൾ ലൂസി സിസ്റ്ററിന് ലൈംഗിക ചൂഷണത്തെപ്പറ്റി സംസാരിക്കാൻ ഒരവസരം തുറന്നുകിട്ടി. അതിൽ സിസ്റ്റർ സന്തോഷവതിയാണ്.

വ്രതത്രയങ്ങളിലെ അനുസരണമാണ് എപ്പോഴും മുഴച്ചുകാണുന്നത്. എന്തുപറഞ്ഞാലും അനുസരിച്ചോളുക. അനുസരണത്തിൻറെ പേരിൽ നന്മചെയ്യാൻപോലും അനുവാദം കിട്ടാത്ത ദയനീയ സാഹചര്യങ്ങളിൽകൂടി ലൂസിസിസ്റ്റർ കടന്നുപോയിട്ടുണ്ട്. യേശുക്രിസ്തുവിൻറെ പഠനങ്ങൾ പാവപ്പെട്ട മനുഷ്യരിലേയ്‌ക്ക്‌ എത്തിക്കാൻ 'അനുവാദം' 'അനുവാദം' എന്ന പ്രക്രിയമൂലം തടഞ്ഞുവെയ്‌ക്കുന്ന ഒന്നായിരിക്കരുത് അനുസരണം എന്ന വ്രതം. ഈ അനുസരണം എന്ന വ്രതം കാരണം സന്ന്യാസഭവങ്ങളിൽപോലും നന്മചെയ്യാനുള്ള സാഹചര്യങ്ങൾ നിഷേധിക്കപ്പെടുന്നകാര്യം വളരെ വേദനയോടെയാണ് ലൂസി സിസ്റ്റർ പങ്കുവെച്ചത്.

മാറ്റപ്പെടേണ്ട പല പാരമ്പര്യങ്ങളും ഇന്നും സന്ന്യാസിനീസമൂഹങ്ങളിൽ നിലനിക്കുന്നുണ്ട്. ലൂസി സിസ്റ്റർ ആയിരിക്കുന്ന ഫ്രാൻസിസ്കൻ ക്ലാരിസ്റ് സഭയിൽ കന്ന്യാസ്ത്രികൾക്ക് പോക്കറ്റ്മണിപോലും നൽകുകയില്ല. എവിടെനിന്ന് പൈസകിട്ടിയാലും അത് മഠത്തിൽ കൊടുക്കണം. എന്നാൽ പല സിസ്റ്റേഴ്സും വളഞ്ഞരീതിയിൽ എന്നുവെച്ചാൽ കള്ളത്തരത്തിൽ പൈസ സൂക്ഷിക്കുന്നുണ്ട്. സത്യസന്ധമായി ജീവിക്കുന്ന കന്ന്യാസ്ത്രികൾക്കാണ് ഇത്തരം കാലഹരണപ്പെട്ട പാരമ്പര്യങ്ങൾകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഒരു ആയിരം രൂപ ഒരാൾക്ക് പോക്കറ്റ് മണിയായി നൽകിയാൽ അവർ അതുംകൊണ്ട് പോകുകയില്ലല്ലോ. തന്നെയുമല്ല, കന്ന്യാസ്ത്രികളുടെ ഇടയിലെ തെറ്റായ പ്രവണതയെ ഇല്ലാതാക്കുവാനും സാധിക്കും. മാനുഷിക പരിഗണനപോലും ഇക്കാര്യത്തിൽ സഭാമേലാളന്മാർ നൽകാതിരുക്കുന്നതിനെ ഒരുവിധത്തിലും ന്യായീകരിക്കാൻ സാധിക്കുകയില്ല. മാറ്റപ്പെടേണ്ട പാരമ്പര്യങ്ങൾ മാറ്റപ്പെടുകതന്നെ വേണം.

