Translate

Saturday, November 10, 2012

ഏതു സ്വര്‍ഗ്ഗമാണ് നല്ലത്, അതോ അതിനപ്പുറം പോകണമോ?

തോമസ് തെങ്ങുംപള്ളി

പ്രായം അറുപത്തഞ്ചോടടുത്തു. ഇത്രയുംകാലം യുക്തിവാദിയായി ജീവിച്ചു. ഇപ്പോള്‍ ഒരു സംശയം, ജീവിതത്തിന്റെ അന്ത്യപാദത്തില്‍ ഇനിയും ഇങ്ങനെ കഴിയുന്നതു ശരിയോ? മതക്കാര്‍ പറയുന്നതുപോലെ ഒരു മരണാനന്തരജീവിതം ഉണ്ടെങ്കില്‍ മോഹനസുന്ദരമായ സ്വര്‍ഗ്ഗമോ സ്വര്‍ഗ്ഗങ്ങളോ ഉണ്ടെങ്കില്‍ അതില്‍ നിന്നും മാറി നടക്കുന്നതു ബുദ്ധിയായിരിക്കുമോ? യുക്തിബോധം മാറ്റിവച്ച് അല്പം ഭക്തിമാര്‍ഗ്ഗത്തില്‍ പോയാല്‍ ഒരുപക്ഷേ ഭൂമിയില്‍ ലഭിക്കാത്ത സുഖം ലഭിച്ചാല്‍ അതിന് വലിയ മുതല്‍മുടക്ക് വേണ്ടല്ലോ!

കത്തോലിക്കനായതുകൊണ്ട് കത്തോലിക്കരുടെ സ്വര്‍ഗ്ഗം എങ്ങിനെയെന്നു സങ്കല്പിച്ചു. ഗുരുദാസച്ചന്റെ തട്ടിന്‍പുറത്തെ ദൈവം മനസ്സില്‍ വന്നു. പിതാവായ ദൈവം സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു. അതിനുതാഴെ അല്പം താഴ്ന്ന കൊച്ചു സിംഹാസനങ്ങളില്‍ പുത്രനും പരിശുദ്ധാത്മാക്കളും. മാതാവും പുണ്യാത്മാക്കളും അതിനു താഴെ മാര്‍പ്പാപ്പമാരും പാര്‍ത്രിയര്‍ക്കീസ്മാരും സ്വര്‍ഗ്ഗീയ സൈന്യത്തെ നയിക്കുന്നു. ബിഷപ്പുമാരും കത്തോലിക്കമാരും അതിന്റെ താഴത്തെ ഉദ്യോഗസ്ഥരായിരിക്കുന്നു. വൈദികരും പാസ്റ്റന്മാരും കന്യാസ്ത്രീകളും ഏറ്റവും താഴ്ന്ന നിലയില്‍ പിതാവിനെ സ്തുതിക്കാനും ആരാധിക്കാനുമായി അവിടെയെത്തിയ അത്മായരെ നിയന്ത്രിക്കുന്നു. ഒമ്പതുവൃന്ദം മാലാഖമാര്‍ സ്വര്‍ഗ്ഗീയ കാഹളങ്ങള്‍ മുഴക്കി എല്ലായിടത്തും പറന്നുനടക്കുന്നു. എല്ലാവരും പിതാവായ ദൈവത്തിനു പുറംതിരിഞ്ഞു നില്‍ക്കാത്തരീതിയില്‍ സഞ്ചരിക്കുന്നു. ചൂടും തണുപ്പുമില്ലാത്ത അന്തരീക്ഷം എപ്പോഴും. എല്ലാവരും സന്തുഷ്ടര്‍.

ഇങ്ങനെ ചിന്തിച്ചുകൊണ്ട് നടന്നപ്പോള്‍ വഴിയരുകില്‍വച്ച് ഓഷോയുടെ ഒരു പുസ്തകം കണ്ടു. ലൈംഗികതയിലൂടെയും ആത്മീയതിയിലെത്താമെന്നു പഠിപ്പിച്ച ആളാണെന്നു കേട്ടിട്ടുള്ളതിനാല്‍ 100 രൂപാ കൊടുത്തു. അതു മേടിച്ചു. മറിച്ചുനോക്കിയപ്പോള്‍ ഇംഗ്ലണ്ടിലെ ഒരുകാലത്തെ ഏറ്റവും പ്രസിദ്ധനായ സുവിശേഷപ്രസംഗകന്റെ കഥ കണ്ടു. ലണ്ടനിലെ ആംഗ്ലിക്കന്‍ സഭയുടെ പ്രസിദ്ധമായ പള്ളിയില്‍ അദ്ദേഹം എല്ലാ ഞായറാഴ്ചയും കുര്‍ബാനയ്ക്കുശേഷം സുവിശേഷം വ്യാഖ്യാനിക്കുന്നു. രാജകുടുംബാംഗങ്ങളും ക്യാബിനറ്റ് മന്ത്രിമാരും പ്രഭുകുടുംബങ്ങളും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുവാന്‍ എത്തുന്നു. ഒരു മണിക്കൂര്‍ നീളുന്ന ആ വചനപ്രഘോഷണം എല്ലാവരും കാര്യമായി ശ്രദ്ധിച്ചുകേള്‍ക്കുന്നു. ഇംഗ്ലണ്ടിലെ അക്കാലത്തെ പ്രസിദ്ധനായ ഒരു തത്വചിന്തകന്‍ ഇദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. തന്റെ പ്രസംഗപാടവത്തെപ്പറ്റി അഭിമാനിച്ചിരുന്ന സുവിശേഷ പ്രഘോഷകന്‍ തന്റെ സുഹൃത്തിനെ ഞായാറാഴ്ചപ്രസംഗം ശ്രവിക്കുവാനായി മിക്കപ്പോഴും ക്ഷണിക്കുമായിരുന്നു എങ്കിലും തത്വചിന്തകന്‍ പോയിരുന്നില്ല.

 സുഹൃത്തിന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ ഒരു ദിവസം അടുത്ത ഞായറാഴ്ച താന്‍ എത്തിക്കോളാമെന്ന് അദ്ദേഹം സമ്മതിച്ചു. ആ ഞായറാഴ്ചത്തെ വിഷയം സ്വര്‍ഗ്ഗം ലഭിക്കണമെങ്കില്‍ മാമോദീസ വേണമോ എന്നതായിരുന്നു. പുത്രന്‍ തമ്പുരാന്‍ പോലും മാമോദീസ സ്വീകരിച്ച സ്ഥിതിക്ക് സാദാ മനുഷ്യര്‍ മാമോദീസ മുങ്ങിയില്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പോകില്ലെന്നും അവര്‍ക്ക് നിത്യനരകത്തിലേയ്ക്കു പോകേണ്ടിവരുമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. പക്ഷേ തത്വചിന്തകന്‍ സുഹൃത്തിന്റെ സാന്നിദ്ധ്യം അദ്ദേഹത്തെ ചെറുതായി പതറിച്ചു, ഇടക്കിടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ സുഹൃത്തിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആംഗ്ലിക്കന്‍ സഭയില്‍ പ്രസംഗത്തിനുശേഷം സംശയങ്ങള്‍ ദൂരീകരിക്കാന്‍ അല്പസമയം കൊടുക്കാറുണ്ട്. പ്രസംഗം കഴിഞ്ഞ ഉടനെ തത്വചിന്തകന്‍ സുഹൃത്ത് എഴുന്നേറ്റ് ഒരു ചോദ്യം ചോദിച്ചു. മാമോദീസ മുങ്ങിയാലേ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നുണ്ടെങ്കില്‍ അതിനെപ്പറ്റി അറിയാതെ നന്മചെയ്തു സര്‍വ്വചരാചരങ്ങളേയും സ്‌നേഹിച്ചു ജീവിച്ച സോക്രട്ടീസും, ജൈനനും, ബുദ്ധനും, ലാവോത്സുമൊക്കെ നരകത്തിലാണോ പോയത്. ബുദ്ധിമാനായ പ്രസംഗകന്‍ വിഡ്ഢിത്തം പറയാന്‍ പറ്റാത്ത പ്രേക്ഷകരുടെ മുന്നിലാണ് താനെന്ന ബോദ്ധ്യവും തത്വചിന്തകന്റെ ചോദ്യത്തിന് ഉചിതമായ മറുപടി കൊടുത്തില്ലെങ്കില്‍ തന്റെ സല്‍പേര് പോകുമെന്നുമനസ്സിലാക്കിയതിനാലും, ഈ ചോദ്യത്തിനുള്ള മറുപടി സമയം പോയതിനാല്‍ അടുത്ത ഞായറാഴ്ചത്തെ പ്രസംഗത്തില്‍ നല്‍കാമെന്നും അറിയിച്ചു. 

സുഹൃത്തിനെ യാത്രയാക്കിയ പ്രസംഗകന്‍ അപ്പോള്‍മുതല്‍ ലഭ്യമായ എല്ലാ തിയോളജി പുസ്തകങ്ങളും ലേഖനങ്ങളും മറിച്ചുനോക്കി. പ്രസിദ്ധരായ ദൈവശാസ്ത്ര പണ്ഡിതരെ ബന്ധപ്പെട്ടു. മറ്റു ക്രൈസ്തവസഭകളിലെ പണ്ഡിതരുമായും ആശയവിനിമയം നടത്തി. ഊണും ഉറക്കവുമില്ലാതെ വചനപ്രഘോഷകന്‍ ആ ചോദ്യത്തിനു ഉത്തരം നല്‍കുവാനായി എല്ലാ മാര്‍ഗ്ഗവും തേടി.

അവസാനം ഞായറാഴ്ചവന്നു. ചാപ്പലില്‍ വൈദികരുടെ പ്രത്യേകസ്ഥാനത്തു മുട്ടുകുത്തിനിന്ന് അദ്ദേഹം ഉത്തരം കിട്ടുവാനായി പ്രാര്‍ത്ഥിച്ചു. ക്ഷീണം കാരണം അദ്ദേഹം മയങ്ങിപ്പോയി. പെട്ടെന്ന് അദ്ദേഹം ഒരു റെയില്‍വേ ജംഗ്ഷനില്‍ നില്‍ക്കുന്നതായി അനുഭവപ്പെട്ടു. ഒരു പാത സ്വര്‍ഗ്ഗത്തിലേയ്ക്കും മറ്റൊന്നു നരകത്തിലേയ്ക്കും. അപ്പോള്‍ ഒരു ട്രെയിന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുവാനായി സ്റ്റേഷനില്‍ എത്തി. പെട്ടെന്നു തന്നെ സ്വര്‍ഗ്ഗം കണ്ടുകളയാമെന്നു കരുതി പ്രഘോഷകന്‍ അതില്‍ കയറി. സ്വര്‍ഗ്ഗം സ്റ്റേഷനില്‍ ഇറങ്ങിയ അദ്ദേഹം ചിറകുള്ള മാലാഖമാര്‍ സ്വാഗതം ചെയ്യുന്ന ഗേറ്റിലൂടെ സ്വര്‍ഗ്ഗത്തില്‍ കടന്നു. എയര്‍കണ്ടീഷന്‍ ചെയ്ത കാലാവസ്ഥ. പക്ഷേ വരണ്ടപ്രകൃതിയും ഇലകള്‍ കൊഴിഞ്ഞ വൃക്ഷങ്ങളും അവയ്ക്കിടയില്‍ പുണ്യാത്മാക്കള്‍ ദൈവമേ അങ്ങു പരിശുദ്ധന്‍, ബലവാനേ അങ്ങു പരിശുദ്ധന്‍, മരണമില്ലാത്തവനേ അങ്ങു പരിശുദ്ധന്‍ എന്നു ആരാധിക്കുന്നു. താന്‍ വിഭാവനം ചെയ്ത സ്വര്‍ഗ്ഗമെങ്ങിനെ ഈ ബോറന്‍ സ്വര്‍ഗ്ഗമെങ്ങനെ എന്ന് ചിന്തിച്ച് അദ്ദേഹം നിരാശനായി തിരികെ വന്ന് തിരിച്ചുള്ള ട്രെയിനില്‍ കയറി. 

വീണ്ടും റെയില്‍വേ ജംഗ്ഷനിലെത്തിയ പ്രഘോഷകന്‍ അപ്പോല്‍ പോകാനായി കിടക്കുന്ന നരകത്തിലേക്കുള്ള ട്രെയിന്‍ കാണുന്നു. എന്നാല്‍ നരകംകൂടി കണ്ടുകളയാമെന്നു കരുതിയ അദ്ദേഹം ആ ട്രെയിനില്‍ കയറിക്കൂടി. നരകകവാടത്തില്‍ എത്തിയ അദ്ദേഹം അത്ഭുതപ്പെട്ടു. ഗെയ്റ്റിനപ്പുറം വളര്‍ന്നു പന്തലിച്ചുകിടക്കുന്ന ഫലവൃക്ഷങ്ങളും സുഗന്ധവാഹിനികളായ പൂച്ചെടികളും ഉദ്യാനങ്ങളും. അദ്ദേഹം ഗേറ്റ് കാവല്‍ക്കാരോട് ഇത് നരകം തന്നെയാണോ അതോ തനിക്ക് തെറ്റുപറ്റിയതാണോ എന്ന് അന്വേഷിച്ചു. അദ്ദേഹത്തിന്റെ അറിവില്‍ നരകം മുഴുവന്‍ അഗ്നിയും തിളക്കുന്ന ലാവയും എണ്ണയും ഭീകര സാത്താന്മാരുടേയും ഹീനമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആവാസവും എപ്പോഴും ആത്മാക്കള്‍ക്ക് പീഡനം മാത്രം കിട്ടുന്ന സ്ഥലമെന്നുമായിരുന്നു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു : 'ഇവിടം അങ്ങനെതന്നെയായിരുന്നു. എന്നാല്‍ സോക്രട്ടീസും ബുദ്ധനും ജൈനനും ലാവോത്സുമൊക്കെ ഇവിടെ വന്നശേഷം അവര്‍ നരകത്തെ ഇങ്ങിനെയാക്കിമാറ്റി.'

പെട്ടെന്ന് അദ്ദേഹം സ്വപ്നനിദ്രയില്‍നിന്നുണര്‍ന്നു. ക്ലോക്കില്‍ നോക്കിയ അദ്ദേഹം പ്രസംഗത്തിന് സമയം ആയെന്നു മനസ്സിലാക്കി. പ്രസംഗപീഠത്തില്‍ കയറിയ അദ്ദേഹം കഴിഞ്ഞയാഴ്ചത്തെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. നന്നായി ജീവിച്ചാല്‍ മാമോദീസ മുങ്ങിയില്ലെങ്കിലും മരണശേഷം പരമമായ അവസ്ഥയിലെത്താം.

വീണ്ടും മനസംഘര്‍ഷത്തിലായ ഞാന്‍ ഹിന്ദു സ്വര്‍ഗ്ഗത്തെപ്പറ്റി വായിച്ചു. അമൃത് കഴിച്ച് സ്വര്‍ഗ്ഗീയ മദ്യവും ഉര്‍വ്വശി, മേനക, രംഭ, തിലോത്തമമാര്‍ ഉള്‍പ്പെടെയുള്ള ദേവസ്ത്രീകളും അപ്‌സരസുകളും നിറഞ്ഞ സ്വര്‍ഗ്ഗം. എപ്പോഴും വാദ്യനാദങ്ങളും സംഗീതവും നൃത്തവും. ഒരു പ്രശ്‌നം മാത്രം ഇടക്കിടെ അസുരന്മാര്‍ ദേവലോക ആക്രമിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ ചിലര്‍ ഈ സ്വര്‍ഗ്ഗസുഖങ്ങളിലും തൃപ്തരല്ല. അവര്‍ പറയുന്നു പരമമായ മുക്തിക്ക് വീണ്ടും മനുഷ്യജന്മം വേണമെന്ന്.

