Translate
Monday, July 1, 2019
ഡോ ജയിംസ് കോട്ടൂരിനെ കെസിആർഎം നോർത് അമേരിക്ക ആദരിക്കുന്നു
ചാക്കോ കളരിക്കൽ (കെസിആർഎംഎൻഎ പ്രസിഡണ്ട്)
അമേരിക്കയിൽ ഇന്ന് സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെസിആർഎം നോർത് അമേരിക്ക എന്ന ജീവകാരുണ്യ സംഘടനയുടെ (charitable organization) പ്രഥമ ദേശീയ സമ്മേളനം ഷിക്കാഗോയിൽവെച്ച് ഓഗസ്റ്റ് 10, 2019-ൽ നടത്തപ്പെടുന്നതാണ്. മോണ്ട് പ്രോസ്പെക്ടിലെ (Mount Prospect) 843 ഈസ്റ്റ് റാണ്ട് റോഡിൽ (East Rand Road) സ്ഥിതിചെയ്യുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളാണ് സമ്മേളനവേദി. ആ വേദിയിൽവെച്ച് മികച്ച പത്രപ്രവർത്തകനും നവീകരണചിന്തകനും വാഗ്മിയുമായ ഡോ ജയിംസ് കോട്ടൂരിന് പൊന്നാടയും മംഗളപത്രവും നല്‌കി ആദരിക്കാൻ കെസിആർഎം നോർത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരിക്കുന്നു.
റോമിലെ ഉർബൻ യുണിവേഴ്സിറ്റിയിൽനിന്നും (Urban University) 1964-ൽ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും 1964 സെപ്റ്റംബറിൽ റോമിലെ സെൻറെർ ഫോർ ഇൻറർനാഷനൽ സോഷ്യൽ ഇൻസ്റ്റിറ്യുഷനിൽനിന്നും സാമൂഹ്യശാസ്ത്രത്തിൽ (Sociology) ഡിപ്ലോമയും അമേരിക്കയിലെ മർക്യുറ്റ് യുണിവേഴ്സിറ്റിയിൽനിന്നും (Marquette University) 1966-ൽ ജേർണലിസത്തിൽ ബാച്ചലർ ഡിഗ്രിയും നേടിയ ഡോ കോട്ടൂർ ഒരു വർഷത്തോളം അമേരിക്കയിലെ വിവിധ മാസികകളുടെ പ്രസിദ്ധീകരണ സ്റ്റാഫിൽ ജോലിചെയ്തിട്ടുണ്ട്. 130 വർഷമായിട്ട് ചെന്നയിൽ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'ന്യൂ ലീഡർ' (New Leader) വാരികയുടെ എഡിറ്ററും പബ്ലിഷറുമായി 1967 മുതൽ 75 വരെ പ്രവർത്തിച്ചു. 1978- മുതൽ അന്താരാഷ്‌ട്ര വാരികയായ 'ഇന്ത്യൻ കറെൻറ്സ്' (Indian Currents)-ൻറെ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ഇന്ന് അദ്ദേഹം അതിലെ സ്ഥിര എഴുത്തുകാരനാണ്. കൂടാതെ, നിരവധി പ്രസിദ്ധീകരണങ്ങളിൽ നിത്യ എഴുത്തുകാരനാണ്, ശ്രീ കോട്ടൂർ.
നാലാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യചക്രവർത്തിയായിരുന്ന കോൺസ്റ്റൻറൈൻ സ്ഥാപിച്ച രാജകീയവും ശ്രേണീബദ്ധവുമായ ക്രിസ്തുമതസംഘടനയെ തച്ചുടച്ച് റോമാക്കാരാലും പുരോഹിത വരേണ്യവർഗത്താലും അടിച്ചമർത്തപ്പെട്ട യഹൂദജനതയെ
സ്നേഹം, സത്യം, നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ പഠിപ്പിച്ച മരപ്പണിക്കാരനായ സുവിശേഷത്തിലെ യേശുവിലേയ്ക്ക് തിരിയുന്ന സമൂലമാറ്റത്തിന് രാപകലില്ലാതെ തൻറെ തൂലികയെ ചലിപ്പിക്കുന്ന മികച്ച ചിന്തകനാണ്, ഡോ കോട്ടൂർ. സഭയിലെ മേലാളന്മാരുടെ രാജകീയ വേഷഭൂഷാദികളും "പരിശുദ്ധപിതാവ്" മുതൽ തുടങ്ങിയ മതനിന്ദാപരമായ അഭിസംബോധനകളും യേശുവിനെ അനുഗമിക്കുന്നവർക്ക് ഭൂഷണമല്ലായെന്നുമാത്രമല്ല അത് നിഷിദ്ധമാണെന്ന് അർത്ഥശങ്കയ്ക്കിടമില്ലാതെ അദ്ദേഹം തുറന്നടിക്കുന്നു. യേശു നമ്മെ പഠിപ്പിച്ചത്, നാമെല്ലാവരും സഹോദരീസഹോദരന്മാരാണെന്നാണ്. പുരോഹിതരും നമ്മുടെ സഹോദരർ മാത്രമണ്; അവർ നമ്മുടെ അധികാരികളല്ല. അതുകൊണ്ട് കപടതയില്ലാതെ, ഭയമില്ലാതെ പുരോഹിതവർഗത്തിൻറെ തേർവാഴ്ചയ്‌ക്കെതിരായി യേശുനാമത്തിൽ പോരാടണമെന്നാണ് ഡോ കോട്ടൂർ നിരന്തരം ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ശ്രീ കോട്ടൂർ (jameskottoor@gmail.com, കൊച്ചി) "Church Citizens Voice" (CCV) എന്ന പ്രസിദ്ധീകരണത്തിൻറെ ചീഫ് എഡിറ്റർ ആണ്. മറ്റ് രണ്ട് എഡിറ്റർമാർ ശ്രീ ജോസഫ് മറ്റപ്പള്ളിയും (jmattappally@gmail.com, കോട്ടയം), ഐസക് ഗോമസും (isaac25gomes@gmail.com, കൊൽക്കത്ത) ആണ്. CCV അഥവാ www.almayasabdam.com ഇന്ത്യയിലുള്ള പ്രമുഖ ആഗോള മതപരമായ ഇൻറർനെറ്റ് പോർട്ടൽ കൂടിയാണ്. ഈ ഇലക്ട്രോണിക് പ്രസിദ്ധീകരണത്തിൽകൂടി ആഗോള സഭയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാർത്തകളും സഭാനവീകരണവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും അനുദിനം അറിയിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള നല്ല ഇച്ഛാശക്തിയുള്ള ആളുകളെ ഒന്നിപ്പിക്കുന്ന സുപ്രധാന സംരംഭമാണ് സിസിവി ഏറ്റെടുത്തിരിക്കുന്നത് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. സിസിവിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ ഉത്തമ കാഴ്ചപ്പാടുകളെയും സ്തുത്യർഹമായ പ്രവർത്തനങ്ങളെയും കെസിആർഎം നോർത് അമേരിക്ക ആദരവോടെ അനുസ്മരിക്കുന്നതോടൊപ്പം www.almayasabdam.com എന്ന വെബ്സൈറ്റ് എല്ലാവരും സന്ദർശിക്കണമെന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തുകയും ചെയ്യുന്നു..
1971-ൽ ലക്സംബർഗിൽ (Luxembourg) വെച്ചുനടന്ന കാത്തോലിക് പ്രസ്സിൻറെ ഒൻപതാം ലോകസമ്മേളനത്തിലെ ക്ഷണിക്കപ്പെട്ട അഥിതി ആയിരുന്നു, ശ്രീ കോട്ടൂർ. കൂടാതെ, ജർമനി (Germany- 1971), ഹോഗ് കോങ്ങ് (Hong Kong- 1975), ഡബ്ലിൻ (Dublin- 2001), സെക്കൻഡറാബാദ് (Secunderabad), ന്യൂ യോർക്ക് (New York- 2012), ഷിക്കാഗോ (Chicago- 2013) തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കോൺഫെറൻസുകളിലേയ്ക്ക് ക്ഷണിക്കപ്പെടുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'കത്തോലിക്കാ സഭയിൽ സ്ത്രീപൗരോഹിത്യം' എന്ന വിഷയത്തെ സംബന്ധിച്ച് 2001-ൽ ഡബ്ലിനിൽവെച്ചു നടന്ന പ്രഥമ ആഗോള കോൺഫെറൻസിൻ സംബന്ധിച്ചതിൻറെ പരിണതഫലമായി അദ്ദേഹം എഴുതിയ പുസ്തകമാണ് "Woman Why are you Weeping". "Womb to Tomb" എന്ന വേറൊരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ കോട്ടൂർ 1934 ഓഗസ്റ്റ് 18-നു ജനിച്ചു. നാലു മക്കൾ. ഭാര്യസമേതം ഇപ്പോൾ എറണാകുളത്ത് താമസം.
Subscribe to:
Post Comments (Atom)
No comments:
Post a Comment