http://www.mangalam.com/news/detail/324156-latest-news-frjose-vallikatts-face-book-post-on-church-issues.html
മതം ആത്യന്തികമായി മനുഷ്യനും സമൂഹത്തിനും നൽകുന്ന സംഭാവന പരമമായ സത്യത്തെ കുറിച്ചുള്ള ഉൾകാഴ്ചയും ഉത്തരങ്ങളും ആണ്. അതായത് സത്യത്തെ അനാവൃതമാക്കുക എന്നതാണ് ആത്മീയ വെളിപാടുകളുടെ സത്ത. മതം പ്രകൃതിശക്തികളെ ദൈവമായി കാണുകയും ഇന്നത്തെ പോലെ വ്യവസ്ഥാപിതമല്ലാതിരിക്കുകയും ചെയ്ത കാലഘട്ടങ്ങളിൽ ദാർശനികരാണ് പരമമായ യാഥാർഥ്യത്തെ സംബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുത്തിയിരുന്നത്. തേയിൽസും, പൈതഗോറസും, പർമനീദസും അരിസ്റ്റോട്ടിലും പ്ലേറ്റോയും ഒക്കെ ഇതാണ് ലോകത്തോട് പങ്കുവച്ചത്. പൗരസ്ത്യ ദേശത്തു ബുദ്ധനും, ജൈനനും, കൺഫ്യൂഷ്യസും, താവോയും ഒക്കെ വെളിപ്പെടുത്തിയതും പരമ സത്യങ്ങളായിരുന്നു.
ക്രിസ്തുവിന്റെ ദൈവിക വെളിപാടുകൾ ഇക്കൂട്ടരുടെ രീതിശാസ്ത്രം പോലെ ബൗദ്ധികവും, സൈദ്ധാന്തികവും ആയിരുന്നില്ല. അത് അതുല്യവും, അനന്യവും ആയിരുന്നു. അവൻ സിദ്ധാന്തങ്ങൾ വഴിയല്ല, ജീവിതം വഴിയാണ് സത്യത്തെ വെളിപ്പെടുത്തിയത്.
ആ വെളിപ്പെടുത്തലിന്റെ സംഘർഷാത്മകവും മൂർദ്ധന്യവുമായ (ക്ലൈമാൿറ്റിക്) മുഹൂർത്തം ഈശോയുടെ വിചാരണ വേളയിലാണ് നടക്കുന്നത്. താൻ വിചാരണ ചെയ്തു, മരണശിക്ഷ കൊടുക്കാൻ തയ്യാറായി നിൽക്കുന്ന വേളയിൽ തനിക്കുമുന്നിൽ ആത്മവിശ്വാസത്തിന്റെ തലയെടുപ്പുമായി നിൽക്കുന്ന വിചാരണ തടവുകാരനോട് ('കുറ്റവാളിയോട്') പീലാത്തോസ് ചോദിക്കുന്നു, ജീവിതത്തിന്റെ ആഴങ്ങൾ തേടുന്ന ആ ചോദ്യം. അധികാരത്തിന്റെ ഉത്തുംഗശൃംഘങ്ങളിൽ വിലസുമ്പോളും, ആഗ്രഹിക്കുന്ന അറിവുകളൊക്കെ കൈയ്യകലത്തിൽ ഉള്ളപ്പോഴും അയാൾക്ക് സംലഭ്യമാകാതിരുന്ന ഉത്തരത്തിന്റെ ചോദ്യം: എന്താണ് സത്യം? (യോഹ 18:38). സത്യമറിയാതെ ഒരു മനുഷ്യജീവന്റെ കഥാഗതി നിർണ്ണയിക്കുന്നിടത്തോളം ദുർഗതി ഒരു ന്യായാധിപന് ഉണ്ടാവില്ല!