വീണ്ടും ഈ സ്വര്‍ഗ്ഗത്തെപ്പറ്റിയും എനിക്ക് സന്ദേഹമായി. ഞാന്‍ എന്റെ സുഹൃത്തും വിശുദ്ധ ഖുറാന്‍ പണ്ഡിതനുമായ മുഹമ്മദ് ജാഫര്‍ ഖാനെപ്പറ്റി അപ്പോള്‍ ഓര്‍മ്മിച്ചു. ഖുറാനും ഹാദീസ്സുകളുമൊക്കെ കാണാപ്പാഠമാക്കിയ അദ്ദേഹം അഞ്ചുനേരം നിസ്‌കരിക്കുന്ന, ആ നിസ്‌കാരഫലമായി നെറ്റിയില്‍ മുഴ നേടിയ ആളായിരുന്നു. റംസാന്‍ നൊയമ്പ് സ്ഥിരമായി എടുക്കുന്ന, വെള്ളിയാഴ്ച നിസ്‌കാരം തെറ്റിക്കാത്തവനായ അദ്ദേഹത്തോട് ഇങ്ങനെ എന്തിനു ജീവിക്കുന്നു എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നന്നായി ജീവിച്ചില്ലെങ്കില്‍ ഖബറിടത്തില്‍തന്നെ മലുക്കുകള്‍ ഉലക്കപോലെയുള്ള സാധനം കൊണ്ട് ആത്മാവിനെ ഉരുട്ടും. സ്വര്‍ഗ്ഗത്തിലെത്തിയാല്‍, അള്ളാവിന്റെ മുമ്പിലെത്തുമ്പോള്‍, ആ മഹദ്‌സാന്നിദ്ധ്യത്തില്‍ അകപ്പെട്ട് ആയിരം കൊല്ലം സമയം പോയതറിയാതെ ആനന്ദഭരിതനായി അവിടെ നിന്നുപോകും. പിന്നെ അതിസുന്ദരിമാരായ, മലമൂത്രവിസര്‍ജ്ജനങ്ങള്‍ ആവശ്യമില്ലാത്ത, സ്വര്‍ഗ്ഗീയ തരുണികളായ, ഹൂറികളുമായി തളര്‍ച്ചയില്ലാതെ എത്ര പ്രാവശ്യം വേണമെങ്കിലും ഇണചേര്‍ന്ന് സ്വര്‍ഗ്ഗീയസുഖങ്ങള്‍ നുകരാം എന്നായിരുന്നു. അപ്പോള്‍ പുണ്യം ചെയ്ത സ്ത്രീകള്‍ക്ക് സ്വര്‍ഗം എന്താണെന്നു ചോദിച്ചപ്പോള്‍ വിശുദ്ധഗ്രന്ഥത്തില്‍ അതു വ്യക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലൈംഗികകാര്യത്തില്‍ വലിയ താത്പര്യമില്ലാത്ത ഞാന്‍ ആ സ്വര്‍ഗ്ഗത്തെപ്പറ്റിയും സംശയാലുവായി. പാവനജീവിതം നയിക്കുന്ന സൂഫികള്‍ ആ സ്വര്‍ഗ്ഗത്തിനപ്പുറം എത്തുന്നുണ്ടോ എന്നൊരു തോന്നലും. അവിടെ സൃഷ്ടാവും സൃഷ്ടിയും രണ്ടായി നില്‍ക്കുന്നു.

പിന്നെ ബുദ്ധഗ്രന്ഥങ്ങള്‍ നോക്കി. 32 തരം മരണാനന്തരം അവസ്ഥകള്‍. താഴെയുള്ളത് വളരെ മോശം. ഹിന്ദുസ്വര്‍ഗ്ഗത്തിന്റെ രീതിയില്‍ കുറെ സ്വര്‍ഗ്ഗങ്ങള്‍. അതിനു മുകളില്‍ രൂപ ബ്രഹ്മലോകങ്ങള്‍, പിന്നീട് അരൂപ ബ്രഹ്മലോകങ്ങള്‍. പുണ്യത്തിന്റെ വിശുദ്ധ ജീവിതത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഓരോതരം സ്വര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നു. എങ്കിലും ഏറ്റവും വലിയ സ്വര്‍ഗ്ഗത്തിലെ ആരൂപബ്രഹ്മാവും ബുദ്ധനെ വണങ്ങുന്നതായി കണ്ടു. കാരണം ബുദ്ധജന്മങ്ങളാണ് പ്രപഞ്ചസാഗരത്തില്‍ ഏറ്റവും ഉയര്‍ന്നത്. രൂപസ്വര്‍ഗ്ഗത്തിലുള്ളവര്‍ മനുഷ്യജന്മം എടുത്ത് ബോധോദയത്തിലെത്തി മുക്തി നേടുവാനുള്ള ആഗ്രഹത്തിന്റെ അവ്യക്തമായ വിത്തുമായി കഴിയുന്നു. ബോധോദയ പ്രാപ്തിയില്‍ അവര്‍ ശാന്തിയുടെ സമുദ്രത്തില്‍ ലയിക്കുകയോ അതായിത്തീരുമോ ചെയ്യുന്നു. ഹിന്ദു സ്വര്‍ഗ്ഗത്തിനപ്പുറം സഗുണപരബ്രഹ്മത്തിലും പിന്നീട് നിര്‍ഗുണ പരബ്രഹ്മത്തിലും അതായത് അദൈ്വതാനുഭൂതിയിലും എത്തുന്നു. ബ്രഹ്മജ്ഞാനം കിട്ടിക്കഴിയുമ്പോള്‍ താന്‍ അന്വേഷിച്ചത് താന്‍ തന്നെയായിരുന്നതായി അനുഭവപ്പെടുന്നു. അഹം ബ്രഹ്മാസ്മി.

അപ്പോഴാണ് എസ്സീന്‍ സുവിശേഷങ്ങളും ഗ്നോസ്റ്റിക് സുവിശേഷങ്ങളും ശ്രദ്ധയില്‍ പതിയുന്നത്. കിഴക്കിന്റെ ആത്മാന്വേഷണത്തിന്റെ അതേ പാത. ഗ്നോസ്റ്റിക് സുവിശേഷങ്ങള്‍ ആദ്യം പറഞ്ഞ സ്വര്‍ഗ്ഗത്തിനു വിരുദ്ധമായി മനുഷ്യന്‍ എത്തിപ്പെടേണ്ട വിശ്രാന്തിയെപ്പറ്റി പറയുന്നു. ഈ ലോകം അറിഞ്ഞവന്‍ ഒരു ജഡം കണ്ടിരിക്കുന്നു, അവന് ഈ ലോകം യോഗ്യമല്ല എന്ന് പറയുന്നു. രൂപങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഏതു ജീവജാലങ്ങളിലുമുള്ള പ്രകാശം പിതാവിന്റെ പ്രകാശത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പിതാവ് സ്വയം വെളിപ്പെടുത്തും. അപ്പോള്‍ അവര്‍ ദൈ്വതമല്ലാത്ത പ്രകാശമായി വരുന്നു. സ്വര്‍ഗ്ഗരാജ്യം എന്നാല്‍ ഒരു അവസ്ഥയാണ്. ഒരു സ്ഥലമല്ല എന്നും ഒക്കെ. എസ്സീന്‍ സുവിശേഷം തുടര്‍ന്നുനോക്കി. അവിടെ യേശു പറയുന്നു മനുഷ്യശരീരം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതു ഭക്ഷണം കഴിക്കാനും ശ്വസിക്കാനും, ചിന്തിക്കുവാനും മാത്രമല്ല, പ്രത്യുത വിശുദ്ധമായ ജീവന്റെ നീരുറവയില്‍ പ്രവേശിക്കുവാന്‍ കൂടിയാണ്. അതുപോലെ കാതുകള്‍ മനുഷ്യരുടെ സ്വരവും പക്ഷികളുടെ ചിലമ്പലുകളും മഴയുടെ ശബ്ദവും കേള്‍ക്കുവാന്‍ മാത്രമല്ല രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. പ്രത്യുത പാവനമായ നീരരുവിയുടെ നാദം കേള്‍ക്കുവാന്‍ കൂടിയാണ്. അതുപോലെ കണ്ണുകള്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത് സൂര്യാസ്തമനങ്ങള്‍ കാണുവാനും, ധാന്യക്കറ്റകള്‍ കാണാനും ലിഖിത വചനങ്ങള്‍ കാണുവാനും മാത്രമല്ല, പ്രത്യുത പാവന പ്രകാശത്തിന്റെ നീരരുവികാണുവാനും കൂടിയാണ്. ഒരു ദിവസം നിങ്ങളുടെ ശരീരം ഭൂമിമാതാവിലേയ്ക്ക് തിരികെപ്പോകും, അതിന്റെകൂടെ നിങ്ങളുടെ കാതുകളും കണ്ണുകളും. എന്നാല്‍ ജീവന്റെ പാവനമായ നീരരുവിയും, പാവനപ്രകാശത്തിന്റെ നീരരുവിയും പാവനമായ നാദത്തിന്റെ വിശുദ്ധ നീരരുവിയും ഒരിക്കലും ജനിക്കാത്തതും അതിനാല്‍ മരണമില്ലാത്തതുമാണ്. നിങ്ങള്‍ക്ക് ജന്മം തന്ന ആ വിശുദ്ധ നീരരുവികളിലേയ്ക്ക് പ്രവേശിക്കുക, ആ ജീവനും, ആ നാദവും, ആ പ്രകാശവും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ രാജ്യത്തിലേക്ക് പ്രവേശിക്കുവാനായിട്ടാണ്, നദി എപ്രകാരം സമുദ്രത്തില്‍ ചേരുന്നുവോ അതുപോലെ.

വീണ്ടും സംശയങ്ങള്‍: സ്വര്‍ഗ്ഗീയ സുഖങ്ങള്‍ അനുഭവിച്ച് സ്വര്‍ഗ്ഗങ്ങളില്‍ പോകണമോ അതോ കഷ്ടപ്പെട്ട് തപസ്സ് ചെയ്ത് മുക്തിയുടെ, ബോധോദയത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് പോകണമോ? സ്വര്‍ഗ്ഗത്തില്‍ പോകാനാണെങ്കില്‍ എളുപ്പമാണ്. ഭക്തിമാര്‍ഗ്ഗവും പുരോഹിതകര്‍മ്മങ്ങളും നിസ്‌കാരവും ആരാധനയും നേര്‍ച്ചകാഴ്ചകളും ലിഖിതങ്ങളുടെ വായനയും ഭജനവും തീര്‍ത്ഥാടനവും ഒക്കെ മതിയാവും. ജീവിച്ചിരിക്കുമ്പോള്‍ മിക്ക ലൗകിക സുഖങ്ങളും (മാംസാഹാരവും, മദ്യവുമൊക്കെ) ആകുകയും ചെയ്യാം. 
രണ്ടാമത്തേത് കഷ്ടപ്പാടിന്റേതും  കഠിനാദ്ധ്വാനത്തിന്റെതുമാണ്. സ്വര്‍ഗ്ഗസുഖത്തിന്റെ അപ്പുറമായ നിത്യത കൈവല്യാവസ്ഥ അല്ലെങ്കില്‍ ശാന്തിയുടെ സമുദ്രം, എങ്ങനെയെന്ന് തിരിച്ചുവന്ന് ആരും പറഞ്ഞിട്ടില്ല. ബുദ്ധനും യേശുവും പറയുന്നത് കണ്ണുകള്‍ കണ്ടിട്ടില്ലാത്തതും കാതുകള്‍ കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയങ്ങളില്‍ പ്രവേശിച്ചിട്ടില്ലാത്തതുമാണ് ആ അവസ്ഥയെന്നാണ്. പേര് തോമസ് എന്നായതിനാല്‍ കാണാതെ ഒന്നും വിശ്വസിക്കുവാനും തോന്നുന്നില്ല.

Friday, November 9, 2012

ആവൃതിയ്ക്കുള്ളില്‍

ഓശാനമാസികയുടെ ആദ്യലക്കത്തില്‍ (1975 ഒക്ടോബര്‍ ലക്കം) 
ആരംഭിച്ച ഈ പംക്തി ഇന്നും പ്രസക്തമല്ലേ?


(കേരളത്തിലെ വിവിധ സന്യാസിനി സമൂഹങ്ങളിലായി ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട്. ആതുരശുശ്രൂഷാരംഗത്തും അദ്ധ്യാപനരംഗത്തും ഇവര്‍ അമൂല്യസേവനം അനുഷ്ഠിക്കുന്നു. എന്നാല്‍ ഈ മണ്ഡലവും, പ്രശ്‌നവിമുക്തമല്ലേ, ഒട്ടേറെ കന്യാസ്ത്രീകള്‍ ഇന്ന് സന്യാസവൃത്തി ഉപേക്ഷിക്കുന്നു. ഇവരെ 'മഠം ചാടികള്‍' എന്നു പുച്ഛിച്ചുതള്ളാനാണ് സമൂഹം മുതിരുക. എന്നാല്‍ ഈ സന്യാസ സമൂഹങ്ങള്‍ ഓരോ പ്രത്യേക ദ്വീപുകളാണ്. ഈ ദ്വീപുകള്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് വളരെക്കുറച്ചുപേര്‍ക്കേ അറിയൂ. ഇവരുടെ പ്രശ്‌നങ്ങള്‍ വിദഗ്ദ്ധപഠനത്തിനു വിധേയമാകേണ്ടതാണ്. ''ആവൃതിക്കുള്ളില്‍'' എന്ന ഈ പംക്തി കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഈ പംക്തിയിലേക്ക് അയക്കുന്ന എഴുത്തുകള്‍ ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കും).

ഓശാന:

'via Blog this'

ഓശാന: പ്രാവര്‍ത്തിക ആത്മീയതയും കപട ആത്മീയതയും



ഓശാന മാസികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ലേഖനങ്ങളും 
ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
ഇന്ന് 2012 ഒക്ടോബര്‍ലക്കത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണ്.


ഓശാന: പ്രാവര്‍ത്തിക ആത്മീയതയും കപട ആത്മീയതയും:

'via Blog this'

വഴിയാണ് ലക്ഷ്യം

അല്‍മായശബ്ദത്തിന്റെ സത്യജ്ജ്വാല മാസിക വായിക്കാന്‍ കൊടുക്കുമ്പോള്‍ ചില സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്, എന്താ ചേട്ടാ, ഇതുകൊണ്ടൊക്കെ ഗുണം? ആരെങ്കിലുമുണ്ടോ ഇത് വായിച്ച്  മാറാന്‍ പോകുന്നു? മാറുമോ ഇല്ലയോ എന്ന് ചിന്തിക്കാന്‍ പോയാല്‍ ഒന്നും ചെയ്യാന്‍ തോന്നുകയില്ല. ശരിയെന്നു തോന്നുന്നത് ചെയ്യുക എന്നതാണ് കാര്യം, അതിനപ്പുറത്ത് ഒരു ലക്ഷ്യവും ആവശ്യമില്ല എന്നാണ് ഗീതാസാരം. പുറത്തൊരു ലക്ഷ്യമുള്ളപ്പോള്‍ നാം നമ്മെതന്നെ ആശ്രയിക്കുകയാണ്. അവിടെ, വിജയമോ തോല്‍വിയോ എന്നതിനുത്തരവാദി നമ്മള്‍ തന്നെയായിരിക്കും. അതിലും എത്രയോ ലളിതവും സുന്ദരവുമാണ് ലക്ഷ്യവും ആ ലക്ഷ്യത്തിലേയ്ക്കുള്ള വഴിയും ഒന്നാവുകയാണെങ്കില്‍. ഉദാഹരണത്തിന്, ആരോഗ്യം കാംക്ഷിച്ചോ, അതല്ല, വെറും ഒരു രസത്തിനു വേണ്ടിയോ നടക്കാന്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കുക - ഇത്രടം വരെ പോയി വരണം എന്ന ചിന്ത മനസ്സിലുള്ളതിലും ആസ്വാദ്യകരമായി നടത്തം അനുഭവപ്പെടുന്നത്, ങാ, മടുക്കുമ്പോള്‍ തിരിച്ചേക്കാം എന്ന സ്വാതന്ത്ര്യത്തോടെ പോകുമ്പോഴാണ്. താത്ത്വികമായി പറഞ്ഞാല്‍, ഇവിടെ വഴിയാണ് ലക്‌ഷ്യം. അതിനപ്പുറത്തേയ്ക്ക് മനസ്സ് പോകുന്നേയില്ല. അപ്പോള്‍ പുറത്തല്ല, ലക്ഷ്യം അകത്തുതന്നെയുണ്ട്‌. എന്നാല്‍, മനസ്സിനെ ഒരു ലക്ഷ്യത്തില്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ സംഭവിക്കുന്നതോ? അപ്പോള്‍, അവിടെയെത്താത്ത ഏതു പ്രവൃത്തിയും പാഴ്വേലയുടെ വിമ്മിട്ടത്തെയുണ്ടാക്കി മനസ്സിനെ അസ്വസ്ഥമാക്കുന്നു. നേരെ മറിച്ച്, വഴി തന്നെ ലക്ഷ്യമായാല്‍, അതിനര്‍ത്ഥം, ഓരോ കാല്‍വയ്പ്പിലും നാം ലക്ഷ്യത്തിലാണെന്നാണ്. തുടക്കം മുതല്‍ ലക്‌ഷ്യം നമ്മെ ഉള്‍ക്കൊണ്ടുകഴിഞ്ഞു എന്നാണ്; എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ, നമ്മെ സംബന്ധിച്ചിടത്തോളം, നമ്മള്‍ എത്തേണ്ടിടത്താണ് എന്നാണ്.
  
ജീവിതത്തിന്റെ ഏതു തുറയിലും അനാവശ്യമായ മാനസികാസ്വാസ്ഥ്യങ്ങളെ പാടേ ഉത്മൂലനം ചെയ്യുന്ന ലാളിത്യത്തിന്റെയും സന്തുഷ്ടിയുടെയും  ഈ കലാകൌശലം ആര്‍ക്കും പരിശീലിക്കാവുന്നതാണ്.