ഇന്ന് ഒരു കുടുംബത്തിൽ രണ്ടോ മൂന്നോ കുട്ടികളെ ഉള്ളൂ. ഒരു സന്ന്യാസിനിയുടെ സഹോദരൻറെയോ അനുജത്തിയുടെയോ വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. അത് എത്രയോ മനുഷത്വരഹിതമായ നിലപാടാണ്! അതേസമയം പട്ടംകൊടുക്കൽ ശുശ്രൂഷയാണെങ്കിൽ എവിടെയാണെങ്കിലും പോയി സംബന്ധിക്കാം. എന്തു സമ്മാനം വേണമെങ്കിലും കൊടുക്കാം. എത്ര ദിവസം മുമ്പുവേണമെങ്കിലും പോകാം. പൗരോഹിത്യം എന്ന കൂദാശയേക്കാൾ വളരെ വളരെ ശ്റേഷ്ഠമായ ഒരു കൂദാശയാണ് വിവാഹമെന്ന കൂദാശ. എന്നാൽ രണ്ടിനേയും രണ്ട് കാഴ്ചപ്പാടിൽ കാണുന്നതാണ് ഈ വിഷയത്തിലെ ദുരന്തം. വിവാഹജീവിതം നയിച്ച്‌ ഒരു കുടുംബത്തിൻറെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത്, ദൈവം നേരിട്ട് ആവശ്യപ്പെട്ട സൃഷ്ടികർമ്മത്തിൽ പങ്കെടുത്ത്, നല്ല ഒരു തലമുറയെ വാർത്തെടുക്കുന്ന എല്ലാവർക്കും ലൂസി സിസ്റ്റർ ഹൃദ്യമായ അഭിവാദനങ്ങൾ അർപ്പിക്കുകയും ചെയ്തു. വളരെ ശ്റേഷ്ഠമായ ഒരു ദൗത്യമാണ് കുടുംബജീവിതം നയിക്കുന്നവർ ഏറ്റെടുത്ത് പൂർത്തിയാക്കുന്നത്. എന്നിരുന്നാലും വിവാഹത്തെ മോശമായി കണ്ടുകൊണ്ട്, സന്ന്യാസിനികൾക്ക് പങ്കെടുക്കാൻ പറ്റാത്ത ഒന്നായി മാറ്റിക്കൊണ്ട്, പൗരോഹിത്യത്തിന് അതിപ്രാധാന്യം കല്പിച്ചുക്കൊണ്ട് മുദ്രകുത്തികൊടുക്കുന്നത് ശരിയല്ല. നമ്മളെല്ലാവരും പൊതുപൗരോഹിത്യത്തിൽ പങ്കുചേരുന്നവരാണ്. അതുവഴി കുടുംബജീവിതം നയിക്കുന്നവരും പൗരോഹിത്യ ധർമമാണ് നിർവഹിക്കുന്നത്. ചില സന്ന്യാസിനീസമൂഹങ്ങളിൽ ഇത്തരം കാഴ്ചപ്പാടുകളിൽ കുറെയൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്ന്യാസിനീസഭ ഈ വൈകിയ വേളയിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറല്ല.  ഒഴുക്കിനെതിരായി നീന്തി പുതിയ ഊർജം സംഭരിക്കാനുള്ള ധീരമായ തീരുമാനങ്ങൾ സഭാതലങ്ങളിലില്ല. ഇന്ന് എഫ് സി സിയിൽ നിലനിൽകുന്നതെന്തോ അത് തുടരാനാണ് സഭയുടെ തലപ്പത്തിരിക്കുന്നവരുടെ തീരുമാനം.

