ജോര്‍ജ് മൂലേച്ചാലില്‍
(ഒക്ടോബര്‍ ലക്കം സത്യജ്വാല
മാസികയില്‍ പ്രസിദ്ധീകരിച്ചത്)
അമേരിക്കയിലെ, സീറോ-മലബാര്‍ സഭയില്‍പ്പെട്ട ചിക്കാഗോ രൂപതയിലെ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാപള്ളി ഏറെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആണ്. ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അക്രൈസ്തവമായ നിലപാടുകള്‍ക്കും അടിച്ചേല്‍പിക്കലുകള്‍ക്കുമെതിരെ ശക്തമായി ചെറുത്തുനിന്ന ആദ്യഇടവക എന്ന നിലയില്‍ പ്രസിദ്ധം. 'മെത്രാനെ ധിക്കരിക്കുകയോ?' എന്നു കരുതുന്നവരെ സംബന്ധിച്ച്, കുപ്രസിദ്ധം. മാര്‍ അങ്ങാടിയത്ത് പ്രതിനിധാനം ചെയ്യുകയും രൂപതയിലാകെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കല്‍ദായവല്‍ക്കരണത്തിനെതിരെ അമേരിക്കയില്‍ ആദ്യവെടി പൊട്ടിയത് കോപ്പേല്‍ പള്ളിയിലായിരുന്നു.
കല്‍ദായവല്‍ക്കരണത്തിന്റെ
ഭാഗമായി, ഒരു 'പേര്‍ഷ്യന്‍ കുരിശി'നെ 'മാര്‍ത്തോമ്മാക്കുരിശ്' എന്നു പുതുതായി നാമകരണംചെയ്ത്, സീറോ-മലബാര്‍ സഭയുടെ
പൈതൃകക്കുരിശ് എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ
ആയിരുന്ന മാര്‍ പൗവ്വത്തിലിന്റെ നേതൃത്വത്തിലായിരുന്നു ഈ കുരിശിന്റെ ഇറക്കുമതി.
വാസ്തവത്തില്‍, 1985-നു ശേഷംമാത്രമാണ്, അതുവരെ 'മാനിക്കേയന്‍ കുരിശെ'ന്നും, 'പഹ്‌ലവി കുരിശെ'ന്നും 'പേര്‍ഷ്യന്‍ കുരിശെ'ന്നുമൊക്കെ പരാമര്‍ശിക്കപ്പെടുകയും, ഇപ്പോള്‍ 'ക്ലാവര്‍ കുരിശെ'ന്നും 'താമരക്കുരി'ശെന്നും പരിഹസിക്കപ്പെടുകയും
ചെയ്യുന്ന ഈ കുരിശിനെ 'മാമോദീസാ'മുക്കി
മാര്‍ പൗവ്വത്തില്‍ 'മാര്‍ത്തോമ്മാക്കുരിശ്' എന്നു പേരിട്ടത്. നൂറ്റാണ്ടുകളായി കേരളകത്തോലിക്കാസഭയില്‍ എല്ലാവരും
വണങ്ങിപ്പോരുന്നതും, പള്ളിക്കുള്ളില്‍ പ്രധാനസ്ഥലത്തു പ്രതിഷ്ഠിച്ചിരുന്നതും
യേശു മരിച്ചുകിടക്കുന്ന ക്രൂശിതരൂപമായിരുന്നു. പക്ഷേ, തങ്ങളുടെ
ഹൃദയത്തോടു പറ്റിച്ചേര്‍ന്ന് വിശ്വാസത്തിന്റെതന്നെ ഭാഗമായിത്തീര്‍ന്ന ഈ ക്രൂശിതരൂപത്തെ
പള്ളിയില്‍നിന്നും മനസ്സില്‍നിന്നും പറിച്ചുമാറ്റണമെന്ന ശാഠ്യത്തിലായിരുന്നു കല്‍ദായവാദികളായ
മെത്രാന്മാര്‍. മാര്‍ അങ്ങാടിയത്തും ഇതേ ശാഠ്യത്തിലാണ്. ഈ ശാഠ്യത്തിനുനേരെയാണ്,
മൂന്നുവര്‍ഷംമുമ്പ് കോപ്പേല്‍ ഇടവകക്കാര്‍ നിറയൊഴിച്ചത്. തങ്ങള്‍
വന്‍തുക കൊടുത്തുവാങ്ങി പുതുക്കിപ്പണിത സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ ക്രൂശിതരൂപം
പാടില്ലെന്നും, പകരം, 'മാര്‍ത്തോമ്മാ
കുരിശ്' പ്രതിഷ്ഠിക്കണമെന്നും മാര്‍ അങ്ങാടിയത്ത്
കല്പനയിറക്കി. ജനങ്ങള്‍ ഇളകിവശായി. അവര്‍ നിവേദനങ്ങളും അപേക്ഷകളും മറുവാദങ്ങളുമായി
അരമനയില്‍ പലവട്ടമെത്തി. ‘ചീ’ എന്ന ഒരേയൊരുത്തരം മാത്രം! സീറോ-മലബാര്‍ മേജര്‍
ആര്‍ച്ചുബിഷപ്പിനും മാര്‍പ്പാപ്പായ്ക്കുംവരെ അവര്‍ നിവേദനങ്ങളയച്ചു.
തിരിച്ചൊരക്ഷരംപോലും മറുപടി കിട്ടിയില്ല. അവസാനം അവര്‍ തീരുമാനിച്ചു, തങ്ങള്‍ വിലകൊടുത്തു വാങ്ങിയ പള്ളിയില്‍ തങ്ങളുടെ
പൈതൃകവിശ്വാസമനുസരിച്ചുള്ള ക്രൂശിതരൂപംതന്നെ പ്രതിഷ്ഠിക്കും. കല്‍ദായവാദിയല്ലാതിരുന്ന
അന്നത്തെ വികാരി ഫാ. സജി അവരുടെ ഉദ്യമത്തെ തടഞ്ഞില്ല. അങ്ങനെ മനോഹരമാക്കിയ
മദ്ബഹായില്‍ ക്രൂശിതരൂപം ജനകീയമായി സ്ഥാപിക്കപ്പെട്ടു!
അടിയേറ്റ ബിഷപ്പ് അങ്ങാടിയത്ത് അടങ്ങിയിരുന്നില്ല. ജനാഭിലാഷത്തെ
മാനിച്ച വികാരിയെ തല്‍ക്ഷണം അമേരിക്കയില്‍നിന്നു നാടുകടത്തി ശിക്ഷിച്ചു.
അദ്ദേഹത്തിനും കൈക്കാരന്മാര്‍ക്കുമെതിരെ സാമ്പത്തികാരോപണങ്ങള്‍ ഉന്നയിച്ചു.
പള്ളിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കൂടാതെ, പറഞ്ഞദിവസം
പള്ളി വെഞ്ചരിച്ചുകൊടുക്കാന്‍ അദ്ദേഹം എത്തിയതുമില്ല. എന്നാല്‍, പള്ളിക്കര്‍മ്മങ്ങള്‍ തുടര്‍ന്നുനടത്താന്‍ പാകത്തില്‍, നിശ്ചിതദിവസംതന്നെ. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ധ്യാനഗുരുവിന്റെ
നേതൃത്വത്തില്‍ 'വെഞ്ചരിപ്പു'കര്‍മ്മം
നടത്തിക്കൊണ്ട്, ഇടവകക്കാര്‍ തങ്ങളുടെ ഉദ്യമം
വിജയിപ്പിച്ചു.
ഇതോടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്ന്
എല്ലാവരും കരുതി. കുറേക്കാലത്തേക്ക് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുതാനും. ഇതിനിടെ, ബിഷപ്പെത്തി
പള്ളി ഔദ്യോഗികമായി വെഞ്ചരിച്ചുകൊടുക്കുകയും ചെയ്തു. തല്‍സ്ഥിതി
(Status-co) തുടരുമെന്നും ക്രൂശിതരൂപം മാറ്റില്ലെന്നും
വിശ്വാസികള്‍ക്ക് അദ്ദേഹം ഉറപ്പുംനല്‍കി. എന്നാല്‍ അതിനിടെ, അദ്ദേഹം നിയോഗിച്ച വികാരി ബലിപീഠത്തിലും ബേമ്മയിലും വളരെ ചെറിയ ഓരോ 'മാര്‍ത്തോമ്മാക്കുരിശ്' വച്ച് കുര്‍ബാന
ചൊല്ലാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ക്രൂശിതരൂപത്തിന്റെ
തല്‍സ്ഥിതി തുടരുമെന്ന് ബിഷപ് അംഗീകരിച്ച നിലയ്ക്ക് അതൊരു വിഷയമാക്കേണ്ടെന്ന്
കരുതി ഇടവകക്കാര്‍ മിണ്ടാതിരുന്നു. അങ്ങനെ, 'മാര്‍ത്തോമ്മാക്കുരിശ്'
കോപ്പേല്‍ പള്ളിയിലെ ബലിപീഠത്തില്‍ കാലുറപ്പിച്ചു. തുടര്‍ന്ന്,
മാര്‍ത്തോമ്മാക്കുരിശിന്റെ സ്വര്‍ണ്ണാംഗിതമായ ചിത്രം എടുത്തുകാണിക്കുന്ന
തരത്തില്‍ ബൈബിളിനൊരു പുറംചട്ട പ്രത്യേകമുണ്ടാക്കി, അതുയര്‍ത്തിപ്പിടിച്ച്
ആശീര്‍വദിക്കുന്ന രീതികൊണ്ടുവന്നു. കൂടാതെ, തന്റെ ഇംഗിതമനുസരിച്ചു
പ്രവര്‍ത്തിക്കും എന്നുറപ്പുള്ള വൈദികരെ വികാരിമാരായി നിയമിച്ചും, മെത്രാന്‍പക്ഷത്തുള്ള ന്യൂനപക്ഷത്തില്‍നിന്നു കമ്മിറ്റിക്കാരെയും
കൈക്കാരന്മാരെയും നിയോഗിച്ചും വിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കിത്തുടങ്ങി. അങ്ങനെ,
തന്നെ ധിക്കരിച്ചു ക്രൂശിതരൂപം സ്ഥാപിച്ചവരെ പാഠം
പഠിപ്പിക്കാനുള്ള പരിശ്രമം ബിഷപ്പ് ആരംഭിച്ചു. ഇതിന്‍ഫലമായി പള്ളിയും പള്ളിയോഗവും
പടക്കളമായ സാഹചര്യംവരെ ഉണ്ടായി. ഒട്ടേറെ കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും
രണ്ടു തട്ടിലായി. കലഹത്തിന്റെ അന്തരീക്ഷമുണ്ടായി. ഇടയ്ക്കിടെ നാട്ടില്‍നിന്ന് ഓരോ
വൈദികരെത്തി, സഭയുടെ കല്‍ദായപൈതൃകത്തിന്റെയും മാര്‍ത്തോമ്മാക്കുരിശിന്റെയും
മഹത്വങ്ങള്‍ വര്‍ണ്ണിച്ചും ക്രൂശിതരൂപ ത്തെ തരംതാഴ്ത്തിയും പ്രസംഗിച്ചു.
അടുത്തകാലത്ത്, ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍
ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ ഫാ. ജോസ് ആലഞ്ചേരി യേശുവിന്റെ ശവപ്രദര്‍ശനമാണു ക്രൂശിതരൂപമെന്നു
പറഞ്ഞ് അതിനെ നിന്ദിക്കുകയുണ്ടായത്രെ!
അന്നു പള്ളിയന്തരീക്ഷം പ്രക്ഷുബ്ധമാവുകമാത്രമല്ല,
അദ്ദേഹം ഇങ്ങനെ പ്രസംഗിച്ച വിവരം ഇടവകക്കാര്‍ റോമിനെയും മറ്റധികാരസ്ഥാനികളെയും
എഴുതി അറിയിക്കുകയുമുണ്ടായി. (ഇക്കാരണത്താല്‍, സഹോദരനായ മാര്‍
ആലഞ്ചേരിയെ കര്‍ദ്ദിനാളായി വാഴിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ അദ്ദേഹത്തിന്
പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു എന്നും കേള്‍ക്കുന്നുണ്ട്.) ഇപ്രകാരം ഘട്ടംഘട്ടമായും ആസൂത്രിതമായും തന്റെ കല്‍ദായവല്‍ക്കരണ 'പരിഷ്‌കാര'ങ്ങള്‍ കോപ്പേല്‍ പള്ളിയിലും
നടപ്പാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്, ബിഷപ്പ്
അങ്ങാടിയത്ത് എന്നാണ് അവിടെ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നത്.
ബിഷപ്പിന്റെ
ലക്ഷ്യസാധ്യത്തിനായി ഏറ്റവും അവസാനം നിയമിക്കപ്പെട്ട വികാരിയാണ് ഫാ. മാത്യു
ശാശ്ശേരി. അദ്ദേഹമെത്തിയപ്പോള്‍ മുതലാണത്രെ, ഒരുവിധം ശാന്തമായിരുന്ന കോപ്പേല്‍
ഇടവകാന്തരീക്ഷം പ്രക്ഷുബ്ധമായിത്തുടങ്ങിയത്. ഭിന്നിപ്പിക്കല്‍പ്രക്രിയ
ശക്തമാക്കുകയും ഇടവകജനം രണ്ടു പരസ്പരവിരുദ്ധഗ്രൂപ്പുകളായിത്തിരിയുകയും ചെയ്തു. കമ്മിറ്റികളില്‍
വാക്കേറ്റവും കൈയാങ്കളിയും നിത്യസംഭവങ്ങളായി. പള്ളിച്ചടങ്ങുകള്‍ക്ക് പോലീസ്
സംരക്ഷണം ആവശ്യപ്പെടേണ്ടിവന്ന സന്ദര്‍ഭം വരെയുണ്ടായി. പള്ളി വെഞ്ചരിപ്പിനു ബിഷപ്പ്
എത്തിയതും പോലീസ് സംരക്ഷണത്തിലായിരുന്നത്രെ!
പ്രശ്‌നങ്ങള്‍
പരിധിവിട്ടതുകൊണ്ടാണോ,
അതോ വിസാ കാലാവധി കഴിഞ്ഞിട്ടാണോ എന്നറിയില്ല, അദ്ദേഹം രൂപതവിടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും കേള്‍ക്കുന്നു.
അതിനിടെ, അജ്ഞാതമായ ഏതോ ഒരു കേസില്‍ അദ്ദേഹത്തിനെതിരെ
കുറേപ്പേര്‍ ബിഷപ്പിനു പരാതി നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തിനായി അദ്ദേഹത്തെ
രൂപതാ ആസ്ഥാനത്തേക്കു വിളിച്ചിട്ടുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഈ
പശ്ചാത്തലത്തിലായിരുന്നു, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30,
ഞായറാഴ്ച, അദ്ദേഹം നടത്തിയ
അപ്രതീക്ഷിതപ്രകടനം.