Thursday, November 8, 2012

നാദബ്രഹ്മം

സാമുവല്‍ കൂടല്‍

1.
നാദബ്രഹ്മം ജീവനായ്, ജീവന്‍ മേരീല്‍ രൂപമായ്!
രൂപത്തിനോ നാമമായ്, നാമം യേശുനാഥനായ്!
നാഥന്‍ ചൊന്ന വാക്കുകള്‍ പാടേമറന്നീ ജനം;
പോഴന്‍ പാതിരിയുരുവിടും ഓരോ ചൊല്ലും വേദമായ് ;
2.
വേദം നാലല്ലായിരം, ഇനിയം വേണേലേറിടും;
വിവരക്കേടിന്‍ വേദമോ വിപരീതത്തിന്‍ വേദമായ്!
ആളെകൂട്ടാന്‍ പാപമായ്, പാപത്തിന്‍ പരിഹാരമായ്;
പാപം ചാര്‍ത്തിയ ജീവികള്‍ മോക്ഷംതേടിയലഞ്ഞുപോല്‍.
3.
നേരോതാനിവിടേശുവയ്, ഓതാന്‍ വന്നോന്‍ ക്രൂശിലായ്!
കാലംപീലാത്തോസിനീം വീണ്ടും കൈകള്‍ കഴുകുമോ?
അവനെ ക്രൂശിക്കെന്നാര്‍ക്കും കയ്യാഫാവിന്‍ ഗുണ്ടകള്‍,
ഇന്നും കാണാം പളളിയില്‍ പാതിരിമാരുടെ പിണികളായ്!
4.
പ്രാര്‍ത്ഥിക്കാനായ് പളളിയില്‍ പോകരുതെന്നവനോതിപോല്‍,
യാഗം ചുഷണമാകയാല്‍ ത്യാഗം മതിയെന്നായിപോല്‍!
ദൈവത്തിന്‍ പ്രതിനിധിയായ് വിഹരിച്ചോരുടെ കോപമാം
തീയലെരിഞ്ഞാരോദനം “ഏലീലമ്മ ശബക്താനി”
5.
വചനം ജഡമായോനിനീം ചെലവില്ലാത്തൊരു നാണയം,
മുപ്പതുവെളളിക്കാശിനും ഇവിടിനി വിലയില്ലാതെയായ്!
ചിത്തോലമേല്‍ തബുലയ്ത്താ, പലകേല്‍ കാസാ പീലാസാ,
പീലാസാമേല്‍ കൗക്ബായായ് കാസയും ചേര്‍ന്നരികിലായ്.
6.
അവയുടെ മുകളില്‍ കബലേത്താ വീണ്ടും മുകളില്‍ ശോശപ്പാ
തര്‍വോദായാം സ്പൂണൊന്നും ക്ലീനിംഗ് സ്‌പോഞ്ചും വേദിയില്‍;
കപ്യാരു ചുട്ടെടുത്തപ്പമായ്, മുന്തിരി വീഞ്ഞിന്റെ കുപ്പിയായ്,
കത്തനാര്‍ ളോഹയില്‍ കേമനായ്, തക്‌സ മലര്‍ത്തി കുര്‍ബാനയായ്!
7.

“ആനിന്‍ മോറിയോ പാടിയാല്‍ കലഹം കലിയും നാള്‍വരെ
തിരുരക്തമാണോ കാസയില്‍? തിരുമേനിയോ പീലാസയില്‍?
ഹൃദയശുദ്ധനാ ഭാഗ്യവാന്‍ ദേവനെ കാണാമെന്നോതിയോന്‍,
ഗോതമ്പടയിലും  വീഞ്ഞിലും; സെഹിയോന്‍പെസഹാ ഹാസ്യമായ്!
8.
മൂന്നിന്മേലഞ്ചിമേല്‍ അമ്പത്തിയൊന്നിന്മേല്‍
കുട്ടകുര്‍ബാനകള്‍ സ്റ്റേജ് ചെയ്താല്‍
ഒത്തൊന്നു കൈപ്പൊക്കാന്‍ ചിട്ട ചെയ്യാത്തോരേ,
പൂരക്കുര്‍ബാനകള്‍ ഹാസ്യമെന്നും!
9.
ചിത്തത്തിന്‍ ചിത്തോലമേല്‍ സ്‌നേഹമാം തബുലയ്ത്താ
ക്ഷമയാം കാസായതും ദയയാം പീലാസായും
സമക്ഷലോകത്തിനായ് ത്യഗത്തിന്‍ കാവ്യബലി
ഇനിയും പുരോഹിതാ, അര്‍പ്പിക്കാന്‍ വൈകരുതേ. . .

കലഞ്ഞൂര്‍
28-09-2011

Wednesday, November 7, 2012

മതവും ആത്മീയതയും

ഭയവും കുറ്റബോധവുമാണ്  ഒരു ശരാശരി കത്തോലിക്കന്റെ മുഖമുദ്ര . ആത്മീയഅന്വേഷണത്തിനുള്ള സാദ്ധ്യതകള്‍ 
എല്ലാത്തില്‍ നിന്നും  അവനെ അകറ്റുന്നതും   ഇവ തന്നെ .
ആത്മീയതയില്‍  മതത്തിന്റെ പ്രസക്തി എന്താണ് ?
വിഗ്രഹാരാധനയും ആരോ രചിച്ച ജപങ്ങളും സോസ്ത്രങ്ങളുമാണ് നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്.
അതിനും ആഴത്തിലെക്കുള്ള അന്വേഷണങ്ങളെ  തിന്മ എന്ന് മുദ്ര കുത്തുകയാണ്   ഇടയരെന്നു അവകാശപ്പെടുന്നവരുടെ അജ്ഞത.
നമ്മുടെ ആത്മീയ സംകല്‍പ്പങ്ങളില്‍  നിന്നും പ്രകൃതി പൂര്‍ണ്ണമായി മാറ്റപ്പെട്ടു .
ഫൈത്ത് ഹീലിംഗ് വഴി താല്‍ക്കാലിക അനുഭൂതികള്‍ കിട്ടിയവരില്‍ ചിലര്‍ അതിന്റെ അടിമകളാവുന്നു,മറ്റു ചിലരോ 
നന്മ അഭിനയിക്കുന്നു .
ശരീരം ,മനസ്സ് ,ആത്മാവ് ഇവയെ എല്ലാം ഒരു പോലെ  പരിഗണിക്കുന്ന ആത്മീയ സാധനകള്‍ ലഭ്യമാണ് -
അന്വേഷിക്കുന്നവര്‍ അവ കണ്ടെത്തുകയും ചെയ്യും .   
       അനൂപ്‌ ജോര്‍ജ് 

അനിവാര്യമായ മാറ്റം


അല്‍മായശബ്ദത്തിന്റെ സംഭവബഹുലമായ ഒരു വര്‍ഷം പിന്നിട്ടത് ആഘോഷിച്ച രിതി ഗംഭിരമായിരിക്കുന്നു.  എല്ലാവരെയും ആകര്‍ഷിക്കുന്നതും, ആര്‍ക്കും ളുപ്പത്തില്‍ വായിക്കാവുന്നതും വിലയിരുത്താവുന്നതുമായ രിതിയില്‍ ഈ ബ്ലോഗിനെ മാറ്റാന്‍ ശ്രി. ജോസാന്റണിക്ക് കഴിഞ്ഞു. അദ്ദേഹം പ്രത്യേക പ്രശംസ അര്‍ഹിക്കുകയും ചെയ്യുന്നു. ഒപ്പം ഉണ്ടായിരുന്ന നിരവധി പ്രഗല്‍ഭരായ എഴുത്തുകാരും  ഈ വിജയത്തില്‍ ഭാഗഭാക്കുകളാണ്.  മാന്യമായ ഭാഷയില്‍ തന്നെ പറയേണ്ടത് പറയാന്‍ ഇതിലെ എഴുത്തുകാര്‍ ശ്രദ്ധിച്ചു - ഇന്ന് അല്മായാ ശബ്ദം സിറോ മലബാര്‍ അല്‍മായരുടെ ആധികാരിക മുഖപത്രമായി മാറുകയും ചെയ്തു. ഇതിന്, ഇപ്പോള്‍തന്നെ ദിപികയെക്കാള്‍ കൂടുതല്‍ വായനക്കാരുണ്ട് എന്നത് എങ്ങിനെ ചെറിയൊരു മാറ്റം മാത്രമാകും?

ഏറ്റവും പ്രധാനമായത്, അല്‍മായശബ്ദം അതിന്റെ ദൌത്യത്തിലേക്ക് കടന്നുവെന്നതാണ്. സഭയുടെ മേലധികാരികള്‍, തിരുത്തലിനു അതിതരായ സ്വര്‍ഗ്ഗിയ ദൂതരാണെന്ന ചിന്ത ഇന്ന് വിശ്വാസികള്‍ക്കില്ല;തോന്നിയതുപോലെ തുടരാം എന്ന വിചാരം അധികാരികള്‍ക്കുമില്ല. അല്മായര്‍ വിവിധ മാദ്ധ്യമങ്ങളിലൂടെ നടത്തിയ മുന്നേറ്റത്തിന്റെ ഫലമാണ് ഈ നയവ്യതിയാനമെന്ന് നിസ്സംശയം പറയാം. സംഘടിതരായ അധികാരികള്‍ ദിര്‍ഘകാല വിക്ഷണത്തോടെ സാവധാനം സൂത്രത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളെ ചെറുത്തു നില്‍ക്കാന്‍ അല്‍മായനു മുമ്പ് കഴിയുമായിരുന്നില്ല. ഇന്നതല്ല അവസ്ഥ. താമരക്കുരിശിനെ എതിര്‍ത്ത അമേരിക്കയിലെ കൊപ്പേല്‍ അല്‍ഫോന്‍സാ പള്ളിയില്‍, ആദ്യം ഒരു കൊച്ചു താമരക്കുരിശു വെച്ചുഒരു സുപ്രഭാതത്തില്‍ ബൈബിള്‍ പുറംചട്ടയില്‍ അതുപോലെ ഒന്ന് വന്നുമറ്റൊരു സുപ്രഭാതത്തില്‍ സാക്ഷാല്‍ താമരക്കുരിശു വിശ്വരൂപത്തിലും വന്നു - ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ. കോപ്പെലില്‍ പക്ഷെ കളി കാര്യമായി. അഹമ്മദാബാദിലെ കത്തോലിക്കര്‍ പണിതുയര്‍ത്തിയ പള്ളി പിടിച്ചെടുക്കാന്‍ നടത്തിയ ഗൂഡശ്രമവും പാളുകയാണ് ചെയ്തത്.
 ജര്‍മ്മനിയില്‍ വികാരിയാത്ത് ഉണ്ടാക്കാനുള്ള ശ്രമം തകര്‍ന്നത് അടുത്തകാലത്ത്. നാഗ്പ്പൂരില്‍ ഇടവകകളില്‍ ക്രൈസ്തവ പരിപാടികള്‍ നടപ്പാക്കാന്‍ ബിഷപ്പ് ഏല്‍പ്പിച്ചിരിക്കുന്നത് സ്വാമി സച്ചിദാനന്ദ ഭാരഥി യെ. സിറോ മലബാര്‍ സഭയെ വേണ്ടാത്തത് അതിലെ അല്മായര്‍ക്കു തന്നെയെന്നുള്ളത് വിചിത്രം!

വാസ്തവത്തില്‍ ഉള്ളില്‍ അമര്‍ഷം വളരുന്ന ഒരു അഗ്നിപര്‍വ്വതം പോലെയാണ് ഇന്ന് സഭ. മെത്രാന്മാര്‍ക്കിടയില്‍, വൈദികര്‍ക്കിടയില്‍,അല്മായര്‍ക്കിടയില്‍ എല്ലാം രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എല്ലാം ഒരു താമരക്കുരിശിനെ ചൊല്ലിയല്ല താനും. ഈ രിതിയിലുള്ള വളര്‍ച്ച സുസ്ഥിരമാല്ലായെന്നു പ്രത്യേകം പറയേണ്ടതില്ല. ഒരു സുനാമി തന്നെ ഉള്ളില്‍നിന്ന് ഉരുത്തിരിഞ്ഞെക്കാം. സഭയിലെ പ്രഗല്‍ഭരും പ്രശസ്തരുമായ നിരവധി വൈദികരും പണ്ഡിതരും ഒന്നുചേര്‍ന്ന് നിന്ന് ആര്‍ഭാടത്തിന്റെയും അധികാരത്തിന്റെയും ആഘോഷങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ഈ ആഭാസസംസ്കാരത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ആര്‍ക്കു എത്ര നാള്‍ പിടിച്ചുനില്‍ക്കാനാവും?കുര്‍ബ്ബാന എത്ര പരിഷ്ക്കരിച്ചു എന്നതിലല്ല കാര്യം - ഒരു നിമിഷമെങ്കിലും ശാന്തമായി യേശുവിനെ മനസ്സില്‍ ധ്യാനിച്ച്‌ ഏതെങ്കിലും വിശ്വാസിക്ക് പള്ളിയില്‍ ഇരിക്കാന്‍ കഴിയുന്നുണ്ടോയെന്നതാണ്. അറിയിപ്പുകള്‍ക്കൊണ്ടുംഇടയന്റെ ആഹ്വാനങ്ങള്‍ക്കൊണ്ടും നിറഞ്ഞു നില്‍ക്കുകയാണ് ഓരോ ഞായറാഴ്ച കുര്‍ബ്ബാനയും. 

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സഭ ധാരാളം നടത്തുന്നുണ്ട് - എല്ലാം വൈദികരുടെ മേല്‍നോട്ടത്തില്‍..പക്ഷെ സ്വയം ആക്രി പെറുക്കി ഒരു സാധുവിനെ സഹായിക്കാന്‍ പോന്ന രിതിയില്‍ ഒരു വ്യക്തിയെയും വളര്‍ത്തുന്നില്ല - വേറിട്ട ചില സംഭവങ്ങള്‍ അപൂര്‍വ്വമായി ഉണ്ടായിരിക്കാം എന്നേയുള്ളൂ. സ്വന്തം നിലക്ക് മറ്റൊരാള്‍ക്ക് വചനം വ്യാഖ്യാനിച്ചു കൊടുക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത രിതിയില്‍ അല്മായന്‍ വിലങ്ങുകളിലാണ് എന്ന് പറയാന്‍ ലജ്ജ തോന്നുന്നു. കുറ്റ കൃത്യങ്ങളുടെ കാര്യത്തില്‍, ഇവിടെ ക്രിസ്ത്യാനി  മറ്റു സമുദായങ്ങളെ കടത്തിവെട്ടി. പ്രശ്നങ്ങളുള്ള ക്രൈസ്തവ കുടുംബങ്ങള്‍ ധാരാളംപക്ഷെ  ഒരു വിശ്വാസിയുടെയും വിട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വികാരിമാര്‍ക്ക് താല്പ്പര്യമില്ലായെന്നു പറയുമ്പോള്‍ സഭയുടെ ലക്ഷ്യമെന്ത് എന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കന്യാസ്ത്രിമാരെ ഏല്‍പ്പിക്കുന്നു - അവര്‍ പരിഹരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സൃഷ്ട്ടിച്ചിട്ടു കടന്നുപോവുന്നു. സമ്പന്നരായ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലുള്ള കേരളംആത്മഹത്യാ നിരക്കില്‍ ആറിരട്ടി മുന്നിലുള്ള സംസ്ഥാനമാണ്;മദ്യപന്മാര്‍ ഏറ്റവും കൂടുതലും ഇവിടെത്തന്നെവിവാഹ മോചന കേസുകളുടെ കാര്യത്തിലും മുന്‍പന്തിയില്‍ കേരളമുണ്ട്;കമ്മ്യൂണിസം തഴച്ചു വളരുന്നിടത്തും ക്രിസ്ത്യാനിയുണ്ട്. സിവില്‍ എന്‍ജിനീയറിംഗ്മാര്‍ക്കെറ്റിംഗ്പബ്ലിസിറ്റിമീഡിയ മാനെജ്മെന്റ് തുടങ്ങിയ വിഷയങ്ങളൊക്കെ സെമിനാരി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയെന്നാല്‍  പോലും അതിശയിക്കേണ്ട. അത്രമേല്‍ നാം ക്രിസ്തുവില്‍ നിന്ന് വേര്‍പെട്ടു കഴിഞ്ഞു. ഇത് ചൂണ്ടിക്കാണിക്കാന്‍ ഒരു  ക്രിസ്ത്യാനിക്ക് അവകാശമില്ലേ? 

ഏതെങ്കിലും കേസില്‍ കോടതിയില്‍ എത്തിപ്പെടുന്ന ഒരു വൈദികനോ  മെത്രാനോ പറയുന്നത് സത്യമായിരിക്കുമെന്നു തറപ്പിച്ചു പറയാന്‍ സുബോധമുള്ള ഒരുത്തനും തയ്യാറാവില്ല. അന്ത്യകൂദാശയില്‍ കാര്യമില്ലായെന്നു കോടതിയില്‍ പ്രഖ്യാപിച്ചത് ഒരു മെത്രാന്‍ തന്നെ - ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ. വിദേശത്തേക്ക് ഒരു മെത്രാന്‍ വരുന്നുവെന്ന് കേട്ടാല്‍ അര്‍ത്ഥം വ്യക്തം - പിന്നാലെ ഒരു പിരിവും കാണും. വിശ്വാസ വര്‍ഷം ഏശിയില്ലെങ്കില്‍ അനുസരണ വര്‍ഷം വന്നേക്കാം;അതും ഏശിയില്ലെങ്കില്‍ സഭാവര്‍ഷം വന്നേക്കാംപക്ഷെ സുബോധ വര്‍ഷം ഉണ്ടാവണമെന്നില്ല - അതിനു വേണ്ട ദൈവാനുഗ്രഹത്തിനു എവിടെ പോകുംഒരു അക്രൈസ്തവനോട് നമ്മെപ്പറ്റി ഒന്ന് ചോദിച്ചു നോക്കൂഅപ്പോള്‍ കേള്‍ക്കാം ബാക്കി. ഒരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ അല്മായശബ്ദത്തിന് കഴിയും തിര്‍ച്ച !