 സന്ന്യാസം ഇന്ന് അടിമത്വത്തിൻറെ ഒരു മേഖലയിൽകൂടിയാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്. അതൊരു അജ്ഞതയാണ്; ഇരുട്ടാണ്. സന്ന്യാസജീവിതം അടിമത്വമല്ല; സ്വാതന്ത്ര്യമാണ്. കുടുംബജീവിതത്തെപ്പോലും ഉപേക്ഷിച്ച് സ്വതന്ത്രരായി പാറിപറക്കേണ്ട സന്ന്യാസജീവിതത്തെയാണ് അനുസരണം എന്ന വ്രതത്തിൻറെപേരിൽ സർവ സ്വാതന്ത്ര്യത്തെയും അധികാരികളുടെ കാൽച്ചുവട്ടിൽ ദക്ഷിണവെയ്‌ക്കേണ്ടത്. യേശുക്രിസ്തുവിൻറെ പഠനങ്ങളെ അടിസ്ഥാനമാക്കി ജീവിക്കാൻ നോക്കിയാൽ ആ ജീവിതം ഒരു പരാജയമായിട്ട് സഭാധികാരം മുദ്രകുത്തും. നല്ല ആശയങ്ങളെ അവതരിപ്പിക്കുന്നവരെ സഭാവിരോധികളായി കാണും. ചില പ്രത്യേക സാഹചര്യങ്ങൾകൊണ്ട് ധാരാളം കന്ന്യാസ്‌ത്രികൾ സഭവിട്ട് പോയിട്ടുണ്ട്. അവരിലധികംപേരും സഭവിടേണ്ടിവന്നത് പലവിധ മാനസീക പീഡനങ്ങൾകൊണ്ടാണ്. അവരുടെ ഭാഗം കേൾക്കാൻ ആരുമില്ല; സത്യം കേൾക്കാൻ ആരുമില്ല. ഇത്തരത്തിലുള്ള നിലവിളികളോടെയാണ് അവരൊക്കെ കടന്നുപോയത്. അവരുടെ സന്ന്യാസവ്യക്തിത്വത്തെ ഉൾക്കൊള്ളാൻ സഭാനേതൃത്വത്തിന് സാധിക്കുന്നില്ല. "നീയൊക്കെ ഇവിടെനിന്നൊന്ന് പോയിത്താടീ" യെന്നുപറഞ്ഞ് മേലധികാരിയുടെ വഴക്കുകേൾക്കാൻ ഇടയായ പാവപ്പെട്ട വീട്ടിലെ ഒരു സിസ്റ്റർ മനോവേദനയോടെ സഭയുടെ പടിയിറങ്ങേണ്ടിവന്നു. യാത്രയ്ക്കുള്ള പൈസയല്ലാതെ മറ്റ് യാതൊരുവക സാമ്പത്തികസഹായവും നൽകാതെ സഭവിടേണ്ടിവന്ന ആ കൊച്ചുകന്ന്യാസ്ത്രിയിടെ കദനകഥയും ലൂസിസിസ്റ്റർ എല്ലാവരുമായി പങ്കുവെച്ചു.

ഒരു പ്രത്യേക കാലഘട്ടത്തിൽ, ദാരിദ്ര്യത്തിൻറെ മേഖലയിൽനിന്നും, മാതാപിതാക്കൾ തള്ളിവിട്ടവരോ മാതാപിതാക്കൾക്ക് എനിക്കുവേണ്ടി ഒന്നുംചെയ്യാൻ സാമ്പത്തികമായി കഴിവില്ല എന്ന ചിന്താഗതികൊണ്ടോ മഠത്തിൽനിന്നുള്ള മോഹനവാഗ്‌ദാനങ്ങളിൽ ആകൃഷ്ടരായോ  മഠങ്ങളിൽ ചേരുന്നവർ ധാരാളമുണ്ട്. സന്ന്യാസജീവിതത്തിൽ അവർ എന്നും അസംതൃപ്തരായിരിക്കും. മുഖമിടിമ്പിച്ച് മൗനികളായ ധാരാളം കന്ന്യാസ്ത്രീകൾ മഠങ്ങളിലുണ്ട്. ഇതെല്ലാം സന്ന്യാസജീവിതത്തിൻറെ ഭാഗമാണെന്നിരുന്നാലും മാറ്റേണ്ടകാര്യങ്ങൾ മാറ്റുകതന്നെവേണം. 'അരുത്' എന്ന നെഗട്ടീവ് മനോഭാവത്തെ മാറ്റി 'ചെയ്യണം' എന്ന പോസിറ്റീവ് മനോഭാവത്തെ സഭ ഉൾക്കൊള്ളണം. എങ്കിൽമാത്രമേ ഈ കന്ന്യാസ്ത്രിജീവിതത്തിന് അർത്ഥമുള്ളൂ. എല്ലാക്കാലത്തും സഭയിലും സന്ന്യാസജീവിതത്തിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എഫ്‌സിസിയിലും മാറ്റങ്ങൾ വരും എന്ന ശുഭാബ്‌ദിവിശ്വാസം ലൂസി  സിസ്റ്ററിനുണ്ട്.