സംഭവത്തെപ്പറ്റി കേള്‍ക്കുന്നതിങ്ങനെ:
ബലിപീഠത്തിലും ബേമ്മയിലും അലുമിനിയത്തില്‍ തീര്‍ത്ത ഓരോ ചെറിയ 'മാര്‍ത്തോമ്മാ
കുരിശ്' വയ്ക്കുന്നതിനെ, ക്രൂശിതരൂപത്തിന്റെ
കാര്യത്തില്‍ തല്‍സ്ഥിതി തുടരാമെന്ന് ബിഷപ്പ് അംഗീകരിച്ചതിന്റെ പേരില്‍, ആരും എതിര്‍ക്കുകയുണ്ടായില്ല എന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
അതായത്, ആ കുരിശുകളുടെ കാര്യത്തിലും തല്‍സ്ഥിതി തുടര്‍ന്നോട്ടെ
എന്ന് വിശ്വാസികള്‍ അംഗീകരിച്ചു. എന്നാല്‍, സെപ്തംബര്‍ 28-ാം തീയതി വെളളിയാഴ്ച രാവിലെ പള്ളിയില്‍ ചെന്നവര്‍ കണ്ടത്
അലുമിനിയത്തില്‍ തീര്‍ത്ത 6 ഇഞ്ച് 'മാര്‍ത്തോമ്മാക്കുരിശി'നു പകരം, ഈട്ടിത്തടിയില്‍ തീര്‍ത്ത സാമാന്യം വലിയ മാര്‍ത്തോമ്മാക്കുരിശാണ്. ആള്‍ക്കാര്‍
അതു ചോദ്യംചെയ്യുകയും, അച്ചന്‍ ഭീഷണിസ്വരത്തില്‍ കയര്‍ത്തുസംസാരിക്കുകയും
ചെയ്തു. ഇത് ജനങ്ങളുടെയിടയില്‍ ചര്‍ച്ചാവിഷയമാകുകയും, 'മാര്‍ത്തോമ്മാക്കുരിശി'ന്റെ കാര്യത്തിലുള്ള തല്‍സ്ഥിതി അച്ചന്‍ ലംഘിച്ചതിനെ
ചോദ്യംചെയ്യണമെന്നു തീരുമാനിക്കുകയും ചെയ്തു. 30-ാം തീയതി
ഞായറാഴ്ചക്കുര്‍ബാനയ്‌ക്കെത്തിയവരില്‍ ചിലര്‍ നേരത്തെതന്നെ ബലിപീഠത്തിലും ബേമ്മയിലും
ഓരോ ക്രൂശിതരൂപവുംകൂടി കൊണ്ടുവച്ചു. കുര്‍ബാന ചൊല്ലാന്‍ വന്ന വികാരിയച്ചന്‍
ബലിപീഠത്തിലെ ക്രൂശിതരൂപം കണ്ടതും, 'കുരിശുകണ്ട
പിശാചിനെപ്പോലെ'യെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട്,
ക്രുദ്ധനായി ഉറഞ്ഞുതുള്ളുകയായിരുന്നുവത്രെ!
അള്‍ത്താരയുടെ പിറകിലേക്ക്
ഝടുതിയില്‍ പോയി, കുര്‍ബ്ബാനവസ്ത്രം ഊരിയെറിഞ്ഞുപോലും! എന്നിട്ട് ദേഷ്യത്തില്‍
തിരിച്ചെത്തി ക്രൂശിതരൂപമെടുത്ത്, നാട്ടിലും
അമേരിക്കയിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്ന ഒരു ക്രിമിനലിനെ
ഏല്‍പ്പിക്കുകയും, അയാള്‍ അതുമായി ഓടിമറയുകയും ചെയ്തുവത്രെ!
തുടര്‍ന്ന് മൈക്കിലൂടെ, ക്രൂശിതരൂപം അല്‍ത്താരയില്‍
കൊണ്ടുവച്ചയാള്‍ ക്ഷമാപണം ചെയ്യാതെ താന്‍ കുര്‍ബാന ചൊല്ലില്ലെന്ന് അദ്ദേഹം
പ്രഖ്യാപിച്ചു. തടിയില്‍തീര്‍ത്ത വലിയ 'മാര്‍ത്തോമ്മാ
കുരിശ്' മാറ്റാന്‍ അച്ചന്‍ തയ്യാറാകണമെന്ന് ജനങ്ങളും
വാദിച്ചു. ബഹളം ഒരു മണിക്കൂര്‍ നീണ്ടുപോയപ്പോള്‍,
നിലവിലുള്ള കൈക്കാരന്മാരിലൊരാള്‍, എങ്ങനെയും കുര്‍ബാന
നടത്തണമെന്ന ഉദ്ദേശ്യശുദ്ധിയോടെ മുന്നോട്ടുവന്ന് എല്ലാവര്‍ക്കുംവേണ്ടി ക്ഷമ
പറഞ്ഞെന്നും, പിന്നെ അച്ചന്‍ കുര്‍ബാന അര്‍പ്പിച്ചെന്നുമാണ്
റിപ്പോര്‍ട്ട്.
