ടോമി മെത്തിപ്പാറ
(കെസിആർഎം നോർത് അമേരിക്ക സ്വീകരണ കമ്മിറ്റി)വിശ്വാസ സംരക്ഷണത്തിനും ക്രിസ്‌തു വിഭാവനം ചെയ്‌ത മാതൃകയിൽ കത്തോലിക്കാ സഭയെ നവീകരിക്കുന്നതിനും ദൈവദാനമായി ലഭിച്ച ജീവിതം ഏതാണ്ട് പൂർണമായും സമർപ്പിക്കുകയും സാമൂഹ്യ, സാംസ്‌കാരിക മാധ്യമ മേഖലകളിൽ പ്രതിഭ തെളിയിക്കുകയും ചെയ്‌ത നാല് ഉത്കൃഷ്ട വ്യക്തിത്വങ്ങളെ കെസിആർഎം നോർത് അമേരിക്ക അതിൻറെ ഷിക്കാഗോ കോൺഫെറൻസിൽവെച്ച് ആദരിക്കുന്നു. ഓഗസ്റ്റ് 10, 2019 ശനിയാഴ്ച ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിലാണ് സമ്മേളനം നടത്തപ്പെടുന്നത്. ഡോ ജെയിംസ് കോട്ടൂർ, ജോർജ് മൂലേച്ചാലിൽ, ആനി ജേക്കബ്, എ സി ജോർജ് എന്നിവരുടെ നിസ്വാർത്ഥ സേവനമാണ് ആ സമ്മേളനത്തിൽ ആദരിക്കപ്പെടുന്നത്.
അര മൂറ്റാണ്ടിനുമേൽ പത്രപ്രവർത്തന രംഗത്ത് നൽകിയിട്ടുള്ള സ്‌തുത്യർഹ സേവനത്തിനുള്ള ആദരമാണ് ഡോ ജെയിംസ് കോട്ടൂരിന് ലഭിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരമുള്ള നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ കെസിആർഎം എന്ന സഭാനവീകരണ പ്രസ്ഥാനത്തിൻറെ കീഴിൽ പ്രസിദ്ധീകരിക്കുന്ന 'ചർച്ച് സിറ്റിസൺസ് വോയിസ്'-ൻറെ ചീഫ് എഡിറ്ററാണ്. കോൺസ്റ്റൻറൈൻ ചക്രവർത്തി സ്ഥാപിച്ച ക്രിസ്തുസഭയും ആ സഭയിലെ ആഢംബരത്തിൽ മുങ്ങിക്കിടക്കുന്ന അധികാരികളേയും കോട്ടൂരിൻറെ തൂലിക പ്രഹരിച്ചുകൊണ്ടിരിക്കുന്നു. നസ്രത്തിലെ പാവപ്പെട്ട യേശുവിലേയ്ക്ക് തിരിയാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിൻറെ സന്ദേശം.
സഭാനവീകരണപ്രസ്ഥാനത്തിന് നൽകുന്ന അതുല്ല്യ സേവനത്തിനുള്ള ആദരമാണ് ജോർജ് മൂലേച്ചാലിനുള്ളത്. 'ക്രൈസ്തവ ഐക്യവേദി' യുടെ സ്ഥാപക സെക്രട്ടറിയായി 1988-ൽ രംഗപ്രവേശംചെയ്‌ത് അദ്ദേഹം സഭാനവീകരണരംഗത്ത് സജീവ പ്രവർത്തകനായി. 1990-ൽ ‘കേരള കത്തോലിക്ക സഭാനവീകരണ പ്രസ്ഥാന’-ത്തിന് രൂപം കൊടുത്ത് അതിൻറെ പ്രഥമ സെക്രട്ടറിയായി. 2012 മുതൽ 'സത്യജ്വാല' മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു.
സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയുള്ള സജീവ സാന്നിധ്യത്തിനും സേവനങ്ങൾക്കുമുള്ള ആദരമാണ് എ സി ജോർജിനെ കാത്തിരിക്കുന്നത്.1975-ൽ അമേരിക്കയിൽ കുടിയേറിയ എ സി ജോർജ് 35 വർഷക്കാലം ന്യൂ യോർക്കിൽ വസിച്ചു. ഇക്കലയിളവിൽ ന്യൂ യോർക്കിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലകളിൽ അദ്ദേഹത്തിൻറെ കൈയ്യൊപ്പ് പതിയാത്ത ഇടമില്ല. നിരവധി സംഘടനകളുടെ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനും കൂടിയാണ്. പോയ 10 വർഷക്കാലമായി ഹ്യൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം മലയാളി പ്രസ് കൗൺസിലിൻറെ പ്രസിഡൻറുകൂടിയാണ്.
പ്രസിഡൻറ് ചാക്കോ കളരിക്കലിൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സഭാചരിത്രത്തിൽ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള എബ്രഹാം നെടുങ്ങാട്ട് ഉത്‌ഘാടനം ചെയ്യും. ഡോ ജെയിംസ് കോട്ടൂർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നൽകും. തുടർന്ന് 'ചർച്ച് ട്രസ്റ്റ് ബിൽ' എന്ന വിഷയത്തെ ആസ്‌പദമാക്കി വൈസ് പ്രസിഡൻറ് ജോസ് കല്ലിടുക്കിൽ പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് വിശദമായ ചർച്ചയും നടത്തപ്പെടും.
ലഞ്ചിനുശേഷം സെക്രട്ടറി ജെയിംസ് കുരീക്കാട്ടിൽ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ജോർജ് നെടുവേലിൽ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിക്കും. സ്വതന്ത്ര ചിന്തകനും മികച്ച എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കൽ ഈ സെഷനിൽ പ്രധാന സന്ദേശം നൽകും. തുടർന്ന് സോവനീർ പ്രകാശനം നടത്തപ്പെടും.
എല്ലാവരേയും ഒരിക്കൽക്കൂടി സമ്മേളനത്തിലേക്ക് സംഘാടകർ ഹാർദവമായി സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment