Translate

Sunday, July 14, 2019

കെ സി ആർ എം നോർത് അമേരിക്കയുടെ സമ്മേളനത്തിലേയ്ക്ക് സ്വാഗതം



ജോസ് കല്ലിടുക്കിൽ (ഷിക്കാഗോ)

വൈസ് പ്രസിഡൻറ്, കെസിആർഎം നോർത് അമേരിക്ക

ഓഗസ്റ്റ് 10, 2019 ശനിയാഴ്ച ഷിക്കാഗോ മലയാളി അസ്സോസിയേഷൻ ഹാളിൽവെച്ച് നടത്തപ്പെടുന്ന കേരള കാത്തോലിക് ചർച്ച് റിഫർമേഷൻ മൂവ്മെൻറ് നോർത് അമേരിക്ക (കെസിആർഎംഎൻഎ)- യുടെ മുഴുദിന സമ്മേളനത്തിലേക്ക് വടക്കെ അമേരിക്കയിലുള്ള ക്രിസ്തുമത വിശ്വാസികളേയും നവോത്ഥാന ആശയം ഉൾകൊള്ളുന്ന ഇതര സമൂഹാംഗങ്ങളേയും സംഘാടകർ സ്വാഗതം ചെയ്യുന്നു. സംഘടനയുടെ പ്രസിഡൻറ് ശ്രീ ചാക്കോ കളരിക്കൽ അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളനത്തിൽ പ്രശസ്ത ജേർണലിസ്റ്റും എഴുത്തുകാരനുമായ ഡോ. ജെയിംസ് കോട്ടൂർ, ഗ്രന്ഥകർത്താവും സഭാനവീകരണ പ്രസ്ഥാനങ്ങളുടെ സുഹൃത്തുമായ ശ്രീ അബ്രഹാം നെടുങ്ങാട്ട് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. ഈ സമ്മേളനത്തിൻറെ സവിശേഷത 'ചർച്ച് ആക്റ്റ്' ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്ന വടക്കെ അമേരിക്കയിലെ പ്രഥമ സമ്മേളനങ്ങളിൽ ഒന്നാകും എന്നതാണ്.

നിയമ പണ്ഡിതനും മലയാളികളുടെ സ്വകാര്യ അഭിമാനവുമായിരുന്ന അന്തരിച്ച മുൻ സുപ്രീം കോടതി ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ തയ്യാറാക്കി 2009-ൽ കേരളാ ഗവൺമെൻറിനു സമർപ്പിച്ച ചർച്ച് ട്രസ്റ്റ് ബിൽ നടപ്പിലാക്കുന്നതിൽ മാറി മാറി വന്ന സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായ സമീപനം സ്വീകരിച്ചിട്ടില്ല. ചർച്ച് ആക്റ്റിൻറെ അഭാവം ഒന്നുമാത്രമാണ് ഒട്ടുമിക്ക കേരള ക്രിസ്ത്യൻ സഭകളിലും നിലനിൽക്കുന്ന സഭാസ്വത്ത് തർക്കങ്ങളുടെയും വിഭാഗീതയുടെയും അടിസ്ഥാനം. പുരോഹിതർക്കിടയിലും ഒരു വിഭാഗം വിശ്വാസികൾക്കിടയിലും ഈ വിഷയത്തിൽ നിലനില്ക്കുന്ന ആശങ്കകളും സന്ദേഹങ്ങൾക്കും നിവാരണം നേടുവാനും ഈ സമ്മേളനത്തിൽ അവസരമുണ്ടാകും.

ലഞ്ചിനുശേഷം 2 pm-ന് ആരംഭിക്കുന്ന മദ്ധ്യാഹ്ന സെഷനിൽ സംഘടനാവിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. കൂടാതെ, സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സോവനീറിൻറെ പ്രകാശനകർമവും നടത്തപ്പെടും. 6 pm-ന് സമ്മേളനത്തിൻറെ സമാപനത്തെ തുടർന്ന് നടത്തപ്പെടുന്ന സൗഹൃദസമ്മേളനത്തിൽ ഷിക്കാഗോയിലെ വാനമ്പാടികളായ ശാന്തി, ശോഭ സഹോദരികളുടെ ഗാനവിരുന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. ലൂക്കോസ് പാറേട്ട് (പ്രസിഡണ്ട് കാനാ) കൺവീനറായി ടോമി മെത്തിപ്പാറ, ജോയി ഒറവണക്കളം, ജോസ് കല്ലിടുക്കിൽ, ജയിംസ് കുരീക്കാട്ടിൽ, മേരി ജോസ്, ജോർജ് തൈല, സണ്ണി ചിറയിൽ, ജോർജ് നെടുവേലിൽ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് സമ്മേളനത്തിൻറെ നടത്തിപ്പിൻറെ ചുമതല വഹിക്കുന്നത്. റെജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും.

No comments:

Post a Comment