ആശ്ചര്യമെന്തെന്നാൽ, ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ അയാൾ കാത്തു നിൽക്കുന്നില്ല. "സത്യത്തിനു സാക്ഷ്യം നൽകുകയാണ്" തന്റെ ജന്മോദ്ദേശ്യം (യോഹ 18:37) എന്ന് തടവുപുള്ളി തൊട്ടു മുന്നേ അർത്ഥശങ്കക്കിടയില്ലാത്തവണ്ണം പറഞ്ഞിരുന്നുവല്ലോ. യോഹന്നാന്റെ സുവിശേഷം, ആദ്യ അദ്ധ്യായം മുതൽ അവസാന അദ്ധ്യായം വരെ ക്രിസ്തുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെയും, സത്യത്തെക്കുറിച്ചുള്ള ഉറപ്പുള്ള ഉത്തരങ്ങളുടെയും സംഘർഷ ഭരിതമായ കഥയാണ്. സത്യത്തെ കുറിച്ചുള്ള അവിടുത്തെ രണ്ടു ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ ഉണ്ട്: യേശു തന്നെയാണ് വഴിയും സത്യവും ജീവനും (യോഹ14:6; യോഹ 1:14 ഉം കാണുക) എന്നതാണ് ഒന്ന്. രണ്ടാമത്തേത് ദൈവത്തിന്റെ വചനമാണ് സത്യം (യോഹ 17:17) എന്നതാണ്.
അതിലും ശ്രദ്ധേയമായത്, ക്രിസ്തു ശിഷ്യനാകാനുള്ള ആത്യന്തിക മാനദണ്ഡത്തെ അസന്നിഗ്ധമായി ക്രിസ്തു അവതരിപ്പിച്ചത് ഏതൊരു ക്രിസ്ത്വന്വേഷിയെയും അമ്പരപ്പിക്കുന്നതും വെല്ലുവിളിക്കുന്നതും ആണ്: "എന്റെ പഠനങ്ങൾ (ഞാൻ വെളിപ്പെടുത്തിയ സത്യം) പാലിച്ചാൽ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും" (യോഹ 8:31). പ്രിയ ക്രൈസ്തവ അനുവാചകരെ, മാമോദീസ വെള്ളം തലയിൽ വീണതിനാൽ നിങ്ങൾ ക്രിസ്ത്യാനികളായി എന്ന് കരുതിന്നിടത്തോളം ഭോഷ്ക് ഈ ലോകത്തുണ്ടാവില്ല. പ്രതീകാത്മകമായ അനുഷ്ടാനങ്ങൾ ആവശ്യമാണ് എങ്കിലും സത്യത്തിന്റെ പരിച്ഛേദനം സ്വീകരിക്കാത്തിടത്തോളം നാമമാത്ര ക്രൈസ്തവരോ, അനുഷ്ഠാന ക്രിസ്ത്യാനികളോ ആയി മാറും. നിങ്ങൾ അറിയുന്ന സത്യമാണ് (ക്രിസ്തു എന്ന സത്യം) നിങ്ങളെ സ്വതന്ത്രരാക്കാൻ പോകുന്നത് (യോഹ 8:32). നാം ദിനേന ചെയ്തു വരുന്ന അനുഷ്ഠാനങ്ങൾ നമ്മുടെ ആത്മീയ സ്വാതന്ത്ര്യം ലക്ഷ്യമാക്കിയാണല്ലോ പാലിക്കുന്നത്. സമയവും സമ്പത്തും നാം അതിനായി വ്യയം ചെയ്യുന്നു. ആ സ്വാതന്ത്ര്യം (രക്ഷ) പ്രാപിക്കാൻ പറ്റാത്തവണ്ണം ഇന്നത്തെ പൗരോഹിത്യ മേധാവിത്തം വിശ്വാസികളെ അനുഷ്ഠാനങ്ങളിൽ കുരുക്കിയിട്ടിരിക്കുകയാണ്. പരമമായ സത്യത്തിന്റെ ചെറിയ സ്വാദ് പോലും പകരാൻ അവർ പരാജയപ്പെട്ടിരിക്കുന്നു. ആ സ്വാദ് നമ്മുടെ അവകാശമാണ്, അത് കവരേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്, അതെ നമ്മുടെ മാത്രം!
"സത്യം വെളിപ്പെടുത്തിയാൽ മതം തന്നെ ഇല്ലാതാകും" എന്ന് ഏതെങ്കിലും മതാചാര്യൻ പഠിപ്പിക്കുന്നെങ്കിൽ ആ മതം നുണകളിൽ ആണ് കെട്ടിപ്പടുത്തിരിക്കുന്നതു എന്ന് അയാൾ അടിവര ഇടുകയാണ്. സത്യത്തിനു സാക്ഷ്യം വഹിക്കാൻ വന്ന, സത്യം തന്നെയായ ക്രിസ്തു സംരക്ഷിക്കാത്ത ഏതു ഘടനകളെയാണ് ഈ മതാചാര്യന്മാർ താങ്ങി നിറുത്തുന്നത്? വെളിപ്പെടുത്താതെ മറച്ചു വക്കാൻ മാത്രം എന്ത് സത്യമാണ് (നുണ) ഇവരുടെ പക്കലുള്ളത്?