ദൈവം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ, ദൈവവേലയ്ക്കായി നിയോഗിക്കപ്പെട്ടവർ എന്ന് ലോകത്തോട് വിളംബരം ചെയ്യുന്ന ഒരു വസ്ത്രമാണ് കന്ന്യാസ്ത്രിവസ്ത്രം. ഒരു കാലഘട്ടത്തിൽ അത് ആവശ്യമായിരുന്നു എന്ന് നമുക്ക് കരുതാം. എന്നാൽ ഇന്ന് കേരളത്തിൻറെ പ്രത്യേക കാലാവസ്ഥയ്ക്കും മനുഷ്യശരീരത്തിൻറെ പ്രത്യേകതകൾ അനുസരിച്ചും ഭാരതസംസ്‌കാരത്തെ ഉൾക്കൊണ്ടുകൊണ്ട് ചൂരിദാർപോലെയുള്ള ലളിതമായ ഒരു വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുന്നവർക്ക്, പ്രത്യേകിച്ച് ആരോഗ്യസമ്പന്ധമായ ആവശ്യക്കാർക്ക്,  അനുവദിക്കുക എന്ന നിലപാട് എഫ്‌സിസി മേലധികാരികൾ സ്വീകരിക്കേണ്ടതാണ്. സന്ന്യാസവൈദികർക്കും സാദാവൈദികർക്കും ഏതു വസ്ത്രം ധരിച്ചും യാത്രകളുംമറ്റും ചെയ്യാം. ഇത് സഭയുടെ ഒരു ഇരട്ടത്താപ്പ് നയമാണ്. ഇറക്കുമതിചെയ്‌ത വിദേശ സന്ന്യാസവസ്ത്രത്തെ മാറ്റേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. ഇനിയുള്ളകാലം വസ്ത്രംകൊണ്ടല്ല ജീവിതശൈലികൊണ്ടാണ് സന്ന്യസ്തരെ തിരിച്ചറിയേണ്ടത്. യേശുക്രിസ്‌തുവിൻറെ പഠനങ്ങൾ ഉൾക്കൊണ്ടുജീവിക്കുന്ന നിറമുള്ള കന്ന്യാസ്ത്രികൾ സഭയിൽ ഉണ്ടാകെട്ടെ. മാറ്റങ്ങളെ ഉൾകൊള്ളാനുള്ള വിമുഖതയാണ് ഇന്നുള്ളത്. ആ സ്ഥിതി മാറണം. പുതിയൊരു ഭാവത്തിലൂടെ സന്ന്യാസം രൂപപ്പെടണം. യേശുക്രിസ്തുവിൻറെ പഠനങ്ങളെതള്ളി  സന്ന്യാസിയായി ആശ്രമങ്ങളിൽ അധമരായി ജീവിയ്ക്കുന്നതിലും എത്രയോ മെച്ചപ്പെട്ട ജീവിതമാണ് ജാതി-മത-നിറ ഭേദമെന്യേ കുടുംബത്തിൽ നിന്നുകൊണ്ടുതന്നെ യേശുവിൻറെ പഠനങ്ങൾ ജീവിച്ചുകൊണ്ട്, സത്കൃത്യങ്ങൾ ചെയ്തുകൊണ്ട് സന്ന്യാസജീവിതം സാധ്യമാകുക. ഇരുപത്തൊന്നുവയസ് തികയാത്ത കുട്ടികളെ യാതൊരു കാരണവശാലും മഠങ്ങളിലേയ്‌ക്കോ സെമിനാരികളിലേയ്‌ക്കോ വിടരുത് എന്ന അഭ്യർത്ഥനയോടെയും സിസ്റ്ററിനെ കേട്ടുകൊണ്ടിരുന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തികൊണ്ടുമാണ്‌ 35 മിനിറ്റ് നീണ്ടുനിന്ന വിഷയാവതരണം ലൂസി സിസ്റ്റർ അവസാനിപ്പിച്ചത്.