ഇതാ പരമദരിദ്രനായ ഒരു രാജ്യത്തലവന്റെ കഥ


മോണ്ടെവിദെയോ: ഇല്ലോളം ഇല്ലാത്ത കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും ഒക്കെ കണ്ടുപഠിക്കേണ്ടതാണ് ഈ മഹാന്റെ ജീവിതം. ഒരു രാജ്യത്തിന്റെ പ്രസിഡന്റായിട്ടും ഒരു ബാങ്ക് അക്കൗണ്ടുപോലും സ്വന്തമായി ഇല്ലാത്ത ഒരാള്‍ ഇതാ ലോകത്തു ജീവിച്ചിരിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു പകരം ഭാര്യവീട്ടിലാണ് താമസം. ലഭിക്കുന്നóശമ്പളത്തിന്റെ 90 ശതമാനവും ഖജനാവിലേക്കു തിരിച്ചടയ്ക്കും. ഇതൊക്കെയാണ് യുറുഗ്വേയുടെ പ്രസിഡന്റ് ഹോസെ മുഹികയുടെ രീതികള്‍........... 

യഥാര്‍ഥ ക്രിസ്ത്യാനികളാകാന്‍ ശ്രമിക്കുന്ന എല്ലാവരും ( നമ്മുടെ മെത്രാന്മാരും എന്നു പറയാന്‍ ധൈര്യം വരുന്നില്ല) കണ്ടു പഠിക്കേണ്ടതാണ് ഈ മഹാന്റെ ജീവിതം എന്ന് ആദ്യവാക്യം തിരുത്തിയതിനുശേഷം താഴെ ക്ലിക്കുചെയ്ത് മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കുക:

-:Marunadan Malayali:- -:

'via Blog this'


അല്മായശബ്ദം - വിവിധവേഷങ്ങളുമായി

രണ്ടാം വയസ്സിലേക്കു പ്രവേശിച്ച അല്മായശബ്ദം നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഇഷ്ടാനുസൃതം മാറ്റാനാവുന്ന വിവിധവേഷങ്ങളുമായിട്ടാണ് ഇന്ന് നിങ്ങളുടെ മുമ്പില്‍ വരുന്നത്. ഇടത്തെ മൂലയിലുള്ള ചെറിയ ത്രികോണത്തില്‍ അമര്‍ത്തിയാല്‍ എട്ടു സാധ്യതകള്‍ കാണാം. നിങ്ങള്‍ക്കിഷ്ടപ്പെട്ടതേതോ ആ രൂപത്തില്‍ ആക്കിയിട്ട് ബ്ലോഗ് വായിക്കുക. ഉദാഹരണത്തിന് flipcard എന്ന രീതിയില്‍ തീയതിയനുസരിച്ചോ എഴുത്തുകാര്‍ക്കനുസരിച്ചോ പോസ്റ്റുകള്‍ ഗ്രൂപ്പു ചെയ്തു കാണാനും പഴയ പോസ്റ്റുകള്‍ പെട്ടെന്നു കണ്ടെടുത്ത് വായിക്കാനും ഒക്കെയാവും. പഴയരൂപത്തിലേക്കുതന്നെ തിരിച്ചുപോകണമെന്നാഗ്രഹമുള്ളവര്‍ almayasabdam@gmail.com എന്ന വിലാസത്തില്‍ എഴുതുക. 

Tuesday, November 6, 2012

ഓശാന : സഭാനവീകരണപ്രവര്‍ത്തകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

കേരള സഭാചരിത്രം പഠിക്കുന്നവര്‍ക്ക് ഭാവിയില്‍ ജോസഫ് പുലിക്കുന്നേലിനെയും ഓശാന മാസികയെയും അവഗണിക്കാന്‍ ആവില്ല. അതിനാല്‍ത്തന്നെ ലെറ്റര്‍ പ്രസ്സില്‍ അച്ചടിച്ചിരുന്ന ആദ്യകാലലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള ജോസഫ് പുലിക്കുന്നേലിന്റ ലേഖനങ്ങളും ലഘുലേഖകളും സമാഹരിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി തുടങ്ങുന്ന ഈ ബ്ലോഗിന് വളരെ പ്രാധാന്യമുണ്ട്. 


മൂന്നു വ്യാഴവട്ടങ്ങള്‍ക്കു മുമ്പെഴുതിയ ലേഖനങ്ങളും ഇടപെടലുകളും അടങ്ങുന്ന ഈ ബ്ലോഗ് അല്മായശബ്ദത്തിന്റെ സ്ഥിരം വായനക്കാര്‍ മാത്രമല്ല, സഭാചരിത്രഗവേഷകരും പിന്തുടരണം എന്നു ശിപാര്‍ശചെയ്യുന്നു. 
ഓശാന:

'via Blog this'

ഞാന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ എനിക്കു പറയാതെവയ്യ



 'ഒരു നല്ല വൈദികനെ പാലാ രൂപതയ്ക്കു നഷ്ടപ്പെട്ടു'  എന്ന പ്രസ്താവനയിലൂടെ 
തന്റെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ തയ്യാറായ ളാലം പുത്തന്‍ പള്ളി ഇടവകാംഗമായ 
ഒരു വിശ്വാസിയാണ് ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി.
സത്യം അതിന്റെ പൂര്‍ണതയില്‍ അറിയിച്ചതിന് പ്രതിനിധിയോഗത്തില്‍നിന്ന് അകാലത്തില്‍ സസ്‌പെന്‍ഡുചെയ്യപ്പെട്ട ആ യോഗപ്രതിനിധി തന്റെ ഉറച്ച നിലപാടു  വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസ്താവനയുടെ പൂര്‍ണരൂപമാണ് താഴെയുള്ളത്.









രണ്ടാം വയസ്സിലേക്ക് കടക്കുമ്പോള്‍

നമ്മുടെ ഈ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികമാണിന്ന്. 

നമ്മുടെ ബ്ലോഗിലെ എഴുത്തുകാരുടെ വായനകൂടി കണക്കാക്കിയാല്‍ ഇതിനോടകം 137000 പേജുകാഴ്ചകള്‍ ആയിട്ടുണ്ട്‌. തൊള്ളായിരത്തിലേറെ പോസ്റ്റുകളും. ഇവയില്‍നിന്ന് ആത്മീയമായ ഉണര്‍വും കര്‍മ്മചൈതന്യവും പകരുന്ന കുറെ പോസ്റ്റുകള്‍ തെരഞ്ഞടുത്ത് ഇ-പുസ്തകരൂപത്തില്‍ ഒരു സ്മരണികയായി പ്രസിദ്ധീകരിക്കാന്‍ കരുതുന്നു. വായനക്കാര്‍ ഓരോരുത്തരും തങ്ങള്‍ക്കിഷ്ടപ്പെട്ട പത്തു പോസ്റ്റുകള്‍ വീതം തെരഞ്ഞടുത്ത് നിര്‍ദ്ദേശിച്ചാല്‍ പ്രാഥമികമായ തെരഞ്ഞെടുപ്പ് എളുപ്പമാകും. അതിന്റെ അടിസ്ഥാനത്തില്‍ ഒരു വിദഗ്ധസമിതിയുടെകൂടി നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവസാന തെരഞ്ഞെടുപ്പ് നടത്തണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ലേഖനത്തിന് ഒരവാര്‍ഡ് പ്രഖ്യാപിക്കണമെന്നും കൂടി കരുതുന്നുണ്ട്. 

KCRM ന്റെ ചര്‍ച്ചായോഗങ്ങള്‍ മൊബൈല്‍ ഫോണുകളിലെ റിക്കാര്‍ഡിങ്ങ് സംവിധാനം ഉപയോഗിച്ച് റിക്കാര്‍ഡു ചെയ്തു തുടങ്ങിയിട്ടുണ്ട്. അങ്ങനെ റിക്കാര്‍ഡു ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ ഇ-മെയില്‍ വിലാസം അയച്ചുതരുന്നവര്‍ക്ക് (ഇ-മെയില്‍ അറ്റാച്ച്‌മെന്റായി അയച്ചുതരാനാവും. (യാതൊരെഡിറ്റിങ്ങും ഉണ്ടാവില്ല. റിയല്‍ പ്ലേയറില്‍ കേള്‍ക്കാനാവും.) അവ MP3 ആയി കണ്‍വര്‍ട്ടു ചെയ്തശേഷം എഡിറ്റും ചെയ്ത് ശബ്ദമായിത്തന്നെ പ്രക്ഷേപണം ചെയ്യുന്നതിന് ആവശ്യകമായ സോഫ്റ്റ്‌വെയറുകളെയും പോഡ്കാസ്റ്റിങ് സംവിധാനത്തെയും പറ്റി പഠിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതികജ്ഞാനമുള്ളവരുടെ സമയത്തിന് ന്യായമായ പ്രതിഫലം നല്കണം. അതിനു കഴിഞ്ഞാല്‍ മൊബൈല്‍ ഫോണുകളിലെ റിക്കാര്‍ഡിങ്ങ് സംവിധാനംതന്നെ ഉപയോഗിച്ച് സ്വന്തം അഭിപ്രായങ്ങള്‍ പകര്‍ത്തി ഇ-മെയില്‍ അറ്റാച്ച്‌മെന്റായി അയച്ചുതന്നാല്‍ അവ ശബ്ദമായിത്തന്നെ പ്രക്ഷേപണം ചെയ്യുന്നതിനും നമുക്കു സാധിച്ചേക്കും.

അയച്ചുതരാമെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മൊബൈല്‍റിക്കാര്‍ഡിങ്ങുകളും സത്യജ്വാല മാസികയുടെ പിഡിഎഫ് ഫയലുകളും കൈപ്പറ്റുന്നവര്‍ എന്തെങ്കിലും സംഭാവന നല്കാന്‍ സന്നദ്ധരാകുന്നപക്ഷം (S B T, Pala Branch A/c No. 67117548175 A/c Name: Kerala Catholic Church Reformation Movement IFSC Code: SBTR0000120) എല്ലാം നമുക്കു നടപ്പാക്കാവുന്നതേയുള്ളു.

Monday, November 5, 2012

ഒരു നല്ല വൈദികനെ പാലാ രൂപതയ്ക്കു നഷ്ടപ്പെട്ടു


പ്രവാചകദൃഷ്ടിയുള്ള ഒരു നല്ല ക്രിസ്ത്യാനി എന്ന പോസ്റ്റില്‍ ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി എന്ന നല്ല ക്രിസ്ത്യാനിയെ പരിചയപ്പെടുത്തിയിരുന്നല്ലോ. അതില്‍ പറഞ്ഞിരുന്നതനുസരിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടു നോട്ടീസുകളും ഇന്നും നാളെയുമായി പ്രസിദ്ധീകരിക്കുകയാണ്.

അദ്ദേഹം പ്രസിദ്ധീകരിച്ചതില്‍ ഒരു മാറ്റവും പാടില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതിനാല്‍  അവയുടെ ഫോട്ടോയാണ് പ്രസിദ്ധീകരിക്കുന്നത്. അക്ഷരം ചെറുതായി തോന്നുന്നവര്‍ control+ ക്ലിക്ക് ചെയ്‌താല്‍ അക്ഷരങ്ങള്‍ വലുതായി കാണാനാവും 



പ്രവര്‍ത്തനങ്ങള്‍ സ്‌നേഹജന്യമാകണം



നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള രണ്ടു പ്രശ്‌നങ്ങള്‍ എന്ന പോസ്റ്റിനെ കുറിച്ച് എന്റെ അഭ്യുദയകാംക്ഷിയായ സക്കറിയാസും സ്‌നേഹിതനായ പയസ്സും മനസ്സിലാക്കിയതിനെക്കാള്‍ മനസ്സിലാക്കിയത് അജ്ഞാതനായ ജ്ഞാനാത്മജനാണെന്ന വസ്തുത സമ്മതിക്കുന്നു. വ്യക്തികള്‍ക്കല്ലാതെ പ്രസ്ഥാനത്തിന് സ്‌നേഹമോ സഹഭാവമോ ക്രൈസ്തവചൈതന്യമോ ഉണ്ടാവില്ലെന്നുള്ളത് ഒരു വസ്തുതയാണ്. പക്ഷേ, അതോടൊപ്പം സ്‌നേഹഭരിതരായ വ്യക്തികളുടെ കൂട്ടായ്മകള്‍ക്ക് ചെയ്യാനാവുന്നത്ര ശക്തമായ പ്രവര്‍ത്തനം ഒറ്റയ്ക്കു നില്ക്കുന്ന വ്യക്തിക്കു സാധ്യമാവില്ലെന്നും സമ്മതിക്കേണ്ടതുണ്ട്. അതിനാല്‍ വൃദ്ധരുടെയും കന്യാസ്ത്രീത്വത്തില്‍നിന്നു മോചിതരാകാനാഗ്രഹിക്കുന്ന സ്ത്രീകളുടെയും സംരക്ഷണം പയസും സക്കറിയാസും നിര്‍ദ്ദേശിച്ചതുപോലെ കൂട്ടായ്മകളുടെ സംരംഭങ്ങളായും തുടങ്ങാവുന്നതാണ്. എന്തായാലും ഏതെങ്കിലും സംഘടനയുടെ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ആശാസ്യമല്ല എന്നാണ് എന്റെ അഭിപ്രായം.



KCRM -ിലെ ചര്‍ച്ചയില്‍ത്തന്നെ ഞാന്‍ നിര്‍ദേശിച്ചത് ഓരോ പഞ്ചായത്തിലും ഓരോ ട്രസ്റ്റുണ്ടാക്കുകയും ഗുണഭോക്താക്കളുടെ വീടുകള്‍തന്നെ വാടകയ്‌ക്കെടുത്ത് വീടിന്റെ സൗകര്യമനുസരിച്ച് അഞ്ചു കുടുംബങ്ങളില്‍ കൂടാത്ത കമ്യൂണുകളായി കുറെ യൂണിറ്റുകള്‍ ഉണ്ടാക്കുകയും ചെയ്യണം എന്നാണ്. ഓരോ യൂണിറ്റിലും ന്യായമായ പ്രതിഫലം നല്കി ഒരു ശുശ്രൂഷകയെ വയ്ക്കുകയും താമസത്തിനും ഭക്ഷണത്തിനും വേണ്ടിവരുന്ന ചെലവുകള്‍ മെസ്സുകളില്‍ ചെയ്യാറുള്ളതുപോലെ സുതാര്യമായി പങ്കിട്ട് എടുക്കുകയും ചെലവാക്കുകയും ചെയ്യുകയാണ് വേണ്ടത്.

ഇങ്ങനെ തുടങ്ങേണ്ട തണലിടങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ നിസ്വാര്‍ഥമായും, എന്നാല്‍ അതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ന്യായമായ പ്രതിഫലം ലഭ്യമാക്കിക്കൊണ്ടും ഏകമനസ്സോടെ നീതിനിഷ്ഠമായി നിര്‍വഹിക്കാം എന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് ട്രസ്റ്റിനുള്ള ഒരു മാതൃകാ നിയമാവലി തയ്യാറാക്കുന്നതില്‍ ഈ ബ്ലോഗിലെ വായനക്കാര്‍ക്കും KCRM-ിന്റെ അംഗങ്ങള്‍ക്കും ഗണഭോക്താക്കളാകാനും സേവകരാകാനും താത്പര്യമുള്ളവര്‍ക്കും ഒരുപോലെ പങ്കാളികളാകാം.

