Translate

Wednesday, July 24, 2019

കെസിആർഎം നോർത് അമേരിക്ക: പത്തൊമ്പതാമത്‌ ടെലികോൺഫെറൻസ് റിപ്പോർട്ട്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക ജൂലൈ 10, 2019 ബുധനാഴ്ച്ച നടത്തിയ പത്തൊമ്പതാമത്‌ ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടുമണിക്കൂറിലധികം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തു. മുപ്പതിലധികം ആൾക്കാർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ ഹ്യുസ്റ്റണിൽ നിന്നുള്ള റവ ഡോ തോമസ് അമ്പലവേലിൽ ആയിരുന്നു. വിഷയം: "വേദപുസ്തകാടിസ്ഥാനത്തിൽ സഭാശ്രേഷ്ഠരുടെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും".

മൗനപ്രാർത്ഥനയോടെയാണ് ടെലികോൺഫെറൻസ് ആരംഭിച്ചത്. തോമസച്ചൻ പ്രഭാഷണത്തിൻറെ ആരംഭത്തിൽത്തന്നെ സഭയിലെ നേതാക്കൾ മെത്രാന്മാർ, പുരോഹിതർ, കന്ന്യാസ്ത്രികൾ, സ്ഥിരഡീക്കന്മാർ, അല്മായപ്രമുഖർ തുടങ്ങിയവർ ആണെന്ന് വ്യക്തമാക്കി. പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള പൗരോഹിത്യ അവസ്ഥയെസംബന്ധിച്ച് അദ്ദേഹം വിശദീകരിച്ച് സംസാരിച്ചു. പഴയനിയമത്തിലെ പുരോഹിതർ എങ്ങനെ ഉള്ളവരായിരുന്നുയെന്നും പുതിയനിയമത്തിൽ യേശുവിൽ ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും രാജകീയ പുരോഹിതഗണത്തിൽ പെട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശുശ്രൂഷാപൗരോഹിത്യം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു.

മോറൽ ലോ പ്രകാരവും സിവിൽ ലോ പ്രകാരവും പുരോഹിതർ തെറ്റ് ചെയ്യാൻ പാടില്ലാത്തവരാണ്. മോറൽ ലോ ദൈവനിയമ ലംഘനമാണ്. ഉദാഹരണത്തിന് പത്തുകല്പനകളുടെ ലംഘനം. മോറൽ ലോയുടെ ലംഘനമാണ് സിവിൽ ലോ. മോറൽ ലോയും സിവിൽ ലോയും സഭാനിയമപ്രകാരം സഭാകോടതികളിൽവെച്ച് തീർപ്പ് കല്പിക്കപ്പെടേണ്ടതാണ്. ശുശ്രൂഷാപുരോഹിതർ അഴിമതിക്കാരാകുമ്പോഴും വിശ്വാസികളെല്ലാവരും രാജകീയ പുരോഹിതവർഗത്തിൽ പെട്ടവരാകയാലും എന്തിന് ശുശ്രൂഷാപുരോഹിതരെന്ന ഇടനിലക്കാരുടെ ആവശ്യം? എന്നാൽ ശുശ്രൂഷാപുരോഹിതർ എന്നുപറയുന്നവർ സഭാകോടതിയിൽ മോറൽ ലോയെ അടിസ്ഥാനമാക്കി വിധികല്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. പുതിയനിയമപ്രകാരം പുരോഹിതൻ ദിവ്യബലിയാകുന്ന കൂദാശ പാരികർമം ചെയ്യുന്നവനും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിലെ വിഭവ പങ്കാളിയുമാണ് (resource partner). വൈദിക ജീവിതത്തിന് ശരിയായ അടിസ്ഥാനം വേണം; ദൈവികമായ മാർഗനിർദേശം വേണം; സ്വയം നിയന്ത്രിക്കാൻ പ്രാപ്തിയുള്ളവരായിരിക്കണം; വിശ്വാസികൾക്കവർ അത്താണിയായിരിക്കണം; അവരെ നിരുപാധികം സ്നേഹിക്കുന്നവരായിരിക്കണം. കർത്താവായ യേശുക്രിസ്തു പഠിപ്പിച്ച വിശുദ്ധിയില്ലാത്തവർ പുരോഹിതരായിരിക്കാൻ പാടില്ല. ലൈംഗിക ദുരുപയോഗത്തിൽ ഏർപ്പെടുന്നവരും മദ്യപാനികളും ദ്രവ്യാഗ്രഹികളുമായ പുരോഹിതർക്ക് പ്രസംഗപീഠത്തിൽ കയറിനിന്ന് എങ്ങനെ ദൈവജനത്തെ ഉപദേശിക്കാൻ കഴിയും? അവർ കപടഭക്തരാണ്. പുരോഹിതർ ധാർമിക മികവുള്ളവർ ആയിരിക്കണം.

ധാർമികമികവ് എന്താണെന്ന് മനസ്സിലാക്കണം. ആവശ്യത്തിൽകൂടുതൽ ധനം ശേഖരിച്ചുവെയ്ക്കുന്നത് ധാർമികമല്ല. കാരണം ആ സ്വത്ത് പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കേണ്ടതാണ്. സഭയുടെ മിച്ചമുള്ള തുക ബാങ്കിലിടാനുള്ളതല്ല. പാവപ്പെട്ടവരെ സഹായിക്കാനുള്ളതാണ്. പള്ളിക്ക് ആവശ്യത്തിലധികം ഭൂമി കൈവശപ്പെടുത്തിവെയ്ക്കാൻ പാടില്ല. മിച്ചഭൂമി ഭൂരഹിതർക്കുള്ളതാണ്. പുരോഹിതസ്ഥാനം ഒരു അധികാരസ്ഥാനമല്ല. അത് സത്യത്തിലും നീതിയിലും വിശുദ്ധിയിലും അടിയുറച്ചുനിന്നുകൊണ്ട് ദൈവജനത്തിന് ശുശ്രൂഷ  ചെയ്യാനുള്ള അവസരമാണ്. സ്നാനം സ്വീകരിച്ചവരുടെ പൗരോഹിത്യവും ശുശ്രൂഷാപൗരോഹിത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എല്ലാവരും വേദപുസ്തകാടിസ്ഥാനത്തിൽ പഠിക്കണമെന്നുള്ള ആഹ്വാനത്തോടെയും ഒരു പ്രാത്ഥനയോടുംകൂടിയാണ് തോമസച്ചൻ തൻറെ വിഷയാവതരണം അവസാനിപ്പിച്ചത്.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി.

അടുത്തമാസം, അതായത് ഓഗസ്റ്റ് 10, 2019-ൽ ഷിക്കാഗോയിൽവെച്ച് കെസിആർഎം നോർത് അമേരിക്കയുടെ സമ്മേളനം നടക്കുന്നതിനാൽ ഓഗസ്റ്റിൽ ടെലികോൺഫെറൻസ് ഉണ്ടായിരിക്കുന്നതല്ല. ഷിക്കാഗോസമ്മേളനത്തിലേക്ക്‌ എല്ലാവരെയും വീണ്ടും ക്ഷണിച്ചുകൊള്ളുന്നു.

No comments:

Post a Comment