ഇങ്ങനെയൊരു പ്രകടനം നടത്താന്‍
കോപ്പേല്‍ വികാരിയെ പ്രേരിപ്പിച്ചതിന്റെ പിന്നില്‍, തന്റെ പേരില്‍ ബിഷപ്പിനു
ചെന്നിരിക്കുന്ന പരാതിയാണെന്ന് ഊഹിക്കപ്പെടുന്നു. ഒന്നുകില്‍ ബിഷപ്പിനോടു
തനിക്കുള്ള പ്രതിബദ്ധത തെളിയിച്ച് പ്രശ്‌നത്തില്‍നിന്നു രക്ഷപ്പെടാനുള്ള അച്ചന്റെ
തന്ത്രം; അല്ലെങ്കില്‍, കുരുക്കില്‍വീണ
അച്ചനെക്കൊണ്ട് തനിക്കു വേണ്ടതായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ബിഷപ്പ് ചെലുത്തിയ
സമ്മര്‍ദ്ദം- ഇതിലേതെങ്കിലും ഒന്നായിരിക്കാം കാരണം എന്നനുമാനിക്കപ്പെടുന്നു.
സംഭവത്തിന്റെ ക്ലൈമാക്‌സ് ഇനിയാണ്! വേദപാഠത്തിനെത്തിയ കുട്ടികളുടെ മുന്നില്‍ അച്ചന്‍ അവരുടെ മാതാപിതാക്കളെയോര്‍ത്ത് കരഞ്ഞുകാണിച്ചുവത്രേ! വഴിതെറ്റിപ്പോയ അവരെ നേര്‍വഴിക്കു കൊണ്ടുവരുവാന്‍ മക്കള്‍ പ്രാര്‍ത്ഥിക്കണമെന്നതായിരുന്നുപോലും, അന്നത്തെ പ്രധാന വേദപാഠസന്ദേശം! അതോടെ അപ്പനെയും അമ്മയെയും ബഹുമാനിക്കണമെന്ന നാലാം പ്രമാണം കുട്ടികളില്‍ പലരും മറക്കുകയും വീട്ടില്‍ചെന്ന് മാതാപിതാക്കളോടു കയര്‍ത്തുസംസാരിക്കുകയും അവരെ അച്ചനുവേണ്ടി ഗുണദോഷിക്കുകയും ചെയ്തുവെന്നാണറിയുന്നത്. അങ്ങനെ കോപ്പേലിലെ സീറോ-മലബാര്‍ കുടുംബങ്ങള്‍ പലതും ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിങ്ങനെ മൂന്നുതട്ടിലായിരിക്കുന്നു! മാത്രമല്ല, ഇതെല്ലാം കണ്ടുംകേട്ടും മടുത്ത് അമേരിക്കയിലെമ്പാടുമുള്ള മലയാളിക്കത്തോലിക്കര്‍ തങ്ങളുണ്ടാക്കിയ സീറോ-മലബാര്‍ പള്ളികള്‍ വിട്ട് അമേരിക്കന്‍ പള്ളികളില്‍ പഴയതുപോലെ പോകാനാരംഭിച്ചിരിക്കുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അങ്ങനെ, നമ്മുടെ പള്ളികളും അമേരിക്കയില്‍ താമസിയാതെ മ്യൂസിയങ്ങളോ, റിസോര്‍ട്ടുകളോ ആയിക്കൂടെന്നില്ല. കല്‍ദായതീവ്രവാദത്തിന് വേറെന്തു ഫലമുണ്ടാകാന്‍!
No comments:
Post a Comment