ഭാരതത്തില്‍ ചൂഷണം എന്ന വാക്കിലേറെ അര്‍ഥപൂര്‍ണമായ ഒരു വാക്കും സങ്കല്പവുമുണ്ട്. ദോഹനം എന്നതാണ് ആ വാക്ക്. പാല്‍ കറന്നെടുക്കല്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം. പാലിനായി നാം പശുവിനു കൂടുണ്ടാക്കുകയും പുല്ലും വയ്‌ക്കോലും കാടിയും നല്കുകയുമൊക്കെ ചെയ്യുന്നതുപോലെയായിരിക്കണം നമ്മുടെ സേവനങ്ങളെല്ലാം. വിവരമുള്ള കര്‍ഷകരാരും പശുക്കുട്ടിക്കു വേണ്ടത്ര പാല്‍ നല്കാതെ പാല്‍മുഴുവന്‍ കറന്നെടുത്ത് വില്ക്കാറില്ല. (വിത്തെടുത്തു കുത്തി ഉണ്ണാറുമില്ല.) നമ്മുടെ ഈ സംരംഭത്തിലെ ഗുണഭോക്താക്കളായ വൃദ്ധദമ്പതിമാരുടെയും അവര്‍ക്കു സേവനം ചെയ്യാന്‍ തയ്യാറായെത്തുന്ന സ്ത്രീകളുടെയും താത്പര്യങ്ങള്‍ക്കായിരിക്കണം, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കരുത്, മുന്‍ഗണന. ഒരേ പ്രസ്ഥാനത്തിന്റെ ആയിരം ശാഖകളല്ല, സഹാനുഭൂതീജന്യമായ, സ്‌നേഹപൂര്‍ണമായ, ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ആയിരം സ്വതന്ത്ര സംരംഭങ്ങളാണ് ഉണ്ടാകേണ്ടത്. ഇങ്ങനെയുണ്ടാകുന്ന സംരംഭങ്ങള്‍ സര്‍ക്കാരിന്റെയോ NGO-കളുടെയോ സഹായങ്ങള്‍ക്കായി പരിശ്രമിക്കുന്നതുതന്നെ സംരംഭത്തിനു ദോഷം ചെയ്യും. മാര്‍ഗവും ലക്ഷ്യവും സ്വാശ്രിതത്വമായിരിക്കണം ആദ്യമാതൃക KCRM-ിന്റെ നേതൃത്വത്തിലാകാം. കാലക്രമേണ മാര്‍ഗദര്‍ശനം നല്കാന്‍ സഹായകമായ ഏകോപനത്തിന് മുന്‍കൈയെടുക്കുന്നതും നന്നായിരിക്കും. പക്ഷേ എല്ലാം KCR-Mിലൂടെ മാത്രം എന്നൊരു കേന്ദ്രീകൃത മനോഭാവം ഉണ്ടാകരുത്. ഇത്രയുമാണ് വ്യക്തിപരമായി എനിക്കു നിര്‍ദേശിക്കാനുള്ളത്. സജീവമായ ചര്‍ച്ചയും കര്‍മ്മപരിപാടികളും പ്രതീക്ഷിക്കുന്നതിനാല്‍ ഇതും ഒരു പോസ്റ്റായി വിടുന്നു.

Sunday, November 4, 2012

നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള രണ്ടു പ്രശ്‌നങ്ങള്‍



സ്ത്രീ വിവേചനത്തെപ്പറ്റി KCRM-ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സെമിനാറില്‍ നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള രണ്ടു പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ഒന്ന്: വേണ്ടതിലേറെ സ്വത്തുണ്ടായിട്ടും മക്കളില്ലാത്ത വൃദ്ധദമ്പതികള്‍ വാര്‍ധക്യത്തില്‍ അനുഭവിക്കേണ്ടിവരുന്ന അനാഥാവസ്ഥയും അതിനെ ചൂഷണം ചെയ്ത് സ്വത്തു കൈക്കലാക്കാന്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതശ്രമങ്ങളും. രണ്ട്: വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി മഠങ്ങളിലെത്തിയിട്ടുള്ളവര്‍ക്ക് എത്ര ആഗ്രഹമുണ്ടെങ്കിലും അവിടെനിന്നു പുറത്തുവരാന്‍ അനുവദിക്കാത്ത നമ്മുടെ മനോഭാവം. ഈ പ്രശ്‌നങ്ങള്‍ക്കുള്ള മൂലകാരണമെന്തെന്നും ക്രിസ്തീയപരിഹാരമെന്തെന്നും മനസ്സിലാക്കി സൃഷ്ടിപരമായ ഒരു കര്‍മ്മപരിപാടി അടിയന്തിരമായി ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.

ഇത്തരുണത്തില്‍ രണ്ടു ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. എന്താണ് ക്രിസ്തീയത? ഈ പ്രശ്‌നങ്ങള്‍ക്കുള്ള ക്രിസ്തീയപരിഹാരം എന്താണ്?

അസഹിഷ്ണുവും പ്രതികാരദാഹിയുമായ യാഹ്‌വേയുടെ സ്ഥാനത്ത് ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും ഒരുപോലെ മഴനല്കുന്ന, മനുഷ്യര്‍ അജ്ഞതമൂലം ചെയ്യുന്ന, തെറ്റുകളെല്ലാം നിരുപാധികം പൊറുക്കുന്ന, പിതാവായ ദൈവത്തെ പ്രതിഷ്ഠിക്കുകയായിരുന്നു യേശു ചെയ്തത്. ഒപ്പം ജാതിമതഭേദമെന്യേ എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ടു പ്രമാണങ്ങളില്‍ പത്തു പ്രമാണങ്ങളെ സംഗ്രഹിക്കുകയും ചെയ്തു. ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുക എന്നും തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നുമുള്ള യേശുവിന്റെ അടിസ്ഥാന വിശ്വാസപ്രമാണത്തിന് അദ്ദേഹത്തിന്റെ പേരില്‍ ഉള്ള സഭകളൊന്നുംതന്നെ ഊന്നല്‍ കൊടുക്കുന്നതായി നാം കാണുന്നില്ല. നാം മറക്കരുതാത്തത് ഇതു മാത്രമാണ്: മുകളില്‍ പറഞ്ഞതുള്‍പ്പെടെ ലോകത്തിലുള്ള സകല പ്രശ്‌നങ്ങളുടെയും മൂലകാരണം ഈ യഥാര്‍ഥ ക്രിസ്തീയതയുടെ അഭാവമാണ്. ഈ ക്രിസ്തീയത ഉള്‍ക്കൊള്ളാനായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ക്രിസ്തീയപരിഹാരം അനായാസം കണ്ടെത്താനാവും.

(വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടപ്പിലാക്കിയിരുന്ന ബാലോല്‍സവങ്ങളിലെ സഹവാസ ക്യാമ്പുകള്‍ ഓര്‍മ്മവരുന്നു. ഒരു ഗ്രാമത്തിലെ കുറെ കുട്ടികള്‍ മറ്റൊരു ഗ്രാമത്തിലെ കുറെ കുട്ടികളെ സ്വന്തം വീടുകളില്‍ അതിഥികളായി സ്വീകരിച്ചുകൊണ്ടു നടത്തിയിരുന്ന ആ പരിശീലന പരിപാടികള്‍ ഉളവാക്കിയ സാംസ്‌കാരികോദ്ഗ്രഥനംഅതില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കാര്‍ക്കും വിസ്മരിക്കാനാവുമെന്നു തോന്നുന്നില്ല. അതിനു സമാനമായ അനുഭവമായിരിക്കും താഴെപ്പറയുന്നതുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കുണ്ടാവുക.)

ആദ്യം പറഞ്ഞ രണ്ടു പ്രശ്‌നങ്ങളും നമുക്കൊന്നു കൂട്ടിവായിച്ചു നോക്കാം. മക്കളുടെ ശുശ്രൂഷയും പരിചരണവും തീവ്രമായി ആഗ്രഹിക്കുന്ന മക്കളില്ലാത്ത വൃദ്ധദമ്പതികള്‍ക്ക് മഠം വിടാനാഗ്രഹിക്കുന്ന കന്യാസ്ത്രീകളെ ദത്തെടുത്തുകൂടേ? മാതാപിതാക്കളൊന്നും കൂടെയില്ലാതെ വലിയ വീടുകളില്‍ താമസിക്കുന്ന യുവാക്കളോ മധ്യവയ്‌സ്‌കരോ ആയ ദമ്പതികള്‍ക്ക് സ്വന്തം വീടുകളിലേക്ക് അനാഥാവസ്ഥയിലുള്ള വൃദ്ധദമ്പതികളെ ദത്തെടുത്തുകൂടേ? വൃദ്ധരുമായുള്ള സഹവാസം വഴി അവരുടെ മക്കള്‍ക്ക് എന്തെന്തു സാംസ്‌കാരികപൈതൃകങ്ങളാണ് ലഭ്യമാകാനിടയുള്ളത്? ഇങ്ങനെയൊന്നും ചിന്തിക്കാന്‍ നമുക്ക് എന്തുകൊണ്ടാണ് കഴിയാത്തത്? യഥാര്‍ഥമായ ക്രിസ്തീയത പ്രചരിപ്പിക്കാന്‍ ഇങ്ങനെയുള്ള കൂട്ടായ്മകള്‍ക്കു സാധിക്കുന്നതുപോലെ മറ്റൊന്നിനും സാധിക്കുകയില്ല എന്നതല്ലേ വസ്തുത?

Saturday, November 3, 2012

മതാദ്ധ്യയനത്തില്‍ കൃത്രിമം (3)

വേദപാഠം - പ്രകാശത്തിന്റെ പാതകള്‍ - ഒന്‍പതാം ക്ലാസ് 

ഈ പുസ്തകത്തില്‍കൂടി കണ്ണ് ഒന്നോടിച്ചപ്പോള്‍ കണ്ടെത്തിയ ചില ഭാഗങ്ങള്‍ ഒട്ടും സുതാര്യതയില്ലാത്തവയും ഒട്ടൊക്കെ തെറ്റിധരിപ്പിക്കുന്നവയും ആയി എനിക്ക് തോന്നി. വിശ്വാസത്തെയും സഭാജീവിതത്തെയും  ബാധിക്കുന്ന കാര്യങ്ങളില്‍ ഇത്രമാത്രം അവ്യക്തതയും അസ്ഥിരതയും മാതാപിതാക്കളെയെങ്കിലും  ആശങ്കപ്പെടുത്തേണ്ടതാണ്. മതാദ്ധ്യയനഗ്രന്ഥങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ക്ക് തന്നെ അവയിലെ പഠനങ്ങള്‍ തൃപ്തികരമാണോ എന്നത് മറ്റൊരു വശമാണ്. അങ്ങനെ ചോദിക്കാന്‍ അല്മായര്‍ക്ക് എന്തധികാരം എന്നൊരു മറുചോദ്യമേ ഉണ്ടാകൂ. എന്നാലും ചിലതൊക്കെ കുറിക്കാതിരിക്കാന്‍ വയ്യ.

താള്‍ 26 - കോഴ കൊടുക്കുന്നത് പാപമാണെന്നു കുറിച്ചിട്ടുണ്ട്. എന്നാല്‍ കോഴ വാങ്ങുന്നതിനെപ്പറ്റി ഒരു വാക്ക് പോലും കാണുന്നില്ല. ഇതിലൊരു ഒളിച്ചുകളിയുണ്ടെന്നു വേണം കരുതാന്‍. അതായത്, ആവശ്യം വരുമ്പോള്‍, വിശ്വാസികള്‍ സ്വന്തം റിസ്കില്‍ കോഴ കൊടുത്ത് പാപികളാകട്ടെ; അത് കോഴ വാങ്ങുന്ന അധികൃതരുടെ പ്രശനമല്ല. അവരാകട്ടെ തദ്വാരാ പാപികളാകുന്നുമില്ല (!) എന്നാണോ കുട്ടികള്‍ മനസ്സിലാക്കേണ്ടത്?

താള്‍ 31, 32 - സത്യം, അസത്യം: സത്യത്തിനെതിരായ പാപങ്ങളെപ്പറ്റിയുള്ള ബോധനത്തില്‍, മോഷണം ശ്രദ്ധയില്‍ പെട്ടാല്‍, തിരുത്താന്‍ അവകാശമുള്ളവരോട് അത് വെളിപ്പെടുത്തണം എന്ന് പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ അത് തിന്മക്ക് (കാര്യലാഭം) സാക്ഷ്യം വഹിക്കലാണ്, ഭീരുത്വമാണ്, എന്നും. സഭാധികാരികള്‍ നിത്യമെന്നോണം കള്ളത്തരം കാണിക്കുന്നതും കള്ളസാക്ഷി പറയുന്നതും നിയമനടപടികളില്‍ സ്വന്തം ഭാഗം ജയിക്കാന്‍ വക്കീലന്മാരെയും വിധികര്‍ത്താക്കളെയും സ്വാധീനിക്കുന്നതും കാണുന്ന വിശ്വാസികള്‍ അതൊക്കെ വാക്കാലും എഴുത്തിലൂടെയും രേഖപ്പെടുത്തുമ്പോള്‍, അവര്‍ക്കെതിരെ ശാപവാക്കുകളുമായി തിരിയുന്ന പട്ടക്കാരെ അപ്പോള്‍ എന്ത് ചെയ്യണം? അവര്‍ തന്നെ പറയട്ടെ. വേദപാഠക്ലാസിലെ കുട്ടികള്‍ക്കും സാമാന്യ വിവരം ഉണ്ടല്ലോ. ഇങ്ങനെയൊക്കെ പഠിപ്പിക്കുകയും പ്രവൃത്തിയില്‍ അവയൊക്കെ പാടേ  മറക്കുകയും ചെയ്യുന്ന സഭയെപ്പറ്റി അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് വേദാദ്ധ്യാപകര്‍ ഒരിക്കലെങ്കിലും ആത്മശോധന നടത്തുന്നുണ്ടോ?


താള്‍ 37 -  ശമരിയാക്കാരിയുമായുള്ള യേശുവിന്റെ സംഭാഷണത്തിലെ അതിപ്രധാനമായ വിഷയം - ദൈവത്തെ ആ മലയിലോ ഈ മലയിലോ (പള്ളികളില്‍) അല്ല, മറിച്ച്, ഓരോരുത്തരുടെയും ഹൃദയമാകുന്ന ദേവാലയത്തില്‍ വേണം ആരാധിക്കാന്‍ എന്ന കാര്യം പാടേ ഉപേക്ഷിച്ചുകളഞ്ഞു. കാരണം, അത് പറഞ്ഞാല്‍, ഏതു കുട്ടിയും എഴുന്നേറ്റു നിന്ന് ചോദിക്കാനിടവരും: അപ്പോള്‍, ഈ കാണുന്ന എണ്ണമറ്റ ആരാധനാലയങ്ങളും അവയുടെ അകാലങ്ങളിലുള്ള ധൂര്‍ത്ത് നിറഞ്ഞ പുതുക്കിപ്പണിയലുമൊക്കെ എങ്ങനെ ന്യായവത്ക്കരിക്കും?

താള്‍ 44 - വിശ്വാസകാര്യങ്ങളില്‍ ബുദ്ധി ഉപയോഗിക്കരുത്. അക്കാര്യത്തില്‍ സഭയുടെ വാക്ക് അന്തിമമാണ്‌. സുബുദ്ധിയുള്ള കുഞ്ഞുങ്ങളെ, അവരുടെ ബുദ്ധി അല്പംകൂടി വികസിക്കുമ്പോള്‍, അവിശ്വാസികളും, ഒരു പക്ഷേ നിരീശ്വരരും ആക്കി മാറ്റാനുള്ള ആദ്യ പടിയാണ് ഈ പാഠം.

താള്‍ 57 - യേശുവിന്റെ ശരീരരക്തങ്ങള്‍ പാപമോചനത്തിനായി ബലിയര്‍പ്പിച്ചു. ശരീരവും രക്തവുമെന്ന ദ്വന്ദ്വം അപക്വവും വികലവുമായ ചിന്തയുടെ സൃഷ്ടിയാണ്. കാരണം, ശരീരത്തിന്റെ തന്നെ ഭാഗമാണ് രക്തം. കുരങ്ങിനാണോ അതിന്റെ വാലിനാണോ കൂടുതല്‍ നീളം എന്നൊരാള്‍ ചോദിച്ചാല്‍ എന്ത് മറുപടിയാണ് ഉത്തമം? ചോദ്യം തെറ്റാണെന്നും അതുകൊണ്ട് അതിനു ഉത്തരമില്ലെന്നും മാത്രമേ പറയാനാകൂ. (മാര്‍ കുറീലോസ് പറഞ്ഞ ഉദാഹരണം). കാരണം, വാല് കുരങ്ങിന്റെ ഭാഗം തന്നെയാണല്ലോ. പഴയനിയത്തിലെ പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലത്തെ ഭാഷയില്‍ ശരീരവും രക്തവും എന്നതിനര്‍ത്ഥം ഒരു ജീവസത്തയെന്നേയുള്ളൂ. വേര്‍തിരിവിന്റെ ഒരു ലാഞ്ചന പോലും അന്നും അതിലില്ലായിരുന്നു. പിന്നെ, യേശുവിന്റെ ബലിയുടെ പ്രത്യേകതയായി പറഞ്ഞിരിക്കുന്നത് 'ദൈവമക്കളുടെ രക്ഷക്കായി ഒരു തവണ മാത്രം അര്‍പ്പിച്ച ബലി' എന്നാണ്. അപ്പോള്‍ പിന്നെ പള്ളികളില്‍ നിത്യേന നടത്തുന്ന കര്‍മ്മത്തിന് യേശുവിന്റെ ബലിയില്‍ നിന്നും ഒരു വ്യത്യാസവുമില്ലെന്നും അതില്‍ ഓരോന്നിന്റെയും വില അപാരമാണെന്നും മറ്റുമുള്ള പരമ്പരാഗതമായ പ്രസംഗം അര്‍ത്ഥമില്ലാത്തതല്ലേ? അര്‍ത്ഥമില്ലാത്ത വാചാലത സത്യത്തോടും ദൈവമക്കളോടുമുള്ള  അവഹേളനമല്ലേ?