പരമമായ സത്യത്തെ കുറിച്ച് കാര്യമായി വെളിപ്പെടുത്തുവാൻ ഒന്നുമില്ലാതായിരിക്കുകയോ, അതിനെ കുറിച്ച് പര്യാകുലത ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ഒരു മതത്തിന്റെ (മതവിഭാഗത്തിന്റെ) അസ്ഥിവാരം പൂർണ്ണമായി ഇളകി, ജീർണ്ണത പ്രാപിച്ചു എന്നതിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. ദൗത്യം മറന്ന മതമായി അത് അവസാനിച്ചു കഴിഞ്ഞു. തനിക്കു മുന്നിലിരിക്കുന്ന നൂറോളം വരുന്ന മത ആക്ടിവിസ്റ്റുകളെ സംതൃപ്തിപെടുത്താൻ പറയുന്ന പൊള്ളയായ ജനകീയ വാചകക്കസർത്തുകൾ ലക്ഷോപലക്ഷം വരുന്ന സാദാ വിശ്വാസികളുടെ നെഞ്ചിൽ അടിച്ചിറക്കുന്ന ആണിയാണ്. ഏതു സത്യത്തെയാണ് അവർ ഇനി വിശ്വസിക്കുക. ആത്മീയവും ഭൗതികവുമായ ഉതപ്പു ഇതിൽ പരം ഇനി ഉണ്ടാകാനുണ്ടോ?
"സത്യമെന്താണ്" എന്ന് ആത്മാർത്ഥതയില്ലാത്ത ചോദ്യമെറിഞ്ഞു, ഉത്തരം കേൾക്കാൻ കാത്തു നില്കാതെ, "ഇതാ സത്യം, നിങ്ങൾ അതിനെ ക്രൂശിക്കുക" എന്ന് നിർദാക്ഷിണ്യം കൈകഴുകിയ പീലാത്തോസിനെ പോലെ, നുണകളുടെ രാജാക്കന്മാർ, "സത്യമല്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല" എന്ന് ജനം വിശ്വസിക്കണം എന്ന് നിർബന്ധിച്ചു രക്ഷപെടുന്ന കാഴ്ച എത്ര ഭീകരവും, അനാത്മീയവും ആണ് സുഹൃത്തുക്കളെ? മതത്തിന്റെ വ്യഭിചാരം ഇവിടെ നടന്നുകഴിഞ്ഞു.
മതം തകരും എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സത്യം മറച്ചു വക്കുന്നവർ മരുഭൂമിയിലേക്ക് പോകട്ടെ. മരുഭൂമിയുടെ ചൂടും, ഏകാന്തതയും, കണ്ഠനാളത്തിലെ വരൾച്ചയും യഥാർത്ഥ സത്യത്തെ അഭിമുഖം കാണാനും, അനുഭവിക്കാനും, കൂടുതൽ ആത്മീയമായി കർമ്മ പഥത്തിലേക്ക് തിരിച്ചു വരുവാനും സാധിക്കും. അതല്ല, കുറച്ചുകൂടെ വചനാനുസൃതമായി ജീവിക്കണം എങ്കിൽ ഈശോയുടെ വാക്കുകൾ ഓർക്കുക: കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ ചാടുക (മത്താ 18:6).
ക്രൈസ്തവ പൗരോഹിത്യ വിധിപ്രകാരം വിശുദ്ധീകരിക്കപ്പെടാനുള്ള ഏക മാർഗ്ഗം സത്യത്താൽ പൊതിയപ്പെടുക എന്നതാണ്. "സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ" എന്നതായിരുന്നു ഈശോയുടെ പ്രാർത്ഥന (യോഹ 17:17). പുരോഹിത ആശീർവാദമോ, ഹന്നാൻ വെള്ളം തളിക്കലോ ഒക്കെ അത് കഴിഞ്ഞേ വരൂ. പുരോഹിതരും മതാധ്യക്ഷന്മാരും ശ്രദ്ധിക്കേണ്ട കാര്യവും അത് തന്നെ; സത്യത്താൽ ജനങ്ങളെയും ലോകത്തെയും വിശുദ്ധീകരിക്കുക. അപ്പോഴാണ് സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണത പുരോഹിതർക്കും വിശ്വാസികൾക്കും അവകാശപ്പെടാൻ ആവുക. (മത്താ 5:48).
No comments:
Post a Comment