തുടർന്നുനടന്ന ചർച്ചയിൽ എല്ലാവരും സിസ്റ്റർ ലൂസിയുടെ അഭിപ്രായത്തോട് - കുട്ടികളെ മഠങ്ങളിലേയ്ക്ക് റിക്രൂട്ടുചെയ്യുന്ന രീതി, കുട്ടികളുടെ പ്രായം, പൗരോഹിത്യമേധാവിത്വം, അനുസരണം എന്ന വ്രതത്തിൻറെ അർത്ഥം, കന്ന്യാസ്ത്രി ജീവിതത്തിലെ ദുരിതങ്ങൾ, ലൈംഗിക ചൂഷണങ്ങൾ, കന്ന്യാസ്ത്രീവസ്ത്രം, സന്ന്യാസിനീസമൂഹങ്ങളിൽ വരുത്തേണ്ട നവീകരണം, കാലഹരണപ്പെട്ട പാരമ്പര്യങ്ങൾ - നൂറുശതമാനം യോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. ബൗദ്ധിക സൂപ്പർസ്റ്റാറും സമൃദ്ധമായ അറിവും വിശകലന വൈഭവവും ദീർഘവീക്ഷണവും ആശയാവതരണമികവും ധൈര്യശാലിയും സത്യസന്ധതയും പോരുതാനുള്ള ശക്തമായ ഇച്ഛാശക്തിയുമുള്ള പ്രസന്നവതിയായ ലൂസി സിസ്റ്ററിൻറെ സൽഗുണങ്ങളെയും കഴിവുകളെയും സസന്തോഷം ആദരിച്ച് അവകാശപ്പെടുത്തേണ്ട സന്ന്യാസിനീസമൂഹം, സിസ്റ്ററിനെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാൻ വെമ്പൽ കൊള്ളുന്ന സന്ന്യാസസമൂഹം, അറിയുന്നില്ല വജ്രത്തെയാണ് അവർക്ക് നഷ്ടപ്പെടാൻ പോകുന്നതെന്ന്. കാലം വിധിയെഴുതട്ടെ.

അടുത്ത ടെലികോൺഫെറൻസ് ഏപ്രിൽ 10, 2019 ബുധനാഴ്ച്ച 9 PM (EST) നടത്തുന്നതാണ്. മുഖ്യ പ്രഭാഷക: അഡ്വ ഇന്ദുലേഖ ജോസഫ്

വിഷയം: "എന്തുകൊണ്ട് സഭാനേതൃത്വം ചർച്ചാക്ടിനെ എതിർക്കുന്നു"

തുടർന്നുള്ളചർച്ചയിൽ, ആഗസ്റ്റ് 10, 2019 ശനിയാഴ്ച ഷിക്കാഗോയിൽവെച്ച് സംഘടിപ്പിക്കുന്ന കെസിആർഎം നോർത് അമേരിക്കയുടെ ഏകദിന സെമിനാറുവിഷയവും ഉൾപ്പെടുന്നതായിരിക്കും.