താള്‍ 58 - വ്യക്തികള്‍ തമ്മിലുള്ള വൈവിദ്ധ്യങ്ങള്‍ എന്ന് പറയുന്നവയില്‍ വിശ്വാസവും ആദ്ധ്യാത്മികതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെങ്ങനെ ഉള്‍ക്കൊള്ളണം എന്നതിന് ഒരു സൂചനയും കൊടുക്കുന്നില്ല. തന്നെയല്ല, നേരത്തേ കണ്ടതുപോലെ, വിശ്വാസകാര്യങ്ങളില്‍ ബുദ്ധി ഉപയോഗിക്കരുത്, അക്കാര്യത്തില്‍ സഭയുടെ വാക്ക് അന്തിമമാണ്‌ എങ്കില്‍, വിശ്വാസത്തില്‍ വൈവിദ്ധ്യം എന്നത് പാഴ്വാക്ക് മാതമല്ലേ?

താള്‍ 59- സ്വന്തം രക്തത്തോടുകൂടി യേശു നിത്യകൂടാരമായ സ്വര്‍ഗത്തില്‍ പ്രവേശിച്ച് പരിത്രാണകര്‍മ്മം നിറവേറ്റി. ഇക്കൂടെ ഹെബ്രാ. 8,1 മുതല്‍ 10,39 വരെയാണ് സൂചികയായി കൊടുത്തിരിക്കുന്നത്. ആ ഭാഗം മൊത്തത്തില്‍ പഴയനിയമ ഭാഷയിലാണ്. ഒരു കുഞ്ഞിനും ഒന്നും തിരിയുകയുമില്ല. ഇങ്ങനെയൊക്കെ മതിയോ നമ്മുടെ മതാദ്ധ്യയനം?


'കുരിശുയുദ്ധം' മൂര്ച്ഛി ക്കുന്ന അമേരിക്കയിലെ കോപ്പേല്‍ പള്ളി


ജോര്‍ജ് മൂലേച്ചാലില്‍
(ഒക്ടോബര്‍ ലക്കം സത്യജ്വാല മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)

അമേരിക്കയിലെ, സീറോ-മലബാര്‍ സഭയില്‍പ്പെട്ട ചിക്കാഗോ രൂപതയിലെ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാപള്ളി ഏറെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആണ്. ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അക്രൈസ്തവമായ നിലപാടുകള്‍ക്കും അടിച്ചേല്‍പിക്കലുകള്‍ക്കുമെതിരെ ശക്തമായി ചെറുത്തുനിന്ന ആദ്യഇടവക എന്ന നിലയില്‍ പ്രസിദ്ധം. 'മെത്രാനെ ധിക്കരിക്കുകയോ?' എന്നു കരുതുന്നവരെ സംബന്ധിച്ച്, കുപ്രസിദ്ധം. മാര്‍ അങ്ങാടിയത്ത് പ്രതിനിധാനം ചെയ്യുകയും രൂപതയിലാകെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കല്‍ദായവല്‍ക്കരണത്തിനെതിരെ അമേരിക്കയില്‍ ആദ്യവെടി പൊട്ടിയത് കോപ്പേല്‍ പള്ളിയിലായിരുന്നു.

കല്‍ദായവല്‍ക്കരണത്തിന്റെ ഭാഗമായി, ഒരു 'പേര്‍ഷ്യന്‍ കുരിശി'നെ 'മാര്‍ത്തോമ്മാക്കുരിശ്' എന്നു പുതുതായി നാമകരണംചെയ്ത്, സീറോ-മലബാര്‍ സഭയുടെ പൈതൃകക്കുരിശ് എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ ആയിരുന്ന മാര്‍ പൗവ്വത്തിലിന്റെ നേതൃത്വത്തിലായിരുന്നു ഈ കുരിശിന്റെ ഇറക്കുമതി. വാസ്തവത്തില്‍, 1985-നു ശേഷംമാത്രമാണ്, അതുവരെ 'മാനിക്കേയന്‍ കുരിശെ'ന്നും, 'പഹ്‌ലവി കുരിശെ'ന്നും 'പേര്‍ഷ്യന്‍ കുരിശെ'ന്നുമൊക്കെ പരാമര്‍ശിക്കപ്പെടുകയും, ഇപ്പോള്‍ 'ക്ലാവര്‍ കുരിശെ'ന്നും 'താമരക്കുരി'ശെന്നും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ഈ കുരിശിനെ 'മാമോദീസാ'മുക്കി മാര്‍ പൗവ്വത്തില്‍ 'മാര്‍ത്തോമ്മാക്കുരിശ്' എന്നു പേരിട്ടത്. നൂറ്റാണ്ടുകളായി കേരളകത്തോലിക്കാസഭയില്‍ എല്ലാവരും വണങ്ങിപ്പോരുന്നതും, പള്ളിക്കുള്ളില്‍ പ്രധാനസ്ഥലത്തു പ്രതിഷ്ഠിച്ചിരുന്നതും യേശു മരിച്ചുകിടക്കുന്ന ക്രൂശിതരൂപമായിരുന്നു. പക്ഷേ, തങ്ങളുടെ ഹൃദയത്തോടു പറ്റിച്ചേര്‍ന്ന് വിശ്വാസത്തിന്റെതന്നെ ഭാഗമായിത്തീര്‍ന്ന ഈ ക്രൂശിതരൂപത്തെ പള്ളിയില്‍നിന്നും മനസ്സില്‍നിന്നും പറിച്ചുമാറ്റണമെന്ന ശാഠ്യത്തിലായിരുന്നു കല്‍ദായവാദികളായ മെത്രാന്മാര്‍. മാര്‍ അങ്ങാടിയത്തും ഇതേ ശാഠ്യത്തിലാണ്. ഈ ശാഠ്യത്തിനുനേരെയാണ്, മൂന്നുവര്‍ഷംമുമ്പ് കോപ്പേല്‍ ഇടവകക്കാര്‍ നിറയൊഴിച്ചത്. തങ്ങള്‍ വന്‍തുക കൊടുത്തുവാങ്ങി പുതുക്കിപ്പണിത സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ ക്രൂശിതരൂപം പാടില്ലെന്നും, പകരം, 'മാര്‍ത്തോമ്മാ കുരിശ്' പ്രതിഷ്ഠിക്കണമെന്നും മാര്‍ അങ്ങാടിയത്ത് കല്പനയിറക്കി. ജനങ്ങള്‍ ഇളകിവശായി. അവര്‍ നിവേദനങ്ങളും അപേക്ഷകളും മറുവാദങ്ങളുമായി അരമനയില്‍ പലവട്ടമെത്തി. ചീ എന്ന ഒരേയൊരുത്തരം മാത്രം! സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനും മാര്‍പ്പാപ്പായ്ക്കുംവരെ അവര്‍ നിവേദനങ്ങളയച്ചു. തിരിച്ചൊരക്ഷരംപോലും മറുപടി കിട്ടിയില്ല. അവസാനം അവര്‍ തീരുമാനിച്ചു, തങ്ങള്‍ വിലകൊടുത്തു വാങ്ങിയ പള്ളിയില്‍ തങ്ങളുടെ പൈതൃകവിശ്വാസമനുസരിച്ചുള്ള ക്രൂശിതരൂപംതന്നെ പ്രതിഷ്ഠിക്കും. കല്‍ദായവാദിയല്ലാതിരുന്ന അന്നത്തെ വികാരി ഫാ. സജി അവരുടെ ഉദ്യമത്തെ തടഞ്ഞില്ല. അങ്ങനെ മനോഹരമാക്കിയ മദ്ബഹായില്‍ ക്രൂശിതരൂപം ജനകീയമായി സ്ഥാപിക്കപ്പെട്ടു!

അടിയേറ്റ ബിഷപ്പ് അങ്ങാടിയത്ത് അടങ്ങിയിരുന്നില്ല. ജനാഭിലാഷത്തെ മാനിച്ച വികാരിയെ തല്‍ക്ഷണം അമേരിക്കയില്‍നിന്നു നാടുകടത്തി ശിക്ഷിച്ചു. അദ്ദേഹത്തിനും കൈക്കാരന്മാര്‍ക്കുമെതിരെ സാമ്പത്തികാരോപണങ്ങള്‍ ഉന്നയിച്ചു. പള്ളിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കൂടാതെ, പറഞ്ഞദിവസം പള്ളി വെഞ്ചരിച്ചുകൊടുക്കാന്‍ അദ്ദേഹം എത്തിയതുമില്ല. എന്നാല്‍, പള്ളിക്കര്‍മ്മങ്ങള്‍ തുടര്‍ന്നുനടത്താന്‍ പാകത്തില്‍, നിശ്ചിതദിവസംതന്നെ. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ധ്യാനഗുരുവിന്റെ നേതൃത്വത്തില്‍ 'വെഞ്ചരിപ്പു'കര്‍മ്മം നടത്തിക്കൊണ്ട്, ഇടവകക്കാര്‍ തങ്ങളുടെ ഉദ്യമം വിജയിപ്പിച്ചു.

ഇതോടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്ന് എല്ലാവരും കരുതി. കുറേക്കാലത്തേക്ക് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുതാനും. ഇതിനിടെ, ബിഷപ്പെത്തി പള്ളി ഔദ്യോഗികമായി വെഞ്ചരിച്ചുകൊടുക്കുകയും ചെയ്തു. തല്‍സ്ഥിതി (Status-co) തുടരുമെന്നും ക്രൂശിതരൂപം മാറ്റില്ലെന്നും വിശ്വാസികള്‍ക്ക് അദ്ദേഹം ഉറപ്പുംനല്‍കി. എന്നാല്‍ അതിനിടെ, അദ്ദേഹം നിയോഗിച്ച വികാരി ബലിപീഠത്തിലും ബേമ്മയിലും വളരെ ചെറിയ ഓരോ 'മാര്‍ത്തോമ്മാക്കുരിശ്' വച്ച് കുര്‍ബാന ചൊല്ലാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ക്രൂശിതരൂപത്തിന്റെ തല്‍സ്ഥിതി തുടരുമെന്ന് ബിഷപ് അംഗീകരിച്ച നിലയ്ക്ക് അതൊരു വിഷയമാക്കേണ്ടെന്ന് കരുതി ഇടവകക്കാര്‍ മിണ്ടാതിരുന്നു. അങ്ങനെ, 'മാര്‍ത്തോമ്മാക്കുരിശ്' കോപ്പേല്‍ പള്ളിയിലെ ബലിപീഠത്തില്‍ കാലുറപ്പിച്ചു. തുടര്‍ന്ന്, മാര്‍ത്തോമ്മാക്കുരിശിന്റെ സ്വര്‍ണ്ണാംഗിതമായ ചിത്രം എടുത്തുകാണിക്കുന്ന തരത്തില്‍ ബൈബിളിനൊരു പുറംചട്ട പ്രത്യേകമുണ്ടാക്കി, അതുയര്‍ത്തിപ്പിടിച്ച് ആശീര്‍വദിക്കുന്ന രീതികൊണ്ടുവന്നു. കൂടാതെ, തന്റെ ഇംഗിതമനുസരിച്ചു പ്രവര്‍ത്തിക്കും എന്നുറപ്പുള്ള വൈദികരെ വികാരിമാരായി നിയമിച്ചും, മെത്രാന്‍പക്ഷത്തുള്ള ന്യൂനപക്ഷത്തില്‍നിന്നു കമ്മിറ്റിക്കാരെയും കൈക്കാരന്മാരെയും നിയോഗിച്ചും വിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കിത്തുടങ്ങി. അങ്ങനെ, തന്നെ ധിക്കരിച്ചു ക്രൂശിതരൂപം സ്ഥാപിച്ചവരെ പാഠം പഠിപ്പിക്കാനുള്ള പരിശ്രമം ബിഷപ്പ് ആരംഭിച്ചു. ഇതിന്‍ഫലമായി പള്ളിയും പള്ളിയോഗവും പടക്കളമായ സാഹചര്യംവരെ ഉണ്ടായി. ഒട്ടേറെ കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും രണ്ടു തട്ടിലായി. കലഹത്തിന്റെ അന്തരീക്ഷമുണ്ടായി. ഇടയ്ക്കിടെ നാട്ടില്‍നിന്ന് ഓരോ വൈദികരെത്തി, സഭയുടെ കല്‍ദായപൈതൃകത്തിന്റെയും മാര്‍ത്തോമ്മാക്കുരിശിന്റെയും മഹത്വങ്ങള്‍ വര്‍ണ്ണിച്ചും ക്രൂശിതരൂപ ത്തെ തരംതാഴ്ത്തിയും പ്രസംഗിച്ചു. അടുത്തകാലത്ത്, ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ ഫാ. ജോസ് ആലഞ്ചേരി യേശുവിന്റെ ശവപ്രദര്‍ശനമാണു ക്രൂശിതരൂപമെന്നു പറഞ്ഞ് അതിനെ നിന്ദിക്കുകയുണ്ടായത്രെ! 

അന്നു പള്ളിയന്തരീക്ഷം പ്രക്ഷുബ്ധമാവുകമാത്രമല്ല, അദ്ദേഹം ഇങ്ങനെ പ്രസംഗിച്ച വിവരം ഇടവകക്കാര്‍ റോമിനെയും മറ്റധികാരസ്ഥാനികളെയും എഴുതി അറിയിക്കുകയുമുണ്ടായി. (ഇക്കാരണത്താല്‍, സഹോദരനായ മാര്‍ ആലഞ്ചേരിയെ കര്‍ദ്ദിനാളായി വാഴിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ അദ്ദേഹത്തിന് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു എന്നും കേള്‍ക്കുന്നുണ്ട്.) ഇപ്രകാരം ഘട്ടംഘട്ടമായും ആസൂത്രിതമായും തന്റെ കല്‍ദായവല്‍ക്കരണ 'പരിഷ്‌കാര'ങ്ങള്‍ കോപ്പേല്‍ പള്ളിയിലും നടപ്പാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്, ബിഷപ്പ് അങ്ങാടിയത്ത് എന്നാണ് അവിടെ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിഷപ്പിന്റെ ലക്ഷ്യസാധ്യത്തിനായി ഏറ്റവും അവസാനം നിയമിക്കപ്പെട്ട വികാരിയാണ് ഫാ. മാത്യു ശാശ്ശേരി. അദ്ദേഹമെത്തിയപ്പോള്‍ മുതലാണത്രെ, ഒരുവിധം ശാന്തമായിരുന്ന കോപ്പേല്‍ ഇടവകാന്തരീക്ഷം പ്രക്ഷുബ്ധമായിത്തുടങ്ങിയത്. ഭിന്നിപ്പിക്കല്‍പ്രക്രിയ ശക്തമാക്കുകയും ഇടവകജനം രണ്ടു പരസ്പരവിരുദ്ധഗ്രൂപ്പുകളായിത്തിരിയുകയും ചെയ്തു. കമ്മിറ്റികളില്‍ വാക്കേറ്റവും കൈയാങ്കളിയും നിത്യസംഭവങ്ങളായി. പള്ളിച്ചടങ്ങുകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടേണ്ടിവന്ന സന്ദര്‍ഭം വരെയുണ്ടായി. പള്ളി വെഞ്ചരിപ്പിനു ബിഷപ്പ് എത്തിയതും പോലീസ് സംരക്ഷണത്തിലായിരുന്നത്രെ!

പ്രശ്‌നങ്ങള്‍ പരിധിവിട്ടതുകൊണ്ടാണോ, അതോ വിസാ കാലാവധി കഴിഞ്ഞിട്ടാണോ എന്നറിയില്ല, അദ്ദേഹം രൂപതവിടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും കേള്‍ക്കുന്നു. അതിനിടെ, അജ്ഞാതമായ ഏതോ ഒരു കേസില്‍ അദ്ദേഹത്തിനെതിരെ കുറേപ്പേര്‍ ബിഷപ്പിനു പരാതി നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തിനായി അദ്ദേഹത്തെ രൂപതാ ആസ്ഥാനത്തേക്കു വിളിച്ചിട്ടുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഈ പശ്ചാത്തലത്തിലായിരുന്നു, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30, ഞായറാഴ്ച, അദ്ദേഹം നടത്തിയ അപ്രതീക്ഷിതപ്രകടനം.

സംഭവത്തെപ്പറ്റി കേള്‍ക്കുന്നതിങ്ങനെ: ബലിപീഠത്തിലും ബേമ്മയിലും അലുമിനിയത്തില്‍ തീര്‍ത്ത ഓരോ ചെറിയ 'മാര്‍ത്തോമ്മാ കുരിശ്' വയ്ക്കുന്നതിനെ, ക്രൂശിതരൂപത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാമെന്ന് ബിഷപ്പ് അംഗീകരിച്ചതിന്റെ പേരില്‍, ആരും എതിര്‍ക്കുകയുണ്ടായില്ല എന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അതായത്, ആ കുരിശുകളുടെ കാര്യത്തിലും തല്‍സ്ഥിതി തുടര്‍ന്നോട്ടെ എന്ന് വിശ്വാസികള്‍ അംഗീകരിച്ചു. എന്നാല്‍, സെപ്തംബര്‍ 28-ാം തീയതി വെളളിയാഴ്ച രാവിലെ പള്ളിയില്‍ ചെന്നവര്‍ കണ്ടത് അലുമിനിയത്തില്‍ തീര്‍ത്ത 6 ഇഞ്ച് 'മാര്‍ത്തോമ്മാക്കുരിശി'നു പകരം, ഈട്ടിത്തടിയില്‍ തീര്‍ത്ത സാമാന്യം വലിയ മാര്‍ത്തോമ്മാക്കുരിശാണ്. ആള്‍ക്കാര്‍ അതു ചോദ്യംചെയ്യുകയും, അച്ചന്‍ ഭീഷണിസ്വരത്തില്‍ കയര്‍ത്തുസംസാരിക്കുകയും ചെയ്തു. ഇത് ജനങ്ങളുടെയിടയില്‍ ചര്‍ച്ചാവിഷയമാകുകയും, 'മാര്‍ത്തോമ്മാക്കുരിശി'ന്റെ കാര്യത്തിലുള്ള തല്‍സ്ഥിതി അച്ചന്‍ ലംഘിച്ചതിനെ ചോദ്യംചെയ്യണമെന്നു തീരുമാനിക്കുകയും ചെയ്തു. 30-ാം തീയതി ഞായറാഴ്ചക്കുര്‍ബാനയ്‌ക്കെത്തിയവരില്‍ ചിലര്‍ നേരത്തെതന്നെ ബലിപീഠത്തിലും ബേമ്മയിലും ഓരോ ക്രൂശിതരൂപവുംകൂടി കൊണ്ടുവച്ചു. കുര്‍ബാന ചൊല്ലാന്‍ വന്ന വികാരിയച്ചന്‍ ബലിപീഠത്തിലെ ക്രൂശിതരൂപം കണ്ടതും, 'കുരിശുകണ്ട പിശാചിനെപ്പോലെ'യെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട്, ക്രുദ്ധനായി ഉറഞ്ഞുതുള്ളുകയായിരുന്നുവത്രെ!

അള്‍ത്താരയുടെ പിറകിലേക്ക് ഝടുതിയില്‍ പോയി, കുര്‍ബ്ബാനവസ്ത്രം ഊരിയെറിഞ്ഞുപോലും! എന്നിട്ട് ദേഷ്യത്തില്‍ തിരിച്ചെത്തി ക്രൂശിതരൂപമെടുത്ത്, നാട്ടിലും അമേരിക്കയിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്ന ഒരു ക്രിമിനലിനെ ഏല്‍പ്പിക്കുകയും, അയാള്‍ അതുമായി ഓടിമറയുകയും ചെയ്തുവത്രെ! തുടര്‍ന്ന് മൈക്കിലൂടെ, ക്രൂശിതരൂപം അല്‍ത്താരയില്‍ കൊണ്ടുവച്ചയാള്‍ ക്ഷമാപണം ചെയ്യാതെ താന്‍ കുര്‍ബാന ചൊല്ലില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തടിയില്‍തീര്‍ത്ത വലിയ 'മാര്‍ത്തോമ്മാ കുരിശ്' മാറ്റാന്‍ അച്ചന്‍ തയ്യാറാകണമെന്ന് ജനങ്ങളും വാദിച്ചു. ബഹളം ഒരു മണിക്കൂര്‍ നീണ്ടുപോയപ്പോള്‍, നിലവിലുള്ള കൈക്കാരന്മാരിലൊരാള്‍, എങ്ങനെയും കുര്‍ബാന നടത്തണമെന്ന ഉദ്ദേശ്യശുദ്ധിയോടെ മുന്നോട്ടുവന്ന് എല്ലാവര്‍ക്കുംവേണ്ടി ക്ഷമ പറഞ്ഞെന്നും, പിന്നെ അച്ചന്‍ കുര്‍ബാന അര്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

ഇങ്ങനെയൊരു പ്രകടനം നടത്താന്‍ കോപ്പേല്‍ വികാരിയെ പ്രേരിപ്പിച്ചതിന്റെ പിന്നില്‍, തന്റെ പേരില്‍ ബിഷപ്പിനു ചെന്നിരിക്കുന്ന പരാതിയാണെന്ന് ഊഹിക്കപ്പെടുന്നു. ഒന്നുകില്‍ ബിഷപ്പിനോടു തനിക്കുള്ള പ്രതിബദ്ധത തെളിയിച്ച് പ്രശ്‌നത്തില്‍നിന്നു രക്ഷപ്പെടാനുള്ള അച്ചന്റെ തന്ത്രം; അല്ലെങ്കില്‍, കുരുക്കില്‍വീണ അച്ചനെക്കൊണ്ട് തനിക്കു വേണ്ടതായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ബിഷപ്പ് ചെലുത്തിയ സമ്മര്‍ദ്ദം- ഇതിലേതെങ്കിലും ഒന്നായിരിക്കാം കാരണം എന്നനുമാനിക്കപ്പെടുന്നു.

സംഭവത്തിന്റെ ക്ലൈമാക്‌സ് ഇനിയാണ്! വേദപാഠത്തിനെത്തിയ കുട്ടികളുടെ മുന്നില്‍ അച്ചന്‍ അവരുടെ മാതാപിതാക്കളെയോര്‍ത്ത് കരഞ്ഞുകാണിച്ചുവത്രേ! വഴിതെറ്റിപ്പോയ അവരെ നേര്‍വഴിക്കു കൊണ്ടുവരുവാന്‍ മക്കള്‍ പ്രാര്‍ത്ഥിക്കണമെന്നതായിരുന്നുപോലും
, അന്നത്തെ പ്രധാന വേദപാഠസന്ദേശം! അതോടെ അപ്പനെയും അമ്മയെയും ബഹുമാനിക്കണമെന്ന നാലാം പ്രമാണം കുട്ടികളില്‍ പലരും മറക്കുകയും വീട്ടില്‍ചെന്ന് മാതാപിതാക്കളോടു കയര്‍ത്തുസംസാരിക്കുകയും അവരെ അച്ചനുവേണ്ടി ഗുണദോഷിക്കുകയും ചെയ്തുവെന്നാണറിയുന്നത്. അങ്ങനെ കോപ്പേലിലെ സീറോ-മലബാര്‍ കുടുംബങ്ങള്‍ പലതും ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിങ്ങനെ മൂന്നുതട്ടിലായിരിക്കുന്നു! മാത്രമല്ല, ഇതെല്ലാം കണ്ടുംകേട്ടും മടുത്ത് അമേരിക്കയിലെമ്പാടുമുള്ള മലയാളിക്കത്തോലിക്കര്‍ തങ്ങളുണ്ടാക്കിയ സീറോ-മലബാര്‍ പള്ളികള്‍ വിട്ട് അമേരിക്കന്‍ പള്ളികളില്‍ പഴയതുപോലെ പോകാനാരംഭിച്ചിരിക്കുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അങ്ങനെ, നമ്മുടെ പള്ളികളും അമേരിക്കയില്‍ താമസിയാതെ മ്യൂസിയങ്ങളോ, റിസോര്‍ട്ടുകളോ ആയിക്കൂടെന്നില്ല. കല്‍ദായതീവ്രവാദത്തിന് വേറെന്തു ഫലമുണ്ടാകാന്‍!


Friday, November 2, 2012

കാലമേ, സാക്ഷി!

സാമുവല്‍ കൂടല്‍
1. 
കാലമേ, സാക്ഷിയെന്നക്ഷരങ്ങള്‍ക്കു നീ
മാനസം നേദിച്ച വാക്കുകള്‍ക്കും;
ചിന്തതന്നോശാന സൂനങ്ങളാണിവ,
യെശയ്യാവൊന്നിന്‍ പതിനഞ്ചുപോല്‍.
2.

പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കേണ്ട യാഹന്നന്‍
മൗനിയായ്, കാതങ്ങടച്ചപോലെ;
കാണാതെ കാണുവോന്‍ കണ്ണടച്ചാമുഖം
പണ്ടേ തിരിച്ചു നിങ്ങള്‍ക്കെതിരായ്!
3. 

ദേവന്റെ തേന്മൊഴി ചിന്നഭിന്നം ചൊല്ലി
ദ്വന്ദയുദ്ധങ്ങള്‍തന്‍ വിശ്വാസവും,
വേദവും വിപരീതാരാധനാരീതിയും
സ്തുതി, യാചനാരവമാകെ വ്യര്‍ത്ഥം.
4. 

യിരമ്യാവിരുപത്തിമുന്നിന്റെ എട്ടിലെ
കളളപ്രവാചകപ്പാസ്റ്ററെങ്ങും!
കര്‍ത്താവിന്റെച്ചായന്‍ കത്തനാരും മെത്രാന്‍
അരമനതോറും സിംഹാസനസ്ഥന്‍;
5. 

കര്‍ദ്ദിനാള്‍ ബാവയും പാപ്പയും കേമരായ്
അന്തിക്രിസ്തുപോലും തോറ്റകാലം,
ദൈവസ്‌നേഹം മറന്നിന്നിഹേ ശണ്ഠയായ്
സാത്താനു കൂടാരമായ് ഹൃദന്തം!
6. 

പ്രാര്‍ത്ഥിക്കാന്‍ പളളിയില്‍ പോകരുതെന്നവന്‍
പണ്ടേ പഠിപ്പിച്ചു പ്രാര്‍ത്ഥനയും;
പാടേ മറന്നീക്കുരുടര്‍ക്കു പിന്‍പറ്റി
തലമുറ കുഴിയില്‍ ഹാ! വീണിടുന്നു.
7. 

ലഹളക്കളങ്ങളാം പളളികളാകവേ
ഇല്ലാതെയായാല്‍ ഇവിടെ സ്വര്‍ഗ്ഗം!
അങ്കം കുറിക്കും സഭകള്‍ നശിക്കണം,
എങ്കിലേ സത്യസഭയുണരൂ....
8. 

എന്നെപ്പോലെന്നയല്‍ക്കാരനെ സ്‌നേഹിച്ചാല്‍
ദൈവസഭയിലൊരംഗമായ് ഞാന്‍;
ആഴിയില്‍ നീര്‍ക്കണം ചേര്‍ന്നപോലദൈ്വതം
സ്‌നേഹമാമീശനില്‍ നാമലിയാം....

കലഞ്ഞൂര്‍
02-02-2011 

മലയാളി വൈദികന്റെ നേതൃത്വത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം


മലയാളി വൈദികന്റെ നേതൃത്വത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം

കടുത്തുരുത്തി : ജില്ലയിലെ പ്രമൂഖ ക്രിസ്തീയ അതിരൂപതയിലെ യുവ വൈദികന്റെ മേല്‍ നോട്ടത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം. നടത്തിപ്പൂകാര്‍ മലയാളികളായ സ്ത്രീകള്‍. കഥാനായകനായ വൈദികന്‍ രൂപതയിലെ വിവിധ ഇടവകളില്‍ സേവനം ചെയ്യുന്നിടുത്ത് പരിചയപ്പെട്ട വനിതാ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന യുവതികളായ വീട്ടമ്മമാരെയും, അവരുടെ ബന്ധുക്കളായ യുവതികളെയുമാണ് ഇറ്റലിയിലെ വേശ്യാലയത്തില്‍ എത്തിച്ചിരിക്കുന്നത്.
 കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, മടമ്പം, രാജപുരം, മേഖലകളില്‍ നിന്നുള്ള യുവതികളാണ് ഇവിടെ എത്തിയിരിക്കുന്നത്. പ്രായമായവരെ ശ്രൂശുഷിക്കാനായുള്ള ജോലികള്‍ക്കാണ് കൊണ്ടുപോകുന്നത് എന്നാണ് വൈദികന്‍ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെയും, മാതാപിതാക്കളെയും ധരിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഇറ്റലിയില്‍ ചെല്ലുന്ന വിവിധ രൂപതകളില്‍പ്പെട്ട വൈദികര്‍, പ്രമൂഖ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് താമസവും വിരുന്നും ഒരുക്കുന്നതും യുവ വൈദികന്റെ പഞ്ചനക്ഷത്ര വേശ്യാലായത്തിലാണ്. വൈദികന്റെ സഹായികളായ ഇടവകയില്‍ ജോലി ചെയ്യുന്ന ചില കന്യാസ്ത്രികളും, സഹവൈദികരും സ്ഥലത്തെ പ്രമൂഖ രാഷ്ട്രീയ ദിവ്യന്മാരും ഉണ്ട്. ഇവര്‍ക്ക് കമ്മിഷന്‍ ഇനത്തില്‍ നല്ല തുക വൈദികന്‍ മാസം ഇവരുടെ അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുക്കും.
വിശദമായ റിപ്പോര്‍ട്ടു വായിക്കാന്‍ താഴെ ക്ലിക്കു ചെയ്യുക:

malayali priest Five star Brothel in Italy | keralaonlinenews.com:

'via Blog this'

നിഷ്ക്കളങ്കതയുടെ വഴിയേ

ഒരു പരിഷ്ക്കാരവും പുലര്‍ന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ പിറന്നുവീണ്, വെട്ടി നശിപ്പിച്ചിട്ടില്ലാത്ത ഒരു കാനനത്തില്‍ ദിനരാത്രങ്ങള്‍ കഴിച്ച്, മരച്ചില്ലകളിലൂടെ ചാടിനടന്ന്, വിശക്കുമ്പോള്‍ കിട്ടുന്നത് തിന്നും കുടിച്ചും കഴിയാന്‍വേണ്ടി ഒരു ജന്മംകൂടി കിട്ടിയിരുന്നെങ്കില്‍! എന്നിട്ട്, ഓര്‍ഹന്‍ പാമുക്ക് ആഗ്രഹിക്കുമ്പോലെ, ലോകത്തിന്റെ അപരിചിതമായ ഒരു കോണില്‍ ആരുടേയും ഓര്‍മ്മയില്‍പ്പെടാതെ, കനത്ത മഞ്ഞുപാളികള്‍ക്കിടയില്‍ മരിച്ചുകിടക്കാന്‍ ആയിരുന്നുവെങ്കില്‍! ഈ മനോഹര ലോകത്തിന്റെ വശ്യത എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നു.

എന്നെ പിടിച്ചിരുത്തുന്ന മറ്റൊരു വശ്യചിത്രമാണ്, അലഞ്ഞു നടന്നിരുന്ന നാടോടിയായ യേശുവിനെ അറിഞ്ഞ സ്ത്രീകളില്‍ ചിലര്‍ ഉറക്കെപ്പറഞ്ഞത്‌: "നിന്നെ ചുമന്ന വയറും നീ കുടിച്ച മുലകളും എത്ര സൗഭാഗ്യമുള്ളവ!" യേശുവിനെ അടുത്തറിഞ്ഞ ഓരോ സ്ത്രീയും താനവന്റെ അമ്മയായിരുന്നെങ്കില്‍ എന്ന കൊതി ഉള്ളില്‍ കൊണ്ടുനടന്നിരിക്കണം എന്നത് ന്യായമായ ഒരു ചിന്തയാണ്. ഈ വാക്യം തന്റെ കൃതിയില്‍ ഉദ്ധരിച്ച ഒരു വൈദികഗ്രന്ഥകാരന്‍ അതിങ്ങനെയാക്കി: "നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരവും സൗഭാഗ്യമുള്ളത്." ഒരു സ്ത്രീയുടെ മുലകളെ മുലകള്‍ എന്നുതന്നെ വിളിക്കാന്‍ ഒരാള്‍ ലജ്ജിക്കുന്നതെന്തിന്? ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രതീകമായി വിശ്വാസികള്‍ അപ്പത്തെ കാണുന്നതിലും എത്രയോ മഹത്തരമാണ് ഒരു കുഞ്ഞ് നുണയുമ്പോള്‍ അതിന്റെ ഭക്ഷണമായി ഒരു സ്ത്രീയെ രൂപാന്തരപ്പെടുത്തുന്ന മുലകളുടെ അദ്ഭുതം! മുലകളുടെ യഥാര്‍ത്ഥ സൌന്ദര്യം അവയുടെ രൂപത്തിലല്ല, അവയുടെ ധര്‍മത്തിലാണ്. അതുകൊണ്ടാണ് യുവകാമുകിയുടെ മുലകളെ ആരാധിക്കുന്ന പുരുഷന്‍ അവളോടൊത്ത് പ്രായമാകാന്‍ ഭാഗ്യമുള്ളവനെങ്കില്‍, അതേ മുലകളെ അവയുടെ ചുക്കിച്ചുളിഞ്ഞ രൂപത്തിലും ഒട്ടും വികൃതമായി കാണാത്തത്. സ്ത്രീമാറിടത്തിന്റെ മാസ്മരികത അതിശക്തമാണ്. ഇനി ഞാനൊരു രഹസ്യം പറയട്ടേ? ഏതു പ്രായമെന്നില്ല, അനുരാത്രം തന്റെ മാറിടത്തോട് ചേര്‍ന്നുകിടന്നുറങ്ങാന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നവള്‍ക്ക് ഒരു ഭയപ്പാടും വേണ്ടാ, അയാളുടെ വഴി നേരുള്ളതും നിഷ്ക്കളങ്കവുമായിരിക്കും.

യേശുവിന്റെ വശ്യതയുടെ ഭാഗമായിരുന്നു തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ചിരി. യേശു ചിരിക്കുന്നത് കണ്ടിട്ടുള്ള ഓരോ യുവതിയും അവനെ പ്രണയിച്ചിരിക്കണം. ചിരി എന്നത് മാംസരക്തങ്ങള്‍കൊണ്ട് സൃഷ്ടിക്കാവുന്ന ഏറ്റവും വലിയ കലയാണ്‌. വെറും പേശികളുടെ രൂപവിന്യാസമാണ് നിര്‍മ്മമമായ ഒരു മുഖത്തെ ചിരിയുടെ ഓളങ്ങളാല്‍ തലോടുന്നത്. എന്നാല്‍ ചിരിയില്‍ വശ്യത നിറയുന്നത് അക്കൂടെ ആന്തരികമായ നിഷ്ക്കളങ്കത കലരുമ്പോളാണ്. അപ്പോള്‍, യേശുവിനെപ്പോലെ നിഷ്ക്കളങ്കനായവന്റെ മുഖത്തെ ചിരിയുടെ ഭംഗി എത്രയവാച്യമായിരുന്നിരിക്കണം. യേശു ചിരിച്ചിട്ടില്ല, കരഞ്ഞിട്ടേയുള്ളൂ എന്ന് പീഡാനുഭവഭക്തിക്കാര്‍ പറഞ്ഞുപരത്താറുണ്ട്‌. അതൊട്ടും ശരിയല്ലെന്ന് എനിക്ക് തീര്‍ച്ച തോന്നുന്നു. ഞാനും കരയാറില്ല. കാരണം മറ്റൊന്നുമല്ല, എല്ലാം ദൈവഹിതമാണെങ്കില്‍, കരയുന്നതില്‍ എന്തര്‍ത്ഥം?എന്നിരിക്കിലും, ചിലയവസരങ്ങളില്‍ യേശു കരഞ്ഞിട്ടുണ്ടെന്നുള്ള സുവിശേഷകന്റെ സാക്ഷ്യം അവിശ്വസിക്കേണ്ടതില്ല.

ചിരിയുടെ ആരംഭം ചുണ്ടുകളിലോ കണ്ണുകളിലോ? അത്ര തീര്‍ച്ചയില്ല. തോമസ്‌ മന്‍ രചിച്ച വിഖ്യാതനോവല്‍ മാജിക് മൌണ്ടനില്‍ നായകന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ ചിരിക്കുന്നത് കണ്ണുകള്‍കൊണ്ടാണെന്ന് കണ്ടുപിടിക്കുന്നുണ്ട്. വികസിക്കുന്ന കണ്ണുകള്‍, മുഖത്തെ തൊലിയില്‍ ഏതാനും ഞൊറിവുകള്‍, ചില പേശീവികാസങ്ങള്‍, അല്പം രക്തമയം - ചിരി ജനിക്കുകയായി. അധികം ചിരിക്കുന്നവരുടെ പേശീചലനങ്ങള്‍ വാര്‍ദ്ധക്യത്തില്‍ മുഖത്തുണ്ടാവുന്ന ചുളിവുകളില്‍ നിലനില്‍ക്കുമെന്നും അതുകൊണ്ട് അവ മുഖകാന്തിയെ വര്‍ദ്ധിപ്പിക്കുമെന്നും കരുതുന്നവരുണ്ട്‌. കളങ്കമില്ലാത്ത മുഖത്തെ ചിരി ആത്മാവിന്റെ സ്പന്ദനമാണ്.

ചിരിക്കുന്നവനായോ കരയുന്നവനായോ യേശുവിനെ സ്നേഹിക്കാനുതകുന്ന ഒരൊറ്റ പള്ളിപ്രസംഗം ഞാന്‍ കേട്ടിട്ടില്ല. അച്ചന്മാരും ധ്യാനിപ്പീരുകാരും പറയുമ്പോള്‍ ദൈവപുത്രന് എന്ത് ശക്തിയാണ്, എന്തൊരു ത്യാഗശീലമാണ്! എല്ലാംകൊണ്ടും അസാധാരണന്‍. എന്നാല്‍ അസ്സാധാരണത്വം അകല്ച്ചയെയാണ് സൃഷ്ടിക്കുക. സത്യസന്ധമായ സ്നേഹത്തിനു പാത്രമാകുന്നതും ഉടമയാകുന്നതും സാധാരണത്വമുള്ളവരാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. എല്ലാംകൊണ്ടും അസ്സാധാരണനായ  ഒരു യേശുവിനെ വിളിച്ച് സ്തോത്രം, ആരാധന എന്ന് ആവര്‍ത്തിക്കുന്നയത്ര കപടത വേറെയില്ല. ആരാധന തോന്നുന്നതല്ല, മറിച്ച്, ഓര്‍ക്കുമ്പോള്‍ ഹൃദയം കുളിര്‍ക്കുന്നതാണ് സ്നേഹത്തിന്റെ ലക്ഷണം. വ്യാഖ്യാനിക്കാനും മോടിപ്പെടുത്താനും മോഹിപ്പിക്കുന്നതല്ല സ്നേഹം. മരണവും ഉത്ഥാനവും ഇല്ലാതെയും യേശുവില്‍ സൗന്ദര്യം കാണുന്നവരാണ് വാസ്തവത്തില്‍ അവിടുത്തെ സ്നേഹിക്കുന്നത്. തന്നെയല്ല, ഉയിര്‍ക്കുമെന്നു മുന്നറിവുള്ള ഒരാളുടെ മരണം എങ്ങനെയാണ് വേദനയുടെ ബലിയാകുന്നത്? ഉയിര്‍പ്പിലുള്ള വിശ്വാസം മരണത്തെ മനസ്സിലാക്കാന്‍ തടസമായിത്തീരുന്നു. ക്രിസ്തു ഉയിര്‍ത്തിട്ടില്ലെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ത്ഥമാണെന്നുള്ള പൌലോസിന്റെ മൊഴിയില്‍ കാതലില്ലെന്നു പറയാന്‍ എന്തിനു മടിക്കണം? 'വിശ്വാസത്തിന്റെ ഈ വലിയ രഹസ്യം' അല്പമെങ്കിലും സ്നേഹത്തിലേയ്ക്ക് നമ്മെ നയിക്കുന്നുണ്ടോ? നേരേ മറിച്ച്, വലിയ സ്നേഹത്തില്‍ കുടുങ്ങിപ്പോയവരെ ആര്‍ക്കും പിടികിട്ടാത്തത് അവരുടെ രഹസ്യത്തെ അവര്‍ ഒളിച്ചുവയ്ക്കാത്തതുകൊണ്ടാണ്. യേശുവും മഗ്ദലേനയും ഫ്രാന്‍സിസും ക്ലാരയും ഇക്കൂട്ടരില്‍ പെടുന്നു. നിഷ്ക്കളങ്കതയുടെ വഴിയേ നടന്നവരാണവര്‍.

ദൈവത്തിനെന്നപോലെ യേശുവിനും മറിയത്തിനും ഏറെ അസാധാരണത്വം കല്പ്പിച്ചരുളാന്‍ സഭ എന്തുമാത്രം പെടാപ്പാട് പെട്ടു! എന്തുമാത്രം രക്തം ഒഴുക്കി! ഏതെല്ലാം തീയോളജികള്‍ എഴുതിക്കൂട്ടി! എന്നാല്‍ അകത്തെ പാപ്പരത്തമാണ് ഇതെല്ലാം നല്‍കുന്ന പാഠം. ഉള്ളിലെ ദാരിദ്ര്യം വച്ച് നോക്കുമ്പോള്‍ മറ്റു ദാരിദ്ര്യങ്ങളെല്ലാം അനുഗ്രഹങ്ങളാണ്. ഇന്നത്തെ സഭയുടെ കാര്യത്തിലും അവളുടെ ഏറ്റവും വലിയ ദാരിദ്ര്യം യേശുവിനെ അറിയുന്നതില്‍ വന്ന പിശകാണ്. ഒരല്മായനെക്കാള്‍, അല്ലെങ്കില്‍ ഒരു കൂലിവേലക്കാരനെക്കാള്‍ മഹത്ത്വം ഒരു പുരോഹിതനോ ഒരു മെത്രാനോ ഉണ്ടെന്നു കരുതുന്ന സഭ യേശുവിനെ മനസ്സിലാക്കിയിട്ടില്ല. ഒരാളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നത്ര അനന്യനാക്കുന്നതില്‍ ദൈവത്തിന്റെ കൈ കണ്ടെത്തുന്നവര്‍ ആത്മപ്രശംസക്ക് അടിപ്പെടുകയാണ് ചെയ്യുന്നത്. അഭിഷിക്തനാകുന്ന ഓരോ പുതിയ മെത്രാനും ഇത് ചെയ്യുന്നതായി കാണാം. കര്‍ദിനാളോ പോപ്പോ ആയാല്‍ പറയാനുമില്ല. ഇത്തരം താന്‍പോരിമകളാണ് ഇന്നത്തെ മെത്രാന്മാരെപ്പറ്റി അല്‍മായരുടെ മനസ്സില്‍ അവിശ്വാസം ജനിപ്പിക്കുന്നത്.

സുവിശേഷങ്ങളെല്ലാം കാണാതെ പഠിച്ചാലും സഭാപണ്‍ഡിതരുടെ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ മുഴുവന്‍ വായിച്ചറിഞ്ഞാലും യേശുവിന്റെ സൂക്ഷ്മശബ്ദം കേള്‍ക്കുവാന്‍ സഭയുടെ ഹൃദയം പാകപ്പെടുന്നില്ലെങ്കില്‍ (ഫ്രാങ്ങ്സ്വാ മോറിയാക്) അതിന്റെ വശ്യത നഷ്ടപ്പെട്ടതുതന്നെ. ഉദാഹരണത്തിന്, ഒത്തിരിയാളുകളെ മരണത്തിനു വിട്ടുകൊടുത്ത് ചിലരെ മാത്രം രക്ഷിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന സഭ നേര് പറയുന്നുണ്ടോ? നമ്മള്‍ വിചാരിക്കുന്നതല്ല മരണത്തിന്റെയും മറ്റു വേദനകളുടെയുമര്‍ത്ഥം എന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ? എനിക്ക് ആഗ്രഹമുള്ളത് കിട്ടുമ്പോള്‍ അത് ദൈവാനുഗ്രഹമായി കാണുന്നതില്പരം അഹന്തയുണ്ടോ? നന്മയും തിന്മയും അളക്കുന്ന കോല് ഞാന്‍ ആകുന്നതാണ് ഇവിടത്തെ തെറ്റ്. ദൈവത്തിന്റെ അളവുകോലുകള്‍ നമ്മുടെ ഗ്രാഹ്യത്തിലല്ല എന്നാണ് യേശു പഠിപ്പിച്ചത്. കുറേപ്പേര്‍ക്ക് നന്മ, തിരഞ്ഞെടുപ്പ്, രക്ഷ എന്നൊക്കെയുള്ള ചിന്ത ദ്രവിച്ചുപോയ പഴയ നിയമത്തിലേതാണ്. അതിനു ഒരു സാധുതയും യേശു കല്‍പ്പിച്ചില്ല. പല ദൈവങ്ങളെ ആരാധിച്ചിരുന്ന വിഘടജാതികളില്‍ നിന്ന് ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ഉരുത്തിരിഞ്ഞ കാലത്തെ മിഥ്യാബോധമായിരുന്നു അത്. അന്നത്തേതുപോലെ ഇന്നും സഭ അത് പഠിപ്പിക്കുകയും സ്വന്തം ദൈവത്തെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

Thursday, November 1, 2012

പ്രവാചകദൃഷ്ടിയുള്ള ഒരു നല്ല ക്രിസ്ത്യാനി

പാലാ രൂപതയിലെ ഏറ്റവും ലളിതമനസ്‌കനും സംശുദ്ധനുമായ ഒരു പുരോഹിതനാണ് രൂപതയുടെ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യമത്ര സംശുദ്ധമല്ലെന്ന് അവിടുത്തെ വിശ്വാസികളില്‍ പലരും ഉള്ളില്‍ സംശയിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു നല്ല വൈദികനെ പാലാ രൂപതയ്ക്കു നഷ്ടപ്പെട്ടു എന്ന് If winter comes shall spring be far beyond എന്ന അടിക്കുറിപ്പോടെ ഒരു പ്രസ്താവന പാലാ ളാലം പുത്തന്‍ പള്ളി ഇടവകാംഗമായ ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി എഴുതി പ്രസിദ്ധീകരിച്ചത്. ഒരു ഉത്തമ അല്മായനും ദൈവശാസ്ത്ര വിദ്യാര്‍ഥിയും പാലാ ളാലം പുത്തന്‍ പള്ളി യോഗപ്രതിനിധിയുമാണ് ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി. സഭയ്ക്ക് പ്രയോജനം ചെയ്യുമെന്ന ഉത്തമവിശ്വാസത്തോടെ സഭാധികാരികള്‍ക്കെല്ലാം ആ പ്രസ്താവന അദ്ദേഹം അയച്ചുകൊടുക്കുകയും ചെയ്തു. സത്യം അതിന്റെ പൂര്‍ണതയില്‍ അറിയിച്ചതിന് പ്രതിനിധിയോഗത്തില്‍നിന്ന് പ്രവാചകദൃഷ്ടിയുള്ള ആ നല്ല ക്രിസ്ത്യാനി അകാലത്തില്‍ സസ്‌പെന്‍ഡു ചെയ്യപ്പെട്ടു. അതിനെത്തുടര്‍ന്ന് തന്റെ ഉറച്ച നിലപാടു വ്യക്തമാക്കിക്കൊണ്ട് മറ്റൊരു പ്രസ്താവന അദ്ദേഹം പള്ളിവികാരിക്കു സമര്‍പ്പിക്കുകയും വികാരി പള്ളിയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. വികാരിയും യോഗാംഗങ്ങളും വടികൊടുത്തു വാങ്ങിയ അടിയുടെ ഷോക്കില്‍ നിശ്ചേഷ്ടരായിരിക്കുകയാണ് എന്നാണ് അറിയുന്നത്. 
ശ്രീ ജോര്‍ജ് ഫ്രാന്‍സിസ് പൂവേലിയുടെ രണ്ടു പ്രസ്താവനകളും അടുത്ത ദിവസങ്ങളില്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണം: കേസില്‍ നിന്ന് പിന്‍മാറാന്‍ പത്തുലക്ഷം രൂപ കോഴ


October 29th, 2012


ആലപ്പുഴ: ഏറെ വിവാദമായ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രേയയുടെ ദുരൂഹമരണം സംബന്ധിച്ച് കോഴ വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തല്‍. കേസില്‍ നിന്ന് പിന്‍മാറാന്‍ പത്ത് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തന്നാണ് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലന്‍ നായര്‍ വെളിപ്പെടുത്തിയത്.
ഒരു അഭിഭാഷകനാണ് പണം വാഗ്ദാനം ചെയ്തത്. ഇയാളുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സി.ബി.ഐ ആവശ്യപ്പെട്ടാല്‍ പണം ഓഫര്‍ ചെയ്തയാളുടെ പേര് പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രേയയെ 2010 ഒക്ടോബര്‍ 17ന് പുലര്‍ച്ചെയാണ് കൃപാഭവന്‍ കോമ്പൗണ്ടിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള അക്‌സപ്റ്റ് കൃപാഭവന്‍ ലഹരി വിമോചന കേന്ദ്രത്തില്‍ വ്യക്തിത്വ വികസന ക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കൈതവന ഏഴരപ്പറമ്പില്‍ ബെന്നിയുടെ മകള്‍ ശ്രേയ. ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. രാത്രി കുട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ശ്രേയയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ഏറെ ദുരൂഹമാണ്.
കൂട്ടുകാരികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ശ്രേയ എങ്ങനെ കുളത്തില്‍ വീണുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. വഴിതെറ്റാതെ കുട്ടി എങ്ങനെ ഇവിടേയ്ക്ക് എത്തിപ്പെട്ടുവെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. രാത്രിയില്‍ കോമ്പൗണ്ടിനുള്ളില്‍ കെട്ടിയിരുന്ന അല്‍സേഷന്‍ നായ കുരയ്ക്കുന്നതുകേട്ട് ക്യാമ്പ് അസി.ഡയറക്ടര്‍ പുറത്തിറങ്ങി നോക്കി. കതക് തുറന്നുകിടക്കുന്നത് കണ്ടിട്ടും കൂടുതലൊന്നും പരിശോധിക്കാതെ കതകടച്ച് പോരുകയായിരുന്നുവെന്ന ഡയറക്ടറുടെ മൊഴിയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
വിശദമായ റിപ്പോര്‍ട്ടു വായിക്കാന്‍ താഴെ ക്ലിക്കു ചെയ്യുക: 


sunday school student shreya murder case | keralaonlinenews.com:

'via Blog this'

ലളിതം, ശുദ്ധം !




"ഇതെന്താ തിരുമേനി സ്വര്‍ണ്ണ രുദ്രാക്ഷക്കായോ?"

"ഞങ്ങടെ ഒരു രിതി ഇതാ മുന്‍ പ്രസിഡന്‍റെ; ഇഷ്ടം പോലെ പണം, എന്താ ചെയ്ക?"